കോവിഡ് കാലത്തെ വിഷചികിത്സാന്വേഷണങ്ങൾ

ചികിത്സയില്ലാത്ത ഒരു രോഗത്തിന്, കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വാക്സിൻ കണ്ടു പിടിക്കുന്നതു വരെ മറ്റു ചികിത്സാ മേഖലകളിലെ ഔഷധങ്ങൾ എന്തെന്ന് അന്വേഷിക്കേണ്ടതാണ്

corona treatment, corona alternate treatment, coronavirus treatment, covid 19 treatment, alternate treatment for corona, alternate treatment for covid 19, കൊറോണ ചികിത്സ, കൊറോണ, വിഷവൈദ്യം, വിഷചികിത്സ, മൈന ഉമൈബാന്‍

കോവിഡ് മരണം ആഗോളതലത്തിൽ ഇരുപത് ശതമാനത്തിലേറെയാവുന്നു. ചൈനയിലെ മരണനിരക്ക് പുറത്തു വരുമ്പോൾ ആശ്വാസമുണ്ടായിരുന്നു. കോവിഡ് വളരെ വേഗം വ്യാപിക്കുന്നതും എന്നാൽ മരണനിരക്ക് അത്രയില്ലെന്നതുമായിരുന്നു ആ ആശ്വാസം. എന്നാൽ, ഇപ്പോൾ അതല്ല കണ്ടുകൊണ്ടിരിക്കുന്നത്.

യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള പല സുഹൃത്തുക്കൾക്കും സന്ദേശമയച്ച് വിവരങ്ങൾ തിരക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച സുഹൃത്തുക്കളുണ്ട്. വീട്ടിൽ തന്നെയായിരുന്നു ഐസൊലേഷൻ. അതീവ ഗുരുതരാവസ്ഥയുണ്ടെങ്കിൽ മാത്രമാണ് ആശുപത്രി. സാമൂഹിക വികസന സൂചികയിൽ മുന്നിൽ നില്ക്കുന്ന രാജ്യങ്ങളായിട്ടും അവിടെ എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു? ആശുപത്രികളിൽ ഉൾക്കൊള്ളാവുന്ന രോഗികൾക്ക് പരിധിയുണ്ട്. ഡോക്ടർമാർടെയും നഴ്സുമാരുടെയും എണ്ണം കുറവാണ്. സാധാരണ നിലയിൽ അത്ര മതി. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതു പോരാ.

അപ്പോൾ ആരോഗ്യമുള്ളവർ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ മുറിയ്ക്കുള്ളിൽ കഴിയണം. പ്രത്യേകിച്ച് മരുന്നൊന്നുമില്ല. ഒരാഴ്ചയൊക്കെ നീണ്ടു നിൽക്കുന്ന അസ്വസ്ഥതകൾ പതുക്കെ മാറിത്തുടങ്ങുന്നു.

സമൂഹ വ്യാപന ഘട്ടമെത്തിയാൽ എവിടെയും ഇതാവും സ്ഥിതി. ഇന്ത്യയിലൊക്കെ വളരെ മോശമാവും സ്ഥിതി. (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) നമ്മുടെ ആശുപത്രികൾ, സംവിധാനങ്ങൾ പരിമിതമാണ്. ജനസാന്ദ്രത മറ്റൊരു പ്രശ്നം. അപ്പോൾ ആശുപത്രി, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയവ വിദൂര സ്വപ്നം മാത്രമാവും.

ഇപ്പോൾ തന്നെ കോവിഡിന് മരുന്നില്ല.

ആശുപത്രിയിലുള്ളവർക്ക് രോഗ തീവ്രതയനുസരിച്ച് മലേറിയയ്ക്കുള്ള മരുന്നും എച്ച് ഐ വിയ്ക്കുള്ള മരുന്നും (രോഗിയുടെ സമ്മതം വാങ്ങിയ ശേഷം) മറ്റുമാണ് നൽകുന്നത്. മറ്റു രോഗങ്ങളുള്ളവർക്ക് ഈ പരീക്ഷണം പ്രശ്നം സങ്കീർണ്ണമാക്കുന്നുവെന്നാണ് അറിവ്.

Read Here: കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ: അറിയേണ്ടതെല്ലാം

നിലവിൽ കൊടുക്കുന്ന മരുന്നുകൾ എന്തൊക്കെയാണെന്ന് കേരള സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Catogory B യിൽ

HCQ 400 mg tab or Chloroquine base 600 mg, Azithromycine 500 mg, Tab Oseltamivir 75 mg

Catogory C യിൽ

ഇവയ്ക്കൊപ്പം Lopinavir /Ritonavir ( 400/100) നൽകുന്നു.

പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും മറ്റു ചികിത്സാമാർഗ്ഗങ്ങളേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിൽ എതിരഭിപ്രായമുള്ളവർ ഏറെയുണ്ട്.

ചികിത്സയില്ലാത്ത ഒരു രോഗത്തിന്, കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വാക്സിൻ കണ്ടു പിടിക്കുന്നതു വരെ മറ്റു ചികിത്സാ മേഖലകളിലെ ഔഷധങ്ങൾ എന്തെന്ന് അന്വേഷിക്കേണ്ടതാണ്.

corona treatment, corona alternate treatment, coronavirus treatment, covid 19 treatment, alternate treatment for corona, alternate treatment for covid 19, കൊറോണ ചികിത്സ, കൊറോണ, വിഷവൈദ്യം, വിഷചികിത്സ, മൈന ഉമൈബാന്‍
വിഷാദം ഉണ്ടാക്കുന്നതെന്തും വിഷമാണെന്നാണ് ഈ വിജ്ഞാനശാഖയുടെ സങ്കല്പം

രോഗനിദാനപഠനത്തിലും ചികിത്സാ സമ്പ്രദായത്തിലും അഭൂതപൂർവ്വമായ വിപ്ലവമാണ് ആധുനിക ചികിത്സ എന്നതിൽ സംശയമില്ല. എന്നാൽ ആധുനിക ചികിത്സയിൽ ഒരുത്തരം കിട്ടുന്നതുവരെ മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കുന്നത് തെറ്റാണെന്ന യുക്തിയോട് യോജിപ്പില്ല. ഒരടിയന്തിര ഘട്ടത്തെ നേരിടുമ്പോൾ പരസ്പരം കൈകോർക്കുകയാണ് വേണ്ടത്.

മനുഷ്യ വികാസത്തിന്റെ ചരിത്രത്തോളം ദീർഘമായ പാരമ്പര്യമുണ്ട് അറിവ് നേടാനുള്ള ശ്രമങ്ങൾക്കും. അതിജീവനത്തിനുള്ള ശ്രമങ്ങളാണ് അറിവ് നേടാൻ പ്രേരിപ്പിക്കുന്നത്. അവരവരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടുന്ന ഔഷധങ്ങൾ ഓരോ സമൂഹവും ഉണ്ടാക്കിയെടുത്തു. പ്രാചീനകാലം മുതൽ വികാസപരിണാമങ്ങളിലൂടെ കടന്നു പോയ ചികിത്സാ രീതികളിൽ കാലത്തിന്റേതായ മാറ്റങ്ങൾ ഉൾക്കൊള്ളാത്തതിന്റെ പ്രശ്നങ്ങളുണ്ടാവാം. ഒന്നിനു പകരം മറ്റൊന്ന് എന്ന നിലയിലല്ല ചികിത്സാ സമീപനങ്ങളുണ്ടാവേണ്ടത്. സംയോജിപ്പിക്കാവുന്നവ ഉൾപ്പെടുത്തിയുള്ള നൂതന ചികിത്സാ സമീപനമാണ് ഇപ്പോൾ വേണ്ടത്.

മുഖ്യമന്ത്രിയുടെയും മറ്റും വാക്കുകളിലെ പ്രചോദനമുൾക്കൊണ്ടു കൊണ്ട് ഞാൻ മനസ്സിലാക്കിയ വിഷചികിത്സാ അറിവുകൾ ഒന്നു പരതി നോക്കി.

വിഷാദം ജനയതി വിഷഃ

വിഷാദം ഉണ്ടാക്കുന്നതെന്തും വിഷമാണെന്നാണ് ഈ വിജ്ഞാനശാഖയുടെ സങ്കല്പം.

ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേക്ക്, മൃത്യുവിലേക്ക് നയിക്കുന്ന വസ്തുവാണ് വിഷം.
ശരീരത്തിലോ മനസ്സിലോ പ്രവേശിക്കുന്ന പ്രയാസമുണ്ടാക്കാവുന്ന ഏത് അന്യ വസ്തുവും വിഷമാണ്.

ശരീരത്തിൽ വിഷത്തിന് നിലനില്ക്കുവാനും പ്രവർത്തിക്കാനുമുള്ള സാഹചര്യമില്ലാതാക്കുകയും അപാകിയായ അതിനെ പാകിയാക്കുകയുമാണ് ഔഷധങ്ങളുടെ ധർമ്മം.

വിഷവസ്തു ശരീരത്ത് കടന്നാൽ ശരീരം അതിനെ പ്രതിരോധിച്ച് തോൽപിക്കാൻ ശ്രമിക്കും. ഏതു തരം വിഷമാവസ്ഥ നേരിട്ടാലും അതിനു പറ്റിയ വിധികൾ ചെയ്യുമ്പോൾ അത് ഫലപ്രദമാകണമെങ്കിൽ ശരീരത്തിൽ അന്തർലീനമായ പ്രാണശക്തി ഉണർന്ന് പ്രവർത്തിക്കണം. എത്ര വീര്യമുള്ള ഔഷധമായാലും ഓജസ് (ഇമ്മ്യൂണിറ്റി ) തളർന്നിരുന്നാൽ അതത്ര ഫലിക്കില്ല. ഓജസിനെ ഉണർത്തി കർമ്മോന്മുഖമാക്കാനുള്ള പ്രവർത്തികൾ
ഒപ്പം ചെയ്യണം. സ്രോതോരോധം നീക്കി ഓജസിന്റെ വഴി ശരിപ്പെടുത്തണം. അതിനുള്ളതാണ് അഗദങ്ങൾ. വിഷം മൂലം ശരീരത്തിന് നാശം വരുത്തുന്ന വികാരങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഔഷധങ്ങളാണ് അഗധങ്ങൾ. സ്രോതോ ബന്ധം നീക്കി രസാത്മകമായ ഓജസിനെ കർമ്മോന്മുഖമാക്കാൻ സഹായിക്കുന്നു അവ. ക്ഷീണിച്ച് പോകുന്ന ഓജസിനെ, പ്രതിരോധശക്തിയെ, പുനരുജ്ജീവിപ്പിച്ച് ബലപ്പെടുത്തി കരുത്തുറ്റതാക്കി നിലനിർത്തുക എന്നതാണ് അഗധങ്ങളുടെ കർത്തവ്യം.

അഗധതന്ത്ര സങ്കല്പനത്തിൽ കൊറോണ വൈറസിനെ നോക്കിക്കണ്ടാൽ അത് വിഷമാണ്.
അങ്ങനെ നോക്കുമ്പോൾ കൊറോണ വൈറസ് രോഗത്തിൽ കാണുന്ന ലക്ഷണങ്ങളുള്ള വിഷാവസ്ഥകളുണ്ട്. പ്രത്യേകിച്ച് രാജിലവിഷത്തിൽ.

‘രാജിലത്തിൻ വിഷത്തിങ്കൽ സർപ്പദംശത്തിലെന്നപോൽ
നാഡീകേന്ദ്രങ്ങൾ ബാധിച്ചു ശ്വാസോച്ഛ്വാസം തടഞ്ഞിടും….

ആലസ്യം ഛർദിയും നെഞ്ഞു കലിപ്പംഗം കനക്കലും
മതൃക്കും വായ, കണ്ഠത്തിലുണ്ടാം കുറുക്കലും
പഴുപ്പുമുണ്ടാം കണ്ഠത്തിൽ കണ്ണിലുണ്ടാം ചൊറിച്ചലും…
കഫ കോപത്തിനാലുണ്ടാം രോഗങ്ങൾ പലതും വരും’

രോഗാവസ്ഥയുടെ തുടക്കം മുതൽ കൂടിയാൽ കൊടുക്കേണ്ട യോഗങ്ങൾ വരെ ഏറെയുണ്ട്.

  • ചുക്കോ കുരുമുളകോ ചൂടുവെള്ളത്തിൽ കുടിയ്ക്കുക
  • അമൃതും കുരുമുളകും ചൂടുവെളളത്തിൽ കുടിയ്ക്കുക
  • കടുത്രയം തേനിൽ കഴിയ്ക്കുക
  • ഇന്തുപ്പ്, നെയ്യ്, കടുത്രയം എന്നിവ ചൂടുവെളളത്തിൽ കുടിയ്ക്കുക.
  • നീലയമരിവേര് ചുക്ക് ചേർത്ത് ചൂടുവെള്ളത്തിൽ കുടിയ്ക്കുക
  • ചൂടുവെള്ളത്തിൽ ചുക്ക്, മുളക്, തിപ്പലി എന്നിവ ചേർത്ത് കുടിയ്ക്കുക
  • ഇന്തുപ്പ്, മുത്തങ്ങ, ചെറുചീര എന്നിവ പാലിൽ സേവിക്കുക
  • അമുക്കുരവും കറളേകവും കാടിയിൽ പാനം ചെയ്യുക
  • ഇന്തുപ്പ് ചുക്ക് മുളക് എന്നിവ തേനിൽ നക്കുക
  • കടുത്രയം കരിനൊച്ചിയില നീരിൽ പാനം ചെയ്യുക

(ലളിതമായ ചിലത് കുറിച്ചുവെന്നു മാത്രം)

ദോഷങ്ങൾ അധികമായാൽ നസ്യം, അഞ്ജനം എന്നിവ ചെയ്യുക. അതിന് എളുപ്പത്തിൽ കിട്ടാവുന്ന ഔഷധങ്ങളുണ്ട്.

വില്വാദി ഗുളിക, വിഷ വില്വാദി ഗുളിക, ദൂഷീ വിഷാരി ഗുളിക, വിശ്വഹിം ഗ്വാദി ഗുളിക, ഗോപീചനാദി ഗുളിക, ദശാംഗം ഗുളിക തുടങ്ങിയ ഗുളികകളും ഒട്ടേറെ കഷായക്കൂട്ടുകളും വിഷചികിത്സാ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

ഏത് അളവിൽ, എങ്ങനെ കഴിയ്ക്കണമെന്നും നിർദ്ദേശിക്കുന്നു. ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നാണ് പഴമൊഴി. അളവില്ലാത്തതൊന്നുമില്ല. പ്രായം, അവസ്ഥ എന്നിവയൊക്കെ നോക്കിയാവണം അളവും തവണകളും നിശ്ചയിക്കേണ്ടത്. അതുകൊണ്ട് തന്നെ ചികിത്സകരുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാവും നല്ലത്.

അഗധതന്ത്ര പ്രകാരം പ്രാണവായുവിന്റെ വിനാശത്തിന് കാരണമാകുന്നത് കഫമാണ്. സ്നേഹനവും സംരക്ഷണവുമാണ് (Lubrication and Preservation) കഫധർമ്മങ്ങൾ. ഇത് പ്രധാനമായും പ്രത്യക്ഷ ശാരീരത്തിലെ Mucous Secretions and Inter- cellular tissues including linage membranes എന്നിവയെ അവലംബിച്ചാണ് പ്രവർത്തനം നടത്തുന്നത്. ആയൂർവ്വേദ പ്രകാരം കഫ കോപമാണ് അഥവാ ദൈഹിക പ്രക്രിയയാണ് വാതത്തെ ദുഷിപ്പിച്ച് ശ്വസന കേന്ദ്രങ്ങളെ ബാധിക്കുന്നത്. കേവലം കഫ പ്രതിവിധി കൊണ്ട് ശ്വാസവൈഷമ്യത്തിൽ നിന്നും ആത്യന്തിക മരണത്തിൽ നിന്നും മോചനം ലഭിക്കുന്നുവെന്ന അനുഭവം തന്നെയാണ് ഈ യുക്തിയ്ക്കുള്ള സാധൂകരണമെന്ന് വി.എം കുട്ടികൃഷ്ണമേനോൻ അഭിപ്രായപ്പെടുന്നു.

1986 ൽ ക്രിയാകൗമുദി എന്ന ഏറ്റവും ബൃഹത്തായ ഭാഷാ വിഷവൈദ്യ പുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം വഴി പ്രസിദ്ധീകരിക്കുമ്പോൾ ഈ പഴഞ്ചൻ ചികിത്സാരീതിയുടെ ഇന്നത്തെ ആവശ്യത്തെപ്പറ്റി എഴുതുന്നുണ്ട്. സർപ്പ ചികിത്സയ്ക്കല്ല ഇതൊരു പക്ഷേ ഉപകരിയ്ക്കുക,  മറ്റു രോഗങ്ങളുടെ പ്രതിവിധി അസാധ്യമാകുന്ന കാലത്താവുമെന്ന് അദ്ദേഹം പ്രതീക്ഷ പുലർത്തുന്നു.

ആ അർത്ഥത്തിൽ കേരളീയ വിഷചികിത്സാ സമ്പ്രദായത്തെ കോവിഡ് പശ്ചാത്തലത്തിൽ അന്വേഷിക്കാവുന്നതും പരീക്ഷിക്കാവുന്നതുമാണ്.

സഹായക ഗ്രന്ഥങ്ങൾ

കുട്ടിക്കൃഷ്ണ മേനോൻ വി എം,
ക്രിയായാകൗമുദി (1986), സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം

കൊച്ചുണ്ണി തമ്പുരാൻ (1998) പ്രയോഗ സമുച്ചയം, ദേവി ബുക്ക് സ്റ്റാൾ, കൊടുങ്ങല്ലൂർ

ഗോവിന്ദൻ വൈദ്യർ ( 2015) (വ്യാഖ്യാ)അഷ്ടാംഗഹൃദയം, ദേവി ബുക്ക് സ്റ്റാൾ, കൊടുങ്ങല്ലൂർ

(1927) ജ്യോത്സനിക, കൊച്ചി മലയാള ഭാഷ പരിഷ്ക്കരണ കമ്മറ്റി

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Covid 19 alternate medicine traditional treatment for coronavirus myna umaiban

Next Story
ഒരു പാന്തമിക്‌ കാലവും കുരിപ്പുപുരയും
The moderation of comments is automated and not cleared manually by malayalam.indianexpress.com