വീണ്ടും ഒരു പരിസ്ഥിതി ദിനം കടന്നുപോകുന്നു,. ആണ്ടിലൊരു ദിനം മാത്രം മതിയോ പരിസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഓര്‍മ്മപ്പെടു ത്തലുകളും എന്ന തര്‍ക്കങ്ങളും പൊടി പൊടിക്കുന്നുണ്ട്. തൈകള്‍ നടാനുള്ള ആഹ്വാനങ്ങള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളിലെ പ്രകൃതിസ്നേഹികളുടെ ഗ്രൂപ്പുകള്‍ മുഖരിതമാണ്. രാഷ്ട്രീയ കക്ഷികളുടെ യുവജന വിഭാഗങ്ങളും തെല്ലും പുറകിലാകാതെ ഒപ്പത്തിനൊപ്പം പല സംരംഭങ്ങളുമായി മുന്നില്‍ത്തന്നെയുണ്ട്.എന്നാല്‍, ഇതിനൊക്കെ അപവാദമായി പരിസ്ഥിതി ഏറെ ആശങ്ക ജനിപ്പിക്കുന്ന അളവില്‍ ക്ഷയിച്ച് വരുന്നു എന്നതാണ് യാഥാർത്ഥ്യം.
വ്യക്തികളെന്ന നിലയ്ക്ക് സ്കൂളില്‍ പഠിച്ചിട്ടുള്ള ശാസ്ത്രത്തിന്‍റെ അടിസ്ഥാനങ്ങള്‍ ജീവിതത്തില്‍ എത്ര കണ്ട് പ്രയോഗിക്കുന്നുണ്ടെന്ന് ആലോചിച്ചാല്‍ മാത്രം മതിയാകും ഇതിന്‍റെ കാരണം കണ്ടെത്താന്‍. പാരിസ്ഥിതിക വിഷയങ്ങള്‍ മാര്‍ക്കിലും ജോലിയിലും മാത്രം ഒതുക്കപ്പെടുമ്പോള്‍ നാം മറന്നുപോകുന്ന പരമമായ ഒരു സത്യമുണ്ട്. പ്രകൃതിയാകെ ക്ഷോഭിച്ച്, സര്‍വ്വനാശം വിതച്ചിട്ടുള്ള പ്രദേശങ്ങളില്‍ സ്നേഹികളെയും വിരോധികളെയും അത് ഒരു പോലെ ദുരന്തത്തിലാഴ്ത്തിയെന്ന ഭയാനകമായ സത്യം. ചെന്നൈയില്‍ പേമാരിയില്‍പ്പെട്ടുവലഞ്ഞവരില്‍ ഈ ഇരുകൂട്ടരും പെടും. ഈ ദുരന്തത്തില്‍ നിന്നും ആ നഗരത്തിലെ പൗരന്മാര്‍ എന്ത് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്.
സന്നദ്ധസംഘടനകളുടെ മാത്രം ചുമതലയല്ല പാരിസ്ഥിതിക സംരക്ഷണം എന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചരിവ് ശാസ്ത്രം പഠിച്ചവര്‍ക്കോ അതിനോട് ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ മാത്രം ഉണ്ടാകേണ്ട ഒന്നല്ല. ഓരോ പൗരനും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്‍മാരാകേണ്ട അത്യാവശ്യഘട്ടത്തിലാണ് നാം ഇന്ന് എത്തിനില്‍ക്കുന്നത്.
പ്രീഡിഗ്രീക്ക് ശേഷം ശാസ്ത്രം പാഠ്യവിഷയമാക്കാത്ത ഒരാളാണ് ഞാന്‍. ബിരുദത്തിന് ആംഗലേയസാഹിത്യമാണ് വിഷയമാക്കിയത്. അതോടൊപ്പം തന്നെ ചിത്രകലയിലും, പിന്നീട് ഫൊട്ടോഗ്രാഫിയിലും അതിയായ താല്‍പ്പര്യം ജനിക്കുകയും അവ രണ്ടിലും ഏറെ കാര്യമായ രീതിയില്‍ ഇടപെടുകയും ചെയ്തു. ക്രമേണ ചിത്രരചന നിലയ്ക്കുകയും ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന് ശേഷം ജോലി നേടാനായത് റയില്‍വേയിലായിരുന്നു.
ശാസ്ത്രത്തിന്‍റെ മേഖലയിലല്ലാത്ത ഒരു ജോലിയായിട്ട് കൂടി അങ്ങനെയുള്ള കാര്യങ്ങളിലുള്ള കൗതുകം നിലനിര്‍ത്താനായി എന്നത് വലിയ ഒരു നേട്ടമായിത്തന്നെ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. ഏതൊരു വ്യത്യാസമായ കാര്യം കാണുമ്പോഴും അത് കഴിയുമെങ്കില്‍ ഫിലിമില്‍ പകര്‍ത്താനും പിന്നീട് അതിന്‍റെ പുറകിലെ രഹസ്യത്തിന്റെ ചുരുളഴിക്കാനുമുള്ള ഒരു പരിശ്രമം എന്നും ഉള്ളില്‍ ഞാന്‍ സൂക്ഷിച്ചിരുന്നു. ഈ ഒരു പെരുമാറ്റം എനിക്ക് ഏറെ നല്ലതായ ഒരു പരിചിതവലയം സംജാതമാകുന്നതില്‍ സഹായകമായി. അവരില്‍ പലരും പില്‍ക്കാലത്ത് നല്ല സുഹൃത്തുക്കളുമായി.
ഈ സംശയനിവൃത്തിക്കും പഠനത്തിനും വലിയ ചിലവോ ആർഭാടമോ ആവശ്യമില്ല. നമ്മുടെ തൊട്ടടുത്ത പ്രദേശങ്ങളില്‍ പോലും ഇത് സാധ്യമാകും. ജോലിസംബന്ധമായി എട്ട് വര്‍ഷക്കാലം വാളയാറില്‍ ചിലവഴിക്കേണ്ടിവന്നപ്പോള്‍ നിരീക്ഷിച്ച ചില രസകരങ്ങളായ കാര്യങ്ങളെക്കുറിച്ചും അവയുടെ പൊരുളന്വേഷിച്ചുപോയപ്പോള്‍ കിട്ടിയ സൂക്ഷ്മവും രസകരവുമായ ചില അറിവുകളെയും കുറിച്ചാണിത്..
മാക്രോഫോട്ടോഗ്രാഫിയില്‍ മുഴുകിയിരുന്ന ഒരാളെന്നനിലയില്‍ ഭൂമിയുടെ ഉപരിതലം തുടങ്ങി കണ്ണുകളുടെ ഉയരത്തിലുള്ള ഇലകള്‍ വരെയും നോക്കിനടക്കുക ഒരു ശീലമായിത്തീര്‍ന്നിരുന്നു. ഒരു ദിവസം ഓഫീസില്‍ നിന്നും യാര്‍ഡ് മുറിച്ച് സ്റ്റേഷനിലേയ്ക്ക് പോകുമ്പോള്‍ ഒരു ചെടിയുടെ ഇലയില്‍ ഒരു പ്രത്യേകതരം ഉറുമ്പ് ഇരിക്കുന്നത് കണ്ടു. മാക്രോലെന്‍സിട്ട ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കി ഫോക്കസ് ചെയ്തപ്പോഴായിരുന്നു അത്ഭുതകരമായ സത്യം ഞാന്‍ മനസ്സിലാക്കിയത്. അത് ഒരു ഉറുമ്പായിരുന്നില്ല. മറിച്ച്, പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു തൊഴുകയ്യന്‍ (Praying Mantis Instar) ആയിരുന്നു അത്. ഈ സൂക്ഷ്മതലത്തിലേയ്ക്കിറങ്ങാതെ ഈ സത്യം ഒരു രീതിയിലും മറ്റൊരു ജീവിക്കും ബോധ്യപ്പെടുകയില്ല. എന്തിനായിരിക്കാം ഈ ജനുസ്സിലുള്ള തൊഴുകയ്യനു ഉറുമ്പിനോടുള്ള സാദൃശ്യം പ്രകൃതി ഒരുക്കിയത്? ഈ സംശയവും അതിന്‍റെ ഉത്തരം കണ്ടെത്താനുള്ള ഒരു കൗതുകവും ഇന്ന് ജീവിക്കാനുള്ള തത്രപ്പാട് കൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ മനുഷ്യന് കൈമോശം വന്ന് കഴിഞ്ഞു. അവന്‍റെ / അവളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാകേണ്ട പ്രകൃതിപഠനം അത്കൊണ്ട് തന്നെ അവന്‍റെ പട്ടികയിലെ അവസാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു.
ഉറുമ്പുകളെ രൂപം കൊണ്ട് അനുകരിക്കുന്ന ഈ പ്രതിഭാസത്തിനു “മൈര്‍മക്കോഗ്രാഫി” (Myrmecography) എന്നാണ് പറയുക. പൊതുവെ ആക്രമകാരികളായ ഉറുമ്പുകളെ മറ്റു പ്രാണികളും പക്ഷികളും ഭക്ഷിക്കാറില്ല. ഇതാണ് ഇര തേടാനായി കാത്തുനില്‍ക്കേണ്ട ഈ തൊഴുകയ്യന്‍മാര്‍ക്ക് ഉറുമ്പ്‌രൂപം കിട്ടാന്‍ കാരണം. സ്വയം ഒരു ഇരയായിത്തീരുന്നതില്‍ നിന്നും ഇത് ഇവയെ മിക്കപ്പോഴും രക്ഷിക്കാറുണ്ട്. ഈ സൂത്രം കൈമുതലായിട്ടുള്ള മറ്റുചില ജീവികള്‍ ഇരയാക്കാന്‍ പറ്റിയ ചിലയിനം ഉറുമ്പുകളുടെ ഇടയില്‍ നുഴഞ്ഞ് അവയെ ഭക്ഷിക്കാറുമുണ്ട്. പൊതുവെ ഈ മിമിക്രിയെ ബേഡ്സിയന്‍ മിമിക്രി എന്ന് പറയും. ഈ മിമിക്രിയില്‍ മുഴുകുന്ന ജീവികള്‍ക്ക് സാധാരണയായി പ്രതിരോധത്തിനുള്ള കഴിവ് താരതമ്യേന കുറവായിരിക്കും.
വാളയാറില്‍ വലിയ ഒരു അണക്കെട്ടുണ്ട്. വര്‍ഷക്കാലത്ത് അതിന്‍റെ സംഭരണി നിറയും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പലതരം പക്ഷികളെക്കൊണ്ട് ഈ പ്രദേശം സമ്പന്നമാണ്. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും ധാരാളമായി ഇവിടേയ്ക്ക് വരുന്ന ഒരു സമയവുമാണത്. പ്രശസ്ത പക്ഷിനിരീക്ഷകനായ നമശ്ശിവായം ലക്ഷ്മണനെപ്പോലെയുള്ളവരുടെ നേതൃത്വത്തില്‍ അവിടെ നിരീക്ഷണ ക്യാമ്പുകള്‍ നടക്കാറുണ്ട്. വേനലിന്‍റെ കാഠിന്യമേറുകയും സംഭരണിയിലെ വെള്ളം വറ്റുകയും ചെയ്യുന്നതിനോടൊപ്പം പക്ഷികളുടെ എണ്ണം തീരെ കുറയും. കഴിഞ്ഞ ഒരു ദശകമായി കണ്ടുവരുന്ന ഒരു പ്രത്യേകത ചൂടിന്‍റെ ആധിക്യവും മഴയുടെ അളവിലുള്ള കുറവുമാണ്. അത് കൊണ്ട് തന്നെയാണോ എന്നറിയില്ല ഒരിക്കല്‍ ഇവിടെ കണ്ടുവന്നിരുന്ന ചില ജനുസ്സ് പക്ഷികളെ ഇപ്പോള്‍ കാണാനാവുന്നില്ല.
ഒരു വേനല്‍ക്കാലത്ത് എടുത്തത്താണീ ഫോട്ടോ. ആകാശം വേനല്‍മഴയ്ക്കുള്ള കോപ്പുകൂട്ടിത്തുടങ്ങിയിരുന്നു. ജലം വറ്റിയ സംഭരണിയിലെ ഉണങ്ങിയ പുല്ലിനിടയില്‍ ചത്തുകിടന്നിരുന്ന ഈ പക്ഷിയെ അടുത്തെത്തിയപ്പോഴാണ് ഞാന്‍ കണ്ടത്. തലയുയര്‍ത്തിനോക്കിയപ്പോള്‍ അങ്ങ് വിദൂരതയില്‍, ഘനക്കുന്ന മേഘങ്ങള്‍ക്ക് കീഴെ പുകയും വമിച്ചുകൊണ്ട് മലബാര്‍ സിമന്‍റ് ഫാക്ടറി വിളങ്ങി നില്‍ക്കുന്നതാണ് കണ്ടത്. അതിനും പുറകിലായി, നീലിമ പടര്‍ന്നു, വിളറി,ആസന്നമരണവും കാത്ത് വയ്യായ്കയോടെ കിടക്കുന്ന ഒരു വൃദ്ധയെപ്പോലെ സഹ്യാദ്രി ചാഞ്ഞുകിടന്നിരുന്നു. ഇതെല്ലാം ഒരു ഫ്രെയിമിലൊതുക്കിയെടുത്ത ഒരു ഫോട്ടോ ആണിത്. ഒരു പക്ഷിചിത്രമാണോ പ്രകൃതിദൃശ്യമാണോ അതോ ഒരു ദുരന്തത്തിന്‍റെ പ്രവചനമാണോ ഇത് എന്ന് ഇനിയും തിട്ടം കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യം!
ഡാമിന്റെ സംഭരണി നിറഞ്ഞുകഴിയുമ്പോള്‍ പക്ഷികള്‍ വന്നെത്തുകയായി. വര്‍ഷക്കാലം കഴിഞ്ഞുള്ള മാസങ്ങളില്‍ ഇവിടം ഏറെ മനോഹരമായി നമുക്ക് തോന്നും. അങ്ങനെ, വെളിച്ചം വളരെ മനോഹരമായി തോന്നിയ ഒരു പ്രഭാതകാലത്താണ് ഈ ദൃശ്യം ഞാന്‍ പകര്‍ത്തിയത്. പാറയില്‍ തപസ്സ് ചെയ്തിരിക്കുന്ന വെളുത്ത പക്ഷി. ചെറിയ തിരയിളക്കങ്ങളിലൂടെ പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ത്ത തീരത്തെ തഴുകിയടങ്ങുന്ന ജലവിതാനം. അപ്പോഴാണ് മനുഷ്യന്‍ തന്‍റെ വരവിന്‍റെ അടയാളം അവിടെ നിക്ഷേപിച്ചിട്ടിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. കുടിച്ചശേഷം വലിച്ചെറിയപ്പെട്ട ഒരു കുടിവെള്ളത്തിന്‍റെ പ്ലാസ്റ്റിക് കുപ്പി. ഇതില്ലാതെ ഒരു പ്രകൃതിദൃശ്യം ഇന്ന് കിട്ടുക പ്രയാസമായി മാറിക്കഴിഞ്ഞു . ഭൂമിയില്‍ മനുഷ്യജാതി അതിന്‍റെ അടയാളം പ്ലാസ്റ്റിക്കിലൂടെയാണ് ഇന്ന് നിര്‍ണ്ണയിക്കുന്നത്. കുരങ്ങുകളോട് ക്ഷമാപണം ചെയ്തുകൊണ്ട് ഷേക്സ്പിയറുടെ രണ്ടു വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ : “Man, proud man, drest in a little brief authority.. like an angry ape plays such fantastic tricks as make angels weep…” കുപ്പിയൊഴിവാക്കി ആ ചിത്രം പകര്‍ത്തുന്നത് ഒരു കളവിന് കൂട്ടുനില്‍ക്കുന്നതിനു തുല്യമായിരിക്കും എന്ന് തോന്നിയതിനാല്‍ അതുംചേര്‍ത്താണ് ആ ഫ്രെയിം ഞാന്‍ കമ്പോസ് ചെയ്തത്.
ഓഫീസിനടുത്തുള്ള ഞാവല്‍മരത്തിലെ ഒരു പൊത്തിനുള്ളില്‍ നിന്നും വെളിയില്‍ വരുന്ന കൊലയാളിപ്പൂചിയുടെ (Assassin Bug) ലാര്‍വ്വയെ ആകസ്മികമായിട്ടാണ് ഞാന്‍ കാണുന്നത്. അങ്ങനെയൊരു ജീവിയെ അതിനുമുന്‍പ് ഞാന്‍ കണ്ടിരുന്നില്ല. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ച മണല്‍മൃഗം എന്ന ചിത്രകഥയാണ് ഓര്‍മ്മയിലെത്തിയത്. ഒരു മണലുണ്ട ഒഴുകിനടക്കുന്നത് പോലെയുണ്ടായിരുന്നു അതിനെക്കാണാന്‍. ഏറെ നേരം ഫോട്ടോ എടുക്കാന്‍ ഉദ്യമിക്കാതെ മാക്രോലെന്‍സിലൂടെ ഞാന്‍ അതിനെ വിസ്മയപൂര്‍വ്വം നോക്കിക്കണ്ടു. മരത്തില്‍ പറ്റിയിരിക്കുന്ന ഒരു മണല്‍ത്തരിയാണെന്നെ അതിനെക്കാണുന്ന ഏതൊരു ജീവിയ്ക്കും തോന്നൂ. അടുത്തുകൂടെ പോയിരുന്ന ചെറിയ ഉറുമ്പുകളെ മുതല്‍ ഒരു വിധം എല്ലാ ജീവികളെയും അത് ഒരു നിമിഷം കൊണ്ട് ഇരയാക്കിമാറ്റുന്നത് കണ്ടപ്പോഴാണ് ഇതിനിട്ടിരിക്കുന്ന പേര് എത്ര അന്വര്‍ത്ഥമാണെന്ന് ബോദ്ധ്യപ്പെട്ടത്. വീട്ടിലെത്തി ഈ ജീവിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഷഡ്പദങ്ങളെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ കിട്ടുന്ന സൈറ്റുകളില്‍ അന്വേഷിച്ചപ്പോഴാണ് രസകരമായ മറ്റൊരു വിവരം കിട്ടുന്നത്. ചിതൽപ്പുറ്റുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചത്ത ചിതലുകളുടെ ശരീരങ്ങള്‍ ഈ പൂച്ചി തന്‍റെ ശരീരത്തില്‍ ഒട്ടിക്കുമത്രേ. ചിതല്‍പ്പുറ്റിനടുത്തുപോയിനിന്നു അടുത്തേയ്ക്ക് വരുന്ന ചിതലുകളെ പിടിക്കുക ഇതിന്‍റെ ഒരു സ്വഭാവമാണ്. എട്ടുകാലികളോ മറ്റ് ഇരപിടിക്കുന്ന വലിയ പ്രാണികളോ ആക്രമിച്ചാല്‍ ഈ ചിതലുകളെ കുടഞ്ഞിട്ടിട്ട്, ആ ജീവിയെ ആശയക്കുഴപ്പത്തിലാഴ്ത്തിയിട്ട് ഇത് ഓടി രക്ഷപ്പെടും. കൗതുകം പൂച്ചയെ കൊന്നുവെന്ന് പഴമൊഴിപറയുമ്പോഴും പ്രകൃതിയുടെ കാതലായ എല്ലാ വിഷയങ്ങളും അറിയണമെന്നുള്ളവര്‍ക്ക് അത് കൂടിയേ തീരൂ.
നൈറ്റ് ഡ്യൂട്ടി കഴിയുമ്പോള്‍ കാട്കയറുന്നത് ഒരു ശീലമാക്കിയിരുന്നു. സൂര്യനുദിച്ചുയരുന്ന ആ വേളയില്‍ ഷഡ്പദങ്ങളെ ധാരാളമായി കാണാനാവും എന്നുള്ളതായിരുന്നു കാര്യം. അങ്ങനെ ഒരു ദിവസമായിരുന്നു മറ്റൊരു അത്ഭുതകരമായ കാഴ്ച കാണാനായത്. ഒരു കമ്പിളിപ്പുഴുവിന്റെ ദേഹത്ത് പഞ്ഞിപോലെയുള്ള എന്തോ ഒരു സാധനം പറ്റിപ്പിടിച്ചിരിക്കുകയും, ആ പഞ്ഞിക്കുള്ളില്‍ മുട്ടകള്‍ പോലെയുള്ള വെളുത്ത എന്തോ കാണപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. അതിന്‍റെ ഫോട്ടോസ് എടുത്തു. ഏറെ അന്വേഷിച്ചശേഷവും വ്യക്തമായ ഉത്തരം ലഭിക്കാതെ വന്നപ്പോള്‍ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ റിസര്‍ച്ച് വിഭാഗത്തിലെ ഒരു പ്രമുഖനും പൂമ്പാറ്റകളെക്കുറിച്ച് ഏറ്റവും ആധികാരികമായി കാര്യങ്ങള്‍ ഗ്രാഹ്യമുള്ള കുറച്ചുപേരില്‍ ഒരാളുമായ ഐസക്ക് കേഹിംക്കര്‍ക്ക് പടങ്ങള്‍ അയച്ചുകൊടുത്തു. അദ്ദേഹം അറിയിച്ച കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നതും മനുഷ്യനെ ഏറെ വിനയാന്വിതരാക്കുന്നതുമായിരുന്നു.
ജീവജാലങ്ങള്‍ തമ്മിലുള്ള വിനിമയത്തിന്റെ ഉയര്‍ന്ന ഒരു ദൃഷ്ടാന്തത്തിന്‍റെ തെളിവായിരുന്നു ആ പടം. ആ കമ്പിളിപ്പുഴു അതിരിക്കുന്ന ചെടിയിലെ ഇലകള്‍ തിന്നാന്‍ തുടങ്ങുമ്പോള്‍ ആ ചെടി ഉയര്‍ന്ന തോതില്‍ അന്തരീക്ഷത്തിലേയ്ക്ക് ചില രാസപദാര്‍ത്ഥങ്ങളെ വ്യാപിപ്പിക്കും.ഇത് ആ കമ്പിളിപ്പുഴുവിന്റെ സാന്നിധ്യത്തെക്കുറിച്ച് അതേ ജനുസ്സില്‍പ്പെട്ട മറ്റു ചെടികള്‍ക്ക് വിവരം നല്‍കുകയും അതെ രാസപദാര്‍ത്ഥം അവയും ഉല്‍പ്പാദിപ്പിച്ച് അന്തരീക്ഷത്തില്‍ വ്യാപനം ചെയ്യും.ഈ പദാര്‍ത്ഥത്തിന്‍റെ ഗന്ധം ഒരു പ്രത്യേക ജനുസ്സിലുള്ള കാട്ടുകടുന്നലിനു ഈ പുഴുവിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം നല്‍കുകയും അത് തന്‍റെ ദേഹത്തുള്ള നിക്ഷേപക അവയവം ഉപയോഗിച്ച് ഈ പുഴുവിന്‍റെ ശരീരത്തില്‍ മുട്ടയിടുകയും ചെയ്യും. മുട്ട വിരിഞ്ഞുവരുന്ന ലാര്‍വകള്‍ പുഴുവിനെ ഭക്ഷിക്കാന്‍ തുടങ്ങുകയും ചെടി അശേഷം നശിച്ചുപോകുന്നതിനുമുന്‍പ് തന്നെ പുഴു ചത്തുപോവുകയും ചെയ്യും. പുഴുവിന്റെയും ചെടിയുടെയും കടന്നലിന്റെയും എണ്ണത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പ്രകൃതിയൊരുക്കിയ ഈ വിനിമയത്തിന്റെ നെറ്റ് വര്‍ക്ക് ഏതു രീതിയിലാണ് നമ്മുടേതില്‍നിന്നും താഴെയാകുന്നത്? ഈ പുഴുവിന്‍റെ ആക്രമണം അനുഭവപ്പെടുന്ന പല പ്ലാന്റേഷനുകളിലും ഇപ്പോള്‍ ഈ ചെടി വച്ച് പിടിപ്പിക്കുകയും, അവ ഈ കടന്നലുകളെ ആകര്‍ഷിച്ചു അവിടുത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനാല്‍ രാസമരുന്നുകളുടെ ഉപയോഗം ഏറെ കുറയ്ക്കാനാകുന്നുണ്ടെന്നും ഐസക് പറഞ്ഞത് പുതിയ അറിവായിരുന്നു.
ഒരുച്ചനേരത്താണ് പ്രത്യേകനിറത്തിലുള്ള മൂന്ന് വണ്ടുകള്‍ ഒരു ഒച്ചിനെ കീഴ്പ്പെടുത്തി ഭക്ഷിക്കുന്ന കാഴ്ച ശ്രദ്ധയില്‍ പെട്ടത്. ചാണകം ഉരുട്ടിക്കൊണ്ട് പോകുന്ന വണ്ടുകളെപ്പോലെയിരുന്ന അവ മാംസം കഴിക്കുന്നത് എന്നില്‍ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുകയും കൂടുതല്‍ അറിയാനുള്ള ആകാംക്ഷ എന്നില്‍ ഉടലെടുക്കുകയും ചെയ്തു. ധാരാളം വിദഗ്ധര്‍ അടങ്ങിയ ഇൻസെക്റ്റ് ഇന്ത്യ എന്ന ഗ്രൂപ്പില്‍ ഞാന്‍ അത് പോസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ ഉഷാറായി. ഈ വണ്ടുകളുടെ പെരുമാറ്റത്തിലെ ഒരു വ്യതിയാനമായിട്ടാണ് ഈ തീറ്റ അറിയപ്പെട്ടിരുന്നതെങ്കിലും അതിനെ ബലപ്പെടുത്തുന്ന ഡോക്യുമെന്ററി തെളിവ് അവര്‍ക്ക് ലഭിച്ചിരുന്നില്ല. ബാംഗ്ലൂരിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വൈറോണമെന്റ് (ATREE) എന്ന പ്രശസ്തമായ ഗവേഷക സ്ഥാപനത്തിലെ ഗവേഷകരായ സീന കരുമ്പുംകരയും പ്രിയദര്‍ശനന്‍ ധര്‍മ്മരാജനും ആ ചിത്രം ആവശ്യപ്പെടുകയും അത് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള അവരുടെ ഒരു പ്രബന്ധത്തിന്റെ കൂടെ തെളിവായി ഉള്‍പ്പെടുത്തി ENTOMON എന്ന ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്‌ട്രപ്രശസ്തിയുള്ള മാസികയിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രകൃതിയിലെ ഒരു ജീവജാലത്തിന്റെ പെരുമാറ്റത്തിലെ വ്യതിയാനത്തിന് തെളിവ് ഒരുപക്ഷെ, നമ്മുടെ മുറ്റത്ത് നിന്നും നമുക്ക് കിട്ടിയേക്കാം. കാണാനുള്ള കണ്ണും അത് പിന്തുടര്‍ന്ന്‍ പോകാനുള്ള ആകാംക്ഷയും നമുക്ക് ഉണ്ടാകണമെന്ന് മാത്രം.
വനങ്ങള്‍ മനുഷ്യന്‍ കയ്യേറുമ്പോഴുണ്ടാകുന്ന ഒഴിവാക്കാനാകാത്ത സ്പര്‍ധകള്‍ ഇന്ന് പാലക്കാട്ടിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ദിവസേനയെന്നോണം അരങ്ങേറുന്നത് കാണാം. ആനയാണ് പ്രധാനമായും ബാധിക്കപ്പെടുന്ന ഒരു മൃഗം. വാളയാറില്‍ നിന്നും വേനലിന്റെ ചൂട് കൂടുമ്പോള്‍ ആനകള്‍ നീലഗിരിയിലേയ്ക്ക് പോകുമായിരുന്നു. നൂറ്റാണ്ടുകളായുള്ള അവയുടെ താരകളാകെ വെള്ളൻഗിരിമലയുടെയടുക്കല്‍ മതില്‍കെട്ടി തടയപ്പെട്ടതോടുകൂടി ചൂടും ജലദൗര്‍ലഭ്യവും കൊണ്ട് വലഞ്ഞ അവ റെയില്‍/ റോഡും മുറിച്ച്കടന്ന് നാട്ടിലിറങ്ങുന്ന കാഴ്ച ഇന്ന് അപൂര്‍വ്വമല്ലാതെയായിക്കഴിഞ്ഞു…വാളയാറിലെ ഉള്‍ക്കാടില്‍ നിന്നും നാട്ടിലേയ്ക്കുള്ള ഇറക്കത്തിലെ ആദ്യ മനുഷ്യനിര്‍മ്മിതിയായ കോയമ്പത്തുരിലേയ്ക്കുള്ള ബി റെയില്‍വേലൈന്‍, നാട്ടുകാര്‍ ഗണേശന്‍ എന്ന് വിളിച്ചിരുന്ന ഒറ്റയാന്‍ മുറിച്ചുകടക്കുന്ന ഈ ഫോട്ടോ ഞാന്‍ എടുക്കുമ്പോള്‍ സമയം ഉച്ചയ്ക്ക് 12.15 കഴിഞ്ഞിരുന്നു. പാളം കടന്നു രണ്ടു നിമിഷം കഴിയുമ്പോഴേയ്ക്കും ബംഗ്ലൂരിലേയ്ക്കുള്ള ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് ചീറിപ്പാഞ്ഞ് പോയത് എന്നില്‍ ഒരു കണക്കുവിവരത്തിന്‍റെ ഓര്‍മ്മകളുയർത്തി. കഴിഞ്ഞ രണ്ടുദശകങ്ങളിലായി മുപ്പതില്‍ക്കൂടുതല്‍ ആനകള്‍ ഈ പാളങ്ങളില്‍ തീവണ്ടിയിടിച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാത്തിനും കാരണം മനുഷ്യന്‍റെ അഹന്തയും അതില്‍ ഊറ്റംകൊള്ളുന്ന അവന്‍ കൊട്ടിയടച്ച ആനത്താരകളുമല്ലേ?
ഒരു പരിസ്ഥിതി ദിനവും കൂടി കഴിയുമ്പോള്‍, ഒരു വൃക്ഷത്തൈ നട്ടതിന്റെ സെല്‍ഫി പോസ്റ്റ് ചെയ്ത് കൃതാര്‍ത്ഥരാകാതെ, പ്രകൃതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആകാംക്ഷയും ആഗ്രഹവുമാണ് ഉളളിൽ നിറയേണ്ടത്. ആ അറിവ് പകരുന്ന കരുത്തിൽ അമ്മയാകുന്ന പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കാനുള്ള വാഞ്ഛയും…