ദീപന് ശിവരാമന് വന്ന വഴികള്‍ എന്താണ്? കുട്ടിക്കാലം എങ്ങനെയായിരുന്നു?
തൃശൂരില്‍ നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരെ വാസപുരം എന്ന സ്ഥലമാണ് നാട്. കൊടകരയടുത്ത്, ഒരു മലയുടെ ചരിവില്‍. അവിടെയാണ് ജനിച്ച് വളര്‍ന്നത്.

ദീപന് ശിവരാമന്
ഏതൊരു സാധാരണകുട്ടിയേയും പോലെയുള്ള ബാല്യം. നാട്ടിലെ ഉത്സവങ്ങള്‍, വീടിനടുത്തൊരു ക്രിസ്ത്യന്‍ പള്ളിയുണ്ടായിരുന്നു, അവിടുത്തെ ഉത്സവങ്ങള്‍, ഇങ്ങനെ നാട്ടിന്‍പുറത്തെ അനുഭവങ്ങളാല്‍ സമ്പന്നമായ കുട്ടിക്കാലം.
സ്കൂള്‍ ഇഷ്ടമല്ലായിരുന്നു എനിക്ക്. പഠിക്കാനും ഇഷ്ടമല്ലായിരുന്നു. കാഴ്ചകളായിരുന്നു ഇഷ്ടം.
ഒരിക്കല്‍ പരീക്ഷക്ക് പോകുമ്പോള്‍ വഴിയില്‍ പാടത്ത് ഒരു കുളം കുഴിക്കുന്നത് കണ്ടു. വലിയ വണ്ടിയൊക്കെ വന്ന്, വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഞാന്‍ അവരുടെ കൂടെ കൂടി. കൂട്ടുകാര്‍ പരീക്ഷ കഴിഞ്ഞ് വരുമ്പോഴാണ് ഞാനോര്‍ക്കുന്നത്, ഞാന്‍ പോയില്ലല്ലോ എന്ന്.
അവിടുത്തെ കാഴ്ച, ഭൂമിയുടെ മണം, വെള്ളം ഇതെല്ലാം കാരണം പരീക്ഷ മറന്നു പോയി.
അതാണ് ശരിക്കുള്ള വിദ്യാഭ്യാസം എന്ന് അന്നേ അറിയാമായിരുന്നു അല്ലേ?
അങ്ങനെയല്ല, മടി കൊണ്ടാണ് ഞാന്‍ സ്കൂളില്‍ പോകാതിരുന്നത്.

പാര്‍വ്വതി
ക്ലീഷേ ചോദ്യമാണ്, എങ്കിലും നമ്മുടെ ഇപ്പോഴത്തെ വിദ്യാഭാസ സമ്പ്രദായം, പുസ്തങ്ങളും മാര്‍ക്കും മാത്രം അടിസ്ഥാനപ്പെടുത്തുന്ന ഈ വ്യവസ്ഥ, ഒരു കുട്ടിയുടെ സര്‍ഗാത്മക വളര്‍ച്ചക്ക് സഹായിക്കും എന്ന് തോന്നുന്നുണ്ടോ. അല്ലെങ്കില്‍ സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യാനോ അനുഭവിക്കാനോ ഉള്ള സാധ്യത ഇപ്പോഴത്തെ കുട്ടികള്‍ക്ക് കുറവല്ലേ?
കുറവാണെന്ന് തോന്നുന്നു. പക്ഷെ ഇത്തരം രീതികള്‍ക്ക് ഗുണമില്ല എന്നും ഞാന്‍ കരുതുന്നില്ല. നാട്ടിന്‍പുറത്തെ ഒരു കുട്ടിക്ക് കിട്ടുന്ന സ്വാതന്ത്യം ഒരു പക്ഷെ നഗരത്തിലെ കുട്ടിക്ക് കിട്ടണമെന്നില്ല.
തിരിച്ചും അങ്ങെനെ തന്നെയാണ്. നഗരത്തിലെ കുട്ടിക്ക് കിട്ടുന്ന ചില സൗകര്യങ്ങള്‍ നാട്ടിന്പുറത്തുകാരന് കിട്ടാറില്ല.

സ്പൈനല്‍ കോർഡ്
ദീപന്റെ നാടകങ്ങളില്‍ ഉപയോഗിക്കുന്ന പ്രോപര്‍ട്ടികള്‍ – ഉദാഹരണത്തിന് ഖസാക്കിലെ പാവ, മുഖം മൂടികള്‍, ആളുകള്‍ ഇരിക്കുന്ന ഗാലറി ഉള്‍പ്പെടെ, വളരെ കൃത്യമായി രൂപം കൊടുത്തവയാണ്. വൈദഗ്ധ്യമുള്ള, തഴക്കം വന്ന കൈകളാണ് അത് ചെയ്തിട്ടുള്ളത്.
തീര്‍ച്ചയായും. Carpenter ആയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. ശാസ്ത്രീയമായി പഠിച്ചിട്ടുമുണ്ട്. ഒരു വീട് ഉണ്ടാക്കുക എന്ന് പറയുന്നതൊരു നിര്‍മിതിയാണ്. നമ്മുടെ മനസ്സിലുള്ള ഒരു ആശയത്തെ, ഭൌതികമായ ഒരു രൂപമാക്കി മാറ്റുക. പക്ഷെ നമ്മളാ നിര്‍മിതി മാത്രമല്ല പഠിക്കുന്നത്, ആ പ്രക്രിയയില്‍ വന്നു കൂടുന്ന എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യാനും കൂടിയാണ്. ആ അറിവ് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് ഞാന്‍ കരുതുന്നു.
കലയുമായുള്ള ഇടപെടല്‍ തുടങ്ങുന്നത് എപ്പോഴാണ്?
എല്ലാ ഗ്രാമങ്ങളിലെയും പോലെ ഒരു വായനശാല, ഗ്രാമീണ കലാ സാംസ്കാരിക വേദി, ചെറിയ ഫിലിം സൊസൈറ്റി എന്നിവ എന്റെ ഗ്രാമത്തിലുമുണ്ടായിരുന്നു. അവിടെ വെച്ചാണ് ലോക ക്ലാസ്സിക് സിനിമകള്‍ കാണുന്നത്. പതിനേഴാം വയസ്സില്‍.
ഏതൊക്കെയായിരുന്നു കണ്ട ചിത്രങ്ങള്‍?

കാബിനെറ്റ് ഓഫ് കാലിഗാരി
ബെര്‍ഗ്മാനും ലൂയി ബുനുവലും ഉള്‍പ്പടെ പലതും. ദി കാബിനെറ്റ് ഓഫ് ഡോക്ടര്‍ കാലിഗാരി എന്ന പിന്നീട് ഞാന്‍ നാടകമാക്കിയ ചിത്രവുമൊക്കെ കണ്ടതപ്പോഴാണ്. ഇതൊക്കെ നാട്ടില്‍ കൊണ്ട് വന്ന് കാണിക്കുന്നത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. നല്ല രാഷ്ട്രീയ ബോധ്യമുള്ളവര്‍.
നോവ് എന്നൊരു ഗ്രാമീണ പത്രവുമിറക്കിയിരുന്നു. അതിലൊക്കെ സജീവമായി പങ്കെടുത്തിരുന്നു ഞാനും.
Read More: ഖസാക്കിന്റെ ഇതിഹാസം, എന്നിലേയ്ക്കുളള തിരിഞ്ഞുനോട്ടം, പൂർവികരുമായുളള സംവാദം
ഗ്രാമീണ കലാ സാംസ്കാരിക വേദി വര്‍ഷത്തിലൊരു നാടകം ചെയ്യും. രാമകൃഷ്ണേട്ടന് എന്നൊരാളാണ് സംവിധായകന്, വീടൊക്കെ പെയിന്റ് ചെയ്യാന്‍ പോകുന്ന ഒരാളായിരുന്നു. മൂപ്പരെ സൈക്കിളില്‍ പോയി കൂട്ടികൊണ്ട് വരുന്നത് എന്റെ ജോലിയായിരുന്നു.

സ്പൈനല്‍ കോർഡ് ഡ്രോയിംഗ്
അന്നൊന്നും നാടകത്തില്‍ താല്പര്യമുണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. ചിത്രം വരക്കാനായിരുന്നു ഇഷ്ടം. അത് കൊണ്ടാണ് ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചേരാന്‍ തീരുമാനിച്ചത്. പിന്നെ സമാന താല്പര്യങ്ങളുള്ള കുറച്ചു സുഹൃത്തുക്കളുണ്ടായിരുന്നു. അവരൊക്കെ ഇന്ന് അറിയപ്പെടുന്ന കലാകാരന്മാരും ശില്പികളുമൊക്കെയാണ് – ആന്റോ കെ ജി, ജോണ്‍ മാര്ട്ടിന്, ദിനേശ് പി ജി എന്നിവര്‍.
ഞാന്‍ തിരുവന്തപുരത്ത് വന്ന് പ്രവേശന പരീക്ഷയെഴുതി; പക്ഷെ പ്രവേശനം കിട്ടിയില്ല. അങ്ങനെ തൃശൂര്‍ക്ക് തിരിച്ചു പോയി. അപ്പോഴാണ് സ്കൂള്‍ ഓഫ് ഡ്രാമയെക്കുറിച്ച് കേള്‍ക്കുന്നത്. അവിടെ അപേക്ഷിച്ചു, പ്രവേശനം കിട്ടി. അങ്ങനെ ആകസ്മികമായാണ് ഞാന്‍ നാടകത്തിലേക്ക് എത്തുന്നത്.
പക്ഷെ അവിടെ പഠിച്ച മൂന്ന് വര്‍ഷം എന്റെ ജീവിതത്തിലെ പ്രധാനപെട്ട സമയമായിരുന്നു.
അന്ന് പഠിപ്പിച്ചവരില്‍, ഇടപെട്ടവരില്‍ സ്വാധീനിച്ചത് ആരൊക്കെയാണ്?
മായ തന്‍ബര്‍ഗ്, എസ് രാമാനുജം, നരിപ്പറ്റ രാജു, അഭിലാഷ് പിള്ള എന്നിവര്‍. ഇതില്‍ ഗുരു സ്ഥാനം എസ് രാമാനുജം സാറിനാണ്. നാടകം എന്താണെന്ന് പോലുമറിയാത്ത ഒരു കൂട്ടം ചെറുപ്പക്കാരുമായി ക്ഷമയോടെ, അര്‍പ്പണബോധത്തോടെ ഇടപെടുന്ന അദ്ദേഹത്തിന്റെ ആര്‍ജവം, അതെന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്.
Read More: ഇന്നിന്റെ നാടകങ്ങള്‍
റിയലിസ്റ്റിക്കായി ക്രാഫ്റ്റിനെ സമീപിക്കണം എന്ന് പറഞ്ഞത് അദ്ദേഹമാണ്. അതൊരു വലിയ കാര്യമാണെന്ന് തോന്നുന്നു. എസ് രാമാനുജത്തെ പോലെയുള്ള അധ്യാപകര്‍ അടിസ്ഥാനപരമായി സ്കില്ലും ക്രാഫ്റ്റും പഠിപ്പിക്കുന്നതില്‍ പ്രാഗത്ഭ്യമുള്ളവരായിരുന്നു. അത്തരം അക്കാദമിക്ക് രീതികളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഒരു ഗ്രൌണ്ടിംഗ് ഉണ്ടാവും. കല പഠിക്കുന്ന സമയത്ത് അതിന്റെ ക്രാഫ്റ്റ് പഠിച്ചെടുക്കണം. അങ്ങനെ പഠിപ്പിക്കുന്ന രീതിയുണ്ട്. തിയേറ്ററിന്റെ സ്കില്ലും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. അത്തരത്തിലുള്ള സമീപനമാണ് തിയേറ്റര്‍ പഠനത്തിന് അഭികാമ്യം.
വളയത്തിലൂടെ ചാടി പഠിച്ചതിന് ശേഷം വേണം വളയമില്ലാതെ ചാടാന്‍ അല്ലെ?
Absolutely.
ദീപന്റെ തിയേറ്റര്‍ സങ്കല്പങ്ങള് രൂപപ്പെടുന്നത് എപ്പോഴാണ്?
സ്കൂള്‍ ഓഫ് ഡ്രാമയില്‍ വച്ച് തന്നെയാണ്. പക്ഷെ അന്നൊക്കെ അതിന്റെ ഘടനയായിരുന്നു വിഷയം. കഥ എങ്ങനെ പറയും എന്നത്. ഒരു ആക്ടറെ എങ്ങനെ ഒരു സ്പേസില്‍ വച്ച് വര്‍ക്ക് ചെയ്യാം? എങ്ങനെ ഒരു ടെക്സ്റ്റിനെ ഒരു നരേറ്റിവായി രൂപപ്പെടുത്താം? അങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളിലൂടെ വേണം തുടങ്ങാന്‍ എന്ന് രാമാനുജം സാര്‍ നിര്‍ബന്ധം പറഞ്ഞിരുന്നു.

അഭിലാഷ് പിള്ളയുമായി സഹകരിച്ച തലാതും എന്ന നാടകം
ചെറിയ ചെറിയ ടെക്സ്റ്റുകള്‍ നാടകമാക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഉദാഹരണത്തിന് എന്‍ കൃഷ്ണപിള്ളയുടെ ഭഗ്നഭവനത്തിന്റെ ഒരു ഭാഗം ഞാന്‍ ചെയ്തിട്ടുണ്ട്.
Read More: സംഭാഷണങ്ങളുടെ ലോകത്തേയ്ക്ക് വീണ്ടും ഞാൻ
എന്റെ തിയേറ്റര്‍ ലാംഗ്വേജിനെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് അഭിലാഷ് പിള്ളയാണ്. മറ്റ് അറിയപ്പെടുന്ന നാടകക്കാരുടെ ഇടയിലെ ചെറുപ്പക്കാരനായിരുന്നു അയാള്‍. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് നേരെ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലേക്ക് വന്നു, ഒരു പ്ലേ ഡയറക്റ്റ് ചെയ്യാന്‍. അന്ന് ‘ആ മനുഷ്യന് നീ തന്നെ’ എന്ന നാടകമാണ് ചെയ്തത്. ആ പ്രൊഡക്ഷന്‍ എന്റെ നാടക സങ്കല്‍പ്പങ്ങളെ ശരിക്കും സ്വാധീനിച്ച ഒന്നാണെന്ന് പറയാം. കാരണം അതില്‍ ‘Constructed Reality’, ‘Illusionistic Space’ എന്നൊക്കെ പറയുന്ന ഒന്നുമില്ലായിരുന്നു. മലയാള നാടകത്തിലെ പോസ്റ്റ് മോഡേണ്‍ കാലത്തിന്റെ തുടക്കമായിട്ടു ഞാന്‍ വിചാരിക്കുന്നത് അഭിലാഷിന്റെ ഈ നാടകമാണ്.
വിദേശയാത്ര, അവിടുത്തെ ജീവിതം ഇവയൊക്കെ എങ്ങനെയായിരുന്നു?

പോളണ്ടില്‍ വച്ച് സംവിധാനം ചെയ്ത ഡ്രീം ഓഫ് ഡെത്ത്
വളരെ നന്നായിരുന്നു. എല്ലാവരും യാത്ര ചെയ്യണം എന്ന് ഞാന്‍ കരുതുന്നു. നമ്മളെ തന്നെ അറിയാനാണത്.
ലണ്ടനിലേക്കുള്ള യാത്ര എന്റെ എല്ലാ ശീലങ്ങളെയും മാറ്റി കളഞ്ഞിട്ടുണ്ട്. വേറൊരു ലോകം കാണിച്ചു തന്നു. കൂടുതല്‍ യാത്രകള്‍ക്കുള്ള അവസരമൊരുക്കി. കിഴക്കന്‍ യൂറോപ്യന്‍ നാടകം, സിനിമ, സാഹിത്യം ഇവയൊക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളവയാണ്. അത് പോലെ തന്നെ റഷ്യന്‍ സാഹിത്യം. ഇവരിലൂടെ ഈ ലോകം നമ്മള് മുന്‍പേ കണ്ടിട്ടുള്ളതാണ്.
ആദ്യമായി ഞാന്‍ പോളണ്ടില്‍ പോയ സമയത്ത്, 2004 ല്‍, തദിയൂസ് കന്തോറിന്റെ (Tadeusz Kantor) നാടകങ്ങള്‍ പരിചയപെട്ടു. എന്റെ നാടകങ്ങളെ നല്ല വണ്ണം സ്വാധീനിച്ചിട്ടുണ്ടത്. അദ്ദേഹത്തിന്റെ നാടകങ്ങള്‍ കൂടുതലും ദൃശ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. Object Theatre എന്ന ആശയം തന്നെയുണ്ടാവുന്നത് അവിടെ നിന്നാണ്.
ഇംഗ്ലണ്ടില്‍ വച്ച് റോബര്‍ട്ട് വില്സന്, ഹൈനര്‍ മ്യൂളര്‍ എന്നിവരുടെ നാടകങ്ങള്‍ കാണാന്‍ സാധിച്ചു.
കേരളം പോലൊരു ചെറിയ സ്ഥലത്ത് നിന്ന് വിദേശത്തേക്ക് പോയപ്പോള്‍ പ്രശ്നങ്ങളും നേരിട്ടു കാണുമല്ലോ? പ്രത്യേകിച്ച്, ഭാഷ, നിറം, വംശം എന്നിങ്ങനെ?
ആദ്യമൊന്നും ഒട്ടും ബാധിച്ചില്ല. പക്ഷെ ഞാന്‍ അവിടം വിട്ടു വരുന്ന സമയത്ത് ചില പ്രശ്നങ്ങള്‍ തോന്നിയിരുന്നു. ഞാനിവിടെയല്ല നില്‍ക്കേണ്ടത് എന്നെനിക്ക് തോന്നിത്തുടങ്ങിയിരുന്നു. കാരണം ഞാന്‍ ലണ്ടനില്‍ പഠിപ്പിക്കുകയും ഇന്ത്യയില്‍ വന്നു നാടകം ചെയ്യുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
എന്റെ പ്രാക്ടീസ് അവിടെ നടക്കുന്നില്ലായിരുന്നു. അവിടുത്തെ നാടക രംഗം വളരെ റിജിഡാണ്. മറ്റ് രാജ്യക്കാര്‍ക്ക് അത്ര എളുപ്പം കയറി ചെല്ലാന്‍ സാധിക്കില്ല. അഥവാ അവിടെ ഒരു നാടകം ചെയ്യാന്‍ അവസരം വന്നാല്‍പ്പോലും ഒരു ‘ഇന്ത്യന്‍’ നാടകം വേണം എന്നവര്‍ പറയും. വളരെ exotic ആയ ഒന്ന്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി.
അത് കൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook