scorecardresearch

മഞ്ഞുറഞ്ഞ ഷിംലയില്‍ നിന്നൊരു ഹൃദയമുരുകുന്ന കഥ

സ്വപ്നത്തിലെന്ന പോലെ മഞ്ഞ് മൂടിയ ഇരുളില്‍ നിന്നും ഒരു പല്ലക്ക് ആശുപത്രി കവാടം കടന്നു വന്നത് ജീവനക്കാര്‍ അത്ഭുതത്തോടെ നോക്കി നിന്നു. പിന്നെ ഓപറേഷന്‍ തീയേറ്റര്‍ തുറന്ന് കൊടുത്തു.

സ്വപ്നത്തിലെന്ന പോലെ മഞ്ഞ് മൂടിയ ഇരുളില്‍ നിന്നും ഒരു പല്ലക്ക് ആശുപത്രി കവാടം കടന്നു വന്നത് ജീവനക്കാര്‍ അത്ഭുതത്തോടെ നോക്കി നിന്നു. പിന്നെ ഓപറേഷന്‍ തീയേറ്റര്‍ തുറന്ന് കൊടുത്തു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മഞ്ഞുറഞ്ഞ ഷിംലയില്‍ നിന്നൊരു ഹൃദയമുരുകുന്ന കഥ

മഞ്ഞുമൂടിയ ഷിംല

മേജര്‍ രവി സിനിമകളിലാണ് സാധാരണ നാം ഇതൊക്കെ കാണുന്നത്. മഞ്ഞ്, പ്രതികൂല കാലാവസ്ഥ, നിരാലംബരായ സ്ത്രീകള്‍, രക്ഷക്കെത്തുന്ന യൂണിഫോം ധാരികള്‍.

Advertisment

ഇവിടെയും കഥയിതൊക്കെ തന്നെ. പക്ഷെ മോഹന്‍ലാലിന് പകരം മുകുന്ദ് ലാലാണെന്ന് മാത്രം. ക്ലൈമാക്സിലുള്ള ഭാരത്‌ മാതാ കീ ജയ് വിളികളുമില്ല. പകരം, പിറന്നു വീണ ഒരു കുഞ്ഞിന്‍റെ കരച്ചില്‍. കിലുക്കം ബോക്സ്‌ ഓഫിസിനല്ല, അവളുടെ ചിരികള്‍ക്ക്.

ഇക്കഴിഞ്ഞ ജനുവരി 8 നാണ് ഈ സീസണില്‍ ആദ്യമായി ഷിംലയില്‍ മഞ്ഞ് വീഴ്ച്ചയുണ്ടാവുന്നത്. 36 മണിക്കൂറുകള്‍ നീണ്ടു നിന്ന ശക്തമായ ഒന്ന്. ജന ജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു പോയ ആ ദിവസം കാമിനി താക്കൂര്‍ മെഡിക്കല്‍ റെപ്രസെന്‍റെടിവായ ഭര്‍ത്താവ് സ്വരൂപിനെ ഫോണില്‍ ബന്ധപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറുകളായി വീട്ടില്‍ വൈദ്യുതി നിലച്ചിട്ട് എന്ന് പറയാന്‍.

എത്രയും പെട്ടന്നു വരാം എന്ന് പറഞ്ഞെങ്കിലും റോഡുകളൊന്നും യാത്രായോഗ്യമല്ലാത്തതിനാല്‍ അയാള്‍ക്ക് എത്താന്‍ സാധിച്ചില്ല. മാസം തികഞ്ഞിരിക്കുന്ന കാമിനിക്ക് കൂട്ടായി അമ്മയുണ്ട്‌. മാത്രമല്ല ഡോക്ടര്‍ പറഞ്ഞ പ്രസവ തീയതിക്ക് ഇനിയും ഒരാഴ്ച കൂടി സമയവുമുണ്ട്. അത് കൊണ്ട് കാലാവസ്ഥയൊന്നു മാറാന്‍ കാത്തിരിക്കാന്‍ സ്വരൂപ്‌ തീരുമാനിച്ചു.

Advertisment

പക്ഷെ പിറക്കാന്‍ പോകുന്ന കുഞ്ഞ് കാത്തിരിക്കാന്‍ കൂട്ടാക്കിയില്ല. അച്ഛനും ആംബുലന്‍സിനുമൊന്നും എത്തിപ്പെടാന്‍ സാധിക്കാത്ത മലനിരകള്‍ക്കിടയിലുള്ള വീട്ടില്‍, ലോകത്തെ നേരിടാന്‍ അത് തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍, വരവേല്‍ക്കാന്‍ ആദ്യം സഹായവുമായി വന്നത് അയല്‍വാസിയും ഗ്രാമാദ്ധ്യക്ഷനുമായ മുകുന്ദ് ലാല്‍.

ദൌത്യ സംഘം ഫോട്ടോക്ക് ഒത്തു ചേര്‍ന്നപ്പോള്‍ ദൌത്യ സംഘം ഫോട്ടോക്ക് ഒത്തു ചേര്‍ന്നപ്പോള്‍

മുകുന്ദ് വിളിക്കുമ്പോള്‍ രവി ഭാരാരിയും പുനീത് ശര്‍മയും മാര്‍ക്കറ്റിലായിരുന്നു. കാലാവസ്ഥ മോശമാകുന്നുവെന്ന് കണ്ട് കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങാനെത്തിയതായിരുന്നു അവര്‍. ഇരുവരും പോലീസ് കോണ്‍സ്റ്റബിള്‍മാര്‍. ഇവരില്‍ രവി കമാന്‍ഡോ പരിശീലനം ലഭിച്ചയാള്‍. രവി ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ മറ്റു നാല് കമാന്‍ഡോകള്‍ – ദേവേന്ദര്‍ മേഹ്ത, ശിവ് കാന്ത്, പ്യാരേ ലാല്‍, സുനില്‍ സിംഗ് – ദൌത്യത്തിന് തയ്യാറെടുത്തു.

കാമിനിയുടെ വീട്ടിലെത്തിയ അവര്‍ പ്രസവ വേദനയാല്‍ പുളയുന്ന അവളെ ഒരു കസേരയിലിരുത്തി കൊണ്ട് പോകാന്‍ തീരുമാനിച്ചു. കട്ടിലായാല്‍ വഴുതി വീഴാന്‍ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ട്. അതിനായി കസേരയുടെ വശങ്ങളിലേക്ക് കയറു കൂട്ടിക്കെട്ടി, ഒരു പല്ലക്ക് പോലെയാക്കി. അതിലേക്കു കുഞ്ഞിനാവശ്യമുള്ള വസ്ത്രങ്ങളും മറ്റവശ്യ സാധനങ്ങളും കരുതി; യാത്രാമദ്ധ്യേ പ്രസവമുണ്ടായാല്‍ ഉപയോഗിക്കാന്‍.

നടന്നു തുടങ്ങുമ്പോള്‍ റോഡ്‌ കാണാനില്ലായിരുന്നു. എങ്ങും മഞ്ഞ് മാത്രം. കൂടെ കടപുഴുകി വീണ മരങ്ങളും വൈദ്യുത പോസ്റ്റുകളും. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ അവര്‍ മുന്നോട്ടു പോയി.

പല്ലക്കിലേറി... പല്ലക്കിലേറി...

വഴുക്കല്‍ കൂടുതലുള്ള പ്രദേശങ്ങള്‍ - ലക്കര്‍ ബസാര്‍, റിട്ജ്, മറീന ഹോട്ടല്‍ എന്നിവയുടെ പരിസരങ്ങള്‍ - കടക്കുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ചായിരുന്നു നടപ്പ്.  തങ്ങളുടെ സംഭ്രമങ്ങള്‍ കാമിനിയെ അറിയിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവര്‍ അവളോട്‌ പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ച് ഇടതടവില്ലാതെ സംസാരിച്ചു. കുഞ്ഞിനെന്ത് പേരിടും എന്ന് ചോദിച്ചു ചോദിച്ചു അവര്‍ കഷ്ട വഴികള്‍ താണ്ടി.

പല്ലക്കിലല്ലേ ഇപ്പോഴേ യാത്ര, അകത്തുള്ളത് ആള്‍ എന്തായാലും ചില്ലറക്കാരനല്ല എന്നവര്‍ ഉറപ്പിച്ചു.

യാത്രക്കിടയില്‍ പലപ്പോഴും വൈദ്യ സഹായവും ആംബുലന്‍സും കിട്ടാനായി പരിശ്രമിച്ചെങ്കിലും ലഭിച്ചില്ല. മൂന്നര മണിക്കൂര്‍ നേരമെടുത്ത് ഒടുവില്‍ കമല നെഹ്‌റു ആസ്പത്രിയില്‍.

സ്വപ്നത്തിലെന്ന പോലെ മഞ്ഞ് മൂടിയ ഇരുളില്‍ നിന്നും ഒരു പല്ലക്ക് ആശുപത്രി കവാടം കടന്നു വന്നത് ജീവനക്കാര്‍ അത്ഭുതത്തോടെ നോക്കി നിന്നു. പിന്നെ ഓപറേഷന്‍ തീയേറ്റര്‍ തുറന്ന് കൊടുത്തു.

കുറച്ചു സമയം കൂടി വൈകിയിരുന്നെങ്കില്‍ ജീവന് പോലും ആപത്താകുമായിരുന്നു എന്ന് ഡോക്ടര്‍. പുറത്തു കാത്തു നില്‍ക്കുന്ന തന്‍റെ രക്ഷകരെ ഒന്നു കൂടി നോക്കി കാമിനി, അകത്തേക്ക് പോകും മുന്‍പ്.

വേദനയുടെ രാത്രിയായിരുന്നു അവള്‍ക്കന്ന്. പുറത്തുള്ളവര്‍ക്ക് കാത്തിരിപ്പിന്‍റെയും. അവര്‍ വരാന്തയില്‍ തന്നെ നിന്നു, എങ്ങും പോകാതെ. ജീവന്‍ പണയപ്പെടുത്തി കാത്തു കൊണ്ട് വന്ന ആ ജീവനെ ഒന്നു കാണാന്‍.

രാവിലെ ഒന്‍പതു മണിക്ക് അവള്‍ ജനിച്ചു. അച്ഛനെത്താന്‍ വീണ്ടുമെടുത്തു 6 മണിക്കൂര്‍. അത് വരെ അവര്‍ കാവല്‍ തുടര്‍ന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷിംല മുഴുവന്‍ ആഘോഷിക്കുകയാണ് ഈ ജനനത്തിന്‍റെ കഥ. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച സംഭവം ആ പോലീസുകാരുടെ ജീവിതം തന്നെ മാറ്റുകയാണ്. ഒഫീഷ്യലായുള്ള അനുമോദനങ്ങള്‍ വേറെ.

എങ്കിലും അവര്‍ പറയുന്നു, എല്ലാറ്റിനുപരി ആ നിമിഷമാണെന്ന് – നേഴ്ന്സിന്‍റെ കൈയ്യിലുറങ്ങുന്ന അവളെ ആദ്യമായി കണ്ട നിമിഷം.

കാമിനി മകളോടൊപ്പം കാമിനി മകളോടൊപ്പം

‘വലുതാകുമ്പോള്‍ ഞാനവള്‍ക്ക് ഒരു കഥ പോലെ പറഞ്ഞു കൊടുക്കും, എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഈ അത്ഭുത്തെക്കുറിച്ച്. ആരുമല്ലാതിരുന്നിട്ടും എല്ലാമായിത്തീരുന്ന ചില സ്നേഹങ്ങളെക്കുറിച്ച്.’

തന്‍റെ മകളെ ചേര്‍ത്ത് പിടിച്ചു കാമിനി പറയുന്നു.

ഇവരെന്‍റെ ആരാണെന്ന് അവള്‍ ചോദിച്ചാല്‍ പറയാന്‍ ഒരുത്തരവും കാമിനി കണ്ടു വച്ചിട്ടുണ്ട്. ഇത് നിന്‍റെ ഫരിഷ്തേ ആണെന്ന്. ഫരിഷ്തേ എന്നാല്‍ ഉര്‍ദ്ദുവില്‍ മാലാഖമാര്‍ എന്നാണ്.

രാത്രി മുഴുവന്‍ നടന്നു ഫരിഷ്തേകളും അമ്മയും കൂടി കണ്ടു പിടിച്ച പേരാണ് ഇന്നവള്‍ക്ക്‌ - ശിവാംഗി.

Snowfall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: