scorecardresearch
Latest News

‘പിപിഇ കിറ്റിനകത്തായതിനാൽ ഞാൻ കരയുന്നത് ആർക്കും കാണാനാവില്ല’

കോവിഡിന്റെ ദൈന്യതകളെയും ഒറ്റപ്പെടലിനെയും കുറിച്ച് കേരളത്തിലെ ഐസിയുകളിലെ ഡോക്ടർമാർ

Covid-19, Covid-19 frontline workers, Covid-19 healthcare workers, covid-19 ICU conditions, Covid-19 hospitals conditions, Covid-19 mental health, Covid-19 loneliness, Covid-19 isolation, coronavirus Kerala, coronavirus cases India, coronavirus vaccine, coronavirus vaccine india, indian express news, കോവിഡ്, ie malayalam

“മരിച്ചെന്ന് ഞാൻ കരുതിയത്,” തന്റെ അനുഭവത്തെക്കുറിച്ച് നസറുല്ല ഒറ്റ വാചകത്തിൽ പറഞ്ഞതാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 11 നാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിരതാമസമാക്കിയ 50 കാരനായ നസറുല്ലയെ കോവിഡ് ബാധയെത്തുടർന്ന് ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്. അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു, വൈറസ് ശ്വാസകോശത്തെയും മറ്റ് അവയവങ്ങളെയും ബാധിക്കാൻ തുടങ്ങിയെന്ന് കൂടുതൽ വ്യക്തമാവാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു, പക്ഷേ പനി ഒഴികെ, അവർക്ക് കാര്യമായ മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

“17 ദിവസത്തോളം അദ്ദേഹം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിശോധനാ ഫലങ്ങളും അപകടകരമായ നിലയിലായതിനാൽ ഡോക്ടർമാർ എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു. അദ്ദേഹത്തിന് ന്യുമോണിയ, ഉയർന്ന രക്തസമ്മർദ്ദം, ഗുരുതരമായ പ്രമേഹം എന്നിവ ഉണ്ടായിരുന്നു, വൃക്കകൾക്ക് കേടുപാടുകളുണ്ടായിരുന്നു ”ഫാത്തിമ പറഞ്ഞു. ചികിത്സാ സമയത്ത് മെഡിക്കൽ കോളേജിലെ ആയുർവേദ ബ്ലോക്കിലെ ഒരു മുറിയിലായിരുന്നു ഫാത്തിമ കഴിഞ്ഞിരുന്നത്.

“എന്റെ മകൾക്കും കോവിഡ് ഉണ്ടായിരുന്നു, അവളെ ഒരു കുടുംബസുഹൃത്ത് പരിപാലിക്കുകയായിരുന്നു. അത് ഞങ്ങൾക്ക് ശരിക്കും പരീക്ഷണ സമയമായിരുന്നു,” അവർ പറഞ്ഞു.

Read more: കേരളത്തിന്റെ കോവിഡ് നിരക്ക് ഉയര്‍ന്നതോതില്‍ തുടരാന്‍ കാരണമെന്ത്?

മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം, നസറുല്ലയുടെ ന്യുമോണിയ ഭേദമാവുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും നിയന്ത്രണത്തിലാക്കുകയും ചെയ്തു. ആരോഗ്യ നിലയിൽ സ്ഥിരത കൈവരിച്ചതോടെ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റി, അവിടെ ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

നസ്റുല്ലയും ഫാത്തിമയും

“ഐസിയുവിൽ കഴിഞ്ഞ സമയത്തെ ഓർമയിലുള്ള കാര്യങ്ങളിലൊന്ന് രാവിലെ പല്ല് തേച്ച് ഉപ്പുമാവ് കഴിച്ചിരുന്നതാണ്. മിക്കപ്പോഴും ഞാൻ അബോധാവസ്ഥയിലായിരുന്നു,” നസറുല്ല ഓർത്തെടുത്തു. “ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നുവെന്നതിന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപിനും ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തിനും നന്ദി പറയുകയാണ്. എനിക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ എനിക്ക് ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

“ഡോ. സുദീപ് ഞങ്ങൾക്ക് ഒരു പുതിയ ജീവിതം നൽകി, ഒരു പുനർജന്മം. ഞങ്ങൾ കണ്ണൂരിൽ വന്നിരുന്നില്ലെങ്കിൽ, എന്റെ ഭർത്താവ് ജീവനോടെയുണ്ടാകുമായിരുന്നില്ല. എനിക്ക് അത് വളരെ ഉറപ്പുണ്ട്. അദ്ദേഹത്തോടും അവിടത്തെ എല്ലാ ആരോഗ്യ ഉദ്യോഗസ്ഥരോടും എപ്പോഴും നന്ദിയുണ്ട്. എനിക്ക് അവരുടെ പേരുകൾ അറിയില്ല, പക്ഷേ ഞാൻ അവരെ എപ്പോഴും ഓർക്കും,” ഫാത്തിമ പറഞ്ഞു.

എന്നാൽ ഇതുപോലുള്ള പ്രത്യാശയുടെ കഥകൾ ഉള്ളിടത്ത് തന്നെ സങ്കടത്തിന്റെയും നഷ്ടത്തിന്റെയും കഥകളുമുണ്ട്.

ഡോ. ഷിനാസ് ബാബു ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു തീയതിയാണ് 2020 ജൂൺ 6. അന്ന്, അദ്ദേഹം കോവിഡ് -19 നോഡൽ ഓഫീസറായുള്ള മഞ്ചേരി മെഡിക്കൽ കോളേജിൽ ആദ്യ കോവിഡ് മരണം രേഖപ്പെടുത്തി. മുൻ ഫുട്ബോൾ താരവും 80 കളിൽ സന്തോഷ് ട്രോഫികളിലടക്കം കളിക്കുകയും ചെയ്ത 61 കാരനായ ഹംസക്കോയയായിരുന്നു മരിച്ചത്.

മെയ് മാസത്തിലാണ് ഹംസക്കോയ മുംബൈയിൽ നിന്ന് കുടുംബത്തൊടൊപ്പം നാട്ടിലേക്ക് തിരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും മകനുമാണ് ആദ്യം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിനും മരുമക്കൾക്കും കൊച്ചുമക്കൾക്കും രോഗം സ്ഥിരീകരിച്ചു. മറ്റുള്ളവരൊന്നും ഗുരുതരമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഹംസക്കോയയുടെ ആരോഗ്യനില വഷളായി, അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.

Read More: പൊതുജനാരോഗ്യം തിരഞ്ഞെടുപ്പ് വിഷയമാകാത്തത് എന്തുകൊണ്ട്‍?

“പ്ലാസ്മ തെറാപ്പി ഉൾപ്പെടെ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്തു. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു,” ഡോ. ബാബു പറഞ്ഞു.

അവസാനമായി അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ കോവിഡ് ബാധിച്ച് അതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ച് ഗുരുതരമായ രോഗബാധയുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമേ ഐസിയുവിലേക്ക് പ്രവേശനം നൽകുമായിരുന്നുള്ളു.

അവരുടെ ആഗ്രഹത്തെ മാനിക്കാൻ ഡോ ബാബുവിന് ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ഞാൻ പി‌പി‌ഇ ധരിച്ചു, സുതാര്യമായ കവറിൽ എന്റെ ഫോൺ വച്ച് ഐസിയുവിലേക്ക് കയറിച്ചെന്നു. ഞാൻ കോയയുടെ ശരീരത്തിനടുത്തേക്ക് പോയി, മൃതദേഹം കാണിക്കാനായി ഞാൻ അദ്ദേഹത്തിന്റെ മകൻ ലിഹാസിനെ വാട്ട്‌സ്ആപ്പിൽ വീഡിയോ കോൾ വിളിച്ചു. ഒന്ന് ഉമ്മവയ്ക്കാനായി ഫോൺ അദ്ദേഹത്തിന്റെ മുഖത്തിനു നേരെ തിരിക്കാമോ എന്ന് ലിഹാസ് ചോദിച്ചു. ഇത് വളരെ, വളരെ ദയനീയമായിരുന്നു. അവരെല്ലാവരും കരയുന്നുണ്ടായിരുന്നു, മറ്റൊന്നും ചെയ്യാൻ കഴിയാത്തതിനാൽ ഞാൻ തകർന്നു പോയിരുന്നു,” ഡോ ബാബു ഓർത്തെടുത്തു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകെയുള്ള ഐസിയുകളിലെല്ലാം, കഴിഞ്ഞ വർഷവും ഇപ്പോൾ പോലും, ഇത്തരം സാഹചര്യങ്ങളിലൂടെ ആരോഗ്യപ്രവർത്തകർ കടന്നുപോയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ അവരുടെ കടമകൾ നിർവഹിക്കുന്നതിനും കോവിഡ് രോഗികളും അവരുടെ പ്രിയപ്പെട്ടവരും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും വേണ്ടി എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്നതിന്റെ ആഴത്തിലുള്ള കാഴ്ചയാണ് ഇവ മുന്നോട്ടു വയ്ക്കുന്നത്.

ഐ‌സിയു, അവിടെ ജീവിതം നിലനിർത്തുന്നതിനുള്ള എല്ലാ നൂതനമാർഗങ്ങളുമുണ്ട്, പക്ഷേ കഴിഞ്ഞ വർഷം അവിടം അത്രയും ഏകാന്തമായ ഇടമായിരുന്നു. പലർക്കും അവരുടെ ഏറ്റവും ദുർബലമായ അവസ്ഥയിൽ അവർക്കൊപ്പമുണ്ടായിരുന്നത് ശരീരം മുഴുവൻ മൂടുന്ന പി‌പി‌ഇ കിറ്റ് ധരിച്ചെത്തുന്ന, പേരോ മുഖമോ ഒന്നും അറിയിയാത്ത ഈ ആരോഗ്യ പ്രവർത്തകരാണ്. പല്ല് തേക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും അവശിഷ്ടങ്ങൾ പുറത്തുകളയുന്നതിനുമെല്ലാം സഹായിച്ചിരുന്നത് ആ ആരോഗ്യ പ്രവർത്തകരാണ്. ചിലർ മരണപ്പെട്ടപ്പോൾ മരണത്തിനു മുൻപ് അവസാനം കണ്ട മുഖങ്ങളും ആരോഗ്യപ്രവർത്തകരുടേതായിരുന്നു.

‘പ്രവചനാതീതമായ’ ഒരു വൈറസ്

മഹാരാഷ്ട്ര ഒഴികെ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ കോവിഡ് ബാധ കാര്യമായി കുറഞ്ഞെങ്കിലും, രോഗവ്യാപനത്തിന്റെ തുടക്കകാലത്ത് കോവിഡിനെതിരായ ശ്രമങ്ങളുടെ പേരിൽ പ്രശംസിക്കപ്പെട്ട കേരളത്തിൽ ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി 6000 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിനാൽ തന്നെ, സംസ്ഥാനത്തെ ആശുപത്രികൾ, പ്രത്യേകിച്ച് ത്രിതീയ പരിചരണ  കേന്ദ്രങ്ങളിൽ ഇപ്പോഴും ആരോഗ്യ പ്രവർത്തകർക്ക് കഠിനമായി അധ്വാനിക്കേണ്ടി വരുന്നു. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പു നടന്നതും പൊതുജനങ്ങൾക്കിടയിൽ ജാഗ്രത കുറയുന്നതും കേസുകൾ വീണ്ടും ഉയരാൻ കാരണമായതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

Read More: 66 ശതമാനം ഫലപ്രാപ്തിയുള്ള സിംഗിൾ ഷോട്ട് വാക്സിൻ; എന്താണ് ഇത് അർത്ഥമാക്കുന്നത്?

കേരളത്തിലെ മരണനിരക്ക് (0.4%) ഇപ്പോഴും രാജ്യത്തെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, കഴിഞ്ഞ ആറുമാസമായി പ്രതിദിനം 10 നും 30 നും ഇടയിൽ മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. മരിച്ചവരിൽ 75 ശതമാനം പേരും 60 വയസ്സിനു മുകളിലുള്ളവരാണ്.

ഗുരുതരമായി രോഗം ബാധിച്ച കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം തുടക്കത്തിൽ തന്നെ അവരെ ചികിത്സിക്കുക എന്നതാണെന്ന് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കോവിഡ് -19 നോഡൽ ഓഫീസർ ഡോ. ഫത്തഹുദ്ദീൻ പറഞ്ഞു. “രോഗബാധയുടെ തുടക്കത്തിൽ തന്നെ നിങ്ങൾ രോഗിയെ ശരിയായ സമയത്ത് എത്തിക്കുകയാണെങ്കിൽ, അവരുടെ നില ശരിക്കും മെച്ചപ്പെടുകയും നല്ല രീതിയിൽ തിരിച്ചു വരികയും ചെയ്യും. ഗുരുതരമായി ഓക്സിജന്റെ കുറവുള്ളതും മറ്റ് അവയവങ്ങൾക്ക് ക്ഷതമേറ്റതുമായ രോഗിയെ ഐസിയുവിലേക്ക് വൈകിയാണ് എത്തിക്കുന്നതെങ്കിൽ, നിങ്ങൾ എന്തുതന്നെ ചെയ്താലും രോഗിയിൽ ഫലമുണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.

“ഫലത്തെ നിർണ്ണയിക്കുന്ന ഘടകം വൈറസും ശരീരത്തിന്റെ ആതിഥേയ രോഗപ്രതിരോധ പ്രതികരണവും തമ്മിലുള്ള ഇടപെടലാണ്. രോഗപ്രതിരോധ പ്രതികരണം സന്തുലിതമാവുകയും നിങ്ങൾക്ക് നേരത്തെയുള്ള ചികിത്സ ലഭിക്കുകയും ചെയ്താൽ, നിങ്ങൾക്ക് രോഗത്തിൽ നിന്ന് പുറത്തുവരാം. ചില ആളുകളുടെ രോഗപ്രതിരോധ പ്രതികരണം വളരെയധികം ബാധിക്കപ്പെടാം, അത് നിയന്ത്രണാതീതമാകുമ്പോൾ, സൈറ്റോകൈൻ കൂടുതലായി പ്രവഹിച്ചേക്കാം, ഇത് മരണത്തിന് കാരണമാകുന്നു,” ഡോ. ഫത്തഹുദ്ദീൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഡോ. ഫത്തഹുദ്ദീനുമായി സംസാരിച്ചപ്പോൾ അദ്ദേഹം കോവിഡ് -19 ബാധിച്ച 57 കാരനായ ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ ചികിത്സ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ച് ആവേശത്തോടെ പറഞ്ഞിരുന്നു. രോഗികൾക്ക് ഗുരുതതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഘട്ടങ്ങളിൽ പോലും മെഡിക്കൽ കോളേജിലെ അദ്ദേഹത്തിന്റെ സംഘത്തിന് വൈറസ് ബാധയെ ചികിത്സിച്ച് മാറ്റാൻ എച്ച്ഐവി ആന്റി റിട്രോവൈറൽ മരുന്നുകൾ വിജയകരമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ അതിനുശേഷം, കോവിഡ് കേസുകൾ വർദ്ധിക്കുകയും രോഗബാധ സമൂഹത്തിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ മരണങ്ങൾ ഒഴിവാക്കാനാവില്ല.

ഡോക്ടർ ഫത്തഹുദ്ദീൻ, ഡോക്ടർ ഗണേശ്, ഡോക്ടർ ജേക്കബ് കെ ജേക്കബ് എന്നിവർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കിയ ബ്രിട്ടിഷ് പൗരൻ ബ്രയാൻ ലോക്ക് വുഡിനൊപ്പം

“സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിട്ടും പലരും, പ്രത്യേകിച്ച് ചെറുപ്പക്കാരായ രോഗികൾ നമ്മുടെ കൺമുന്നിൽ മരിക്കുന്നത് കാണുന്നത് ഹൃദയം തകർത്തു കളയുന്നു. ശാസ്ത്രം നിസ്സഹായനായിത്തീരുകയും ഈ പകർച്ചവ്യാധിയായ വൈറസിന് മുമ്പിൽ നിങ്ങൾ ഒരു നിശബ്ദ കാഴ്ചക്കാരനാകുകയും ചെയ്യുന്ന അവസ്ഥയാണിത്,” ഡോ ഫത്തഹുദ്ദീൻ പറഞ്ഞു.

Read More: കോവിഡിന്റെ യുകെ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദമോ? പരീക്ഷണ ഫലം അറിയാം

കോവിഡ് ഐസിയുവുകളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുമായി സംസാരിക്കുമ്പോൾ നിരവധി പേർ വൈറസിന്റെ ‘പ്രവചനാതീതത’ സ്വഭാവത്തെക്കുറിച്ചും ശ്വസനവ്യവസ്ഥയിൽ അതിവേഗം നാശമുണ്ടാക്കുന്ന പ്രവണതയെക്കുറിച്ചും എടുത്തു പറയുന്നു. സുഖം പ്രാപിച്ച് സന്തോഷത്തോടെ കാണപ്പെട്ട ചെറുപ്പക്കാർ പോലും സുഖം പ്രാപിക്കുന്നതിനിടെ മരിച്ചുപോവുന്ന അവസ്ഥ നടുക്കുന്നതായിരുന്നു. പെട്ടെന്ന് ഒരു ഹൃദയസ്തംഭനം വന്ന് അടുത്ത മണിക്കൂറിനുള്ളിലോ, അല്ലെങ്കിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞോ ശ്വാസതടസ്സം കാരണമോ അവയവങ്ങളുടെ പ്രവർത്തനം നിലക്കുന്ന ‘ഹാപ്പി ഹൈപ്പോക്സിയ’ കാരണമോ ഇത്തരത്തിൽ മരണങ്ങൾ സംഭവിച്ചു.

ബന്ധുക്കൾക്കും അടുപ്പമുള്ളവർക്കുമെല്ലാം, അത്തരം അപ്രതീക്ഷിത മരണങ്ങൾ അംഗീകരിക്കുന്നത് അവിശ്വസനീയമാംവിധം പ്രയാസകരമാണ്, ആരോഗ്യ പ്രവർത്തകരുടെ അവസ്ഥയും അതുതന്നെയാണ്.

“അവരോട് സംസാരിക്കാനും ഈ രോഗം ഇങ്ങനെയാണ് പെരുമാറുന്നതെന്ന് അവരെ ബോധ്യപ്പെടുത്താനും വളരെയധികം ആന്തരിക സംഘർഷങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കുടുംബങ്ങളോട് ഞങ്ങൾ എല്ലായ്പ്പോഴും ഈ രോഗത്തിന്റെ ഫലം പ്രവചനാതീതമാണെന്ന് പറയാറുണ്ട്. രോഗിയുടെ ഓക്സിജന്റെ അളവ് സാധാരണ നിലയിലാകുന്നത് വരെ, ഓക്സിജൻ പിന്തുണയില്ലാതെ സാധാരണ ശ്വസിക്കാൻ കഴിയുന്നത് വരെ, അവർ സുരക്ഷിത നിലയിലാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല,” ഫത്തഹുദ്ദീൻ പറഞ്ഞു.

കോവിഡ് വാർഡുകളിലും ഐസിയുകളിലുമുള്ള ജോലിയുടെ ഗൗരവം മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് കഴിയാറില്ലെന്ന് പലപ്പോഴും തോന്നാറുണ്ടെന്ന് എറണാകുളം മെഡിക്കൽ കോളേജിലെ ഇന്റേണൽ മെഡിസിൻ പ്രൊഫസർ ഡോ. ജേക്കബ് കെ ജേക്കബ് പറഞ്ഞു. ഇത് ജീവിതവും മരണവും തമ്മിലുള്ള കടുത്ത പോരാട്ടമാണെന്നും, പരിചയസമ്പന്നരായ ഏറ്റവും മികച്ച ഡോക്ടർമാർക്ക് പോലും ഇത് ഏത് രീതിയിലാണ് പോവുന്നതെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം

“ഞങ്ങൾ വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനവിഭാഗവുമായി ഇടപെടുകയാണ്. ഒരു ഉപഭോക്തൃ ലെൻസിലൂടെ അവർ അത് നോക്കുന്നു. എന്നാൽ അത് ഞങ്ങളുടെ കടമകളിലേക്ക് മടങ്ങുന്നതിൽ നിന്ന് അത് ഒരു തരത്തിലും ഞങ്ങളെ തടഞ്ഞിട്ടില്ല… ഈ മരണങ്ങളിൽ ചിലത് നമ്മിളെ ബാധിക്കുകയും അപര്യാപ്തത അനുഭവപ്പെടുകയും ചെയ്യുന്നു. ഞങ്ങളുടെ പക്കൽ എല്ലാ സംവിധാനങ്ങളുമുണ്ടായിട്ട് പോലും, ആത്യന്തികമായി അത് ഞങ്ങളുടെ കൈയിലല്ലെന്ന് ഞങ്ങൾക്ക് തോന്നും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരമൊരു പശ്ചാത്തലത്തിൽ, കോവിഡ് -19 സാഹചര്യം കൈകാര്യം ചെയ്യുന്നതിന്റെ പ്രധാന ഘടകമായി ആശയവിനിമയം മാറുന്നു. രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ഇത്തരത്തിൽ ആശയ വിനിമയം നടത്തി അവരെ ശാന്തമാക്കുകയും അതേസമയം, സാഹചര്യത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്യാൻ ശ്രമിക്കേണ്ട ബാധ്യതയുണ്ട്.

ഡോക്ടർ ഷിംന അസീസ്

ഡോ. ഷിംന അസീസ് പത്ത് മാസത്തോളമായി മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഒപി വിഭാഗത്തിന്റെ ചുമതല നിർവഹിക്കുന്നു. ഒരു എഴുത്തുകാരിയും സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിയുമാണ് ഷിംന അസീസ്.

“ഒരു രോഗിയെ കുടുംബവുമായി അകറ്റി നിർത്തുന്ന ഏതൊരു രോഗവും ഒരു ദുരന്തമാണ്. എന്റെ മാതാപിതാക്കൾ എനിക്ക് പ്രധാനമാണെന്നത് പോലെ, മറ്റൊരാൾക്ക്, അവരുടെ മാതാപിതാക്കളും പ്രധാനമാണ്. കോവിഡിന്റെ കാര്യം വരുമ്പോൾ, ഞാൻ ഒരിക്കലും ആളുകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഞാൻ എല്ലായ്‌പ്പോഴും അവരെ വസ്തുതകളെ അറിയിക്കുകയും ബോധവൽക്കരിക്കുകയും ചെയ്തു, ഒപ്പം അപകടസാധ്യതയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അല്ലെങ്കിൽ, ഈ രോഗിയുടെ അവസ്ഥ എപ്പോൾ വഷളാകുമെന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ അത് തിരിച്ചടിച്ചേക്കാം. തെറ്റായ പ്രത്യാശ നൽകുന്നതും അനീതിയാണ്, ”ഡോ. ഷിംന അസീസ് പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ചെയ്ത ഒരു കാര്യം കോവിഡിൽ നിന്ന് സുഖം പ്രാപിച്ച വ്യക്തികളുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയതാണ്. കോവിഡിനു ശേഷമുള്ള വീണ്ടെടുക്കലിനെക്കുറിച്ച് ഡോക്ടർമാർ അവർക്ക് നിർദേശങ്ങൾ നൽകുകയും വൈറസിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾ നീക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ളവരുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചു. സംസ്ഥാനത്തെ ആദ്യത്തെ പ്ലാസ്മ ബാങ്കും ആശുപത്രിയിൽ ആരംഭിച്ചു.

രോഗം കാരണമുള്ള ഒറ്റപ്പെടൽ

പല ആരോഗ്യ പ്രവർത്തകർക്കും, മഹാമാരിയുടേതായ കഴിഞ്ഞ വർഷം അവർക്ക് മെഡിക്കൽ പഠിക്കാൻ കഴിയാത്ത പാഠങ്ങൾ പഠിപ്പിച്ചു. മരണങ്ങളും ജീവിതം വീണ്ടെടുക്കുന്നതും അവർ അടുത്തടുത്തായി കണ്ടു. കഷ്ടതയുടെയും വേദനകളുടെയും എണ്ണമറ്റ കഥകൾ അറിഞ്ഞു, ഒറ്റപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ അനുഭവങ്ങളെക്കുറിച്ച് കേട്ടു. ഒരു വൈറസ് കാരണം കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും അകലം പാലിക്കേണ്ടി വന്നു. ഒരു പരിധിവരെ, അവരുടെ ജോലി ഒരു ജോലി മാത്രമായി നിന്നിരുന്നു, പക്ഷേ വലിയൊരു ഭാഗവും പുതിയ പാഠങ്ങളും അവബോധങ്ങളുമായി മാറി.

Read More:  സ്‌മെൽ ടെസ്റ്റിലൂടെ കോവിഡ് നിർണയം സാധ്യമോ?

“കഴിഞ്ഞ ഒരു വർഷത്തിൽ ഞാൻ വ്യക്തമായി മനസ്സിലാക്കിയ ഒരു കാര്യമാണ് ജീവിതത്തിന്റെ അർത്ഥം എന്തെന്നത്, പ്രത്യേകിച്ചും ഞാൻ രോഗികളുമായും അവരുടെ കുടുംബങ്ങളുമായും സംവദിക്കുമ്പോൾ. ജീവിതത്തിൽ പണത്താലും അഹംഭാവത്താലുമെല്ലാം ആളുകൾ മുന്നോട്ട് നയിക്കപ്പെടുന്നു. എന്നാൽ ഒരിക്കൽ ആ ഐസിയുവിനുള്ളിലെത്തിയാൽ, അഹംഭാവമോ പണമോ ഇല്ല. രോഗികൾ അവരുടെ കുടുംബത്തോട് വിടപറയുന്നു, അവർ ഒരു ബാഗ് വസ്ത്രവുമായി വരുന്നു,” ഡോ. ജേക്കബ് പറഞ്ഞു,

“70 കളിലും 80 കളിലുമെത്തിയ, കുടുംബത്തിലെ പ്രിയപ്പെട്ടവരായ നിരവധി ആളുകളെ ഞാൻ കണ്ടു. ഐസിയുവിനുള്ളിൽ, അവർ വളരെ നിസ്സഹായരും ഒറ്റയ്ക്കുമാണെന്ന് തോന്നും. ചില സമയങ്ങളിൽ, ഒരു രോഗിക്ക് അധികകാലം താനുണ്ടാവില്ലെന്ന തോന്നൽ ഉണ്ടാകുമ്പോൾ, അവരെ സമാധാനിപ്പിക്കാൻ ഞാൻ അവരുടെ കൈകൾ പിടിച്ചു. അവർ എന്റെ കൈകൾ നെഞ്ചിലേക്ക് മുറുകെ പിടിച്ചു. അവർക്ക് ആ സ്‌പർശനം ആവശ്യമാണ്, ആ സമയത്ത് ഇത് ചെയ്യാൻ മറ്റാരുമില്ല. ഞാൻ അവരോട് സംസാരിച്ചു. ഞാൻ എന്റെ പി‌പി‌ഇയിൽ ആണെന്നതിനാൽ, ഞാൻ കരയുന്നത് ആർക്കും കാണാൻ കഴിയില്ല,” ഡോ. ജേക്കബ് കൂട്ടിച്ചേർത്തു.

സമാനമായി, ഒരു ദിവസം യുഎഇയിൽ നിന്നു വന്ന ഒരാൾ തന്നെവിളിച്ച് പല്ലുവേദനയുടെ കാര്യം പറഞ്ഞതിനെക്കുറിച്ച് ഡോക്ടർ ഷിംന അസീസ് ഓർക്കുന്നു. അവിടെയുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ദന്ത ഡോക്ടറെ അവിടെ എത്തിക്കാൻ ഷിംന അസീസ് നടപടികളെടുത്തു. “എന്നിട്ട്, ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ‘നിങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും ഭക്ഷണമുണ്ടോ,’ എന്ന്. അദ്ദേഹം കരയാൻ തുടങ്ങി. തനിക്ക് കഴിക്കാൻ ഒന്നുമില്ലെന്നും അടുത്ത പറമ്പിൽ നിന്ന് മുരിങ്ങയില പറിച്ചെടുത്ത് തിളപ്പിച്ച് കഴിക്കാൻ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ശരിക്കും മരവിച്ചു പോയി അത് കേട്ടപ്പോൾ,” ഷിംന അസീസ് പറഞ്ഞു. ഒരു മാസത്തേക്ക് തന്റെ പരിചയങ്ങൾ വഴി അദ്ദേഹത്തിന് അവശ്യ വസ്തുക്കൾ എത്തിക്കാനുള്ള നടപടികളും അന്ന് ഡോക്ടർ സ്വീകരിച്ചു.

“മനുഷ്യൻ എന്നതിന്റെ നിർവചനം കഴിഞ്ഞ വർഷം, എനിക്ക് വ്യക്തമാക്കിത്തന്നു. എല്ലാ രോഗികളും ഒരോ അനുഭവ കഥകളായിരുന്നു…” ഷിംന അസീസ് പറഞ്ഞു.

Read More:  വിഷാദവും മാനസിക സമ്മർദ്ദവും കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാമെന്ന് പഠനം

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അണുബാധ നിയന്ത്രണ സംഘത്തിലെ സ്റ്റാഫ് നഴ്‌സായ ഷീന കെപിയെ സംബന്ധിച്ചിടത്തോളം, മഹാമാരിയുടെ മോശം ഫലങ്ങൾ പൂർണ്ണമായും പുതിയതായിരുന്നില്ല. 2018 ൽ 18 പേരുടെ ജീവൻ അപഹരിച്ച നിപ വൈറസിനെതിരെ പോരാടിയ ആശുപത്രിയിലെ ടീമിന്റെ ഭാഗമായിരുന്നു അവർ. ഒരു വർഷത്തിനുശേഷം, എറണാകുളം ജില്ലയിലെ ഒരു രോഗിയിലൂടെ നിപ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോൾ, മറ്റ് നഴ്‌സുമാർക്ക് അണുബാധ നിയന്ത്രണത്തിൽ പരിശീലനം നൽകുന്നതിൽ ഷീന മുൻപന്തിയിലായിരുന്നു.

“2018 ൽ കോഴിക്കോട് ഞങ്ങൾ എല്ലാവരും പിപിഇ ധരിച്ച് ഡ്യൂട്ടി നിർവഹിച്ചിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പക്ഷേ ഞങ്ങൾക്ക് മാറിനിൽക്കാനായില്ല… അണുബാധയുടെ അപകടസാധ്യതകൾ ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഇപ്പോഴും ഇത് ചെയ്യുന്നു. കാരണം ഇത് ഞങ്ങളുടെ തൊഴിലാണ്. ഇത് ഒരു വലിയ പഠന അനുഭവമായിരുന്നു,” അവർ പറഞ്ഞു.

എന്നാൽ, ഉയർന്ന മരണനിരക്ക് ഉണ്ടായിരുന്നതും കുറച്ച് കാലം മാത്രം തുടർന്നതുമായ നിപയിൽ നിന്ന് വ്യത്യസ്തമായി, കോവിഡ് -19 മഹാമാരി ഇപ്പോഴും ഇവിടെയുണ്ട്, ഒരു വർഷത്തിനുശേഷവും, ഷീനയെപ്പോലുള്ള നഴ്സുമാരെ തളർത്തിക്കൊണ്ട്.

“അന്നും ഇന്നും ആരോഗ്യ പ്രവർത്തകർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഞങ്ങൾ അവധിക്കാലാഘോഷത്തിനോ വസ്ത്രങ്ങൾ വാങ്ങുന്നതിനോ പോകുന്നില്ല. എല്ലാം പിന്നൊരവസരത്തിലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഇന്ന്, നമ്മുടെ ശരീരം പിപിഇയുമായി പൊരുത്തപ്പെട്ടു. ഇവിടത്തെ നഴ്‌സുമാരിൽ എല്ലാവരുടെയും ശരീരഭാരം കുറഞ്ഞു. ഞങ്ങൾക്ക് ചർമ്മ പ്രശ്നങ്ങളും മൂത്രനാളിയിലെ അണുബാധയും അടക്കമുള്ള പ്രശ്നങ്ങളുമുണ്ട്,” അവർ പറഞ്ഞു.

Read More: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ

അക്കാര്യം മനസ്സിൽ വെച്ചുകൊണ്ട്, മഹാമാരിയും അതിന്റെ ഭാഗമായുള്ള ശാരീരികവും വൈകാരികവുമായ പോരാട്ടങ്ങളും എപ്പോഴെങ്കിലും ഈ തൊഴിലിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചു.

അവർ കുറച്ചുനേരം ഒന്നും മിണ്ടിയില്ല, എന്നിട്ട് മറുപടി നൽകി. “ഞാൻ ഒരു നഴ്‌സാകാൻ ആഗ്രഹിക്കുന്നില്ല എന്നല്ല. എനിക്ക് ഒരു അധ്യാപികയാകാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ കുടുംബത്തിന് എന്നെ ഒരു ബിരുദത്തിലും ഉന്നതവിദ്യാഭ്യാസത്തിലും എത്തിക്കാനുള്ള ശക്തമായ സാമ്പത്തിക നിലയുണ്ടായിരുന്നില്ല. ഒരു നഴ്‌സായ ഒരു കുടുംബസുഹൃത്ത് സ്‌കൂളിൽ എന്റെ ഉയർന്ന മാർക്ക് കണ്ട് ഒരു നഴ്‌സാകാൻ എന്നെ ഉപദേശിച്ചു,” അവർ പറഞ്ഞു.

“ഞാൻ ഈ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടപ്പെട്ടതിനാലാണ്. ഈ ജോലിയുടെ ഒരു പ്രധാന കാര്യം, ഒരു വ്യക്തി അവരുടെ ജീവിതത്തിൽ ഏറ്റവും ദുർബലമാകുമ്പോൾ ഞങ്ങൾ അവരോടൊപ്പമുണ്ട് എന്നതാണ്. അസുഖം പിടിപെടുന്നതിനേക്കാൾ ദുർബലപ്പെടുത്തുന്ന മറ്റൊന്നുമില്ല,” ഷീന പറഞ്ഞു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Covid 19 trauma lonliness frontline workers kerala icu conditions

Best of Express