ജീവിതം ഒരു വലിയ നുണയാണെന്ന് ജീവനു തുല്യം സ്‌നേഹിച്ച ആള്‍ ബോധ്യപ്പെടുത്തി തന്നപ്പോള്‍ എനിക്ക് കരച്ചില്‍ വന്നില്ല. ഒരിക്കല്‍ ക്യാമ്പസിലെ മഹാഗണിച്ചുവട്ടില്‍ വച്ച് കൂട്ടുകാരന്‍ ഞാനുമായി പങ്കുവച്ച വരികള്‍ മഴയും മഞ്ഞും വെയിലുമേറ്റ് കാലം താണ്ടുന്ന ശിലാഫലകം പോലെ ഹൃദയത്തില്‍ ഉറഞ്ഞു നിന്നിരുന്നു.

‘The world is not that real to deserve your tears’ എന്നാല്‍ കണ്ണീരെല്ലാം ആഴത്തിലേക്ക് ഉള്‍വലിഞ്ഞപ്പോള്‍, അഗ്‌നിപര്‍വ്വതം പോലെ ഏതു നിമിഷത്തിലും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ എന്തോ ഒന്ന് രൂപപ്പെട്ടത് എന്നെ മുള്‍മുനയില്‍ നിര്‍ത്തി. ഉള്‍ച്ചൂടില്‍ ഞാന്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. അപകടമേഖലയില്‍ നിന്ന് വേവലാതിയോടെ ഞാന്‍ പുറംലോകത്തേക്ക് പാഞ്ഞു. ഒഴിവുദിനങ്ങളില്‍ പരിചിതമായ നഗരവീഥികളില്‍ ഇഷ്ടഭക്ഷണം ആസ്വദിച്ചും, സിനിമ കണ്ടും വസ്ത്രങ്ങള്‍ വാങ്ങിയും, ഒറ്റക്കലഞ്ഞു. എന്നാല്‍ ആരവങ്ങളൊഴിയുമ്പോള്‍ പരക്കുന്ന നിശ്ശബ്ദദതയില്‍ ഭയപ്പാടോടെ അറിഞ്ഞു. അപകടമേഖലയില്‍ നിന്ന് ഞാന്‍ അണുവിടപോലും നീങ്ങിയിട്ടില്ല.

വേനലവധിക്ക് താമസിച്ചത് കടല്‍ത്തീരത്തായിരുന്നു. കടല്‍ അലറി വിളിക്കുമ്പോള്‍ എന്നും എന്റെ ഹൃദയം സ്വച്ഛമാവുമായിരുന്നു. പ്രക്ഷുബ്ധതയിലൂടെ പകര്‍ന്നു നല്കുന്ന സാന്ത്വനമെന്ന വൈരുദ്ധ്യമോര്‍ത്ത് ഞാന്‍ തെളിഞ്ഞ കണ്ണുകളോടെ കടലിനെ നോക്കി. റാബിയക്കഥ വായിച്ച ലഹരിയിലായിരുന്നു ഞാന്‍. സൂഫി സന്ന്യാസിനിയായ റാബിയ കളഞ്ഞു പോയൊരു സാധനം പോയ ഇടത്ത് അന്വേഷിക്കാതെ എവിടെയോ തിരഞ്ഞു നടക്കുന്നതിലെ മണ്ടത്തരം വ്യക്തമാക്കുന്നു. ഉള്ളാഴങ്ങളിലേക്ക് ഊളിയിടാന്‍ എനിക്ക് ധൈര്യം പകര്‍ന്നു തന്നൂ ആ വായന. ഞാന്‍ കടല്‍ത്തീരത്തു നടക്കാനിറങ്ങി.

സൂര്യോദയത്തേക്കാള്‍ ഭംഗി അസ്തമയത്തിനാണെന്നിരിക്കേ ഒഴുകിപോയ കാലത്തേക്കുറിച്ചോര്‍ത്ത് തെല്ലും കുണ്ഠിതം തോന്നിയില്ല. മിന്നുന്ന മണല്‍ത്തരികള്‍ക്കിടയില്‍ ഒരു കുഞ്ഞന്‍ ആമയെ കണ്ട് തുളുമ്പുന്ന ഹൃദയത്തോടെ ആമക്കുട്ടാ ഇത്ര കുഞ്ഞിലേ തന്നെ നിനക്ക് വീടിന്റെ ഭാരം ചുമന്നു നടക്കണമല്ലോ എന്ന് കളി പറഞ്ഞു നിന്ന അതേ സമയത്താണ് എന്റെ വീട് എന്നെ പുറകില്‍ നിന്ന് വിളിച്ചത്. ജന്മവീടിന്റെ ഉള്‍വിളി എപ്പോഴും ഉള്ളില്‍ മുഴങ്ങുന്നതുകൊണ്ട് പുതുമ പോലും മാറാത്ത എന്റെ രണ്ടാം വീടിന് ഞാന്‍ വലിയ കരുതലൊന്നും നല്‍കിയിരുന്നില്ല. എന്നിട്ടും അത് എന്നെ വിളിക്കുന്നു. എന്റെ വഴികളെല്ലാം തുടങ്ങുന്നതും ഒടുങ്ങുന്നതും വീട്ടില്‍ തന്നെയാണെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും വീടണയാന്‍ ഞാന്‍ ധൃതിപെട്ടു. രാത്രി വീട്ടിലെത്തി ച്ചേര്‍ന്നപ്പോള്‍, ആദ്യമായെന്നവണ്ണം ഞാനതിനെ ഉറ്റ് നോക്കി. നിലാവില്‍ കണ്ടെടുത്ത അമൂല്യമായ രത്‌നം പോലെ ഞാനതിനെ നെഞ്ചില്‍ ചേര്‍ത്തു. വഴി നീളെ വെളിച്ചത്തിന്റെ വിത്തുകള്‍ പാകി, വീട്ടിലേക്ക് കാലെടുത്തുവച്ച എന്നെ അത് സ്വീകരിച്ചു.

Read More: അപർണ എസ് എഴുതിയ കൂടുതൽ രചനകൾ വായിക്കാം

പിറ്റേന്ന് വീട് എന്നെ ചൂഴ്ന്നു നോക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. കണ്ണട വച്ച ഒരു മുത്തശ്ശിയേപ്പോലെ, ജ്ഞാനവൃദ്ധ. പാഠങ്ങള്‍ പഠിക്കാന്‍ വൈകിപ്പോയ കുട്ടിയേപ്പോലെ ഞാന്‍ പരുങ്ങി. എന്നാല്‍ പൊടുന്നനെ അപാരമായൊരു ദയാവായ്‌പോടെ, അതെന്നെ എന്റെ വഴിക്ക് വിട്ടു. തുറന്നിട്ട ജാലകങ്ങളും വാതിലുകളുമായി പറക്കാന്‍ പോകുന്ന പക്ഷിയേപ്പോലെ എന്റെ വീട്. ജാലകത്തിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മുറ്റത്ത് പാകിയ ഉരുളന്‍ കല്ലുകളിലും പൊഴിഞ്ഞു കിടക്കുന്ന ഇലകളിലും, വിടര്‍ന്നു നില്‍ക്കുന്ന പൂവുകളിലും ചിലച്ചു പറക്കുന്ന പക്ഷികളിലും പ്രപഞ്ചം ചിതറിക്കിടക്കുന്നു. ഞാന്‍ പുറത്തിറങ്ങി അകത്തേക്ക് നോക്കി.

ഇരുളും വെളിച്ചവും ഇടകലര്‍ന്ന് നിഗൂഢ സൗന്ദര്യം പകര്‍ന്ന അകത്തളങ്ങളില്‍ പ്രപഞ്ചം വശ്യമായി വിരിഞ്ഞു നില്‍ക്കുന്നു. വീടിന്റെ അകവും പുറവും പതുക്കെ ലയിച്ച് ഒന്നായിത്തീരുന്നതും മധ്യേ കണ്ണുകളടച്ച് ധ്യാനാത്മകമായി എന്റെ ഏകാന്തത വിശ്രാന്തിയിലിരിക്കുന്നതും ഞാന്‍ കണ്ടു. വീട് ഒരു വൃക്ഷച്ചുവടായും എനിക്ക് തോന്നി. പുസ്തകങ്ങളെല്ലാം പഴുത്ത് പാകമായ ഫലങ്ങളേപ്പോലെ കാണപ്പെട്ടു. വീട്ടുപകരണങ്ങള്‍ കിളികളേപ്പോലെ കലപില സംഗീതം പൊഴിക്കുന്നു. വൃക്ഷത്തലപ്പിനപ്പുറം ഉള്ളിലേക്കുള്ള വഴിപോലെ സ്വതന്ത്രവും വിശാലവുമായി എന്റെ ആകാശം. വീട് തുറന്ന ജാലകങ്ങളിലൂടെ എന്നെ അനന്തമായ വിഹായസ്സിലേക്ക് കൊണ്ടു പോവുകയും തിരിച്ചു വരുമ്പോള്‍ വാശിക്കാരിയായ മകള്‍ക്ക് അമ്മ മേടിച്ചുകൊടുക്കുന്നതുപോലെ മൗനത്തിന്റെ കൊച്ചു ചെപ്പുകള്‍ സമ്മാനിക്കുകയും ചെയ്തു. ഇടയ്ക്ക് വീട് തന്നെ പുറത്തേക്കിറങ്ങിപ്പോവുകയും ഞാന്‍ വീടിന്റെ സ്ഥാനത്താവുകയും ചെയ്തു.

വള്ളിപ്പടര്‍പ്പുകളിലൂടെയും പൂക്കളിലൂടെയും അതെന്നെ ഉറ്റ് നോക്കുന്നതായും എനിക്ക് അനുഭവപ്പെട്ടു. കണ്ണൊന്ന് ചിമ്മിത്തുറക്കുമ്പോള്‍ വീട് വീടായി സ്ഥാനത്തു തന്നെ ഇരിക്കുന്നു. ഞാനെങ്ങാനും പുറം ലോകത്തേക്ക് പോയാല്‍ അക്ഷമയോടെ കാത്തിരിക്കുന്നൂ ഭവനമെന്ന എന്റെ ഭുവനം. ആ പാരസ്പര്യം പകര്‍ന്ന് തരുന്ന പാഠങ്ങള്‍ എന്നിലേക്കുള്ള യാത്രയേ സംഗീതാത്മകമാക്കുന്നു. ധ്യാനത്തിന്റെ പടവുകളില്‍ കാലമെത്ര കൊഴിഞ്ഞു വീണാലും എന്റെ കൗതുകം മായുന്നില്ല.

ലോകം അതിന്റെ കൂറ്റന്‍ വാതിലുകള്‍ കൊട്ടിയടച്ചപ്പോള്‍ വീട്ടില്‍ അകപ്പെട്ടു പോയതായി ചിലര്‍ എന്നോട് പറഞ്ഞു. വീടുമായി ലയിച്ചു ചേര്‍ന്ന എനിക്ക് അങ്ങനെയല്ല അനുഭവപ്പെട്ടത്. ഒരു പുരാവസ്തു ഗവേഷകയേ പ്പോലെ ഭവനം ഖനനം ചെയ്ത് ഭുവനത്തിന്റെ പല അടരുകളും ഞാന്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നുവല്ലോ. ഒരു സെന്‍ ഗുരുവിനേപ്പോലെ എന്നെ ഭവനത്തിന്റെ അതിരുകള്‍ ഭുവനത്തിന്റെ അതിരുകളില്ലാത്ത ഉണ്‍മയിലേക്ക് ഉണര്‍ത്തി വിട്ടുവല്ലോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook