scorecardresearch

കന്റോൺമെന്റിലെ ക്രിസ്‌മസ്

ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്

christmas, ക്രിസ്മസ്, happy christmas, ഹാപ്പി ക്രിസ്മസ്, christmas greetings, ക്രിസ്മസ് ആശംസകൾ, christmas memories, ക്രിസ്മസ് ഓർമ, tawang, തവാങ്, sela pass, ഷേലാപാസ്, nuranang, നൂറനാങ്, bong bong water falls,'ബോങ് ബോങ് വെള്ളച്ചാട്ടം, indian army, ഇന്ത്യൻ ആർമി, noth east, നോർത്ത് ഈസ്റ്റ്, shillong, ഷില്ലോങ്, kohima, കൊഹിമ,darjeeling, ഡാർജിലിങ്, christmas tree, ക്രിസ്മസ് ട്രീ, christmas wreath, ക്രിസ്മസ് റീത്ത്, buddhist monastery, ബുദ്ധവിഹാരം, dalilama, ദലൈലാമ, tibet, ടിബറ്റ്, china, ചൈന, sonia cheriyan, സോണിയ ചെറിയാൻ, travelogue, യാത്രാവിവരണം, ie malayalam, ഐഇ മലയാളം

തെല്ലൊരു ആധിയോടെയാണ് അത്തവണ തവാങ് മലകളിറങ്ങിയത്. ഡിസംബർ പകുതിയായിട്ടുണ്ട്. കേക്കുണ്ടാക്കാനുള്ള ഉണക്കപ്പഴങ്ങളിതുവരെ റമ്മിലിട്ട് കുതിർത്തിട്ടില്ല. ക്രിസ്‌മസ് ട്രീ വച്ചിട്ടില്ല, പുൽക്കൂട് പണിതിട്ടില്ല. ഹൈ ആൾട്ടിട്ട്യൂഡിലുള്ള യൂണിറ്റ് ഹെഡ്ക്വാർട്ടറിലേക്ക് പോയതാണ്. തിരിച്ചുള്ള യാത്ര കരുതിയതിലും ദിവസങ്ങൾ വൈകി. കുഞ്ഞുങ്ങൾ അക്ഷമരായി കാത്തിരിക്കുന്നുണ്ടാവും… ഈ മഞ്ഞുമലകളിൽനിന്ന് അവർക്കായെന്തു കൊണ്ടു പോകുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് കോൺവോയ് ഷേലാപാസിനു താഴെ നൂറാനാങ്ങ് താഴ് വരയിലെത്തിയത്. പതിനാലായിരമടി ഉയരത്തിലുള്ള ഷേലാ ഹിമാലയൻ മൗണ്ടൻപാസിൻ്റെ വടക്കെ മറിവിലാണ് നൂറനാങ്. മഞ്ഞുപർവതശിഖരങ്ങളുടെ താഴെ പുരാതനമായ ദേവതാരുക്കളുടെ സ്വർഗീയ താഴ്വര. തണുപ്പുകാലത്തുറഞ്ഞു പോയ ‘ബോങ് ബോങ് ‘ വെള്ളച്ചാട്ടം വെള്ളിപോലെ തിളങ്ങുന്നു. 1962-ലെ ഇൻഡോ- ചൈനാ യുദ്ധത്തിൻ്റെ അവശിഷ്ടങ്ങളായ പഴയ ട്രഞ്ചുകളൊക്കെ മഞ്ഞുവീണ് മൂടിക്കിടക്കുന്നു. പ്രായമെത്തിയതിനാൽ വീണു പട്ടുപോയ്‌ക്കൊണ്ടിരിക്കുന്ന വൃദ്ധദേവതാരുക്കളുടെ ചുവട്ടിൽനിന്ന് കിളിർത്തു വരുന്ന തൈമരങ്ങൾ കുഞ്ഞൻ ശിഖരങ്ങളിൽ മഞ്ഞ് താങ്ങിനിർത്താൻ ക്ലേശിക്കുന്നു. റഷ്യൻ കഥയിലെ ചുക്കിനെയും ഗെക്കിനെയുമോർത്തു…

ഷേലാ ചുരം

സൈബീരിയയിൽ പട്ടാളക്കാരനായ അച്ഛനെ കാത്തിരിക്കുന്ന സമയം അവർ കാട്ടിൽനിന്ന് പൈൻമരക്കമ്പൊടിച്ച് ക്രിസ്‌മസ് ട്രീ നാട്ടിയ കഥ കേട്ട് കൊതിച്ച ബാല്യം ഉണർന്നു. ജിപ്സി നിർത്തി, ഭംഗിയുള്ള ഒരു ദേവതാരു ശിഖരം ഓടിച്ചെടുത്ത് മഞ്ഞ് കുടഞ്ഞ് കളഞ്ഞ് വണ്ടിയുടെ പിന്നിൽ വച്ചുകെട്ടി.സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോഴേക്കും മഞ്ഞുരുകിയ വെള്ളം വീണ് വണ്ടി മുഴുവൻ നനഞ്ഞുവെങ്കിലും കുഞ്ഞുങ്ങൾക്കത് വലിയ വിസ്മയമായി. ഹിമാലയൻ കൊടുമുടിയിൽനിന്ന് മഞ്ഞിറ്റു വീഴുന്ന, സുഗന്ധം പൊഴിക്കുന്നൊരു ദേവതാരു മരച്ചില്ല. നിറയെ സൂചി പോലെ മരതകപ്പച്ച തളിരിലകൾ . ഏറ്റവുമുയരമുള്ള മഞ്ഞുമലയിലെ ഏറ്റവും ലക്ഷണമൊത്ത പൈൻ മരം കുഞ്ഞുങ്ങൾക്ക് ക്രിസ്‌മസ് മരമാക്കാൻ സ്ലെഡ്ജിൽ വച്ച് വലിച്ച് കൊണ്ടുവന്ന് , പിന്നീട് ആയാസവും സന്തോഷവും കാരണം ചൂടുപിടിച്ചതിനാൽ ഉരുകിയൊലിച്ചു പോയ ഫെയറി ടെയിലിലെ മഞ്ഞു മനുഷ്യനെപ്പോലെ ഞാനും അഹങ്കരിച്ചു നിന്നു.

sonia cherian , christmas memories, iemalayalam
നൂറനാങ്ങിലെ മഞ്ഞിൽ കുളിച്ച ദിയോദർ മരങ്ങൾ

ക്രിസ്‌മസ് മരം മുമ്പിലെ പുൽത്തകിടിയിൽ കുത്തിനാട്ടി നിർത്തിയപ്പോഴേക്കും കിളിക്കൂട്ടം പോലെ നിറയെ കുഞ്ഞുങ്ങളെത്തി. കന്റോൺമെന്റിലെ എല്ലാ കുഞ്ഞുങ്ങളും ഇപ്പോഴെന്റെ മുറ്റത്തുണ്ട്. ക്രിസ്മസ് ട്രീ അലങ്കരിക്കുകയാണ്. തണുപ്പു കാരണം മൂന്നാല് ഉടുപ്പുകൾ ഒന്നിനു മേലെ ഒന്നായി ഇട്ടിരിക്കുന്നതിനാൽ നല്ല തക്കുടുമുണ്ടൻമാരെന്നു തോന്നിക്കും എല്ലാവരും. കൊച്ചുപന്തുകൾ പോലെ ഉരുണ്ടുരുണ്ട് നടന്ന് കയ്യിൽ കിട്ടിയതും സ്വന്തം വീട്ടിൽനിന്നു കൊണ്ടുവന്നതുമായ അലങ്കാര വസ്തുക്കളെല്ലാം കൊണ്ട് മത്സരിച്ചലങ്കരിക്കുകയാണ് . അവർ നിധിപോലെ സൂക്ഷിച്ചിരുന്ന കുഞ്ഞു പാവക്കുട്ടികളും കളിപ്പാട്ടങ്ങളുമെല്ലാമതാ പൈൻ മരച്ചില്ലയിൽ തൂങ്ങിക്കിടന്നാടുന്നു. ക്രിസ്മസ് പാപ്പയ്ക്ക് സമ്മാനം വയ്ക്കുവാൻ എല്ലാവരും ഓരോ ഷൂസുകളും ട്രീയ്ക്കടിയിൽ വെച്ചിട്ടുണ്ട്.

Also Read: “ലാലസ പാപ്പാ, സോല… സോലപ്പാ…”

“ഇനി ഇവർക്കെല്ലാം ഈ ഷൂസുകൾക്കുള്ളിൽ ക്രിസ്മസ് ഈവിന് സമ്മാനം വാങ്ങി വയ്ക്കണ്ടേ?” ഞങ്ങൾ പരസ്പരം നോക്കി.

“കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഫെയറി ടെയിൽസ് ഒരു പാട് വായിക്കാൻ കൊടുക്കുന്നതിൻ്റെ കുഴപ്പമാണ്, ” വേലിയ്ക്കൽ നിന്ന് അടുത്ത വീട്ടിലെ നീത ചിരിക്കുന്നു. കുഞ്ഞുങ്ങളുടെ അപ്പനമ്മമാരൊക്കെ കാഴ്ചക്കാരായി എത്തിയിട്ടുണ്ട്.

അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്കു ചുറ്റും ഇപ്പോൾ ‘റിങ്ങെ റിങ്ങെ റോസീസ് ‘ പാടി കളിക്കുകയാണ് കുഞ്ഞുങ്ങൾ.. കൈകോർത്ത് പിടിച്ച് നൃത്തം വച്ച് വട്ടം ചുറ്റുന്നു. നിലത്തുവീണ് ഉരുളുന്നു.. എന്തൊരു പ്രകാശവും സമാധാനവും. അലങ്കാരത്തിനായി ഒരു നിർദേശവും കൊടുക്കാതെ വേദി മുഴുവൻ കുഞ്ഞുങ്ങൾക്കായി വിട്ടുകൊടുത്ത് ഞങ്ങൾ ഉള്ളിലേക്കു കയറി. അല്ലെങ്കിലും കുഞ്ഞുങ്ങളുടെ ഉത്സവമല്ലേ ക്രിസ്‌മസ്.

‘ഭൂമിയിൽ സന്മസുള്ളവർക്ക് സമാധാനം.’ സന്മനസിന്റെയും സമാധാനത്തിന്റെയും മൊത്തക്കച്ചവടക്കാർ അവരല്ലേ. മുതിർന്നവർക്ക് ഒട്ടും നല്കാതെ അത് അവർ മുഴുവൻ കയ്യടക്കി വച്ചിരിക്കുകയാണ്.

sonia cherian , christmas memories, iemalayalam
ഷില്ലോങ് ടൗണിലെ ക്രിസ്മസ് ആഘോഷം

കന്റോൺമെന്റുകളിൽ വീടുകൾക്ക് മുന്നിൽ ദീപാവലിക്ക് തൂക്കിയിട്ട മിന്നുവിളക്കുകൾ ക്രിസ്‌മസ് കഴിഞ്ഞേ അഴിക്കാറുള്ളൂ. ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്. ഗണേഷ് ചതുർത്ഥിക്ക് ‘ഗണപതിപപ്പാ മോറിയ ‘ പാടി നൃത്തം ചവിട്ടിയ അതേ സംഘമാണ് ക്രിസ്മസ് കരോളിനും വാദ്യഘോഷങ്ങളോടെ ചുവടുവയ്ക്കുക. ആഘാഷങ്ങൾക്ക് പതിന്മടങ്ങ് ഭംഗിയാണ് ഇവിടെ.. വടക്കേയറ്റത്തെ ബസന്ത് പഞ്ചമി തൊട്ട് തെക്കേയറ്റത്തെ വിഷു വരെ ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളും ഇവിടെ നിറഞ്ഞ് ആഘോഷിക്കും .

അല്ലെങ്കിലും മരണം എന്നും മുഖാമുഖം കാണുന്നവർ ജീവിതത്തെ സ്നേഹിക്കും പോലെ ആരു സ്നേഹിക്കും.. ഒഴിവുവേളകൾ ആഘോഷമാക്കുന്ന പട്ടാളം. നീട്ടിക്കിട്ടുന്ന ഓരോ നിമിഷങ്ങളും അവസാനം വരെ മൊത്തിക്കുടിക്കുന്നവർ.. കാണാനാവുന്ന എല്ലാ കാഴ്ചകളും കാണാൻ ശ്രമിക്കുന്നവർ. ചെല്ലുന്നിടത്തു നിന്നെല്ലാം ഓർമയുടെ അടയാളങ്ങൾക്കായി മെമെന്റോകൾ ശേഖരിക്കുന്നവർ.. (റിട്ടയർ ചെയ്യുമ്പോൾ വീടു കണ്ടാൽ മ്യൂസിയം പോലിരിക്കുമെങ്കിലും)..നാല്പത് ദിവസം മരുഭൂമിയിൽ കഴിഞ്ഞാൽ പിന്നെ നാല്പതു വിരുന്ന് നടത്തുന്നവർ.

Also Read: മൊരിഞ്ഞ കേക്ക് തലപ്പാവ് വെച്ച തൃശുർ ക്രിസ്മസ്, കപ്പ കൊണ്ട് കിരീടംവച്ച കോട്ടയം ക്രിസ്മസ്

വടക്കു കിഴക്കേ ഇന്ത്യയിലാണ് ക്രിസ്മസ് സമയത്തെങ്കിൽ ഉത്സവത്തിൻ്റെ മാറ്റ് ഒന്നു കൂടി കൂടും. ഹിൽ സ്റ്റേഷനുകളായ ഷില്ലോങ്ങും കൊഹിമയും ഡാർജിലിങ്ങുമൊക്കെ ക്രിസ്മ മസിനും ന്യൂ ഇയറിനുമായി അണിഞ്ഞൊരുങ്ങുന്നത് കാണേണ്ട കാഴ്ചയാണ്.
തണുപ്പുനാട്ടിലാണ് ക്രിസ്മസിൻ്റെ ഊഷ്മളത കൂടുതൽ അറിയുക.. എന്തൊരു തണുപ്പിലേക്കാണവൻ ദരിദ്രനായ് പിറന്നുവീണതെന്ന്…. കൊടും തണുപ്പിൽ നിറവയറുമായി അലഞ്ഞു നടന്ന ഗർഭിണിയുടെ വെപ്രാളം എന്തായിരുന്നിരിക്കുമെന്ന് …ഉരുമ്മിയിരുന്ന് ചൂടേകിയ കുഞ്ഞാടുകളുടെ കാരുണ്യമെന്തായിരുന്നുവെന്ന്…. നമ്മുടെ പാതിരാ കുർബാനത്തണുപ്പൊന്നുമല്ല ശരിക്കുമുള്ള കൊടും തണുപ്പെന്ന്…

sonia cherian , christmas memories, iemalayalam
ഷേലാ ചുരത്തിൽനിന്നുള്ള കാഴ്ച

ഭൂമി മഞ്ഞുപുതപ്പ് പുതച്ചൊരുങ്ങുകയാണ്, നക്ഷത്ര രാജകുമാരനു വേണ്ടി. മഞ്ഞുമലകൾ കൂടുതൽ വെൺമയായി തിളങ്ങും. ദേവതാരുക്കളിൽ പുതുനാമ്പുകൾ നിറയും. ആകാശം നക്ഷത്രങ്ങൾ കൊണ്ട് നിറയും. ക്രിസ്മസ് ഐവികളും കടുംചുവപ്പ് പൂക്കളും കരിംപച്ച ഇലകളുമുള്ള ക്രിസ്മസ് ചെടികളും വഴിയിറമ്പുകളിൽ നിറയും. വലിപ്പച്ചെറുപ്പമില്ലാതെ , മതവ്യത്യാസമില്ലാതെ എല്ലാ വീട്ടുവാതിലുകളിലും ക്രിസ്മസ് റീത്തുകൾ തൂങ്ങിക്കിടക്കും.. വീടുകളുടെ അകത്തളങ്ങളെല്ലാം ചുവപ്പു മുത്തുകായ്കൾ തൂങ്ങിക്കിടന്നാടുന്ന ഐവി ഇലകളുടെ പച്ച ഗാർലാന്റുകൾ കൊണ്ട് അലങ്കരിക്കും. ഇടവഴികളിലൂടെയൊന്ന് നടന്നാൽ , റമ്മിലും ബ്രാണ്ടിയിലും കുതിർത്ത പഴങ്ങൾ ചേർത്ത പുതുകേക്കുകൾ ബേക്ക് ചെയ്യുന്ന സുഗന്ധം വീടുകളിൽ നിന്ന് നൂണിറങ്ങി വഴിയാത്രക്കാരെ ഉന്മത്തരാക്കും. തെരുവുകളിൽ നിറയെ നിറച്ചും ഊർജവുമായി മലനാടൻ ചെറുപ്പം. സംഗീതോപകരണങ്ങളും ചുമന്ന് നടക്കുന്ന ചെറുപ്പക്കാർ പെട്ടെന്ന് ഒരു നിമിഷം നഗരമധ്യത്തിൽ കൂടിനിന്ന് ഗിത്താറും മീട്ടി ഉച്ചത്തിൽ പാട്ടു പാടി ചുവടുകൾ വച്ച് നമ്മളെ അത്ഭുതപ്പെടുത്തും. കൂടെ ചുവടുവയ്ക്കാൻ കൈ പിടിച്ച് ക്ഷണിക്കും. ചിരിച്ചു കൊണ്ട് ഓടി നടക്കുന്ന, തണുപ്പും സന്തോഷവും കാരണം കവിളുകൾ ചുവന്ന കുഞ്ഞുങ്ങൾ അപരിചിതരോട് പോലും ‘ഹാപ്പി ക്രിസ്തുമസ് ‘പറയും. സന്തോഷം പതഞ്ഞുയരുന്ന തെരുവുകൾ. നോർത്ത് ഈസ്റ്റിലായിരുന്ന വർഷങ്ങളിൽ ക്രിസ്മസ് സമയത്തേക്ക് കുറച്ച് ലീവ് മാറ്റി വച്ച് ഈ ഹിൽ സ്റ്റേഷനുകളിൽ പോവുക ഒരു പതിവാക്കിയിരുന്നു.

sonia cherian , christmas memories, iemalayalam
ഷില്ലോങ്ങിലെ ക്രിസ്മസ് ആഘോഷത്തിൽനിന്ന്

അല്ലെങ്കിൽ അസം റെജിമെന്റിന്റെ മെസിൽ പോവണം ക്രിസ്മസിന്. .അത്രയും ഗംഭീരമാണ് ആഘോഷം. കൂർത്ത കമ്പികളിൽ ചുറ്റി തീയിൽ കിടന്ന് കറങ്ങുന്ന പോർക്ക് ബാർബിക്യുകൾക്കരികിലിരുന്ന് തണുപ്പ് മാറ്റുകയും തിന്നുകയും കുടിക്കുകയും. .. നമുക്ക് പരിചയക്കുറവുള്ള അനവധി ഇറച്ചി വിഭവങ്ങളും അപ്പങ്ങളും പാനീയങ്ങളും. .അതിനവർ ചേർക്കുന്ന മസാലകൾ വിശേഷമാണ്. അവരുടെ ഗ്രാമങ്ങളിൽനിന്ന് കൊണ്ടുവരുന്ന എരിവു കൂടിയ മുളകുകളും മറ്റു സുഗന്ധപ്പച്ചിലകളും ചേർത്ത് തയാറാക്കുന്ന പല വിധ ബാർബിക്യുകളുടെ രുചി വേറെവിടെയും കിട്ടില്ല. നോർത് ഈസ്റ്റ് പട്ടാളക്കാർ അങ്ങനെയാണ്. യുദ്ധം ചെയ്യുമ്പോൾ അവർ കയ്യും മെയ്യും മറന്ന് യുദ്ധം ചെയ്യും. ഉല്ലസിക്കുമ്പോൾ നിറഞ്ഞ് ഉല്ലസിക്കും. ഭക്ഷണം കഴിക്കുമ്പോൾ അത്രയും ആസ്വദിച്ച് കഴിക്കുന്നവർ വേറെയില്ല. ഓരോ നിമിഷവും നിറഞ്ഞ് ജീവിക്കുന്നവർ. ഒന്നിലും സംശയങ്ങളില്ല, ആശങ്കകളും.. നമുക്ക് കൊതിയാവുന്ന ജീവിതം .

ക്രിസ്മസ് ആഘോഷത്തിൻ്റെ കാര്യം പറഞ്ഞു ഫോൺ വിളിച്ചപ്പോൾ കൂട്ടുകാരി പതിയെ ഒന്നു തോണ്ടി. “സമാധാനത്തിൻ്റെ രാജകുമാരന്റെ ജനനം ആഘോഷിക്കുന്ന പട്ടാളക്കാർ… എന്തൊരു വിരോധാഭാസം,” എന്ന്. ഒരു കുഞ്ഞുമുള്ളുടക്കിയതു പോലെ നെഞ്ചൊന്നു പിടഞ്ഞു… മാറിൽ ചൂടുപറ്റി മയങ്ങുന്ന കുരിശിൽ തൊട്ട് അവനോട് തർക്കിച്ചു.
“ആണോ , നീ എല്ലാവരുടെയും രക്ഷകനല്ലേ.. ചുങ്കക്കാരുടെയും വേശ്യകളുടെയുമൊക്ക … അപ്പോൾ പിന്നെ ഞങ്ങൾ പട്ടാളക്കാരുടേതുമല്ലേ “.

sonia cherian , christmas memories, iemalayalam
ഷില്ലോങ്ങിൽ ഒരുക്കിയ ക്രിസ്മസ് പുൽക്കൂടുകളിലൊന്ന്

പിറ്റേന്നാണ് അവർ കാണാൻ വന്നത്. രണ്ട് ബുദ്ധസന്യാസിമാർ. ഒരു വയോധികനും ഒരു യുവാവും. ഉയരെ, കുന്നിൻമേലുള്ള ബുദ്ധവിഹാരത്തിൽനിന്ന് മലയിറങ്ങി വന്നതാണ്. “ചികിത്സയ്ക്കായൊന്നുമല്ല , ഒന്നു കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നു ” പറഞ്ഞു വൃദ്ധലാമ പുഞ്ചിരിക്കുന്നു…

മാസാദ്യ ശനിയാഴ്ചകളിൽ മലമുകളിലെ ബുദ്ധ വിഹാരങ്ങളിൽ നാട്ടുകാർക്കായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിൽ സ്ഥിരം പോകുന്നത് കൊണ്ടുള്ള പരിചയമാണ്.. കുന്തിരിക്ക മരങ്ങൾ നിറഞ്ഞ കുത്തനെയുള്ള കുന്നുകളിലെ വർണപ്പകിട്ടുള്ള ഗൊമ്പകളിലെ ( monestry) കുഞ്ഞു ലാമമാരും മുതിർന്ന ലാമമാരുമായൊക്കെ നല്ല കൂട്ടാണ്..കഴിഞ്ഞ തവണ പോയപ്പോൾ അവിടുത്തെ പ്രായമായ വലിയ ലാമ മരിച്ചിരിക്കുന്നു. ശരീരം പക്ഷെ സംസ്കരിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ റീ ഇൻകാർനേഷൻ്റെ (പുനർജന്മം ) അറിവ് ലഭിച്ചിട്ടേ അത് ചെയ്യുകയുള്ളു പോലും. ഗൊമ്പയ്ക്കുള്ളിൽ വാദ്യങ്ങളുടെയും ധൂമാർച്ചനയുടെയും അകമ്പടിയോടെയുള്ള ശക്തമായ മന്ത്രോച്ചാരണങ്ങളും പ്രാർത്ഥനകളും മുഴങ്ങുന്നുണ്ടായിരുന്നു. ദൂരെ ദൂരെയുള്ള വിഹാരങ്ങളിൽനിന്നു പോലും സന്യാസിമാർ എത്തിയിട്ടുണ്ട്. . “പുനർജന്മം നടന്നുവോയെന്ന് എങ്ങനെ അറിയും, ” എന്ന് ചോദിച്ചപ്പോൾ “പ്രത്യേക അടയാളങ്ങൾ ആകാശത്തിൽ പ്രത്യക്ഷപ്പെടും” എന്നു പറഞ്ഞു തന്നിരുന്നു അവിടുത്തെ വൃദ്ധലാമ. അപ്പോൾ അവർ ശരീരം സംസ്കരിച്ച് താഴ് വരകളിലേക്ക് ആ കുഞ്ഞിനെ തേടിയിറങ്ങുമത്രേ. നമുക്കപരിചിതങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും.

Also Read: Happy Christmas 2020 and Happy New Year 2021 Wishes: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം

വൃദ്ധലാമ മെറൂൺ നിറഉടുപ്പിൻ്റെ അതേ നിറമുള്ള തോൾസഞ്ചിയിൽനിന്ന് ഒരു ഫോട്ടോയെടുത്ത് നീട്ടിക്കാണിച്ചു. ബുദ്ധവിഹാരത്തിൻ്റെ പിന്നിലെ ആകാശത്ത് രണ്ട് മഴവില്ലുകൾ. രണ്ടും കൂടിച്ചേർന്ന് വിഹാരത്തിന് പിന്നിൽ ആകാശത്തൊരു അർദ്ധവൃത്തം ചമച്ചിരിക്കുന്നു. ‘ആകാശത്തിൽ നിന്നുള്ള അടയാളം’. അടയാളം കണ്ടയുടനെ വലിയ ലാമയെ സംസ്കരിച്ചുവത്രേ. മഴവില്ലിൻ്റെയും വലിയ ലാമയുടെയും ഒക്കെ ചിത്രങ്ങൾ പതിച്ച പുതുവർഷത്തെ കലണ്ടർ തരാൻ വന്നതാണവർ. കൂട്ടത്തിൽ എനിക്കായൊരു കുഞ്ഞ് ക്രിസ്മസ് സമ്മാനവും. ബുദ്ധമത പ്രകാശമുദ്രകളുടെ വർണചിത്രങ്ങൾ വരച്ചു ചേർത്ത ഒരു പോർസലെയ്ൻ ചായക്കോപ്പ. ടിബറ്റൻ വെണ്ണച്ചായ കുടിക്കാനുള്ള ആചാരപ്പാത്രമാണത്. ടിബറ്റിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറഞ്ഞു.

sonia cherian , christmas memories, iemalayalam
ലേഖിക ലാമമാർക്കൊപ്പം

‘ഹാപ്പി ക്രിസ്മസ് ‘ പറഞ്ഞ് അവർ എഴുനേൽക്കാനൊരുങ്ങിയപ്പോൾ തലേന്നത്തെ മുള്ള് അവിടെത്തന്നെയിരുന്നതിനാൽ സങ്കടത്തോടെ ഞാൻ പറഞ്ഞു..
“ഓ, ഞങ്ങൾ പട്ടാളക്കാർക്കെന്ത് സമാധാനത്തിൻ്റെ ഉത്സവം.. ”

എഴുന്നേറ്റ വൃദ്ധലാമ വീണ്ടും കസേരയിൽ ഇരുന്നു.
“ക്ലിനിക്കിൽ തിരക്കില്ലല്ലോ, ഞാൻ നിനക്കൊരു കഥ പറഞ്ഞു തരട്ടെ.”

‘ലാസ്സ’ എന്ന വിശുദ്ധപർവത നഗരത്തിൻ്റെ സങ്കടകഥ അദ്ദേഹം പറഞ്ഞു തുടങ്ങി.ലോകത്തിൻ്റെ മേൽക്കൂരയായ ടിബറ്റ് എന്ന വൻമലകളുടെ രാജ്യം.. അവിടുത്തെ ദൈവങ്ങളുടെ നഗരമെന്ന് പേരുള്ള ലാസ്സ എന്ന പുണ്യനഗരം…രാജ്യതലസ്ഥാനം, ദലൈലാമ എന്ന ആത്മീയാചാര്യൻ്റെ ഇരിപ്പിടം… പന്ത്രണ്ടായിരമടി ഉയരത്തിലുള്ള മഞ്ഞുനഗരം. അവിടുത്തെ ചുവന്ന കൊട്ടാരവും , വെള്ളക്കൊട്ടാരവും , ‘പടോല പാലസെ ‘ന്ന ആയിരം മുറികളുള്ള ദലൈലാമയുടെ വമ്പൻകൊട്ടാരവും…വൃത്തിയുടെയും സൗന്ദര്യത്തിന്റെയും ആനന്ദത്തിന്റെയും നഗരം. അവിടുത്തെ ഇരുപത്തിരണ്ട് സുന്ദരോദ്യാനങ്ങൾ.. കരുണയുള്ള ഭരണാധിപനും സമാധാനവും സന്തോഷമുള്ള ജനങ്ങളും.

” ആക്രമണവും അധിനിവേശവുമുണ്ടായപ്പോൾ ഞങ്ങൾ അമ്പരന്നു പോയി മകളേ. ..ഞങ്ങളുടെ സൈന്യവും….അഹിംസയിൽ വിശ്വസിക്കുന്ന ഞങ്ങൾ സൈനിക പരിശീലനത്തിലും ആയുധങ്ങളിലും ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങൾ ഒരുങ്ങിയിരുന്നില്ല.”
മെഷീൻ ഗണ്ണുകളെ പഴഞ്ചൻ തോക്കുകളും കല്ലുകളും മരത്തടികളും വാരിക്കുന്തങ്ങളുമെടുത്ത് എതിരിട്ട കാരണവൻമാരുടെ കഥ പറഞ്ഞപ്പോൾ അദ്ദേഹം കരഞ്ഞു പോയി.

Also Read:  Christmas 2020: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്.. ഇതാ ചില കരോൾ ഗാനങ്ങൾ

“ശരിക്കും അവർ ലോകത്തിലെ ഏറ്റവും ധീരൻമാരായിരുന്നു മകളേ.. അവരാരും പിന്നോട്ടേക്ക് ഓടിയില്ല… യുവാക്കളെല്ലാം എതിരിട്ട് മരിച്ചുവീണു. ഒരു പാട് മരണങ്ങൾ. കുടുംബങ്ങളുടെ ചിതറലുകൾ. അതിർത്തി കടന്നുള്ള പലായനം… സ്ത്രീകളുടെ മുന്നേറ്റത്തിൻ്റെ നായിക പാമോയെ വെടിവെച്ചുകൊന്നു.അവൾ ആറു കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. ചോരയിൽ കുതിർന്നു വീണ അമ്മമാർ, കുഞ്ഞുങ്ങൾ, സന്യാസിമാർ…”

രാജ്യമില്ലാത്തവർ, അഭയാർത്ഥികൾ… അവർ കടന്നു പോയ കനൽവഴികൾ.. നന്നെ ചെറുപ്പത്തിലെ നടത്തിയ ദീർഘ പലായനത്തിൻ്റെ കഥയദ്ദേഹം പറഞ്ഞുതന്നു.. തോളിൽ കെട്ടിവെച്ച ഭാണ്ഡവുമായി തിരിഞ്ഞു നോക്കി, തിരിഞ്ഞുനോക്കി ഒരു നാടുവിടൽ.. നഷ്ടപ്പെട്ട ജ്യേഷ്ഠൻമാരെക്കുറിച്ചും അച്ഛനെക്കുറിച്ചും പറഞ്ഞു. ദേശം നഷ്ടപ്പെട്ടവൻ്റെ സങ്കടം പറയാതെ പറഞ്ഞു. അഭയം തന്ന നല്ല നാടിനോടുള്ള നന്ദി പറഞ്ഞു.

sonia cherian , christmas memories, iemalayalam
ഡാർജലിങ്ങിലെ ‘ഉറങ്ങുന്ന ബുദ്ധൻ’ ശിൽപ്പം

“വയസായി, മരിക്കാറായി, But l am still a refugee. ” എന്നു പറഞ്ഞപ്പോൾ തൊണ്ടയിടറി. ” ഉയിരിപ്പോഴും സ്വന്തം ഊരിലാണ് ” എന്ന് . ഇരുപത്തിരണ്ട് സുന്ദരോദ്യാനങ്ങൾ മുച്ചൂടും നശിപ്പിച്ച് ബാരക്കുകളാക്കി മാറ്റിയത് .. നൂറ്റാണ്ടുകൾക്ക് മുന്നെ നട്ടുപിടിപ്പിച്ച് , മഴുതൊടാതെ വിശുദ്ധമായി കാത്തിരുന്ന മുത്തശ്ശി വൃക്ഷങ്ങളുടെ പുരാതന നിബിഡവനങ്ങളൊക്കെയും വെട്ടിമുറിച്ച് മരത്തടികളായ് മാറ്റി മലകളിറക്കി കൊണ്ടുപോയത്.. ആറായിരത്തിലധികം ബുദ്ധവിഹാരങ്ങൾ തകർക്കപ്പെട്ടത്.. വർഷങ്ങളായി തടവിൽ കഴിയുന്ന സന്യാസിമാരെക്കുറിച്ച്.. ഒക്കെയും പറഞ്ഞു.

“ഞങ്ങളുടെ പുണ്യഭൂമിയിപ്പോൾ അവരുടെ കുപ്പത്തൊട്ടിയാണ് കുഞ്ഞേ ” എന്ന് സങ്കടപ്പെട്ടു.
അവരുടെ ആത്മീയാചാര്യൻ ദലൈലാമയ്കക്കു പലായനം ചെയ്യേണ്ടി വന്നത്. മുടിനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ട കഥ പറഞ്ഞു തന്നു.. തവാങ്ങ് അതിർത്തിയിലെത്തിയ അദ്ദേഹത്തെ സംരക്ഷിച്ചു കൂട്ടി കൊണ്ടുവന്ന ഇന്ത്യൻപട്ടാളക്കാരുടെ കഥ പറഞ്ഞപ്പോൾ പിന്നെയും തിമിരം ബാധിച്ച കണ്ണുകൾ നിറഞ്ഞു.

” നിങ്ങളീയതിരിൽ ആയുധങ്ങളുമായി കണ്ണും നട്ടിരിക്കുന്നത് കൊണ്ടാണ് അഭയം തേടിയെത്തിയ ഈ മണ്ണിലെങ്കിലും ഞങ്ങൾ സമാധാനമായി ഉറങ്ങുന്നത്. രാജ്യം മുഴുവൻ ഒരുപാട് പേർ ഈ ആഘോഷങ്ങളെല്ലാം ശാന്തമായി ആഘോഷിക്കുന്നത്. നിങ്ങൾ സമാധാനത്തിൻ്റെ ദൂതരാണ് മകളേ. സമാധാനത്തിൻ്റെ രാജാവിൻ്റെ ഉത്സവം നിങ്ങളല്ലെങ്കിൽ പിന്നെ ആരാണ് ആഘോഷിക്കുക. ”

അദ്ദേഹം എഴുനേറ്റ് നിന്ന് കൈകൾ കൂപ്പി. ഞാനാ കൈകൾ കൂട്ടിപ്പിടിച്ചു. പലായനത്തിൻ്റെ വടുക്കൾ പേറുന്ന ശോഷിച്ച പാദങ്ങൾ തൊട്ട് നമസ്കരിച്ചു.

Happy Christmas…
രാജ്യമില്ലാത്തവർക്ക് ,അലയുന്നവർക്ക്… അഭയാർത്ഥികൾക്ക്… പരദേശികൾക്ക്…ഒരു നല്ല ക്രിസ്മസ്… ജനിച്ച് മൂന്നാം നാൾ ജീവൻ രക്ഷിക്കാൻ പരദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്ന ഒരു അഭയാർത്ഥിക്കുഞ്ഞിൻ്റെ പിറന്നാൾ മംഗളം.

സന്യാസി യാത്ര പറഞ്ഞു. രാജ്യം നഷ്ടമായവൻ്റെ നിലത്തുറയ്ക്കാത്ത ഇടറുന്ന കാല് വെയ്പുകളുമായി അദ്ദേഹം തോൾസഞ്ചിയുമെടുത്ത് നടന്നു പോയി. വെളുത്ത നിറത്തിൽ ഇളംനീല ചിത്രപ്പണികൾ ചെയ്ത ടിബറ്റൻ ചായക്കോപ്പ മേശപ്പുറത്തിരുന്ന് ലാസ്സയെ ഓർമിപ്പിച്ചു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Christmas in indian army cantonments sonia cherian