scorecardresearch

ഒരു പാന്തമിക്‌ കാലവും കുരിപ്പുപുരയും

ഒരു കാലത്ത് പേടി സ്വപ്നമായി മാറിയ വസൂരിക്കാലത്തിൻ്റെ ബാക്കിപത്രമായി ദേശത്തു നിലനിന്നുപോന്ന കുരിപ്പുപുരയുടെ ഓർമ്മകളിലൂടെ ഇന്നിൻ്റെ പേടി സ്വപ്നമായ കൊറോണാക്കാലത്തിലേയ്ക്ക് ലേഖിക നടന്നു കയറുന്നു

ഒരു കാലത്ത് പേടി സ്വപ്നമായി മാറിയ വസൂരിക്കാലത്തിൻ്റെ ബാക്കിപത്രമായി ദേശത്തു നിലനിന്നുപോന്ന കുരിപ്പുപുരയുടെ ഓർമ്മകളിലൂടെ ഇന്നിൻ്റെ പേടി സ്വപ്നമായ കൊറോണാക്കാലത്തിലേയ്ക്ക് ലേഖിക നടന്നു കയറുന്നു

author-image
Sheeba EK
New Update
ഒരു പാന്തമിക്‌ കാലവും കുരിപ്പുപുരയും

വീടിന്റെ മുൻവശത്തെ ഇട വഴിയിലൂടെ നാലഞ്ച് മിനുട്ട് ദൂരമേ ഉള്ളു ജി എൽ പി പെരിന്തൽമണ്ണ ഈസ്റ്റ് സ്കൂളിലേക്ക്. പക്ഷേ ആ വഴി തനിച്ചു പോവാൻ ആപ്പ സമ്മതിക്കുകയില്ല. ഗവണ്മെന്റ് ആശുപത്രിയുടെ സൈഡിലൂടെ ഉള്ള റോഡ് കുറച്ചു കൂടി വിശാലമാണ്, ആളുകൾ ഉണ്ട്, അതു വഴി പോകുന്നതാണ് സുരക്ഷിതത്വം എന്ന് ആപ്പ ഉറപ്പിച്ചു പറഞ്ഞു. അങ്ങിനെ അൽപ്പം വളഞ്ഞ വഴിയാണ് സ്കൂളിൽ പോയിരുന്നത്.

Advertisment

ചിലപ്പോളൊക്കെ കുട്ടികൾ കൂടെ ഉണ്ടെങ്കിൽ ഇടവഴിയിലൂടെ തിരിച്ചു പോരുമായിരുന്നു. തോമസ് വക്കീലിന്റെ വീട്ടിൽ നിന്നും റോഡിൽ വീണ മഞ്ഞപ്പൂക്കൾ പെറുക്കാം എന്നതായിരുന്നു ആ വഴിയോടുള്ള പ്രിയം. അങ്ങിനെ ഒരിക്കൽ പൂക്കൾ പെറുക്കുമ്പോൾ ഗൗരവക്കാരനായ വക്കീൽ എന്നെ കാണുകയും മരത്തിൽ നിന്നും കുറെ പൂങ്കുലകൾ പൊട്ടിച്ചു തന്ന് അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇടവഴിയിൽ ആളുകൾ കുറവ്, അധികം വീടുകളും ഇല്ല, ചിലപ്പോൾ ബുദ്ധിഭ്രമം സംഭവിച്ചു മുഷിഞ്ഞ വസ്ത്രങ്ങൾ വാരി വലിച്ചുടുത്ത പിച്ചത്താണി എന്ന് വിളിക്കുന്ന സ്ത്രീയെയും കാണാം.

publive-image

എല്ലാറ്റിനുമുപരിയായി പേടിപ്പെടുത്തുന്ന ഒന്നുണ്ട്. കുരിപ്പ് പുര എന്ന പേരിൽ കുപ്രസിദ്ധമായ വസൂരി പുര. വസൂരിക്ക് കുരിപ്പ് എന്നാണ് ആളുകൾ പ്രാദേശികമായി പറഞ്ഞിരുന്നത്.

Advertisment

പേടിപ്പെടുത്തുന്ന കഥകൾ വസൂരിക്കാലത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. നാടുമുഴുവൻ വസൂരി പടർന്നു പിടിച്ചതും ആളുകൾ വീണു മരിച്ചതും ചികിൽസ ഇല്ലാതായതും രോഗികളെ മരിക്കാനായി വസൂരിപ്പുരയിൽ അടച്ചതും.

എത്രയോ മനുഷ്യർ ആ വസൂരിപ്പുരയുടെ കമ്പി വല കെട്ടിയ ചതുരത്തിൽ ഇരുട്ടും ഏകാന്തതയും നോക്കി ശരീരമാകെ വ്രണങ്ങൾ കൊണ്ടു മൂടി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് മരണത്തെ കാത്തു കിടന്നിട്ടുണ്ട്. സമീപ പ്രദേശത്തെ ഒരു സ്ത്രീ പലപ്പോഴും അവർക്ക് ഭക്ഷണം കൊടുത്തിരുന്നതായി കേട്ടിട്ടുണ്ട്.

ഓരോ തവണ അതുവഴി പോകുമ്പോഴും കമ്പിവേലി ഇട്ട ആ വലിയ മുറിയെ ഭയപ്പാടോടെ മാത്രമേ നോക്കിക്കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഞാൻ ജനിച്ചപ്പോഴെക്ക് വസൂരി ഇല്ലാതായിരുന്നു. ചേച്ചിക്ക് ഗോവസൂരി വാക്സിനേഷൻ കൊടുത്തതിന്റെ അടയാളം കയ്യിലുണ്ട്. എനിക്ക് ആ കുത്തിവെപ്പ് എടുക്കേണ്ടി വന്നിട്ടില്ല.

കാലക്രമേണ ഇടവഴി വലുതായി വീടുകൾ പൊങ്ങി. കുരിപ്പ് പുരയുടെ മുന്നിലെ മൈതാനം കുട്ടികളും യുവാക്കളും ഫുട്ബോൾ കോർട്ട് ആക്കി. എല്ലാ വൈകുന്നേരവും അവിടെ ആരവമുയരാൻ തുടങ്ങി. അതിനെല്ലാം മൂകസാക്ഷിയായി കുരിപ്പ് പുര അപ്പോഴും നിലനിന്നു.

publive-image

വേനലിൽ സർക്കസ് കളിക്കാനായി മജീദ് എന്നൊരാൾ കുടുംബവുമായി എല്ലാ വർഷവും പതിവായി മൈതാനത്ത് എത്തി,കുറെ ദിവസങ്ങൾ ഞങ്ങളുടെ വിരസമായ സന്ധ്യകളെ സജീവമാക്കി.

അന്നും കുരിപ്പ് പുരയുടെ അടുത്ത് പോകാൻ പേടിയോ അറപ്പോ ഒക്കെ ആണ്. പതിയെ ആ കെട്ടിടം ദുര്ബലമാവാൻ തുടങ്ങി..അപ്പോഴേക്കും ഞങ്ങളൊക്കെ ഹൈസ്‌കൂളിലും കോളേജിലും ഒക്കെ എത്തിയിരുന്നു. കെട്ടിടം തകർന്ന് വീണതോ പൊളിച്ചു കളഞ്ഞതോ എന്നറിയില്ല. ഇന്നിപ്പോൾ പെരിന്തൽമണ്ണയിലെ ഫയർ സ്റ്റേഷൻ ആ സ്ഥലത്താണ്.

കുരിപ്പ് പുര ജീവനക്കാരുടെ ക്വാർട്ടെഴ്സ് ആയി മാറിയിരിക്കുന്നു. കഴിഞ്ഞ ആഴ്‌ച ലോക്ക് ഡൗണ് പ്രഖ്യാപിക്കും മുമ്പ് അതിലൂടെ കടന്നു പോകുമ്പോൾ കോവിഡ് ഭീഷണി തീവ്രമായി മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. ക്വാർട്ടേർസ് കണ്ടപ്പോൾ വസൂരിക്കാലം ഓർത്തു,ആർക്കും വേണ്ടാതെ അവിടെ പൊലിഞ്ഞ ജന്മങ്ങളെ, അവരുടെ സ്വപ്നങ്ങളെ ഓർമിച്ചു. കാലത്തിന്റെ ഗതിവേഗം ഓർമിച്ചു.

ഇന്നിപ്പോൾ സ്വന്തം ജീവൻ അപകടത്തിലാണ് എന്ന് അറിഞ്ഞു കൊണ്ട് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ. ഐസോലേഷൻ സൗകര്യം ഒരുക്കുന്ന വീട്ടുകാർ, പട്ടിണി കിടക്കില്ല എന്ന് ഉറപ്പു തരുന്ന സർക്കാർ, ഐസോലേഷനിൽ ഉള്ളവരെ വിളിച്ചു വിവരം അന്വേഷിക്കുന്ന ആരോഗ്യവകുപ്പ്.

നോക്കൂ. കാലം എന്തൊരു അത്ഭുതമാണ്...

മനുഷ്യൻ എത്ര സുന്ദരമായ പദമാണ്...

സ്നേഹം എത്ര വലിയ ഒരു ലോകമാണ്...

Corona Virus Lockdown Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: