scorecardresearch
Latest News

കൊറോണ മറീനയോട് ചെയ്തത്

‘വായ് മൂടപ്പെട്ടതോടെ വാചാലത നഷ്ടപ്പെട്ട ബസ്സുയാത്രികരായ പണിക്കാരികൾ… യൂണിഫോമിനൊപ്പം മാസ്ക്ക് കൂടെച്ചേർന്നതോടെ പരസ്പരം തിരിച്ചറിയാൻ പാട്പെട്ട്, കൂട്ട് വിട്ട് നടക്കുന്ന കുട്ടികൾ…’ ചെന്നൈ മറീന ബീച്ചിലെ പ്രഭാതക്കാഴ്ചകളെ കോവിഡ്‌ മാറ്റിയതെങ്ങനെ എന്ന് ഐയ്മനം ജോണ്‍ എഴുതുന്നു

ലോക്ക്ഡൗൺ  കാലത്തിന്റെ തുടക്കത്തിൽ വെളുപ്പാൻകാലത്ത് നടക്കാനിറങ്ങുന്നതിനും നിരോധനമുണ്ടോ  എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. ആയതിനാൽ സംശയനിവൃത്തി വരും വരെ വീട്ടുവളപ്പിനുള്ളിലെ ചുറ്റി നടപ്പ്  മതി എന്ന് തീരുമാനിച്ചു. അതേതായാലും നന്നായി. അക്കരെയൊരിടത്ത്  നടക്കാനിറങ്ങിയ രണ്ടു പേരെ പോലീസ് പിടി കൂടി പത്ത്  പന്ത്രണ്ട്  കിലോമീറ്റർ അകലേക്ക് കൊണ്ടു പോയി വണ്ടിയിൽ നിന്നിറക്കി വിട്ടിട്ട് തിരികെ നടന്നു പൊയ്ക്കൊള്ളാൻ പറഞ്ഞത് തൊട്ടടുത്ത നാളിലായിരുന്നു.

വീട്ടുവളപ്പിലെ ആ ലോക്ക്ഡ് ഡൗൺ നടപ്പുകൾക്കിടയിലാണ് ഒരു ദിവസം ഓർമ്മകളിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ  പുലർകാലനടപ്പനുഭവം തെരഞ്ഞെടുത്തത്. ജോലിക്കാലത്തെ മദിരാശിവാസങ്ങൾക്കിടയിൽ  പതിവ് താമസസ്ഥലമായിരുന്ന തെയ്‌നാംപേട്ടിൽ നിന്ന്    മറീനാ ബീച്ചിലേക്കുള്ള  നടത്തങ്ങളായിരുന്നു അത്. കാരണം മറ്റൊന്നുമല്ല – മറ്റിടങ്ങളിലെല്ലാം പ്രഭാത  നടത്തം പൊതുവെ   ഉറക്കച്ചടവ് വിടാത്ത, മൂകമായ പരിസരങ്ങളിലൂടെയായിയിരുന്നെങ്കിൽ മറീനയിലേത് നേരെ  മറിച്ചായിരുന്നു. കടൽത്തിരകൾക്കൊപ്പം ജീവിതലഹരിയും നുരഞ്ഞു പതയുന്ന കാഴ്ചകളാൽ  സമ്പന്നമായിരുന്നു  മറീനാനടപ്പനുഭവങ്ങൾ.

തെയ്‌നാംപേട്ടിൽ നിന്നുള്ള  പുലർകാലസവാരികളുടെ ആദ്യദിവസം മുറി വിട്ടിറങ്ങുമ്പോൾ ഏത് വഴിയാണ് നടക്കേണ്ടത് എന്ന കാര്യത്തിൽ ഒരൂഹവുമുണ്ടായിരുന്നില്ല. താമസസ്ഥലത്തിന്റെ മതിൽക്കെട്ട് കടന്ന്  ആദ്യം കണ്ട വളവ് തിരിഞ്ഞ് കുറച്ചങ്ങ് ചെന്നപ്പോൾ നടക്കാൻ കൊതി തോന്നും വിധം, മരത്തണലുകള്‍ വീണും തീര്‍ത്തും   വിജനമായും നല്ല വൃത്തിയായി   നീണ്ടു നിവർന്നു കിടന്ന, ഒരു നെടുനീളൻ വഴി കണ്ടു. അതിലേക്ക് തിരിഞ്ഞതും  കവലയ്ക്ക് കാവൽ നിന്നിരുന്ന  പോലീസുകാരൻ ഉടനടി ഉറക്കെ ശകാരിച്ചു കൊണ്ട് ഓടി വന്ന്  വഴി തടഞ്ഞു. പകച്ചു  നിന്നപ്പോൾ കക്ഷി  മറ്റൊന്നും പറയാതെ  , വഴിയുടെ തിരിവിൽ സ്ഥാപിച്ചിരുന്ന ദിശാസൂചികയിലേക്ക് വിരൽ ചൂണ്ടി. ‘അമ്മ’ യുടെ വീടായ  പോയസ് ഗാർഡനിലേക്ക് പോകുന്ന   റോഡാണതെന്ന്  മനസ്സിലാക്കിയത് അങ്ങനെയായിരുന്നു.  വഴി തടയപ്പെട്ടതിന്റെ വൈക്ലബ്യം മാറ്റാൻ ‘അമ്മ’യുടെ വെള്ളിത്തിര ജീവിതകാലവും അക്കാലത്തെ   ഡാൻസ് പോസുകളുമൊക്കെ ഫ്‌ളാഷ്ബാക്കിൽ കണ്ട് ഊറിച്ചിരിച്ചു കൊണ്ട്   വഴി മാറി നടന്നു. ആ നടപ്പ് നടന്നാണ് മറീനാ ബീച്ചിലെത്തിയത്.

 

ആ നടപ്പുവഴി മറീനാ ബീച്ചിൽ ചെന്നു ചേരുന്നിടത്തെ മുക്കവലയിലാണ് അവിടുത്തെ ഗാന്ധി പ്രതിമയുള്ളത്. ജോൺ ഏബ്രഹാമിന്റെ പേരിലുള്ള ഒരു തമാശക്കഥയിലൂടെ  ആ പ്രതിമ പണ്ടേ പരിചിതമായിരുന്നു. കഥയിതാണ്: പ്രതിമകൾ പൊതുവെ  കുതിരപ്പുറത്തോ, അല്ലെങ്കിൽ   അതേ പോലെ തന്നെ നല്ല തലയെടുപ്പ് തോന്നത്തക്ക മറ്റ് വിധങ്ങളിലോ  നിർമ്മിക്കുന്ന തമിഴ് കീഴ്വഴക്കത്തിന് വിരുദ്ധമായി ചുമടു താങ്ങി പോലുള്ള ഒരു കല്‍ക്കെട്ടിന്മേല്‍ വടി കുത്തി മുന്നോട്ടാഞ്ഞ് നിൽക്കുന്ന പ്രകൃതത്തിലാണ്  മറീനയിലെ ഗാന്ധിപ്രതിമ സ്ഥാപിതമായിട്ടുള്ളത്. അതിൽ അസന്തുഷ്ടനായിരുന്ന  ഗാന്ധിജി ഒരു ജയന്തി ദിവസം ആദരവർപ്പിക്കാൻ പ്രതിമയ്ക്ക് മുന്നിലെത്തിയ കാമരാജിനോട്  പരിഭവമറിയിച്ച ശേഷം തനിക്കും ഒരു കുതിരയെ കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്രേ.  വൈകാതെ തന്നെ ആഗ്രഹനിവൃത്തി വരുത്താം എന്ന് വാഗ്ദാനം ചെയ്ത കാമരാജ് വിഷയം ഉടനടി അന്നത്തെ   മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. താൻ കൂടി വന്ന് ഗാന്ധിജിയോട് നേരിൽ ഒന്ന് സംസാരിച്ചിട്ടാവാം തീരുമാനം എന്നായി മുഖ്യൻ. അപ്രകാരം അടുത്തൊരു ദിവസം അവരിരുവരും കൂടി വീണ്ടും പ്രതിമയ്ക്കടുത്തെത്തി, കാമരാജ് മുന്നിലും മുഖ്യൻ പിന്നിലുമായി പ്രതിമയ്ക്ക് മുന്നിലേക്ക് നടന്നടുത്തതും ഗാന്ധിജി വടിയുയർത്തി കാമരാജിന്റെ  തലയ്ക്കിട്ട് ആഞ്ഞൊരടി  കൊടുത്തിട്ട് കോപാകുലനായി ഇങ്ങനെ  ചോദിച്ചത്രേ. ‘കുതിരയെ വേണമെന്ന് പറഞ്ഞിട്ട്  നീ  കഴുതയെയാണോടാ കൂട്ടിക്കൊണ്ട് വന്നിരിക്കുന്നത്?’ കഥാനായകനായ ഗാന്ധിപ്രതിമയെ അങ്ങനെ അപ്രതീക്ഷിതമായി നേരിൽ കാണാൻ കഴിഞ്ഞതിന്റെ വിശേഷാൽ സന്തോഷത്തോടെയാണ് അന്ന്  ബീച്ചിലേക്ക് നടന്നത് എന്നോർക്കുന്നു.

മറീനയിലെ പ്രഭാതങ്ങളിൽ ഗാന്ധി പ്രതിമയ്ക്കടുത്തു നിന്നാൽ മുന്നിൽ കാണുന്നത് വലിയൊരു ജനസമുദ്രവും അതിനപ്പുറം സാക്ഷാൽ സമുദ്രവുമാണ്. അണ്ണാസമാധിയും എംജിആർ സ്മാരകവുമൊക്കെ അവിടെ  നിന്നാൽ   തെളിഞ്ഞ്  കാണാൻ പോലും കഴിയാത്തത്ര ദൂരത്താണ്. അവിടേക്ക് നീണ്ടു നീണ്ടു പോകുന്ന  വിശാലമായ ടാർ റോഡിൽ പുലർച്ചയ്ക്ക്  തന്നെ വാഹന ഗതാഗതം ഉഷാറായിക്കഴിഞ്ഞിരിയ്ക്കും. വശങ്ങളിലെ വീതിയേറിയ   ഫുട്ട് പാത്തുകളിലൂടെ ദേശ-വിദേശികളായ ധാരാളം   പ്രഭാതസവാരിക്കാർ ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ട് കൂടിയും  നടന്നു പൊയ്ക്കൊണ്ടിരിക്കും. അന്യോന്യം  അഭിവാദ്യം ചെയ്തും കുശലം പറഞ്ഞും കടന്നു പോകുന്ന ചിരപരിചിതരാണ് അവരിലധികവും. ആ കാല്‍നടക്കാരേക്കാള്‍  കൂടുതൽ  ആളുകൾ പല തരം വ്യായാമങ്ങളിലേർപ്പെട്ടു  കൊണ്ട് ബീച്ചിലെ മണൽപ്പരപ്പിലും മറ്റ് പണിതിട്ട സ്ഥലസംവിധാനങ്ങളിലും പീഠങ്ങളിലുമൊക്കെയായുണ്ട്. ഉയരമേറിയ കരിങ്കൽ  സ്തൂപങ്ങൾ, നീണ്ട  കല്പടവുകൾ, വൃത്താകാരത്തിൽ  വിന്യസിക്കപ്പെട്ടിട്ടുള്ള പല മട്ടിലുള്ള ഇരിപ്പിടങ്ങൾ എന്നിങ്ങനെ പല പല നിർമ്മിതികളാൽ അലംകൃതമാണ് ബീച്ച്.

ഓരോയിടത്തും ഒറ്റയ്ക്കിരുന്ന് സൂര്യനമസ്കാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരുണ്ട്. ഒറ്റയ്ക്കും കൂട്ടുകാരോടൊത്തും  യോഗാമുറകൾ അനുഷ്ഠിക്കുന്നവരുണ്ട്. തിരകളോട് കളിക്കുന്ന കുട്ടികളുടെ സംഘങ്ങളുണ്ട്. ഇതെല്ലാം വെറുതെ നോക്കിയും കണ്ടും  അവിടവിടെയായി   വെറുതെ കുത്തിയിരിക്കുന്നവരുമുണ്ട്. ചിലയിടങ്ങളിൽ  ചിരി ക്ളബ്ബുകളുടെ ചിരിയരങ്ങുകളാണ്. ക്ളബ്ബംഗങ്ങളെല്ലാവരും തന്നെ നടപ്പുകാരെപ്പോലെ   മറീനയിലെ പതിവുകാരാണെന്ന് തമ്മിലുള്ള ഇടപെടലുകൾ കൊണ്ടറിയാം. ഏറിയ പേർക്കും വിരമിച്ച  ഉദ്യോഗസ്ഥരുടെ മുഖച്ഛായയാണ്. ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ പാട്പെടേണ്ടി വരത്തക്ക ശരീര സമൃദ്ധിയുള്ളവരാണ്, ഭൂരിപക്ഷവും.   അതൊന്നും കണക്കാക്കാതെയും  മ റ്റൊന്നും ശ്രദ്ധിക്കാതെയും  മണലിൽ വട്ടത്തിൽ പടഞ്ഞിരുന്ന് അവർ കടലലകൾക്കൊപ്പം ഉറക്കെയുറക്കെ  ചിരിച്ചു കൊണ്ടിരിക്കും. അൽപ്പം അകലെ മാറി അവരുടെ കാട്ടായം കണ്ടു രസിച്ചു   നിൽക്കുന്നവരെയും കാണാം. ക്ളബ്ബുകാർ കൂട്ടച്ചിരി ചിരിക്കുമ്പോൾ അവരും അറിയാതെ ചിരിച്ചു പോകാറുണ്ട്. ഗാന്ധി പ്രതിമയ്ക്കടുത്ത് തന്നെ.

റോഡിനു മറുവശത്തെ മൈതാനത്ത് എല്ലാ  ദിവസവും കരാട്ടെ പരിശീലനവും കാണാറുണ്ടായിരുന്നു. തല മൊട്ടയടിച്ച കൃശഗാത്രനായ ഒരു വൃദ്ധനായിരുന്നു പരിശീലകൻ. ശിഷ്യന്മാരെല്ലാം തന്നെ ചെറുപ്പക്കാരുമായിരുന്നു. അവരുടെ ശ്രദ്ധ മുഴുവൻ അഭ്യാസ മുറകളിൽ മാത്രം കേന്ദ്രീകരിച്ചിരുന്നു. അകലെ കടലിലേക്ക് കണ്ണെറിഞ്ഞാൽ പുറംകടലിലൂടെ  പോകുകയോ വരുകയോ ചെയ്യുന്ന  കപ്പലുകളുടെ അസ്പഷ്ടമായ നിശ്ചല  ദൃശ്യങ്ങൾ കാണാം. തിരകളുടെ മടക്കുപാടുകൾ ഇള വെയിലിൽ തിളങ്ങാനും  തുടങ്ങിയിരിക്കും.

എവിടെ ആൾബഹളമുണ്ടോ അവിടെയെല്ലാം അതാതിടങ്ങള്‍ക്കിണങ്ങിയ വഴിക്കച്ചവടക്കാരും  കാണാതിരിക്കില്ലല്ലോ. കടലക്കച്ചവടക്കാരും  കരിക്കുകച്ചവടക്കാരും  മണിയടിച്ച് മസാലക്കൂട്ട് വിൽക്കുന്ന സൈക്കിളുകാരുമൊക്കെ മറീനയിലെ പുലരികളിലേക്ക് ആഗതരായിക്കൊണ്ടിരുന്നു. അതൊക്കെയും എല്ലാ ബീച്ചുകളിലെയും പതിവ് കാഴ്ചകളായി എണ്ണാവുന്നതാണെങ്കിൽ മറീനയുടേതായി  മറ്റൊരപൂർവ്വ കാഴ്ചയും കൂടിയുണ്ട്. ബ്ലഡ് പ്രഷറും ഷുഗറുമൊക്കെ വളരെ മിതമായ നിരക്കില്‍ പരിശോധിച്ച്, ഉടനടി ഫലം പറയുന്ന മുറിവൈദ്യന്മാര്‍! പണ്ടത്തെ ലാടഗുരുക്കളുടേത് പോലുള്ള  പെട്ടികളില്‍ സൂക്ഷിക്കുന്ന പരിശോധനാ കിറ്റുകള്‍ മാത്രമാണ് ആ ഒറ്റയാൾ മൊബൈൽ ക്ലിനിക്കുകാരുടെ കൈമുതല്‍. കസ്റ്റമേഴ്സിന്  ഊഴം കാത്ത് നിൽക്കേണ്ടി വരുന്നത്ര ബിസിനസ്സ് അവർക്കുമുണ്ട്… നടപ്പുകാരിൽ ഒട്ടു മുക്കാലും പേരുടെയും  ലക്ഷ്യം ആരോഗ്യപരിപാലനമായത് കൊണ്ട്  അതിലത്ര അദ്‌ഭുതമൊന്നും തോന്നേണ്ടതില്ല താനും.

അവ്വിധ നേരമ്പോക്കുകൾ  കണ്ടും കേട്ടും നിന്ന് നേരംപോയത് അറിയാൻ വൈകിയിട്ട്   തെയ്‌നാംപേട്ടിലേക്കുള്ള മടക്കയാത്ര പലപ്പോഴും കാല്നടയ്ക്ക് പകരം ബസ്സിലാക്കേണ്ടി വന്നിരുന്നു. അപ്പോഴൊക്കെ സഹയാത്രികരിൽ ഏറെയും വീട്ടുവേലയ്ക്കും വഴിപണികള്‍ക്കുമൊക്കെയായി ചൂലും ബക്കറ്റും കൈക്കോട്ടുമൊക്കെയേന്തി പോകുന്ന പ്രാദേശികരായ സ്ത്രീകളായിരുന്നു. തെയ്നാംപേട്ടില്‍ ബസ്സിറങ്ങുമ്പോള്‍ കണ്ടിരുന്നതേറെയും വിദ്യാർത്ഥിക്കൂട്ടങ്ങളെയും. തോളോട് തോൾ ചേർന്ന് നടന്നു നീങ്ങുന്ന ആ കുട്ടികളുടെ ഉന്മേഷദായകമായ വിനിമയങ്ങളുടെ ദൃശ്യങ്ങൾ കണ്ടു കൊണ്ടാണ് ഫുട്ട് പാത്തിലൂടെ താമസസ്ഥലത്തേക്ക് തിരികെ നടന്നിരുന്നത്.

ഇപ്പോൾ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ഇങ്ങകലെ മാറിയിരുന്ന് മറീനാപ്പുലരികളുടെ ഇപ്പോഴത്തെ അവസ്ഥയോർക്കുമ്പോൾ ഖേദകരമായ ചില  സങ്കല്പങ്ങളാണ് പെട്ടെന്ന് മനസ്സിൽ തെളിയുന്നത്. മുഖത്ത് മാസ്ക്ക് വച്ചു കെട്ടിയും അപരരില്‍ നിന്ന് അഞ്ചാറടി  അകലം പാലിച്ചും  അന്യോന്യം ഏറുകണ്ണിട്ട് നോക്കിക്കൊണ്ടും ഒറ്റയ്ക്കൊറ്റയ്ക്ക്  നടക്കുന്ന പ്രഭാത സവാരിക്കാർ. അതിലേറെ  അകലം പാലിച്ച് വട്ടത്തിലിരുന്ന്  മാസ്ക്ക് പൊത്തിപ്പിടിച്ച് ‌   പൊട്ടിച്ചിരിക്കുന്ന ചിരി ക്ളബ്ബുകാർ!

മാസ്ക്ക് മുഖത്തേക്ക്  ബലമായി ചേർത്തു കെട്ടിയ  കരാട്ടെ അഭ്യാസികളും, യോഗാമുറക്കാരും! സൂര്യനെയും മാസ്ക്ക് വച്ച് നമസ്കരിക്കുന്നവർ… വായ് മൂടപ്പെട്ടതോടെ വാചാലത നഷ്ടപ്പെട്ട ബസ്സുയാത്രികരായ പണിക്കാരികൾ… യൂണിഫോമിനൊപ്പം  മാസ്ക്ക് കൂടെച്ചേർന്നതോടെ പരസ്പരം തിരിച്ചറിയാൻ പാട്പെട്ട്, കൂട്ട് വിട്ട് നടക്കുന്ന കുട്ടികൾ…

ഇക്കാലവും കടന്നു ചെന്നെത്തുന്ന, നാളെയൊരു നാൾ, മറീനയിലെ പ്രഭാതസവാരിക്കാർ മാസ്‌ക്കുകൾ ദൂരേക്കെറിഞ്ഞിട്ട് പൂർവാധികം സന്തോഷത്തോടെ അഭിവാദ്യങ്ങൾ കൈമാറി  പണ്ടേപ്പോലെ തന്നെ കടൽക്കാറ്റിലുല്ലസിച്ച് കൂട്ടം കൂടി നടക്കാൻ തുടങ്ങുകയും, പട്ടണം വൃത്തിയാക്കാൻ  പോകുന്ന ബസ്സുയാത്രികരായ പണിക്കാരികൾ വീണ്ടും കലപില സംസാരം തുടരുകയും വിദ്യാർഥികൾ വീണ്ടും കൂട്ടം കൂടി, പഴയ പടി തന്നെ തോളുരുമ്മി ചിരിച്ചുല്ലസിച്ച് നടന്നു പോകുകയുമൊക്കെച്ചെയ്യുന്ന ഭാവനാദൃശ്യങ്ങളെ പകരം വച്ചാണ്  ഇപ്പറഞ്ഞ  അശുഭദൃശ്യങ്ങളെ ഞാൻ ഉള്ളിൽ നിന്ന് ഉച്ചാടനം ചെയ്യാറുള്ളത്. അതോടൊപ്പം, മറീനയിലെ   മുറിവൈദ്യന്മാർ പ്രഷറിനും ഷുഗറിനുമൊപ്പം കൊറോണയും കൂടി പരിശോധിക്കുകയും ആവശ്യമായവർക്ക് ഉടനടി കൊറോണാ വാക്സിൻ കുത്തി വയ്ക്കുകയും ചെയ്യുന്ന ഒരു പകൽക്കിനാവും ഇപ്പോൾ കൂടെക്കൂടെ കാണാറുണ്ട്…

Read Here: അയ്മനം ജോണിന്റെ മറ്റു എഴുത്തുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Coronavirus lockdown marina beach memories aymanam john

Best of Express