എലിപ്പനി, ഡോക്സിസൈക്ലിന്‍ ഗുളികയുടെ വിതരണം കൊണ്ടും മറ്റു മുന്‍കരുതല്‍ നടപടികള്‍ കൊണ്ടും, ഏറെക്കുറെ നിയന്ത്രണാധീനമായി വരികയാണ്. പ്രളയാനന്തരം ഇനി വരുന്ന രണ്ടാഴ്ചകളില്‍ പേടിക്കേണ്ടത് ഡെങ്കിപ്പനിയെയാണ്.
ലോകവ്യാപകമായി പൊട്ടിപ്പുറപ്പെടാറുള്ള കൊതുകുജന്യ രോഗങ്ങളില്‍ ഒന്നാമതാണ് ഡെങ്കിപ്പനി. എഈഡിസ് ഈജിപ്റ്റൈ കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെ പകരുന്ന വൈറസ് രോഗമാണിത്. കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്ത് ഒന്നര ലക്ഷത്തിലേറെയാളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതില്‍ ഇരുപതിനായിരത്തോളം പേര്‍ നമ്മുടെ സംസ്ഥാനത്തായിരുന്നു; അതില്‍ മരണസംഖ്യ മുപ്പത്തേഴും. എന്നാല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നു മുതല്‍ മൂവായിരത്തി നാനൂറു പേരെ ഡെങ്കിപ്പനി ബാധിച്ചതില്‍ മുപ്പത്തഞ്ചു പേര്‍ മരണമടഞ്ഞു. വെള്ളം കയറിയ നിലയ്ക്ക്, രോഗവാഹകരായ കൊതുകുകള്‍ പെറ്റു പെരുകി, ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച് സ്ഥിതി വഷളാകാതിരിക്കണമെങ്കില്‍, ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാവൂ.
രോഗാണു
അഞ്ചു സബ്ടൈപ്പുകളുള്ള (Serotype) വൈറസ് ആണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. ഒരിക്കല്‍ ഉള്ളില്‍ കടന്നുകഴിഞ്ഞാല്‍ ആ ഒരു സീറോടൈപ്പിനെതിരെ ആജീവനാന്ത പ്രതിരോധവും മറ്റു സീറോടൈപ്പുകള്‍ക്കെതിരെ താല്‍ക്കാലിക പ്രതിരോധവും മനുഷ്യ ശരീരത്തിനുണ്ടാവും. എന്നാല്‍ മറ്റു സീറോടൈപ്പുകളിലൂടെ അസുഖം വേറൊരു സീസണില്‍ വീണ്ടും വരാമെന്നുള്ളതു കൊണ്ടും അങ്ങനെയുണ്ടാവുമ്പോള്‍ ഡെങ്കിപ്പനിയുടെ തീവ്രത കൂടുമെന്നതു കൊണ്ടും ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.
രോഗവാഹകര്‍
ഡെങ്കിപ്പനിയുള്ള സമയത്ത് രോഗിയെക്കടിക്കുന്ന കൊതുകിലൂടെയാണ് മിക്കവാറും രോഗം പകരുന്നത്. കാലുകളിലും ദേഹത്തും വെള്ളപ്പുള്ളികളുള്ള എഈഡിസ് ഈജിപ്റ്റൈ എന്ന കൊതുക് തന്നെയാണ് ഡെങ്കിയും ചിക്കുന്‍ഗുനിയയും പരത്തുന്നത്. ഒറ്റക്കടിയിലൂടെത്തന്നെ രോഗം പരത്തുന്ന ഇവ സാധാരണയായി പുലര്‍കാലത്തും വൈകുന്നേരവുമാണ് ചോര കുടിക്കാനിറങ്ങുന്നതെങ്കിലും ദിവസത്തില്‍ ഏതു സമയത്തും കടിച്ചേക്കാം. വീട്ടിനകത്തെ ഇരുണ്ടയിടങ്ങളില്‍ പാര്‍ക്കാനിഷ്ടപ്പെടുന്ന എഈഡിസ് പരമാവധി നാനൂറ് മീറ്റര്‍ ചുറ്റളവില്‍ മാത്രമേ പറക്കാറുള്ളൂ എന്നതു കൊണ്ട് കൊതുകുകള്‍ അല്ല, പനി കൊണ്ടു നടക്കുന്ന മനുഷ്യരാണ് രോഗം സമൂഹത്തില്‍ വ്യാപിക്കുന്നതിന് കാരണമാവുന്നത് എന്നു മനസ്സിലാക്കണം.

വീട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളായ ടെറസ്, സണ്‍ ഷേഡ്, പൂച്ചട്ടി, ഫ്രിഡ്ജിന്റെ താഴെയുള്ള ട്രേ, അക്വേറിയം, വൃത്തിഹീനമായ ബാത്ത്റൂമുകള്‍, അടച്ചുറപ്പില്ലാത്ത ടോയ്‌ലെറ്റ് ടാങ്കുകള്‍, മൂടാത്ത വെള്ള ടാങ്കുകളും ബക്കറ്റുകളും, വലിച്ചെറിഞ്ഞ മുട്ടത്തോട്, പൊട്ടിയ പാത്രങ്ങള്‍, അടപ്പില്ലാത്ത കുപ്പികള്‍, ചുരുണ്ടു കിടക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍, മാലിന്യങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ടയര്‍, റബ്ബര്‍ പാലിനുള്ള ചിരട്ട, കരിക്കിന്‍ തൊണ്ട്, വാഴയുടെയും കൈതയുടേയും മറ്റും ഇലകള്‍ക്കുള്ളില്‍ എന്നിവിടങ്ങളിലൊക്കെ ഈര്‍പ്പവും വളരെക്കുറച്ചു വെള്ളവും മതി കൊതുകിന് മുട്ടയിടാന്‍. വെള്ളം ഒഴിവാക്കിക്കളഞ്ഞാലും മുട്ടകള്‍ കേടു കൂടാതെ പാത്രങ്ങളുടെ വക്കിലും മണ്ണിലും തങ്ങി പിന്നീട് വിരിഞ്ഞേക്കാമെന്നതിനാല്‍ വെള്ളമൊഴിവാക്കുന്നതിലും പ്രാധാന്യം മുട്ടയിടാന്‍ സൗകര്യം ചെയ്തു കൊടുക്കാതിരിക്കുന്നതിന് വേണമെന്നോര്‍ക്കുക.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
പെട്ടെന്ന് വരുന്ന ശക്തമായ പനിയും തലവേദനയും, കൈകാല്‍ കടച്ചിലുമായിട്ടാണ് മിക്കവാറും രോഗികളെ കാണാറുള്ളത്. ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ശരീരത്തില്‍ തിണര്‍പ്പുകള്‍ എന്നിവയും ചിലര്‍ക്കുണ്ടാവും. സന്ധിവേദന കൊണ്ട് ഒടിഞ്ഞു കുത്തിപ്പോവുന്നതുകൊണ്ട് ‘ബ്രേക്ക്ബോണ്‍ ഫീവര്‍’ എന്നും പേരുണ്ട് ഡെങ്കിപ്പനിക്ക്. കൊതുകു കടി കൊണ്ട് നാല് മുതല്‍ 10 ദിവസത്തിനുള്ളിലാണ് പനി തുടങ്ങുക. മിക്കവരിലും സാധാരണ വൈറല്‍ പനി പോലെ ഒരാഴ്ചകൊണ്ട് (2- 7 ദിവസങ്ങള്‍) മാറിപ്പോവുമെങ്കിലും പനി മാറിക്കഴിഞ്ഞുള്ള ദിവസങ്ങളിലും ശ്രദ്ധ ആവശ്യമാണ്. വളരെ ചെറിയ ശതമാനം ആളുകളില്‍, പ്രധാനമായും കുട്ടികളിലും പ്രായമേറിയവരിലും ഗര്‍ഭിണികളിലും മറ്റസുഖങ്ങള്‍ ഉള്ളവരിലും, രക്തസ്രാവമുണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവര്‍, രക്തസമ്മര്‍ദ്ദം കുറയുന്ന ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിവ വന്ന് മാരകമായേക്കാം. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും, ശ്വാസതടസ്സം, നീരുവയ്ക്കല്‍, കഠിനമായ തളര്‍ച്ച, മോണയില്‍ നിന്നും രക്തസ്രാവം, ചോര ഛര്‍ദ്ദിക്കുക എന്നിവയൊക്കെ ഗുരുതരാവസ്ഥയുടെ സൂചകങ്ങളാണ്.
രോഗപരിശോധന
രോഗലക്ഷണങ്ങളുള്ളവരില്‍ ശ്വേതരക്താണുക്കളുടെ എണ്ണം, ഡെങ്കി കാര്‍ഡ് ടെസ്റ്റ് (NS 1) എന്നിവയാണ് പ്രാരംഭ പരിശോധനകള്‍. തുടക്കത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയണമെന്നില്ല, ചിലരില്‍ കാര്‍ഡ് ടെസ്റ്റ് നെഗറ്റീവ് ആവാറുമുണ്ട്. എന്നാല്‍, ഡെങ്കിയാണെങ്കില്‍ പനി കുറഞ്ഞാലും സാധാരണയായി രണ്ടു നാലു ദിവസങ്ങള്‍ കൊണ്ട് പ്ലേറ്റ്‌ലെറ്റ് കുറയുകയും ഒരാഴ്ച്ക്കു ശേഷം വീണ്ടും കൂടുകയും നോര്‍മല്‍ ആവുകയും ചെയ്യും. പ്ലാസ്മ ലീക്കു കാരണം പി. സി വി (ഹെമറ്റോക്രിറ്റ്) മൂന്നു നാലു ദിവസം മുതല്‍ കൂടുകയും ഒരാഴ്ച കഴിയുമ്പോള്‍ സാധാരണ നിലയിലേക്കു വരികയും ചെയ്യും. ഹെമറ്റോക്രിറ്റ് കൂടുക, ലിവര്‍ എന്‍സൈമുകള്‍ പല മടങ്ങുകള്‍ വര്‍ദ്ധിക്കുക, പ്ലേറ്റ്‌ലെറ്റ് പെട്ടെന്നു കുറയുക, രക്തസമ്മര്‍ദ്ദവും പള്‍സ് പ്രഷറും കുറയുക, ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുക എന്നതൊക്കെ ഗുരുതരാവസ്ഥയെ കാണിക്കുന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് മാത്രമല്ല രോഗാവസ്ഥയില്‍ നിര്‍ണ്ണായകമെന്ന് മനസ്സിലാക്കുക.
ചികിത്സ
ഡെങ്കിപ്പനിക്കെതിരായ പ്രതിമരുന്ന് ഇല്ല, ആന്റിവൈറല്‍ ഗുളികകള്‍ ഫലപ്രദവുമല്ല. മിക്കവരിലും വൈറല്‍ പനി പോലെ മാത്രം രോഗാവസ്ഥ കാണുന്നതുകൊണ്ട് വിശ്രമവും പാരസെറ്റമോളും മാത്രം മതിയാവും. ധാരാളം വെള്ളം കുടിപ്പിക്കണം. കഞ്ഞിവെള്ളം, ഓ ആര്‍ എസ്, കരിക്കിന്‍ വെള്ളം, ഉപ്പിട്ട നാരാങ്ങാ വെളളം എന്നിവയും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളും നല്‍കാം. പനിയുള്ളപ്പോള്‍ നനച്ചു തുടക്കുന്നത് നല്ലതാണ്. പാഷന്‍ ഫ്രൂട്ട്, പപ്പായ ഇല, ഹോമിയോ ഗുളികകള്‍ എന്നിവ കൊണ്ട് ഗുണമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ല. പനി കുറയ്ക്കാന്‍ ആസ്പിരിന്‍, ബ്രൂഫന്‍ പോലുളള മരുന്നുകള്‍ നല്‍കരുത്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നോക്കുകയും ഷോക്ക്, ബ്ലീഡിങ്ങ്, പ്ലാസ്മാ നഷ്ടം എന്നിവ വരാതെയും നോക്കുകയാണെങ്കില്‍ സാധാരണ ആശുപത്രികളില്‍ നിന്നു തന്നെ ഐ.വി ഫ്ലൂയിഡ് തെറാപ്പികൊണ്ട് അഞ്ച് മുതൽ 14 ദിവസങ്ങള്‍ കൊണ്ട് ശമനവും രോഗമുക്തിയുമുണ്ടാവും.
ഗുരുതരമായ ഹെമറാജിക് ഫീവര്‍, ഷോക്ക് സിന്‍ഡ്രോം എന്നിവയ്ക്ക് രക്തം കയറ്റേണ്ടതും ഐ സി യു ശുശ്രൂഷ കൊടുക്കേണ്ടതും ആവശ്യമായി വന്നേക്കാം.
മുന്‍കരുതലുകള്‍
കൊതുകുകള്‍ കൂടാതിരിക്കാന്‍ അത് മുട്ടയിട്ട് പെരുകുന്നയിടങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. മാലിന്യ സംസ്കരണം ശീലമാക്കുക. കെട്ടി നില്‍ക്കുന്ന വെളളക്കെട്ടുകളില്‍ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക. കിണറും സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രവും കൊതുകുവല കൊണ്ടു മൂടുക. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടു പരിസരത്ത് കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിന് ‘ഡ്രൈ ഡേ’ ആചരിക്കുക. കീടനാശിനിയായ പൈറെത്രം എക്സ്ട്രാക്റ്റ് ഉപയോഗിച്ച് വീടിനകത്ത് സ്പ്രേ ചെയ്യുകയും പൊതു ഇടങ്ങളില്‍ ഫോഗിങ്ങ് നടത്തുകയും ചെയ്യുക. കൂത്താടിയെ നശിപ്പിക്കാന്‍ ജലശേഖരങ്ങളില്‍ ടെമിഫോസ് തളിക്കുന്നത് ഫലപ്രദമാണ്.
സ്വയരക്ഷയ്ക്കായി കൊതുകുവല ശീലമാക്കുക. പകല്‍ സമയത്തും ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുകയാണ് ഉത്തമം. നീളം കൂടിയ, മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ദേഹത്ത് വേപ്പെണ്ണയോ പുല്‍ത്തൈലമോ മോസ്കിറ്റോ റിപ്പലെന്റുകളോ പുരട്ടാം. ജനലുകളിലും കതകിലുമൊക്കെ നെറ്റുകള്‍ പിടിപ്പിക്കുന്നതും കീടനാശിനിയില്‍ മുക്കിയ കര്‍ട്ടനുകള്‍ തൂക്കുന്നതും കൊതുകുകളെ അകറ്റാനുപകരിക്കും. ഡെങ്കിപ്പനിയുള്ള രോഗികളെ വീട്ടിലും ആശുപത്രിയിലും നിര്‍ബന്ധമായും കൊതുവലയ്ക്കുള്ളില്‍ പാര്‍പ്പിക്കുക എന്നത് പരമപ്രധാനമാണ്.
ഒത്തൊരുമിച്ച്, വിവേകത്തോടെ, പ്രവര്‍ത്തിച്ചാല്‍ പ്രളയം മറികടന്ന കേരള ജനതയ്ക്ക് ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധി മരണങ്ങള്‍ തടയാനാവും. ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിന്‍ സമീപഭാവിയില്‍ ലഭ്യമാവുമെന്ന് പ്രത്യാശിക്കാം.