scorecardresearch
Latest News

എത്രയോ 21 ദിവസങ്ങളുടെ ഏകാന്ത ജാലകം തുറക്കുമ്പോൾ 

കോവിഡ് കാല ലോക്ഡൗൺ ദിവസങ്ങളുടെ വീട്ടിലടച്ചിരിപ്പു നേരത്ത്, ജീവിതത്തിലിന്നേവരെ അനുഭവിച്ചിട്ടുള്ള ഒറ്റപ്പെട്ട സഹനവുമായി അതിനെ ചേർത്തുവച്ചു വായിച്ചു നോക്കുകയാണ് ലേഖിക

എത്രയോ 21 ദിവസങ്ങളുടെ ഏകാന്ത ജാലകം തുറക്കുമ്പോൾ 

കൊറോണാ ലോക് ഡൗണ്‍ പ്രമാണിച്ചുള്ള വീട്ടിനകത്തടച്ചുപൂട്ടിയിരിപ്പിന്റെ 21 ദിവസങ്ങള്‍ എങ്ങനെ ചിലവഴിക്കുന്നു, എങ്ങനെ ചിലവഴിക്കാം എന്നൊക്കെ പാചക, പുസ്തക വായന, സിനിമാ കാണല്‍, പൂന്തോട്ടനിര്‍മ്മാണം, പച്ചക്കറികൃഷി, പ്രകൃതിനിരീക്ഷണം എന്നിങ്ങനെ വിവിധമേഖലകളെ തൊട്ട് പലവക കുറിപ്പുകള്‍ പല നീളത്തില്‍ പല ചാരുതയില്‍ എവിടെയും പ്രത്യക്ഷപ്പെടുന്ന കാലമാണിത്.

ഇതെല്ലാം കണ്ടിരിക്കുമ്പോള്‍ എന്നെ വന്നത്ഭുതം തൊടുന്നു ഇരുപത്തൊന്നു വീട്ടിലിരിപ്പു ദിവസങ്ങള്‍ ഇത്ര വലിയ കടമ്പയോ എന്ന്. പിന്നെ വിഷാദമയമായ ഒരു ഏകാന്തവാസത്തിന്റെ അനിശ്ചിതത്വം തൂവിനിറഞ്ഞ വഴികളില്‍ പെട്ടു പോയ ഒരു ഒന്നരവര്‍ഷക്കാലത്തിന്റെ കയറ്റിറക്കങ്ങളില്‍ കിതച്ചു നിശ്ചലം നിന്നു പോയതിന്റെ ഓര്‍മ്മ എന്നെ വന്ന് ചുറ്റിപ്പിടിക്കുന്നു, ഞാന്‍ വീണ്ടും ഒരു ജനലോരം പോലുമില്ലാതെ ഒരു കട്ടിലോര്‍മ്മയില്‍, നടുവിനിട്ട പടച്ചട്ട പോലത്തെ ഒരു ബ്രെയ്സിന്റെ ഓര്‍മ്മയില്‍ ചുറ്റിത്തിരിയുന്നു.  കഴിഞ്ഞു പോയ കാര്യങ്ങളെ ഒന്നും പോലല്ല കൊറോണ. താരതമ്യങ്ങള്‍ക്കപ്പുറത്താണത് എന്ന് ഈ വൈറസിനെ എല്ലാ ഗൗരവത്തോടെയും ഉള്‍ക്കൊണ്ടിട്ടും. കഴിഞ്ഞു പോയ ചില അനിശ്ചിതത്വങ്ങളുടെ ‘ഞാനോര്‍മ്മ’ വന്ന് എന്നെ ശ്വാസം മുട്ടിക്കുന്നു.

ഇന്നലെ ഊണു കഴിക്കാനിരുന്നപ്പോള്‍ മകന്‍ ചോദിച്ചു, ‘അമ്മേ എന്താണൊരു പ്രത്യേകതരം നോട്ടം?’ എങ്ങും ഫോക്കസ് ചെയ്യാത്ത ഒരു പ്രത്യേകതരം നോട്ടം എനിയ്ക്കുണ്ട് പലപ്പോഴും, എന്നതവന്‍ കണ്ടു പരിചയിച്ച് പിടിച്ചെടുത്തിരിക്കുന്ന ഒരു കാഴ്ചയാണ്. മുന്നിലെ വസ്തുക്കളുടെയും ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളുടെയും സാന്നിദ്ധ്യം ക്ഷണനേരത്തേക്ക് മാഞ്ഞു പോയി വേറേതോ കാലം എന്റെ ഉള്ളില്‍ തിളച്ച് തൂവാന്‍ തുടങ്ങുമ്പോഴാണ് ശൂന്യതയില്‍ കണ്ണും മനസ്സും പൂഴ്ത്തി ഞാന്‍ ഒരു മയങ്ങിയിരിപ്പിന്റെ അന്തമില്ലാക്കയങ്ങളില്‍ വീണുപോവുക എന്നവനറിയാം. അപ്പോഴവന്‍ വിരലുയര്‍ത്തി ചോദിയ്ക്കും – ‘അമ്മേ ഇതെത്ര?   ‘ആ ഒന്നിന്റെ വിരല്‍നീളത്തിലൂടെ പിടിച്ച് കയറി ഞാന്‍ പിന്നെയും ഓര്‍മ്മച്ചൂടു തൂത്തുകളഞ്ഞ് ഇന്നിന്റെ തൂവാനം നനയും, തലയില്‍ വീണ ചെറുതുള്ളിത്തണുപ്പിലൂടെ വിരലോടിച്ച് ഒരു ‘ഇന്നുചിരി’ ചിരിയ്ക്കും.

ഇന്നലെ ഞാനവനോട് പറഞ്ഞു, ‘ഈ കൊറോണ അടച്ചിരിപ്പിനെയും നട്ടെല്ലു റ്റിബിക്കാലത്തെ ഒന്നരവര്‍ഷം നീണ്ട അജ്ഞാതവാസയിരിപ്പിനെയും അടുത്തടുത്തുവച്ച് എന്തെങ്കിലും എഴുതിയാലോ എന്ന് ആലോചിക്കുകയാണ്.’  ‘ഇരിപ്പല്ല കിടപ്പ്’ എന്നവന്‍ ചിരിയോടെ തിരുത്തി.

ഞാനും ചിരിച്ചു, എന്നിട്ടോര്‍ത്തു. ഇതുപോലെ എത്രയോ ഇരുപത്തിയൊന്നു അടച്ചിരിപ്പു ദിവസങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു ജീവിതത്തിലിതിനകം! മെഡിക്കല്‍ ട്രസ്റ്റ് ആശിപത്രീവാസത്തിന്റെ ജനലഴിക്കരികെ വന്നു നിന്ന്, വിവിധ സ്‌ക്കൂളുകളിലേക്കൊഴുകുന്ന സ്‌ക്കൂള്‍കുട്ടികളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു കരയാതെ സങ്കടം പറഞ്ഞ പെണ്‍കുട്ടി ഏഴാം ക്ളാസുകാരിയായിരുന്നു.  അവള്‍ വേനലവധിയിലെ രണ്ടുമാസ അസുഖക്കാലവും കഴിഞ്ഞ് വീണ്ടുമൊരു മാസ നേരെയാവല്‍ക്കാലവും കൂടി കഴിഞ്ഞാണ് സ്‌ക്കൂളില്‍ ചെന്നത്. നാലാം വയസ്സ്, ഏഴാം വയസ്സിലനുഭവിച്ച പല പല ഇരുപത്തിയൊന്നു ദിവസ അജ്ഞാതവാസങ്ങള്‍ തീവ്രതരമായിരുന്നുവെങ്കിലും കുട്ടിക്കാലത്തിന്റെ കളിചിരിയില്‍ പെട്ട് അതവളെ അത്രയൊന്നും സങ്കടപ്പടുത്താതെ പോയി. പക്ഷേ കണക്കപ്പോഴും അവള്‍ക്ക് പിടികിട്ടാപ്രശ്നമായിരുന്നു. പിടിതരാത്ത കണക്കിന് കാരണം, ക്ളാസുകള്‍ നഷ്ടപ്പെട്ടു പോയി അടിസ്ഥാനം നഷ്ടപ്പെട്ടതായിരുന്നു.

 

ഇതിനിടയിലെപ്പോഴെങ്കിലും ഡിപ്രഷന്‍ വന്നു തൊട്ടിട്ടുണ്ടോ എന്ന് ഇപ്പോഴത്തെ ഡിപ്രഷന്‍ വിവരണമയമായ എഫ്ബി പോസ്റ്റുകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ട്. വന്നു പോകാതിരിക്കാന്‍ ഒരു വഴിയുമില്ല, നോക്കുന്നിടത്തെല്ലാം ഇരുട്ടായ,എങ്ങനെ കിടന്നാലും ഇരുന്നാലും വേദനയായ കാലം, ഉറക്കം തരിപോലും കിട്ടാതായ കാലം, ഒരു ശാരീരിക ആവലാതികളുമില്ലാതെ ഒരഞ്ചുമിനിട്ട് അനുവദിച്ചു കിട്ടാന്‍ വേണ്ടി എല്ലാ അമാനുഷിക ശക്തികളോടും ഇരന്ന കാലം – അന്നൊന്നും ഡിപ്രഷന്‍ എന്ന വാക്കില്ലായിരുന്നതു കാരണം ഇരുട്ടിന്റെ മുഴക്കം, ആഴം അറിയാതെ പോയതാവും.

ഇനിയെത്രയോ ഇരുപത്തിയൊന്നുദിവസങ്ങള്‍ എന്റെയീ ജീവിതത്തിലേയ്ക്ക് വരാനിരിക്കുന്നുണ്ടാവാം… എന്നാലും ഏറ്റവും വലുത് ആ സ്പൈന്‍ റ്റിബിക്കാലമായിരുന്നു. ആ ഒന്നരവര്‍ഷക്കാലം മുഴുവനും, ഇരുപത്തിയൊന്നു ദിവസങ്ങളുടെ ഒരു കൂട്ടമായിരുന്നു.

‘ഏദന്‍’ സിനിമാ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ ഈ ലോക്ഡൗണ്‍കാലത്ത് വിളിച്ചപ്പോ ഞാന്‍ പറഞ്ഞു ചിരിച്ചു, ‘ഇരിക്കാം, നടക്കാം, ഓടാം, ചാടാം എന്നൊക്കെയുള്ള ഒരു സമാധാനമുണ്ട്. കൂടെയുള്ളത്, ഒന്നു തിരിയാന്‍ പോലും പറ്റാത്തത്ര വേദനയല്ലല്ലോ, അതുതന്നെ വലിയ സമാധാനം. കൊറോണ വന്നാല്‍ വേഗം മരിച്ചു പോകുമല്ലോ. സഹിച്ചു, സഹിച്ച് സഹനത്തിന്റെ ആള്‍രൂപമാകേണ്ടില്ലല്ലോ.’

സഞ്ജു ഒരു ഓര്‍മ്മയില്‍ ചവിട്ടിനിന്ന് പൊട്ടിച്ചിരിച്ചു. ‘കപില’ ഡോക്യുമെന്ററിയുടെ ദേശീയ അവാര്‍ഡിനോടനുബന്ധിച്ചു തൃപ്പൂണിത്തുറയില്‍ നടന്ന സ്‌ക്രീനിങ്ങ് കഴിഞ്ഞ് എന്നോട് പറയാതെ എരമല്ലൂരിലെ എന്റെ വീട്ടില്‍ വന്നതായിരുന്നിരിക്കണം ആ ഓര്‍മ്മയില്‍ തെളിഞ്ഞത്. എന്നോടനുവാദം ചോദിക്കാന്‍ നിന്നാല്‍, എന്റെ വേദനയും വിഷമവും പറഞ്ഞ് ഞാന്‍ കാണാന്‍ വരാന്‍ സമ്മതിയ്ക്കില്ല എന്നു സഞ്ജുവിനറിയാമായിരുന്നു.

സഞ്ജു എത്തിയ നേരം, ഭാഗ്യത്തിന് എനിയ്ക്ക് വേദനയുണ്ടായിരുന്നില്ല എന്നു മാത്രമല്ല വര്‍ത്തമാനം പറഞ്ഞ്, ഒരുപാടുനാള്‍ കൂടി ഞാനൊരുപാട് ചിരിക്കുകയും ചെയ്തു. പെട്ടെന്നാണ് ദിവാനില്‍ നിന്നൊന്ന് അനങ്ങാന്‍ നോക്കിയ എന്നെ വേദന പിടികൂടിയത്. ചാഞ്ഞിരുന്ന പൊസിഷനില്‍ ഒട്ടിപ്പോയപോലെ ഞാന്‍ പിടഞ്ഞു കരഞ്ഞു. അങ്ങോട്ടും ചായാന്‍ വയ്യ ഇങ്ങോട്ടും ചായാന്‍ വയ്യ വേദന കൊണ്ട് എന്ന അവസ്ഥ. സഞ്ജു പരിഭ്രമിച്ചെഴുന്നേറ്റു, എന്റെ ഏതവസ്ഥയിലും എന്റെ ചിരി കണ്ടുമാത്രമേ സഞ്ജുവിന് ശീലമുണ്ടായിരുന്നുള്ളു. പിന്നെ ‘സഞ്ജു നില്‍ക്കണ്ട, എന്റെ വേദനിക്കുന്ന മുഖം, രൂപം ഒന്നും ആരും കാണുന്നതെനിക്കിഷ്ടമല്ലെ’ന്നു പറഞ്ഞ് കരഞ്ഞു ഞാന്‍, ആ നിമിഷം തന്നെ സഞ്ജുവിനെ പറഞ്ഞയച്ചു.

പിന്നെ ആശുപത്രി പര്‍വ്വങ്ങള്‍ ഇടവിട്ടിടവിട്ട് വന്നു, എന്തൊരു റ്റൈം റ്റേബിളൊപ്പിച്ച ജീവിതമായിരുന്നു അത്! എനിയ്ക്ക് കൂട്ടായി അച്ഛനും ഹോംനേഴ്സുമാണ് ഉണ്ടായിരുന്നത്. എന്റെ മകനെ നോക്കാനായി വീട്ടില്‍ എന്റെ അമ്മ.

രാവിലെ നാലുമണിയ്ക്ക് നേഴ്സുമാര്‍ വന്ന് ബ്ളഡ് ടെസ്റ്റിന് വട്ടം കൂട്ടും. ഉറക്കത്തില്‍ നിന്നു തട്ടിയുണര്‍ത്തി സൂചി കേറ്റുമ്പോഴേക്ക് ഞാന്‍ മയങ്ങിപ്പോവും. വേദന വിഴുങ്ങി ഞാനപ്പോഴേതാണ്ടുറങ്ങിയിട്ടേ ഉണ്ടാകൂ. പിന്നെ ബ്ളഡ് കിട്ടുന്നില്ല എന്നു പറഞ്ഞ് സൂചി, എന്റെ നേര്‍ത്ത ക്ഷീണിതഞരമ്പുകളിലൂടെ വളഞ്ഞു പുളഞ്ഞ് നടക്കുമ്പോള്‍ ഇതിനകം മയക്കത്തിലേക്കുവീണു പോയ ഞാന്‍ ഞെട്ടിപ്പിടഞ്ഞ് ഉണരും. ഞാഞ്ഞൂലു പുളയുമ്പോലെ സൂചി പുളഞ്ഞ് തോല്‍ക്കുമ്പോള്‍ അവര്‍ പറയും, ‘ഇനി എട്ടു മണിയുടെ ഷിഫ്റ്റുകാര്‍ വന്നു നോക്കട്ടെ.’ രാത്രിയില്‍ കിട്ടാതിരുന്ന ഉറക്കത്തിലേക്ക് ഞാന്‍ പിന്നെയും വീഴും.

രാവിലെ ഏഴുമണിയാകുമ്പോഴേക്ക് ഒരു പതിവു വിളി വരും. ഞാന്‍ ഉറക്കം കുടഞ്ഞു കളഞ്ഞ് കണ്ണു വലിച്ചു തുറന്ന് ചെവിയോര്‍ക്കും. എന്റെ മകനാണ്. കുളിച്ച് സ്‌ക്കൂള്‍ യൂണിഫോമിട്ട് ലാന്‍ഡ് ഫോണില്‍നിന്ന് പതിവു വിളി. അന്നവന് എട്ടൊന്‍പതു വയസ്സ്. പതിവു ചോദ്യങ്ങളാണ്   ‘വേദന കുറഞ്ഞോ അമ്മേ?’ ഞാനവനെ സമാധാനിപ്പിയ്ക്കാനായി പറയും,
‘ഉവ്വ്. ‘  അപ്പോഴവന്‍ ചിരിയാവും-എന്നിട്ട് ചോദിക്കും ‘ഇന്നു വരുമോ വീട്ടിലേയ്ക്ക് ഡിസ്ചാര്‍ജ് ആയി?’  ഞാന്‍ കുഴങ്ങും. ‘സുഖമായീന്നും പറയണു, വീട്ടിലേക്കു വരാറായില്ലെന്നും പറയണു അമ്മ’എന്നവന്‍ സങ്കടപ്പെടും. ‘ഇനീം വരുമോ പഴയതുപോലെ വേദന എന്നു കുറച്ചു ദിവസം കൂടി നോക്കീട്ട് വിടുമായിരിക്കും’ എന്ന സമാധാനിപ്പിക്കലിന്റെ തുമ്പു പിടിച്ച് എന്റെ കുട്ടി സ്‌ക്കൂളിലേക്കു പോവും.

പിന്നെ റൗണ്ട്സിനു വരുന്ന ഡോക്റ്ററെ കാത്തിരിക്കലാണ് അച്ഛനും മകളും. ഓരോ തവണത്തെ ഹോസ്പിറ്റല്‍ അഡ്മിഷനിലും പല മാതിരി അപരിചിത പ്രശ്നങ്ങള്‍, സ്പൈന്‍ റ്റിബി എന്ന പരിചിതപ്രശ്നത്തിനുമപ്പുറം വന്നു പോകുന്നതു കൊണ്ട് ഡോക്റ്റേഴ്സിന് തന്നെ എന്നെ എന്തു ചെയ്യണമെന്ന് വലിയ നിശ്ചയമില്ല. പരീക്ഷണങ്ങളും നീരീക്ഷണങ്ങളും കാത്തിരിപ്പുകളും ആണ് അവര്‍ക്കും ചെയ്യാനുള്ളത്. ഒരു വിധം സുഖായി എന്നു കാണുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യും. അതിലിരട്ടി പ്രശ്നങ്ങളുമായി ഞാന്‍ തിരിച്ചു വരും.

ഡോക്റ്റേഴ്സിന്റെ റൗണ്ട്സ് കഴിഞ്ഞാല്‍ അച്ഛന്‍, ഇടപ്പള്ളിയില്‍ നിന്ന് തൃക്കാക്കരയ്ക്ക് പോകാന്‍ വട്ടം കൂട്ടും. അമ്മയ്ക്ക് പച്ചക്കറി, എന്റെ മകന് കൊറിക്കാനുള്ളത്, അച്ഛനുള്ള മാസികകള്‍ അങ്ങനെ പലതു വാങ്ങാനുണ്ടാവും അച്ഛന്.

പിന്നെ ഞാനും ഹോം നേഴ്സും തനിച്ചാണ്. പതിനഞ്ചോളം ഹോം നേഴ്സുകള്‍വന്നു പോയി ഒന്നരവര്‍ഷക്കാലം കൊണ്ട്… ഒറ്റയാളുടെ മുഖമേ ഓര്‍മ്മയിലുള്ളൂ. ഇവരുടെയൊക്കെ കുളിപ്പിക്കലിനിടയില്‍, കുളിവെള്ളത്തിലേക്ക് കണ്ണീരു ചേര്‍ത്ത് ഞാന്‍ കരഞ്ഞു.

ഒരു പാട്ടും, എന്തിന് ഏത് സങ്കടക്കടലില്‍ വീണു പോയാലും വസന്തമലര്‍ക്കിളികളുമായി ചിറകാര്‍ന്നെത്തുന്ന ‘ശരദിന്ദുമലര്‍ദീപ നാളം നീട്ടി’ പോലും കേള്‍ക്കണമെന്നു തോന്നിയില്ല. ഒരു സിനിമയും കാണണെന്നു തോന്നിയില്ല. ആരോടും മിണ്ടണമെന്നു തോന്നിയില്ല. ആരെയും കാണണമെന്നു തോന്നിയില്ല. ഫോണ്‍ പലപ്പോഴും കട്ടിലില്‍ത്തന്നെ വെറുതേ കിടന്നു. പിന്നെ മടുപ്പിക്കുന്ന ഭക്ഷണചര്യകളും.

ലോകമറിഞ്ഞില്ല എന്റെ കിടപ്പ്, അറിയിച്ചുമില്ല ലോകത്തിനെ. എന്നിട്ടും ചോറ്റാനിക്കരയിലെ പ്രോഗ്രാമില്‍ നിന്ന് കെ ആര്‍ മീര വന്നു, ‘ലവ് 24 x 7’  സിനിമാവിജയത്തില്‍ നിന്ന് ശ്രീബാലാ കെ മേനോന്‍ വന്നു, അമൃതയില്‍ ചെക്കപ്പിനു വന്ന അഷിത വീട്ടില്‍ വന്നു, ഒരു യാത്രയ്ക്കിടെ കാസറഗോഡു നിന്ന് ജിബി വത്സന്‍ മാഷ് വന്നു, സ്വന്തം അമ്മയ്ക്ക് അതേ ‘അമൃത’യില്‍ ബൈ സ്റ്റാന്‍ഡറായ വിജു വേറേതോ നിലയില്‍നിന്ന് കയറിവന്നു, അച്ഛന്റെ അമ്മാവന്റെ മകള്‍ ഗംഗച്ചേച്ചി വന്നു, അയല്‍ക്കാരനും അനിയനും ആയ ദാമോദര്‍ ഇടക്കിടെ വന്നു, ഡോക്റ്റര്‍ സുമ വന്നു, എന്റെ കുഞ്ഞമ്മ വന്നു, അപ്പുറത്തെ മുറിയില്‍ അച്ഛന് കൂട്ടിരിപ്പായ മാതൃഭൂമിയിലെ ജിജോ സിറിയക് വന്നു, ക്‌ളാസ് മേറ്റ്‌സായ ഈവയും ദീപയും അനുവും വന്നു. മറ്റൊരു ക്‌ളാസ് മേറ്റായ സഞ്ജയ് മോഹന്‍ ദില്ലിയില്‍ നിന്നു കൊച്ചിയില്‍ വന്നപ്പോഴൊക്കെ എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ വന്നു കണ്ടുപോയി. അഷ്ടമൂര്‍ത്തിയും അശോകന്‍ ചരുവിലും വന്നു പോയത് ഒരു കൊച്ചി FM റെക്കോഡിങ്ങിനിടയില്‍ നിന്ന്. അയല്‍ക്കാരായ പി എഫ് മാത്യൂസും വി എം ഗിരിജയും വന്നു കണ്ടു.

വരാമെന്നു പറഞ്ഞ ചിലരോട്, എന്‍ എസ് മാധവനടക്കമുള്ളവരോട്, ‘വരണ്ട’ എന്നു ഞാന്‍ പറഞ്ഞു . അത് കുട്ടിക്കാലം മുതലേ ഉള്ള പറച്ചിലാണ്, ‘ഞാന്‍ ശരിയാവുമ്പോള്‍ എന്നെ വന്നു കണ്ടാല്‍ മതി.’ അവശത അവനവന്‍ കാണാനുള്ളതാണ് എന്നതാണെന്റെ തത്വശാസ്ത്രം.

വീട്ടിലെത്തിയപ്പോള്‍ ഒരു ദിവസം ഉച്ചയ്ക്ക്, ഞാനക്കാലം ജോലി ചെയ്തിരുന്ന കുസാറ്റ് മെയിന്‍ ലൈബ്രറിയിലെ എല്ലാ സ്റ്റാഫും കൂടി വന്നു. പിന്നെ സഹപ്രവര്‍ത്തകരായി വന്നു പോയത് അരുണയും മിന്നയും ബേബിയും. ഒന്നരവര്‍ഷം കൊണ്ട് ഇത്ര പേര്‍ മാത്രം എന്റെ അവസ്ഥ അറിഞ്ഞു. ചിലര്‍ വന്നപ്പോള്‍ ഞാന്‍ ബോധത്തിലും ചിലര്‍ വന്നപ്പോള്‍ അബോധത്തിലുമായിരുന്നു.  ഈവയും ദീപയും ഒക്കെ വന്നു പോയത്, അവരിലാരുടെയോ കറുപ്പും വെളുപ്പും ചുരിദാറിന്റെ മങ്ങിയ ഡിസൈന്‍ മാത്രമായാണ് എനിക്കോര്‍മ്മ.ഗംഗച്ചേച്ചി വന്നപ്പോള്‍ വേദന കൊണ്ട് പുളയുകയും നിര്‍ത്താതെ പായ്യാരം പറഞ്ഞ് കരയുകയുമായിരുന്നു.

അച്ഛന്‍ തൃക്കാക്കര പോയി കുഞ്ഞുണ്ണി വിശേഷങ്ങളുമായി തിരികെ വരുവോളം, അച്ഛനെ ബസ്സിടിച്ചു കാണുമോ, വണ്ടിയിടിച്ച് കിടക്കുന്ന അച്ഛനെ ആരെങ്കിലും തിരിച്ചറിയുമോ എന്നോര്‍ത്ത് ഞാന്‍ പേടിച്ചു. ചെവിയല്‍പ്പം പുറകോട്ടായതു കൊണ്ട് അച്ഛനെ, അച്ഛന്റെ കുഞ്ഞു നോക്കിയാ ഫോണില്‍ വിളിച്ചാല്‍ പലപ്പോഴുംമെടുക്കില്ല. എത്തിയില്ല അച്ഛന്‍ എന്നു പറഞ്ഞ് അമ്മയെ വിളിക്കാനുള്ള ധൈര്യം ഒട്ടില്ലതാനും.

കുഞ്ഞുണ്ണിയെ കണ്ട്, പിന്നെ ഒരിത്തിരി നേരം ഉറങ്ങി പല ബസുകള്‍ മാറിക്കേറി അച്ഛനെത്തുമ്പോഴേക്ക് വൈകുന്നരം കഴിഞ്ഞ് ഇരുട്ടു വീണു തുടങ്ങും. ഇടയ്ക്കെല്ലാം, അവിടെ ആശുപത്രിയില്‍ത്തന്നെ ജോലിയുള്ള, അവിടെ വച്ചു പരിചയമായ, അഡ്മിനിസ്ട്രേഷന്‍ വിങ്ങിലെ പ്രേമ വന്നു പോകും.  ആശുപത്രിയില്‍ വൈകുന്നേരം, വിഷാദത്തിന്റെ പോക്കുവെയില്‍ വീഴും. രാത്രി, തീരാവേദനകളുടെ കൂടായി മാറാറാണ് പതിവ്.

രാത്രി-ഉറക്കങ്ങള്‍ ശരിയാവാത്തതിനാല്‍ ഒമ്പതുമണിയ്ക്ക് ഒരു മയക്കം വന്നു തുടങ്ങും . അന്നേരമാണ് മകന്റെ അടുത്ത പതിവു വിളി. ഉറങ്ങും മുമ്പുള്ള പതിവു കഥ വേണം.  ഒരു കുറുക്കന്‍ എന്നോ ഒരു കുട്ടിയെന്നോ പറഞ്ഞ് വായില്‍ വന്നത് കോതയ്ക്കു പാട്ട് എന്ന മട്ടില്‍ തുടങ്ങുന്ന കഥയെ, നാവിന് പൊക്കിയെടുക്കാന്‍ വയ്യാത്തത്ര കനം തോന്നും. കഥ, എങ്ങോട്ടൊക്കൈയോ തോന്നിയപോലെ പോകും. അതിന്റെ അവസാനം മകന്‍ കുടുകുടെ ചിരിയ്ക്കും. ആ ചിരിയാണ് ഇന്നേവരെ കഥ പറഞ്ഞതിന് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്. ചിന്ത നേരെ നില്‍ക്കാത്ത സമയത്തും നാവു പൊങ്ങാത്ത നേരത്തും ഏതോ ഒരു കഥ, വന്ന് എന്റെയുള്ളിലൂടെ ഇഴഞ്ഞും നിരങ്ങിയുമൊക്കെയാണെങ്കിലും അവതരിച്ചതിന് ഞാന്‍ ‘ഏണാങ്കാനന’യോട് നന്ദി പറയുമ്പോലെ എനിക്കു തോന്നുമായിരുന്നു ആ മയക്കത്തിന്റെ ബാക്കിയില്‍.

ഒരിയ്ക്കല്‍ അങ്ങനെ അബോധാവസ്ഥയില്‍ മുങ്ങിപ്പൊങ്ങി ശരിയ്ക്കും അസ്തമയത്തിനോടടുത്തു. അത് അച്ഛനും അമ്മയ്ക്കും മനസ്സിലാകാന്‍ കുറച്ച് നേരമെടുത്തു. വൈക്കത്തുനിന്ന് എന്നെ കാണാന്‍ വന്ന കുഞ്ഞമ്മയാണ് പറഞ്ഞത്, ‘അവളുടെ എത്രയോ ആശുപത്രിക്കാലങ്ങള്‍ കണ്ടിരിക്കുന്നു ഞാന്‍. ഇതുപോലൊന്ന് കണ്ടിട്ടില്ല. അവളെ നാളെത്തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യണം.’ പിറ്റേന്നായപ്പോഴേക്ക്, അടുത്ത വീട്ടിലെ, എല്ലാവരും ചെറുപണികള്‍ക്കു വിളിക്കുന്ന പ്രകാശന്‍ എന്ന ചെറുപ്പക്കാരന്‍, ഞങ്ങളുടെ കാറോടിച്ച് അച്ഛന് കൂട്ടായിരുന്ന് എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി.

അന്നേരവും ‘മകന്‍ സ്‌ക്കൂളില്‍ പോയിട്ടു മതി ആശുപത്രിയിലേക്ക്’ എന്നു ഞാന്‍ കുഴഞ്ഞ നാവോടെ നിര്‍ബന്ധം പിടിച്ചു. കാറിലേക്കെന്നെ എടുത്തു കിടത്തുന്നതു കണ്ടു സങ്കടപ്പെട്ടവന്‍ സ്‌ക്കൂളില്‍ പോകണ്ട എന്ന നിശ്ചയത്തിനു തക്കവണ്ണം ‘അമ്മബോധം’ അപ്പോഴും ഉള്ളിലുണ്ടായിരുന്നു. മകള്‍-ബോധത്തേക്കള്‍ സഹോദരീ-ബോധത്തേക്കാള്‍ ഉണ്ടായിരുന്നത് അമ്മബോധമാണ് എപ്പോഴും. പക്ഷേ അമ്മ പോകും ആശുപത്രിയില്‍ ഇന്നു തന്നെ എന്നു മകന് കാര്യങ്ങളുടെ ഒരേകദേശരൂപമുണ്ടായിരുന്നു. തലേന്നവനായിരുന്നല്ലോ അഞ്ചുമില്ലിവെള്ളം, വായ തുറക്കാത്ത എന്റെ ചുണ്ടിലൂടെ ഒഴിച്ചു തന്നത്!

അന്ന് ആശുപത്രിയില്‍ ചെന്നിറങ്ങിയപ്പോള്‍ ഒരു ആണ്‍കുട്ടിയെ കണ്ടു എന്നാണോര്‍മ്മ. മയില്‍പ്പീലി നിറമുള്ള ഷര്‍ട്ടിട്ട,കസവുമുണ്ടുടുത്ത കുട്ടി.എന്റെ മകന്റെ പ്രായം. ഈ പ്രായത്തില്‍ കുട്ടികള്‍ കസവുമുണ്ടുടുത്ത് നടക്കുമോ എന്നാശ്ചര്യപ്പെട്ടത് ഓര്‍മ്മയുണ്ട്.ഹാലൂസിനേഷനായിരുന്നോ അതെന്ന് ഇപ്പോഴും അറിയില്ല. മകനപ്പോഴും നെഞ്ഞിലുണ്ടായിരുന്നു എന്നതിന്റെ സൂചനയായി മാത്രം ഞാനാ മയില്‍പ്പീലിനിറഷര്‍ട്ടുകാരനെ ഇപ്പോഴും ഓര്‍ക്കാറുണ്ട്.

‘എനിയ്ക്കൊന്നു കാണണം’ എന്ന പുലമ്പലിന്റെ ബാക്കിയായി, എന്റെ അസ്തമനമടുക്കുന്നു എന്ന തോന്നലില്‍, ഒരാളെ വീട്ടുകാര്‍ എല്ലാവരും കൂടി വിളിച്ചു വരുത്തുകയുണ്ടായി. കൈ നീട്ടി വിതുമ്പാന്‍ മാത്രം ബോധം വന്നു അപ്പോള്‍.’ഓരോരോ സാഹചര്യങ്ങളല്ലേ?’ എന്ന അലക്കിത്തേച്ച വാചകത്തിന്റെ ബാക്കിയായി ഒരു കൈയില്‍, എന്റെ നീട്ടിയ കൈ വയ്ക്കാനിടം തന്നു. അബോധത്തിന്റെ മുങ്ങിപ്പൊങ്ങലിനിടയിലൂടെയും ആ സ്പര്‍ശത്തിലെ കൈത്തലത്തിന്റെ നിര്‍വ്വികാരത ഞാന്‍ തിരിച്ചറിഞ്ഞു. അവശേഷിച്ചിരുന്ന നേര്‍ത്ത ചരട് വീണ്ടും വീണ്ടു നേര്‍ത്തു പൊട്ടിപ്പോകുന്നതിന്റെ നനുത്ത ശബ്ദം ഞാന്‍ ആ അബോധത്തിനിടയിലും വ്യക്തമായി കേട്ടു. വെള്ളയും കറുപ്പുമണിഞ്ഞ ആ രൂപം പറഞ്ഞതൊക്കെയും ‘ഉള്ളുപൊള്ളയായവാക്കുകള്‍’ എന്നു അബോധം പോലും മന്ത്രിച്ചു കൊണ്ടേയിരുന്നു.

‘ഇനി നീട്ടേണ്ട ഒരു ചെറുവിരല്‍ പോലും ഒരിയ്ക്കലും’ എന്ന് അന്ന് രാത്രിത്തീവണ്ടി അമൃതയ്ക്കരികിലൂടെ പോകുന്ന ഒച്ച കേള്‍ക്കെ ഞാന്‍ അറിഞ്ഞു. പറയാന്‍, പായാന്‍, പോകാന്‍ ഇടം വേറെയാണ് എന്നാ തീവണ്ടി എന്നോടു പറഞ്ഞു. അതിന്റെ ‘ഛുക്കു ഛുക്കു’വില്‍ ഞാന്‍ ജീവന്റെ വേറൊരു മന്ത്രണം കേട്ടു. ‘ഇനിയും വരാം’ എന്നു യാന്ത്രികമായി പറഞ്ഞു പോയ ആ രൂപം വരല്ലേ ഇനി എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. കറുപ്പു വെളുപ്പുമിട്ട ക്യാന്റീന്‍ ജീവനക്കാര്‍ ഓരോ തവണയും വരുമ്പോള്‍, ആ ആളോ എന്ന് ഞെട്ടി.

ചായാനാരുമില്ലാതെ ആശുപത്രിയിലാവുക എന്ന കടമ്പ, ഇരുപത്തിയൊന്നു ദിവസങ്ങളുടെ കടമ്പകളേക്കാള്‍ വലുതാണ്. ‘എണീക്കും, എണീക്കാനാവും വേഗം, ഞാനില്ലേ കൂടെ?’ എന്നു പറഞ്ഞ് തലമുടിയിലൂടെ വിരലോടിക്കുന്ന ആളുടെ സങ്കല്പം മെല്ലെ ഞാനെടുത്തുമാറ്റി.’നീ നിന്റെ തോളില്‍തന്നെ ചാരണ’മെന്ന് അഷിത പറഞ്ഞു. ‘മരിച്ചു പോവാറായി’ എന്നു സ്വയം പറഞ്ഞ അഷിതയോട്, ‘അഷിത പോയാല്‍പ്പിന്നെ പ്രിയ എന്തു ചെയ്യും?’എന്നു ചോദിച്ച അയിഷ ബാലറാമിന്റെ കാര്യം പറഞ്ഞ് അഷിത പൊട്ടിച്ചിരിച്ചു. എനിയ്ക്കപ്പോള്‍ ചിരിയോ കരച്ചിലോ അല്ലാത്ത എന്തോ ഒന്നു വന്ന് എന്റെയുള്ളില്‍ നിറഞ്ഞു.

എനിക്ക് പിന്നെ നടുവിന്റെ പ്രശ്നം മാറി കൈപ്രശ്നമായി. ഒരു വര്‍ഷം തുടര്‍ച്ചയായിട്ടുപോന്ന ബ്രെയ്സ് മാറ്റിയപ്പോള്‍, വലതു കൈ ഒരു തരിപോലും ഉയരുന്നില്ല. പോരാഞ്ഞ് വേദന തന്നെ വേദനയു . ന്യൂറോസര്‍ജന്‍മാര്‍ പലര്‍ , ഫിസിയോ തെറാപ്പിസ്റ്റുകള്‍ പലര്‍…

ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം. വേദന കാണെക്കാണെ കൂടുന്നതേയുള്ളു എന്നു വന്ന ഒരു ദിവസം ഭ്രാന്തെടുത്ത പോലെ,ആരെല്ലാമോ സജസ്റ്റ് ചെയ്ത മൂന്നു വൈദ്യന്മാരെ കാണാന്‍ പോയി. അവരുടെയൊക്കെ ഇടങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ച് കൂടെ വരാന്‍ അച്ഛന്‍ തന്നെയായിരുന്നു ശരണം.

ഏറ്റവും പ്രഗത്ഭനെന്നു പേരു കേട്ട ആള്‍, മുഖത്തുനോക്കിപ്പറഞ്ഞു – ‘നിങ്ങളൊന്നും വിചാരിക്കരുത്. തുറന്നു പറയുകയാണ്.  ഇതു മാറില്ല. ആജീവനാന്തം കൂടെ കാണും.’  ചിരിച്ചു കൊണ്ട് കേട്ടിരുന്നു. തിരികെ കാറില്‍ കേറിയപ്പോള്‍ വന്ന ഭ്രാന്തിന്റെ ബാക്കിയായാണ് മറ്റു രണ്ടു പേരെയും കാണാന്‍ പോയത്. ‘മാറാം, മാറാതിരിക്കാം’ എന്ന സുരക്ഷിത നിലപാടെടുത്തു അവര്‍.

അമ്മ കുളിപ്പിച്ചു തോര്‍ത്തിത്തന്നു. മകന്‍, കൈ വലിച്ചുയര്‍ത്തി ഉടുപ്പിടീച്ചു തന്നു. സ്ലീവ്ലെസ് ആയ രണ്ടുടുപ്പു വേണമായിരുന്നു. ആരു പോയി വാങ്ങിക്കാന്‍, ആരു തയ്പിച്ചുതരാന്‍… കാശുണ്ടായാലെന്ത്, ആളിനു പകരമാവില്ലല്ലോ കാശ്.  ദാമോദര്‍ എന്ന എന്റെ FM കൂട്ടുകാരനിയന്‍ ഓര്‍ത്തെടുക്കും പോലെ ദയനീയമായിരുന്നു എന്റെ സ്ഥിതി. ഒരു ദിവസം രാവിലെ അഡ്മിറ്റായ സമയത്ത് വിവരമറിഞ്ഞ് ദാമോദര്‍ വരുമ്പോള്‍ എന്‍ഡോസ്‌ക്കോപ്പി വാര്‍ഡില്‍ ഒരു കട്ടിലില്‍ കുഴഞ്ഞ് കിടപ്പാണ് ഞാന്‍.

‘നമ്മുടെ തിരക്കഥാകൃത്ത് ആ ബിപിന്‍ ചന്ദ്രനായിരുന്നെങ്കില്‍, ‘മലയാളത്തിന്റെ പ്രിയ കഥാകാരി വീണു കിടക്കുന്നതു കണ്ടോ തുണയ്ക്കാരുമേയില്ലാതെ,’  എന്നു എടുത്തടിച്ചതുപോലെ തുറന്നു പറഞ്ഞേനെ’ എന്നു പിന്നീട് പറഞ്ഞുചിരിക്കുമ്പോള്‍ ദാമോദറിന്റെ കണ്ണിന്റെ തുമ്പത്ത് നനവ്. അന്ന് ദാമോദര്‍ വന്ന ശേഷമാണ് അച്ഛന്‍ വഴിയോര സോഫയില്‍ ഒന്നു പോയി നടുവുനീവര്‍ത്തിയത്.

ദാമോദറും ഭാര്യ രേഖയും കൂടി തയ്പിച്ചു തന്ന രണ്ടുടുപ്പ്, അനു വാങ്ങിത്തന്ന രണ്ടെണ്ണം – നാലു സ്ളീവ്ലെസ് ഉടുപ്പില് , നനച്ചുണക്കാനെളുപ്പമായ മൂന്നേ മൂന്നു ‘ധോത്തി പാന്റ്സില്‍’ ല്‍ എന്റെ ഒന്നരവര്‍ഷക്കാലം കഴിഞ്ഞുപോയി. അലമാരയിലെ ബാക്കി ഉടുപ്പുകളില്‍ ഇരട്ടവാലന്‍ ഇഴഞ്ഞു തിമര്‍ത്തുകാണണം. കുപ്പിവളപ്പാത്രങ്ങളും മാലകളും കമ്മലുകളും എന്ന ഏട് ഞാന്‍ മറന്നു പോയിരുന്നു. ഒരു ഒറ്റക്കല്‍ വൈരക്കല്ലു മൂക്കുത്തി മാത്രം, ചരിഞ്ഞുകിടക്കുമ്പോള്‍ വെളിച്ചത്തെ പ്രതിഫലിപ്പിച്ച് ഏഴഴകായി, എന്നെ ചിലപ്പോള്‍ പുറത്തെ ആകാശം പ്രതിഫലിപ്പിച്ചു കാണിച്ചുതന്നു… ചിലപ്പോള്‍ അതും, സ്‌ക്കാനിങ് നേരത്ത് ഊരേണ്ടി വന്നു. അതൂരി അച്ഛനെ ഒരു ചെപ്പിലിട്ടേല്പിച്ചു അപ്പോഴെല്ലാം.

ഇന്നാളെപ്പോഴോ ആ കളം കളം മള്‍ട്ടികളര്‍ ധോത്തി പാന്റ്സ് ഓഫീസിലിട്ടപ്പോള്‍ , ‘പുതിയതോ? എവിടുന്നു വാങ്ങിയത്?’എന്നെല്ലാം ആരോ ചോദിച്ചു. ‘ഞാനതിനെ, ഞാന്‍ കാണാത്ത വിധം ഒളിച്ചു വച്ചിരിക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു ചിരിച്ചു.

ആര്‍ക്കാണ് ആശുപത്രി മണം ഇഷ്ടം! അതന്ന് ആശുപത്രിക്കാലത്തിന്റെ അവസാനം എറിഞ്ഞു കളയാന്‍ തോന്നിയിരുന്നു. പിന്നെയുമെടുത്തുവച്ചത്, അഷിത കൂട്ടിനില്ലെങ്കിലും അച്ഛനൊരു വീഴ്ചയോടെ പുറത്തിറങ്ങാതായെങ്കിലും ‘ഞാനിനിയും ആശുപത്രിയിലാകുമോ, ഇനിയും വേണ്ടി വരുമോ പെട്ടെന്നു നനച്ചുണക്കാവുന്ന, പരുപരുപ്പായി കുത്തിനോവിക്കാത്ത കുപ്പായങ്ങള്‍’ എന്ന് തീര്‍ച്ചയില്ലാത്തതുകൊണ്ടാണ്.

എന്നെ ചുറ്റിക്കറങ്ങുന്ന മകന്റെ ലോകവും, ഞാനെപ്പോഴും കട്ടിലില്‍ കിടപ്പായതു കൊണ്ട് എന്റെ കട്ടിലിലേക്കൊതുങ്ങി. വായന, എഴുത്ത്, കളി, വര ഇതിനെല്ലാം അവനെന്റെ കട്ടില്‍ മതിയെന്നായി. വല്ലപ്പോഴും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍പ്പോക്കെന്ന സങ്കല്പമൊക്ക അവന്‍ മറന്നുപോയി എന്നു തോന്നി.

‘കട്ടിലില്‍ കിടന്നാണോ, ഇരുന്നു ചെയ്തുചെയ്തല്ലേ കണക്കു പഠിക്കേണ്ടത്?’ എന്നവനെ ഇപ്പോള്‍ വഴക്കുപറയുമ്പോഴൊക്കെ, അവന്റെയുള്ളില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ആ കട്ടില്‍ക്കാലം എങ്ങനെ പോവാന്‍ എന്ന് സങ്കടം തോന്നാറുണ്ട്.

വാടകവീട്ടിലെ മുറ്റത്തു പൂത്തു മറിഞ്ഞു നിന്നിരുന്ന എഡ്വേര്‍ഡ് റോസും കുലകുല കുഞ്ഞിപ്പൂ കാട്ടുറോസയും ആരും നോക്കാനാളില്ലാതെ കരിഞ്ഞുണങ്ങിപ്പോയിരുന്നു ഞാനെഴുന്നേറ്റപ്പോഴേക്ക്. മുറ്റത്തിറങ്ങുന്നതു പോലും എല്ലാവരും നിര്‍ത്തി വച്ചകാലത്ത് എന്തു പൂവ്, എന്തു ചെടി?

ലോക് ഡൗണ്‍ അനൗണ്‍സു ചെയ്തതിന്റെ രാവിലെ മോനെയും കൂട്ടി തൃക്കാക്കരയില്‍ നിന്ന്, വണ്ടി നിര്‍ത്താന്‍ പോലീസ് കൈ കാണിക്കുന്നുണ്ടോ എന്നു നോക്കി സെലേറിയോ ഓടിക്കുമ്പോള്‍, ഓര്‍മ്മയിലേക്കുവന്നു കാറ് മാറ്റി വാങ്ങിയ കാലം. ഫിഗോ ഉള്ളപ്പോള്‍ എന്റെ ആവശ്യത്തിന് മാരുതി മതി എന്നു കരുതിയ ഞാന്‍, എന്റെ അസുഖകാലത്തിലേക്കു വീഴും മുമ്പേ ഫിഗോ താവളം മാറ്റിയിരുന്നു.

എനിക്ക് കൈയും നടുവും വയ്യാത്തതിനാല്‍ ഓട്ടോമാറ്റിക് കാര്‍ പറ്റുമായിരിക്കും എന്ന് എനിയ്ക്ക് വെറുതേ തോന്നി. തനിയേ വണ്ടി ഓടിയ്ക്കലായിരുന്നു ആകെ പ്രായോഗികമായി തോന്നിയിരുന്നത്. ഓട്ടോയുമായി നടുവെങ്ങനെ ചേരാന്‍? എന്നെത്തന്നെ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാന്‍ ഞാനതിനകം തീരുമാനിച്ചിരുന്നു. സെലരിയോയും കൊണ്ട് കമ്പനിക്കാര്‍ ടെസ്റ്റ് ഡ്രൈവിനായി വന്നപ്പോള്‍, ഒന്നരവര്‍ഷമായി നടക്കാന്‍ പോലും റോഡിലിറങ്ങാത്ത ഞാന്‍, എന്റെ പരിചയക്കേടും പേടിയും പറഞ്ഞ് അങ്കലാപ്പോടെ കാറില്‍കയറി. എരമല്ലൂരിലെ വളവുതിരിവുകള്‍ നിറഞ്ഞ വീതി കുറഞ്ഞ ഉള്‍റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍, വണ്ടി കൈയില്‍ത്തന്ന ആ കമ്പനിക്കാരുടെ ധൈര്യത്തെ് ഞാന്‍ മനസാ പുകഴ്ത്തി.

എന്റെ കൈയിലും ലോണ്‍ വക പോക്കറ്റിലും ഒതുങ്ങുന്ന വണ്ടിയായി സെലേറിയോ തന്നെ മതി എന്നു അഖിലലോകവണ്ടിക്കാരന്‍ ബൈജു എന്‍ നായര്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ വണ്ടിയും ഏര്‍പ്പാടാക്കിത്തന്നു.

‘ഞാന്‍ വലുതാകുമ്പോള്‍ അമ്മയ്ക്ക് ഞാന്‍ ഒരു ചുവന്ന കാറു വാങ്ങിത്തരും’ എന്നു പറഞ്ഞ് എന്നെ ചൊടിപ്പിക്കാറുണ്ടായിരുന്നു മകന്‍. കുട്ടിക്കാലം മുതല്‍ തുടങ്ങി പിന്നെ വിവാഹം കഴിഞ്ഞും ഞാനിടക്കിടെ ഛര്‍ദ്ദിച്ചിരുന്ന രക്തത്തിന്റെ നിറമായിരുന്നു എനിയ്ക്ക് ചുവപ്പ്.ഞാനാ നിറം വെറുത്തിരുന്നു . ‘ആരെങ്കിലും ചുവന്ന കാറ് സമ്മാനിച്ചാല്‍ മാത്രം ഓകെ എന്നു പറഞ്ഞതു വാങ്ങും ‘എന്നു പറഞ്ഞിരുന്ന ഞാന്‍ മകന്റെ ഇഷ്ടവും വേഗം കിട്ടാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് ചുവന്ന കാറില്‍ത്തന്നെ എത്തിനിന്നു അവസാനം.

അനിഷ്ടങ്ങളെ മറി കടക്കുമ്പോഴാണല്ലോ ജീവിതമുണ്ടാകുന്നത്! സെലേറിയോ ഓട്ടോമാറ്റിക് ആയിട്ടുകൂടി അതിന്റെ വാതില്‍, ചില കുട്ടിക്കഥകളിലെ കുറുക്കന്‍ തള്ളിനീക്കുന്ന കടുവാഗുഹയുടെ പാറ കൊണ്ടുള്ള അടവ് പോലെ ആയാസപ്പെട്ടാണ് ഞാന്‍ തള്ളിമാറ്റിയിരുന്നത് തുടക്കത്തില്‍. സീറ്റ് ബെല്‍റ്റിടാന്‍ കൈ പൊങ്ങുകയുമില്ലായിരുന്നു .

എന്നാലും ഓഫീസില്‍ പോകാന്‍ തീരുമാനിച്ചത് കൈയില്‍ സ്വന്തമായെടുക്കാന്‍ നൂറുരൂപ പോലുമില്ലാതിരുന്നതു കൊണ്ടാണ്. എന്റെ മകനെ ആരെയെങ്കിലും ആശ്രയിച്ച് വളര്‍ത്തുന്നത്, ഞാനാശ്രയിക്കുന്നത് എന്റെ അച്ഛനെയോ സഹോദരനെയോ ആയാല്‍പോലും അത് ശരിയല്ലെന്ന് തോന്നി. ‘ജീവിച്ചേ പറ്റൂ , രണ്ടുകാലില്‍ നിന്നേ പറ്റൂ. മകന് ആപ്പിളും ബിസ്‌ക്കറ്റും സ്‌ക്കൂള്‍ബാഗും ഫീസും തരമാക്കിയെടുക്കാന്‍ ഞാനുണ്ടായേ പറ്റൂ’ എന്ന് തീരുമാനിക്കാതെ വഴിയില്ലായിരുന്നു.

ഒടുവില്‍ കുസാറ്റിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍സ്ട്രമെന്റേഷനില്‍ അന്നത്തെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്മെന്റും ഇന്നത്തെ വൈസ് ചാന്‍സലറുമായ മധുസൂദനന്‍ സാറിന്റെ ക്യാബിനില്‍ കയറി, വയ്യായ്കകളോടെയാണ് ജോയിന്‍ ചെയ്യുന്നതെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുമ്പോള്‍ ഭൂമി പിളര്‍ന്നു മാഞ്ഞുപോയെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ടായിരുന്നു ഞാന്‍. വയ്യായ്കകളുടെ കണക്ക് ഒരു ജോലിയിടത്തും പറഞ്ഞിട്ടില്ലായിരുന്നു അന്നേ വരെ.

എല്ലാവര്‍ക്കും ആരോഗ്യമുള്ള ജോലിക്കാരെയാണ് ഒരോഫീസില്‍ വേണ്ടെതെന്നറിയുകയും ചെയ്യാമായിരുന്നു. അന്ന് കുസാറ്റില്‍ NAAC വിസിറ്റിന്റെ കാലമായിരുന്നു. എന്നെ ശ്രദ്ധിക്കാന്‍ നേരമില്ലാതെ, എല്ലാവരും ഫയലുകളും രജിസ്റ്റുകളും നേരെയാക്കുകയായിരുന്നു. ആ ഒരു മാസം കൊണ്ട്, രാവിലെ മുതല്‍ കൈുന്നേരം വരെ എനിക്കവിടെ ഇരിക്കാനുള്ള ആരോഗ്യമുണ്ടോ എന്ന് തീരുമാനമെടുക്കാനായി.

Read More: പ്രിയ എഎസ് എഴുതിയ മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

അതിനിടെ, തുണിയലമാര തുറന്ന്, ‘കൈ ഉയര്‍ത്തി ഇടാന്‍ വിഷമമുള്ള ഉടുപ്പുകള്‍’ എന്ന് ഒറ്റനോട്ടം കൊണ്ട് തീരുമാനിച്ച്, ഒരു കെട്ട് ഉടുപ്പെടുത്തു ദാനം ചെയ്തു. ചില ഉടുപ്പുകള്‍ ഇട്ടിട്ട് ‘അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല’ എന്നുപരുവത്തിലിരുന്നു. കുഞ്ഞുണ്ണി സ്‌ക്കൂളില്‍ നിന്നു വരും വരെ എലിപ്പെട്ടിയില്‍ അകപ്പെട്ട പോലിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. ഉടുപ്പൂരാന്‍ അവന്റെ സഹായം കൂടിയേ കഴിയുമായിരുന്നുള്ളു. മുകളിലേക്കു വലിക്കുമ്പോള്‍ മൂക്കോളം എത്തി ‘സ്‌ററക്’ ആയി എനിക്കു ശ്വാസം മുട്ടിയാല്‍, ‘കത്രിക ഉപയോഗിക്കണം’ എന്ന് പറഞ്ഞേല്പിച്ചു.

ഞാനെഴുതുന്നതിനിടെ ഇതു വായിക്കാനിടയായ മകന്‍, ‘ഇറ്റ് വാസ് ദ റ്റഫസ്റ്റ് റ്റൈം എവര്‍ ഇന്‍ മൈ ലൈഫ്,’ എന്നു പറഞ്ഞ് എന്റെ തലമുടിയിലൂടെ വിരലോടിച്ചു നി്ന്നു ഒരു നിമിഷം.

ഓഫീസിലെ പൊതറന്‍ രജിസ്റ്ററുകള്‍ വലിച്ചുവലിച്ചാവണം എന്റെ കൈ, എല്ലാ ഫിസിയോതെറാപ്പിസ്റ്റുകളെയും ന്യൂറോളജിസ്റ്റുകളെയും വൈദ്യന്മാരെയും കൈ-ഒഴിയലുകാരെയും എന്നെത്തന്നെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരാറുമാസം കൊണ്ട് താനേ ശരിയായി.

വീണ്ടും നമുക്ക് ലോക് ഡൗണ്‍ കാലത്തിലേക്കു വരാം. ഈ ലോക് ഡൗണ്‍കാലത്തില്‍, ഒഴിവുകാലത്തുമാത്രം വന്നു താമസമാവുന്ന എരമല്ലൂര്‍ വീട്ടിലാണ് ഞങ്ങള്‍. മുറ്റമടിക്കാന്‍ , ചവറു വാരിക്കൂട്ടാന്‍ ഒന്നും ആരും സഹായത്തിനു വരാത്ത കൊറോണാക്കാലമാണിത്. അതങ്ങ് കുറേശ്ശെയായി ചെയ്യാം എന്നു വിചാരിച്ച് സന്നാഹങ്ങളോടെ മുറ്റത്തിറങ്ങിയപ്പോള്‍ അനിയന്‍ പറഞ്ഞു  ‘ഇമ്യൂണിറ്റി കുറവുള്ളവര്‍ സൂക്ഷിക്കണം.’  ചൂലും കുട്ടയും താഴെയിട്ടു. വീട്ടിനകത്ത് പൊടിതുടക്കാം എന്നു വിചാരിച്ചു ജനലഭ്യാസം തുടങ്ങി. അപ്പോഴും വന്നു മുന്നറിയിപ്പ് ‘ഒരാശുപത്രിയില്‍പ്പോലും പോകാന്‍ പറ്റില്ല.’

മുറ്റമങ്ങനെ കിടക്കട്ടെ എന്നു വിചാരിച്ചു. ആര്‍ക്കും എനിക്കു തന്നെയും ശല്യമാകരുതല്ലോ ഞാന്‍. വേറെന്തൊക്കെ ചെയ്യാനുണ്ട് വീട്ടിനകത്തിരുന്ന്.  ‘രുലാ കെ ഗയാ സപ്നാ മേരാ’ എത്രയോ തവണ കേള്‍ക്കാം. കാണാതെ പോയ, ‘ഞാന്‍ സ്റ്റീവ് ലോപ്പസും ‘സുഡാനി’യും കാണാം, ഇപ്പോള്‍ ചെയ്യും പോലെ കുഞ്ഞിക്കഥയെഴുതി കുട്ടികള്‍ക്കായി വായിക്കാം. ആരും നോക്കാനില്ലാത്ത വീട്ടില്‍ ഇതിനകം ബാക്കിയായ ആകെയുള്ള നാലഞ്ചു ചെടികള്‍ പൂത്തതും കായ്ച്ചതും നോക്കി നടക്കാം. വേദനയില്ലല്ലോ .കരച്ചില്‍ കടിച്ചമര്‍ത്തേണ്ടതില്ലല്ലോ. എന്തൊരു ഭാഗ്യമാണത്!

കൊറോണ വന്നാല്‍ത്തന്നെ, അതു നമ്മളെയും കൊണ്ടുപോകാനാണ് ഭാവമെങ്കില്‍ ഒന്നരക്കൊല്ലം വേണ്ടിവരില്ലല്ലോ. അതു മറ്റാരിലേയ്ക്കും പകരാതെ നോക്കുന്നതിലാണല്ലോ കാര്യം. കാണണം എന്നു പറഞ്ഞ് ആരെയും വിളിച്ചു വരുത്താനാകാത്ത സാഹചര്യമായതിനാല്‍, ‘ഓരോരോ സാഹചര്യങ്ങളല്ലേ’ എന്ന നിര്‍വ്വികാര, നിസ്സംഗ വാചകം കേള്‍ക്കുകയും വേണ്ട. അടുത്താരും ഉണ്ടാവില്ല. അങ്ങ് ശ്വാസം മുട്ടി രണ്ടാഴ്ചക്കകം മരിച്ചു പോവാം.

രണ്ടാഴ്ചയായി വെറുതേ കിടക്കുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്തിടാന്‍ ചെന്നപ്പോള്‍ കാണാം വലതുവശത്തെ ചളുക്ക്, ഒരു ബൈക്കുവന്നിടിച്ചതാണ്. അതു നീവര്‍ത്താന്‍ തോന്നാറില്ല . കാറായാല്‍ ചളുങ്ങിയെന്നും പോറിയെന്നും ഇടിച്ചെന്നുമിരിക്കും, ജീവിതം പോലെ.

എന്റെ പലപല ഇരുപത്തിയൊന്നു ദിവസങ്ങള്‍ പോലെ, ഉള്ളിലും പുറത്തും ഒറ്റയ്ക്കായി എത്രയോ പേര്‍ അവരവരുടെ ജീവിതത്തില്‍ത്തന്നെ വട്ടം കറങ്ങിയ അനുഭവങ്ങളുണ്ടാവാം ഇതുപോലെ. അതിജീവിച്ചല്ലേ പറ്റൂ എന്നേര്‍ത്ത് നമ്മളൊക്കെ അതിജീവിച്ച നമ്മുടെ കടമ്പകള്‍!

എന്തൊക്കെ വന്നാലും അതിജീവിയ്ക്കുക അതാണ് പ്രധാനം. ഏതു കൊറോണാക്കാലത്തും, നമ്മള്‍ അതിജീവിയ്ക്കുക തന്നെ ചെയ്യും. അതിജീവിച്ചല്ലേ പറ്റൂ!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Coronavirus lockdown memories priya a s