scorecardresearch
Latest News

വേദശബ്ദ പൊരുള്‍ തേടി

ഡോ ബാബു പോള്‍ രചിച്ച മലയാളത്തിലെ ബൈബിള്‍ നിഘണ്ടു, ‘വേദശബ്ദരത്‌നാകര’ത്തെക്കുറിച്ച് മലയാളം അധ്യാപികയായിരുന്ന ഡോ. രതി മേനോന്‍

വേദശബ്ദ പൊരുള്‍ തേടി

ശ്രേഷ്ഠനായ ഭരണാധികാരി, മികച്ച വാഗ്മി, നല്ലൊരെഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഡോ. ഡി.ബാബു പോളിനെ മലയാള സാഹിത്യ ചരിത്രം കൃതാര്‍ത്ഥയോടെ ഓര്‍മ്മിക്കുന്നത് ‘വേദശബ്ദരത്‌നാകരം’ എന്ന മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവിലൂടെയാണ്. നിഘണ്ടുക്കള്‍ക്ക് മലയാളത്തില്‍ ക്ഷാമമില്ല. പ്രത്യേക വിഷയ സംബന്ധിയായ സാങ്കേതികത നിറഞ്ഞ നിഘണ്ടുക്കളും ധാരാളമാണ്. മനുഷ്യന്റെ ആദി സ്മൃതികളായ പുരാണേതിഹാസങ്ങളുടെ സമാഹരണത്തിലൂടെ മനുഷ്യന്റെ പ്രഥമാനുഭവങ്ങളും ഉള്‍പ്രേരണകളും സാധാരണക്കാരനു മനസ്സിലാക്കി കൊടുക്കുവാന്‍ കഴിയുന്ന ഗ്രന്ഥങ്ങളും ഉണ്ട്. സത്യവും സൗന്ദര്യവും പിണഞ്ഞു കിടക്കുന്ന ഇത്തരം നിഘണ്ടുക്കളുടെ ആദ്യ സംരംഭങ്ങള്‍ ഒ എം ചെറിയാനും (ഹൈന്ദവധര്‍മ്മ സുധാകരം) പൈലോ പോളും (പുരാണ കഥാനിഘണ്ടു) വെട്ടം മാണിയും (പുരാണിക് എന്‍സൈക്ലോപീഡിയ) നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍നിന്ന് വേറിട്ടൊരു വഴിയാണ് ഡോ. ബാബു പോള്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ നിഘണ്ടു ‘വേദശബ്ദരത്‌നാകരം’ വിശുദ്ധ വേദപുസ്തകമായ ബൈബിളിനെ ആധാരമാക്കിയാണ് രചിച്ചിട്ടുളളത്.

ബൈബിള്‍ മനുഷ്യ സമൂഹത്തിലും സംസ്കാരത്തിലും സാഹിത്യത്തിലും ചെലുത്തിയിട്ടുളള സ്വാധീനം ചെറുതല്ല. അതു കൊണ്ടു തന്നെ ഈ മേഖലകളില്‍ താല്പര്യമുളള ഒരു വ്യക്തിക്കും ബൈബിള്‍ പരിചയം എന്നത് ഒഴിവാക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ ബൈബിള്‍ നിഘണ്ടു നിര്‍മ്മാണത്തിനു തയ്യാറാകുമ്പോള്‍ കേവലം പ്രയത്‌നത്തിനപ്പുറം ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ദൈവത്തിന്റെ വെളിപാടുകളെ സംപൂജ്യമായി അംഗീകരിക്കാന്‍ തയ്യാറാകുന്ന ഒരു സമീപനം അനിവാര്യമാണ്. പാണ്ഡിത്യം കൊണ്ട് വസ്തുതകള്‍ ശേഖരിക്കുന്നതോടൊപ്പം സമഗ്രവും പൂര്‍ണ്ണവുമായ രീതിയില്‍ അത് അവതരിപ്പിക്കാന്‍ തുനിയുമ്പോള്‍ എല്ലാ വിഷയങ്ങളിലുമുളള വിശുദ്ധ വേദപുസ്തക പരാമര്‍ശങ്ങളെ എങ്ങിനെയെല്ലാം വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു എന്നത് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഒപ്പം പുതിയ നിയമത്തേയും പഴയ നിയമത്തേയും പരിഗണിക്കുമ്പോള്‍ ഉയരാവുന്ന നിരവധി ചോദ്യങ്ങളെ നേരിടാനുളള ശ്രമങ്ങളും ഘടനാപരമായ കരുത്തും നിരൂപണാത്മകമായ സമീപനവും പ്രചോദനങ്ങളും ആധികാരികതയുമൊക്കെ ഇത്തരമൊരു സംരംഭത്തില്‍ പ്രസക്തമാണ്.

vedashabdaratnakaram, bible dictionary, dr d babu paul, dr d babu paul books, dr d babu paul vedashabdaratnakaram, വേദശബ്ദരത്നാകരം, babu paul, ബാബു പോൾ, d babu paul, ബാബു പോൾ അന്തരിച്ചു, babu paul died, babu paul ias, ബാബു പോൾ ഐഎഎസ്, babu paul books, dr rathi menon, ഡോ.രതി മേനോൻ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Dr Babu Paul

ഈ പശ്ചാത്തലത്തില്‍ വേണം ഡോ.ബാബു പോളിന്റെ ‘വേദശബ്ദരത്‌നാകരം’ വിലയിരുത്തുവാന്‍. വളരെ ചുറുപ്പത്തില്‍ തന്നെ മതത്തിലും മതപഠനത്തിലും ആകൃഷ്ടനായ ബാബു പോള്‍ ജനിച്ചതും വളര്‍ന്നതും മതപരമായ അന്തരീക്ഷം നില നിന്നിരുന്ന ഒരു കുടുംബത്തിലാണ്. പാതിരിയായിരുന്ന അച്ഛന്റെ പരിപ്രേക്ഷ്യം ഒരിക്കലും ഇടുങ്ങിയതായിരുന്നില്ല. മതത്തെയും ദൈവത്തെയും ആഴത്തില്‍ മനസ്സിലാക്കാന്‍ അച്ഛന്റെ നിർദേശങ്ങളും സംവാദങ്ങളും അദ്ദേഹത്തെ സഹായിച്ചു. അതു കൊണ്ടു തന്നെയാണ് ഒരു സാധാരണക്കാരന് എത്തിച്ചേരാന്‍ കഴിയുന്നതിന്റെ ഏറ്റവും ഉയരത്തില്‍ മതപരമായ ശ്രേണിയില്‍ അദ്ദേഹത്തിന് എത്താന്‍ സാധിച്ചതും.

സുഹൃത്തായ ജസ്റ്റിസ് കെ ടി തോമസുമായുളള നിരവധി കുടുംബവൃത്ത ചർച്ചകളിലൊന്നില്‍ മാര്‍ക്കോസിന്റെ സുവിശേഷം 14.51.52 എന്നതിന്റെ പ്രസക്തി കടന്നു വന്നു. അതു ചെന്നെത്തിയത് ബാര്‍ക്ലേയുടെ ഗ്രന്ഥങ്ങളെ കണ്ടെടുത്തതിലാണ്. പാരായണസുഖമുളള ആ ശൈലിയുടെ ആരാധകനായി ബാബു പോള്‍ മാറി. ആ ഗ്രന്ഥങ്ങളിലൂടെ കൈ വന്ന ആശയലോകം അദ്ദേഹത്തിന്റെ അച്ഛനുമായി പങ്കു വയ്ക്കുകയും സംവാദത്തിലൂടെ തന്റെ പരിപ്രേക്ഷ്യം അദ്ദേഹം വിപുലപ്പെടുത്തുകയും ചെയ്തു. എന്നെങ്കിലും ഒരിക്കല്‍ ബാര്‍ക്ലേയുടെ ശൈലിയും ഭാരതീയ പരിപ്രേക്ഷ്യവുമുളള ഒരു ഭാഷ്യം ചമയ്ക്കണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ നാമ്പിട്ടു. 1987 നവംബറില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. 1988 ജൂലൈയില്‍ അച്ഛന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഇത്തരം ഒരു കൃതി നിര്‍മ്മിക്കാന്‍ നിർദേശിച്ചതിന്റെ സാക്ഷാത്കാരമാണ് ‘വേദശബ്ദരത്‌നാകരം.’ ഇതിനു പിറകില്‍ 22 വര്‍ഷത്തെ ഗവേഷണമുണ്ട്. ഒമ്പതുകൊല്ലത്തെ പരിശ്രമമുണ്ട്. ഈ സിദ്ധിയുടെയും സാധനയുടെയും വൈശിഷ്ട്യം ‘വേദശബ്ദരത്‌നാകര’ത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

1997-ല്‍ കേരള ഭാഷാശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടാണ് 859 പേജുളള ‘വേദശബ്ദരത്‌നാകരം’ പുറത്തിറക്കുന്നത്. ആദ്യത്തെ 5000 കോപ്പി വേഗത്തില്‍ വിറ്റഴിഞ്ഞു. 2001-ല്‍ രണ്ടാമത്തെ പതിപ്പ് പുറത്തിറക്കി. ഏതാണ്ട് 4000 ശീര്‍ഷകങ്ങള്‍ ആറു ലക്ഷത്തില്‍പരം പദങ്ങളിലൂടെയാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു നിഘണ്ടുവില്‍ സാധാരണ ഒരു പദത്തിന്റെ അര്‍ത്ഥമോ പര്യായങ്ങളോ ആണ് പരാമര്‍ശിക്കപ്പെടുക. എന്നാല്‍ ‘വേദശബ്ദരത്‌നാകര’ത്തില്‍ പദത്തിന്റെ അക്ഷരാര്‍ത്ഥത്തിനു പുറമേ ദൈവത്തിനും മനുഷ്യനും തമ്മിലുളള ബന്ധത്തിലൂടെ അതിന് സ്ഥലകാലങ്ങളിലൂടെ സംഭവിച്ച അര്‍ത്ഥ പരിണാമങ്ങളും ചരിത്ര-സാമൂഹ്യ-സാംസ്കാരിക പരിതോവസ്ഥകള്‍ക്കനുസൃതമായി ആ പദങ്ങള്‍ക്കു ലഭിക്കുന്ന ആരൂഢാര്‍ത്ഥങ്ങളും വിശദമാക്കുന്നുണ്ട്. ഇതിലൂടെ ദൈവജനത്തിന്റെ ഭാഷയുടെ ചരിത്രത്തിലേക്കും രക്ഷാകര ചരിത്രത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുമാണ് ഗ്രന്ഥകര്‍ത്താവ് വായനക്കാരനെ ആനയിക്കുന്നത്.

Read More: Remembering Babu Paul: പൗർണമികള്‍ മാത്രമല്ല അമാവാസികളും കൂടിച്ചേര്‍ന്നതാണ് ജീവിതം

vedashabdaratnakaram, bible dictionary, dr d babu paul, dr d babu paul books, dr d babu paul vedashabdaratnakaram, വേദശബ്ദരത്നാകരം, babu paul, ബാബു പോൾ, d babu paul, ബാബു പോൾ അന്തരിച്ചു, babu paul died, babu paul ias, ബാബു പോൾ ഐഎഎസ്, babu paul books, dr rathi menon, ഡോ.രതി മേനോൻ, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Veda Shabda Ratnakaram by Dr D Babu Paulm, Bible Dictionary in Malayalam

‘അംശവടി’ എന്ന പദത്തില്‍ നിന്നും തുടങ്ങി ‘റോസ്ത്തശില’ എന്ന പദത്തിലവസാനിക്കുന്ന പദാവലിയിലെല്ലാം ഈ സമീപനം തന്നെയാണ് ബാബു പോള്‍ കൈക്കൊളളുന്നത്. ‘അംശവടി’ എന്നത് മെത്രാന്റെ അധികാര ചിഹ്നമാണ് എന്നര്‍ത്ഥം കൊടുക്കുന്നു. എന്നാല്‍ ആ കേവലാര്‍ത്ഥത്തില്‍ മാത്രം പരിമിതമാകുന്നില്ല അദ്ദേഹത്തിന്റെ വിശദീകരണം. ആട്ടിടയന്മാരുടെ വടി പോലെ ആടുകളുടെ നിയന്ത്രണം സംബന്ധിച്ച അംഗീകാരങ്ങളുടെയും ചുമതലകളുടെയും പ്രതീകം എന്നു കൂടിയുളള അര്‍ത്ഥ വൈപുല്യം സൂചിപ്പിച്ച് അതിന്റെ രൂപഭാവങ്ങള്‍ക്കു കൈവരുന്ന വ്യതിയാനങ്ങളെ കുറിച്ചു കൂടി ഗ്രന്ഥകര്‍ത്താവ് സവിസ്തരം പ്രതിപാദിക്കുന്നു.

‘മുഷ്യപുത്രന്‍’ എന്നത് മിശിഹയെ കുറിക്കുവാന്‍ സുവിശേഷങ്ങളില്‍ ഉപയോഗിക്കുന്ന പദം എന്നര്‍ത്ഥം നല്‍കി അതിന്റെ ആശയ വൈപുല്യത്തെ അദ്ദേഹം വിശദമാക്കുന്നു. ‘മറിയ’ എന്നതിന് പുതിയ നിയമത്തില്‍ ഒര്‍ത്ഥമല്ല ഉളളത്. ഇതിന്റെ എസ്രായ രൂപമാണ് ‘മിറിയം’. ക്രയോട്ട ‘മറിയം’, പൗലോസിന്റെ അവിഭാജ്യ പാത്രം ‘മറിയം’ എന്നിങ്ങനെയുളള സങ്കല്പങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇപ്രകാരം പണ്ഡിതോചിതമായ വിവരങ്ങള്‍ നിറഞ്ഞ ഈ ഗ്രന്ഥത്തിലുടനീളം ബാബു പോളിന്റെ പ്രതിബദ്ധത പ്രകടമാണ്. ഈ കൃതി വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ചെറിയൊരു കുറിപ്പും അദ്ദേഹം നൽകുന്നുണ്ട്.

തികച്ചും മൗലികമായ ഒരു ശൈലി എന്നതാണ് ‘വേദശബ്ദരത്‌നാകര’ത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിവാദങ്ങൾക്ക് ഇടം കൊടുക്കുന്ന പ്രസ്താവനകളൊന്നും അദ്ദേഹം നടത്തുന്നില്ല. ഒരു പക്ഷവും പിടിക്കാതെ താന്‍ വായിച്ചും ചിന്തിച്ചും സ്വാംശീകരിച്ച ആശയങ്ങളെ പ്രതിപാദിച്ച് വായനക്കാരന്റെ ഇംഗിതാനുസൃതം തീരുമാനത്തിനു വിടുന്ന ഒരു സമീപനമാണ് ബാബു പോള്‍ കൈക്കൊളളുന്നത്. പ്രധാന ശീര്‍ഷകങ്ങള്‍ക്കു പുറമേ മതബഹുല സമൂഹത്തിലെ ക്രൈസ്തവസാക്ഷ്യം, ബൈബിളിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍, ബൈബിള്‍ സ്വാധീനം ശൈലികളില്‍, യേശുവിന്റെ അത്ഭുത പ്രവൃത്തികള്‍, യേശുവിന്റെ ഉപമകള്‍ എന്നിവയും അനുബന്ധമായി നൽകുന്നുണ്ട്. ഇതെല്ലാം തന്നെ ക്രൈസ്തവരല്ലാത്ത ആളുകള്‍ക്കുപോലും ആശയങ്ങള്‍ സുഗ്രഹമാക്കിത്തീര്‍ക്കുന്നു.

ഒരു ജന്മത്തിന്റെ ചരിതാര്‍ത്ഥമായ സാഫല്യം എന്ന് തികച്ചും വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് ‘വേദശബ്ദരത്‌നാകരം.’  ഈ കൃതി അദ്ദേഹം സമര്‍പ്പിക്കുന്നത് മുത്തശ്ശിക്കഥകള്‍ പറഞ്ഞു കൊടുത്ത പിതാമഹിക്കും ബൈബിള്‍ക്കഥകള്‍ പറഞ്ഞു കൊടുത്ത മാതാമഹിക്കും ഭാരതീയ സംസ്കാരത്തില്‍ അഭിമാനിക്കാന്‍ ശീലിപ്പിച്ച അച്ഛനും ഉപവാസവും പ്രാര്‍ത്ഥനയും വജ്രായുധങ്ങളാണെന്നു പഠിപ്പിച്ച അമ്മയ്ക്കുമാണ്. അവരുടെ നിത്യ സാന്നിധ്യമാണ് ഇതിന്റെ പ്രചോദനം. ഇതവതരിപ്പിക്കുമ്പോള്‍ കടലോരത്ത് ബലിക്കാക്കള്‍ക്കായി കൈകൊട്ടുന്ന പിന്‍തലമുറകളുടെ വികാരമാണ് തന്നെ ഭരിക്കുന്നതെന്ന് അദ്ദേഹം വിനയപൂര്‍വ്വം സ്മരിക്കുന്നു.

നിരവധി പുരസ്കാരങ്ങളാണ് ഈ കൃതിയെ തേടിയെത്തിയത്. ദമാസ്‌ക്കസ് സെന്റ് എഫ്രേം സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, ഗുണ്ടര്‍ട്ട് അവാര്‍ഡ്, ഗുരുവായൂര്‍ നായര്‍ സമാജം അവാര്‍ഡ്, അലക്‌സാണ്ടര്‍ മാര്‍ത്തോമ അവാര്‍ഡ്, എന്‍.വി.സാഹിത്യ പുരസ്കാരം, സംസ്കാരദീപം അവാര്‍ഡ്, ക്രിസ്ത്യന്‍ ലിറ്റററി അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍.

 

‘വേദപുസ്തക സത്യങ്ങളെക്കുറിച്ച് വായിച്ചും പഠിച്ചും ചിന്തിച്ചും എഴുതിയ വിവരങ്ങള്‍ വിദഗ്ധവും ആധികാരികവും, ആകര്‍ഷകവുമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.’ എന്ന ഡോ കെ എം ജോർജിന്റെ അഭിപ്രായവും വേദമഹത്ക്ലാസിക്കുകളെയും പോലെ ബൈബിള്‍ വായിച്ചു മനസ്സിലാക്കാന്‍ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. അതിലെ ശബ്ദങ്ങളും പ്രയോഗങ്ങളും മണ്‍മറഞ്ഞ ചരിത്രങ്ങളുമായി സംവദിക്കുന്നവയാണ്. പദപ്രയോഗങ്ങള്‍ക്കും സങ്കല്പനങ്ങള്‍ക്കും വന്നു കൊണ്ടിരിക്കുന്ന അനിവാര്യമായ രൂപഭേദങ്ങളും അര്‍ത്ഥവ്യതിയാനങ്ങളും സാധാരണ വായനക്കാരെ മാത്രമല്ല പണ്ഡിതന്മാരെയും കുഴക്കും. ഈ ദുര്‍ഘടങ്ങള്‍ തരണം ചെയ്യാന്‍ മതവിജ്ഞാനീയത്തില്‍ നിപുണനായ ഡോ ബാബു പോള്‍ കഴിവുറ്റ വഴികാട്ടിയാണെന്ന് ഈ നിഘണ്ടു തെളിയിക്കുന്നു. ‘മലയാള സാഹിത്യത്തിന് അത്യപൂര്‍വമായ മുതല്‍ക്കൂട്ടാണ് ഈ നിഘണ്ടു’ എന്ന പി ഗോവിന്ദ പിളളയുടെ നിരീക്ഷണവും ഈ ഗ്രന്ഥത്തിന്റെ മികവിലേക്കുളള ചൂണ്ടുപലകകളാണ് എന്ന കാര്യത്തില്‍ സംശയമില്ല.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: D babu paul vedasabdaratnakaram bible dictionary