ക്രിസ്മസിന് ഒടുക്കത്തെ മൂഡാണ്. വാക്കുകൾ കൊണ്ട് വിരിച്ചിടാൻ കഴിയാത്ത മൂഡ്. കരക്കാരെല്ലാം കൊണ്ടാടുന്ന ക്രിസ്മസ് കര്‍ത്താവിന്റെ ബെര്‍ത്ത്ഡേയാണെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു.താരാ ബേക്കറിയിലെ ചില്ലും കൂടിനുള്ളിൽ മഞ്ഞ് പൊതിഞ്ഞതു പോലെ ഐസിങ് വച്ച കേക്കുകൾ നിരക്കുന്ന സമയമായിരുന്നു കൊച്ചുന്നാളിൽ ക്രിസ്മസ്. ആ കേക്കുകാലത്തെ സന്തോഷകരമാക്കിയിരുന്ന രണ്ട് കാര്യങ്ങളായിരുന്നു ചേട്ടന്റെ വെക്കേഷൻ വിസിറ്റും അച്ഛന്റെ പടക്കംപൊട്ടിക്കലും. കോട്ടയത്തെ കോർപ്പസ് ക്രിസ്റ്റി സ്കൂളിലെ (ഇന്നത്തെ പള്ളിക്കൂടം) ബോർഡിങ്ങിൽ നിന്നും പഠിച്ചിരുന്ന ചേട്ടനെ പത്തു ദിവസം സ്വന്തമായിട്ടു കിട്ടുമ്പോൾ വേറെ സഹോദരങ്ങളൊന്നുമില്ലാത്തൊരു കുഞ്ഞിച്ചെക്കന് സന്തോഷമായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. ആ കാലങ്ങളിൽ കള്ള് മൂക്കുമ്പം കല്ലറയ്ക്കൽ കടയിൽ നിന്ന് അച്ഛൻ കെട്ടിപൊതിഞ്ഞ് കൊണ്ടു വരുന്ന പടക്കക്കൂമ്പാരം പൊട്ടിച്ചാലും പൊട്ടിച്ചാലും തീരാത്തത്രയും കാണുമായിരുന്നു.
Read More: ‘മഞ്ചാടിക്കുരു’ ബാല്യവും ഭംഗിയുള്ള ക്രിസ്മസുകളും
കാലം ചെല്ലുമ്പോൾ എല്ലാ വെടിക്കെട്ടും മാറി മറിയും. തൃശൂരെയും അതിരമ്പുഴയിലെയും മരടിലെയുമൊക്കെ ഒച്ചയോശകളുടെ വരെ സ്വഭാവം വേറെയായി. പിന്നല്ലേ വീട്ടു മുറ്റത്തെ ചെറുകിട ശബ്ദഘോഷങ്ങൾ. കണ്ടവന്റെ ചെവിട്ടിലിട്ടല്ല പടക്കം പൊട്ടിച്ചുകളിക്കേണ്ടതെന്ന് കോടതി വരെ പറഞ്ഞു. അല്ലെങ്കിലും മനുഷ്യന്റെയും എലിവാണത്തിന്റെയും കാര്യം ഒരു പോലാണല്ലോ. കുതിച്ചു പൊങ്ങി കളറിൽ ചിതറി നിൽക്കുന്നതൊക്കെ കരിഞ്ഞു താഴെ വീഴാൻ വല്യ നേരമൊന്നും വേണ്ട. അധികതുംഗപദത്തിൽ നിന്ന് അണ്ടർഗ്രൗണ്ടിലേക്ക് തലയും കുത്തി വീണ എത്രയോ പുഷ്പങ്ങൾ, എത്രയോ പടക്കങ്ങൾ, എത്രയോ ജന്മങ്ങൾ. പൊട്ടിത്തീരുന്നത് കരിമരുന്ന് മാത്രമല്ല, കൈയ്യിലിരിക്കുന്ന കാശും കൂടാണെന്ന വെളിപാട് വന്നപ്പോഴേക്ക് അച്ഛന്റെ കത്തിയ്ക്കലൊക്കെ കെട്ടടങ്ങി. ഹാ അച്ഛനേ! എൻജിനീയറിങ് പാസായതിൽ പിന്നെ ചേട്ടന് ഓണത്തിനും ക്രിസ്മസിനുമൊന്നും അലക്കൊഴിയാതായി. അഥവാ ചേട്ടൻ വീട്ടിൽ വന്നാൽത്തന്നെ എനിക്ക് സന്തോഷം പോയിട്ട് മന്ദഹാസം പോലും വരാതെയുമായി. ഞങ്ങൾ ആബേലും കായേനുമായി. കാലം ക്രൂരമായി.
ഏപ്രിലാണേറ്റവും ക്രൂരമാസമെന്ന് എലിയറ്റ് എഴുതി. ഡിസംബറാണേറ്റവും കുളിര് മാസമെന്നത് തിരുത്തണമെന്ന് കോളേജിൽ പഠിക്കുമ്പോൾ പല വട്ടം തോന്നിയിട്ടുണ്ട്. ക്യാമ്പസുകൾ ഏറ്റവും കാല്പനികമാക്കുന്ന കാലമാണത്. പെൺകുട്ടികൾക്കെല്ലാം മാലാഖമാരുടെ ചന്തമാകുമപ്പോൾ. പ്രേമിക്കുന്നവർക്ക് പ്രത്യേകിച്ചും. എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയിട്ടുണ്ടാവുക? ആ തോന്നലൊരു രോഗമാണോ ഡോക്ടർ ? സർവ്വകലാശാലാ യുവജനോത്സവത്തിന്റെ റിഹേഴ്സൽ തുടങ്ങുന്ന മാസം കൂടിയായിരുന്നു ക്യാമ്പസിലെ ഡിസംബർ. മഹാരാജാസിലായിരുന്നപ്പോൾ കോളേജ് ഓഡിറ്റോറിയത്തിൽ തന്നെയാകും ആ സമയത്ത് നാടകം കളിയും തീറ്റയും കുടിയും കുളിയും കിടപ്പുമൊക്കെ. സ്റ്റേജിന്റെ പിന്നാമ്പുറത്ത് ആരെങ്കിലും അടുപ്പ് കൂട്ടി അരി വേവിക്കും. ജയലക്ഷമി തുണിക്കടയുടെ പ്ലാസ്റ്റിക്ക് കൂട് കീറി പടമില്ലാത്ത അകം ഭാഗം പുറത്താക്കി വിരിച്ചിടും. അതിലേക്ക് ചോറ് കുടഞ്ഞ് അച്ചാറ് പായ്ക്കറ്റ് പൊട്ടിച്ച് കുഴച്ചിട്ട് വട്ടം കൂടി കുത്തിയിരുന്ന് വാരിത്തിന്നും. ഏഴെട്ടു പേരുടെ വയറ് പുഷ്ടിക്ക് നിറയും. നാടകം പരിശീലിപ്പിക്കാൻ വന്ന ദീപൻ ശിവരാമനും ശശിധരൻ നടുവിലുമടക്കം അറിഞ്ഞിട്ടുണ്ട് ആ മഞ്ഞ് കാലത്തിന്റെ പഞ്ഞരുചി. എസ്ബി കോളേജിലും മഹാരാജാസിലുമായി ക്രിസ്മസ് രാവുകളിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പലരും കാലക്കറക്കത്തിൽ കലക്കൻ സിനിമാക്കാരായി. മാർട്ടിൻ പ്രക്കാട്ട്, അൻവർ റഷീദ്, ആഷിഖ് അബു, സേതു, നിശാന്ത് സാറ്റു, താമര, ഹാരിസ്…… എത്രയോ പേർ. പരിശീലിപ്പിച്ചവർക്കാകട്ടെ ഇപ്പോഴും കുളിരു കിട്ടുന്നത് നാടകത്തിൽ നിന്നു മാത്രം.
പഠിച്ചിറങ്ങിയ കാലത്താണ് സാർത്രിന്റെ ‘മെൻ വിത്തൗട്ട് ഷാഡോസ്’ ശശിയേട്ടൻ മഹാരാജാസിൽ അവതരിപ്പിക്കുന്നത്. റിഹേഴ്സൽ കാണാൻ അവധിക്ക് ചെന്നപ്പോൾ നിശാന്ത് ചീനച്ചട്ടിയിൽ ഇറച്ചി പൊരിക്കുകയായിരുന്നു. വിശപ്പ് മൂത്ത ദർശൻ എയർഗൺ കടം വാങ്ങികൊണ്ടുവന്ന് വെടിവെച്ചു വീഴ്ത്തിയ പ്രാവുകളായിരുന്നു പപ്പും പൂടയുമഴിച്ച് മസാലക്കുപ്പായമണിഞ്ഞ് എണ്ണയിൽ കിടന്ന് ഐറ്റം ഡാൻസ് കളിച്ചിരുന്നത്. തൂവെള്ള നിറമുള്ള പരിശുദ്ധ പ്രാവുകളുടെ ചോരവാർച്ചയിൽ ചങ്കു തകർന്ന ടെൻഷി ബിജു ഓൾഡ് പോർട്ട് റമ്മിന്റെ മൂച്ചിൽ വെളുക്കുവോളം പതം പറഞ്ഞ് വലിയ വായിൽ നിലവിളിച്ചു. പിന്നെ വിശന്ന് കിടന്നുറങ്ങി. പിറ്റേന്ന് മെറീന ഹോട്ടലിൽ നിന്ന് പൊറോട്ടയും കോഴിയും കടം വാങ്ങി കഴിച്ചപ്പോഴാണ് ടെൻഷിയുടെ വയറിന്റെ ആന്തലൊഴിഞ്ഞത്. തൂവെള്ള ലാഗോൺ കോഴിയെ കൊന്നു കറി വച്ചുതിന്നുമ്പോൾ ചങ്ക് വേദന വരാത്തതിന് നിശാന്ത് ടെൻഷിയെ വയറ് നിറച്ച് ചീത്ത വിളിച്ചു. തലച്ചോറിന്റെ ഏത് അറയിൽ നിന്നാണ് ഇത്തരം ഓർമ്മകളൊക്കെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങി വരുന്നത്?
Read More: തിരുപ്പിറവിയ്ക്കൊപ്പം പിറക്കുന്ന ഓര്‍മകള്‍
മഹാരാജാസ് ഹോസ്റ്റലിന്റെ തറയോട് പാകിയ ടെറസിൽ ക്രിസ്മസ് രാവുകളിലെ മാനം നോക്കി ഇക്കാലത്താരെങ്കിലും മലർന്ന് കിടക്കുന്നുണ്ടാകുമോ? 82-ാം നമ്പർ മുറിയിലാരെങ്കിലും കാലിക്കുപ്പിയിൽ ഓപ്പണർ കൊണ്ട് താളം തട്ടി ക്രിസ്മസ് പാട്ടുകൾ പാടുന്നുണ്ടാകുമോ? ഇല്ലായിരിക്കും. ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ ഹോസ്റ്റൽ റൂമുകളൊക്കെ വിഷമിച്ച് വെളിച്ചം കെട്ടിരിക്കുകയാവും. താമസിച്ചിരുന്ന വാടക മുറികളെക്കുറിച്ചും ആളൊഴിയുമ്പോൾ അവ അനുഭവിച്ചു തീർക്കുന്ന ഏകാന്തതയെക്കുറിച്ചുമോർക്കുന്നത് രോഗമല്ലേ ഡോക്ടർ?
ഡോക്ടർമാരുടെ ഡോക്ടറാണെനിക്ക് ഭാരത് ഹോസ്പിറ്റലിലെ ഹൃദയവൈദ്യൻ ജയിംസ് തോമസ്. മഞ്ഞവെയിൽ മങ്ങിത്തുടങ്ങിയൊരു ക്രിസ്മസ് സന്ധ്യയിൽ അവനുമായി കുട്ടിക്കാനത്തെ മൊട്ടക്കുന്നിലിരുന്ന് ബിയറടിച്ചതിന്റെ ഓർമ്മ ഇപ്പോൾ വിളിക്കാതെ കയറി വന്നതാണ് മനസ്സിലേക്ക്. അമ്മയുടെ ഒപ്പം ക്രിസ്മസ് കൂടണമെന്നു പറഞ്ഞു അന്നവൻ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങി. ഞാനാകട്ടെ പ്രേമം പൊളിഞ്ഞു പോയ റോമി എന്ന കൂട്ടുകാരന്റെ ഏകാന്തതയ്ക്ക് മറുമരുന്നുമായി കുഴിത്തൊളുവിലേക്ക് യാത്രയായി. ഇടുക്കി ജില്ലയുടെ കോടമല മടക്കുകളിലൂടെ നരച്ചുപോയ ഒറ്റക്കൺ വെളിച്ചവും തെളിച്ചു കിതച്ചു കയറുന്നൊരു കൈനറ്റിക്ക് ഹോണ്ടയുടെ പിന്നിൽ കിടുകിടാ വിറച്ച് പല്ല് കടിച്ചിരിക്കുമ്പോൾ ആ ക്രിസ്മസ് രാത്രിയിൽ ഞാൻ മറ്റൊരമ്മച്ചിയെക്കുറിച്ച് ആലോചിച്ചിരുന്നു. ഹരിഹർ നഗർ സിനിമയിലെ അമ്മച്ചിയെക്കുറിച്ച്. ആൻഡ്രൂസ് വരുമെന്നോർത്ത് ഓരോ ക്രിസ്മസിനും കണ്ണിൽ പ്രതീക്ഷയുടെ നക്ഷത്രം തെളിയിച്ചു കാത്തിരുന്ന ആ പാവം അമ്മച്ചിയെക്കുറിച്ച്. കാത്തിരിപ്പുകളുടേത് കൂടിയാണ് ക്രിസ്മസ്.
Read More: മുന്നൊരുക്കങ്ങളുടെ ഓർമകളിലൂടെയൊരു ക്രിസ്മസ്
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ അജപാലകർ രക്ഷകന്റെ വരവ് കാത്തിരുന്നതിനെക്കുറിച്ചുള്ള കരോൾ ഗാനം കേട്ടില്ലെങ്കിൽ ക്രിസ്മസെങ്ങനെ ക്രിസ്മസാകും. എല്ലാ ഗാനങ്ങളും ഓർമ്മകളുടേതാണ്. പാട്ടുകൾ ഏറ്റ് പാടുന്നതും നക്ഷത്ര വെളിച്ചങ്ങളെ നിറം പിടിപ്പിക്കുന്നതും അലങ്കാര കേയ്ക്കുകളിൽ അതിമധുരം നിറയ്ക്കുന്നതും പുൽക്കൂടിന് പ്രഭയേകുന്നതും ക്രിസ്മസിനെ ക്രിസ്മസാക്കുന്നതും ഓർമ്മകൾ തന്നെയാണ്. ധനു മാസത്തിന്റെ കുളിരുന്ന രാവുകളിൽ നെഞ്ചോട് ചേർത്തു പിടിയ്ക്കാൻ എല്ലാ മനുഷ്യർക്കും നല്ല ഓർമ്മകളുണ്ടാകട്ടെ. എല്ലാ ദിനങ്ങളും കര്‍ത്താവിന്റെ ബെര്‍ത്ത് ഡേകള്‍ ആകട്ടെ.
എഴുത്തുകാരനും തിരകഥാകൃത്തുമാണ് ലേഖകന്‍