എല്ലാവര്‍ഷവും നവംബറെത്തുമ്പോള് തുടങ്ങും മനസ്സിനൊരു തണുപ്പ്. കിഴക്കന്‍ മലകളില്‍ നിന്ന് കുന്നിറങ്ങി കാടിറങ്ങി വരുന്ന വൃശ്ചിക തണുപ്പ് തൊട്ടുണര്‍ത്തുന്ന നവംബര്‍ പുലരികള്‍ കാത്തിരിപ്പിന്റേതാണ്. ഡിസംബറും ക്രിസ്മസുമെത്താനുളള കാത്തിരിപ്പ്. ബലൂണ്‍ മണവും വര്‍ണ്ണക്കടലാസുകളും കേക്കും വീഞ്ഞുമൊക്കയായി ഒരു പശ്ചാത്യ സൗന്ദര്യം പത്തനംതിട്ടയിലെ മലനിരകളിലും വീടുകളുടെ അകത്തളങ്ങളിലും പടരും. കണ്ചിമ്മുന്ന താരകങ്ങള്‍ മലനിരകള്‍ക്ക് വിശുദ്ധ പ്രഭ പകരും. മലനിരകള്‍ ദൈവാനുഭവത്തിന്റെ അപാരമേഖലകളാണ്.
നക്ഷത്രങ്ങളുടെ താരാപഥങ്ങളില്‍ കണ്ണും നട്ട് കുട്ടിക്കാലത്ത് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി വെളളപ്പാറയ്ക്ക് മുകളില്‍ കിടക്കും. ഒരു നക്ഷത്രം അവിടെയും ഇവിടെയും പൊലിയും. മുറ്റത്തെ ചാമ്പമരമാണ് വീട്ടിലെ ക്രിസ്മസ് മരം. വര്‍ണ കടലാസുകള്‍ മുറിച്ച് മൈദമാവ് ചൂടാക്കി കലക്കി ചാമ്പയുടെ ഇലകളില്‍ തേച്ചുപിടിപ്പിച്ച് ഒട്ടിക്കും. ബന്ധുക്കള്‍ തന്നതും അയല്പക്കങ്ങളില് സംഘടിപ്പിച്ചതുമായ ക്രിസ്മസ് കാര്‍ഡുകള്‍ മാലപോലെ കൊരുത്തിടും. വൈദ്യുതി വെളിച്ചമൊന്നുമില്ലാത്ത ഞങ്ങളുടെ കുഞ്ഞുവീട്ടില്‍ മണ്ണെണ്ണ വിളക്കുതന്നെയായിരുന്നു ബാല്യത്തിന്റെ വെളിച്ചം. മണ്ണെണ്ണ എന്നു വിളിക്കുന്ന ഒരു കൂട്ടുകാരനെനിക്കുണ്ടായിരുന്നു. അവന്റെ അപ്പന് റേഷന്‍ കടയായിരുന്നു.
ആ ക്രിസ്മസ് കാലം ഓര്‍ത്താല്‍ ഇപ്പോഴും അറിയാതെ കണ്ണുകള്‍ നിറയും. ഞാന്‍ ഏഴാം ക്ലാസില്‍ പഠിയ്ക്കുകയാണ്. ഞാനും ചേട്ടനും കൂട്ടുകാരും പതിവില്‍ നിന്നും വ്യത്യസ്തമായി ഒരു വലിയ ക്രിസ്മസ് നക്ഷത്രം ഒരുക്കാന്‍ തീരുമാനിച്ചു. കുന്നിന്ചെരുവിലെ ഈറ്റക്കാട്ടില്‍ നിന്നും ആഘോഷമായി ഈറ്റ വെട്ടിക്കൊണ്ടുവന്നു. എല്ലാവരും ആര്‍പ്പുവിളിച്ചാണ് ഈറ്റയൊക്കെ വെട്ടിവരുന്നത്. വരുന്ന വഴിക്ക് വേറെ കുറെ കുട്ടികള്‍ മലയ്ക്ക് മുകളില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടു നില്ക്കുന്നതു കണ്ടു. അവരോടൊപ്പം പെട്ടെന്നൊരു മത്സരം ഫിക്സ് ചെയ്തു ക്രിക്കറ്റ് കളിച്ചു. ഞങ്ങളുടെ ടീം തോറ്റുപോയി. ആ ക്ഷീണത്തില്‍ ഈറ്റയും വലിച്ച് കുന്നിറങ്ങി ഞങ്ങളെല്ലാവരും എന്റെ വീട്ടിലെത്തി. അമ്മച്ചി കപ്പപുഴുങ്ങിയതും കാന്താരി ചമ്മന്തിയും കട്ടന്‍കാപ്പിയുമൊക്കെ തന്നു. അത് തിന്നിട്ട് ആ വലിയ ക്രിസ്മസ് നക്ഷത്രത്തിന്റെ പണിയിലായി ഞങ്ങള്‍. ഞങ്ങളുടെ കൊച്ചു നാടിനെയും എന്നെയും അക്ഷരം പഠിപ്പിച്ച ആശാട്ടിയമ്മയുടെ മകന് സാബുച്ചേട്ടായി നന്നായി നക്ഷത്രമുണ്ടാക്കും. മലഞ്ചരുവുകളിലെ ഓരോ വീട്ടിലും പോയി അക്ഷരം പഠിപ്പിയ്ക്കുന്ന ആശാട്ടിയമ്മയെക്കുറിച്ച് വിശദമായി എഴുതാനുണ്ട്. സാബുച്ചേട്ടായി നല്ല കലാകാരനാണ്. നന്നായി ചിത്രം വരയ്ക്കും ക്ളാര്‍നെറ്റ് വായിക്കും ഡ്രംസ് കൊട്ടും. അങ്ങനെ ബഹുമുഖ പ്രതിഭയായ കക്ഷിയുടെ നേതൃത്വത്തിലാണ് എന്റെ വീട്ടിലെയും സമീപവീടുകളിലെയും ക്രിസ്മസ് നക്ഷത്രങ്ങള്‍ ഒരുങ്ങുന്നത്. പള്ളിയി ലെ വലിയ ക്രിസ്മസ് നക്ഷത്രത്തിന്റെ സൃഷ്ടാവും സാബുചേട്ടായി തന്നെയാണ്.
ക്രിസ്മസ് കാലത്ത് പുളളിയ്ക്ക് ഭയങ്കര ഡിമാന്റാണ്. പല വീടുകളിലെയും നക്ഷത്രങ്ങളും നിര്‍മ്മിച്ചു കൊടുക്കണം. പള്ളിയിലെ വലിയ പുല്‍ക്കൂടും നക്ഷത്രവും നിര്‍മ്മിക്കണം. ഞങ്ങളുടെ തൊട്ടടുത്ത ദേശങ്ങളില്‍ നിന്നുപോലും പലരും വന്ന് കക്ഷിയെ കരോള്‍ പാട്ടുപരിപാടിക്ക് ക്ളാര്‍നെറ്റ് വായിക്കാനും ഡ്രംസ്സു കൊട്ടാനുമൊക്കെ വിളിച്ചു കൊണ്ടുപോകും. ആ തിരക്കുളള പരിപാടികള്‍ക്കിടയിലാണ് ഞങ്ങള്‍ക്കിന്ന് സാബുച്ചേട്ടായിയുടെ ഡേറ്റ് കിട്ടിയിരിക്കുന്നത്. അക്കാലത്തെ പല ഹിറ്റ് സിനിമകളിലെയും പ്രത്യേകിച്ചും മണിരത്നത്തിന്റെ “ബോംബെ”യിലെ “ഉയിരെ..ഉയിരെ” എന്ന ഗാനം ക്ളാര്നെറ്റിലൂടെ കരോള്‍ സംഘത്തിന്റെ നടത്തത്തിനൊപ്പം വൃശ്ചികത്തിലെ തണുത്ത രാവുകളില്‍ നീലച്ഛവി കലര്‍ന്ന മലയോരത്തൂടെ സാബുച്ചേട്ടായി വായിച്ചു പോകും. മലനിരകളില്‍ ഒരു ശോകച്ഛവി പടരും.
ഞാനും ചേട്ടനും കൂട്ടുകാരും കൂടി സാബുച്ചേട്ടായിയുടെ ശിങ്കിടികളായി മാറി. ചിലര്‍ ഈറ്റ ചെത്തിയൊരുക്കുന്നു. ചിലര്‍ വര്ണ്ണക്കടലാസുകള് അളന്ന് മുറിക്കുന്നു. ചിലര്‍ മൈദ കലക്കുന്നു. സാബുച്ചേട്ടായി ഒരു ബീഡിയും വലിച്ച് ചില ആലാചനകളുമായി ചാണകം മെഴുകിയ ഞങ്ങളുടെ തിണ്ണയിലിരിക്കുകയാണ്. ഞങ്ങളുടെ പണി കഴിഞ്ഞതോടെ ബീഡിക്കുറ്റി കെടുത്തി പുളളി നക്ഷത്രമുണ്ടാക്കാന്‍ തുടങ്ങി. മുറ്റത്തെ ചാമ്പയുടെ കവട്ടയ്ക്ക് ഈ നക്ഷത്രത്തെ താങ്ങാനുളള കരുത്തുണ്ടോയെന്ന് ഞാന്‍ ചിന്തിച്ചു. ഇപ്പോ തന്നെ ആകെ അലങ്കാരം കൊണ്ട് ശ്വാസം മുട്ടിനില്‍ക്കുകയാണ് ചാമ്പ. ഇടയ്ക്കൊക്ക ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നും ഒളിഞ്ഞുനോക്കുന്നുണ്ട് പഴുത്തുവരുന്ന ചാമ്പയ്ക്കകള്‍. കുഞ്ഞു മുയലുകളെപ്പോലെയുള്ള ചാമ്പയ്ക്കകള്‍. വെളുത്ത ഉടലും ചുവന്ന ചുണ്ടു മുളള ചാമ്പയ്ക്കകള്‍. വൈകുന്നേരം നാലുമണിയോടെ നക്ഷത്രത്തിന്റെ പണി കഴിഞ്ഞു. വലിയ നക്ഷത്രം പലപല വര്‍ണ്ണങ്ങളില്‍ തിളങ്ങുകയാണ്. സാബുച്ചേട്ടായി പലപല കോണില്‍ നിന്നും തന്റെ കലാസൃഷ്ടിയെ നോക്കി പരിശോധിക്കുന്നു
“എടാ എബിയോ..ബോബിയേ ഇനി സ്റ്റാറ് ചാമ്പേല് കേറ്റിക്കോ.”
സാബുച്ചേട്ടായി ഒരു ബീഡിയും കത്തിച്ച് റബ്ബറിന്കാട്ടിലൂടെ നെടുമുരുപ്പിന് ചരിവിലുളള വീട്ടിലേക്ക് കുന്നുകയറിപ്പോയി. ഞങ്ങള്‍ പിളളാരെല്ലാവരും കൂടെ നക്ഷത്രത്തിന് ചുറ്റും കൂടി. ഇത്തവണ കരോള്‍ സംഘം വരുമ്പോള്‍ ഈ നക്ഷത്രം കണ്ടു ഞെട്ടും. ഞാന്‍ മനസ്സില്‍ സന്തോഷിച്ചു. ചെറിയ റിബ്ബണുകള്‍ കൊരുത്ത് നക്ഷത്രക്കാലുകള്ക്ക് ഒരു ചെറിയ തൊങ്ങല് കൂടെ ചാര്‍ത്തി ഞങ്ങളെല്ലാവരും കൂടി നക്ഷത്രം ചാമ്പമരത്തില്‍ കയറ്റാനുളള പണികള്‍ ആരംഭിച്ചു. ഞാന്‍ അടുക്കളയില്‍ പോയി അമ്മച്ചി കാണാതെ ചെറിയൊരു മണ്ണെണ്ണ വിളക്കെടുത്തു കൊണ്ടു വന്ന് നക്ഷത്രത്തിന്റെ അടിയിലെ കവട്ടയില്‍ വെച്ചു നോക്കി. കറക്ടാണ്. കൃത്യമായി ഇരിക്കും. എല്ലാവരും കൂടെ ക്രിസ്മസ് താരകം ചാമ്പമരത്തില്‍ വൃത്തിയായി കെട്ടിവെച്ചു. ഇപ്പോള്‍ തന്നെ മരത്തില്‍ താങ്ങാവുന്നതിനപ്പുറം ക്രിസ്മസ് അലങ്കാരമുണ്ട്. പല ബന്ധുക്കളും അയച്ച പഴയ ക്രിസ്മസ് കാര്‍ഡുകള്‍ ഒരു തോരണം പോലെ തുങ്ങിക്കിടക്കുന്നു. ഇലകളിലെല്ലാം പല പല വര്‍ണ്ണങ്ങളുണ്ട്. അതിനിടയില്‍ പഴുക്കാന്‍ തുടങ്ങുന്ന ചാമ്പക്കായകള്‍ പതുങ്ങി നില്‍പ്പുണ്ട്. താരകം തൂക്കിയ ശേഷം ഞങ്ങളെല്ലാവരും കൂടെ വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ റബ്ബർ തോപ്പിലേക്ക് പോയി. കളിച്ചുകൊണ്ടു നില്ക്കുമ്പോഴൊക്കെ തണുത്ത രാവില്‍ ക്രിസ്മസ് പപ്പയോടൊപ്പം കരോള്‍ സംഘം വരുമ്പോള്‍ മിന്നിത്തിളങ്ങി നിന്ന് എല്ലാവരെയും അമ്പരിപ്പിക്കുന്ന ക്രിസ്മസ് താരകമായിരുന്നു എന്റെ മനസ്സില്‍.
വൈകുന്നേരം പളളിയിലെ കരോള്‍ സംഘത്തിനൊപ്പം പോകാനായി ഇറങ്ങവെ ഞങ്ങള്‍ നക്ഷത്രത്തെ ഒന്നുകൂടി നോക്കി. പദ്ധതി അനുസരിച്ച് കരോള്‍സംഘം ഞങ്ങളുടെ വീടിനടുത്തെത്തുന്നതിന് മുമ്പ് ഞാന്‍ വന്ന് നക്ഷത്രത്തിലെ മണ്ണെണ്ണ വിളക്ക് കൊളുത്തും. കഴിഞ്ഞ രാത്രി പാടി നിര്‍ത്തിയ വീട്ടില്‍ നിന്നാണ് കരോള്‍സംഘം രാത്രിയാത്ര തുടങ്ങുന്നത്. പളളീലച്ചനും പളളിയിലെ കപ്യാരും ക്രൈസ്താനസമിതിക്കാരും മുതിര്‍ന്നവരുമൊക്കെയുണ്ട്. അച്ചന്റെ പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ പാടിത്തുടങ്ങി.
‘അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ ദൈവപ്രസാദമുളള മനുഷ്യര്‍ക്ക് സമാധാനം’ ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
“ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ നക്ഷത്രം മണ്ണിലിറങ്ങിയ രാത്രി”
കരോള്‍ സംഘം പാട്ടുപാടി പുരോഗമിക്കുകയാണ്. ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് നടന്നാണ് പോകുന്നത്. സാബുച്ചേട്ടായി കൂടി സംഘത്തിനൊപ്പമുളളതു കൊണ്ട് നടപ്പിന് ആവേശമായി ക്ളാര്നെറ്റില് സിനിമാപാട്ടുകളൊക്കെ വീഴുന്നുണ്ട്. പത്തനംതിട്ട മലനിരകളിലെ ക്രിസ്മസ് കാലങ്ങളില്‍ കരോള്സംഘത്തിനൊപ്പം പോകുമ്പോള്‍ ശബരിമലയില്‍ കാനനവാസനെ കാണാന്‍ പോകുന്നവരുടെ ശരണംവിളികളും മലനിരകളില്‍ നിന്നും മുഴങ്ങും
“സ്വാമിയേ..അയ്യപ്പോ..
അയ്യപ്പോ ..സ്വാമിയേ…”
ഞങ്ങളുടെ അയല്പക്കക്കാരും നാട്ടുകാരുമൊക്കെ മലയ്ക്കു പോവുകയാവും. അമ്പലത്തിനും കാവിനുമൊക്കെ അടുത്തെത്തുമ്പോള്‍ ഞങ്ങള്‍ ഡ്രമ്മടിക്കാതെ നിശബ്ദം പോകും. കുട്ടിക്കാലത്തെ ആ പാരസ്പര്യം, ക്രിസ്മസ് നന്മ തന്നതാണ്. അങ്ങനെ ഞങ്ങളുടെ വീട്ടിലേക്കെത്താന്‍ ഇനി നാല് വീടുകൾ കൂടിയേയുളളു. ചേട്ടനോട് പറഞ്ഞിട്ട് കരോള്സംഘത്തില് നിന്നും ഞാന്‍ മുങ്ങി. അടുക്കളയിലെ ഓലച്ചുവരില് നിന്നും തീപ്പെട്ടിയെടുത്ത് ചാമ്പമരത്തിലെ ഞങ്ങളുടെ താരകത്തെ മിന്നിച്ചു. നക്ഷത്രത്തിന്റെ ഹൃദയഭാഗത്ത് ചുവപ്പ്, വാലുകളില്‍ മഞ്ഞ, വെളള, വയലറ്റ് നിറങ്ങളില്‍ വര്ണ്ണക്കടലാസുകള്. വെളിച്ചം നിറങ്ങള്‍ക്കിടയിലൂടെ ചിതറി. എന്റെ മനസ്സ് നിറഞ്ഞു. ഞാനൊന്നുമറിയാതെ മലമ്പാതയിലൂടെ നടന്നുവരുന്ന കരോള്‍ സംഘത്തിനൊപ്പം ചേര്‍ന്നു.അങ്ങനെ അധികമാരും അറിഞ്ഞില്ലെങ്കിലും സംഘത്തിലെ സനോജ് ചോദിച്ചു
“നീ എവിടെപ്പോയെടാ..പാടാന്‍ വയ്യാതെ മുങ്ങിയല്ലെ”
ഇല്ലെടാ ഞങ്ങളിറങ്ങുമ്പോ അമ്മച്ചിക്ക് വയ്യാരുന്നു. ഒന്ന് നോക്കാന്‍ പോയതാ.
അക്കൂടെ വീടിന്റെ സിമന്റുപടവുകള്‍ കയറുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് നോക്കി. ഇരുട്ടിനും മഞ്ഞിനുമിടയിലൂടെ ഒരു കുഞ്ഞ് ചുവപ്പന്‍ വെട്ടം കാണാം. അത് സുന്ദരമായ ഒരു കാഴ്ച്ച. ചേട്ടനോട് ഞാന്‍ നക്ഷത്രം തെളിച്ച കാര്യം പറഞ്ഞു. അക്കൂറ്റത്തെ വീട്ടുകാര്‍ കരോള്‍ സംഘത്തിന് ചെറിയൊരു ടീപാര്‍ട്ടി ഒരുക്കിയിരുന്നു. ബണ്ണും പ്ളം കേയ്ക്കും ചായയും. എല്ലാ വര്‍ഷവും ക്രിസ്മസ് പാപ്പയാകുന്ന തടിയന് ജോബി മുഖത്തെ തൊപ്പി മാറ്റി ഒരു വലിയ ബണ്‍ വായ്ക്കുളളിലേക്ക് തിരുകി. പോക്കറ്റിലെ ചോക്കലേറ്റുകള്‍ ഇടയ്ക്കിടെ ജോബി തിന്നും. അതുകൊണ്ട് കരോള്‍ സംഘമെത്തുന്ന വീടുകളിലെ കുട്ടികള്‍ക്ക് കൊടുക്കാനായി മിഠായികള്‍ കിട്ടാറില്ല. ആ നേരങ്ങളില്‍ പോക്കറ്റില്‍ കയ്യിട്ട് ചില അടവുകളൊക്കെ കാണിയ്ക്കും ജോബി.
ടീപാര്‍ട്ടി കഴിഞ്ഞ് കരോള്‍ സംഘം ഞങ്ങളുടെ വീട്ടിലേക്കുളള ഇടവഴി കയറി. ബാലവാടി കഴിഞ്ഞ് ഒരു ചെറിയ മഴക്കാലത്ത് മാത്രം തോടായി മാറുന്ന തോട്ടിലൂടെ നടന്നു വേണം ഞങ്ങളുടെ വീട്ടിലേക്ക് കയറാന്‍. കരോള്‍ പാട്ടുകാര്‍ മുറ്റത്തെത്താറായപ്പോഴാണ് കിഴക്കന്‍ മലകളില്‍ തണുത്ത കാറ്റ് വീശാന്‍ തുടങ്ങിയത്. റബ്ബറിലകളെയൊക്കെ ഉലച്ച് കാറ്റ് വീശി. സാബുച്ചേട്ടായി ക്ളാര്നെറ്റില് “യഹൂദിയായിലെ…”എന്നു തുടങ്ങുന്ന പ്രശസ്തമായ ക്രിസ്മസ് ഗാനം വായിച്ചു വരികയാണ്. കുറച്ച് വീഞ്ഞൊക്കെ കുടിച്ച് മത്തായ ചിലര്‍ ചുവടുകള്‍ വെച്ച് ആടിപ്പാടി കയറുകയാണ് വീട്ടിലേക്ക്. അതിനിടയില്‍ ഞാന്‍ ക്രിസ്മസ് നക്ഷത്രത്തെ നോക്കി. ഹൃദയം നിലച്ച ആ കാഴ്ച അപ്പോഴാണ് കണ്ടത്. ഞങ്ങളുടെ ക്രിസ്മസ് നക്ഷത്രം കത്തുന്നു. കാറ്റില്‍ മണ്ണെണ്ണ വിളക്ക് ചരിഞ്ഞ് വീണ് തീപടര്‍ന്നിരിക്കുന്നു. കരോള്‍സംഘം മുറ്റത്തെത്തിയതും ഞങ്ങളുടെ ക്രിസ്മസ് നക്ഷത്രം നിന്നു കത്തി. തീയുടെ ഒരു താരകം പോലെ.
അഗ്നിയിരയാക്കിയ നക്ഷത്രം ചാമ്പമരത്തില്‍ നിന്നും കരോള്‍ പാട്ടുകാരുടെ മുമ്പിലേക്ക് നിന്നു. സാബുച്ചേട്ടായിയുടെ ക്ളാര്‍നെറ്റ് നിശബ്ദമായി. പാട്ടും നിന്നു. എല്ലാവരും ചാമ്പമരത്തിലെ ക്രിസ്മസ് നക്ഷത്രം കത്തുന്നതും നോക്കി നില്‍ക്കുകയാണ്. എനിക്ക് കരച്ചില് വന്നു. കണ്ണു നിറഞ്ഞ് ഇറയപ്പടിയില്‍ നില്ക്കുന്ന അമ്മച്ചിയുടെ സാരിത്തുമ്പിലേക്ക് ഞാന്‍ കരഞ്ഞു കൊണ്ട് ഓടിയൊളിച്ചു.
ക്രിസ്മസ് ഓര്‍മ്മകള്‍ വായിക്കാം
ധനുമാസത്തിൻ കുളിരും രാവിൽ: ബിപിന്‍ ചന്ദ്രന്
രണ്ടരയുടെ ചൂട്ടുകൾ:സുദീപ് ടി ജോര്‍ജ്