
1986
പാർലമെന്റിൽ ബംഗാൾ എംപിമാർ പ്രശ്നമുണ്ടാക്കിയത് കൊണ്ട് ലോകകപ്പ് കാണിക്കാൻ രാജീവ്ഗാന്ധി സർക്കാർ തീരുമാനിച്ച വാർത്ത പാത്രത്തിൽ വായിച്ച ആ ഒൻപതാം ക്ലാസ്സുകാരന് സ്വർഗം കിട്ടിയ അനുഭൂതി ആയിരുന്നു. അപ്പുറത്തെ വീട്ടിലെ ഹരിയേട്ടന്റെ വീട്ടിൽ നാട്ടിലെ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് കെൽട്രോൺ ടീവി. ആ നാട്ടിൻപുറത്തെ കാശുകാരായിരുന്നു അവർ . അവിടത്തെ ലീലേച്ചിയും ബീനയും ബീജയും ബിന്ദുവും എന്റെ കളിക്കൂട്ടുകാരും. പാതിരാക്ക് കളി ഉണ്ടെന്ന് പറഞ്ഞപ്പോൾ നീ കണ്ടോ ഞങ്ങൾ ഉറങ്ങുന്നു എന്നും പറഞ്ഞു അവര്‍ പോയി. ബ്രസീലും വടക്കൻ അയർലണ്ടും ആയിട്ടാണെന്നു തോന്നുന്നു ഞാൻ കണ്ട ആദ്യ ലോകകപ്പ് മത്സരം. അതിനും മുന്‍പ് പേപ്പർ കട്ടിങ്ങുകൾ വായിച്ചു തന്നെ ഞാൻ ബ്രസീലിനെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. പേപ്പർ കട്ടിങ്ങുകൾ ബുക്കിൽ ഒട്ടിച്ചു വെക്കുക എന്നതായിരുന്നു ഏറ്റവും വലിയ ഹോബിയും ആയിരുന്നു.
ജോസിമാർ റൈറ്റ് വിങ്ങിൽ നിന്നടിച്ച ഒരു ഗോൾ ഇന്നും മനസ്സിൽ ഉണ്ട്..ഒരുവിധത്തിലുള്ള സഹായവും ഇന്റെർനെറ്റോ മൊബൈലോ ഇല്ലാത്ത ആ കാലത്ത് മഹാരഥന്മാരെ ഒക്കെ ഓർത്തുവെക്കണമെങ്കിൽ ഉള്ള വിഷമം പറയാൻ പറ്റില്ല. ആദ്യ കളി കണ്ടതിനു ശേഷം ആ കൊച്ചു പയ്യൻ ഉറങ്ങിപ്പോയി. വീട്ടുകാരാണ് രാത്രി എഴുന്നേറ്റ് ടീവി ഓഫാക്കിയത്. പിറ്റേന്ന് നേരം വെളുത്തപ്പോൾ പതിവ്പോലെ മതുക്കോത്തെ ദിനേശ്ബീഡി കമ്പനിയിലേക്ക് പേപ്പർ വായിച്ചു കൊടുക്കാൻ പോയി. ചേലോറ എന്ന നാട്ടിൽ ഞാനാണ് ലോകകപ്പ് ആദ്യം കണ്ടത് എന്ന് ആവേശത്തോടെ അവരോട് പറഞ്ഞു. ഓർക്കുക, കണ്ണൂരിലെ ഫുട്ബാളിന്റെ രാഷ്ട്രീയത്തിന്റെയും സ്നേഹത്തിന്റെ ഈറ്റില്ലം ആയിരുന്നു ദിനേശ്ബീഡി കമ്പനികൾ.
ജോസിമാര്‍ നേടിയ ഗോള്‍
അന്ന് രാത്രി ഒരു മുപ്പത് പേരെങ്കിലും എന്റെ വീട്ടിൽ വന്നു. ഞാൻ ഹരിയേട്ടന്റെ വീട്ടിൽപ്പോയി സംഭവം പറഞ്ഞു അവർ രാത്രി ടീവി പുറത്തുവെക്കാനും കളി കണ്ടോളാനും സമ്മതിച്ചപ്പോൾ ഞാൻ ഹീറോ ആയി. പിന്നെ എന്നും ആ വീടൊരു സ്റ്റേഡിയമാണ്. ഓർമകൾക്ക് മങ്ങൽ ഉണ്ടെങ്കിലും ഇന്നും കോരിത്തരിക്കുന്ന സുന്ദര നിമിഷങ്ങൾ ആണവയൊക്കെ. ക്വാർട്ടർ ഫൈനലിൽ ഒരു അൻപതിലേറെ ആളുകൾ ഉണ്ടായിരുന്നു നൂറ്റാണ്ടിന്റെ പോരാട്ടം ആയ ബ്രസീൽ ഫ്രാൻസ് പോരാട്ടം കാണാൻ.
ഗോൾഡൻ യെലോവിൽ സർഗ്ഗ ഫുട്ബാളിന്റെ സകല ചാരുതകളും സന്നിവേശിപ്പിച്ച ബ്രസീലിന്റെ പോരാട്ടം എന്റെ ഉള്ളിലെ ബ്രസീലിയൻ ആരാധകന്റെ മനം നിറച്ചു. ഇനിയെത്ര സെവൻ അപ്പുകൾ കുടിച്ചാലും ഒരിക്കലും കളയാനാവാത്ത വിധം ആ മഞ്ഞക്കിളികൾ മനസ്സിന്റെ വാതായനങ്ങളിൽ എന്നും പാറി നടക്കുന്നു. അന്നത്തെ പോരാട്ടം കഴിഞ്ഞപ്പോൾ മനോഹരേട്ടൻ എന്ന ഒരേ ഒരു ഫ്രാൻസ് ആരാധകൻ ബഹുഭൂരിപക്ഷം ബ്രസീലുകാരെയും നോക്കി പൊട്ടിച്ചിരിച്ചു. അക്കാലത്ത് ബ്രസീൽ ആയിരുന്നു എവിടെയും. കമ്മ്യുണിസ്റ്റ് ആണെന്ന് പറഞ്ഞു കൊണ്ട് ഒരു ചതിയിൽ ദൈവത്തിനെ കൂട്ടുപിടിച്ചു അതിൽ ദൈവത്തിനെ പ്രതി ചേർത്ത ലോകം അത്ഭുതത്തോടെ നോക്കിയാ ആ കുറിയ മനുഷ്യൻ ഡീഗോ മറഡോണ അശ്വമേധം പൂർത്തിയാക്കിയപ്പോൾ ആണ് കേരളത്തിൽ അർജന്റീന ആരാധകർ കടന്നു വരാൻ തുടങ്ങിയത്.
1990
നാലു വർഷം കടന്നപ്പോൾ കളി കളി എന്നത് മാത്രമായി ജീവിതം. പകല്‍ മുഴുവന്‍ ക്രിക്കറ്റ് വൈകീട്ട് ഫുട്ബോള്‍. അച്ഛൻ എന്റെ അച്ഛനായത് കൊണ്ട് തിന്നാൻ ഒരു പ്രശ്നവുമില്ല. മാത്രവുമല്ല വീട്ടിലെ ഇളയ മകനും. പിന്നീട് ഇറ്റലിയിലെ വിരസമായ ലോകകപ്പ്.. മറഡോണയെ നല്ല ഇഷ്ടമായിരുന്നു. പക്ഷെ ഒരു നിമിഷം, ഒരേയൊരു നിമിഷം. ബ്രസീൽ കളിക്കാർ നോക്കാൻ മറന്ന നിമിഷത്തില്‍ ഒരു ത്രൂ പാസ്. അയാളുടെ അന്നത്തെ കാമുകനായ കനീജിയയുടെ ഗോൾ.. തകർന്നുപോയ നിമിഷമായിരുന്നു അത്. ഒരഞ്ച് ഗോളിനെങ്കിലും ജയിക്കേണ്ട കളി… അപ്പോഴേക്കും ഞാൻ ഏച്ചൂരിൽ എത്തിയിരുന്നു.. ആവേശം പാറമ്യത്തിൽ എത്തുന്ന കാലം ..തോറ്റവരുടെ വീട്ടിലേക്ക് മുദ്രാവാക്യവും വിളിച്ചു പാതിരാത്രിയിൽ വിജയാഹ്ലാദം നടത്തുന്ന തീവ്ര നിലയിലേക്ക് എത്തിയിരുന്നു അന്നത്തെ ഒട്ടുമുക്കാൽ ഏച്ചൂർ ചങ്കുകള്‍ക്കും. പക്ഷെ എന്തോ എല്ലാ കളികളും കാണാൻ അന്നേ ആവേശമായിരുന്നു.
അര്‍ജന്റീനയുടെ വിജയ പെനാല്‍റ്റി
സ്വന്തം ടീം പുറത്തായാലും ഒരു നിമിഷം പോലും ഉറങ്ങാതെ എല്ലാ കളിയും കണ്ടു തീർക്കുമ്പോൾ ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു ഫുട്ബോൾ എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു ..എന്റെ വിഷമങ്ങളും സങ്കടങ്ങളും ഒക്കെ അവൻ ഇല്ലാതാക്കുന്നു.. ഒരു കാമുകിക്കും തരാൻ ആവാത്ത അനുഭൂതിയാണ് ഉരുളുന്ന ആ പന്ത് തരുന്നത്.. ഫൈനലിൽ, പോരാട്ട വീര്യമുള്ള ജർമ്മൻ പടയാളികൾക്ക് മുന്നിൽ അഭിമന്യുവിനെ പോലെ പൊരുതിയ ഡീഗോ, ആൻഡ്രിയാസ് ബ്രെഹ്മ്മയുടെ പെനാൽറ്റി ഗോളിൽ ജയിക്കുന്നു.. അതും അസൂയയോടെ മാത്രം കണ്ട ഗോയിക്കോച്ചിയാ എന്ന അർജന്റീനിയൻ പറക്കും ഗോളിയുടെ പോസ്റ്റിലേക്ക്. ഒന്നാം ഗോളി നെറി പുംപിഡോ പരിക്കേറ്റു പുറത്തുപോയപ്പോൾ വന്ന ഗോയിക്കോച്ചിയാ ഒറ്റക്കാണ് മിക്ക കളികളും ജയിപ്പിച്ചത്. സെമിയിൽ ആതിഥേയരും സുന്ദരന്മാരുമായ ഇറ്റലിക്കാരുടെ കണ്ണീർ വീഴ്ത്തിയതും മറ്റാരുമല്ല . ഏച്ചൂരിൽ ഫൈനൽ കഴിഞ്ഞപ്പോൾ തന്നെ അർജന്റീനക്കെതിരെ വിജയാഹ്ലാദം നടന്നിരുന്നു..
1994
കളി ജീവിതമായി മാറിയ കാലമായിരുന്നു അത്.. കളിതന്നെ കളി ..ബ്രസീൽ തപ്പി തടഞ്ഞ യോഗ്യത മത്സരം ഞാനും വിനിയും സജിത്തും കണ്ടത് പാതിരാത്രിക്ക് കണ്ണൂർ വുഡ്ലാന്‍ഡ്സ് ലോഡ്ജിൽ പോയാണ്. മഞ്ഞക്കിളികളുടെ രക്ഷകനായി എന്റെ എവർഹീറോ റൊമാരിയോ അവതാരമെടുത്ത കാലം. ആ യോഗ്യത നേടിയ കളികൾ കണ്ടപ്പോൾ തന്നെ കപ്പ് എടുക്കുമെന്ന് ഉറപ്പിച്ചിരുന്നു.പിന്നെ ഒരു ബ്രസീൽ ടീമും അത്ര വിശ്വാസം തന്നിട്ടില്ല. 2010 ലെ ടീം ഒന്ന് കൊതിപ്പിച്ചിരുന്നുവെന്നതൊഴിച്ചാല്.
1994 ലോകകപ്പ് ഫൈനല്‍
കവുങ്ങിൻ തോട്ടത്തിൽ കൂടി സൈക്കിൾ ടയർ ഉരുട്ടി പോകുന്ന ബാലനെ പോലെ അയാൾ അയത്നലളിതമായി പ്രതിരോധ നിരകളിൽ കൂടി ഗോളുകൾ അടിച്ചു കൂട്ടി ലോകകപ്പ് ബ്രസീലിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഏച്ചൂരിലെ അർജന്റീനൻ ഫാൻസ് ഭൂരിപക്ഷമാണ്. അവരെ അപ്രാവശ്യം മുതൽ നിശ്ശബ്ദരാക്കാൻ പോകുന്ന പടക്കോപ്പുകളായിരുന്നു ബ്രസീലിയൻ നിരയിൽ പിന്നീട് വരാൻ തുടങ്ങിയത്. പട്ടൻ സദന്റെ വീട്ടിൽ പാതിരാത്രി കട്ടങ്കാപ്പിയും കുടിച്ചു ജയ് വിളിച്ചു. അർജന്റീന തോറ്റപ്പോഴും ബ്രസീൽ കപ്പ് എടുത്തപ്പോഴും പഞ്ചായത്ത് മുഴുവൻ ആടിയും പാടിയും നടന്നതൊക്കെ ഓർക്കുമ്പോഴുള്ള കോരിത്തരിപ്പ് മാറിയിട്ടില്ല !
1998
നാലു കൊല്ലത്തെ ഇടവേളയിൽ കരുത്തനായ പ്രതിഭാസം ആയി മാറിയ റൊണാൾഡോ. മൊട്ട റൊണാൾഡോവിന്റെ വിശ്വരൂപം കാണാൻ ആയിരുന്നു നമ്മളൊക്കെ കണ്ണും കാതും കൂർപ്പിച്ചു ഫ്രാൻസ് ലോകകപ്പിന് കാത്തിരുന്നത്. അപ്പോഴേക്ക് അജേഷ് ആർട്ടിസ്റ്റിനെ കൊണ്ട് കൂറ്റൻ കട്ടൗട്ടുകൾ ഒക്കെ വരച്ച് കൊടിതോരണങ്ങൾ കെട്ടി ഏച്ചൂറിനെ കണ്ണൂരിലെ മലപ്പുറം ആക്കി മാറ്റിയിരുന്നു. ഡെന്നിസ് ബെർഗ്കാമ്പിന്റെ വിസ്മയ ഗോളിൽ അർജന്റീന ഹോളണ്ടിനോട് തോറ്റ് പുറത്തായപ്പോൾ ഓരോ അർജന്റീനക്കാരുടെ വീട്ടിലും പോയി തുള്ളി മഥിച്ചു. ഒടുക്കം ദുരൂഹമായ ഒരപസ്മാരവും നൈക്കിയുടെ കടുംപിടുത്തവും കാരണം തകർന്നു അവശരായ എന്റെ ബ്രസീലിന്റെ തലയിൽ സിനഡിന് സിദാൻ എന്ന വെള്ളിടി ആഞ്ഞു ആഞ്ഞു പതിച്ചപ്പോൾ പിറ്റേന്ന് ഉച്ച വരെ ഏച്ചൂരിലെ സ്പോർട്ടിങ്ങിന്റെ ഔദ്യോഗിക വീട് ആയ കുമാരചാച്ചന്റെ വീട്ടിൽ പുറത്തിറങ്ങാൻ ആവാതെ ഞാൻ കുടുങ്ങി കിടന്നു.
1998ലെ ലോകകപ്പ് ഫൈനല്‍
ഒരു രാത്രി മുഴുവൻ എന്നെയും കാത്ത് ഹോളണ്ടിന്റെയും ഇറ്റലിയുടെയും ആരാധകരായ സുഗുണേട്ടനും വൈദ്യർ ഷാജിയേട്ടനും ഉറങ്ങാതെ കിടന്നു. അവസാനം ഒരിക്കൽ മാത്രം കൂക്കി വിളിക്കാൻ സമ്മതിച്ചാൽ പോകാമെന്ന ഉറപ്പിൽ ഞാൻ പുറത്തിറങ്ങി അര്‍ജന്റീനന്‍ ആരാധകരുടെ കൂക്കി വിളി ഏറ്റു വാങ്ങി. ഇന്നും പിടിത്തം കിട്ടാത്ത ദൂരൂഹ ലോകകപ്പ് ആയി മാറി ആ ലോകകപ്പ്. ഫൈനലിന്റെ തലേന്ന് ആയിരുന്നു എന്റെ ചേട്ടന്റെ കല്യാണം. തോറ്റപ്പോൾ തന്നെ നാലുഭാഗത്തും നിന്നും അർജന്റീനക്കാർ എന്റെ വീടുവളഞ്ഞതും എന്റെ അച്ഛൻ അവരെ ഊഷ്മളമായി സ്വാഗതം ചെയ്തതും ഏട്ടത്തിയമ്മ അത്ഭുതത്തോടെ വാ പൊളിച്ചു നിന്നതുമൊക്കെ ആ ലോകകപ്പിന്റെ ബാക്കി പത്രം. ധീരനായ ഞാൻ വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിൽ വീടുവളഞ്ഞ അർജന്റീനക്കാരെ പറ്റിക്കാൻ ആയതിന്റെ ചാരിതാർഥ്യവും ഇത്രയും കൊല്ലമായിട്ടും മായാതെ എന്റെ ഉള്ളിലുണ്ട്.
2002
ജീവിതം ഫുട്ബോൾ കൊണ്ടുപോയപ്പോൾ പോക്കറ്റ് മുഴുവനും കാലി. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിനൊടുവിൽ ഏച്ചൂർ അങ്ങാടിയിൽ ഒരു ഹോട്ടൽ തുടങ്ങുന്നു. “ഫുട്ബോളിനെ അരികിലാക്കി പുതിയ വേഷത്തിൽ ഇറങ്ങുമ്പോൾ ഹോട്ടലിനു ഒരു പേര് വേണമല്ലോ..
റൊമാരിയോ അല്ലാതെന്ത് പേര്..
പ്രമോദിന്റെ ‘പ്ര’യും റൊമാരിയോയുടെ ‘മരിയോ’വും ചേർത്ത് വച്ച് ‘ഹോട്ടൽ പ്രമാരിയോ’ ! ”
ചൂട് പൊറോട്ടക്കൊപ്പം എന്നും ഫുട്ബോൾ ഇട്ടുവച്ച ബീഫ് തന്നെ ആയിരുന്നു പ്രധാന മെനു. ഹോട്ടലിന്റെ പുറത്തു ടീവിയൊക്കെ വച്ച് ഏഷ്യയിലെ ആദ്യ ലോകകപ്പ് ഏച്ചൂർ ഫുട്ബോളിയൻസ് ഒരു സംഭവമാക്കി. അതൊരു ടൂർണമെന്റ് തന്നെ ആയിരുന്നു. കളി നടക്കുന്ന സമയം ഞാൻ ഹോട്ടലിന് പുറത്ത് തന്നെ. അന്നൊരു കാര്യം മനസ്സിലായി ഈ മുഹബത്തിന്റെ കളിയെ ഒഴിവാക്കി ഒരു ജീവിതമില്ല എന്ന്. ഒടുക്കം ജപ്പാനിൽ കർട്ടൻ വീഴുമ്പോൾ ലോകം കീഴടക്കിയ നാസി വീര്യവുമായി വന്ന ജർമനിയെ റൊണാൾഡോ റിവാൾഡോ റൊണാള്‍ഡീഞ്ഞോ കൂട്ടുകെട്ട് തകർത്തു !
അഞ്ചാമത്തെ കപ്പ് നേടിയ ദിവസം. ആഘോഷിച്ചാഘോഷിച്ചു ഒരു ഒരു പരുവമായ കാലം. ഒരുപക്ഷെ അത്രയും ആഘോഷിച്ചതിന്റെ പ്രാക്കാവം, പിന്നീട് ബ്രസീലിന് ഒരു കപ്പ് എടുക്കാനായില്ല. എങ്കിലും ഒരു ഫൈനലിൽ ലോകം മുഴുക്കെ കണ്ടു നിൽക്കെ ദുരൂഹതയിലേക്ക് മറഞ്ഞുപോയ എന്റെ റോണോ ഒരു പ്രതിഭാസമായി ജപ്പാനിൽ ചീറി അടിച്ചത് മരണം വരെ മറക്കാനാവാത്ത ഒരനുഭവം ആയി നിൽക്കുന്നു.
2002ലെ ലോകകപ്പ് ഫൈനല്‍
2006
ജർമനിയിൽ ലോകകപ്പ് വരുമ്പോഴേക്കും യൂറോപ് ലോകഫുട്ബാളിലെ നിർണായക ശക്തി ആയിക്കഴിഞ്ഞിരുന്നു. ലാറ്റിനമേരിക്കൻ വര്ണക്കിളികളെ യൂറോപ്യൻ കഴുകന്മാർ വേട്ടയാടി പിടിച്ച ലോകകപ്പ് ആയിരുന്നു ജർമനിയിലേത്. എന്നെ സംബന്ധിച്ച് അർജന്റീന നേരിടുന്ന കടുത്ത ശാപം തുടങ്ങിയ വർഷവും അതായിരുന്നു – 2006.
ക്വാർട്ടർ ഫൈനലിൽ തിയറി ഹെൻറിയുടെ ഗോളിൽ പരാജയപെട്ട ബ്രസീലിന്റെ എക്കാലത്തെയും വലിയ ഹീറോ റൊണാൾഡോവിന്റെ മനോഹരമായ കോലം ഉണ്ടാക്കി ഒരു വലിയ ലോറിയിൽ നിറയെ അർജന്റീന ആരാധകർ (കണ്ണായി എന്ന പ്രസാദ്, കുരുടൻ ധനേഷ്, ഷിനോജ്,അജീഷ് എന്നീ കടുത്ത അർജന്റീനിയൻ ആരാധകരുടെ നേതൃത്വത്തില്‍ ) കണ്ണൂരിലെ മനോരമ, മാതൃഭൂമി, ദേശാഭിമാനി ഓഫീസുകളിലും ബസ്റ്റാന്റിലും, ഓരോ ജംക്ഷനുകളിലും അനുശോചന യോഗം നടത്തി. ഒടുക്കം കണ്ണൂരിലെ പ്രസിദ്ധമായ പയ്യാമ്പലം ശ്മശാനത്തിൽ അഞ്ഞൂറ് രൂപ അടച്ചു അവിടെ ദഹിപ്പിച്ചു. അതും പോരാഞ്ഞിട്ട് കലത്തിൽ അസ്ഥിപഞ്ജരങ്ങൾ എടുത്ത് കടലിൽ ഒഴുക്കി, അല്ലെങ്കിൽ നിമഞ്ജനം ചെയ്തു.
ലോകഫുട്ബാളിൽ കീഴടക്കാൻ ഒന്നും ബാക്കി വെക്കാതെ ജനകോടികളെ ആവേശ തിരയിൽ ആഴ്ത്തിയ ഒരു മഹാനായ പ്രതിഭയെ മരിക്കുന്നതിന് മുന്നേ പ്രതീകാത്മകമായി ദഹിപ്പിച്ച അർജന്റീനക്ക് ദൈവം കാത്തുവച്ച മനോഹരമായ പ്രതികാരമാണ് അതിനുശേഷമുള്ള അവരുടെ ട്രോഫി വരൾച്ച എന്നാണ് ഞങ്ങൾ ബ്രസീലിയൻസിന്റെ ഇന്നുമുള്ള വിശ്വാസം. ആ ശാപം തലയിൽ നിന്നൊഴിവാകാതെ ലോകത്തിൽ എങ്ങും കവിത എഴുതുന്ന അർജന്റീനക്കാർ ബാക്കി ഉണ്ടാകുമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
ആ ലോകകപ്പിൽ റിക്വൽമിയെ പിൻവലിച്ചുകൊണ്ട് ആത്മഹത്യയുടെ നിഗൂഢ താഴ്വരകൾ തേടി അലഞ്ഞ അർജന്റീന ബ്രസീലിനേക്കാളും വലിയ ദുരന്തമായി അവസാനിച്ചു.
2010
കൊളംബിയൻ സുന്ദരി ഷക്കീറ ലോകമെങ്ങുമുള്ള ആരാധകരുടെ മനസ്സിൽ തീക്കനൽ കോരിയിട്ട സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ്..വക്കാ വക്കാ ഒരു തരംഗമായി ലോകമെങ്ങും പടർന്നു..മുൻപൊരു തീം സോങിനും ഇത്ര കണ്ടു ജനകോടികളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ചാനലായ ചാനലുകളുടെയൊക്കെ ഓബി വാനുകൾ ഏച്ചൂർ എന്ന കൊച്ചു പട്ടണത്തിൽ തമ്പടിച്ച കാലം. അനുഗ്രഹീത കലാ ട്രൂപ് ആയ ഏച്ചൂർ കാലദര്ശനിലെ മിടുക്കൻ കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന വക്കാ വക്കാ ഗാന നൃത്തങ്ങൾ ആയിരുന്നു ആ കൊല്ലാത്തെ ഹൈലൈറ്റ്. ആയിരങ്ങളുടെ അകമ്പടിയോടെ ജില്ലയിൽ എമ്പാടും ആ കൊച്ചു മിടുക്കർ ലോകകപ്പ് ലഹരി പടർത്തി നൂറുകണക്കിന് വേദികളിൽ നിറഞ്ഞ കയ്യടി നേടി.

ഏച്ചൂർ ഒരു കല്യാണപ്പുര പോലെ വർണങ്ങൾ വാരിവിതറി അണിഞ്ഞൊരുങ്ങി ലോകകപ്പിനെ വരവേറ്റു. നൂറുകണക്കിന് കമാനങ്ങളും തോരണങ്ങളും പാതയോരങ്ങൾ കയ്യടക്കി. കളിയിൽ ടിക്കി ടാക്ക എന്ന പുത്തൻ ശൈലിയുമായി സ്പെയിനും ആക്രമണ ഫുട്ബോൾ അഴിച്ചു വിട്ട ഹോളണ്ടും ഫൈനലിലേക്ക് ചീറിയടുത്തപ്പോൾ ദുംഗയുടെ ബ്രസീൽ പ്രതിരോധാത്മക ഫുട്ബോൾ കളിച്ച് സ്വയം മരണം വരിച്ചു. 94 ലെ ജേതാവിനെ ശത്രുവിനെ പോലെ വെറുത്ത ഒരു വർഷം. അയാൾ അറിയുന്നുണ്ടോ ഓരോ തോൽവിയിലും ഏച്ചൂരിലെയും ലോകത്തെമ്പാടുമുള്ള ബ്രസീൽ ആരാധകരുടെ മനസ്സിലാണ് അത് കൊള്ളുന്നത് എന്ന് ? ആജന്മ ശത്രുക്കൾ ആയ അർജന്റീനക്കാരുടെ മുഖവും മനസ്സും നിലാവ് പോലെ തിളങ്ങുന്നത് എങ്ങനെ സഹിക്കുമെന്ന് ? വലനെയ്യുന്നത് പോലുള്ള ലാറ്റിൻ അമേരിക്കൻ ശൈലിയിൽ പ്രധിരോധ മടുപ്പ് ഇഴ ചേർത്ത ദുംഗ തന്നെയായിരുന്നു ബ്രസീലിന്റെ അന്തകൻ.
ഇന്നും ഓർക്കുമ്പോൾ ചിരി വരുന്നൊരു രംഗവും അർജന്റീനക്കാർ നമ്മൾക്ക് തന്നിരുന്നു അർജന്റീനയുടെ ഏച്ചൂർ യൂണിറ്റ് പ്രസിഡന്റും സെക്രെട്ടറിയുമായ കണ്ണായി പ്രസാദും കുട്ടി അജീഷും ഓരോ പുതിയ അർജന്റീന ജേഴ്സി വാങ്ങി പറശ്ശിനി കടവ് മുത്തപ്പന്റെ അടുത്തുപോയി പൂജിച്ചു മുത്തപ്പന്റെ കയ്യിൽ നിന്നും ജേഴ്സി വാങ്ങി അവിടെ വച്ച് തന്നെ ധരിച്ചു. രാത്രി ജര്‍മനിയുമായി കളിച്ചു നാലു ഗോളിന് തോറ്റപ്പോൾ ജേഴ്സി വലിച്ചൂരി മുത്തപ്പനെ അറഞ്ചം പുറഞ്ചം തെറി വിളിച്ചത് ഇന്നും ചിരി പടർത്തുന്ന ഓർമകളാണ്. സ്വന്തം ടീം ജയിക്കാൻ വേണ്ടി ഏതറ്റവും പോകുന്ന ധാർമികത തൊട്ടു തെറിപ്പിക്കാത്തവർ ആണ് അർജന്റീനിയൻ ആരാധകർ എന്ന് ഏച്ചൂരിലെ അർജന്റീനക്കാർ കാണിച്ചു തന്നിരുന്നു.
2014
വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ പത്തു് ആളുകൾ മരണപ്പെട്ട മരണവീട് പോലെ മൂകമായിരുന്നു ഏച്ചൂരിലെ ബ്രസീലിയൻസ് …സാംബയുടെയും സെക്സിന്റെയും സോക്കറിന്റെയും നാട് ബ്രസീലിയൻസിന് ദുരന്തവുമായി വന്ന ലോകകപ്പ് ..മറക്കാൻ മാത്രമിഷ്ടം.
കണ്ണൂര്‍ സ്പോര്‍ട്ടിങ് ഏചൂരിന്റെ സാരഥിയും ലൈസന്‍സ്ഡ് റഫറിയുമാണ് ലേഖകന്‍