നാടക സംവിധായകന്‍ ദീപന്‍ ശിവരാമനുമായി നടിയും ആക്ടിവിസ്റ്റുമായ പാര്‍വ്വതി നടത്തിയ ദീര്‍ഘ സംഭാഷണം. നാടക പരീക്ഷണങ്ങളെക്കുറിച്ച്, ജീവിത യാത്രയെക്കുറിച്ച്,  പുതിയ തലമുറയെക്കുറിച്ച് ദീപന്‍ മനസ്സ് തുറക്കുന്നു. ഇന്നിന്‍റെ നാടകങ്ങള്‍, പിന്നിട്ട വഴികള്‍, ഖസാക്കിന്‍റെ ഇതിഹാസം എന്നീ മൂന്ന് ഭാഗങ്ങളായി അഭിമുഖം വായിക്കാം.

ഇന്ത്യന്‍ തിയേറ്ററിന്‍റെ ബ്രാന്‍ഡ്‌ ആയി മാറിക്കഴിഞ്ഞിരിക്കുന്നു ദീപന്‍.  എന്തു തോന്നുന്നു?

എനിക്കറിയില്ല, ഞാന്‍ ഇന്ത്യന്‍ തിയേറ്ററിന്‍റെ ബ്രാന്‍ഡ്‌ ആണോ എന്ന്.  ഏറെക്കാലമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നേയുള്ളൂ.  അത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതും കൂടുതല്‍ പേര്‍ അത് മനസ്സിലാക്കുന്നതുമായ ഒരവസ്ഥയുണ്ടായതില്‍ സന്തോഷമുണ്ട്.

ദീപന്‍ ശിവരാമന്‍

ഓപ്പണ്‍ എയര്‍ സ്പേസിലെ മിനിമല്‍ തിയേറ്റര്‍ എന്ന ആശയം 1998 മുതല്‍ തന്നെ ഞാന്‍ ചെയ്യുന്നുണ്ട്.  ഈച്ചകളുടെ തമ്പുരാന്‍ എന്ന വില്ല്യം ഗോള്‍ഡിംഗിന്‍റെ നാടകം സ്കൂള്‍ ഓഫ് ഡ്രാമ പഠനം കഴിഞ്ഞയുടനെയാണ് ചെയ്തത്.  അക്കാലത്ത് ഇത്തരം നാടകങ്ങള്‍ വേറെയുമുണ്ടായിരുന്നു, നരിപറ്റ രാജുവിന്‍റെ ‘കൂട്ട് കൃഷി’ പോലെ.

പിന്നീട് ഞാന്‍ ചെയ്തിട്ടുള്ള  സ്പൈനല്‍ കോര്‍ഡ്, പീര്‍ ജി൯റ്,  ഒബറോയ്, തുടങ്ങിയവയിലൊക്കെ പരീക്ഷിച്ചിട്ടുള്ളതാണ് തിയേറ്റര്‍ ഓഫ് സീനോഗ്രാഫി, അല്ലെങ്കില്‍ ഒരു ഇന്ററാക്‌ടീവ്  ലാംഗ്വേജ് എന്നത്.

Read More: ഖസാക്കിന്‍റെ ഇതിഹാസം, എന്നിലേയ്ക്കുളള തിരിഞ്ഞുനോട്ടം, പൂർവികരുമായുളള സംവാദം

ഒരു ദ്വിമാന സ്വഭാവത്തിനപ്പുറത്ത്, തിയേറ്ററിനെ പൂര്‍ണ്ണമായ അനുഭവമാക്കാനുള്ള ശ്രമങ്ങള്‍ അന്നേ തുടങ്ങിയിരുന്നു. ഇന്നാണ് അത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് മാത്രം.

അതിന്‍റെ വെല്ലുവിളികള്‍ എന്തൊക്കെയാണ്? തിയേറ്ററിന്‍റെ പരിമിതികള്‍ക്കപ്പുറത്തേക്ക് അതിന്‍റെ അനുഭവതലങ്ങളെ കൊണ്ടെത്തിക്കുന്നതിലുള്ള വെല്ലുവിളികള്‍?

തിയേറ്റര്‍ എന്നത് തന്നെ ഒരു വെല്ലുവിളിയാണ്; പ്രത്യേകിച്ച് കേരളത്തിന്‍റെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തില്‍.  സമാന്തര സിനിമക്കും, ദൃശ്യകലക്കുമൊക്കെ ഇത് ഒരളവു വരെ ബാധകമാണ്.  പക്ഷെ തിയേറ്ററിനാണ് കൂടുതല്‍ എന്ന് തോന്നുന്നു.

Read More: നാട്ടിൻപുറത്തിന്റെ സ്വാതന്ത്ര്യവും നഗരത്തിന്റെ സൗകര്യങ്ങളും: പിന്നിട്ട വഴികളെക്കുറിച്ച് ദീപൻ

എന്‍റെ കാര്യം തന്നെയെടുത്താല്‍, 25 വര്‍ഷമെടുത്തു ഇപ്പോള്‍ നില്‍ക്കുന്നയിടത്തെത്താന്‍.  അതൊരു വലിയ കാലയളവാണ്.  ഒരു സിനിമാ സംവിധായകനോ ആര്‍ട്ടിസ്റ്റിനോ അത്രയും സമയമെടുക്കില്ല.  ഒരു നാടക കലാകാരനെ സംബന്ധിച്ച് ഒരായുഷ്കാലം കൊടുത്താലാണ് അയാളെ ആവിഷ്കരണങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതോ ചര്‍ച്ച ചെയ്യപ്പെടുന്നതോ തന്നെ.

പാര്‍വ്വതി

ഇനി പാര്‍വ്വതിയുടെ ചോദ്യത്തിലേക്ക് തിരിച്ചു വരാം.

ഒരു പരിമിതമായ സ്ഥലത്ത്, 25 – 30 അടിയുള്ള ഒരു പ്രൊസീനിയത്തില്‍, അല്ലെങ്കില്‍ ഇതേ വിസ്തീര്‍ണ്ണമുള്ള തിരശീലയും സൈഡ് വിങ്ങ്സുമൊക്കെയുള്ള ഒരു തിയേറ്റര്‍ സങ്കല്‍പ്പമാണ് നമുക്കുള്ളത്.  നാടകം കാണുക എന്ന് പറയുന്നതില്‍ ബെല്‍ അടിക്കുന്നു, തിരശീല പൊങ്ങുന്നു തുടങ്ങിയ സമ്പ്രദായങ്ങളും പെടും.

Read More: സംഭാഷണങ്ങളുടെ ലോകത്തേയ്ക്ക് വീണ്ടും ഞാൻ

ഇതിനെ നാടകലോകം മറികടന്നിട്ട് ഒരു നൂറ് വര്‍ഷമെങ്കിലുമായിക്കാണും.  ഒരു ഫ്രെയിമിനകത്ത് കൂടി കാണുന്ന സിനിമ എന്ന കലാരൂപം വന്നതോട് കൂടി സമാനമായ കാഴ്ച പ്രദാനം ചെയ്തിരുന്ന പ്രൊസീനിയം അതിന്‍റെ കാഴ്ച സങ്കല്പങ്ങള്‍ മാറ്റേണ്ട അവസ്ഥയിലായി.

ഇന്ത്യയില്‍ ഇത് ചെയ്യാനുള്ള ധൈര്യമുള്ള കലാകാരന്മാരോ, അല്ലെങ്കില്‍ ഈ മാറ്റം അനിവാര്യമായി വന്ന ഒരു ചരിത്ര സന്ധിയോ ഉണ്ടായില്ല എന്നാണ് എനിക്ക് തോന്നുന്നത്.

അങ്ങനെ ചെയ്തിട്ടുള്ള ചുരുക്കം ചിലര്‍ – കാവാലം നാരായണപണിക്കരുടെ ദൈവത്താര്‍, അവനവന്‍ കടമ്പ, ഹബീബ് തനവീറിന്‍റെ ചരണ്‍ ദാസ് ചോര്‍ – ഇവരുടെ വര്‍ക്കുകള്‍ പോലും കാലക്രമേണ പ്രൊസീനിയത്തിലേക്ക് മടങ്ങുകയാണ് ചെയ്തത്.  കാരണം അതാണ്‌ അവര്‍ക്ക് ലഭ്യമായ ഒരു സ്പേസ്.

നെറ്റ് പൊട്ടറ്റോ

നമ്മള്‍ ഇപ്പോഴും നല്ല സ്റ്റേജ് എന്ന് കരുതുന്നത് എന്‍ സി പി എ (മുംബൈ), കമാനി ഓഡിറ്റോറിയം (ഡല്‍ഹി), പ്രിഥ്വി ഓഡിറ്റോറിയം (മുംബൈ) തുടങ്ങിയ സാമ്പ്രദായിക ഇടങ്ങളാണ്.  ഈ വിചാരം തന്നെ തിയേറ്റര്‍ ഭാഷയെ പരിമിതപ്പെടുത്തുന്നതാണ്.

ആദ്യത്തെ ശ്രമം ഈ സ്പേസ് സങ്കല്‍പ്പത്തെ ഉടച്ച് വാര്‍ക്കുക എന്നതാണ്.  അതു പോലെ നാടകത്തിന്‍റെ സ്ക്രിപ്റ്റ്, കാസ്റ്റിംഗ്, മേക്കിംഗ് തുടങ്ങിയവയിലെല്ലാം തന്നെ  സാമ്പ്രദായിക സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.  അതിലുമെല്ലാം മാറ്റങ്ങള്‍ വേണം എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.

ഡ്രീം ഓഫ് ഡെത്ത്

സ്പൈനല്‍ കോര്‍ഡ്, പീര്‍ ജിന്‍റ്, ഇപ്പൊ ഖസാക്ക്, ഇതിലെല്ലാം തന്നെ  ഇത്തരം സാമ്പ്രദായിക ചിന്തകളെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.  വേദിയുടെ രൂപകല്പന, നടീ നടന്മാരുടെ ശരീരഭാഷ, ഉപയോഗിക്കുന്ന ടെക്സ്റ്റ്‌, സംഗീതം, ലൈറ്റിംഗ്, മറ്റു പ്രൊപര്‍ട്ടികള്‍, വേഷവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.  ഇതെല്ലാം ചേരുമ്പോഴാണ് തിയേറ്റര്‍ പൂര്‍ണമായ ഒരു അനുഭവമായി മാറുന്നത്.  ഒരു ഇതരഭാഷയുണ്ടാക്കാനുള്ള ശ്രമമാണ്.

സ്റ്റേജില്‍ നിന്നും സംഭാഷണം പറയുന്ന നടന്‍ എന്ന കഥനശൈലിയില്‍ നിന്നും വേറിട്ട ഒരു ഭാഷ.  ദൃശ്യം – ശ്രവ്യം എന്ന ദ്വയത്തിനപ്പുറത്ത്, ഇന്ദ്രിയ ഗോചരമായ എല്ലാം അനുഭവിപ്പിക്കാനുള്ള പരിശ്രമമാണ്.

കിഴക്കന്‍ യുറോപ്, പോളണ്ട് എന്നീയിടങ്ങളിലെ തിയേറ്റര്‍ സ്വാധീനിച്ചതായി പറഞ്ഞിട്ടുണ്ട്.  പക്ഷെ ആതിനും മുന്‍പ് തന്നെ ആഷാഡ് കെ ഏക്‌ ദിന്‍ എന്നൊരു നാടകം ചെയ്തു.  സ്കൂള്‍ ഓഫ് ഡ്രാമയിലെ ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ഥി ഈ ദ്വിമാനതയെ മറികടന്നത് ആ നാടകത്തിലൂടെയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.  ഒരു വീട് തന്നെയുണ്ടാക്കി അതിനു വേണ്ടി അല്ലേ?

അതെ.

തിയേറ്ററിന്‍റെ ചിട്ടവട്ടങ്ങളെ മറികടന്നു ഭാവനയ്ക്ക് മുന്‍‌തൂക്കം നല്‍കുന്നത് സ്വീകാര്യമാകുമോ?

മാധ്യമത്തിന് മാറ്റം സംഭവിക്കുന്നത് ഭാവനയിലൂടെയല്ലേ?  അതില്ലെങ്കില്‍ അതിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നമ്മള്‍ പെട്ടു പോവും.  ഉദാഹരണത്തിന് സിനിമക്ക് ചില പാരാമീറ്റര്‍സ് ഉണ്ട്.  ജൊഡോറോവിസ്കി അല്ലെങ്കില്‍ പരാന്ജനോവ് അതിനെ മറികടക്കുന്നത് അവരുടെ ഭാവന കൊണ്ടാണ്.  മീഡിയത്തിന്‍റെ സ്വഭാവഘടനയെ, അതുളവാക്കുന്ന കാഴ്ചാ ശീലങ്ങളെ അങ്ങനെയാണ് മാറ്റുന്നത്.  നാടകത്തിലും അങ്ങനെ തന്നെയാണ്.

കാബിനെറ്റ്‌ ഓഫ് കാലിഗരി. ചിത്രം. വെന്‍സി മേന്ടെസ്

ഇപ്പൊ സെന്‍സോറിയല്‍ അനുഭവം എന്നത് നാടകത്തെ സംബന്ധിച്ച് പുതിയതാണ്, അധികം പേര്‍ പരീക്ഷിക്കാത്തതുമാണ്.  സ്പര്‍ശം, മണം, രുചി, കാഴ്ച, കേള്‍വി എന്നിങ്ങനെ പല തലങ്ങളിലാണ് അനുഭവങ്ങളുണ്ടാവുക.

ഓര്‍മ്മകള്‍ തന്നെ ഉദാഹരണമായി എടുക്കാം.  അത് കാഴ്ചയായും ശബ്ദമായും മാത്രമല്ലല്ലോ.  സമ്മാനം കിട്ടിയ പുതിയ ഉടുപ്പിന്‍റെ മണം, ഒരു പൂവിന്‍റെ മണം, അമ്മയുണ്ടാക്കിയ ഭക്ഷണത്തിന്‍റെ രുചി ഇങ്ങനെയെല്ലാം കൂടി ചേര്‍ന്നതാണ് ഓണത്തിന്‍റെ ഓര്‍മ്മ.

ഈ അഞ്ചും അനുഭവിപ്പിക്കല്‍ സാധ്യമാകുന്നത് തിയേറ്ററില്‍ മാത്രമാണ്.  സിനിമ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട് – വിര്‍ച്വല്‍ റിയാലിറ്റി, 4 ഡി തുടങ്ങി പലതും.  എങ്കിലും പൂര്‍ണതയില്‍ എത്തിക്കാന്‍ പാട് പെടുന്നു.

ഖസാക്ക് നാടകമായപ്പോള്‍ കുട്ടിക്യൂറ പൗഡറിന്‍റെയും, മസാലക്കൂട്ടിന്‍റെയുമൊക്കെ മണം അനുഭവിപ്പിക്കാന്‍ സാധിച്ചു.  സിനിമക്കതിപ്പോഴും വിദൂരമാണ്.

ഇപ്പോഴും ദ്വിമാനതയില്‍ തന്നെ നില്‍ക്കുകയാണ് സിനിമ ആ അര്‍ത്ഥത്തില്‍.  ‘Image still cannot come to you, completely; it cannot shake hands with you.’

ആ സാധ്യതയാണ് തിയേറ്ററിനെ അനന്യസാധാരണമാക്കുന്നത്, ആശ്ചര്യകരമാക്കുന്നത്.

സംവിധാനം ചെയ്യുന്ന നാടകങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

സ്വതവേ ഞാന്‍ തിരഞ്ഞെടുക്കുന്നത് multi-layered ആയ ടെക്സ്റ്റുകളാണ്.  സരളമല്ലാത്ത ആഖ്യാനങ്ങളാണ് ഇഷ്ടം.  നൊസ്റ്റാള്‍ജിയ, സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍, വിചിത്രമായ പെരുമാറ്റങ്ങളുള്ള മനുഷ്യര്‍, കുറച്ചു ഡാര്‍ക്ക് ആയിരിക്കണം എന്നൊക്കെയുണ്ട്.  ശുഭപര്യവസായികളായ കഥകള്‍ താല്പര്യമില്ല.

പീര്‍ ജിന്റ്റ്

കാരണം കലയിലെ ആനന്ദം കണ്ടു ശീലിച്ചവരാണ് നമ്മള്‍.  സുന്ദരം, മനോരജ്ഞകം തുടങ്ങിയ വാക്കുകളാണ് നാമതിനോട് ചേര്‍ത്ത് ഉപയോഗിക്കുക.  Aesthetics എന്ന വാക്കിന്‍റെ ഇന്ത്യന്‍ നിര്‍വ്വചനം തന്നെ സൗന്ദര്യബോധം എന്നാണ്.  അതിലൊരു പ്രശ്നമുണ്ട്.  ഒരു കലാകാരന്‍റെ ദൗത്യം ഈ സൗന്ദര്യത്തിന്‍റെ പ്രചാരകനാവുക എന്നതല്ല.  മറിച്ച് മനുഷ്യാവസ്ഥയെ, സാമൂഹികമായ യാഥാര്‍ത്ഥ്യങ്ങളെ, തന്‍റെ ആവിഷ്കരണങ്ങളിലൂടെ പുറത്ത് കൊണ്ട് വരുക എന്നതാണ്.

ഡ്രാമ സ്വതവേ കുറവുള്ള ടെക്സ്റ്റുകളാണ് മാര്‍ക്കേസായാലും വിജയനായാലും. രണ്ടു പേരുടെ എഴുത്തിലും മാജിക്കല്‍ റിയലിസം കടന്നു വരുന്നുണ്ട്. എനിക്ക് ചോദിക്കാനുള്ളത് എന്‍റെ നിഗമനത്തിന് പുറത്തുള്ള ഒരു ചോദ്യമാണ്.  ഈയടുത്തായി സാഹിത്യ സൃഷ്ടികള്‍, പ്രത്യേകിച്ച് ചരിത്ര സംബന്ധിയായവ, സ്റ്റ്റക്ചറലിസം, പോസ്റ്റ്‌ സ്റ്റ്റക്ചറലിസം ഇവയില്‍ നിന്നൊക്കെ മാറി ക്ലാസിക്കല്‍ നരേറ്റിവ് ഫോമിലേക്ക് തിരിച്ചു പോകുന്നുണ്ട്.   ഉദാഹരണത്തിന് രാമചന്ദ്ര ഗുഹ, വില്ല്യം ഡാൽറിംപിൾ, ഇവരുടെയൊക്കെ എഴുത്തുകള്‍ ആദിമധ്യാന്ത ഘടന പിന്തുടരുന്നതായി കാണുന്നു. അങ്ങനെയൊരു സമയത്താണ് ദീപന്‍ മാജികല്‍ റിയലിസം ചെയ്യുന്നത്. 

കലാപരമായ ആവിഷ്ക്കാരം നടത്താനൊരുങ്ങുമ്പോള്‍ അതിന്‍റെ ക്ലാസ്സിഫിക്കേഷനെക്കുറിച്ച് നമ്മളാലോചിക്കേണ്ട കാര്യമുണ്ടോ?  ഞാനൊരു പോസ്റ്റ്‌ സ്റ്റ്റക്ചറല്‍ തിയേറ്റര്‍ ചെയ്യാന്‍ പോകുന്നു എന്നാലോചിച്ചല്ലല്ലോ തുടങ്ങുന്നത്.  കാണുന്നവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വായിക്കാന്‍ പറ്റണം എന്ന് കരുതുന്നുണ്ട്.  അല്ലാതെ വേറൊന്നും ആലോചിക്കാറില്ല.

അത്ര ഫ്രീ ആണ് ആലോചന?

റോമിയോ & ജൂലിയറ്റ് & സെക്യൂരിറ്റി ഗാര്‍ഡ്

തീര്‍ച്ചയായും.  എന്‍റെ വര്‍ക്ക്‌ എങ്ങനെ അളക്കപ്പെടും അല്ലെങ്കില്‍ വിശകലനം ചെയ്യപ്പെടും എന്ന് ഞാന്‍ ഒരിക്കലും ആലോചിക്കാറില്ല.

എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയിടുള്ള ഒന്നാണ് മാജികല്‍ റിയലിസം.  കേരളത്തിലെ ചിത്രകലയിലൊക്കെ വളരെക്കാലമായിട്ടുണ്ടത്.  ചിത്രകലയെ സൂക്ഷമമായി വീക്ഷിച്ചാല്‍ മനസ്സിലാവും, ഈ മിത്തിക്കല്‍ എലെമെന്റ്.  നമ്മുടെ തെയ്യത്തിലുമൊക്കെ കാണാന്‍ കഴിയും.  നമ്മുടെ പരമ്പരാഗത കലകളിലെല്ലാം ഇങ്ങനെ കല്‍പനാത്മകമായ അംശങ്ങളുണ്ട് – പ്രകൃതി, ആത്മാവ്, ദൈവം  എന്നിങ്ങനെയുള്ള കോ-റിലേഷന്‍സ്.

ഖസാക്ക് അങ്ങനെയുള്ള ഒരു കൃതിയാണ്.  ഒരേ സമയം കേരളീയവും സാര്‍വ്വലൗകികവുമാണത്.

ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള നാടകങ്ങളാണ് ദീപന്‍റെത്.  കേരളത്തില്‍ എന്ത് തരം സ്വീകരണമാണുണ്ടായത്.  മറ്റിടങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടതായിരുന്നോ?

നല്ല ബോധ്യമുള്ള ആസ്വാദകരാണ് കേരളത്തില്‍.  അതൊരു വളരെ നല്ല കാര്യമാണ്.

പിന്നെ അല്പം ആത്മവിശ്വാസക്കൂടുതലുണ്ട്.  എന്തിനെക്കുറിച്ചെന്നില്ല, എല്ലാം അറിയാം.  കല, സിനിമ, നാടകം, ചിത്രകല, സ്പോര്‍ട്സ് എല്ലാത്തിനെക്കുറിച്ചുമുള്ള അറിവ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  അപ്പൊ അങ്ങനെ ഒരു പ്രശ്നമുണ്ട്.

ഖസാക്കിന്‍റെ ഇതിഹാസം

അതൊഴിച്ചാല്‍, പൊതുവില്‍ നല്ല ഉത്സാഹമുള്ള ആസ്വാദകരാണ് നമ്മള്‍.  പിന്നെ വിമര്‍ശനത്തിന്‍റെ കാര്യമെടുത്താല്‍, കേരളത്തിലല്ല ഇന്ത്യയില്‍ തന്നെ ‘Constructive Criticism’ എന്നൊന്നില്ല.  അങ്ങനെ വസ്തുതാപരവും സാരവുമായി വിമര്‍ശനം എഴുതാന്‍  പറ്റുന്ന സ്കോളര്‍മാര്‍ ഇല്ലിവിടെ.  കഥയൊക്കെ പറഞ്ഞു പോകും എന്നല്ലാതെ, substantial ആയി തിയെറ്ററിന്‍റെ ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ കഴിവുള്ളവരൊക്കെ കുറവാണ് നമ്മുടെ നാട്ടില്‍.

നാടകസംബന്ധിയായ എത്ര പുസ്തങ്ങള്‍ വന്നിട്ടുണ്ട് കേരളത്തില്‍ കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍?  ഇപ്പോഴും നമുക്ക് ജി ശങ്കരപ്പിള്ളയെക്കുറിച്ചേ പറയാന്‍ പറ്റുന്നുള്ളൂ, പുസ്തകത്തെക്കുറിച്ച് പറയുകയാണെങ്കില്‍.

ദീപന് ആലോചിച്ചു കൂടേ, ഒരു പുസ്തകമെഴുതുന്ന കാര്യം?

നോക്കൂ ഞാന്‍ academic എന്നതിലുപരി ഒരു practitioner ആണ്.  എഴുതുന്നതിനെക്കാളും എനിക്ക് താല്പര്യം എന്‍റെ കല practise ചെയ്യാനാണ്.  പിന്നെ ഇപ്പൊ ആരും എഴുതാത്ത സ്ഥിതിക്ക്, ഞാന്‍ തന്നെ എഴുതേണ്ടി വരുമെന്ന് തോന്നുന്നു.

സംഗീത നാടക അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

എനിക്ക് തോന്നുന്നില്ല.  കാരണം അവരൊക്കെ ഒരു പ്രത്യേക തരത്തില്‍, പണ്ടെപ്പോഴോ ചിട്ടപ്പെടുത്തി വച്ച ചില കാര്യങ്ങള്‍ ഇങ്ങനെ ചെയ്തു പോരുന്നു എന്നല്ലാതെ അവരില്‍ നിന്നും വേറൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

കൊച്ചി മുസിരിസ് ബിനാലെ

കലയുടെ ആസ്വാദനത്തിനും പ്രചാരണത്തിനും ഉന്നമനത്തിനും വേണ്ടി ഒരു സിസ്റ്റം ഉണ്ടായി വരേണ്ടതുണ്ട്.  ബിനാലെ തന്നെ ഉദാഹരണമായി എടുക്കാം.  അവിടെ ആസ്വാദകന്‍ – ആര്‍ട്ടിസ്റ്റ് – ക്യുറെറ്റര്‍ എന്നിങ്ങനെ പരസ്പരപൂരകങ്ങളായ ഒരു  ത്രയമുണ്ട്.  അങ്ങനെ അവര്‍ മൂന്ന് പേരും ചേര്‍ന്നാണ് കലയെ എത്തേണ്ട ഇടത്ത് എത്തിക്കുന്നത്.  തിയേറ്ററിന് അങ്ങനെ ഒരു സിസ്റ്റം ഇല്ല.

വെറുതെ ജോലിയുടെ ഭാഗമായി ഒരു റിപ്പോര്‍ട്ട്‌ അല്ലെങ്കില്‍ നാടകത്തെ കുറിച്ചുള്ള ഒരു കവറെജ്.  ഇതാണ് പലപ്പോഴും നാടകങ്ങളെക്കുറിച്ച് എഴുതപ്പെടുന്നത്‌.  ആ അവസ്ഥ പരിതാപകരമല്ലേ?  ഞങ്ങളുടെ ആവിഷ്കരണങ്ങള്‍ കുറുച്ച് കൂടി ഗൗരവമായി കാണപ്പെടെണ്ടതല്ലേ?

ഇതൊക്കെ പറയുമ്പോഴും ഞാന്‍ നേരത്തെ പറഞ്ഞയിടത്ത് തന്നെയാണ് നില്‍ക്കുന്നത്.   ഒരു അനുഭവമുണ്ടാക്കാനാണ് എന്‍റെ ശ്രമങ്ങള്‍.  അത് ആളുകളിലേക്ക് എത്തിയാല്‍ സന്തോഷം.  മറിച്ചായാലും അതെന്നെ ബാധിക്കില്ല, ‘Because I am not really looking for a position in history’.

നമ്മുടെ നാടകങ്ങളോടുള്ള വിദേശരാജ്യങ്ങളുടെ കാഴ്ചപ്പാട് ഒന്ന് വിവരിക്കാമോ.  അവര്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു വച്ചിരിക്കുന്ന ഇന്ത്യയെയാണോ അവര്‍ കാണാന്‍ ആഗ്രഹിക്കുന്നത്? ‘Packaging India for the West’ എന്നൊക്കെ കേള്‍ക്കുന്നതില്‍ കാര്യമുണ്ടോ?

ഉണ്ട്.  There is a serious problem about Western understanding of India.

പുറത്തുള്ളവര്‍ക്ക് ഇന്ത്യയെന്നാല്‍ ഒന്നുകില്‍ ബോളിവുഡ് അല്ലെങ്കില്‍ കഥകളി.  ഇതിനപ്പുറത്തെക്കുള്ള വിഷയങ്ങളില്‍ അവര്‍ക്ക് താല്പര്യമില്ല.

ദി മന്ഗ്നിയാര്‍ സെഡക്ഷന്‍

ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും പുറത്തേക്കു പോകുന്ന നാടകങ്ങളായാലും മറ്റു കലാസൃഷ്ടികളായാലും അതിനൊരു എക്സോട്ടിക് സ്വഭാവമുണ്ട്.  നാടകങ്ങളുടെ കാര്യമെടുത്താല്‍, രണ്ടു നാടകങ്ങളാണ് കഴിഞ്ഞ കുറച്ചുകാലമായി വിദേശങ്ങളിലേക്ക് പോകുന്നത് – അതുല്‍ കുമാര്‍ സംവിധാനം ചെയ്ത ‘പിയ ബെഹ്രു പിയ’, റോയ്സ്റ്റന്‍ ആബേല്‍ സംവിധാനാം ചെയ്ത ‘മന്‍ഗനിയാര്‍ സെഡക്ഷന്‍’.

ആദ്യത്തെത് ബോളിവുഡ് സംഗീതം മുതല്‍ നൌട്ടങ്കി വരെയുള്ളവ ഉപയോഗിച്ചുള്ള ഒരു മ്യൂസിക്കലാണ്.  രണ്ടാമത്തേത് മന്‍ഗനിയാര്‍ എന്ന രാജസ്ഥാനി നാടന്‍ സംഗീത കലയുടെ ഒരു ലൈവ് അവതരണം.  രണ്ടും നാടകങ്ങളല്ല.

രണ്ടിലും ഇന്ത്യന്‍ നിറങ്ങളും സംഗീതവും നൃത്തവുമൊക്കെയുണ്ട്. പക്ഷെ സംവദിക്കാന്‍ ഒരു വിഷയമില്ല.  ‘It has an Indian flavour but not an Indian problem’.

ഖസാക്ക് പോലൊരു നാടകമൊന്നും പുറത്തേക്ക് പോയി കളിക്കുന്നത് അത്ര എളുപ്പമല്ല.  പ്രധാനമായും അതിന്‍റെ logistics.  ഇത്രയും ബുദ്ധിമുട്ടി ഇങ്ങനെയൊരു നാടകം അവര്‍ കാണാന്‍ തയ്യാറാകുമോ എന്നറിയില്ല.

നമ്മള്‍ പക്ഷെ നേരെ മറിച്ചാണ്.  ഇവിടെ itfokക്കിലാണെങ്കിലും നമ്മള്‍ ക്യൂറെറ്റ് ചെയ്യുന്ന മറ്റു ഫെസ്റ്റിവലുകളിലാണെങ്കിലും എത്ര പ്രയാസപ്പെട്ടിട്ടാണെങ്കിലും നല്ല നാടകങ്ങള്‍ എത്തിക്കാനാണ് നമ്മള്‍ ശ്രമിക്കുക.  നല്ലത് എന്ന് പറയുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് വിഷയപരമായിട്ടാണ്.  അല്ലാതെ നല്ല പാട്ടുണ്ട്, കളറുണ്ട് എന്നല്ല.

നമ്മുടെ നാട്ടില്‍ ഒരു വിദേശി വന്ന് അഞ്ചു ദിവസം കൊണ്ട് കുറച്ചു കഥകളി പഠിപ്പിക്കാമോ എന്ന് ചോദിക്കുന്നില്ലേ, അതേ മനോഭാവം തന്നെയാണ് അവിടുത്തെ ഫെസ്റ്റിവലുകള്‍ക്കും, ക്യൂറെറ്റര്‍മാര്‍ക്കും.

അതില്‍ നമുക്കും ഒരു പങ്കില്ലേനമ്മള്‍ കഥകളിയെ വച്ച് ടൂറിസം പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടായിരിക്കില്ലേ അങ്ങനെ സംഭവിക്കുന്നത്?

തീര്‍ച്ചയായും.  ICCR (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിസര്‍ച്ച്) ന്‍റെ കാര്യം തന്നെയെടുക്കൂ.  ഇന്ത്യയിലെ എല്ലാ കലാരൂപങ്ങളെയും പിന്‍തുണക്കേണ്ടാവരാണവര്‍.  പക്ഷെ അവരുടെ സപ്പോര്‍ട്ട് പലപ്പോഴും ക്ലാസിക്കല്‍ നൃത്തത്തിലേക്കും സംഗീതത്തിലേക്കുമായി ചുരുങ്ങും.  ഇന്ത്യന്‍ കലയിലെ ആനന്ദം മാത്രം കാണിക്കുക എന്നതാണ് തീരുമാനം.  ‘Exoticising India’ എന്നത് തുടങ്ങുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണ്.

ഇത് മാറേണ്ടതില്ലേ?

വേണം.  പക്ഷെ മാറ്റാന്‍ വളരെ പ്രയാസമാണ്.  കാരണം നമ്മുടെ സിസ്റ്റം മുഴുവന്‍ വളരെ പുരാതനമായ ചിന്താഗതിയുള്ള, മറ്റേതോ കാലത്ത് ജീവിക്കുന്ന മനുഷ്യരാല്‍ നിറഞ്ഞിരിക്കുകയാണ്.  ഇവര്‍ക്ക് കലയിലെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരവും സ്വാധീനവുമുണ്ട്.  ഇതില്‍ മന്ത്രിമാര്‍ മുതല്‍ താഴേക്കുള്ള ഒരു വലിയ ശ്രേണിയുണ്ട്.

ഇവിടെയാണ്‌ ബിനാലെ പോലെയുള്ള വേദികള്‍ക്ക് സാധ്യതയും പ്രസക്തിയുമുള്ളത്.  സ്വാധീനിക്കാനും തീരുമാനിക്കാനുമുളള ശക്തിയെ സ്റ്റേറ്റില്‍ നിന്നുമെടുത്ത് കലയുമായി ബന്ധമുള്ള, അറിവുള്ള, നയിക്കാന്‍ കഴിവുള്ള ആളുകളുടെ കൈയ്യില്‍ കൊടുക്കുകയാണവിടെ.

ബോസ് കൃഷ്ണമാചാരി

ഇവിടെ ഞാന്‍ നേരത്തെ പരാമര്‍ശിച്ച ‘ബ്രാന്‍ഡ്‌’ എന്ന വാക്കിന് പ്രസക്തിയുണ്ടാവുന്നു എന്ന് തോന്നുന്നു.  ബോസും റിയാസും കലാ ലോകത്തെ ‘ബ്രാന്‍ഡു’ കളാണ്.  അങ്ങനെ ഒരു നിലയില്‍ എത്തിയതിന് ശേഷമാണ് അവര്‍ ബിനാലേക്ക് രൂപം കൊടുക്കുന്നത്.  അവരുടെ ‘ബ്രാന്‍ഡ് വാല്യൂ’ കൊണ്ടും അവര്‍ നില്‍ക്കുന്ന പോസിഷന്‍ കൊണ്ടും കൂടിയാണ് ആ മാറ്റം കമാന്‍ഡ് ചെയ്യാന്‍ സാധിച്ചത് എന്ന് ഞാന്‍ കരുതുന്നു.  അത് കൊണ്ട് തന്നെ ദീപനും അങ്ങനെയൊരു മാറ്റത്തിനു തുടക്കം കുറിക്കാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും?

അറിയില്ല.  കാരണം ദൃശ്യ കലയ്ക്കും തിയേറ്ററിനും പല തലത്തിലുള്ള വ്യത്യാസങ്ങളുണ്ട്.  ഉദാഹരണത്തിന് നാടകത്തിന്‍റെ ഓരോ പെര്‍ഫോര്‍മന്‍സും പ്രേക്ഷകനെ മുഖാമുഖം കണ്ടുകൊണ്ടാണ് നമ്മള്‍ ചെയ്യുന്നത്.  ഒരു ചിത്രം കാണുന്ന എല്ലാ കാണികളും ചിത്രകാരനെ കണ്ടു കൊള്ളണം എന്നില്ല.  അവിടെ അയാള്‍ ഒരളവു വരെ ഡിറ്റാച്ച്ഡാണ്, സെക്ളൂഡഡുമാണ്.  നാടകം അങ്ങനെയല്ല.  അത് കൊണ്ട് തന്നെ ഒരു ചിത്രകാരനെക്കാളും, ശില്‍പ്പിയെക്കാളുമൊക്കെ ഇന്‍സെക്യൂര്‍ ആയ ഒരിടത്താണ് നാടകക്കാരന്‍ നില്‍ക്കുന്നത്.

പിന്നെ ബിനാലെ നടക്കുമ്പോള്‍ മാത്രം കാണേണ്ടതും പ്രൊമോട്ട് ചെയ്യപ്പെടെണ്ടതുമല്ല കല എന്ന് ഞാന്‍ വിശ്വസിക്കുന്നു.  വേറെയും ധാരാളം പ്രശ്നങ്ങളുണ്ട് ബിനാലെയ്ക്ക്.  അതിലേക്കു നമ്മള്‍ കടക്കണ്ട.

അഭിലാഷ് പിള്ള

പാര്‍വ്വതി എന്നെ ‘ബ്രാന്‍ഡ്‌’ എന്ന് വിളിക്കുന്നു.  ഞാന്‍ ചെയ്യുന്നത് തിയേറ്ററെയല്ല എന്ന് പറയുന്നവരുണ്ട്.  ഉത്തരേന്ത്യയില്‍ വലിയൊരു ചര്‍ച്ച നടക്കുന്നുണ്ടങ്ങനെ.  അനുരാധ കപൂര്‍, അഭിലാഷ് പിള്ള, ഇവരൊക്കെ തന്നെ തിയേറ്റര്‍ രംഗത്ത് നിന്നും മാറ്റപ്പെടുന്നതിന്‍റെ വക്കിലാണ്.  കാരണം, ഇവരൊക്കെ റാഡിക്കലായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ്.  ആ മാറ്റം ഇന്ത്യന്‍ അല്ല എന്നതാണ് അവിടെ പ്രശ്നം.   അത് സിസ്റ്റത്തിന് സ്വീകാര്യമല്ല.

‘ബ്രാന്‍ഡ്’ ആയിരിക്കെത്തന്നെ ഇങ്ങനെയൊക്കെയുള്ള തടസ്സങ്ങളുണ്ട്.

അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലൊക്കെ വിഖ്യാത ചലച്ചിത്രകാരന്മാരുടെ റിട്രോസ്പെക്റ്റീവുകള്‍ ഉണ്ടാകാറുണ്ട്.  നാടകത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ.  ദീപന്‍റെയോ നരിപ്പറ്റ മാഷിന്‍റെയോ അഭിലാഷിന്‍റെയോ നാടകങ്ങള്‍ ഉള്‍പ്പെടുത്തിയ റിട്രോസ്പെക്റ്റീവുകള്‍?

ഉണ്ടാവേണ്ടതാണ് തീര്‍ച്ചയായും.  പക്ഷെ ഒരു ഫിലിം റിട്രോസ്പെക്റ്റീവ് ചെയ്യുന്നത് പോലെ സുഗമമല്ല.  logistical കടമ്പകള്‍ തന്നെ ധാരാളമുണ്ട്.  അത് കൊണ്ടാണത് ചെയ്യാന്‍ സാധിക്കാതെ വരുന്നത്.

സമൂഹത്തിലാകമാനം അശാന്തിയും അസമാധാനവുമാണ്.  ഇതിനൊരു പരിഹാരമായി ഞാന്‍ വിചാരിക്കുന്നത് കലയാണ്‌.  കലയിലൂടെ മാത്രമേ എങ്ങനെ അധപതിച്ച ഒരു സമൂഹത്തെ ഉണര്‍ത്താന്‍ സാധിക്കൂ എന്നാണ് എന്‍റെ തോന്നല്‍.  ദീപന് എന്ത് തോന്നുന്നു?

പൂര്‍ണമായും യോജിക്കുന്നു.  കല തന്നെയാണ് പരിഹാരം.  ഇപ്പോലൊരു fake virtual space സിലാണ് നമ്മള്‍ ഓരോരുത്തരുമുള്ളത്.  അതില്‍ വ്യക്തിക്ക് മാത്രമാണ് പ്രാധാന്യം.   നമ്മള്‍ വന്നതെവിടെ നിന്നാണെന്ന് നമുക്കറിയില്ല ഇപ്പോള്‍.  നമുക്ക് മുറുകെ പിടിക്കാന്‍ പറ്റുന്ന ചരിത്രമോ ഓര്‍മ്മകളോ ഒന്നും തന്നെയില്ല.  പ്രകൃതിയുമായും പൂര്‍വ്വികന്മാരുമായുമുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞു പോയിരിക്കുന്നു.  ഭൂതകാലത്തിനെ പൂര്‍ണമായും തള്ളിക്കളഞ്ഞ് സ്വയം ശക്തിമാനാണെന്ന് തെറ്റിദ്ധരിച്ചു ഒരു കുമിളയ്ക്കകത്ത്‌ ജീവിച്ചു കൊണ്ടിരിക്കുകയാണ് നമ്മള്‍.

ഇതിന്‍റെ സങ്കടം എന്താണെന്ന് വച്ചാല്‍, നമ്മള്‍ ഭൂതകാലത്ത് നിന്നും ഇറങ്ങിപുറപ്പെട്ടു, പക്ഷെ എവിടെയും എത്തിയില്ല.  പോകാന്‍ ഒരിടമില്ല.  കടക്കാന്‍ പാലമില്ല.

ഇടയ്ക്കിടയ്ക്ക് കേള്‍ക്കാറുണ്ട് ‘ഇന്റര്‍നെറ്റ്‌ എന്ന വിശാലമായ ലോകം നിങ്ങളെ കാത്തിരിക്കുന്നു എന്നൊക്കെ’.  എന്തിനാണ്, എന്ത് ചെയ്യാനാണ് അവിടെ?

നമ്മള്‍ വായിക്കുന്നില്ല, കാണുന്നില്ല, അനുഭവിക്കുന്നില്ല.

ഇതൊക്കെക്കൊണ്ടാണ്‌ കല ഒഴിച്ച് കൂടാനാവാത്തതാവുന്നത്.  ചെറുപ്പത്തില്‍ തന്നെ ഓരോ മനുഷ്യനും കലയുമായി അടുത്തിടപഴകുന്നത്തിലൂടെ മാത്രമേ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തിരിച്ചു പിടിക്കാന്‍ പറ്റൂ.

കുട്ടികളെ ഗാലറികളിലേക്കും ഫിലിം ഫെസ്റ്റിവലിലേക്കും ബിനാലേക്കും കാവിലേക്കും കൂടിയാട്ടം കാണാനും തെയ്യം കാണാനും പാട്ട് കേള്‍ക്കാനുമൊക്കെ കൊണ്ട് പോകൂ.  അല്ലെങ്കില്‍ സമൂഹത്തിന് കൊള്ളാത്ത  ‘Empty Individuals’ ആയി അവര്‍ വളരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook