scorecardresearch

മറവിയ്ക്ക് എതിരായ കലാപം – മിലാന്‍ കുന്ദേരയുടെ എഴുത്തിന്‍റെ ഓര്‍മ്മ

എഴുത്തുകാര്‍, ജീവിച്ചിരിക്കുമ്പോഴെ, ‘കാലയവനിക’യ്ക്കുള്ളില്‍ മറയുന്നതിന്‍റെ ഒരു കാരണം അവര്‍ നിരന്തരം എഴുതാത്തത് കൊണ്ടാവില്ല; അവരുടെ ‘പ്രമേയ’ങ്ങള്‍ ഒരു സമയം വായനാ സമൂഹം തന്നെ ഉപേക്ഷിയ്ക്കുന്നത് കൊണ്ടാണ്

എഴുത്തുകാര്‍, ജീവിച്ചിരിക്കുമ്പോഴെ, ‘കാലയവനിക’യ്ക്കുള്ളില്‍ മറയുന്നതിന്‍റെ ഒരു കാരണം അവര്‍ നിരന്തരം എഴുതാത്തത് കൊണ്ടാവില്ല; അവരുടെ ‘പ്രമേയ’ങ്ങള്‍ ഒരു സമയം വായനാ സമൂഹം തന്നെ ഉപേക്ഷിയ്ക്കുന്നത് കൊണ്ടാണ്

author-image
Karunakaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
mulan kundera ,karunakaran,memories

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, എണ്‍പതുകളിലാവണം, എം. ടി. വാസുദേവന്‍നായര്‍, സാഹിത്യ നിരൂപകനായ കെ. സി. നാരായണന്, മദ്രാസിലേക്ക് ഒരു പുസ്തകം അയച്ചു കൊടുത്തുവത്രെ. ‘മാതൃഭൂമി’ യ്ക്ക് വേണ്ടി ‘റിവ്യൂ’ ചെയ്യാന്‍. ഇത് ഒരിക്കല്‍ കെ. സി. തന്നെ പറഞ്ഞതാണ്, ഞങ്ങളുടെ നിരവധി കൂടിക്കാഴ്ച്ചകളിലൊന്നില്‍. പുതിയ ഒരു എഴുത്തുകാരന്‍, പുതിയ പുസ്തകം, പുതിയ പ്രമേയം, പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം, മിലാന്‍ കുന്ദേരയുടെ The Art of The Novel ആയിരുന്നു. സി. ആര്‍. പരമേശ്വരന്‍റെ ‘പ്രകൃതി നിയമം’ എന്ന നോവലിനെ കുറിച്ചുള്ള തന്റെ പഠനത്തില്‍ കെ. സി. ഈ പുസ്തകത്തിന്റെ വായന ഫലപ്രദമായി ഉപയോഗിക്കുന്നതും കാണാം:  നോവല്‍, ഒരേസമയം, മനുഷ്യന്റെയും ചരിത്രത്തിന്റെയും കണ്ടുപിടുത്തമാവുന്നത് എങ്ങനെ എന്ന് കുന്ദേര തന്റെ ഈ പുസ്തകത്തില്‍ വിശദമായി പറയുന്നു. പരമേശ്വരന്റെ കൃതിയാകട്ടെ, ചരിത്രത്തിന്‍റെ നിര്‍ദയമായ ചില സന്ദര്‍ഭങ്ങളില്‍ എകാകികളാവുന്ന നായകന്‍മാരില്‍ ഒരാളുടെ വിധിയെപ്പറ്റിയും ആയിരുന്നു.

Advertisment

നോവലിന്റെ കല അത്യപൂര്‍വ്വം ചര്ച്ചയായ ഒരു മലയാള സന്ദര്‍ഭം എന്ന് ഇത് രണ്ടിനെയും പറ്റി, എം.ടി. റിവ്യൂ ചെയ്യാനായി തിരഞ്ഞെടുത്ത പുസ്തകവും കെ.സി. നാരായണന്‍ ‘പ്രകൃതിനിയമ’ത്തെപ്പറ്റി എഴുതിയതും, ഓര്‍മ്മിക്കാന്‍ പറ്റുന്നു.

ഈയിടെ, പത്തു ദിവസം (ഏപ്രില്‍ 1) മുമ്പ്, തൊണ്ണൂറു വയസ്സു കഴിഞ്ഞ മിലാന്‍ കുന്ദേരയെപ്പറ്റിയുള്ള വാര്‍ത്തകളും കുറിപ്പുകളും കാണുന്ന കൂട്ടത്തില്‍ ‘ദി സ്പെക്ടര്‍’ എന്ന ജേര്‍ണലില്‍ കണ്ട ഒരു ലേഖനം (ടോബി യോങ്ങ് എഴുതിയത്) ഒരു അത്ഭുതം പങ്കുവെച്ചുകൊണ്ട് തുടങ്ങിയിരുന്നു – ഇയാള്‍, മിലാന്‍ കുന്ദേര എന്ന എഴുത്തുകാരന്‍, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു, അത്. ഞാന്‍ കരുതി ഇയാള്‍ മരിച്ചിരിക്കാം എന്ന്. ലേഖകന്‍ എഴുതുന്നു, പിന്നെയാണ് ആ എഴുത്തുകാരന്റെ പ്രമേയവും കാലവും ചര്‍ച്ച ചെയ്യുന്നത്.milan kundera .karunakaran,memories

എഴുത്തുകാര്‍, ജീവിച്ചിരിക്കുമ്പോഴെ, ‘കാലയവനിക’യ്ക്കുള്ളില്‍ മറയുന്നതിന്‍റെ ഒരു കാരണം അവര്‍ നിരന്തരം എഴുതാത്തത് കൊണ്ടാവില്ല; അവരുടെ ‘പ്രമേയ’ങ്ങള്‍ ഒരു സമയം വായനാ സമൂഹം തന്നെ ഉപേക്ഷിയ്ക്കുന്നത് കൊണ്ടാണ് അത്. അഥവാ, മനുഷ്യരെയും സമൂഹങ്ങളെയും എന്നപോലെ ‘കാല’വും ‘ചരിത്ര’വും കലയെയും വായനാസമൂഹത്തെയും ആവേശിക്കുന്നു, അവര്‍ക്കും ഒരു ‘പണി’ കൊടുക്കുന്നു : മറവിയോട്‌ ഒരു കൌതുകവും ഇല്ലാതിരിക്കുക എന്നതാണ് ആ ‘പണി’. ഒരിക്കല്‍ മറന്നത് എന്നേയ്ക്കുമായി മറക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ബന്ധത്തിനു മേല്‍ ആ ബന്ധത്തിലെ ഒരാളുടെ മരണം വന്നു പതിയ്ക്കുമ്പോള്‍ ഉണ്ടാവുന്ന തരം ഒരു ഞെട്ടല്‍ പോലും ഇല്ലാത്ത ഒരവസ്ഥ സങ്കല്‍പ്പിച്ചു നോക്കു, അതുപോലെ. അതുപോലെ ആ മറവി എഴുത്തുകാരെ ഓര്‍മ്മയില്‍ നിന്നും തുരത്തുന്നു. കുന്ദേരയുടെ നോവലുകളുടെ ആശയലോകവും ‘ബെര്‍ലിന്‍ മതിലി’ന്‍റെ തകര്‍ച്ചയോടെ പിന്‍വാങ്ങുന്നു, എണ്‍പതുകളില്‍ തന്റെ രാജ്യത്തെ നിഷ്ഠൂരമായ ഒരു ഭരണ കൂടത്തോടുള്ള എഴുത്തുകാരന്റെ കലി അയാളുടെ സര്‍ഗ്ഗാത്മകതയുടെ തന്നെ അവസരങ്ങള്‍ ആയത് ഓര്‍ത്തുകൊണ്ടാവും ‘ഇയാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ’ എന്ന് അല്ലെങ്കില്‍ അത്ഭുതപ്പെട്ടിരിക്കുക.

Advertisment

പക്ഷെ മിലാന്‍ കുന്ദേരയെ ഓര്‍മ്മ വരാതിരിക്കുക എങ്ങനെ! മറവിയ്ക്ക് എതിരെയുള്ള കലാപം തന്നെയാണ് ഒരര്‍ത്ഥത്തില്‍ കല (നോവല്‍) എന്ന് കണ്ടുപിടിക്കുന്ന ആ എഴുത്തുകാരനെ!

കുന്ദേരയുടെ ഞാനാദ്യം വായിക്കുന്ന കൃതി, Life is Elsewhere ആണ്, ഒരു കവിയെ പറ്റിയാണത്. മഞ്ഞും ശീതവും ഉള്ള ഒരു ഇരുമ്പുമറയുടെ നിഴല്‍ കവിതയുടെയും നിഴലാവുന്നപോലെ, ജീവിതം ഇറ്റിറ്റ് തീരുന്ന പോലെ ഒരോര്‍മ്മയാണ്, ചിലപ്പോള്‍ ചിരിയ്ക്കുമ്പോഴും, ആ വായന. പിന്നെ പല പുസ്തകങ്ങളും വായിച്ചു. The Book of Laugher and Forgetting, The Joke... എന്നാല്‍, എനിക്ക്, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ വായന, ആ സമാഹാരങ്ങള്‍ തരുന്ന ആഹ്ലാദം ചെറുതൊന്നുമല്ല. ബുദ്ധിയും കലയും ചില എഴുത്തുകാര്‍ക്ക് ജന്മസിദ്ധമായ ഒരനുഭവം ആയിരിക്കുമ്പോഴും അവരുടെ കാലം ആ പ്രതിഭയില്‍ ഇടപെടുന്ന രീതി ആ പ്രബന്ധങ്ങളില്‍ കാണാന്‍ പറ്റും, അത് നമ്മളെയും ഉന്‍മേഷഭരിതരാക്കും. അങ്ങനെ ഒന്നാണ് കുന്ദേരയുടെ പ്രബന്ധങ്ങള്‍ എനിക്ക്. The Art of The Novel, The Encounter, The Curtain, Testaments Betrayed, ഈ പുസ്തകങ്ങള്‍ എല്ലാം, കലയിലും സാഹിത്യത്തിലും താല്പര്യമുള്ള ഒരാള്‍ക്ക്, ആശയങ്ങളുടെയും ആവശ്യങ്ങളുടെയും ഒരു ലൈബ്രറി പോലെയാണ്. യൂറോപ്പിന്റെ കല എന്ന് നോവലിനെ കണ്ടെത്തുമ്പോള്‍ത്തന്നെ അതിന്റെ സാര്‍വലൗകികമായ ഒരനുഭൂതി മനുഷ്യവംശത്തിന്റെ സ്മരണയാവുന്നത് ഈ പറഞ്ഞ പുസ്തകങ്ങളിലൊക്കെ കുന്ദേര തിരഞ്ഞുപോകുന്നു.milan kundera, karunakaran,memories

നോവല്‍ ഓര്‍മ്മയുടെ കലയാണ്, ഒരു സമയം അത് മറവിയ്ക്ക് എതിരായ സമരവുമാണ്, ഒപ്പം കലയില്‍ ജ്ഞാനസ്നാനം ചെയ്യുന്ന ഒരാളുടെ വെളിപാട്‌ പോലെയും നോവല്‍ വായിക്കപ്പെടുന്നു.

കുന്ദേരയുടെ പുസ്തകത്തിലെ ഏതെന്കിലും ഒരു വരിയില്‍ നിന്ന് മറ്റൊരു വഴിയിലേക്ക് നമ്മുടെ ‘thinking ego’ തിരിഞ്ഞുപോകുന്നത് കാണാനും രസകരമാണ്. വിശേഷിച്ചും, ‘പരിഹാസ’ത്തെപ്പറ്റി, ‘അധികാര’ത്തെപ്പറ്റി, പല എഴുത്തുകാരെപ്പറ്റി. വിശേഷിച്ചും കാഫ്ക്കയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍, കുന്ദേര എഴുതുമ്പോള്‍ വ്യത്യസ്തമായ അനുഭവമാകുന്നു – നിരൂപണം “കല-എഴുത്തുകാരു”ടെ പ്രശ്നമാവുന്നു. കലയുടെ ചരിത്രത്തിന്റെ അര്‍ത്ഥം (Meaning of History of Art) എന്നത്, ചരിത്രത്തിന്റെ അര്‍ത്ഥം (Meaning of History) എന്നതിന്റെ നേര്‍വിപരീതമാണ് എന്ന് പറയുന്നതിന്റെ പൊരുള്‍ അപ്പോള്‍ നമ്മുക്ക് മനസ്സിലാവുകയും ചെയ്യുന്നു. അതിനൊരു കാരണം, കുന്ദേര പറയുന്നത്, അതിന്റെ വൈയക്തിക സ്വഭാവം കൊണ്ടുതന്നെ (ഒരു) കലയുടെ ചരിത്രം എന്നാല്‍ മനുഷ്യത്വത്തിന്റെ ചരിത്രത്തിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മനുഷ്യന്റെ പ്രതികാരമത്രെ.

ഇങ്ങനെ, സമൃദ്ധമായ ആലോചനകള്‍കൊണ്ട് നമ്മുടെ അനുഭൂതിയെത്തന്നെ പുതുക്കുന്ന ഒരെഴുത്ത്, മിലാന്‍ കുന്ദേര, അങ്ങനെ ഒരു എഴുത്തുകാരനാണ്. മറവിയില്‍ അല്ല അയാള്‍ക്ക് വയസ്സാവുന്നത് ജീവിതത്തിലാണ്.

അല്ലെങ്കില്‍ അനശ്വരത എഴുത്തിന്റെയല്ല, എഴുത്തുകാരുടെ ആഗ്രഹവും സ്വപ്നവും മാത്രമാകുന്നു.

Literature Novel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: