2018ലെ ജൂൺ മാസത്തിൽ ഒരാശുപത്രിയിലെ കൂട്ടിരിപ്പുകാരനായി ഒരാഴ്ചയോളം കഴിയേണ്ടിവന്നു. ആ സാഹചര്യത്തിൽ മറ്റൊന്നിലും കാര്യമായി ശ്രദ്ധിക്കാനാകാതെ മനസ്സുമടുത്തിരിക്കുന്ന സമയത്താണ് പരിസരങ്ങളിലെ ചുവരെഴുത്തുകളിൽ കണ്ണുടക്കുന്നത്. പുത്തൻ സാങ്കേതികതകളുടെ, വ്യാജവൈദ്യന്മാരുടെ, ഉപകരണവിലക്കുറവുകളുടെ ഒക്കെ പരസ്യവാചകങ്ങൾക്കുറം രാഷ്ട്രീയാഹ്വാനമുള്ള ചുവരെഴുത്തുകൾ കണ്ടെത്തി വായിക്കുന്നത് ആ സമയത്തൊരു കൗതുകമായി തോന്നിയിരുന്നു. അങ്ങനെയാണ് പ്രാചീനകാല ഗുഹാചിത്രങ്ങളും, ബുദ്ധമതതത്വങ്ങൾ ധമ്മലിപികളിൽ കൊത്തിയ അശോകന്റെ ശിലാശാസനങ്ങളും മുതലിങ്ങോട്ട് തിരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യങ്ങൾ തുടങ്ങി ഗ്രഫിറ്റി വരെയുള്ള ചുവരെഴുത്തിന്റെ ചരിത്രത്തെക്കുറിച്ചു ചിന്തിക്കുന്നത്.
രാഷ്ട്രീയമായി തീവ്രസ്വഭാവമുള്ള മൂർച്ചയേറിയ വാചകങ്ങൾ എഴുതിയതിന്റെ പേരിൽ ജീവിതം തന്നെ കെട്ടിമടക്കിയോടേണ്ടി വന്ന ഒരുപാട് അവ്യക്തമുഖങ്ങൾ വിഭ്രാന്തി ദൃശ്യങ്ങളായി മനസ്സിലൂടെ കടന്നുപോയി. ഇന്ത്യയിലെ അടിയന്തിരാവസ്ഥക്കാലം, ആയിരത്തി തൊള്ളായിരത്തി അറുപതുകളോടെ കേരളത്തിലെ സ്വാധീനശക്തിയായ നക്സലൈറ്റ് പ്രസ്ഥാനങ്ങൾ, അധികാരമേറും മുന്നേ നിരോധനമുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനങ്ങൾ, സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹങ്ങൾ എന്നിങ്ങനെ പുറകിലോട്ടു പോയി അധികാര വർഗത്തിനെതിരെ കലഹിച്ചുകൊണ്ട് ഇടവഴിച്ചുമരുകളിലും മതിലുകളിലും പ്രത്യക്ഷപ്പെട്ട എഴുത്തുകളിലേയ്ക്കും ആലോചന ചെന്നെത്തി. അവയെല്ലാം മറ്റൊരു തരത്തിൽ ഇക്കാലത്തും തുടരുന്നതിന്റെ, സൈബർ ചുവരുകളിൽ പ്രതിഷേധങ്ങളും അഭിപ്രായങ്ങളും കുറിച്ചതിന്റെ പേരിൽ നാടും ജീവനും ഉപേക്ഷിക്കേണ്ടി വന്നവരെക്കുറിച്ചുള്ള വാർത്തകളും അവരെ പിന്തുടർന്ന കരിനിയമങ്ങളുമെല്ലാം ഓർമ്മയിൽ മിന്നിമറഞ്ഞുപോയി.
Read More: ദേവദാസ് എഴുതിയ ‘ചുവരെഴുത്ത്’ എന്ന കഥ വായിക്കാം
മലയാളഭാഷയിൽ ഒരു മുദ്രാവാക്യം ചുവരിലെഴുതിയതിന്റെ പേരിൽ ഒളിവിൽ പോകേണ്ടി ആദ്യത്തെ മനുഷ്യൻ ആരായിരിക്കുമെന്നൊരു സംശയം പൊടുന്നനെ ഉള്ളിൽ തെളിഞ്ഞു. അതിനുള്ള ഉത്തരം തേടിയുള്ള അന്വേഷണമാണ് *കുറുമ്പൻ ദൈവത്താനിലെത്തിച്ചത്. ആ സംശയത്തിനുള്ള ഒറ്റയുത്തരമാണ് ദൈവത്താൻ എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ,, അക്ഷരം അന്യമായൊരു സമൂഹത്തിൽ നിന്ന് ഉയർന്നു വരികയും, ജന്മിമാർക്കെതിരെ ചുവരിലെഴുതിയതിന്റെ പേരിൽ നാടുവിടേണ്ടിയും വന്ന ദൈവത്താനെ അടയാളപ്പെടുത്തേണ്ടത് ഭാഷാപരവും രാഷ്ട്രീയവുമായ ഒരുത്തരവാദിത്വമാണെന്നു തോന്നി.

കൈയാലച്ചുവരിൽ എഴുതിയതിന്റെ പേരിൽ ദൈവത്താൻ ഒളിച്ചോടിയതിന് ശേഷം ഏതാണ്ട് നൂറ്റിയിരുപത് കൊല്ലങ്ങൾ കടന്നു പോയെങ്കിലും, തിരുവിതാംകൂറും കൊച്ചിയും കോഴിക്കോടുമൊക്കെ ചേർന്നൊരു സംസ്ഥാനമായെന്നൊഴിച്ചാൽ, മേലാളന്മാർക്കും മാടമ്പികൾക്കും കാര്യസ്ഥന്മാർക്കും കങ്കാണിമാർക്കുമൊന്നും സാമൂഹികമായി വലിയമാറ്റമൊന്നുമില്ലെന്നാണ് സമകാലിക ചരിത്രവും വർത്തമാനവുമൊക്കെ സൂചന തരുന്നത്. ഈ കഥയെഴുതി ഏതാണ്ട് ഒരു മാസം പിന്നിടാറാകുമ്പോഴാണ് കലാലയത്തിലെ ചുവരെഴുത്തിനെ തുടർന്നുണ്ടായ തർക്കത്തിൽ അഭിമന്യു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടത്. ദൈവത്താൻ പുലയനായിരുന്നെങ്കിൽ അഭിമന്യു മലയനായിരുന്നു എന്നാണ് വാർത്തകളിൽ നിന്നറിയാൻ കഴിഞ്ഞത്. മലയരും പുലയരും കൂടി ആരാധിച്ച പുലിവാഹനനായ അതിരുകാവലാൾ മലമാടന്റെ ചരിത്രവും ഈ കഥയുടെ ഭാഗമായിരുന്നു. ആ ചരിത്രവും വിശ്വാസങ്ങളുമെല്ലാം കേരളത്തിലിപ്പോൾ മറ്റൊരു തരത്തിൽ വിവാദവും കലാപവുമായി മാറുന്നു എന്നതും മറ്റൊരു ചരിത്രകൗതുകം.
സംഭവബഹുലമായ സാമൂഹിക പരിഷ്ക്കരണ ജീവിതം നയിച്ച ദൈവത്താനെ ഒരു ചരിത്രാഖ്യായികയിലേയ്ക്ക് ഉൾക്കൊള്ളുന്നതെങ്ങനെ എന്നു കുഴങ്ങിയിരിക്കെയാണ് ളാകയിലെ കൊച്ചുകുഞ്ഞാശാന്റെ കുടിപ്പള്ളിക്കൂടവും, നാട്ടുമാടമ്പിമാരുടെ ഏതിർപ്പിനെയും അക്രമങ്ങളെയും മറികടന്നുകൊണ്ട് നിലത്തെഴുത്തു പഠിക്കാനെത്തിയ കുഞ്ഞു നടുവത്തമ്മനും വരികളിൽ തെളിഞ്ഞത്.’ചുവരെഴുത്ത്’ എന്ന കഥ സംഭവിച്ചത് അങ്ങനെയാണ്.
Read More: വി എം ദേവദാസ് എഴുതിയ രചനകൾ ഇവിടെ വായിക്കാം