Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രണ്ടരയുടെ ചൂട്ടുകൾ

“ഇന്നത്തെ രാത്രിയിൽ താമസിച്ചേ ഉറങ്ങുന്നുള്ളു. രാവിലെ നേരത്തേ എഴുന്നേൽക്കുകയും വേണം. എവിടെയും പോകാനല്ല. ഒന്നും ചെയ്യാനുമല്ല. വെറുതെ … കർട്ടൻ മാറ്റി നോക്കിയപ്പോൾ മുറ്റത്തെ നക്ഷത്രം കാറ്റത്തിളകുന്നു. വാതിലിൽ ആരോ മൂക്കുരയ്ക്കുന്നതു പോലെ. ആരാണോ …?” കഥാകൃത്തായ ലേഖകൻ എഴുതുന്ന ക്രിസ്മസ് ഓർമ്മ

sudeep t. george, malayalam writer , christmas memories

കുഞ്ഞുന്നാളിൽ എല്ലാ കൊല്ലവും പെസഹയുടെയും ക്രിസ്മസിന്റെയും തലേ രാത്രിയിൽ നേരത്തെ കിടക്കും. കഞ്ഞിയും കുടിച്ച് കട്ടിലിലേക്ക് ചാടിക്കേറുമ്പോൾ, വല്ല്യമ്മച്ചിയെ ഒന്നു കൂടി ഓർമ്മിപ്പിക്കും: “രണ്ടര.”

അതുകേട്ട്, ആഴാന്തലുകൾ അകത്തേക്കു നോക്കുന്ന ജനലോരത്തെ കട്ടിലിൽ കാലു നീട്ടിയിരുന്ന് സ്വർഗസ്ഥനായ പിതാവിനെയും നന്മ നിറഞ്ഞ മറിയത്തെയും വിളിക്കുന്നതിനിടയിലും വല്ല്യമ്മച്ചിയൊന്ന് മൂളും.

ഇനി സമാധാനമായിട്ടുറങ്ങാം.

വെളുപ്പിന് രണ്ടരയ്ക്ക് വല്ല്യമ്മച്ചി വന്ന് കൊട്ടി വിളിക്കുന്നതും ചാടിയെഴുന്നേൽക്കും. മുട്ടുവരെയെത്തുന്ന നിക്കറിടും.മുറിക്കൈയൻ ഷർട്ടിടും. വല്ല്യപ്പച്ചനെയും അച്ചയേയും അമ്മയേയും ചേട്ടനെയും കെട്ടിപ്പിടിച്ചുറങ്ങുന്ന വീടിനെ വിളിച്ചുണർത്താതെ ഞങ്ങൾ പുറത്തിറങ്ങും. വെള്ള നേര്യതുടുത്ത, നേര്യതിനേക്കാളും വെളുത്ത വല്ല്യമ്മച്ചി മെലിഞ്ഞ ദേഹവുമായി മുന്നിലും തണുത്ത രാക്കാറ്റിൽ കുളിർന്ന് ഞാൻ പിന്നിലുമായി കുന്നിറങ്ങിപ്പോകുന്നതാണ് അടുത്ത ഷോട്ട്.

ഇടയ്ക്കിടെ വീശുമ്പോൾ ആളുന്ന ചുട്ടുകറ്റ, ഞങ്ങൾ മുറിച്ചു കടക്കുന്ന പാടവും ചാടിക്കടക്കേണ്ട തോടുമെല്ലാം വ്യക്തമായി കാട്ടിത്തരും. മാവുങ്കക്കാരുടെ പറമ്പിനു നടുവിലൂടെയാണ് വള്ളോക്കുന്ന് പള്ളിയിലേക്കുള്ള വഴി. സർവ്വത്ര മരങ്ങളാണവിടെ. മരങ്ങൾക്കിടയിൽ കുളങ്ങളുമുണ്ട്. ഒരിക്കൽ കുളക്കരയിലൂടെ നടന്നുപോകുമ്പോൾ ഞാൻ വല്ല്യമ്മച്ചിയുടെ നേര്യതിന്റെ തുമ്പിൽ പിടിച്ചു വലിച്ചു. അമ്മച്ചി നിന്നു. ആരോ പിന്തുടരുന്ന പോലെ. ചൂട്ടുകറ്റ വീശി തിരിഞ്ഞപ്പോൾ ആരുമില്ല. നടന്നപ്പോൾ വീണ്ടും അതേ അനക്കം. കരിയിലകൾക്കു മുകളിലൂടെ കാലുകൾ ചലിക്കുന്ന ശബ്ദം. ഭൂമിക്കും ആകാശത്തിനും ഇടയിൽ ചൂട്ടുകറ്റ ഭയങ്കരമായി ആളി! അപ്പോൾ കണ്ടു, തൊട്ടുപിന്നിൽ കത്തുന്ന ചൂട്ടുകൾ പോലത്തെ കണ്ണുകളുമായി ഞങ്ങളെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നു ഇരുട്ടിനേക്കാൾ കറുത്ത മുട്ടനൊരു പട്ടി. ചൂട്ടുകൊണ്ട് വായുവിൽ പലവട്ടം എട്ടെഴുതി. പട്ടി പോയില്ല. തീനാക്കുകൾ നീണ്ടുചെന്ന് മോന്തയ്ക്ക് നക്കിയിട്ടും അതേപടി നിന്നു. പേടിയോടെ ഞങ്ങൾ പിന്നോട്ട് രണ്ടടി വെച്ചതും അത് മുരളാൻ തുടങ്ങി. എന്റെ കൈയിൽ മുറുകെ പിടിച്ച്, ഒച്ച താഴ്ത്തി വല്ല്യമ്മച്ചി പറഞ്ഞു: “ഇത് പട്ടിയല്ലെടാ.”

“പിന്നെ?”

മറുപടി പറയാതെ, കഴുത്തിൽ കിടക്കുന്ന മാലയുടെ അറ്റത്തെ കുരിശ് കടിച്ചു പിടിച്ച്, യാമപ്രാർത്ഥന ഉച്ചത്തിൽ ചൊല്ലിക്കൊണ്ടും ചൂട്ടുകറ്റ ചുറ്റിനും വീശിക്കൊണ്ടും എന്നെയും വലിച്ചോണ്ട് വല്ല്യമ്മച്ചി ഒരോട്ടം. വള്ളോക്കുന്നു പള്ളിയുടെ മുറ്റത്തെ ഉരുളൻ കല്ലുകളിൽ ചവിട്ടിയതിൽപ്പിന്നെയേ തിരിഞ്ഞു നോക്കിയുള്ളൂ. “പട്ടി”യെ കാണാനുണ്ടായിരുന്നില്ല. പക്ഷേ, പള്ളിയിലേക്കുള്ള കയറ്റത്തിന്റെ തുടക്കത്തിൽ റബ്ബർമരങ്ങൾക്കിടയിലെ ഇരുട്ടിൽ, മൂളിക്കൊണ്ടാരോ പാറക്കല്ലിൽ മൂക്കിട്ടുരയ്ക്കുന്നത് വ്യക്തമായി കേൾക്കാമായിരുന്നു! (‘ആനിമൽ പ്ലാനറ്റ് ‘ എന്ന കഥയെഴുതുമ്പോൾ അന്നത്തെ ചൂട്ടുകറ്റയുടെ ഓട്ടവും ഇരുട്ടത്ത് പിന്തുടർന്ന മുരൾച്ചയും മനസ്സിലുണ്ടായിരുന്നു)

sudeep t. george, malayalam writer , christmas memories

 

Read More: സുദീപ് ടി ജോർജ് എഴുതിയ “അനിമൽ പ്ലാനറ്റ്” എന്ന കഥ ഇവിടെ വായിക്കാം

പെസഹയ്ക്കും ക്രിസ്മസിനും പലവട്ടം ആ വഴി പോയിട്ടും ഒരു രാത്രിയുടെ ഓർമ്മയേ ഉള്ളിലുള്ളൂ. മനസ്സിനൊരു കുഴപ്പമുണ്ട് – പല കാലങ്ങളിലെ ഓർമ്മകൾ വെട്ടിയൊട്ടിച്ച് പലപ്പോഴും അത് ഒരൊറ്റ ഷോട്ടാക്കിക്കളയും; ഒരേയൊരു ഷോട്ടിൽ ഒരു ലോങ്ങ് സീൻ.

മുതിർന്നപ്പോൾ അമ്മച്ചിയുടെ കൈയിലെ പിടി വിട്ടു. തണുത്ത ക്രിസ്മസ് രാത്രികളിൽ, വീടുകൾ തോറും പാടി നടക്കുന്ന കരോൾ സംഘങ്ങളായി കൂട്ട് .നാലഞ്ചു രാവുകൾ നീളുന്ന പാട്ടുയാത്രകൾ. ഡിസംബർ 25 ന് പുലർച്ചെ കുർബാനയ്ക്കു തൊട്ടുമുമ്പ് പള്ളിമുറ്റത്താണ് പാടിക്കലാശം. അപ്പോഴേക്കും തൊണ്ടയിലെ ആംപ്ലിഫയർ അടിച്ചു പോയിട്ടുണ്ടാവും. കുർബ്ബാനയും കൂടി പള്ളീന്നെറങ്ങുമ്പോ നേരം വെളുക്കും. പാടങ്ങൾക്കും റബ്ബർ തോട്ടങ്ങൾക്കും നടുവിലൂടെ വീട്ടിലേക്കോടുമ്പോൾ വഴി നീളെ വന്നു പൊതിയും, ഇളപ്പൻ തേങ്ങാക്കൊത്ത് വറുത്തിട്ട ഇറച്ചിക്കറിയുടെ മണം.

വീട്ടിലെത്തുമ്പോൾ വല്ല്യമ്മച്ചിയും അമ്മയും കൂടി കുട്ട നിറയെ വെള്ളേപ്പോം ചുട്ടോണ്ട് അടുക്കളയിൽ ഓടി നടക്കുകയാവും. ആനച്ചോടിയിട്ട് തിളപ്പിച്ച ഇറച്ചിക്കറി വിറകടുപ്പിൽ നിന്ന് വാങ്ങി പാത്രത്തിൽ വെച്ചിട്ടുണ്ടാവും. അങ്ങിങ്ങു വങ്ങിയ, വെള്ളയും തവിട്ടും കലർന്ന ചൂടു വെള്ളേപ്പത്തിനു മേലേ അനിച്ചയുള്ള, കുറുകിയ പോത്തിറച്ചിക്കറി ഒഴുകിപ്പരക്കുമ്പോൾ വീടായ വീടുകളിൽ നിന്നെല്ലാം ഒരു മണം പൊങ്ങും. ഹോ! ആണുങ്ങളും കുട്ടികളും അപ്പത്തിലും ചാറിലും കുത്തിമറിയുമ്പോൾ, അപ്പച്ചെമ്പുകളിൽ പുഴുങ്ങിയെടുത്ത വട്ടയപ്പം നിറച്ച പാത്രങ്ങളുമായി അയൽ വീടുകൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുകയാവും അമ്മച്ചിമാരും അമ്മമാരും .

കണ്ടതെല്ലാം തട്ടിത്തെറിപ്പിച്ച് കാലം കാട്ടുപോത്തിനെ പോലെ ഓടി. ജീവിതം പല വഴിക്ക് ഉരുണ്ടു പോയി. എവിടെയെങ്കിലും ഉറച്ചെന്ന് തോന്നിയപ്പോഴൊക്കെയും സ്വയം കെട്ടിയിട്ട കുറ്റികൾ ഇളകിത്തെറിച്ചു. സ്വന്തം നാടുതന്നെ വിട്ടിട്ട് അപരിചിതദേശങ്ങളിൽ ഞങ്ങൾ കുടിയേറിപ്പാർത്തു.

കഴിഞ്ഞ രാത്രിയിൽ, വീട്ടുമുറ്റത്ത് പതിനൊന്ന് കാലുകളുള്ള ചുവന്ന നക്ഷത്രം തൂക്കിയിട്ട് ഉറങ്ങാൻ കിടന്നപ്പോൾ മോൻ പറഞ്ഞു: “അച്ഛാ ഒരു കഥ.”

ഞാൻ പറഞ്ഞത് ഈ കഥയായിരുന്നു. വള്ളോക്കുന്നു പള്ളിയിലേക്കുള്ള ഓട്ടത്തിന്റെ കുഞ്ഞു കഥ. വല്യ സംഭവമൊന്നുമല്ല. എന്നാലും എഴുതാനിരിക്കുന്ന നേരങ്ങളിലെല്ലാം ആരോ പറഞ്ഞു വിട്ടിട്ടെന്ന പോലെ പിന്തുടർന്നു വന്ന് മനസ്സിന്റെ കടലാസുകളിൽ മുക്കിട്ടുരയ്ക്കുന്നത് ഇത്തരം ഓർമ്മകളാണ്. പോയിട്ടും പോവാത്ത നാട്, എഴുതിയ ഓരോ അക്ഷരവും മണത്തുനോക്കുന്നുണ്ട്.

sudeep t. george, malayalam writer , christmas memories

ഒരു ക്രിസ്മസിനോ ഓണത്തിനോ മഠത്തിൽക്കാവിലെ പടയണിക്കോ ഭാര്യയെയും മോനെയും കൂട്ടി നാട്ടിലേക്ക് പോകണമെന്നാഗ്രഹിച്ചിരുന്നു. നിനച്ചിരിക്കാതെ രണ്ടു മാസം മുമ്പ് പോവുകയും ചെയ്തു. അത് പക്ഷേ, കുട്ടിക്കാലത്തിന്റെ കുന്നുകളിലൂടെ മകന്റെ കൈയും പിടിച്ച് നടക്കാനായിരുന്നില്ല; വള്ളോക്കുന്നിന്റെ ഉച്ചിയിലെ കല്ലറയിൽ വല്യമ്മച്ചിയെ ഇറക്കിക്കിടത്താനായിരുന്നു.

കുറച്ചു കൊല്ലങ്ങളായി എല്ലാ ക്രിസ്മസിനും സാന്താക്ലോസ് വീട്ടിൽ വരാറുണ്ട്. ക്രിസ്മസിന്റന്ന് പുലർച്ചെ എഴുന്നേൽക്കുന്ന മകൻ മുറികളിലൊക്കെ ഓടി നടന്നു പരതും. സെറ്റിയുടെ അടിയിലും കർട്ടനു പിന്നിലും അരളിച്ചെടിയുടെ ചില്ലകളിലും വാഴയുടെ മറവിലും നിന്ന് അവൻ സാന്തയുടെ സമ്മാനങ്ങൾ കണ്ടെടുത്തുകൊണ്ടുവരും. ഒരുമാസം മുമ്പേ സാന്തയ്ക്കയച്ച കത്തിൽ കുറിച്ചിട്ടിരുന്ന ലിസ്റ്റുമായി ഒത്തു നോക്കി, എല്ലാം കിട്ടിയെന്ന് ഉറപ്പിക്കും. സാന്താക്ലോസ് അവന്റെ അമ്മ തന്നെയാണെന്ന് തിരിച്ചറിയുന്നതുവരെയുള്ള ഒന്നോ രണ്ടോ കൊല്ലം കൂടിയേ അവനെ പറ്റിക്കാനാവൂ…

ഇന്നത്തെ രാത്രിയിൽ താമസിച്ചേ ഉറങ്ങുന്നുള്ളു. രാവിലെ നേരത്തേ എഴുന്നേൽക്കുകയും വേണം. എവിടെയും പോകാനല്ല. ഒന്നും ചെയ്യാനുമല്ല. വെറുതെ … കർട്ടൻ മാറ്റി നോക്കിയപ്പോൾ മുറ്റത്തെ നക്ഷത്രം കാറ്റത്തിളകുന്നു. വാതിലിൽ ആരോ മൂക്കുരയ്ക്കുന്നതു പോലെ. ആരാണോ …?

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Christmas eve carols midnight mass xmas memories sudeep t george

Next Story
അനിവാര്യമായ ഏകാന്തതകളുടെ പഗോഡanthara , nazarin , films, shini j.k
The moderation of comments is automated and not cleared manually by malayalam.indianexpress.com