scorecardresearch

Latest News

‘താഴുകൾ തുരുമ്പെടുത്തിരിക്കുന്നു’ ദാദ്രി കൊലപാതകത്തിൽ നീതികാത്ത് അഖ്‌ലാക്കിന്റെ കുടുംബം

” ഓരോ ബാക്രീദിനും ഞങ്ങള്‍ അനുഭവിക്കുന്നത് കനത്ത ശൂന്യതയാണ്. അന്ന് മുതല്‍ക്ക് ഒരു ഈദ് പോലും ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല,” മൂന്ന് വർഷം പിന്നിടുന്ന നീറുന്ന ഓർമ്മകളിൽ അഖ്‌ലാക്കിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്‌

ദാദ്രി: ദാദ്രിയിലെ ബിസാരാ ഗ്രാമം. മുഹമദ് അഖ്‌ലാക്കും കുടുംബവും താമസിച്ച വീട്ടിലേയ്ക്കുള്ള മൂന്ന് വാതിലുകളുടെയും താഴുകള്‍ തുരുമ്പെടുത്തിരിക്കുന്നു. രജ്‌പുത്തുകൾ  കൂടുതലായി താമസിക്കുന്ന പ്രദേശത്തെ ഒരേയൊരു മുസ്‌ലിം കുടുംബമാണ് അഖ്‌ലാക്കിന്റേത്. ബീഫ് കൈവശം വച്ചു എന്നാരോപിച്ച് അമ്പതുകാരനായ അഖ്‌ലാക്കിനെ പുറത്തേയ്ക്ക് വലിച്ചിറക്കി തല്ലിക്കൊന്നത് ഇവിടെ വച്ചാണ്. അഖ്‌ലാക്കിന്റെ  കൊലപാത കത്തിന്റെ മൂന്നാം വർഷം ആ കുടുംബം പറയുന്നത് ഇനി ആ വീട്ടിലേക്കൊരു മടങ്ങിപ്പോക്കില്ല എന്ന് തന്നെയാണ്.

അഖ്‌ലാക്കിനെ കൊന്നു എന്ന കുറ്റം ആരോപിക്കപ്പെട്ട പതിനെട്ടുപേര്‍ അതിവേഗ കോടതി യില്‍ വിചാരണ നേരിടുകയാണ്. അപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ നുറുങ്ങു കഷണങ്ങള്‍ ചേര്‍ത്തുവെക്കാനാകാതെ തള്ളിനീക്കുകയാണ് ആ കുടുംബം.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം 45 തവണയാണ് കോടതി ചേര്‍ന്നത്. കുറ്റാരോപിതരുടെ മേല്‍ ചാര്‍ത്തേണ്ട വകുപ്പുകള്‍ക്കുമേല്‍ നടന്ന വാദമല്ലാതെ കേസിന്മേലുള്ള വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. പട്ടണത്തിലെ കോടതിയില്‍ അഖ്‌ലാക്കിന്റെ കുടുംബ ത്തിന്റെ കേസ് വാദിക്കുന്നത് യൂസുഫ് സെയ്ഫിയാണ്. കുറ്റാരോപിതര്‍ക്കുമേല്‍ കൊലപാതകം, കലാപമുണ്ടാക്കാനുള്ള ശ്രമം, നിയമവിരുദ്ധമായ കൂടിച്ചേരല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ എല്ലാവര്‍ക്കും തന്നെ ജാമ്യം ലഭിച്ചു എന്നാണ് യൂസുഫ് സെയ്ഫി പറയുന്നത്. രവിന്‍ സിസോദിയ എന്നയാളെ മാത്രം അസുഖം കാരണം ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക്  മാറ്റി. അയാള്‍ പിന്നീട് മരണപ്പെടുകയും ചെയ്തു.

” കേസ് കഴിയുന്നതിനെ കുറിച്ചുള്ള ചോദ്യം അവിടെ നില്‍ക്കട്ടെ, അതിതുവരെ ആരംഭിച്ചിട്ട് കൂടിയില്ല.” അഖ്‌ലാക്കിന്റെ ഇളയ സഹോദരന്‍ മുഹമ്മദ്‌ ജാന്‍ പറഞ്ഞു. ” അതിവേഗ കോടതി എന്ന് പറയുമ്പോഴും കുറ്റാരോപിതര്‍ക്കുമേല്‍ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.” മുഹമ്മദ്‌ ജാന്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷം മുന്‍പുളള  പൊലീസ് കേസിലാണെങ്കിലും  അഖ്‌ലാക്കിന്റെ  മകള്‍ ശൈസ്ത നല്‍കിയ പേരുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ ആളുകളെ കണ്ടെത്തുവാനും അറസ്റ്റ് ചെയ്യുവാനുമുള്ള യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ” മുഹമ്മദ്‌ ജാന്‍ ആരോപിച്ചു.

അഖ്ലാക്

കുറ്റാരോപിതരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഭാഗം വക്കീല്‍ നല്‍കുന്ന അനേകം ഹര്‍ജികളാണ് കേസ് ഇഴഞ്ഞുനീങ്ങാന്‍ മറ്റൊരു കാരണം. “ചില ഹര്‍ജികള്‍ തള്ളിപ്പോയിട്ടുണ്ട്. ബീഫ് കൈവശം വച്ചതിന് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസെടുക്കണം, കേസില്‍ സിബിഐ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മറ്റ് ചില ഹര്‍ജികള്‍.  കഴിഞ്ഞ സെപ്റ്റംബറില്‍ അഭിഭാഷകര്‍ സമരം നടത്തിയതോടെ വിചാരണ നടക്കാതെയുമായി,” മുഹമ്മദ്‌ ജാന്‍ പറഞ്ഞു.

വിചാരണ കേള്‍ക്കുന്ന ജഡ്ജിയെ രണ്ടുതവണ മാറ്റി എന്നതും കേസിനെ വൈകിപ്പിച്ചതായി അഖ്‌ലാക്കിന്റെ സഹോദരന്‍ ആരോപിച്ചു. “മജിസ്ട്രേറ്റ് കോടതി കേസെടുത്ത ശേഷം കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറി. അതുമുതല്‍ രണ്ട് ജഡ്ജിമാരാണ് സ്ഥലംമാറിപോയത്. മൂന്നാമത്തെ ജഡ്ജിക്ക് ഫയല്‍ ലഭിക്കുന്നത് ഈയടുത്താണ്.. രണ്ട്- മൂന്ന് മണിക്കൂര്‍ വിചാരണ നടക്കുകയാണ് എങ്കില്‍ കുറ്റപത്രം നല്‍കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” മുഹമ്മദ്‌ ജാന്‍ പറഞ്ഞു.

കുറ്റാരോപിതരായ അഞ്ചുപേരുടെ അഭിഭാഷകന്‍ രാം ശരണ്‍ നഗറിന് പറയാനുള്ളത് മറ്റൊന്നാണ്, ” മറ്റ് കുറ്റാരോപിതര്‍ക്ക് വേണ്ടി പല അഭിഭാഷകരും ഹര്‍ജി നല്‍കി. കോടതിയില്‍ പൊതുവേ കേസുകള്‍ കുന്നുകൂടിക്കിടക്കുകയാണ്. പല ഹര്‍ജികളും തള്ളാനായി ഈ കേസ് മാറ്റിവച്ചിരിക്കുകയാണ് ഇപ്പോള്‍,” രാം ശരണ്‍ നഗര്‍ പറഞ്ഞു.

താനോ തന്റെ സഹോദരങ്ങളോ ഉമ്മയോ മാധ്യമങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അഖ്‌ലാക്കിന്റെ മൂത്ത പുത്രനും വ്യോമസേനയിലെ ഉദ്യോഗസ്ഥനുമായ മുഹമ്മദ്‌ സര്‍ത്തജ്  ‘ദ് ഇന്ത്യന്‍ എക്‌സ്പ്രസി’നോട്‌ പറഞ്ഞത്.

അഖ്‌ലാക്കിന്റെ മക്കളായ സര്‍ത്തജ് (29), ശൈസ്ത(23), ഡാനിഷ് (25), ഭാര്യ ഇക്രമന്‍ (43), ഉമ്മ അസ്ഗാരി (78)എന്നിവര്‍ ഇപ്പോള്‍ താമസിക്കുന്നത് ഡല്‍ഹി സുബ്രതോ പാര്‍ക്കിലെ ഇന്ത്യന്‍ ആര്‍മിയുടെ ക്വാര്‍ട്ടേഴ്സിലാണ്. അക്രമിനെ കൊലപ്പെടുത്തിയവര്‍ ഇളയ മകന്‍ ഡാനിഷിനെയും ആക്രമിച്ചിരുന്നു. ശൈസ്ത, ഡാനിഷ്, ഇക്രമന്‍ എന്നിവര്‍ സംഭവത്തിന് സാക്ഷിയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ ഇപ്പോഴും മോചിതരായിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനുള്ള പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടു ക്കുകയാണ് ഡാനിഷ്. ” തലക്കേറ്റ പരുക്കിനെ തുടര്‍ന്ന് അവനൊരു ശസ്ത്രക്രിയ ആവശ്യമായി വന്നു. ശൈസ്തയ്ക്ക് വേണ്ടി വിവാഹാലോചനയും നടക്കുന്നുണ്ട്. പക്ഷെ ആദ്യം തീരുമാനിക്കേണ്ടത് ഡാനിഷിന്റെ കാര്യമാണ്, ” മരണത്തിന്റെ ആഘാതവും ആരോഗ്യപ്രശ്നവുമൊക്കെ തന്റെ സഹോദര ഭാര്യയെ തളര്‍ത്തിയതായി ജാന്‍ മുഹമ്മദ്‌ പറഞ്ഞു.

മുപ്പത് വര്‍ഷത്തോളമായി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ തന്നെയാണ് ജാന്‍ ഇപ്പോഴും ജോലി ചെയ്യുന്നത്. ദാദ്രിയില്‍ തന്നെയാണ് ജോലി. ” ഓരോ ബക്രീദിനും ഞങ്ങള്‍ അനുഭവിക്കുന്നത് കനത്ത ശൂന്യതയാണ്. അന്ന് മുതല്‍ക്ക് ഒരു ഈദ് പോലും ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല,” ജാന്‍ പറഞ്ഞു.

പശുവിനെ കൊന്നു എന്നാരോപിച്ച് 2016ല്‍ ചാര്‍ത്തിയ കേസും കുടുംബം നേരിടുന്നുണ്ട്. അതേവര്‍ഷം ഓഗസ്റ്റില്‍ ജാന്‍ ഒഴികെ കുടുംബത്തിലുള്ള മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്കുമേല്‍ അലഹബാദ്‌ കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ തന്നെ അറസ്റ്റ് ചെയ്യുവാനുള്ള ശ്രമമൊന്നും നടന്നിട്ടില്ല എന്നാണ് ജാന്‍ പറയുന്നത്.

അഖ്‌ലാക്കിന്റെ  വീട്ടില്‍ നിന്ന് ശേഖരിച്ച മാംസം ഇപ്പോഴും പരിശോധിക്കുകയാണ് എന്നാണ് ദാദ്രി പൊലീസ് സ്റ്റേഷനിലെ സതീഷ്‌ കുമാര്‍ ശര്‍മ പറയുന്നത്. ” ഇറച്ചി പശുവോ മാടോആയിരിക്കാം എന്നാണ് മഥുരയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. അതിന്റെ ഒരു സാമ്പിള്‍ ലക്‌നൗവിലെ ലബോറട്ടറിയിലേക്കും അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചിട്ടില്ല.” സതീഷ്‌ കുമാര്‍ ശര്‍മ പറഞ്ഞു.

2017ല്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ 17 പ്രതികൾ  അതിനുശേഷം കഴിയുന്നത് ബിസാരയിലാണ്. 2015 സെപ്റ്റംബര്‍ 28ന് നടന്ന സംഭവം ഒരു ‘ ആക്സിഡന്റ്’ ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ പറയുന്നത്. അത് രാജ്യത്തെ ഞെട്ടിച്ചു എന്ന കാര്യവും അവര്‍ സമ്മതിക്കുന്നു.

” ഇപ്പോള്‍ എവിടെയും ഉപയോഗിക്കാവുന്ന ഒരു വാക്ക് നമുക്കുണ്ട്- ‘ആള്‍കൂട്ട കൊലപാതകം’. എവിടെയൊക്കെ ഒരു ആള്‍കൂട്ടം ആരെയെങ്കിലും തല്ലിക്കൊല്ലുമോ അപ്പോഴൊക്കെ അവര്‍ ബിസാരയെ ഓര്‍ക്കും. ബിസാരയുടെ പേര് ഇനിയും ഉയര്‍ന്നു കേള്‍ക്കും. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും അത് കൂടുതല്‍ ഉച്ചത്തിലാവും, ” അഖ്‌ലാക്കിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിനയുടെ മകന്‍ ഓം മഹേഷ്‌ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കേസില്‍ കുറ്റാരോപിതനായ ഹരി ഓം സിസോദിയയെ (28) ഗൗതം ബുദ്ധ് നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കാന്‍ ഉത്തര്‍പ്രദേശ് നവ നിര്‍മാണ്‍ സേന തീരുമാനിച്ചിട്ടുണ്ട്. ” ഞാനും മറ്റ് 17 പേരും നിരപരാധികളായിരിക്കെയാണ് രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞത്. ഞങ്ങള്‍ കുറ്റക്കാരാണ് എന്ന് തെളിഞ്ഞിട്ടില്ല. ഞങ്ങള്‍ക്കുമേല്‍ സമൂഹം ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു. എന്‍ടിപിസിയില്‍ ജോലി ഉറപ്പായിരുന്നിട്ടും ഞങ്ങള്‍ക്കത് ലഭിച്ചില്ല. ആരും ഞങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയില്ല. ബിജെപി പോലും ഞങ്ങളെ പിന്തുണയ്ക്കില്ല. മറ്റാരും എന്നെ സഹായിക്കാനില്ല എന്നതിനാലാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, ” ഹരി ഓം സിസോദിയ പറഞ്ഞു.

അതേസമയം ഈയടുത്ത് ആള്‍കൂട്ട ആക്രമങ്ങളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും വന്ന സുപ്രീം കോടതി വിധിയിലാണ് അഭിഭാഷകനായ യുസഫ് സൈഫി പ്രതീക്ഷ പങ്കുവയ്ക്കുന്നത്.

” ഇത്തരം കേസുകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍ക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നിരുന്നാലും കാര്യങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ തന്നെയാണ് നീങ്ങുന്നത്,” കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി സൈഫി പറഞ്ഞു. “ഞങ്ങളെല്ലാവരും സുപ്രീം കോടതിയുടെ വിധിയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. എന്നിരു ന്നാലും എന്റെ അപേക്ഷയില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Dadri lynching home just hope case akhlaq kin