ചൈനയിലേക്ക് നടത്താനിരിക്കുന്ന യാത്രയെപ്പറ്റിയുള്ള തയ്യാറെടുപ്പുകളും ചൈനയിലെത്തിയാല്‍ കാണേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളും ചൈനയെപ്പറ്റിയുള്ള സങ്കല്പങ്ങളും ചേര്‍ന്ന യാത്രാ പദ്ധതിയുടെ കുറിപ്പുകളാണ് സൂസന് സൊൻടാഗിന്റെ (Susan Sontag) “Project for a Trip to China” എന്ന ചെറുകഥ. ചൈനയെപ്പറ്റി എഴുത്തുകാരിയുടെ ഓര്‍മ്മയുടെ തുടക്കം ഒരു നുണക്കഥയായി തുന്നിച്ചേർത്തിരിക്കുന്നു. എഴുത്തുകാരി എഴുതുന്നു, “എന്റെ ആദ്യത്തെ കളവ് ചൈനയെപ്പറ്റിയായിരുന്നു. ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ സഹപാഠികളോട് പറഞ്ഞു. ഞാന്‍ ജനിച്ചത് ചൈനയിലാണെന്ന്. അവരത് വിശ്വസിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആ ബാല്യകാലനുണയ്ക് ഒരു ഗുണവശമുണ്ടായിരുന്നു. ചൈന യഥാര്‍ത്ഥത്തില്‍ ഉണ്ട് എന്ന് സഹപാഠികളെ ബോധ്യപ്പെടുത്താന്‍ അത് സഹായിച്ചു.
ചൈന ആര്‍ക്കും കടന്നുചെല്ലാവുന്നത്ര അടുത്താണെന്ന് അവളുടെ കുട്ടിക്കാല ബോധ്യങ്ങളിലൊന്നായിരുന്നു. ആ ബോധ്യത്താല്‍ പത്ത് വയസ്സുകാരിയായ അവള് വീടിന് പിന്‍ഭാഗത്ത് ആറടി വീതിയിലും നീളത്തിലും ഒരു കുഴികുഴിക്കാന്‍ തുടങ്ങി. ചൈനയിലേക്കുള്ള ആ തുരങ്കനിര്‍മ്മാണം അധികകാലം തുടരാനായില്ല. ആറടി ആഴത്തിലെത്തിയപ്പോഴേക്കും വീട്ടുടമസ്ഥന് കുഴി അപകടമാണെന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അത് മൂടണമെന്നും താക്കീത് നല്കി. കുഴി മൂടിയെങ്കിലും മൂന്ന് മാസം കഴിഞ്ഞ് അവള് അത് വീണ്ടും കുഴിക്കാനാരംഭിച്ചു. ഇപ്രാവശ്യം കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഇളകിയ മണ്ണ് എളുപ്പം പുറത്തെടുത്തു. താന്‍ ഉപയോഗിക്കാത്തപ്പോള്‍ കുഴിയില്‍ ഇറങ്ങിയിരിക്കുവാനുള്ള സമ്മതം നൽകിക്കൊണ്ട് അവള് അയല്‍ക്കാരായ ചില കുട്ടികളെ കുഴിയെടുക്കാന്‍ സഹായത്തിന് കൂട്ടി.
അമേരിക്കക്കാരിയായ സൊൻടാഗിന് ചൈന പലതായിരുന്നു. തനിക്ക് മുമ്പേ മാതാപിതാക്കള്‍ സന്ദര്‍ശിച്ച രാജ്യം, നിക്സണ് സന്ദര്‍ശിച്ച രാജ്യം, ചരിത്ര സ്മാരകങ്ങളുടെ ഭൂമിക, വൈവിധ്യമുള്ള ഭക്ഷണങ്ങളുടെ അടുക്കള, നദികളെപ്പറ്റിയും പാലങ്ങളെപ്പറ്റിയും നഗരങ്ങളെപ്പറ്റിയുമുള്ള അറിവില്‍ കോര്‍ത്തെടുത്ത സങ്കല്പങ്ങളുടെ നനവുള്ള മണ്ണ്. അങ്ങനെ സൊന്റാഗ് എല്ലാ ഓര്‍മ്മകളുടേയും സമാഹാരമായാണ് യാത്രാ പദ്ധതി തയ്യാറാക്കുന്നത്. കാണേണ്ട സ്ഥലങ്ങള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ അങ്ങനെ ഒരു യാത്രയില്‍ ഉറപ്പാക്കേണ്ടുന്ന പലതും അതിലുണ്ട്. കാരണം അവര്‍ കാണാത്ത സ്ഥലമാണ് ചൈന. ഗവൺമെന്റിന്റെ ക്ഷണത്താല്‍ അവിടേക്ക് യാത്രക്കൊരുങ്ങുന്ന എഴുത്തുകാരി തനിക്ക് ആദ്യമായി കിട്ടിയ ചൈനീസ് വസ്തു എന്താണെന്ന് ഓര്‍ത്തെടുക്കുന്നു. മെയ്ഡ് ഇന്‍ ചൈന എന്നെഴുതിയ ഒരു ഷൂ ആയിരുന്നു അവളുടെ ആദ്യ ചൈനീസ് സമ്പാദ്യം.
കേരളത്തിലെ ഒരു ഗ്രാമത്തിലെ എനിക്ക് എന്തായിരുന്നു ചൈന? അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചൈന എന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നു വന്നത്. സ്വര്‍ണ്ണ ക്യാപ്പുള്ള നീല ഹീറോ പേനയുടെ രൂപത്തിലായിരുന്നു ചൈനയുടെ വരവ്. ചൈനയില്‍ നിന്ന് സ്മഗ്ള് ചെയ്ത് വരുന്നതാണ് ഈ പേന എന്ന് അച്ഛന് അത് തരുമ്പോള്‍ കൂട്ടിച്ചേര്‍ത്തു. അത് കേട്ടപ്പോള്‍ പതിഞ്ഞ മുഖമുള്ള കുറേപ്പേര് ഹീറോ പേനകള്‍ നിറച്ച ചാക്കുകെട്ടുമായി മഞ്ഞുമൂടിയ ഹിമാലയം ഇറങ്ങി ഇന്ത്യയിലേക്ക് വരുന്നത് ഞാന്‍ സങ്കല്പിച്ചു. വിവസ്ത്രയായി മഷിപുരണ്ട് കിടക്കുന്ന പരന്ന നിബ്ബുകളോട് കൂടിയ മറ്റ് പേനകളില്‍ നിന്ന് വ്യത്യസ്തമായി അക്ഷരങ്ങളിലേക്ക് മാത്രം മഷിയുതിരാന് തയ്യാറായി നിൽക്കുന്ന നേര്‍ത്ത നിബ്ബോടുകൂടിയ ഹീറോ കാഴ്ചയില്‍ തന്നെ മനോഹരമായിരുന്നു.
അക്കാലത്ത് സ്കൂള്‍ കുട്ടികളിലേറെയും ഉപയോഗിച്ചിരുന്നത് വെള്ളനിറമുള്ള റെയ്നോള്‍ഡ്സ് പേനകളായുരുന്നു. മഷി പരന്നൊലിക്കാത്ത ബോള്‍ പോയന്റ് പേനകള്‍ മഷിക്കൊത്ത നിറമുള്ള തൊപ്പികളുമായി പുസ്തകങ്ങള്‍ക്കുമുകളില്‍ ഒഴുകി നടന്നു. എല്ലാ ദിവസവും മഷി നിറയ്കുകയും പരീക്ഷാ കാലത്ത് രണ്ടാമതൊരു പേന കുരുതുകയോ ചെയ്യേണ്ടാത്ത ബോള്‍ പോയന്റ് പേനകള്‍ ക്ലാസുകളില്‍ കൂടുതല്‍ സ്വീകരിക്കപ്പെട്ടപ്പോഴും ചൈനീസ് പേനയുടെ ധ്യാനനിമഗ്മമായ എഴുത്തുമായി മഷിപ്പേന ഞങ്ങളില്‍ ചിലരുടെ കൂടെ നടന്നു. പല രൂപത്തിലും നിറത്തിലുമുള്ള ബോള്‍ പോയന്റ് പേനകള്‍ ഒരു രാജ്യത്തിന്റെയും പ്രതിനിധികളായിരുന്നില്ല. റെയ്നോള്‍ഡ്സ് പേന ഒറിജിനലിനേക്കാള്‍ ഡ്യൂപ്ലിക്കേറ്റുകള്‍ മാര്‍ക്കറ്റില്‍ നിറഞ്ഞതിനാല്‍ വ്യക്തിത്വം നഷ്ടപ്പെട്ടവരായി അലഞ്ഞു നടന്നു. (ബോള്‍പോയന്റ് പേന കണ്ടുപിടിച്ച റെയ്നോള്‍ഡ് എന്ന അമേരിക്കക്കാരന് ആരംഭിച്ച ബ്രാന്റാണ് അതെന്ന് ഏറെ കഴിഞ്ഞാണ് അറിയുന്നത്. അപ്പോഴേക്കും ആ പേനകള്‍ ഒറിജിനല്‍ കിട്ടാനാവാത്തവിധം ഡ്യൂപ്ലിക്കേറ്റ് വൽക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.)
എന്റെ ചൈനയുമായുള്ള ബന്ധം പേനത്തുമ്പില്‍ നിന്നുതിര്‍ന്ന നേര്‍ത്ത മഷിപ്പാലമായിരുന്നെങ്കില് സോവിയറ്റ് യൂനിയനുമായുള്ളത് ഹൃദയം നിറഞ്ഞൊഴുകുന്ന നദിയായിരുന്നു. സോവിയറ്റ് നാട്ടില്‍ നിന്നെത്തിയ മികച്ച ബയന്റിങ്ങോട് കൂടിയ സചിത്ര പുസ്തകങ്ങള്‍ ഹൃദയത്തിലേക്കാണ് നേരിട്ട് കയറിയത്. ‘മായാലോകവും ‘കടലോരത്തെ ബാലനും’ ‘ചുക്കും ഗെക്കും’ തുടങ്ങിയ പുസ്തകങ്ങളും ടോള്‍സ്റ്റോയിയും ഡോസ്റ്റയവ്സ്കിയും ഗൊഗോളും തുടങ്ങിയ എഴുത്തുകാരും സ്കൂള്‍ പഠനകാലത്ത് ഞങ്ങള്‍ക്കായി കടല്‍കടന്നെത്തി. പുസ്തകങ്ങള്‍ പല ആവര്‍ത്തി മറിച്ചിട്ട് റഷ്യടെ ഗന്ധം ഞാന്‍ ആസ്വദിച്ചു. അതിന് പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. റഷ്യയിലെ കുട്ടികള്‍ എനിക്ക് പരിചിതരായിരുന്നു. ആ നാട്ടിലെ പ്രകൃതി പലവട്ടം കണ്ടതായിരുന്നു. അവിടുത്തെ സാങ്കേതികവിദ്യകള്‍ ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളാണെന്ന് ധരിച്ചിരുന്നു. ചൈനയില്‍ പോകണമെന്നോ അവിടം കാണണമെന്നോ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരു പേനയിലൂടെ ഒഴുകുയെത്തിന്ന നീല മഷിക്ക് ഒരു രാജ്യത്തെ കാണണമെന്ന് പ്രലോഭിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ സോവിയറ്റ് യൂനിയനില്‍ നിന്നിറങ്ങിയ പുസ്തകങ്ങള്‍ അവിടെ ജീവിക്കണം എന്ന് തോന്നിപ്പിച്ച പ്രലോഭനമായിരുന്നു.
സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിന് ശേഷം പുസ്തകങ്ങളുടെ വരവ് കുറഞ്ഞു. വിൽക്കാതെ വെച്ച വൃത്തിഹീനമായ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങി. പഴയത് വീണ്ടു വീണ്ടും വായിക്കേണ്ടുന്ന അവസ്ഥയായി. തിരുവനന്തപുരത്തെ ഗോര്‍ക്കി ലൈബ്രറിയില്‍ നിന്ന് കെട്ടുകണക്കിന് പുസ്തകങ്ങള്‍ ലോറിയില്‍ കയറ്റി ശിവകാശിയിലെ പടക്ക കമ്പനിയിലേക്ക് അയക്കുന്ന ചിത്രം പത്രത്തില്‍ വന്നത് കണ്ട് പൊട്ടിക്കരഞ്ഞുപോകുമെന്നായി. അത്രയും പുസ്തകങ്ങള്‍ വാങ്ങി വീട്ടിലെത്തിക്കാന്‍ അച്ഛനോട് പറഞ്ഞാലോ എന്ന് ചിന്തിച്ചു. അവയൊക്കെ വാങ്ങിവെക്കാന്‍ എത്ര പണം വേണ്ടി വരും. ആരെ കാണേണ്ടിവരും. ഉത്തരം കിട്ടാതെ സങ്കടപ്പെട്ടു. അടുത്ത വിഷുവുന് പൊട്ടിച്ചിതറിയ മാലപ്പടക്കത്തിലെ കടലാസുകള്‍ പരിശോധിച്ചു നോക്കി. ചുവന്ന റാപ്പറിനുള്ളില് നിന്നും റഷ്യന്‍ പുസ്തകങ്ങളുടെ സചിത്ര പേജുകള്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍. ഒന്നും കണ്ടെത്താനായില്ല. സോവിയറ്റ് യൂനിയനെപ്പോലെ ആ കടലാസുകളും പൊട്ടിത്തെറിച്ച് എന്നെന്നെത്തേക്കുമായി നഷ്ടപ്പെട്ടിരിക്കാം.
സോവിയറ്റ് യൂനിയന്‍ മനസ്സില്‍ ഇടക്കിടെ തികട്ടി വരുന്ന ഗതകാലസ്മരണയായിരുന്നെങ്കില് ചൈന നിരന്തരം വളരുന്ന ഭൗതിക സാന്നിധ്യമായിരുന്നു. വിലകുറഞ്ഞ കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും കൗതുകവസ്തുക്കളും മൊബൈല്‍ ഫോണുകളും ചൈനയില്‍ നിന്ന് അണപൊട്ടി ഇന്ത്യയിലാകെ പരന്നു. കച്ചവടസ്ഥാപനങ്ങളും ഉത്സവപ്പറമ്പുകളും റോഡരികുകളും ചൈനയില്‍ നിന്നെത്തിയ വിലകുറഞ്ഞതും ആകര്‍ഷണീയവുമായ ഉല്പന്നങ്ങള് കൊണ്ട് നിറഞ്ഞു. ചൈനയില്‍ നിന്നുള്ള വസ്തുക്കളുടെ ചാരമൂല്യം എന്റെ മനസ്സില്‍ ഹീറോ പേനകള്ക്കുണ്ടായിരുന്ന വജ്രമൂല്യത്തിന്റെ പ്രഭ ഇല്ലാതാക്കി. ചൈനീസ് ഉപകരണങ്ങള്‍ എന്റെ ജോലിസ്ഥലത്തേക്കും വ്യാപിച്ചു തുടങ്ങിയതോടെ അവയുടെ മൂല്യബോധത്തെപ്പറ്റിയുള്ള എന്റെ ധാരണകള്‍ മാറ്റം വന്നുതുടങ്ങി. ടെലികോം രംഗത്ത് അതുവരെയുണ്ടായുന്ന എന്‍.ഇ.സി, സിമെന്‍സ് അല്‍കാടെല്‍ തുടങ്ങിയ ജപ്പാന്, യൂറോപ്യന്‍ കമ്പനി ഉല്പന്നങ്ങള്ക്ക് പകരം ചൈനിസ് കമ്പനി ഉപകരണങ്ങള്‍ ഞങ്ങളുടെ നെറ്റ്വര്ക്കില് സ്ഥാനം പിടിച്ചുതുടങ്ങി. ചില കോണുകളില്‍ നിന്ന് നമ്മുടെ ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം കേട്ടുതുടങ്ങി. മുദ്രാവാക്യം വിളിക്കുന്നവര്‍ തന്നെ അതേ ഉൽപ്പന്നങ്ങളെ ഇന്ത്യന്‍ വിപണിയെ കീഴക്കാനുള്ള സൗകര്യംചെയ്തുകൊടുക്കുന്നതും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിരുദ്ധയുക്തിക്കിടയില് വിപണിയില്‍ ചൈന അതിന്റെ കരുത്ത് കാണിച്ചുകൊണ്ട് ഇന്ത്യന്‍ ജനതയെ മാനസികമായി കീഴ്പ്പെടുത്തുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉല്പന്നത്തിന്റെ വിലക്കുറവ് കാരണം പല ഇന്ത്യന്‍ കമ്പനികളും ചൈനീസ് ഉപകരണത്തിന് മുകളിലെ സ്റ്റിക്കര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
സൊൻടാഗ് കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”കഴിഞ്ഞ നൂറ്റാണ്ടിലെ കാൽപനികന്മാരെന്ന് വിളിക്കപ്പെടുന്നവര്‍ നടത്തിയ യാത്രകളൊക്കെയും പുസ്തകങ്ങളായി പുറത്തിറങ്ങി. ഒരാള്‍ റോം, ഏഥെന്‍സ്, ജെറുസലേം- അതിനപ്പുറവും- സഞ്ചരിച്ച് പുസ്തകങ്ങളെഴുതി. ഒരു പക്ഷെ ഞാനും ചൈനയെപ്പറ്റി പുസ്തകം എഴുതമായിരിക്കും, അവിടെ പോകുന്നതിന് മുമ്പെ.” സൂസന് സൊൻടാഗിന്റെ ഈ കഥവായിച്ചുകഴിഞ്ഞപ്പോള് ഒരിക്കല്‍ കൂടി ഓര്‍ത്തു. ചൈന എനിക്കെന്താണ് ?
ചൈന അതിര്‍ത്തിക്കപ്പുറത്തെ മറ്റൊരു രാജ്യം മാത്രല്ല. ചൈന പൗരാണിക സംസ്കാരത്തിന്റെ വേരുകളില്‍ വളര്‍ന്ന മറ്റൊരു സംസ്കാരം മാത്രമല്ല. ചൈന സാങ്കേതിവിദ്യകള്‍ക്ക് വിളനിലമായിരുന്ന പഴയൊരു ധൈഷണിക ലോകം മാത്രമല്ല. ചൈന തത്വചിന്തകളുടെ നാട് മാത്രമല്ല. അത് ഗ്രാമത്തിലെ എന്റെ വീട്ടില്‍ ഉൽപ്പന്നങ്ങള്‍ കൊണ്ട് വ്യാളീഹസ്തങ്ങള് പടര്ത്തിനില്കുന്ന രാജ്യങ്ങളിലൊന്നാണ്. അത് ഞാന്‍ സഞ്ചിരിക്കുമ്പോള്‍ എന്നോടൊപ്പം മൊബൈല്‍ ഫോണ്‍ തരംഗമായും ഞാന്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ യന്ത്രഭാഗങ്ങളായും ഞാന്‍ കഴിക്കാനിരിക്കുന്ന ഭക്ഷണത്തിലെ നിര്മ്മാണസംവിധാനമായും എന്നെ പിന്തുടര്ന്നുകൊണ്ടിരുക്കുന്നു. ഒരു പക്ഷെ ചൈന എനിക്ക് ഒരിക്കലും എഴുതിത്തീര്‍ക്കാനാവാത്ത ഒരു പുസ്തകമാണ്.
ഒന്നോര്‍ത്താല്‍ ആഗ്രഹങ്ങള്‍ കൊണ്ട് യാത്രാവിവരണം എഴുതാനാവുന്ന സൂസന് സൊൻടാഗിന്റെ അവസ്ഥ എത്ര നല്ലതാണ്. പുസ്തകം എഴുതുമ്പോഴും സഞ്ചരിക്കാനിരിക്കുന്ന രാജ്യം അവിടെയുണ്ടല്ലോ. ഞെട്ടിയുണര്‍ന്നപ്പോള്‍ എന്റെ സ്വപ്നരാജ്യം ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും മറ്റൊരു രാജ്യം എന്റെ ജീവിത യാഥാര്‍ത്ഥ്യത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യുന്നു. യാത്രാവിവരണം എഴുതാനാവാത്ത വിധം നഷ്ടപ്പെട്ടുപോയ ഒരു രാജ്യവും എന്നിലേക്ക് യാത്ര നടത്തുന്ന മറ്റൊരു രാജ്യവും ചേര്‍ന്ന് വിവരണങ്ങളൊക്കെയും അസാധ്യമായ ഒരു ലോകം എന്നില്‍ സൃഷ്ടിച്ചിരിക്കുന്നു.