ക്രിസ്മസ് കാലമാവുമ്പോഴാണ് ആനീസാന്റിയും അങ്കിളും മലയോരത്തെ അവരുടെ വീടുമൊക്കെ ഉള്ളിൽ ചെറുതല്ലാത്ത നഷ്ടബോധവും ഗൃഹാതുരത്വവുമുണർത്തുക. അത്രയ്ക്ക് മനോഹരമായ ക്രിസ്‌മസ് രാത്രികളായിരുന്നു അവിടുത്തേത്. ഇത്തവണ കൊറോണ കാരണം ഒരാഘോഷവും ഇല്ലാത്ത സ്ഥിതിയ്ക്ക് ആ ഓർമകൾക്ക് മധുരം കൂടുന്നു.
അപ്പയുടെ അടുത്ത ബന്ധത്തിലുള്ളതാണ് ആനീസാന്റി. കരിനീല മലകൾക്കു താഴെ വനാതിർത്തിയോട് ചേർന്നാണ് ആന്റി താമസിക്കുന്നത്.ഏഴേക്കർ സ്ഥലത്തിനുള്ളിലാണ് ആന്റിയുടെ വീട്. വീടിനു ചുറ്റും റബറും തെങ്ങും വാഴയും നെല്ലും ഇഞ്ചിയും പൈനാപ്പിളും കശുമാവും കണ്ടിച്ചേമ്പും കച്ചോലവുമൊക്കെ ഞെരിപ്പനായിട്ടു നട്ടുവളർത്തിയിട്ടുണ്ട്.
ആന്റിയുടെ വീട്ടിലേക്ക് ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് നാലു കിലോമീറ്ററുണ്ടെങ്കിലും പാട വരമ്പിലൂടെയും തോട്ടിറമ്പിലൂടെയും കാട്ടുവഴികളിലൂടെയുമൊക്കെ കാഴ്ചകളൊക്കെ കണ്ടുപോകുന്നതു കൊണ്ട് അത്രേം ദൂരം തോന്നിക്കില്ലെന്നു മാത്രമല്ല ടൂറ് പോകുന്ന പ്രതീതി കൂടിയുണ്ടായിരുന്നു അതിന്. വനാതിർത്തി ആയതുകൊണ്ട് പകലു പോലും കാട്ടുമൃഗങ്ങളുടെ അമറലും ചീവിടുകളുടെ കരച്ചിലും വേഴാമ്പലുകളുടെ ചിറകടിയുമൊക്കെ അവിടുന്ന് കേൾക്കാമായിരുന്നു. പാടവും തോടും ഇടവഴികളും കഴിഞ്ഞാൽ വലിയൊരു കനാൽ ബണ്ടിലേക്കാണ് ചെന്നുകയറുന്നത്. കാറും ജീപ്പുമൊക്കെ പോകാൻ വിസ്താരമുള്ള ആ വഴിയിലേക്ക് പതിനെട്ടാം പടി കയറുമ്പോലെ “സ്വാമിയേ അയ്യപ്പോ “എന്നു ശരണം വിളിച്ചുകൊണ്ടാണ് ഞങ്ങൾ കുട്ടികൾ കയറിയിരുന്നത്.
കുത്തനെയുള്ള കയറ്റം കയറി തളർന്നുകുത്തി മുകളിൽ എത്തിയാൽ ക്ഷീണമൊക്കെ പമ്പ കടക്കും, ആ മട്ടിലാണ് അവിടുത്തെ കാഴ്ചകൾ! താഴോട്ടു നോക്കിയാൽ ചുറ്റും കാടിന്റെ കറുപ്പ്, മുകളിലോട്ടു നോക്കിയാൽ കയ്യെത്തും ദൂരത്ത് വെളുത്ത മേഘങ്ങൾ നീന്തിക്കളിക്കുന്ന ആകാശം. അവിടെനിന്ന് കിതപ്പൊക്കെയാറ്റി കനാലിനു കുറുകെയിട്ടിരിക്കുന്ന വീതി കുറഞ്ഞ തടിപ്പാലത്തിലൂടെ അപ്പുറം കടന്നാൽ വീതിയുള്ള ചെമ്മൺ റോഡാണ്. അവിടെനിന്നു താഴേയ്ക്ക് മണ്ണിൽ വെട്ടിയുണ്ടാക്കിയ മുപ്പതു പടികളാണ്. ആ പടികൾ അവസാനിക്കുന്നത് ആന്റിയുടെ വീട്ടു മുറ്റത്താണ്. അത്രയും പ്രകൃതിരമണീയമായ മറ്റൊരു സ്ഥലം ഞാൻ പിന്നീട് എവിടെയും കണ്ടിട്ടില്ല. ഞങ്ങൾക്ക് അതൊരു വിനോദസഞ്ചാര കേന്ദ്രം പോലെയൊക്കെ ആയിരുന്നെങ്കിലും ആന്റിക്കും കുടുംബത്തിനും അങ്ങനെയല്ലായിരുന്നു. എന്തെല്ലാമോ ബിസിനസുകളൊക്കെ ചെയ്ത് കടം കയറിയാണ് ടൗണിലുള്ള വീടും പുരയിടവുമൊക്കെ വിറ്റ് ആനീസാന്റിയും കുടുംബവും ഞങ്ങളുടെ നാട്ടിലെത്തിയത്.
വെള്ളവും വെളിച്ചവും വഴിയും വണ്ടി സൗകര്യവുമൊക്കെയുള്ള ഒത്തിരി സ്ഥലങ്ങൾ അവർക്ക് അപ്പ കാണിച്ചു കൊടുത്തെങ്കിലും മലമൂട്ടിലുള്ള വെളിച്ചവും വണ്ടി സൗകര്യവുമൊന്നുമില്ലാത്ത കാട്ടുപ്രദേശമാണ് അവർക്ക് ഇഷ്ടമായത്. കയ്യിലുള്ള തുകയ്ക്ക് മലയ്ക്കു താഴെ ഏഴേക്കർ സ്ഥലം വാങ്ങി വെട്ടി വെളുപ്പിച്ച് അതിനകത്ത്
ഇഷ്ടികച്ചുമരുകളുള്ള പനമ്പട്ട മേഞ്ഞ തിയേറ്റർ പോലെ നീണ്ടൊരു
വീടൊക്കെ പണിത് കൃഷികളൊക്കെ തുടങ്ങിവച്ച് ആടുമാടുകളെ വാങ്ങി
ആനീസാന്റിയും കുടുംബവും ജീവിതം തുടങ്ങി. അവരവിടെ താമസം തുടങ്ങിയതിനു ശേഷം ഇടയ്ക്കിടെ അപ്പ പോയി വിശേഷങ്ങൾ തിരക്കുമായിരുന്നെങ്കിലും ഞങ്ങളാരും അങ്ങോട്ട് പോയിട്ടില്ലായിരുന്നു.
അവരു വന്നതിന്റെ ആദ്യത്തെ ക്രിസ്‌മസ് കാലം. ക്രിസ്‌മസിനു രണ്ടു ദിവസം മുമ്പ് അങ്കിൾ സൈക്കിളിൽ മക്കളായ ലിജോ മോനെയും ലിജി മോളെയും കൊണ്ട് ഞങ്ങളുടെ വീട്ടിലേക്കു വന്നു. ഞാനും ലിജിയും പെട്ടെന്നു കൂട്ടായി.അവർ വന്നത് ഞങ്ങളെ ക്രിസ്‌മസിനു ക്ഷണിക്കാനായിരുന്നു. ആറടിയിലധികം പൊക്കവും നല്ല വണ്ണവും സ്ഫടികം ജോർജേട്ടനെ കൂട്ടുള്ള മുഖവും പെരുമ്പറ കൊട്ടുമ്പോലുള്ള ഒച്ചയുമുള്ള അങ്കിളിനെ കണ്ടപ്പോൾ ആദ്യം
തോന്നിയ പേടിയൊക്കെ അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ മാറി.
അപാര ഹ്യൂമർ സെൻസുള്ള ആളായിരുന്നു അങ്കിൾ. ഞങ്ങൾ ചോദിക്കാതെ തന്നെ സ്വന്തം സുവർണകാലത്തേക്കുറിച്ചും കടം കയറിയ അവസ്ഥകളെപ്പറ്റിയുമൊക്കെ വളരെ രസകരമായി അദ്ദേഹം അഭിനയിച്ചു കാണിച്ചു. അതുകണ്ട് ചിരിച്ചു ചിരിച്ച് എല്ലാരും വശം കെട്ടു. ഒടുവിൽ വിശേഷം പറച്ചിലും ചായകുടിയുമൊക്കെ കഴിഞ്ഞപ്പോൾ
അങ്കിൾ എന്നെയും ചേട്ടായിയെയും നോക്കിക്കൊണ്ട് അമ്മയോട്
“മിസ്റ്റർ തങ്കം, ഈ പിള്ളേരെ കൊണ്ടുപോകാനാ ഞങ്ങൾ വന്നത്. നിങ്ങള് കെട്ടിയോളും മാപ്ലയും ക്രിസ്‌മസിന്റെ തലേന്ന് എത്തിയാ മതി. ഇന്ന് പള്ളീന്നു കരോള് വരുമ്പം അവിടെ ആരേലുമൊക്കെ വേണ്ടേ? എടാ പിള്ളേരെ നിങ്ങളു രണ്ടാളും എന്താ എടുക്കാനുള്ളതെന്നു വച്ചാ എടുത്തിട്ടു വാ.” എന്നും പറഞ്ഞ് ഒറ്റ നിൽപ്പ്.
ഞാനാണെങ്കിൽ അതു കേട്ടതും അമ്മയുടെ പുറകിലേക്കു മാറി. അതുവരെ അമ്മയുടെ കൂടെയല്ലാതെ എവിടെയും പോയി നിൽക്കാത്തതു കൊണ്ട് അവരോടൊപ്പം പോകാൻ എനിക്കൊരു താൽപ്പര്യവും ഉണ്ടായില്ല. അമ്മയാണെങ്കിൽ അങ്കിളിന്റെ ബെല്ലും ബ്രെയിക്കുമില്ലാത്ത സംസാരമൊക്കെ കേട്ട് എന്തു ചെയ്യണമെന്ന സംശയത്തോടെ അപ്പയെ നോക്കി നിന്നു. അപ്പ എന്തായാലും ഞങ്ങളെ വിടില്ലെന്നൊരു ചിന്തയായിരുന്നു എനിക്ക്. പക്ഷെ അങ്കിളിന്റെ നിർബന്ധം മുറുകിയപ്പോൾ അപ്പ അമ്മയോട് ഞങ്ങളെ അങ്കിളിനൊപ്പം വിടാൻ പറഞ്ഞു. അമ്മ വേഗം ഞങ്ങളുടെ ഡ്രസ്സും മറ്റും എടുത്തുതന്ന് ഞങ്ങളെ വിട്ടു.
ഞാനും ലിജിമോളും അങ്കിളിന്റെ സൈക്കിലും ചേട്ടായും ലിജോമോനും ചേട്ടായുടെ സൈക്കിളിലും അങ്ങോട്ടുപോയി. അത്രേം ദൂരം സൈക്കിൾ ചവുട്ടി പോകാൻ പറ്റിയതിന്റെ ത്രില്ലിലായിരുന്നു ചേട്ടായി. പോരാത്തതിന് അവിടെ ചെന്നാൽ ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യമുണ്ടെന്ന മോഹന വാഗ്ദാനവും കൂടി ആയതോടെ ആവേശം കൂടി.
ഇഷ്ടമില്ലാതെയാണ് പോയതെങ്കിലും പോകപ്പോകെ ആ സ്ഥലത്തോടും അന്തരീക്ഷത്തിനോടു മൊക്കെ ഒരിഷ്ടം തോന്നിപ്പോയി. ആദ്യമായിട്ടാണ് ആ സ്ഥലമൊക്കെ കാണുന്നത്. അക്കാലത്ത് പകൽ പോലും ആളുകൾ ഒറ്റയ്ക്കു നടക്കാൻ പേടിക്കുന്ന ഒരിടമായിരുന്നു അത്. കാട്ടാനയും പന്നിയും ഇഴജന്തുക്കളും ഒക്കെ സമൃദ്ധിയായി ഉള്ളതുകൊണ്ട് ആ വീടെത്തും വരെ പേടിയായിരുന്നു. അവിടെ പക്ഷെ അങ്കിളിനോ ആന്റിക്കോ പിള്ളേർക്കോ ഒരു പേടിയും ഉണ്ടായിരുന്നില്ല. അങ്കിളിനെ കണ്ടാൽത്തന്നെ ഒരു മാതിരി കാട്ടുജന്തുക്കളൊക്കെ ജീവനും കൊണ്ട് ഓടുമെന്ന് എനിക്ക് തോന്നി. ആനീസാന്റിയും മോശമൊന്നുമല്ല ചുമ്മാ മണ്ണിരയെ എന്നോണമാണ് മൂർഖനെയും അണലിയെയുമൊക്കെ അടിച്ചു കൊല്ലുന്നത്.
Also Read: കന്റോൺമെന്റിലെ ക്രിസ്‌മസ്
ലിജിമോളാണെങ്കിൽ “എടീ നിനക്ക് അതു കാണണോ ഇതു കാണണോ? അതു വേണോ? ഇതു വേണോ?” എന്നൊക്കെ ചോദിച്ച് പറമ്പു മൊത്തം ഓടി നടക്കുന്നുണ്ട്. ഇടയ്ക്ക് ആടിനെ കെട്ടിയിടത്ത് പോയി ചൂടൻ പാല് കറന്നു കുടിച്ചും മുട്ടയിടാൻ കൊക്കുന്ന കോഴികൾക്കു കാവലിരുന്ന് മുട്ട നിലത്തു വീഴും മുമ്പെ യാതൊരു അറപ്പുമില്ലാതെ എടുത്തു കഴുകി പച്ചയ്ക്ക് കുത്തിപ്പൊട്ടിച്ചു കഴിച്ചുമൊക്കെ എന്റെ മുമ്പിൽ ഷൈൻ ചെയ്യുന്നുമുണ്ട്. കണ്ടിട്ടു മനം മറിഞ്ഞു.
“ഇതൊക്കെ തിന്നാതെ ചുമ്മാ ഹോർലിക്സും തിന്നോണ്ടിരിക്കുന്ന കൊണ്ടാ നീ ‘ഏങ്ങപ്രാശു പിടിച്ച പോലെ ഇരിക്കുന്നെ.” മൊട്ട കുത്തികുടിക്കുന്നതിനിടെ അവൾ എന്നെ ആകമാനമൊന്നു നോക്കിക്കൊണ്ട് ഗുണദോഷിച്ചു . എനിക്കു ചിരി വന്നു .പത്തു പതിനൊന്നു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും പതിനെട്ടു വയസ്സിന്റെ ദേഹപുഷ്ടി അവൾക്കുണ്ടായതിന്റെ രഹസ്യം അന്നാണെനിക്ക് മനസ്സിലായത്.
എന്തായാലും അന്നു വൈകുന്നേരമായി. അങ്കിൾ ഇല്ലിക്കമ്പും വെള്ളക്കടലാസും കൊണ്ടുണ്ടാക്കിയ വലിയൊരു സ്റ്റാർ മുൻവശത്ത് തൂക്കിയിട്ടു. അതിനകത്ത് ചിരട്ടയിൽ തടിയൻ മെഴുതിരി വെച്ചിരുന്നത് കൊണ്ട് അതിനു നല്ല വെട്ടം ഉണ്ടായിരുന്നു. ആ വലിയ വീടിനകത്തും ചുറ്റിലുമായി എട്ടു പത്തു റാന്തലുകളെങ്കിലും തൂക്കിയിട്ടിരുന്നു.
പള്ളിയിൽനിന്നു പത്തു പന്ത്രണ്ടു കിലോമീറ്റർ അകലെയാണ് അങ്കിളിന്റെ വീട്. അടുത്തെങ്ങും വേറെ ഇടവകക്കാരുടെ ആരുടെയും വീടില്ല. അതുകൊണ്ടു തന്നെ ഒരു വീട്ടിലേക്കു മാത്രമായി അതും ആ കാട്ടിലേക്ക് കരോൾ വരുന്നതിനോട് ആർക്കും താൽപ്പര്യമില്ലായിരുന്നു. അങ്കിളിന്റെ നിർബന്ധം കൊണ്ടാണ് അവർ കുറേ നിബന്ധനകളൊക്കെ വച്ച് വരാമെന്നു സമ്മതിച്ചതു തന്നെ. വരുന്ന എല്ലാവർക്കും ആഹാരം വേണം. നല്ലൊരു തുക സംഭാവനയും വേണം. അങ്കിൾ അതൊക്കെ പുല്ലുപോലെ സമ്മതിച്ചു. അത്രയ്ക്ക് ആവേശമായിരുന്നു പുള്ളിക്ക് കരോളെന്നു വെച്ചാൽ.
അങ്ങനെ രാത്രിയായപ്പോഴേക്കും അങ്കിളും ആന്റിയും കൂടി നിറയെ തേങ്ങയും പൊടിക്ക് ജീരകവുമൊക്കെയിട്ട നല്ലൊന്നാന്തരം കുത്തരിക്കഞ്ഞിയും ചെറുപയർ തോരനും മാങ്ങാ അച്ചാറും പപ്പടവും ഒക്കെ ഉണ്ടാക്കി വച്ചു. കൂടെ നല്ല ചുക്കു കാപ്പിയും കേക്കും. എല്ലാ പണികളും കഴിഞ്ഞ് അങ്കിളും ആന്റിയും വീടിനു പുറകിൽ റബർ കാടിനപ്പുറമുള്ള അവരുടെ കുളത്തിൽ പോയി കുളിച്ച് അടിപൊളിയായി വന്നു. കൂടെ കാട്ടിൽ താമസിക്കുന്ന അഞ്ചാറു മുതിർന്നവരും കുറച്ചു കുട്ടികളും ഉണ്ടായിരുന്നു. അവിടുത്തെ സ്ഥിരം പണിക്കാരായിരുന്നു അവർ. അങ്കിളും ആന്റിയുമൊക്കെ വീട്ടിലുള്ളവരോടെന്നതുപോലെ വളരെ സ്നേഹത്തോടെയാണ് അവരോടു പെരുമാറിയത്. അവരും അങ്ങനെയായിരുന്നു.
Also Read: മൊരിഞ്ഞ കേക്ക് തലപ്പാവ് വെച്ച തൃശുർ ക്രിസ്മസ്, കപ്പ കൊണ്ട് കിരീടംവച്ച കോട്ടയം ക്രിസ്മസ്
സമയം രാത്രി എട്ടു മണിയായി, എല്ലാരും കരോളുകാരെയും കാത്ത് പുറമേയിറങ്ങിയിരുന്നു.
ഒൻപതായി, പത്തായി, അവരെത്തിയില്ല. ആ നേരം വരെ ഇരുന്നതോടെ എന്റെ പേടി മുഴുവനായും മാറി. പൊടിമഞ്ഞു കണക്കാക്കാതെ ചാണകം തേച്ചു മിനുക്കിയ തുറസ്സായ മുറ്റത്ത് നക്ഷത്രങ്ങളുടെ ചാകരയും കണ്ടു ഞാൻ നിന്നു.
“എടീ നിനക്ക് കയ്യെത്തി നക്ഷത്രത്തേൽ തൊടണോ?” എന്റെ നിൽപ്പും സന്തോഷവും കണ്ട് ലിജോ ചോദിച്ചു.
“ഉം.”
ഞാൻ തലയാട്ടി.
“എങ്കി വാ.”
ലിജോ കയ്യാട്ടി വിളിച്ചു കൊണ്ട് കനാൽ ബണ്ടിലേക്കുള്ള പടികൾ കയറി. ഞാനും ലിജിമോളും മറ്റു കുട്ടികളും കൂടി ശരണം വിളിച്ചു കൊണ്ട് പുറകെയും. ഉയർന്നൊരിടത്ത് തട്ടും തടവുമില്ലാതെയുള്ള ആ ആകാശകാഴ്ച്ചയിൽ സന്തോഷമടക്കാനാവാതെ മനസ്സ് നിറഞ്ഞ് ഞാൻ കരഞ്ഞുപോയി.
“എന്തിനാ നീ കരയുന്നെ?” ലിജി ചോദിച്ചു.
ആകാശം കണ്ടിട്ടാണെന്ന് പറഞ്ഞപ്പോൾ ആകാശം കണ്ടിട്ട് കരയുന്നതെന്തിനാ? എന്നും ചോദിച്ച് അവളെന്നെ തുറിച്ചു നോക്കി. (അടുത്ത കാലത്തു കണ്ടപ്പോൾ അന്ന് ആകാശം കണ്ടു കരഞ്ഞതിന്റെ കാര്യമൊക്കെ ഇപ്പോഴാ മനസ്സിലായെ. അന്നേ വട്ടുണ്ടായിരുന്നല്ലേ…എന്നും പറഞ്ഞ് അവൾ ചിരിച്ചു.)
“വാ നക്ഷത്രത്തിനെ തൊടാം,” ലിജോ എന്നെ വിളിച്ചു.
ഞാൻ അടുത്തു ചെന്നപ്പോൾ നിറഞ്ഞൊഴുകുന്ന കനാലിലെ ആകാശത്തിലേക്ക് കയ്യിട്ട് അവൻ നക്ഷത്രങ്ങളെ പിടിച്ചു തന്നു. അങ്ങനെ നിൽക്കുമ്പോഴാണ് പാട്ടും മേളവുമൊക്കെയായി ജീപ്പിൽ കരോളുകാരു വരുന്നത്. ജീപ്പ് കനാൽ ബണ്ടിൽ നിർത്തി ഓരോരുത്തരായി ഇറങ്ങി. ആദ്യം വലിയ പെട്രോമാക്സ് തലയിൽവച്ച് ഒരു ചേട്ടൻ പിന്നെ രശീതുകുറ്റി പിടിച്ച ഒരാൾ. പിന്നെ രണ്ടു മൂന്നു പേർ അതു കഴിഞ്ഞ് അച്ചൻ, ക്രിസ് അപ്പൂപ്പൻ പിന്നേം രണ്ടു മൂന്നുപേരുണ്ട്. പള്ളി പരിസരത്തുള്ള കരോളൊക്കെ കഴിഞ്ഞ് തളർന്നുകുത്തിയുള്ള വരവാണ്. ഇത്രയും ഉള്ളിലോട്ടു കേറി വരേണ്ടി വന്നതിന്റെ ഇഷ്ടക്കേട് അച്ചന്റെ ഒഴികെ മറ്റെല്ലാവരുടെയും മുഖത്തും സംസാരത്തിലുമുണ്ട്. അങ്ങനെ എല്ലാരും കൂടി കഷ്ടപ്പെട്ട് പടികളൊക്കെ ഇറങ്ങി മുറ്റത്തെത്തി. ഞാൻ നോക്കുമ്പോ കാഞ്ഞിരക്കായ തിന്ന മട്ടിൽ ചവർത്ത മുഖവുമായാണ് എല്ലാവരുടെയും നിൽപ്പ്. അച്ചൻ ഭയഭക്തി ബഹുമാനത്തോടെ നടുക്കുനിന്നു. മുണ്ടുടുത്ത എല്ലാവരും അതിന്റെ കുത്തൊക്കെ അഴിച്ചിട്ടു, ഒരു ചേട്ടൻ അച്ചൻ ദൂതു പറയുന്നതും പാട്ടു തുടങ്ങുന്നതും കാത്ത് തമ്പേറു കൊട്ടാൻ റെഡിയായി നിന്നു.
Also Read: Christmas 2020: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്.. ഇതാ ചില കരോൾ ഗാനങ്ങൾ
അച്ചൻ ദൂത് പറഞ്ഞു. അതു തീർന്നയുടനെ ഒരുതരം തരികിട പാട്ടും കൊട്ടും കഴിച്ച് എങ്ങനെയെങ്കിലും ഫുഡും കഴിച്ച് സംഭാവനേം വാങ്ങി പോകാൻ അവര് തിടുക്കം കൂട്ടി.
ഒരു പാട്ടു കഴിഞ്ഞപ്പോ അച്ചൻ പറഞ്ഞു, “ഇത്രേം ദൂരം വന്നതല്ലെടാ പിള്ളേരെ, ഒരു പാട്ടും കൂടി പാടിയേച്ചു പോകാം.”
അതുകേട്ട പാടെ, “എന്റെ പൊന്നച്ചോ പാടിപ്പാടി ചങ്കു കലങ്ങിയിരിക്കുവാ അപ്പഴാ.ഇനി വയ്യച്ചോ.”
പ്രതീക്ഷയോടെ അടുത്ത പാട്ടിനു കാത്തു നിൽക്കുന്ന ഞങ്ങളെ കണ്ടില്ലെന്നും വച്ചു ചേട്ടന്മാർ പറഞ്ഞു. അതു കേട്ടതും അങ്കിൾ അവരെ ചുക്കുകാപ്പിയും ബണ്ണും വെച്ചിടത്തേക്ക് കൊണ്ടുപോയി.
അൽപ്പനേരം കഴിഞ്ഞു. അച്ചൻ ഒരിടത്തിരുന്നു കഞ്ഞീം പയറുമൊക്കെ കഴിക്കുമ്പോൾ ചേട്ടന്മാര് ഒരു മൂലയ്ക്ക് മാറിനിന്ന് കാപ്പി കുടിയോ കാപ്പികുടിയാണ്. ഇടയ്ക്ക് അങ്കിൾ ലിജിയെ വിളിച്ച് അച്ചാറൊക്കെ എടുത്തോണ്ടു വരാൻ പറയുന്നുണ്ട്.
“കട്ടൻകാപ്പിയുടെ കൂടെ അച്ചാറ് തിന്നുവോ?”
ഞാൻ അവളോടു തിരക്കി.
“അതിനവരു കട്ടൻകാപ്പിയല്ല കുടിക്കുന്നെ. നീ എന്തൊരു പോത്താ?”
ലിജി പുച്ഛത്തോടെ വീണ്ടുമെന്നെ താഴ്ത്തിക്കെട്ടിയത് എനിക്കിഷ്ടപ്പെട്ടില്ല. എന്തായാലും കഞ്ഞികുടി കഴിഞ്ഞ് അച്ചൻ എഴുന്നേറ്റപ്പോഴേക്കും ചേട്ടന്മാരൊക്കെ ആകെ ഉഷാറായി.
“നിങ്ങളാരും കഞ്ഞി കുടിച്ചില്ലല്ലോ? വേഗം കഞ്ഞി കുടിക്ക്, പോകണ്ടേ?” അച്ചൻ ചോദിച്ചു.
അപ്പോഴേക്കും മുറ്റത്ത് ക്രിസ്‌മസ് അപ്പൂപ്പൻ ഡാൻസ് തുടങ്ങിയിരുന്നു. നല്ല ഞെരിപ്പൻ ഡിസ്‌കോ ഡാൻസ്. അതോടെ ചേട്ടന്മാരൊക്കെ ഓടി ചെന്ന് നല്ല അടിപൊളി ഇൻസ്റ്റന്റ് പാട്ടുകൾ തുടങ്ങി.
“വരുവിൻ വരുവിൻ കാണുവിൻ
കാലിത്തൊഴുത്തിൽ കാണുവിൻ
യേശുക്കുഞ്ഞിനെ കാണുവിൻ…
ലാലാസ പാപ്പാ.. സോല സോലപ്പാ…”
എല്ലാ പാട്ടിലും തുടക്കത്തിലും ഒടുക്കത്തിലും ഇടയ്ക്കുമൊക്കെയേ യേശുവും മറിയവും ഔസേപ്പുമൊക്കെ വരുന്നുള്ളുവെങ്കിലും പാട്ടു തിമർത്തു. ഞങ്ങളൊക്കെ ചിരിച്ചു ചിരിച്ചു വശം കെട്ടു. പാട്ടിങ്ങനെ ഒന്നും രണ്ടും മൂന്നും കഴിഞ്ഞു. ക്രിസ്‌മസ് അപ്പൂപ്പൻ ശക്തിമരുന്നു കഴിച്ചതുപോലെ അപാര തുള്ളലും കുട്ടിക്കരണം മറിച്ചിലുമാണ്. അങ്ങനെ ഒരു കുട്ടിക്കരണം മറിച്ചിലിൽ പുള്ളി മുറ്റത്തിന്റെ കെട്ടും കടന്ന് പോയി ചെന്നു വീണത് മുറ്റത്തിന്റെ പടിഞ്ഞാറു വശത്തെ ചാണകക്കുഴിയിലാണ്. “ബ്ലും..” എന്നൊരു ഒച്ചയോടെ.
അതിനകത്തോട്ടു ചാടിയ പുള്ളിയെ നാലഞ്ചുപേർ ചേർന്നാണ് പൊക്കിയെടുത്തത്. ചാണകത്തിൽ മുങ്ങിക്കുളിച്ച് കേറി വന്ന അപ്പൂപ്പനെ കണ്ട് അത്രയും നേരം മുഖവും വീർപ്പിച്ചിരുന്ന അച്ചൻ വരെ ചിരി തുടങ്ങി. കാര്യം അങ്ങനെ ഒരു അബദ്ധം പറ്റിയെങ്കിലും അക്കാരണം കൊണ്ട് ചമ്മി മാറിനിൽക്കാനൊന്നും അപ്പൂപ്പൻ ശ്രമിച്ചില്ല. വീണത് വിദ്യയാക്കിയ പോലെ പുള്ളി പഴയ അതേ ഊർജ്ജത്തോടെ തുള്ളിത്തുള്ളി പടവുകളൊക്കെ കേറി കനാലിലോട്ട് ഒറ്റച്ചാട്ടം. പുള്ളിക്കു പുറകെ പിടിച്ചു കയറ്റിയവരും ചാടി.
Also Read: Happy Christmas 2020 and Happy New Year 2021 Wishes: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം
അവരു കനാലിലോട്ടു ചാടിയതും അങ്കിൾ ഒരു ലൈഫ് ബോയ് സോപ്പും തോർത്തും കൊണ്ടു കൊടുത്തു. പുള്ളി ഇരുട്ടിലോട്ടു മാറിനിന്ന് വളരെ കഷ്ടപ്പെട്ട് കുപ്പായമൊക്കെ അഴിച്ച് അടിച്ചു നനച്ച് കഴുകി കുളിച്ചു,അവരവിടെ കഴുകിക്കഴുകി ശുദ്ധി പ്രാപിച്ചു കൊണ്ടിരുന്ന നേരത്ത് മറ്റു ചേട്ടന്മാരെല്ലാവരും തമ്പേറൊക്കെ കൊട്ടി കരയ്ക്കിരുന്ന് അടിപൊളി പാട്ടും മേളവുമായിരുന്നു.എന്തായാലും ഒരച്ചുരുമ്മി ക്രിസ്തുമസ് അപ്പൂപ്പനും കൂട്ടരും കുളിച്ചുകേറിയപ്പോഴേക്കും ആന്റി കൊടുത്ത പുത്തൻ സോപ്പ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിൽ ജഗതി എടുത്ത ജയറാമിന്റെ കുളിസോപ്പിന്റെ മട്ടായി. എത്ര കുളിച്ചിട്ടും സോപ്പു തേഞ്ഞു ബ്ലേഡ് പോലെയായിട്ടും അപ്പൂപ്പന്റെ ദേഹത്തെ ചാണകച്ചൂരു മാത്രം പോയില്ല. എന്തായാലും കുളി കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും കെട്ടൊക്കെ ഇറങ്ങി നല്ലോണം വിശന്നു. പിന്നെ എല്ലാരും താഴെ വന്ന് ആന്റി വിളമ്പിയ കഞ്ഞിയും കുടിച്ച് ഒരു മണിയൊക്കെ ആയപ്പോഴാണ് തിരികെ പോയത്.
വന്നപ്പോൾ അടിപൊളി പാട്ടും ഡാൻസുമൊക്കെ ആയി ആഘോഷമായി വന്ന സാന്തക്ലോസ് അപ്പൂപ്പൻ തിരിച്ചു പോയത് അങ്കിളിന്റെ കൈലിയും മാക്രി കോട്ടിട്ടതുപോലെ ലൂസുള്ള ഷർട്ടുമൊക്കെയിട്ട് ജീപ്പിന്റെ ഒരു മൂലയ്ക്കൊതുങ്ങി ഇരുന്നാണ്. ആ ഇരിപ്പിൽ അടുത്തിരിക്കുന്നവർക്ക് നാറ്റമടിക്കാതിരിക്കാൻ അങ്കിളു കൊടുത്ത ഒരു പാക്കറ്റ് അഗർബത്തി മുഴുവനും പുള്ളി കത്തിച്ചു പിടിച്ചിരുന്നു. പുള്ളിയുടെ അടുത്തിരിക്കുന്നവരുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു. അഗർബത്തി- ചാണക വാസനകളുമായി പൊരുത്തപ്പെടാനാവാതെ എല്ലാരും മൂക്കും പൊത്തിപ്പിടിച്ചാണ് ഇരുന്നത്. അങ്ങനെ പരിതാപകരമായ ഒരവസ്ഥയിലാണ് അവരന്നു പോയതെങ്കിലും പിന്നീടുള്ള വർഷങ്ങളിലെല്ലാം അങ്കിൾ ക്ഷണിക്കാതെ തന്നെ വളരെ സന്തോഷത്തോടെ അവർ വരികയും കരോൾ പാടി പോകുകയും അങ്കിൾ അവർക്ക് രഹസ്യമായി അച്ചാറും വെള്ളവുമൊക്കെ കൊടുക്കുകയും ചെയ്തു. എങ്കിലും അവരുടെ അന്നാട്ടിലെ ആദ്യത്തെ കരോൾ പോലെ ഞാൻ അടിമുടി ആസ്വദിച്ച മറ്റൊരു കരോൾ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.