Latest News

ഇരുളില്‍ തേങ്ങാപ്പൂളുമായി പറന്നുവരുന്ന ഒരു കാക്ക

ഫൊട്ടോഗ്രഫിയേയും ദലിത് സ്വത്വത്തെയും അംഗീകരിക്കപ്പെട്ടതും കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ദൃശ്യകലയുടെ സൗന്ദര്യശാസ്ത്രത്തെയും ലാവണ്യബോധത്തെയും കോര്‍ത്തിണക്കാനുള്ള ഒരു ഫൊട്ടോഗ്രാഫറുടെ ശ്രമം.

മീന കന്ദസാമിയുടെ ഏറെ വിവാദമുണ്ടാക്കിയ ഒരു കവിതയാണ് ഇവിടെ ഞാനെടുത്ത ഒരു ഛായാചിത്രത്തോടൊപ്പം ഇണക്കിയിരിക്കുന്നത്.

പറയച്ചിയെ ബ്രാഹ്മണശിശുവാക്കാനുള്ള സവര്‍ണ്ണന്‍റെ നടപടിക്രമം പോലെയാണ് നമുക്കംഗീകൃതമായ ഒരു സൗന്ദര്യശാസ്ത്രത്തിലേക്കെത്തിക്കാനായി ഒരു പരുക്കന്‍ ബിംബത്തിനെ നാം “എഡിറ്റിംഗ് സോഫ്റ്റ്‌വേറി” ന്‍റെ സുദീര്‍ഘവും പലപ്പോഴും അനാവശ്യവുമായ നടപടിക്രമത്തിലൂടെ കടത്തിവിടുന്നത്. ഒരു ചിത്രത്തിനുണ്ടാകേണ്ട സൗന്ദര്യശാസ്ത്രഘടകങ്ങള്‍ തീരുമാനിക്കുന്നതാരാണ്? ഇരയോ വേട്ടക്കാരനോ ?

അത് നിങ്ങള്‍ ഇരുയുടെ കഥയാണോ വേട്ടക്കാരന്റെ കഥയാണോ പറയാനാഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമ്പോള്‍ത്തന്നെ, നിങ്ങളുടെ ഉള്ളിലെ അംഗീകൃതമായ ലാവണ്യബോധത്തെ എത്രത്തോളം നിങ്ങള്‍ക്ക് ഇരയുടെ ലാവണ്യബോധത്തിന്റെ തലത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ കഴിയും എന്നതിനോടും ഏറെ കടപ്പെട്ടിരിക്കുന്നു.
അംഗീകൃതമായ ലാവണ്യബോധം പലപ്പോഴും എടുത്ത പടത്തിന്റെ “ഹിസ്റ്റോഗ്രാമിനെ” പിടിച്ച് ആണയിടുമ്പോള്‍, നാം ചിത്രത്തില്‍ പകര്‍ത്തപ്പെട്ട ആളുകളുടെയും അവരടെ അമ്ലജീവിതക്രമത്തിനെയും ആശ്ലേഷിക്കുന്ന ഒരു പുതിയ ലാവണ്യബോധത്തെ തേടിപ്പിടിക്കേണ്ടതുണ്ട്.

ഇരുളില്‍കഴിയുന്നവരുടെ ഗാഥയ്ക്ക് പ്രകാശമയമായ ഒരു ഇടപെടല്‍ ഒരിക്കലും നീതി പകര്‍ന്നുകൊടുക്കുകയില്ല.

ആദ്യം കവിത വായിക്കാം.
———————————————-

ശൂദ്രച്ചിയെ ബ്രാഹ്മണശിശുവാക്കുന്ന നടപടിക്രമം.

ആരംഭം.

പടി 1 : സുന്ദരിയായ ഒരു ശൂദ്രചിയെ വിളിക്കുക .
പടി 2 : അവളെ ഒരു ബ്രാഹ്മണന് വിവാഹം ചെയ്തുകൊടുക്കുക.
പടി 3 : അവള്‍ക്ക് അവനില്‍ ഒരു പെണ്‍കുഞ്ഞുണ്ടാവട്ടെ.
പടി 4 : ആ കുട്ടി മുതിര്‍ന്നവളാകുമ്പോള്‍ അവളെയും ഒരു ബ്രാഹ്മണന് വിവാഹം
ചെയ്തുകൊടുക്കുക.
പടി 5 : മൂന്നാംപടിയും നാലാംപടിയും ആറു തലമുറകളോളം ആവര്‍ത്തിക്കുക.
പടി 6 : പുതിയ ഉല്‍പന്നത്തെ പ്രദര്‍ശിപ്പിക്കുക. അതൊരു
ബ്രാഹ്മണനായിട്ടുണ്ടാകും.
അന്ത്യം.
ഈ നടപടിക്രമം രാഷ്ട്രപിതാവിന്‍റെ ബുദ്ധിയില്‍ തിരുപ്പൂരില്‍ വച്ചാണ് ഉദിച്ചത്.
20.09.1947ന് പെരിയോര്‍ ഇത് ഇപ്രകാരം തിരുത്തി.
“പറയച്ചിയെ ബ്രാഹ്മണത്തിയാക്കുന്ന നടപടിക്രമം”
ഈ പുതിയ നടപടിക്രമം പ്രയോഗത്തില്‍ വരുത്താനായി നാം മറ്റൊരു രാഷ്ട്രപിതാവിനെ കാത്തിരിക്കുകയാണ്.
(നടപടിക്രമം പ്രാവര്‍ത്തികമാക്കുന്നതില്‍ വന്നുചേര്‍ന്നിട്ടുള്ള കാലതാമസത്തിന് ഞങ്ങളുടെ ഖേദം അറിയിച്ചുകൊള്ളുന്നു).

ഇനി ഛായാചിത്രത്തെക്കുറിച്ച്…

തമിഴിലെ ദലിത് എഴുത്തുകാരനും പ്രിയസുഹൃത്തുമായ കാളിദാസന്റെ, ഞാനെടുത്ത ഒരു ചിത്രമാണത്.

മുന്‍പ്, എൺപതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ ആരംഭം വരെ, ഞങ്ങള്‍ കുറെക്കാലം തൃപ്പൂണിത്തുറയില്‍ ഒരുമിച്ചു താമസിച്ചിരുന്നു. കാളിദാസ് അന്ന് രാസവള കമ്പനിയായ ഫാക്ടില്‍ എലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഞാനാകട്ടെ ഒരു ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറും. ഫൊട്ടോഗ്രാഫി ആരംഭിച്ച കാലം തൊട്ടേ ഞാന്‍ പരമാവധി ഫ്ലാഷ് ഉപയോഗിക്കാതെയാണ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചിരുന്നത്. ഒരു ദിവസം സന്ധ്യയോടടുത്ത നേരത്താണ് ഒരു പരിപാടി കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയത്‌. ക്യാമറയിലുണ്ടായിരുന്ന റോളില്‍ നാലഞ്ച് എക്സ്പോഷറുകള്‍ ബാക്കിയുണ്ടായിരുന്നു. ഇറയത്തിരുന്ന കാളിദാസന്റെ ഇരുണ്ട മുഖത്ത് അന്തിവെളിച്ചം വീണുകിടന്നിരുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. ബാഗില്‍ നിന്നും ക്യാമറയെടുത്ത് ഞാന്‍ അയാളുടെ കണ്ണില്‍ ഫോക്കസ് ചെയ്തതും അയാള്‍ മുഖത്തുണ്ടായിരുന്ന ചിരി മായ്ച്ചുകളഞ്ഞു. തെല്ല് സംശയിച്ച എന്നോട് വളരെ ഗൗരവത്തില്‍

“നീ എന്നെയല്ലേ ഫൊട്ടോ എടുക്കുന്നത്? അപ്പോള്‍ ഫൊട്ടോ കാണുമ്പോള്‍ ഞാനാണിരിക്കുന്നതെന്ന് തോന്നണ്ടേ? പല്ലും കാണിച്ചു ചിരിച്ചോണ്ടിരുന്നാല്‍ ഫൊട്ടോ കാണുമ്പോള്‍ കാക്ക തേങ്ങാപ്പൂള് കൊണ്ടുപോകുന്നതാണെന്ന് ആളുകള്‍ വിചാരിക്കുമെടാ.” എന്ന് അയാള്‍ പറയുകയും തൊട്ടടുത്ത നിമിഷം പൊട്ടിച്ചിരിക്കുകയും ചെയ്തു. താന്‍ ഒരു കറുമ്പനാണെന്നും, ആ കറുപ്പ് തനിക്ക് രസകരമായ ഒരനുഭവമാണെന്നും എല്ലാവരെയും അറിയിച്ചാലേ അയാള്‍ക്ക്‌ സമാധാനമാകൂ എന്ന് തോന്നും.

അക്കാലത്ത് ഞങ്ങളുടെ കൂടെ എരൂരുകാരന്‍ ഒരു പരമേശ്വരന്‍ നായര്‍ പാചകക്കാരനായി കൂടിയിരുന്നു. പ്രായത്തില്‍ ഞങ്ങളെക്കാള്‍ വളരെ മൂത്തതായിരുന്നു അദ്ദേഹം. കൂടാതെ വളരെ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന ശീലക്കാരനുമായിരുന്നു. അലക്കിത്തേച്ച മുണ്ടുമുടുത്ത് ഒരു വഴിക്ക് ഇറങ്ങാന്‍ തുടങ്ങുന്ന അദ്ദേഹത്തിന്റെ പുറകില്‍ പതുങ്ങി ചെന്ന് കാളിദാസന്‍ പലപ്പോഴും തന്‍റെ കൈ കൊണ്ട് ആ ഷര്‍ട്ടിലും മുണ്ടിലും തടവിയിട്ട് ഇങ്ങനെ ഉറക്കെ പറയുമായിരുന്നു.

“അയ്യോ.. അമ്മാവന്‍റെ ഷര്‍ട്ടിലും മുണ്ടിലുമൊക്കെ എന്‍റെ കറുപ്പ് നിറമായല്ലോ.”
പിന്നെയുള്ള പത്തുനിമിഷങ്ങള്‍ മലയാളത്തിലും തമിഴിലുമുള്ള ഒട്ടുമിക്ക തെറിവാക്കുകളും കൊണ്ട് കാളിദാസനെ അമ്മാവന്‍ ആട്ടുന്നതില്‍ തീരും. നെല്ലിക്കുപ്പമാണ് സ്വദേശമെങ്കിലും, ജോലിയില്‍ നിന്നും വിരമിച്ച ശേഷം കാളിദാസ് തന്‍റെ ഭാര്യയുടെ സ്വദേശത്തിനടുത്തുള്ള ധാരാപുരത്താണ് താമസമാക്കിയത്. ദലിത് കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാളിദാസ്, എഴുത്തില്‍ ശ്രദ്ധിക്കുകയും, 2009 ലെ കേന്ദ്ര ദലിത് സാഹിത്യ അക്കാദമിയുടെ അവാര്‍ഡിന് സമ്മാനാര്‍ഹനാകുകയും ചെയ്തു.

ഒരു ഓണ്‍ലൈന്‍ മാസികയ്ക്കു വേണ്ടി , അതിന്‍റെ മുഖ്യ നടത്തിപ്പുകാരിലൊരാളായ എന്‍റെ ഒരു സുഹൃത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ കുറച്ചു ചിത്രങ്ങളെടുക്കാന്‍ പോയപ്പോള്‍ കാളിദാസന്റെ അടുത്തും പോയതാണ്. ആ സന്ദര്‍ഭത്തിലെടുത്ത ഒരു ഫൊട്ടോയാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.
ധാരാപുരത്തുള്ള ദലിത് കോളനിയിലുള്ള അയാളുടെ സുഹൃത്തിന്‍റെ കുടിയില്‍ , സംഗീതവും കവിതയും, മദ്യത്തോടൊപ്പം “ടച്ചിങ്ങ്സായി ” ആവോളം സേവിച്ചശേഷം മുറിയിലെ ഇരുണ്ട മൂലയില്‍ നിന്നും വാതിലിലൂടെ കടന്നുവരുന്ന വെളിച്ചത്തിലേക്ക് നടന്നു വരികയായിരുന്നു കാളിദാസ് …

ചരിത്രത്തിന്‍റെ ഇരുണ്ട അകത്തളങ്ങളില്‍നിന്നും വര്‍ത്തമാനത്തിന്‍റെ വാതില്‍പ്പടിക്കു വെളിയിലെ വെളിച്ചത്തിലേക്ക് നടക്കുന്ന ഒരു ജനതയുടെ വ്യാകുലതയും ധിക്കാരവും ഒരേ സമയത്ത് തെളിയുന്ന മുഖവുമായി നമ്മളെ ഉറ്റുനോക്കുന്ന ഈ മനുഷ്യന്‍റെ ചിത്രം ഒരു നടപടിക്രമത്തിലൂടെ പ്രകാശമയമുള്ളതാക്കാന്‍ എന്തായാലും ഞാന്‍ തുനിഞ്ഞില്ല.
ചിത്രത്തിന് “പൂര്‍ണ്ണത” കൈവരാന്‍ അതിലിനിയും ഏറെ വെളിച്ചം സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നു ഹിസ്റ്റോഗ്രാം എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു…
ഇരുണ്ടതിനെയെല്ലാം വെള്ളപൂശാന്‍ വെമ്പുന്ന ഒരു കാലഘട്ടത്തില്‍, പൂര്‍ണ്ണതയുടെ അളവുകോല്‍ നിര്‍ണ്ണയിക്കാനുള്ള അവകാശം നാം നമ്മുടെ ഹൃദയങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് “സോഫ്റ്റ്‌വേറു”കള്‍ക്കു നല്‍കിക്കഴിഞ്ഞിരിക്കുന്നു. അത്കൊണ്ടുതന്നെയാകണം ഇന്ന് നമ്മുടെ ഫോട്ടോഗ്രാഫുകളില്‍ ഇരുട്ടിന്‍റെ അഭാവം ഏറെ അനുഭവപ്പെടുന്നതും.

കാളിദാസനും അയാളുടെ പോരാട്ടങ്ങള്‍ക്കും ആ ഗതിയുണ്ടാകേണ്ടെന്നു ഞാന്‍ ഉറച്ചു തീരുമാനിച്ചു. കമ്പ്യൂട്ടര്‍ സ്ക്രീനിന്‍റെ വലതുഭാഗത്ത്, മുകളിലായി. ഹിസ്റ്റോഗ്രാം അപ്പോഴും അതിന്‍റെ വിലാപം തുടര്‍ന്നുകൊണ്ടിരുന്നു.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Dalit activist and writer kalidas hariharan subramanian

Next Story
പാതിരാ സൂര്യന്‍റെ നാട്ടിൽ നിന്നും ചില സന്തോഷ വർത്തമാനങ്ങൾsuresh c pillai
The moderation of comments is automated and not cleared manually by malayalam.indianexpress.com