ഫെബ്രുവരി ഇരുപത്തി മൂന്നിനാണ് ഞാൻ സാൻഫ്രാൻസിസ്കോ എയർപോർട്ടിൽ എത്തുന്നത്. ഹോളിവുഡിലെ പ്രശസ്തമായ ചൈനീസ് തിയേറ്ററിൽ വെച്ചു നടന്ന ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായിരുന്നു ഈ യാത്ര. ഫെസ്റ്റിവലിലേക്ക് ഞാൻ സംവിധാനം ചെയ്ത ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടെന്ന സന്തോഷ വാർത്ത തേടിയെത്തുമ്പോൾ അമേരിക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അന്ന് ചൈനയിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരി മാത്രമായിരുന്നു കൊറോണ.
ചലച്ചിത്രമേളയിൽ പങ്കെടുക്കുക, അമേരിക്കയൊക്കെ ഒന്നു ചുറ്റി കാണുക – ഈ ലക്ഷ്യങ്ങളോടെയായിരുന്നു വരവെന്നതിനാൽ ഏതാണ്ട് ഒരു മാസം കഴിഞ്ഞായിരുന്നു റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അപ്രതീക്ഷിതമായൊരു ഭാഗ്യം പോലെ, ‘ഈലം’ ഗോൾഡൻ സ്റ്റേറ്റ് ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പക്ഷേ ആ വലിയ സന്തോഷത്തിനിടയിലാണ് കൊറോണ വൈറസ് ലോകത്തെ കൂടുതൽ സങ്കീർണമായ അവസ്ഥകളിലേക്ക് നയിക്കുന്നതും ഇവിടെ ‘സ്റ്റേ അറ്റ് ഹോം’ ഓർഡർ വരുന്നതും. അന്താരാഷ്ട്ര ഫ്ലൈറ്റ് സർവീസുകൾ എല്ലാം നിലച്ചതോടെ എന്റെ മടക്കവും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. ‘ഈല’ത്തിന്റെ നിർമാതാക്കളുടെ ഫെയർഫീൽഡിലെ വീട്ടിലാണ് ഞാനിപ്പോൾ ഉള്ളത്. ഒരു വൈറസ് ലോകത്തിന്റെ വിവിധ കോണുകളിലായി എത്ര മനുഷ്യരെയാണ് തടവിൽ ആക്കിയിരിക്കുന്നത്!
ഞാൻ വന്നിറങ്ങിയപ്പോൾ എന്നെ വിസ്മയിപ്പിച്ച നഗരമല്ല ഇപ്പോൾ കൺമുന്നിലുള്ളത്, കൊറോണ ഭീതിയിൽ ഈ നഗരത്തിനും അതിന്റെ സ്വാഭാവികമായ താളം നഷ്ടമായിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട പാലമാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. അത്ഭുതപ്പെടുത്തുന്ന എഞ്ചിനീയറിംഗ്, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ, ചരിത്രമുറങ്ങുന്ന നഗരത്തിന്റെ നെടുംതൂൺ… ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. എപ്പോഴും വൻ തിരക്കുള്ള ഒരിടം.
ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന മലയാളചിത്രം ‘വെള്ള’ത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജോസ് കുട്ടി മഠത്തിലിനൊപ്പമാണ് ഇവിടെ കൊറോണ പൊട്ടിപുറപ്പെടുന്നതിനും ‘സ്റ്റേ അറ്റ് പ്ലേസ്’ ഓർഡർ വരുന്നതിനും രണ്ടാഴ്ച മുൻപ് ഞാൻ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് കാണാൻ പോയത്. പക്ഷേ, ഇന്നവിടെ ശൂന്യമാണ്. കൊറോണയെന്ന വിനാശകാരിയായ വൈറസ് എല്ലാ വിസ്മയ കാഴ്ചകളെയും അടച്ചു കളഞ്ഞിരിക്കുന്നു.
“ഒരു ദിവസം ടോൾ ഇനത്തിൽ മാത്രം മൂന്ന് ലക്ഷം ഡോളർ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് അതോറിറ്റിക്ക് നഷ്ട്ടം ഉണ്ടാവുന്നു. പുലർച്ചെ 5 മണിമുതൽ രാവിലെ പത്തു മണി വരെ 6,700 വാഹനങ്ങൾ മാത്രമാണ് കടന്നു പോയത്. ഇതിൽ തന്നെ 70 ശതമാനം ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്,” ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് ഡിസ്ട്രിക്ട് മാനേജർ ഡെന്നിസ് മുള്ളിഗൻ പറയുന്നു. ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് 19 എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്.
തങ്ങളുടെ കാറിനേക്കാൾ വിലപിടിപ്പുള്ള പട്ടിയുമായി ഉലാത്താൻ വരുന്നവരെ കൊണ്ട് സമ്പന്നമാണ്, റോക്ക് വിൽ ഹിൽസ് റീജിയണൽ പാർക്ക്. ഫെയർഫീൽഡിൽ ഞാൻ താമസിക്കുന്ന മാസ്റ്റേഴ്സ് ഡ്രൈവിൽ നിന്നു ഏതാനും മിനിറ്റുകൾ ഡ്രൈവ് ചെയ്താൽ പാർക്കിൽ എത്താം. അമേരിക്കയിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അവിടെ നടക്കാൻ വരുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടായിരുന്നില്ല. ജനങ്ങളോട് വീട്ടിൽ താങ്ങാനുള്ള നിർദേശം കൗണ്ടി അധികൃതർ പുറപ്പെടുവിച്ചപ്പോഴും പാർക്ക് അടച്ചിരുന്നില്ല. എങ്കിലും ശ്മശാന മൂകതയായിരുന്നു അവിടമാകെ.
എന്നാൽ ഈ ആഴ്ചാവസാനം ആയപ്പോഴേക്കും നിയന്ത്രണങ്ങളെല്ലാം ജനങ്ങൾ കാറ്റിൽ പറത്തി. ഏക്കറു കണക്കിന് വിശാലമായി കിടക്കുന്ന പാർക്കിങ് ലോട്ടിൽ കാറുകൾ നിറഞ്ഞു. “വാഹനം ഇടാനാവാതെ തിരിച്ചു പോയവരുടെ എണ്ണമായിരുന്നു കൂടുതൽ,” പാർക്ക് ഡയറക്ടർ ലിഞ്ച് കാന്യോൺ പറയുന്നു. വീട്ടിൽ നിന്നു പുറത്തു ചാടുന്നവരെ പൂട്ടാൻ അധികൃതർ കർശന നടപടികൾ തുടങ്ങിയിരിക്കുകയാണിപ്പോൾ. ഫ്രീവേകളിൽ ട്രക്കുകൾ മാത്രം വിരളമായി കാണാം. അത്യാവശ്യത്തിനു പോകുന്നവരുടെ വാഹനങ്ങളെക്കാൾ പോലീസ് വണ്ടികളാണ് റോഡിൽ കൂടുതലും.
ഇന്നലെ ജോസ് കുട്ടിക്കൊപ്പം സോളാനോ കൗണ്ടിയിലുള്ള ഇന്ത്യൻ സ്റ്റോറിൽ പോയപ്പോഴാണ് നിരത്തിലെ ശൂന്യത പിടികിട്ടിയത്. കടന്നു പോകാൻ വാഹനങ്ങൾ ഇല്ലാതെ സിഗ്നൽ തെളിഞ്ഞു കൊണ്ടിരുന്നു. അവിടെയൊക്കെ പുതിയ ഇലക്ട്രോണിക് സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘Avoid travel Stay at home. Beat Corona’ എന്ന് തെളിഞ്ഞു കൊണ്ടിരിക്കും.

ഇന്ത്യൻ സ്റ്റോറിന്റെ ഉടമ പഞ്ചാബിയാണ്. എഴുപത്തിയഞ്ചുകാരനായ ദിൽജിത് സിംഗ്. മുഖം മറച്ചു കെട്ടിയാണ് കച്ചവടം. ആളില്ലാത്തതിനാൽ ജോലിക്കാരൊന്നും ഇല്ല. സാധനം വാങ്ങിയാല് ബില്ല് കൊടുക്കാന് ചുരുങ്ങിയത് അരമണിക്കൂർ കാത്തു നിൽക്കേണ്ടി വന്നിരുന്ന സ്റ്റോറിലെ അവസ്ഥയാണിത്. തദ്ദേശീയരെക്കാൾ കൊറോണയെ ഭയക്കുന്നത് പ്രവാസികൾ ആണെന്ന് തോന്നി. ദിൽജിത് സിംഗ് ഞങ്ങളെ കണ്ടപ്പോൾ വാചാലനായി. ചിലവാകാതെ കേടായിപ്പോകാവുന്ന ഒരു പടല പഴവും കുറച്ചു ബണ്ണും അയാൾ സംസാരത്തിനിടയിൽ പുറത്തെടുത്തു വെച്ചിരുന്നു. ഞങ്ങൾ വിട പറയുമ്പോൾ ഒരു ‘ഹോംലെസ്സ്’ വന്നു പഴവും ബണ്ണും എടുത്തു കൊണ്ടു പോയി. അയാൾ ദിൽജിത്തിനെ സ്നേഹപൂർവ്വം നോക്കി. എനിക്കപ്പോൾ ടി പത്മനാഭന്റെ മക്കൻ സിംഗിനെ ഓർമ്മ വന്നു.
കാലിഫോർണിയ സ്റ്റേറ്റിൽ മാത്രം ഒന്നര ലക്ഷം ഹോംലെസ്സുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയിൽ ന്യൂയോർക്കിലും കാലിഫോർണിയയിലുമാണ് ഏറ്റവും കൂടുതൽ ഹോംലെസ്സ് ഉള്ളത്. കൊറോണ ഇവരെയാണ്, ഈ സ്വർഗഭൂമിയിൽ കൂടുതൽ പാർശ്വവൽക്കരിക്കുന്നത്.
ഫെയർഫീൽഡിൽ ഉള്ള ഡോളർ സ്റ്റോറിൽ (ഏതെടുത്താലും ഒരു ഡോളർ ) കുറഞ്ഞ വരുമാനക്കാരും ഹോംലെസ്സുകളും ആണ് അധികവും സാധനങ്ങൾ വാങ്ങാൻ വരുന്നത്. കൊറോണ ഭീതി പരന്നപ്പോൾ അവിടെ സാനിടൈസറും നാപ്കിനും ടിഷ്യുപേപ്പറും വാങ്ങാൻ മറ്റുള്ളവരും ഇടിച്ചു കേറി. അതോടെ ഹോംലെസ്സുകൾ ആണ് ആദ്യം പുറം തള്ളപ്പെട്ടു പോയത്. സർക്കാർ, കുറഞ്ഞ വരുമാനക്കാർക്കും ഹോംലെസ്സുകൾക്കും ഫുഡ് സ്റ്റാമ്പ് കൊടുക്കുന്നുണ്ട്. അതൊരു തരം പ്ലാസ്റ്റിക് മണി ആണ്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ ഈ കാർഡ് ഉപയോഗിക്കാം. കാട്ടുതീ, ഭുകമ്പം, പ്രളയം എന്നിവ വരുമ്പോൾ ഫണ്ട് അനുവദിക്കാറുള്ളത് പോലെ വൻ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണമെന്നാണ് കൊറോണയെ മുൻനിർത്തി കാലിഫോർണിയ ഗവർണർ പ്രസിഡന്റ് ട്രമ്പിനോട് അവശപ്പെട്ടിരിക്കുന്നത്. തൊഴിൽ രഹിതർക്കുള്ള ആനുകൂല്യങ്ങൾ ആണ് അതിലെ പ്രധാന ആവശ്യം.
കൊറോണ എല്ലാ തൊഴിൽ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കോസ്കോ പോലുള്ള വൻ സൂപ്പർ മാർക്കറ്റ് ചെയിൻ തകർച്ചയിൽ ആണത്രെ. കൊറോണയുടെ തുടക്ക നാളുകളിൽ സാധനങ്ങൾ വാങ്ങാൻ വൻതിരക്കായിരുന്നുവെങ്കിലും ഇപ്പോൾ ഫ്രീസർ പ്രവർത്തിക്കുന്നതിന്റെ ചെലവ് പോലും ഒത്തു കിട്ടുന്നില്ല എന്നാണ് പറയുന്നത്.
ഞാൻ കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിൽ പോയിരുന്നു. അവിടുത്തെ സർക്കാർ ഓഫീസുകൾ എല്ലാം ശൂന്യമാണ്. സിറ്റി മെട്രോയിൽ ഡ്രൈവർ മാത്രമേ ഉള്ളൂ! ബാങ്ക്, ഗ്രോസറി സ്റ്റോർ, ഫാർമസി എന്നിവ മാത്രമേ തുറന്നിട്ടുള്ളു. ഏറ്റവും തിരക്കുണ്ടായിരുന്ന അമേരിക്കൻ ബാങ്ക് ഇപ്പോൾ ഒരു പ്രേത ഭവനമാണ്. റെസ്റ്റോറന്റുകളിൽ Take Away മാത്രമേ ഉള്ളു. ഇരുന്നു കഴിക്കാൻ ആൾക്കാർക്ക് പേടിയാണ്. ഇവിടങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ചെറുപ്പകാരെല്ലാം ഒറ്റരാത്രിയോടെ വരുമാനമില്ലാത്തവരായി തീർന്നു. ഗോൾഫ് ക്ലബ്ബുകൾ ആണ് കൊറോണ കാരണം നഷ്ടം സഹിക്കുന്ന മറ്റൊരു മേഖല.
ഞാൻ താമസിക്കുന്ന വില്ലക്ക് പിറകിലാണ് പാരഡയസ് വാലി ഗോൾഫ് കോഴ്സ് ഉള്ളത്. അറുപതിനായിരം ഡോളർ ആണത്രേ അവരുടെ പ്രതിദിന നഷ്ടം. അവിടെ മണിക്കൂറിനു ജോലി ചെയ്തിരുന്നവർക്കു പണി നഷ്ടമായി. പുല്ലു വെട്ടുന്നവരടക്കമുള്ള, ഈ ഗോൾഫ് കോഴ്സിനെ ചുറ്റിപ്പറ്റിയുള്ള മറ്റു ജോലിക്കാരുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മെക്സിക്കൻക്കാരാണ് ഇവിടെ കൂടുതലും ഇത്തരം ലോ പ്രൊഫൈൽ ജോലികൾ ചെയ്യുന്നത്. കൊറോണ അവരുടെ ജീവിതമാണ് ഇല്ലാതാക്കിയത്. വീടുവൃത്തിയാക്കാനും കാർ കഴുകാനും അവരെ ആരും വിളിക്കുന്നില്ല.
സാൻഫ്രാൻസിസ്കോയുടെ ചേർന്നു കിടക്കുന്ന നോർത്തേൺ കാലിഫോർണിയയുടെ ഏരിയയെയാണ് ‘ബേ ഏരിയ’ എന്നു പറയുന്നത്. ഇവിടെ കടൽ കയറിക്കിടക്കുന്നതു കൊണ്ടാണ് ബേ ഏരിയ എന്നു പേരു വന്നിരിക്കുന്നത്. ബേ ഏരിയയിൽ വരുന്ന കൗണ്ടികളിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സാന്റാ ക്ലാരാ കൗണ്ടിയിലാണ്. (നാട്ടിലെ ജില്ലകൾക്കാണ് ഇവിടെ കൗണ്ടികൾ എന്നു പറയുന്നത്). ഇതു വരെ 375 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാന്റാ ക്ലാരാ കൗണ്ടിയിലാണ് ഫെയ്സ്ബുക്ക്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ഐടി കമ്പനികളുടെയെല്ലാം കേന്ദ്രമായ സിൽക്കോൺ വാലി വരുന്നത്. സാന്റാ ക്ലാരാ കൗണ്ടിയിലെ സാൻഹൊസെ ഏരിയ മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്.
ഈസ്റ്ററിനു മുമ്പ് കൊറോണ കാരണം ഉണ്ടായ എല്ലാ വിലക്കുകളും നീക്കുമെന്നാണ് ഡൊണാൾഡ് ട്രമ്പ് പറയുന്നത്. ആരോഗ്യവിദഗ്ധരും സാമൂഹ്യ പ്രവർത്തകരും ഈ തീരുമാനത്തോട് യോജിക്കുന്നില്ല. ന്യൂയോർക്ക് ഇറ്റലി പോലെ ആയിത്തീരാൻ സാധ്യത ഉണ്ടെന്ന് എല്ലാവരും ഭയക്കുമ്പോൾ ആണ് ട്രമ്പ് കടുത്ത തീരുമാനം പറയുന്നത്. “അദ്ദേഹം പറയുന്നതിലും കാര്യം ഉണ്ട്. ഈ സോഷ്യൽ ഡിസ്റ്റൻസിങ് കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകർന്നു പോകും. ചൈനക്കാരാണ് ഇതിനു പിന്നിൽ. ചൈനീസ് വൈറസ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും ട്രമ്പിനെ വിമർശിച്ചു. ഹുവാനിൽ ചൈനീസ് പ്രസിഡന്റ് സാദാ മാസ്ക് ധരിച്ചു സദർശനം നടത്തിയപ്പോഴേ സംശയിച്ചതാണ്. ഇതു അവരുടെ കളിയാണ്. അവർ ഉണ്ടാക്കിയ വൈറസിനെ അവർ നിയന്ത്രിച്ചു. മറ്റുള്ളവർ അതിൽ പെട്ടു. അമേരിക്കൻ കമ്പനികളുടെ വിലയിടിഞ്ഞ ഷെയറുകൾ എല്ലാം ചൈനക്കാർ വാങ്ങി കൂട്ടി,” കഴിഞ്ഞ ദിവസം ഗോൾഫ് കളിക്കാനാവാതെ മടങ്ങുകയായിരുന്ന ഡാൻ ഹാരിസ് (ശരിയായ പേരല്ല) എന്ന തദ്ദേശീയൻ പറഞ്ഞതിങ്ങനെ.
ഓൺലൈൻ കമ്പനികൾക്കാണ് ഈ വൈറസ് ബാധ കൊയ്ത്തുകാലമായി മാറിയത്. ഇവിടെയിപ്പോൾ പിസ്സ ഡെലിവറി ചെയ്യുന്ന ചെറുപ്പക്കാർക്ക് വലിയ ഡിമാൻഡ് ആണ്. Instacard എന്ന കമ്പനി മൂന്ന് ലക്ഷം പേരെയാണ് രണ്ടാഴ്ച കൊണ്ട് പുതിയതായി ജോലിയ്ക്കെടുത്തത്. ഒരു മണിക്കൂർ ജോലി ചെയ്താൽ 20 ഡോളർ വരെ കിട്ടും. യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവിസും ആളെ എടുക്കുന്നുണ്ട്. ഓൺലൈൻ ട്യൂട്ടർമാർക്കും വലിയ ഡിമാൻഡ് ആണ്.
രണ്ടാഴ്ചക്കുള്ളിൽ ഒരു മില്യൺ ജനങ്ങളാണ് കാലിഫോർണിയയിൽ മാത്രം അൺഎംപ്ളോയ്മെന്റ് ആനുകൂല്യങ്ങൾക്ക് അപേക്ഷ കൊടുത്തിരിക്കുന്നത്. ഹോം ലോൺ അടവുകൾ ബാങ്കുകൾ നീട്ടി കൊടുത്തത് വലിയ ആശ്വാസമാണ്. ഇക്കാര്യത്തിൽ സർക്കാർ മൊറൊട്ടോറിയം പ്രഖ്യാപ്പിച്ചതാണ് ഏവർക്കും ആശ്വാസമായിരിക്കുന്നത്. വിനോദ വ്യവസായം ആണ് അമേരിക്കയിൽ കൊറോണ കാരണം കൂപ്പുകുത്തിയ മറ്റൊരു മേഖല. മുൻപ് ലേക്ക് താഹോ കാണാൻ പോകുന്ന വഴി കുറെ കാസിനോകൾ കണ്ടിരുന്നു. അതെല്ലാം ഇപ്പോൾ അടച്ചിരിക്കുകയാണ്. വൈറസ് എല്ലാ ഉന്മാദങ്ങളെയും കൊന്നു കളഞ്ഞു.
ഹോളിവുഡിലും ലോലൻഡിലും ഷൂട്ടിംഗ് നടക്കാത്തതിനാൽ വൻ തൊഴിൽ നഷ്ടവും വരുമാന നഷ്ടവുമാണ് ഇപ്പോഴുള്ളത്. വമ്പൻ സ്റ്റുഡിയോകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. യൂണിവേഴ്സൽ സ്റ്റുഡിയോ അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോളിവുഡ് ഹോട്ടലുകൾ 50 ശതമാനം ഓഫർ നൽകിയിട്ടും ആളില്ല.
ചൈന, ഹോളിവുഡ് സിനിമകളുടെ വലിയ മാർക്കറ്റ് ആയിരുന്നു. നിലവിലെ സാഹചര്യത്തിൽ പുതിയ ജെയിംസ് ബോണ്ട് പടം അവിടെ റിലീസ് ചെയ്യാൻ കഴിയില്ല. ആ സിനിമയുടെ റിലീസ് കൊറോണ കാരണം നീട്ടി വച്ചു. കഴിഞ്ഞ തവണ ഇറങ്ങിയ ‘സ്പെക്ടർ’, ‘സ്കൈഫാൾ’ എന്നിവ 80 മില്യണിന്റെ ബിസിനസ്സാണ് ചൈനയിൽ നിന്നു മാത്രം നേടിയിരുന്നത്. ആ സാധ്യത മുഴുവനും കൊറോണ ഉണ്ടാക്കിയ സാമൂഹ്യ അന്തരീഷം ഇല്ലാതാക്കിയിരിക്കുകയാണ്.
ഇവിടുത്തെ സ്കൂളുകൾ ഇനി മെയ് ആദ്യ ആഴ്ചയിലെ തുറക്കൂ. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മിക്ക സ്കൂളുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിലും നഴ്സിംഗ് ഹോമിലും കഴിയുന്ന വൃദ്ധ ജനങ്ങളാണ് കഷ്ടത്തിൽ ആയ മറ്റൊരു വിഭാഗം.
“ബന്ധുക്കളെയും അടുപ്പക്കാരേയും ഒന്നും ഇപ്പോൾ നഴ്സിംഗ് ഹോമിലേക്ക് (അസ്സിസ്റ്റഡ് ലിവിങ്) പ്രവേശിപ്പിക്കുന്നില്ല. മെഡിക്കൽ വർക്കേഴ്സ് വന്നാൽ പോലും പല വിധ ടെസ്റ്റുകൾ ചെയ്ത ശേഷമാണ് കാണാൻ അനുവദിക്കുന്നത്,” ‘ഗേറ്റ് വേ കെയർ ആൻഡ് റിഹാബ് സെന്ററിലെ’ ഹെഥേർ ബോണാർ പറയുന്നു.
കാലിഫോർണിയയുടെ സംസ്ഥാന പുഷ്പം പോപ്പി ആണ്. റോക്ക് വിൽ പാർക്കിലെ മലമുകളിൽ പോപ്പി പുഷ്പങ്ങൾ പരവതാനി വിരിച്ചിട്ടുണ്ട്. മനോഹരമായ കാഴ്ചയാണിത്. ഫെയർ ഫീൽഡിലെ മറ്റു ഇടങ്ങളിലും പോപ്പിചെടികൾ പൂത്തിട്ടുണ്ട്.
പുടിൽ പട്ടിയെയും കൊണ്ട് ഒരു വൃദ്ധൻ മലമുകളിലേക്ക് കേറി പോകുന്നത് കണ്ടു. ഞങ്ങൾ നടത്തം നിർത്തി ചോദിച്ചപോൾ അദ്ദേഹം പറഞ്ഞു. “ഇപ്പോൾ ഗോൾഫ് കളിയില്ല. പോപ്പി വിരിഞ്ഞു നിൽക്കുന്നത് കാണാൻ പോകുന്നു. കൊറോണ കാരണം അടുത്ത സീസണിൽ എനിക്കീ പുഷ്പ്പങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലോ…” അയാൾ ചിരിച്ചു.
ഞാനും ജോസ് കുട്ടിയും ഗോൾഫ് കോഴ്സ് വഴി വീട്ടിലേക്കു നടന്നു. അപ്പോൾ ആലിപ്പഴം പെയ്തു. ഞാനിതാദ്യം കാണുകയാണ്, ലോകം കൊറോണ വൈറസിനെയും ആദ്യം നേരിടുകയാണല്ലോ.
