കണക്ക് പരീക്ഷയ്ക്ക് നല്ല മാർക്ക്സ് കിട്ടാൻ യൗസേപ്പിതാവ്, നല്ല കല്ല്യാണത്തിനും കാണാതെപോയ സാധനം കണ്ടുകിട്ടാനും സെന്റ് ആന്റണി, വിശുദ്ധിയോടെ ജീവിക്കാൻ പരിശുദ്ധ കന്യാമറിയം, ഉണ്ടാകുന്ന കുട്ടിയ്ക്ക് നല്ല നിറം കിട്ടാൻ മാർട്ടിൻ പുണ്യാളൻ, അസാദ്ധ്യകാര്യങ്ങൾക്ക് സെന്റ് ജൂഡ്- ഇങ്ങനെ എന്തിനും ഏതിനും എടുത്തുവീശാൻ പുണ്യാളന്മാരെ തട്ടീട്ട് നടക്കാൻ വയ്യാത്ത ഒരു റോമൻ കത്തോലിയ്ക്കാവിശ്വാസിയ്ക്ക് ക്രിസ്മസ് എന്താണെന്ന് ചോദിച്ചാൽ ഒരു നോവല് തന്നെ അതിനെക്കുറിച്ച് എഴുതാനുണ്ടാവും.
കേരളത്തിൽ ജീവിച്ച ഇരുപത്തിന്നാലുവർഷത്തിലെ ആദ്യ പതിമൂന്നുവർഷത്തോളം ക്രിസ്മസ് എന്നാൽ ചിലവിലെ അമ്മവീടും അവിടുത്തെ അവധിക്കാലവുമായിരുന്നു.ഉണ്ണീശോപ്പുല്ലും, പുൽക്കൂടും, ചിലവ് പള്ളിയിലെ പാതിരാക്കുർബ്ബാനയും, അമ്മച്ചിയുടെ പിടിയും കോഴിക്കറിയും ഒക്കെയായി ഒരു ഭയങ്കര ഫീൽ ആയിരുന്നു ആ കാലത്തിന്.
എല്ലാ വർഷവും, ‘ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് പിള്ളേർക്ക് എന്നാ സ്കൂൾ അടയ്ക്കുന്നത്’
എന്ന് ചിലവിൽ നിന്ന് അപ്പച്ചൻ വിളിച്ച് ചോദിക്കുന്നിടത്തുനിന്നാണ് ഞങ്ങളുടെ ക്രിസ്മസ് സ്വപ്നങ്ങൾ തുടങ്ങുന്നത്.
Read More: തിരുപ്പിറവിയ്ക്കൊപ്പം പിറക്കുന്ന ഓര്മകള്
പിന്നെ പരീക്ഷ തീരാനുള്ള ക്ഷമയില്ലാത്ത ഒരു കാത്തിരിപ്പാണ്. കൈയ്യക്ഷരം നന്നാവാൻ ക്രിസ്മസ് അവധി കഴിഞ്ഞ് എഴുതിക്കൊണ്ടു് ചെല്ലേണ്ട പത്ത് പേജ് വീതമുള്ള ഇംഗ്ലീഷ്, മലയാളം ട്രാൻസ്ക്രിപ്ഷൻ അവധി തുടങ്ങുന്ന അന്നു തന്നെ,ഒറ്റയിരുപ്പിനിരുന്ന്, ‘കാളം പൂളം’ എഴുതി വച്ച് ബുക്കടച്ചാൽ പിന്നീടുള്ള ദിവസങ്ങൾ നമ്മുടെ മുൻപിൽ നീണ്ടുനിവർന്നങ്ങനെ കിടക്കും.
സ്കൂളടയ്ക്കുന്ന ദിവസം തന്നെ അപ്പച്ചൻ ചിലവിൽ നിന്ന് തൊടുപുഴ, കാലടി,തൃശൂർഭാഗങ്ങളിലേയ്ക്ക് ഞങ്ങളെ കൂട്ടാൻ ആളെ അയക്കുകയായി.
ഞങ്ങൾ എന്നു പറഞ്ഞാൽ, ഞങ്ങൾ നാല്, കാലടിയിൽനിന്ന് നാല്, ത്ര്ശൂരിൽനിന്ന് രണ്ട്. തറവാട്ടിൽ താമസിയ്ക്കുന്ന ഇച്ചാച്ചന്റെ രണ്ട്, കുഞ്ചാച്ചന്റെ മൂന്ന്, മമ്മിയുടെ ചെറിയ ആങ്ങള അനിയത്തിമാർ ആറ്, ഇങ്ങനെ ഇരുപത്തിയൊന്നുപേരടങ്ങുന്ന പിള്ളേരുസെറ്റിന്റെ മടുപ്പില്ലാത്ത കളികളിലേയ്ക്കും കലർപ്പില്ലാത്ത സ്നേഹത്തിലേയ്ക്കുമാണ് ക്രിസ്മസ് അവധിയ്ക്ക് ഞങ്ങൾ അത്യുത്സാഹത്തോടെ ഓടികയറുന്നത്.
ഇതിൽ പാതിരാക്കുർബാനമാത്രം ഞങ്ങൾ കുട്ടികൾക്ക് കുറച്ച് മാനസ്സികസമ്മർദ്ദം തരുന്നതായിരുന്നു.
വിവാഹിതയായി ഭർതൃഗൃഹത്തിലേയ്ക്ക്പോയഒരു സ്ത്രീ സ്വന്തം ഇടവകയിലെ ക്രിസ്മസ് കുർബാനയ്ക്കൊ പള്ളിപെരുന്നാളിനോ പങ്കെടുക്കാൻ വരുമ്പോൾ ശ്രദ്ധയോടെ ധരിയ്ക്കുന്ന വിലകൂടിയ സാരിയും ആഭരണങ്ങളും, എന്തിനു്, കുട്ടികൾ ഇടുന്ന വെൽവെറ്റ് ഫ്രോക്കും,
തിളങ്ങുന്ന ഷൂസും, സ്റ്റോക്കിങ്ങ്സുമെല്ലാം ഓരോ പരസ്യപ്രഖ്യാപനങ്ങളാണ്. ആർഭാടത്തോടെകൊണ്ടുനടക്കാൻ കെൽപുള്ളവനാണ് എന്റെ ഭർത്താവ് എന്ന് ബന്ധുക്കളോടും, നാട്ടുകാരോടുമുള്ള ഒരു പ്രഖ്യാപനം.
കുഞ്ഞുപ്രായത്തിൽ ഇതു ഞങ്ങൾ കുട്ടികൾക്കറിയില്ലല്ലൊ. ഇത് മനസ്സിലാക്കാതെയാണ്, അറിയാതെയാണ്, ‘എനിയ്ക്കീ ഡ്രസ്സ് വേണ്ടാ, ഈ ഷൂസിട്ടാൽ എനിയ്ക്ക് ഷൂബൈറ്റ് വരും’ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ കുട്ടികൾ വാശിപിടിച്ച് കരയുന്നത്. ഒരു നുള്ളും രണ്ടടിയും കൊണ്ട് നിശ്ശ്ബ്ദമാക്കപ്പെടുന്ന ചിണുങ്ങലുകൾ.
ഇതെല്ലാം വലിച്ചുകയറ്റി ഞങ്ങൾ കസിൻസ് വരിവരിയായി പള്ളിയിലേയ്ക്ക് നടക്കുമ്പോൾ, പണിയൊതുക്കി ധൃതിയിൽ വെള്ളമുണ്ടും നേര്യതും പുതച്ചിറങ്ങിയ അമ്മച്ചിമാർ ചുറ്റുമുള്ള ഇരുട്ടിനെ പ്രകാശമുള്ളതാക്കുമായിരുന്നു.
Read More: മുന്നൊരുക്കങ്ങളുടെ ഓർമകളിലൂടെയൊരു ക്രിസ്മസ്
ടാറിടാത്ത, ചെമ്മണ്ണ് നിറഞ്ഞ ആ വഴികളിലൂടെ പോകുമ്പോൾ കാലിൽ ഇട്ടിരിക്കുന്ന ന്യൂഡ് കളറിലുള്ള സ്റ്റോക്കിംഗ്സ്കണ്ടിട്ട് പൊടിയാണെന്ന് തെറ്റിദ്ധരിച്ച ശുദ്ധഗതിക്കാരായ ചില ഗ്രാമീണർ, ‘ഇതെന്നതാ പാപ്പച്ചൻ ചേട്ടാ പിള്ളേരുടെ കാലേലൊക്കെ അപ്പിടി പൊടിയായല്ലൊ,’ എന്നു പറയുമ്പോൾ വല്ലാത്തൊരു നാണക്കേടു് തോന്നി, ചുളുങ്ങി ചെറുതായി, ആ ചെമ്മൺ വഴിയിലൂടെ നിരന്നു നടക്കുന്ന കുറേ പത്രാസുകാര് പിള്ളേരെ ഇപ്പോഴും മനസ്സിൽ കാണാം.
എന്തായാലും പരസ്യപ്രഖ്യാപനങ്ങളെല്ലാം തന്നെ ഫലം കണ്ടു എന്നുവേണം കരുതാൻ.
ക്രിസ്മസു് സ്പെഷ്യൽ കുർബാന മുന്നിൽ നടക്കുമ്പോൾ, അതിലൊരുതരിപോലും ശ്രദ്ധിക്കാതെ, തല പിറകോട്ടുതിരിച്ച്, നക്ഷത്രത്തിളക്കം നിറഞ്ഞ ചില കുഞ്ഞിക്കണ്ണുകൾ നിരന്നുനിൽക്കുന്ന ഞങ്ങൾ കസിൻസിന്റെ ഉടുപ്പിലും ഷൂസിലും മിന്നിതെന്നി നടക്കും. ചില കുഞ്ഞുകൈകൾ ധൈര്യം സംഭരിച്ച് ഞങ്ങളുടെ വെൽവെറ്റ് ഉടുപ്പിന്റെ മിനുമിനുപ്പിൽ തൊടാനായും. അവരുടെ അമ്മമാർ കണ്ണിൽ അടിഞ്ഞ നിസ്സംഗതയുമായി ആ കൈകൾ കടുപ്പത്തിൽ തട്ടിമാറ്റും. പ്രാരാബ്ധങ്ങൾ ചിരിയെടുത്ത് ദൂരെക്കളഞ്ഞ മുഖങ്ങൾ!
ചുക്കിചുളിഞ്ഞ ചുരുക്കംചില വൃദ്ധകൈകൾ മാത്രം വാത്സല്യത്തോടെ, ധന്വന്തരം കുഴമ്പ് മണക്കുന്ന അവരുടെ ദേഹത്തേയ്ക്ക് ചേർത്തുനിർത്തി, ‘നീ ആരുടെ മോളാ, തങ്കേടെയോ, റോസിലീടെയൊ’ എന്നു് ചോദിയ്ക്കും.
‘തങ്കേടെ’ എന്ന് നാണിച്ചുത്തരം പറയുമ്പോൾ, ‘തങ്കേടെ അതേ ചിരി’ എന്നു് പറഞ്ഞ് ഓമനിയ്ക്കും. ഇപ്പോൾ ഓർക്കുമ്പോഴും കടുപ്പം നിറഞ്ഞ ചില നോട്ടങ്ങളുടെ ഇടയിൽ ഈ സ്പർശം തന്ന തണുപ്പ് വലുതാണ്.
മുതിർന്നവരുടെ അൽപത്തവും ഡംഭും കുഗ്രാമത്തിലെ ആ പാവപ്പെട്ട പള്ളിയ്ക്കകത്ത് പ്രതിഷേധത്തോടെ ആണെങ്കിലും കുടഞ്ഞിട്ട്, മനസ്സ് വിഷമിച്ചാണ് തറവാട്ടിൽ അപ്പച്ചൻ ഒരുക്കിയിരിക്കുന്ന വലിയ ആഘോഷങ്ങളിലേയ്ക്ക് ഞങ്ങൾ കുട്ടികൾ നടന്നുകയറുന്നത്. മനസ്സിനെ അലോസരപ്പെടുത്തിയ ആ പള്ളി നോട്ടങ്ങളും കാഴ്ചകളും അതോടെ ഞങ്ങൾ മറക്കും. അല്ലെങ്കിലും, അസ്വസ്ഥതകളിൽ നിന്ന് ആഘോഷങ്ങളിലേയ്ക്ക് പരകായപ്രവേശം നടത്താൻ കുട്ടിത്തത്തിന്റെ പ്രസരിപ്പിനു് എന്നാനേരം വേണം! വലുതാകുമ്പോൾ കൈമോശം വരുന്നതും ഇതുതന്നെ.
വീട്ടിലെത്തുമ്പോൾ കാത്തിരിക്കുന്ന ആഘോഷമാണ് അന്നത്തെ ദിവസത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പൂത്തിരി, കൊടചക്രം, മത്താപൂ, പൂക്കുറ്റി, പടക്കം, പൊട്ടാസ് പിന്നെ പേരറിയാത്ത കുറെ സാധനങ്ങൾ കൊണ്ട് പേരക്കുട്ടികൾക്കായി ഒരു മായാലോകമാണ് അപ്പച്ചൻ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് തന്നെ അപ്പച്ചൻ ചാച്ചനെയോ മനാച്ചനെയോ ജോണിചാച്ചനെയോ വിട്ടു് ഇതെല്ലാം വാങ്ങി വച്ചിട്ടുണ്ടാവും. പകൽ മുഴുവൻ അവര് വാങ്ങികൊണ്ടുവന്ന ആ വല്യപൊതിക്കെട്ടിനുള്ളിൽ എന്തൊക്കെയാണുള്ളത് എന്നാലോചിച്ചും, ‘കമ്പിത്തിരി എല്ലാവർക്കുമുള്ളതുണ്ടോ, തികയാതിരിയ്ക്കുമോ’ എന്ന് വേവലാതി പൂണ്ടും നടക്കും.
Read More: കര്ത്താവിന്റെ ബെര്ത്ത് ഡേ അഥവാ ക്രോണിക്കിള് ഓഫ് എ കോട്ടയംകാരന്
കൊടചക്രം തറയിൽ കറങ്ങിതുടങ്ങുമ്പോഴേ വാനരപ്പട മുൻവശത്തെ വരാന്തയുടെ അരമതിലിൽ കയറിക്കൂടും. പൂക്കുറ്റി മുറ്റത്ത് പൊങ്ങി ചിതറുമ്പോൾ ഞങ്ങൾ അതിനുചുറ്റും ചാടിമറിഞ്ഞു. പടക്കങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ട് അതു് ആൺകുട്ടികളുടെ കുത്തകയാകുന്നതിൽ യാതൊരു വിരോധവും തോന്നിയില്ല. പക്ഷെ പൂത്തിരിയുടെ കാര്യത്തിൽ മാത്രം അൽപം പൊസ്സസ്സീവ് ആയി.
രാത്രികിടക്കുമ്പോഴും അടുക്കളയിൽ തട്ട്മുട്ട് ബഹളങ്ങൾ അവസാനിച്ചിട്ടുണ്ടാവില്ല. രാവിലെ, അമ്മച്ചിയും ലിസമ്മാന്റിയും, ഗ്രേസിയാന്റിയും മേമയുംകൂടിയൊരുക്കുന്ന മേശനിറഞ്ഞ പ്രാതലിലേയ്ക്ക് എഴുന്നേൽക്കുന്നതും തലേദിവസത്തെ പൂത്തിരിക്കണ്ണുകളുമായിട്ടാണ്..
അഞ്ജലീമേനോന്റെ ‘മഞ്ചാടിക്കുരു’ എന്ന സിനിമ ഇറങ്ങിയ സമയം ചിറ്റയുടെ മകൾ സോന ചോദിച്ചു, ‘പ്രിയചേച്ചിയ്ക്ക് എന്താ തോന്നിയത് ആ സിനിമാകണ്ടപ്പോൾ? നമ്മുടെ ചിലവിലെ വീടും കുട്ടിക്കാലവുമായിട്ട് നല്ലസാമ്യം തോന്നിയില്ലേ?’
‘തോന്നിയോന്നു്, നമ്മുടെ ചിലവിലെ തറവാട്ടിൽ അഞ്ജലീമേനോൻ വന്ന് ഒളിക്യാമറാവച്ച്, ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണോ സിനിമയിൽ കാണിച്ചതെന്ന് എനിയ്ക്ക് സംശയം ഇല്ലാതില്ലാ,’ എന്ന് ഞാനും സോനയോട് അത്ഭുതം കൊണ്ടു.
പത്മപ്രിയയുടെ റോളിൽ കൃത്യമായി തിളങ്ങി മാർത്താണ്ഡത്തു നിന്ന് വന്ന, എല്ലാവരെയും ഭരിച്ചുനടന്ന, ഞങ്ങളുടെ പ്രായത്തിലുള്ള ലീല എന്ന തമിഴത്തിക്കുട്ടി. സ്നേഹവും, കുശുമ്പും, പിരിമുറുക്കങ്ങളും, പിണക്കങ്ങളും ആവശ്യത്തിൽ കൂടുതൽ ഡ്രാമയും അളവില്ലാതെ വാരിവിതറിയ ഒരു പെർഫക്റ്റ് ബാല്യമായിരുന്നു അത്. ഒരുപക്ഷെ എന്റെ തലമുറയിൽപ്പെട്ട മിക്കവർക്കും പറയാനുണ്ടാവും ഇതുപോലുള്ള ‘മഞ്ചാടിക്കുരു ബാല്യവും’ അവിടുത്തെ ക്രിസ്മസ് ഓർമ്മകളും.
മുതിർന്നുവരുന്ന നാലുപെൺകുട്ടികളെക്കുറിച്ച് മമ്മി ജാഗരൂകയായി തുടങ്ങിയതോടെ ഒരു
എട്ടാം ക്ലാസ്സുതൊട്ട് അമ്മവീട്ടിൽപ്പോക്ക് നിന്നു. അമ്മവീട്ടിലെന്നല്ല ഒരുവീട്ടിലും താമസിക്കാൻ വിടുന്ന പ്രശ്നമില്ലെന്നായി.
പാതിരാക്കുർബാനയൊക്കെ പഴങ്കഥകളായി.
ലോക്കൽ ‘തട്ടിക്കൂട്ട് ക്ലബുകളുടെ’ ക്രിസ്മസ് കരോളുകാർക്ക് വീട്ടിൽ പ്രവേശനമില്ലായിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടികളുള്ള വീട് എന്ന അതേകാരണം തന്നെയാണ് അവരെ ഏഴയലത്തുപോലും അടുപ്പിയ്ക്കാതിരുന്നത്. അടഞ്ഞ ഗേറ്റ്, അഴിച്ചുവിട്ടിരിയ്ക്കുന്ന ഞങ്ങളുടെ ഫാന്റം എന്ന കറുത്ത അൽസേഷൻ നായ – ഈ രണ്ട് ലക്ഷമണ രേഖകളും ഭേദിച്ച് അകത്തേയ്ക്ക് വരാൻ ധൈര്യമുള്ള ഒരു കരോൾ സംഘവും ആ പ്രദേശത്തില്ലായിരുന്നു.
രാവിലെ സാധാരണപോലെ ഡീപോൾ ആശ്രമത്തിൽ കുർബാന. അത് കഴിഞ്ഞു വന്നാൽ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് മമ്മി ഉണ്ടാക്കുന്ന ഈ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും രുചിയുള്ള കട്ലെറ്റും, ചിക്കൺകറിയും, പാലപ്പവും, ബീഫ് സ്റ്റ്യൂവും, കൂട്ടി ഗംഭീരമായ കാപ്പി. കൂടെ കുട്ടികൾക്ക് കയറിയിറങ്ങികഴിയ്ക്കാൻ മേമ്പൊടിയായി മമ്മി ‘പയറുപോലെ’ ഉണ്ടാക്കുന്ന പ്ലം കേയ്ക്കും പൗണ്ട് കേയ്ക്കും.
ഉണ്ണീശോപുല്ലുകൊണ്ടുമേഞ്ഞ പുൽക്കൂട് മാത്രം എല്ലാ വർഷവും മുടക്കമില്ലാതെ തൊടുപുഴ വീടിന്റെ മുൻവശത്ത് വരാന്തയിൽപൊങ്ങി. അങ്ങനെ ക്രിസ്മസ് എന്നാൽ പുൽക്കൂടും, മമ്മിയുടെ പ്ലം കേയ്ക്കും, മുന്തിരിവൈനും രാവിലെയുള്ള പ്രാതലും ഉച്ച ഭക്ഷണവുമായിചുരുങ്ങി. പിന്നീട് കോളേജിലെത്തിയപ്പോൾ, ബാംഗ്ലൂർനിന്നും, കോഴിക്കോട് നിന്നും എറണാകുളത്തുനിന്നും വീടെത്തുന്ന ഞങ്ങൾക്ക് ഹോസ്റ്റൽ വിശേഷങ്ങൾ പറഞ്ഞുതീർക്കാൻ പകൽ തികയാതെ രാത്രികൾ കൂടി കടമെടുക്കുന്ന അവധികൾ മാത്രമായി ക്രിസ്മസ്.
അതിന് അതിന്റേതായ ഒരു ഭംഗി. മുതിർന്നതുകൊണ്ടുമാത്രം നഷ്ടമായ പൂത്തിരിയും, കൊടചക്രവും, മത്താപ്പൂവും ഉള്ള ‘ചിലവിലെ’ ക്രിസ്മസുകൾക്ക് വേറൊരു ഭംഗി…
വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ്. ഷിക്കാഗോയുടെ നിറങ്ങളും ലൈറ്റുകളും കടകളിലെ അലങ്കാരങ്ങളും കണ്ട് തോന്നിയ ഒരു അമ്പരപ്പുണ്ട്. ഈ നഗരം ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നത് എത്ര ഭംഗിയായിട്ടാണ് എന്ന് അത്ഭുതംകൊണ്ട നാളുകൾ!
ഓർമ്മകൾ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തം പൂർണ്ണമായും എന്റെ ചുമലിൽ വന്നുവീണിരിക്കുന്നു. ഇവിടെ എല്ലാവരും ചെയ്യുന്നപോലെ ക്രിസ്മസ് ട്രീയിൽ നിന്ന് തുടങ്ങാമെന്ന് കരുതി.
ക്രിസ്മസ് ട്രീ വാങ്ങാൻ ‘ഹോം ഡിപോ’യിൽ പോയപ്പോൾ എനിയ്ക്കിഷ്ടപ്പെട്ട ട്രീയ്ക്ക് നൂറ്റിയിരുപത് ഡോളർ. എല്ലായ്പ്പോഴും ചെയ്യുന്നപോലെ നൂറ്റിയിരുപത് ഡോളർ ഇൻഡ്യൻ രൂപയിലേയ്ക്ക് മാറ്റിയപ്പോൾ ഞെട്ടി. ഇത്രയും വിലപിടിപ്പുള്ള ഓർമ്മകൾ സൃഷ്ടിക്കണോ എന്നൊരു ചിന്ത.
ഷിക്കാഗോയിലെ മാഗ്നിഫിസന്റ് മൈൽ തൊട്ട് ലേയ്ക്ക് ഷൊർവരെ നീളുന്ന ക്രിസ്മസ് ലൈറ്റുകളെല്ലാം ഒന്നിച്ച് തെളിയുന്നതിനേക്കാളും പ്രകാശമാണ് ആ സമയത്ത് എന്നെനോക്കുന്ന ഭർത്താവിന്റെ ‘പുതുമോടി’ക്കണ്ണുകൾക്ക്. കല്ല്യാണസൗഗന്ധികം ചോദിച്ചപ്പോൾ അത്കൊണ്ടുവന്ന് ഉള്ളംകൈയിൽ വച്ചുകൊടുക്കാൻ സന്നദ്ധനായ ഭീമസേനന്റെ പ്രേമത്തേക്കാൾ ഭീകര പ്രേമവുമായി നിൽക്കുന്ന സമയം!
അപ്പഴാ ഈ നൂറ്റിയിരുപത് ഡോളറിന്റെ ക്രിസ്മസ് ട്രീ! എന്തുവന്നാലും ഈ വിലയ്ക്ക് ഞാനിത് വാങ്ങില്ല എന്ന് നിശ്ചയിച്ച് കടയിലെ ആളോട് ചോദിച്ചപ്പോൾ ആഫ്റ്റർ ക്രിസ്മസ് സെയ്ലിൽ ഇത് എഴുപത്തിയഞ്ച് ശതമാനത്തോളം കുറയുമത്രെ.അതുകേട്ടതോടെ പിന്നെ ഒന്നും ചിന്തിച്ചില്ല.
‘നമ്മുടെ ആദ്യ ക്രിസ്മസല്ലെ , ഇത് വാങ്ങാം,’ എന്നൊക്കെ ഭർത്താവ് പറയുന്നത് ആരു കേൾക്കാൻ! അങ്ങനെ ആദ്യ ക്രിസ്മസ് ട്രീ ജനുവരി അഞ്ചിന് ബഡ്ജറ്റ് തെറ്റാതെ ഇരുപത്തിയഞ്ച് ഡോളറിന് വാങ്ങി, വിജയശ്രീലാളിതയായ് വീട്ടിലെത്തിച്ച്, അതിന്റെ മുന്നിൽ ചുവന്ന സാരിയുടുത്ത് നിന്ന് ഒരു ഫോട്ടൊയുമെടുത്ത് നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു.
‘അവിടെ ട്രീയിൽ അലങ്കാരങ്ങളൊന്നും വയ്ക്കില്ലേ’ എന്ന് ഫോട്ടൊ കണ്ടപ്പോൾ ആരൊക്കെയോ ചോദിച്ചു. ‘അലങ്കാരങ്ങൾ അടുത്ത വർഷത്തേ ഫോട്ടോയിൽ കാണാം,’ ന്ന് അവർക്ക് മറുപടി കൊടുത്തു.
അന്നുവാങ്ങിയ ആ ട്രീയുടെ അടിയിലാണ് സാന്റാക്ലൊസ് ചിമ്മിനിയിൽകൂടി ഇറങ്ങിവന്ന് മൂന്നുമക്കൾക്കും ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ വർഷങ്ങളോളം കൊണ്ടുവന്ന് വച്ചിരുന്നത്. ഫയർപ്ലേസിനുമുന്നിൽ എടുത്തുവച്ചിരിയ്ക്കുന്ന പാലും കുക്കീസും കഴിയ്ക്കാൻ സാന്റാ ഒരിയ്ക്കൽ പോലും മറന്നിട്ടില്ല.
ഒരു വർഷമൊഴിച്ച്…
സെന്റ് അലക്സിസിലെ പീഡിയാട്രിക് ഐസിയുവിലെ ജനാലയിലൂടെ പുറത്തെ മഞ്ഞുവീഴ്ച നോക്കി നോക്കിയിരുന്ന് നേരം വെളുപ്പിച്ച ക്രിസ്മസ് രാത്രിയിലാണ് സാന്റാ അത് മറന്നത്.
അടുത്തദിവസം ഭർത്താവിന്റെ കൈയിൽതൂങ്ങി ഹോസ്പിറ്റലിൽ എത്തിയ ആമിയ്ക്കും മിയക്കും പറയാനുണ്ടായിരുന്നത് മുഴുവൻ അവരെടുത്തു വച്ച പാലും കുക്കിയും കുടിയ്ക്കാതെ സാന്റാ പൊയ്ക്കളഞ്ഞത് എന്തുകൊണ്ടാണ് എന്നതിനേക്കുറിച്ചുള്ള അനുമാനങ്ങളായിരുന്നു.
അവരുടെ പിറകിൽ നിന്ന് ഭർത്താവ് വാ കൊണ്ട് ‘സോറി’ എന്ന് ശബ്ദമില്ലാതെ പറഞ്ഞപ്പോൾ ഞാൻ എന്തുകൊണ്ടോ കരഞ്ഞു.
എത്ര സന്തോഷവും ഉത്സവ പ്രതീതിയും നിറയ്ക്കാൻ ശ്രമിച്ചാലും ആശുപത്രികളിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുവല്ലാത്ത സ്തബ്ധതയും നിശ്ശബ്ദതയുമാണുള്ളത്.
പെന്റാടൊണിക്സിന്റെ (Pentatonix) Mary did you know …. എന്നുതുടങ്ങുന്ന ആ പ്രസിദ്ധമായ ക്രിസ്മസ് പാട്ട് എല്ലാ അമ്മമാർക്കും ജീവിതത്തോട് ചേർത്തുവായിക്കാവുന്നതാണ്.
ഉണ്ണീശോയെ അരുമയോടെ തോളിൽ കിടത്തിയുറക്കുന്ന മാതാവിന്റെ ഒരു പടമുണ്ട്.എനിയ്ക്കൊത്തിരി ഇഷ്ടമുള്ള ഈ പടം ചില ക്രിസ്മസ് കാർഡുകളിലൊക്കെ കണ്ടിട്ടുണ്ട്.ഈ പടത്തിൽ മാതാവിന്റെ മേലങ്കിയുടെ നിറം നീല. മേലങ്കിയ്ക്ക് മാത്രമല്ല ആ പടത്തിന് മൊത്തമുണ്ട് ഒരു വിഷാദനീല. പെന്റാടോണിക്സിന്റെ ഈ പാട്ടിനോട് ചേർത്തുവയ്ക്കാൻ തോന്നുന്നതാണ് എനിയ്ക്കീ പടം. അടികാണാൻപറ്റാത്തയത്ര ആഴമുള്ള ഒരു ഭാവമാണ് ഈ പാട്ടിനും മാതാവിന്റെ ആ പടത്തിനുമുള്ളത്
എൽവിസ് പ്രെസ് ലിയുടെ ‘ബ്ലൂ ക്രിസ്മസ്’ ഉം കേട്ട് പല്ലുതേയ്ക്കാനൊ കുളിയ്ക്കാനൊ ഭക്ഷണം കഴിയ്ക്കാനൊപോലും കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ കിടന്ന ക്രിസ്മസ് ഇന്നലെ കടന്നുപോയതുപോലെ.
കടന്നുപോയ എല്ലാ ക്രിസ്മസുകൾക്കുമുണ്ടായിരുന്നു ഓരോ രീതിയിലുള്ള ഭംഗി. ഓരോ വർഷംതോറും പുതിയ അലങ്കാരവസ്തുകൊണ്ട് നിറയുന്ന കിസ്മസ് ട്രീ പോലെയാണ് ജീവിതവും. ഓർമ്മകളും അനുഭവങ്ങളും സൗഹൃദങ്ങളുംകൊണ്ടു് തിളങ്ങി പ്രകാശിച്ചു നിൽക്കുമ്പോൾ അതിനെ തീവ്രമായി സ്നേഹിയ്ക്കയല്ലാതെ പിന്നെന്തുചെയ്യും.
ചിലവുപള്ളിയിൽ അവസാനിച്ച പാതിരാക്കുർബാന ഷിക്കാഗോയിൽ ഞങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ആദ്യകുർബാനയുടെ വെള്ളയുടുപ്പിട്ട കുഞ്ഞുമാലാഖമാരാൽ അനുഗതരായി ഉണ്ണീശോയെ പുൽക്കൂട്ടിൽ വയ്ക്കാൻ വരുന്ന പ്രദക്ഷിണം കാണുമ്പോൾ “ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്, ഇവിടെയാണ്” എന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നുന്നത്ര ഭംഗിയാണ് തോന്നുക.
പുൽക്കൂടും,ക്രിസ്മസ് റീത്തും, വല്യ ക്രിസ്മസ് ട്രീകളും ഒക്കെ നിറഞ്ഞ ആ തിളക്കങ്ങളിൽ മുങ്ങികിടക്കുമ്പോൾ കുർബാന തുടങ്ങുന്നതും കാണാം തീരുന്നതുംകാണാം.
എന്നാലും ‘ഇത്തവണത്തെ ക്രിസ്മസ് ഡെക്കറേഷൻ അത്ര പോരാ’ യെന്നും,
‘എത്രനേരം പ്രസംഗിച്ചാലും മതിവരാത്ത ഈ പിതാവിന് ഇരുന്ന് പ്രസംഗിയ്ക്കാൻ ആരാ കസേര കൊടുത്തത്?’ എന്നും നാലുകുറ്റം പറഞ്ഞില്ലെങ്കിൽ ഞങ്ങൾ ക്രിസ്ത്യാനികൾക്കെന്തു ക്രിസ്മസ്? എന്ത് ആഘോഷം?