ഒരിക്കൽ കൂടി എത്തിച്ചേർന്നിരിക്കുകയാണ് ക്രിസ്മസ് കാലം – ഉണ്ണിയേശു പിറന്ന കാലം. ഓർമകളിൽ അമ്മയ്ക്കും എനിക്കും ഏറെ പ്രിയപ്പെട്ട മാസമായിരുന്നു ഡിസംബർ – നനുത്ത തണുപ്പും ഇളം കാറ്റും നിറഞ്ഞ കാലം. പിറവിയെടുക്കാൻ പോകുന്ന നന്മയുടെ വാഗ്ദാനം അലയടിക്കുന്ന അന്തരീക്ഷം. ആകെപ്പാടെ ഭൂമിക്കൊരു മിസ്റ്റിക് ടച്ച് ഏറ്റിരുന്ന പോലെ! വരാനിരിക്കുന്ന നല്ല കാലത്തിൻ്റെ പ്രതീക്ഷകൾ മനസ്സിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇന്നും ക്രിസ്മസിന് മാന്ത്രികത കുറഞ്ഞിട്ടില്ല. അത് പങ്കുവച്ചിരുന്ന അമ്മ, ദൈവത്തിന് വേണ്ടി ദൂത് വന്ന പോലെ, അദൃശ്യമായ ഒരു ഉറപ്പായി, ചുറ്റിനും ചൂണ്ടിക്കാണിക്കുന്നുണ്ട്, മനസ്സിൽ മന്ത്രിക്കുന്നുമുണ്ട് – തിരക്കുകൾക്കും ഓട്ടങ്ങൾക്കുമിടയിൽ ഒരു നിമിഷം ഒന്ന് നിന്ന്, ചുറ്റിനും നോക്കുവാൻ… ചുറ്റിനും ഉള്ള ആ വ്യത്യസ്തമായ അനുഭൂതിയെ, ആ അനുരോധ ഊർജത്തെ, ഒരിക്കൽ കൂടി ഉള്ളിലേക്കാവാഹിക്കാൻ.
ഈ ക്രിസ്മസ് നോർവേയിലാണ്. ഇവിടെ ക്രിസ്മസ് ‘യൂൾ ‘ (Jul) ആണ്. യൂൾ എന്നത് പുരാതന സ്കാൻഡിനേവിയൻ പാരമ്പര്യത്തിൽ നിന്നുറവ എടുത്ത ഒരു ശിശിരകാലാഘോഷമാണ്. നോർവേയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനു മുൻപേ തന്നെ ദക്ഷിണായനാന്തത്തോടനുബന്ധിച്ചാണ് യൂൾ കൊണ്ടാടിയിരുന്നത്. യൂൾ ഒരു ദിവസത്തെ അല്ല, ഒരു കാലത്തിനെ ആണ് പ്രതിനിധാനം ചെയ്യുന്നത്. അതിലെ പ്രധാന ഘട്ടങ്ങളാണ് അഡ്വെണ്ട് റ്റിടൻ (Adventstiden), യൂളെ ആഫ്തെൻ (Julaften or Christmas Eve), റും യൂൾ (Romjul), നിത്തോർ (Nyttår or New Year).
അഡ്വെണ്ട് റ്റിടൻ തുടങ്ങുന്നത് ക്രിസ്മസിന് നാലു ആഴ്ച മുൻപേ ഒരു ഞായറാഴ്ചയാണ്. ക്രിസ്മസിനുള്ള കാത്തിരിപ്പാണ് ഈ കാലത്തിൻ്റെ സവിശേഷത. മിക്ക നോർവീജിയൻ വീടുകളിലും നാല് മെഴുകുകൾ വെക്കാവുന്ന മെഴുകുതിരി സ്റ്റാൻഡ് കാണപ്പെടുന്നു. ക്രിസ്മസിലേക്ക് നയിക്കുന്ന ഓരോ ഞായറാഴ്ചയും അതിലെ മെഴുകുകൾ ഒരു പ്രത്യേക രീതിയിൽ കത്തിക്കുന്നു. മേല്പറഞ്ഞ നാല് മെഴുകുകൾ പ്രതിനിധാനം ചെയ്യുന്നത്, വാഞ്ഛ, പ്രതീക്ഷ, സമാധാനം, സന്തോഷം എന്നിവയെയാണ്.
ആദ്യത്തെ ഞായറാഴ്ച ആദ്യത്തെ മെഴുക്, രണ്ടാമത്തെ ഞായറാഴ്ച ആദ്യത്തെയും രണ്ടാമത്തെയും മെഴുകുകൾ എന്നിങ്ങനെയാണ് കത്തിക്കുക. ഇങ്ങനെ നാലാഴ്ചയും തുടരുന്നു. ചിലർ മെഴുകുകൾ അഡ്വെണ്ട് റീത്തിൽ കത്തിക്കുന്നു. ആധുനിക കാലഘട്ടത്തിൽ ഈ കാലം ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്ന, ഏറെ ‘യൂളെ സ്ട്രെസ്സ് (Julestress) അഥവാ ക്രിസ്മസ് സ്ട്രെസ് നിറഞ്ഞ കാലമാണ്.
ഇപ്പോൾ ഇവിടെ രാത്രി കൂടി കൂടി വരുന്ന സമയമാണ്. ഏതാനും മണിക്കൂറുകൾ മാത്രം നീളമുള്ള പകലുകൾ. സൂര്യൻ പേരിനു മാത്രം വന്നെത്തി നോക്കി പോകുന്നു! എന്നാൽ ഡിസംബർ 21 നു ദക്ഷിണായനാന്തം ആണ്. അന്ന് തൊട്ടു പകലിൻ്റെ ദൈർഘ്യം കൂടാൻ തുടങ്ങുന്നു.
ഈ ദിവസങ്ങളിൽ ഇവിടത്തെ ഓരോ വീടുകളും നാനാവിധത്തിലുള്ള കുഞ്ഞു പ്രകാശപൊട്ടുകളാൽ അലങ്കരിച്ചിരിക്കുന്നത് കാണാം. പണ്ട് മെഴുകുതിരികൾ മാത്രമായിരുന്നിരിക്കണം ഇതിനുപയോഗിച്ചിരുന്നത്. ഇന്നാകട്ടെ, പല നിറത്തിലുള്ള, പല തരത്തിൽ, പല താളത്തിൽ മിന്നുന്ന കുഞ്ഞു എൽഇഡി ബൾബുകളും! ചിലർ വെള്ള പ്രകാശം തുളുമ്പുന്ന കുഞ്ഞു റെയിൻഡിയർ പ്രതിമകളും, മഞ്ഞു മനുഷ്യരുടെ പ്രതിമകളും വെച്ചിരിക്കുന്നത് കാണാം. വീടുകൾ മാത്രമല്ല നഗരത്തിലെ പ്രധാന ഭാഗങ്ങളും കടകളും, വഴികളും എല്ലാം തന്നെ തോരണങ്ങളാൽ പ്രകാശഭരിതമാകുന്നു. ഇത് പുതുവർഷം വരെ തുടരും. ഇരുട്ടിനെ ഇത്രയും ഭംഗിയായി മറികടക്കാൻ ഇവിടെയുള്ളവരെ കണ്ടു പഠിക്കണം!
ഏതെങ്കിലും ഒഴിഞ്ഞ പ്രദേശത്തു നിന്ന് നോക്കിയാൽ, സ്വതവേ മലഞ്ചെരിവുകളാൽ അനുഗൃഹീതമായ ഇവിടത്തെ ഭൂപ്രകൃതി പ്രകാശഭരിതമായി മിന്നി തിളങ്ങുന്നത് കാണാം. മഞ്ഞുപുതഞ്ഞ ഭൂമിയും, അതിലെ തിളങ്ങുന്ന കുഞ്ഞു മഞ്ഞ ചിരാതുകളായ വീടുകളും! മുകളിൽ വെള്ളിനക്ഷത്രങ്ങൾ മിന്നുമ്പോൾ താഴെ സ്വർണ്ണ നക്ഷത്രങ്ങൾ- ഭൂമിയും സ്വർഗ്ഗവും തമ്മിൽ അതിരുകളില്ലാത്തവണ്ണം!
അഡ്വെന്റിൽ കത്തിക്കുന്ന ഓരോ മെഴുകുതിരിയുടെയും നാളം, ചുറ്റിനും മിന്നി തെളിയുന്ന ഓരോ പ്രകാശപൊട്ടിന്റെയും തെളിച്ചം, ഉള്ളിലെ ഇരുട്ടിനെ മറികടക്കാൻ നമ്മൾ കത്തിക്കുന്ന അനുരോധ ഊർജത്തിൻ്റെ ഉറവിടമായാണ് കാണേണ്ടതെന്ന് ഞാൻ കരുതുന്നു. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണവും ഈ കാത്തിരിപ്പിൻ്റെ ഭാഗമാണെന്ന് ഞാൻ സങ്കൽപ്പിക്കുന്നു- അക്ഷരാർത്ഥത്തിലും ആലങ്കാരികമായും; അകമേയും പുറമേയും. സൂര്യപ്രകാശം എങ്ങനെ ഇവിടെ പരിമിതമാകുന്നുവോ, അങ്ങനെ എത്ര ഇരുട്ട് നിറഞ്ഞ ദുർഘടഘട്ടങ്ങൾ വന്നു നമ്മളെ മൂടാം. അപ്പോഴാണ് ഇരുട്ടിനെ മറികടക്കാൻ പ്രകാശപ്പൊട്ടുകൾ ഉള്ളിൽ സ്ഫുരിപ്പിക്കേണ്ടത്. അതേ ആവേശമായിരിക്കണം നോർവേയിലെ ക്രിസ്മസ് സ്പിരിറ്റിനും പിന്നിൽ.
ഏകദേശം ഈ കാലത്തു തന്നെയാണ് ഇവിടെ ക്രിസ്മസ് മാർക്കറ്റ് അഥവാ യൂളെ മാർകെ (Julemarked) തുടങ്ങുക. മാർക്കറ്റ് സ്ക്വയറുകളിൽ യൂളെ മാർകെ ഉയരുന്നതോടു കൂടി തോരണങ്ങളോട് കൂടിയ കുഞ്ഞു കുഞ്ഞു സ്റ്റാളുകൾ ഇതിൻ്റെ ഭാഗമായി ഉണ്ടാകുന്നു.
പാരമ്പര്യം നിറഞ്ഞു തുളുമ്പുന്ന ഇത്തരം സ്റ്റാളുകളിൽ തനതായ കരകൗശല ഉത്പന്നങ്ങളും നാടൻ ഭക്ഷണ ഉൽപ്പന്നങ്ങളും ഒക്കെ കാണാം. ആധുനിക നോർവീജിയൻ നഗരങ്ങൾക്ക് നടുവിൽ പുരാതന നോർവെയിലേക്കുള്ള ഒരു മടക്കയാത്ര! അതിനുള്ള കിളിവാതിലുകളാണ് ഇത്തരം മാർക്കറ്റുകൾ.
നോർവേയിലെ ക്രിസ്മസ് വിഭവങ്ങൾ ഏറെയാണ്. ക്രിസ്മസിന് മുടങ്ങാതെ ഇവിടെയുള്ളവർ പലതരം മധുര ബിസ്കറ്റുകൾ അഥവാ കുക്കീസ് ഉണ്ടാക്കുന്നു. ഷ്യു സ്ലാഗ്സ് കാക്കർ അഥവാ ഏഴു തരം കുക്കീസ് ക്രിസ്മസ് പാരമ്പര്യത്തിൻ്റെ ഭാഗമാണ്. ഇതിൽ ഏതൊക്കെ തരം കുക്കീസ് ഉണ്ടാക്കണമെന്നത് ഓരോ കുടുംബത്തിൻ്റെയും ഇഷ്ടമാണ്. ‘പെപ്പെർ കാകെ ‘ അഥവാ ജിഞ്ചർ ബ്രഡ് കുക്കീസ് ഏറെ ജനപ്രിയമായ ഒരു വിഭവമാണ്. ഈ കാലത്ത് പെപ്പെർ കാകെ കൊണ്ട് കുഞ്ഞുങ്ങൾ കുഞ്ഞു വീടുകൾ നിർമിക്കുന്നു. നഗരങ്ങളിലെ ചിലയിടങ്ങളിൽ അവ പ്രദർശനത്തിന് വെക്കുകയും ചെയ്യുന്നു.
സ്വതവേ സാധാരണ രീതിയിൽ വസ്ത്രധാരണം ചെയ്യുന്ന നോർവീജിയൻസ് ഔപചാരികമായ വസ്ത്രങ്ങൾ ധരിച്ച് യൂളെ ബുർഡ് (Jule Bord) അഥവാ ക്രിസ്ത്മസ് പാർട്ടികൾ ഈ കാലയളവിൽ കൊണ്ടാടുന്നു. ജോലി സ്ഥലങ്ങളിലും, ക്ലബ്ബുകളിലും സ്ഥാപനങ്ങളിലും ഇത്തരം സാമൂഹിക ഒത്തുചേരലുകൾ പതിവാണ്. നോർവീജിയൻ ആചാരങ്ങളും പരമ്പരാഗത ഭക്ഷണങ്ങളുമാണ് യൂളെ ബുർഡ്ഡിൻ്റെ സവിശേഷതകൾ. ഇരുട്ട് നിറഞ്ഞ ഇത്തരം സമയങ്ങളിൽ ഉള്ള ഈ ഒത്തുചേരലുകൾ സാംസ്കാരിക പ്രൗഢിയുടെയും, സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും, സ്നേഹവായ്പിൻ്റെയും നന്ദി പ്രകടനങ്ങളുടെയും, ഒക്കെ ഒരു വേദിയാണ്.
ക്രിസ്മസ് അടുക്കുന്തോറും ഇത്തരം ഒത്തുചേരലുകൾ നിശ്ശബ്ദതയിലേക്കും സ്വകാര്യതയിലേക്കും വഴിമാറുന്നു. നഗരങ്ങളിലേക്ക് ജോലിക്കോ പഠിപ്പിനോ വേണ്ടി കുടിയേറി പാർത്ത പലർക്കും ക്രിസ്മസ്, സ്വന്തം വേരുകളിലേക്കുള്ള ഒരു കുഞ്ഞു മടക്ക യാത്ര കൂടി ആണ്. ചിലരാകട്ടെ കുടുംബത്തോടൊത്ത് അകലെ മലഞ്ചെരിവുകളിലോ, നോർവേയിലെ ഫ്യോർഡിനരികിലോ ഒക്കെ ഉള്ള സ്വകാര്യ വസതിലേക്ക് (hytta) യാത്ര ചെയ്ത് ക്രിസ്മസിനെയും പുതുവർഷത്തേയും വരവേൽക്കാനായി ഒരുങ്ങുന്നു. ഇടക്കിടക്ക് തിരക്കുകളിൽ നിന്ന് വിട്ടു നിന്ന് സ്വയം ‘റീചാർജ്’ ചെയ്യുന്നതിൽ നോർവീജിയൻസ് പ്രഗത്ഭരാണ്.
യൂളെക്കുള്ള ഒരുക്കങ്ങളിൽ ഒന്നാണ് ‘യൂളെ ത്രെ’ അഥവാ ക്രിസ്മസ് ട്രീ. ഏവരും സകുടുംബം സ്പ്രൂസോ പൈൻ മരമോ വീട്ടിൽ ഭംഗിയുള്ള കുഞ്ഞു ചമയങ്ങളും, കുഞ്ഞു വിളക്കുകളും വെച്ച് അലങ്കരിക്കുന്നു. ഇവയുടെ ചുവട്ടിൽ ഭംഗിയുള്ള കവറുകളിൽ പൊതിഞ്ഞ സമ്മാനങ്ങളും വെക്കുന്നു.
ഡിസംബർ 23 അഥവാ ലില്ലെ യൂളെ ആഫ്റ്റൻ നോർവീജിയൻസ് ക്രിസ്ത്മസിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. പിന്നെഷൊത്ത് (Pinnekjøtt ), യൂളെ റിബ്ബെ (Juleribbe), റിസ് ഗ്രോട്ട് (Risgrøt), ഗ്ലോഗ്ഗ് (Gløgg ) എന്ന സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പാനീയം തുടങ്ങിയവയൊക്കെയാണ് ഇവിടത്തെ പ്രധാന ക്രിസ്മസ് വിഭവങ്ങൾ. ഇതിൽ ചില വിഭവങ്ങൾ ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ ലില്ലെ യൂളെ ആഫ്റ്റനിൽ തുടങ്ങുന്നു.
ഈ സമയമാകുമ്പോഴേക്കും മിക്ക നോർവീജിയൻ വീടുകളും ക്രിസ്മസിന്റെ വരവറിയിക്കും വിധം ചുവപ്പും സ്വർണ നിറവും ചേർന്ന വസ്തുക്കളാലും വസ്ത്രങ്ങളാലും മെഴുകുതിരികളാലും അലംകൃതമാകുന്നു. ഓരോ വീടിൻ്റേയും ജനവാതിലിലൂടെ നോക്കിയാൽ ഓരോന്നും വ്യത്യസ്തമായ മാന്ത്രിക ലോകമായി തോന്നും.
കലമാനുകൾ ഓടിക്കുന്ന ഹിമശകടത്തിൽ സമ്മാനങ്ങളുമായി വരുന്ന സാന്ത ക്ളോസിൻ്റെ സങ്കൽപം ഇവിടെയുമുണ്ട്. പക്ഷേ ഇവിടെ ‘യൂളെ നിസ്സേ’ (Jule Nisse) എന്നാണ് സാന്ത അറിയപ്പെടുന്നത്. നീളൻ വെള്ള താടിയും, നീളൻ ചുവപ്പ് കോട്ടും ചുവന്ന തൊപ്പിയുമു ഉള്ള ഒരു രൂപമാണ് നിസ്സയുടെത്.
‘യൂളെ ആഫ്റ്റൻ’ (Jule Aften) ഇവിടത്തെ പ്രാദേശിക ടെലിവിഷൻ പരിപാടികൾ മിക്കതും ക്രിസ്മസുമായി അനുബന്ധിച്ച, പഴമയുടെ സുവർണ്ണ സ്പർശമുള്ള സിനിമകളും, ക്രിസ്മസ് പാട്ടുകളും, നൃത്തങ്ങളും, ‘സ്നേക്കെർ ആൻഡേഴ്സണും യൂളെ നിസ്സയും’ (മരപ്പണിക്കാരൻ ആൻഡേഴ്സണും യൂളെ നിസ്സയും) പോലെയുള്ള പ്രശസ്തമായ കുട്ടികഥകളുടെ അവതരണങ്ങളും ഒക്കെ ആണ്.
ക്രിസ്മസിന് തലേദിവസം വൈകുന്നേരം പള്ളിമണികൾ മുഴങ്ങുന്നതോടെ ക്രിസ്മസ് ദിനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. ഈ ദിവസത്തിൽ വഴികളും പ്രധാന സ്ഥലങ്ങളും എല്ലാം ശൂന്യമായിരിക്കും. അത്ര മാത്രം സ്വകാര്യത തുളുമ്പുന്ന, നിശ്ശബ്ദത നിറഞ്ഞ ഒരു ആഘോഷമാണ് ഇത്. അതേ സമയം, വീടുകളിൽ പരമ്പരാഗതമായ ഭക്ഷണവിഭവങ്ങൾ കുടുംബത്തോടൊപ്പം ഭക്ഷിച്ച ശേഷം, നോർവീജിയൻസ് ക്രിസ്മസ് ട്രീക്ക് ചുറ്റിനും ആടിപ്പാടി ക്രിസ്മസിനെ എതിരേൽക്കുന്നു. അനോന്യം സമ്മാനങ്ങൾ നൽകി ഓരോരുത്തരും അവനവനിലെ യൂളെ നിസ്സയെ ഉണർത്തുന്നു. ശരിയാണ്, നമ്മളിലെ കെട്ടുപോകാത്ത സ്നേഹവും കാരുണ്യവുമല്ലേ യൂളെ നിസ്സേ! നമ്മൾ തന്നെ അല്ലെ, നമ്മുക്ക് വേണ്ടപ്പെട്ടവരുടെ യൂളെ നിസ്സേ! ഇത് തന്നെയാണ് ഇവിടെ ക്രിസ്മസ് കാലത്ത് നിലവിലുള്ള പല ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ആധാരം.
ക്രിസ്മസ്, പുതുവത്സരത്തിലേക്കുള്ള ചുവടുവയ്പ്, എന്നിവ ഉൾപ്പെടുന്ന ഇരുപത് ദിവസങ്ങൾ കഴിയുന്നതോടെ യൂളെ ത്രേയും അലങ്കാരങ്ങളും മാറ്റുന്നു. അങ്ങിനെ മൗനത്തിലൂന്നിയ, സവിശേഷമായ, അനുഗൃഹീതമായ ഒരു ആഘോഷത്തിന് വിരാമമാകുന്നു – മഞ്ഞിൽ പുതഞ്ഞ, മനോഹാരിത തുളുമ്പുന്ന ഈ പ്രദേശത്തിലെ ഓരോരുത്തരുടെയും ഹൃദയത്തിൽ പാരമ്പര്യത്തിൽ അധിഷ്ഠിതമായ അമൂല്യമായ ഓർമ്മകൾ സമ്മാനിച്ച് കൊണ്ട്… ആന്തരികമായും ബാഹ്യമായും ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയ്ക്ക് തിരി കൊളുത്തിയിട്ട്… വീണ്ടുമൊരു നന്മയുടെ ക്രിസ്മസ് കാലത്തിനുള്ള കാത്തിരിപ്പിനു തുടക്കമിട്ടു കൊണ്ട്.