scorecardresearch

നന്മയുടെ നിലാത്തുണ്ട്

കുരച്ചും കിതച്ചും പണിയെടുത്താലും, തൊഴിലാളികളെ പീഡിപ്പിക്കാറുള്ള കഥകൾക്കിടയിൽ ദയാവായ്പിന്റെ ആൾരൂപങ്ങളായ ഗാദിമിയും ഭാര്യ ഹേലയും ആട് ജീവിത കഥകൾക്കിടയിൽ നിന്നും മനുഷ്യ ജീവിതത്തിന്രെ കഥ സാഹിത്യകാരിയായ ലേഖിക എഴുതുന്നു

കുരച്ചും കിതച്ചും പണിയെടുത്താലും, തൊഴിലാളികളെ പീഡിപ്പിക്കാറുള്ള കഥകൾക്കിടയിൽ ദയാവായ്പിന്റെ ആൾരൂപങ്ങളായ ഗാദിമിയും ഭാര്യ ഹേലയും ആട് ജീവിത കഥകൾക്കിടയിൽ നിന്നും മനുഷ്യ ജീവിതത്തിന്രെ കഥ സാഹിത്യകാരിയായ ലേഖിക എഴുതുന്നു

author-image
Sabeena Sali
അപ്‌ഡേറ്റ് ചെയ്‌തു
New Update
sabeena m sali, arab, memories

ചില മനുഷ്യരെ ദൈവം ഭൂമിയിലേക്കയക്കുന്നത്, സ്വന്തം പ്രതിച്ഛായയിലാണെന്ന് കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഏതു കോണിലായിരുന്നാലും അവരുടെ വിരൽത്തുമ്പുകൾ അശരണർക്ക് സാന്ത്വനം നീട്ടുക തന്നെ ചെയ്യും. ലക്ഷക്കണക്കിന്‌ വിദേശികൾക്ക് അന്നവും അഭയവും നൽകി വരുന്ന അറേബ്യൻ നാടുകളിൽ, അറബികളിലൊരാൾ ചെയ്യുന്ന അനീതിക്ക് മുഴുവൻ ആളുകളേയും ഒന്നടങ്കം ക്രൂരന്മാരായി ചിത്രീകരിക്കുന്ന  സ്വഭാവമുണ്ട് മലയാളിക്ക്. വിദേശിയരായ തൊഴിലാളികളെ ഒരു ജൈവീക യന്ത്രമായി മാത്രം കാണുന്ന ഒരു നിശ്ചിത ശതമാനം സ്വദേശി സമ്പന്നരിൽ നിന്ന് ചിന്തയിലും പ്രവൃത്തിയിലും വ്യത്യസ്തനായിരുന്നു അബ്ദുള്ള അൽ ഗാദിമി.

Advertisment

ഇന്ത്യയുടെ അതിർത്തി പ്രദേശത്തെ ഒരു ബംഗാളി ഉൾഗ്രാമത്തിൽ നിന്ന്, ഒരു നിയോഗം പോലെയായിരുന്നു ഹാഫിസ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ ഗാദിമിയുടെ സാരഥിയായെത്തുന്നത്. അതോടെ, ദരിദ്രനായ ഹാഫിസിന്റെ ജീവിതത്തിന്റെ ഗ്രഹനില തന്നെ മാറി എന്നു വേണം കരുതാൻ. അഭിഭാഷകനായ ഗാദിമി ജോലിക്ക് പോയികഴിഞ്ഞാൽ അദ്ധ്യാപികയായ ഭാര്യ ഹേലയെ സ്കൂളിൽ കൊണ്ടാക്കുകയും തിരികെ കൊണ്ടു വരികയും ചെയ്യുകയെന്നതായിരുന്നു ഹാഫിസിന്റെ പണി. ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥതയുള്ളതു കൊണ്ട് തന്നെ വർഷത്തിലൊരിക്കൽ നാട്ടിൽ പോകാനും മാതാപിതാക്കളെ ഹജ്ജ് ചെയ്യിക്കാനുമൊക്കെ ഗാദിമി തന്നെ മുൻകൈ എടുത്ത് സൗകര്യം ചെയ്തു കൊടുത്തു. മഴത്തുള്ളി കിലുങ്ങുന്നതു പോലെ പൊട്ടിച്ചിരിച്ച് നടക്കുന്ന മൂന്നു പെണ്മക്കളായിരുന്നു ഗാദിമിക്ക്. അവരെ നോക്കാൻ വീട്ടുജോലിക്ക് നിന്ന ഇന്തോനേഷ്യൻ ഗദ്ദാമ ജോലി നിർത്തിപ്പോകുമ്പോൾ, ഹാഫിസ് ഒരു കല്യാണം കഴിക്കാനും അവളെ ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ട് വരാനും ഹേലയാണ്‌ നിർദ്ദേശം വച്ചത്. ഹാഫിസിന്‌ അത് ഇരട്ടി സന്തോഷമായി. ബന്ധുവും കളിക്കൂട്ടുകാരിയുമായ ജാസ്മിൻ അഖ്ത്തറിനെ ജീവിത സഖിയായി കൂടെക്കൂട്ടി, മാസങ്ങൾക്കുള്ളിൽ തന്നെ അറേബ്യൻ സ്വപ്നഭൂമിയിലേക്ക് കൈ പിടിക്കാൻ ഹാഫിസിനായി. അസൂയക്കണ്ണെറിഞ്ഞ ബന്ധുമിത്രാദികൾക്ക് ഒരു നേർത്ത പുഞ്ചിരി മാത്രം ഇരുവരും തിരികെക്കൊടുത്തു.

ഗാദിമി കുടുംബത്തിലെ അംഗങ്ങളെപ്പോലെയുള്ള പരിഗണനയാണ്‌ ഇരുവർക്കും ലഭിച്ചത്. ജാസ്മിൻ കൂടെ വന്നതോടെ, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഗാദിമിയുടെ വീടാണെന്ന്, ഹാഫിസ് വിശ്വസിച്ചു. അടുക്കളപ്പണിയും, കുട്ടികളുടെ കളിക്കൂട്ടുമൊക്കെയായി ജാസ്മിന്റെ രാപ്പകലുകൾ എന്നും ജീവസ്സുറ്റതായി. ഓറഞ്ചും ഈത്തപ്പനയും മാത്രം കായ്ച്ചിരുന്ന ഗാദിമിയുടെ തോട്ടത്തിൽ, അവർ തെങ്ങും വാഴയും മരച്ചീനിയും വരെ വച്ചു പിടിപ്പിച്ചു. അവധിക്കാലങ്ങളിൽ വിദേശയാത്രയ്ക്ക് പോകുമ്പോഴും, മക്ക മദീന തീർത്ഥയാത്രകളിലും ആ കുടുംബം ഇരുവരേയും കൂടെക്കൂട്ടി. നെഞ്ചിന്റെ മിടിപ്പിൽ ചേർത്ത് വയ്ക്കുന്ന വ്യവസ്ഥയില്ലാത്ത സ്നേഹം. അതായിരുന്നു ഗാദിമിയും ഭാര്യയും. അതിനിടയിൽ ഹേല നാലാമതും പ്രസവിച്ചു. അത് ആഘോഷത്തിന്റെ രാവായിരുന്നു.കാരണം അതൊരാൺകുഞ്ഞായിരുന്നു. രാജകുമാരൻ എന്നർത്ഥം വരുന്ന “ആഹിൽ” എന്ന് ആ കുഞ്ഞിന്‌ അവർ നാമകരണം ചെയ്തു. ആഹിൽ അബ്ദുല്ല അൽ ഗാദിമി. സമയത്തിന്റെ ഘടികാര ദൂരമളന്ന് ആ കുഞ്ഞ് വലുതായിക്കൊണ്ടിരുന്നു. ആയിടയ്ക്കാണ്‌ ജാസ്മിനും തന്നിൽ മാതൃത്വത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞത്. നാട്ടിൽ പോകാൻ നിർബന്ധം പിടിച്ച അവളേ അവരെല്ലാം ചേർന്ന് വിലക്കി. ആ കുഞ്ഞ് ഇവിടെത്തന്നെ വളരണം എന്ന് ഹേലയും മക്കളും കട്ടായം പറഞ്ഞപ്പോൾ ജാസ്മിന്റെ കവിളുകളിൽ ഒരു ചിരിച്ചുഴി വിടർന്നു.

sabeena m sali, arab, memories

മരങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞു കണങ്ങൾ ഐസ്മണികളായി രൂപാന്തരപ്പെടുന്ന ഒരു അതിശൈത്യകാലം. കുട്ടികൾക്കും ഹേലയ്ക്കും സ്കൂളിൽ വിന്റർ വെക്കേഷൻ. ആഹിൽ പിറന്ന ശേഷം പ്രവാചകന്റെ പുണ്യഭൂമിയിലേക്ക് ആദ്യമായി അവർ പോകാനൊരുങ്ങി. ഗർഭത്തിന്റെ ആലസ്യത്തിലും, കുട്ടികൾടൊപ്പം കളിചിരിയുമായി ജാസ്മിൻ ആ യാത്രയെ ആഹ്ലാദഭരിതമാക്കി. തീർത്ഥാടനം കഴിഞ്ഞ് തിരികെ പോരുമ്പോഴാണ്‌ പറുദീസാപ്പക്ഷികൾ പ്രച്ഛന്നവേഷധാരികളായ് അവരിൽ ചിലരെ കൂട്ടാനെത്തിയത്. ദീർഘയാത്രയ്ക്കിടയിൽ ആളനക്കമില്ലാത്ത തെരുവുകൾ പിന്നിട്ട് അവരുടെ വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോഴാണ്‌, പൊടുന്നനെ ഇരുട്ടിൽ നിന്ന് പാഞ്ഞു വന്ന, വലിയ വാഹനം  പിന്നിൽ വന്നിടിക്കുകയും, ഹൈവേയിൽ നിന്ന് നിരങ്ങി നീങ്ങിയ വണ്ടി മണൽക്കൂനകൾക്കുമേൽ മലക്കം മറിയുകയും ചെയ്തത്. ആരൊക്കെയോ ഡോർ തുറന്ന് പുറത്തെ മണ്ണിലേക്ക് വീണു. ഇരുട്ടിൽ പരസ്പരം കാണാനാവാതെ അസ്പഷ്ടമായ നിലവിളികൾ മാത്രം വിറങ്ങലിച്ചു. പാഞ്ഞടുത്ത വാഹനങ്ങളുടെ വെളിച്ചത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത്, മുറിവേറ്റ ശരീരങ്ങളിൽ നിന്ന് പരസ്പരം കെട്ടുപിടിച്ചൊഴുകുന്ന ചോര നൂലുകൾ... അലറിയടുത്ത ആംബുലൻസിൽ മരിച്ചവരേയും ബോധം കെട്ടവരേയും ആശുപത്രിയിലെത്തിച്ചു. തല പൊട്ടിത്തകർന്ന് മരിച്ച ഹാഫിസിന്റെ ദേഹം മടിയിൽ വച്ച് ജാസ്മിൻ, ഒന്നു തേങ്ങിക്കരയാൻ പോലുമാവാത്ത നിസ്സംഗതയോടെ നിശബ്ദതയുടെ ആഴച്ചുഴിയിലേക്ക് വീണു. പത്തു മാസം മാത്രം പ്രായമുള്ള ആഹിലിനൊപ്പം അയാൾ കൂടെയുള്ളവർക്കെല്ലാം ഗദ്ഗദങ്ങളുടെ മുറിവു സമ്മാനിച്ച് പറുദീസാപ്പക്ഷികളുടെ ചിറകിലേറി ദൂരേക്ക് പറന്നു. സ്വർഗ്ഗാരാമത്തിലെ പാപമുക്തിയുടെ വാതിലുകൾ അവർക്കായി തുറന്നു.

Advertisment

sabeena m sali, arab, memories

കൈക്കുഞ്ഞിനെ നഷ്ടപ്പെട്ട ഹേലയെന്ന മാലാഖസ്ത്രീ, ദൈവനിശ്ചയത്തിൽ തന്റെ ദു:ഖങ്ങളെ അടക്കിപ്പിടിച്ച കണ്ണീരായി ഒഴുക്കി വിട്ട് സമാധാനത്തിന്റെ ശാദ്ധ്വല തീരങ്ങൾ കയ്യെത്തിപ്പിടിച്ചെങ്കിലും, ജാസ്മിന്‌ സ്വന്തം മനസ്സ് കൈപ്പിടിയിൽ നിന്ന് എന്നെന്നേക്കുമായി വഴുതിപ്പോയിരുന്നു. ഏതാനും ദിവസത്തെ മഹാമൗനത്തിന്‌ ശേഷം ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞും, അലറിച്ചിരിച്ചും അവൾ വേദനയായി. ഹേല സ്വന്തം ജോലി ഉപേക്ഷിച്ച് അവളെ ശുശ്രൂഷിച്ചു. ഒരു രാവുറക്കത്തിന്റെ അറുതിയിൽ പ്രസവവേദനയുമായി ഭ്രാന്തിയായ അവൾ ഗാദിമിയുടെ വീടിന്റെ അകത്തളത്തിൽ ഉറക്കെ നിലവിളിച്ചു. ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും അവളുടെ സ്വബോധത്തിന്റെ ചില്ലയിൽ നിന്ന് ഉന്മാദത്തിന്റെ തേനീച്ചകൾ ഒഴിഞ്ഞു പോയില്ല. പത്തു മാസം മാത്രം സ്വന്തം കുഞ്ഞിനെ പാലൂട്ടിയ ഹേലയുടെ മാറിടം വീണ്ടും ആ ഇരട്ടക്കുഞ്ഞുങ്ങൾക്കായി നീർ ചുരത്തി. അപ്പോഴൊക്കെയും വാ പിളർന്നു കരയുന്ന ചോരക്കുഞ്ഞുങ്ങൾക്ക് നേരെ കണ്ണും കാതും കൊട്ടിയടച്ച്, ഒറ്റ മാത്രയിൽ ബുദ്ധിഭ്രമത്തിന്റെ ഉന്നത പടവുകൾ കയറിക്കൊണ്ടേയിരുന്നു.

Read More: സബീന എം സാലി എഴുതിയ "ഗന്ധ ദ്വീപുകളുടെ പാറാവുകാരി" ഇവിടെ വായിക്കാം

മുൻ വിധികളെയെല്ലാം മാറ്റി വച്ച്, നാട്ടിലെ ബന്ധുക്കളുടെ സമ്മതത്തോടെ തന്നെ ആ യുവതിയുടേയും മക്കളുടെയും ആജീവനാന്തസംരക്ഷണച്ചുമതല ഗാദിമി ഏറ്റെടുക്കുകയും സ്വന്തം മക്കളെപ്പോലെ അവരെ വളർത്തുകയും ചെയ്യുന്നു. വെട്ടി മുറിച്ച പാഴ്നിലം പോലെയായ ജാസ്മിന്റെ മനസ്സിനെ ചികിൽസിക്കാൻ തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം അവർ ചെയ്യുന്നു. ഇരുവരുടേയും നാട്ടിലെ വീടുകളിലേക്ക് ഒരു നിശ്ചിത സംഖ്യ എല്ലാ മാസവും അയച്ചു കൊടുക്കുന്നു. എത്രമേൽ കുരച്ചും കിതച്ചും പണിയെടുത്താലും, മാസശമ്പളം പോലും കൊടുക്കാതെ തൊഴിലാളികളെ പീഡിപ്പിക്കാറുള്ള കഥകൾക്കിടയിൽ വേറിട്ട് നിൽക്കുകയാണ് ദയാവായ്പിന്റെ ആൾരൂപങ്ങളായ ഗാദിമിയും ഭാര്യ ഹേലയും. മൂന്നു പെണ്മക്കൾക്ക് പ്രിയപ്പെട്ട ആങ്ങളമാരായി അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികൾ അഹമ്മദും മുഹമ്മദും അവർക്ക് കൺകുളിർമ്മ പകരുന്നു. കാലത്തെ കൈ പിടിച്ച് നടത്തുന്ന ദൈവത്തിന്റെ കരങ്ങൾ നന്മയുടെ നിലാത്തുണ്ടുകളായ അവർക്ക് മനശ്ശന്തിയുടെ മായാ മജ് ലിസുകൾ തീർക്കട്ടെ.

Memories Nri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: