scorecardresearch
Latest News

പായൽ മൂടിയ തടാകത്തിലെ നീലാകാശം

“കറുത്ത സ്കെച്ച് പെൻ കൊണ്ട് ഞങ്ങൾ ഇതു വരെ കാണാത്ത ഒന്നിലധികം കൈകളുള്ള ഭീകര രൂപികളുടെയും റോബോട്ടുകളുടേയും ചിത്രങ്ങൾ അവൻ മനോഹരമായി വരച്ചു. കാർട്ടൂൺ സിനിമകൾ ഉണ്ടാക്കുന്നവർക്കു കൊടുക്കാൻ പറ്റിയ വ്യത്യസ്തമായ ആശയമാണ് എന്ന് പറഞ്ഞ് ഞങ്ങൾ പ്രോത്സാഹിപ്പിച്ചപ്പോൾ അവന്റെ മുഖം ഒന്നു പ്രസന്നമായ പോലെ തോന്നി”

പായൽ മൂടിയ തടാകത്തിലെ നീലാകാശം

“Childhood is measured by sounds and smells and sights, before the dark hour of reason grows” – John Betjeman

ജർമനിയിലെ നാസി ഭരണകാലം. ബർലിനിലെ തെരുവുകളിൽ കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടന്ന ബ്രൂണോ എന്ന കുട്ടിയുടെ ജീവിതം മാറിമറിയുന്നത് പെട്ടെന്നാണ്. സൈനികനായ അച്ഛന് പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് സ്വന്തം വീടും കൂട്ടുകാരെയും വിട്ട് അച്ഛനോടും അമ്മയോടും ചേച്ചിയോടുമൊപ്പം നഗരപ്രാന്തത്തിലെ ജയിൽ പോലുള്ള ആ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ അവൻ ദു:ഖിതനായിരുന്നു. കൂട്ടുകാരോടൊപ്പമുള്ള സാഹസിക കളികൾ ഇഷ്ടപ്പെടുന്ന ബ്രൂണോക്ക് പുതിയ വീട് ഏകാന്തതടവറ തന്നെയായിരുന്നു.

വീട്ടിൽ പഠിപ്പിക്കാൻ വരുന്ന അദ്ധ്യാപകനോട് പുസ്തകം വായിക്കാൻ ഇഷ്ടമല്ലെന്ന് പറയുന്ന ബ്രൂണോക്ക് നിർബന്ധമായും വായിക്കാൻ പുസ്തകം ഏൽപ്പിക്കുന്നുണ്ട് അയാൾ. അതിൽ മനംമടുത്ത് വീടിന് പുറത്ത് പുതിയ വഴികൾ കണ്ടു പിടിക്കുകയായിരുന്നു, കൊച്ചു ബ്രൂണോ. ജനാലച്ചില്ല് നീക്കി വീടിനു പുറകു വശത്തെ പറമ്പിലേക്ക് ഇറങ്ങി കുറേ ദൂരം നടന്നാണ് കമ്പിവേലിക്കപ്പുറത്ത് നെടുകെ വരകളുള്ള പൈജാമയണിഞ്ഞ പുതിയ സുഹൃത്തിനെ അവൻ കണ്ടെത്തുന്നത്. അതിനും എത്രയോ മുൻപ് വീടിന് പുറകിലെ ആകാശത്തിൽ കറുത്ത പുക പടരുന്നത് കണ്ട് അവൻ അത്ഭുതപ്പെട്ടിരുന്നു! തുടർന്നുള്ള ദിവസങ്ങളിൽ നാസി തടവുകാരനായ ഷ്മുൾ എന്ന കുട്ടിയുമായി കമ്പി വേലിയുടെ മറുവശത്ത് നിന്ന് ബോൾ കളിക്കുകയും വീട്ടിൽ നിന്ന് ആരും അറിയാതെ ഭക്ഷണം കൊണ്ട് കൊടുക്കുകയും ചെയ്തു ബ്രൂണോ.

അച്ഛനെ കാണാനില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുന്ന ഷ്മുളിനെ സഹായിക്കാൻ കൂട്ടുകാരൻ കൊണ്ടു വന്ന പൈജാമയും ധരിച്ച് കോൺസെൻട്രേഷൻ കാമ്പിന്റെ ഭീകരമായ അകങ്ങളിൽ എത്തിപ്പെടുകയാണ് ബ്രൂണോ. അവിടത്തെ കാഴ്ചകൾ അവന് പുതിയ കാഴ്ചകളായിരുന്നു. വസ്ത്രങ്ങളെല്ലാം ഊരിവെച്ച്, ഒരിരുണ്ട മുറിയിലേക്ക് മറ്റു തടവുകാരോടൊപ്പം ഭയന്നു വിറച്ച ഇരുവരും പട്ടാളക്കാരാൽ നയിക്കപ്പെടുന്നു. ഉടനെ ആ മുറിയുടെ വാതിൽ അടയുകയും മുകളിൽ ഒരു ദ്വാരം തുറക്കുകയും ചെയ്യുന്നു. ആരോ അതിലൂടെ ഒഴിക്കുന്ന ദ്രാവകം പോലുള്ള ഒന്നിനൊപ്പം ആ ദ്വാരവും അടയുന്നു. ബ്രൂണോയെ അന്വേഷിച്ച് വരുന്ന അച്ഛനമ്മമാരുടെയും ചേച്ചിയുടേയും ഹൃദയഭേദകമായ നിലവിളിക്കു ശേഷം നാസി തടവുകാർ ഊരി വെച്ചു പോയ നെടുങ്കനെ വരയുള്ള പൈജാമകൾ കൂട്ടിയിട്ട മുറിയിൽ നിന്നും സൂം ഔട്ട് ചെയ്യുന്ന നിശ്ചലതയോടെയാണ് ‘The Boy in Striped Pyjamas’ (2008) എന്ന ഹോളോകോസ്റ്റ് സിനിമ അവസാനിക്കുന്നത്.savitha n, memories

കസവനഹള്ളിയിലെ ന്യൂക്ക് ലൈബ്രറിയുടെ പ്രൊജക്റ്റർ റൂമിലിരുന്ന് ഈ സിനിമ കാണുമ്പോൾ ഒമ്പതു വയസുകാരൻ മകനും അടുത്തുണ്ടായിരുന്നു. ചെറിയ കാര്യങ്ങൾക്ക് , വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, കുട്ടികളിൽ അനാവശ്യ പ്രതീക്ഷകൾ ചെലുത്തി ഞാൻ നിരാശപ്പെടാറുണ്ടായിരുന്നു. ഉദാഹരണത്തിന് കളിപ്രിയനായ മകന് വായനാശീലം തീരെ ഇല്ലെന്നത് എന്നെ ആകുലപ്പെടുത്തിയിരുന്നു. അവൻ പുസ്തകങ്ങൾ വായിച്ചു ചിരിക്കണമെന്നും കരയണമെന്നും ചിന്തിക്കണമെന്നും ആഗ്രഹിച്ചു, അവനെ വായന ശീലിപ്പിക്കാൻ ഇടക്കിടക്ക് ലൈബ്രറിയിൽ കൊണ്ടു പോവാറുണ്ടായിരുന്നു. അത് വിജയകരമാവാതെ ശനിയാഴ്ചകളിൽ പ്രൊജക്റ്റ് ചെയ്യുന്ന സിനിമ മാത്രം കണ്ട് ഞങ്ങൾ സന്തോഷിച്ചു പോന്നു. അങ്ങനെ ഒരിക്കൽ ആണ് അപ്രതീക്ഷിതമായി ബ്രൂണോയുടെ കഥ ഞങ്ങളെ കുറച്ചു നേരത്തേക്ക്പരസ്പരം ഉററു നോക്കാനാവാത്ത വിധം സ്തബ്ദരാക്കുന്നത്.

“ഇത് കുറച്ച് കടുപ്പമായി” എന്ന് ലൈബ്രേറിയൻ ശ്രീധറിനോട് സൂചിപ്പിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ അയാൾ പറഞ്ഞു. ” ശരിയാണ്. എങ്കിലും കുട്ടികൾ മനസിലാക്കണ്ടേ. അതിൽ മനുഷ്യ സമത്വത്തിന്റെ അനിർവ്വചനീയമായ ഒരു സന്ദേശം ഉണ്ട്.”

അന്നു രാത്രി പതിവില്ലാതെ മകൻ എന്നോടൊപ്പം ഉറങ്ങാൻ വന്നു.
“എങ്കിലും എന്തിനാ അമ്മേ ബ്രൂണോ അതിനുള്ളിലേക്ക് പോയത്?” അവൻ ചോദിച്ചു. ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല.

രാത്രി ഏറെ കഴിഞ്ഞും ഞങ്ങൾ പരസ്പരം ചേർന്നു കിടന്ന് തേങ്ങലടക്കി കൊണ്ടിരുന്നു. അതോടു കൂടെ ന്യൂക്ക് ലൈബ്രറിയിലേക്കുള്ള ഞങ്ങളുടെ വായനാ നടത്തങ്ങൾക്ക് പരിസമാപ്തിയായി. അവനെ ചൊല്ലിയുള്ള എന്റെ വായനാ ആധികളും ആകുലതകളും പിന്നെയും കൂടി വന്നു. സമാന പ്രായക്കാരായ കുട്ടികൾ വായിക്കുന്ന പുസ്തകങ്ങൾ കണ്ടു പിടിച്ച് അവനെ പ്രചോദിപ്പിക്കാൻ ശ്രമിക്കുകയും കുട്ടികളെ വായന ശീലിപ്പിക്കാനുള്ള സെൽഫ് ഹെൽപ്പ് പുസ്തകങ്ങളിൽ ഞാൻ മുഴുകുകയും ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല.savitha n, memories

“അമ്മയ്ക്കറിയില്ലേ, ഞാൻ മറ്റുള്ളവരെ പോലെ അല്ല. എനിക്ക് ഇരുന്ന് വായിക്കാൻ ഇഷ്ടമില്ല, കളിക്കാനാണിഷ്ടം” എന്ന് പറഞ്ഞ് ഫുട്ബോളുമെടുത്ത് പുറത്ത് പോവുന്ന അവനെ നോക്കി ഞാൻ വിഷണ്ണയായി നിന്നു.

അങ്ങിനെ ഒരിക്കലാണ് ഒരു ബംഗാളി കുടുംബം ഞങ്ങളുടെ സുഹൃത് വലയത്തിലേക്ക് വരുന്നത്. ഒരു മഴ വന്നാൽ തോടാവുന്ന ബെംഗളൂരു റോഡും ട്രാഫിക് ബ്ലോക്കും പ്രതിബന്ധമായി കരുതാതെ വളരെ ദൂരെ നിന്ന് വാരാന്ത്യ സന്ദർശനത്തിന് എത്തിയതായിരുന്നു ബികാഷ് ദാസും കുടുംബവും. ഭക്ഷണ പ്രിയരായ അവർക്കു വേണ്ടി പ്രത്യേകം ഒരുക്കിയ പുട്ടും കടലയും പരിപ്പു പ്രഥമനും ആസ്വദിച്ച് ഗായകനായ ബികാഷ് ഊണ് മേശമേൽ താളം പിടിച്ചു.

“രിം ഛിം രിം ഛിം സാവൻ….” കണ്ണുകൾ അടച്ചു ,തല ഒരു വശത്തേക്ക് ചരിച്ച്പിടിച്ച് അയാൾ പാടുമ്പോൾ ഞങ്ങൾ മറ്റേതോ ലോകത്തായിരുന്നു.

മധുശ്രീ ദാസ്, ഉയരം കുറഞ്ഞ് തടിച്ച ശരീര പ്രകൃതിയുള്ള സ്ത്രീയാണ്. ആധുനിക രീതിയിലുള്ള ലളിതമായ വേഷം. ഉളളു തുറന്ന സംസാരം, ലോകത്തിലെ എല്ലാ വിഷയത്തേക്കുറിച്ചും അവർക്ക് അഭിപ്രായമുണ്ട്. ഓരോ വിഷയങ്ങൾ ഉറക്കെയുറക്കെ സംസാരിച്ച് അവർ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നപ്പോൾ, കൺമഷിയെഴുതിയ വിടർന്ന കണ്ണുകളിൽ സമുദ്രം അലയടിക്കുന്ന പോലെ തോന്നി. പത്തു വർഷത്തെ കഠിനമായ കോർപ്പറേറ്റ് ജീവിത കഥകൾ, ജോലി ഉപേക്ഷിച്ചതിന് ശേഷം വീണ്ടെടുത്ത വായന, കൊൽക്കത്തയിലെ പൂട്ടിക്കിടക്കുന്ന വീട്ടിലെ വിശാലമായ ബുക്ക് ഷെൽഫിൽ നിന്നും കൊണ്ടു വരാൻ കഴിയാതിരുന്ന പുസ്തകങ്ങൾ എന്നിങ്ങനെ സംഭാഷണം നീണ്ടു പോയി.

ഞാൻ അവരിൽ നിന്നു കണ്ണെടുക്കാതെ കേട്ടു കൊണ്ടെയിരുന്നു. ചില ബന്ധങ്ങൾ അങ്ങിനെയാണ് . ആദ്യം കാണുമ്പോഴെ നമ്മുടെ ഉള്ളിലെ ഇതു വരെ അറിയപ്പെടാത്ത ഏതോ ഭാഗം കണ്ടു പിടിച്ച് പുണരുന്ന പോലെ തോന്നും!

അതിനിടയിൽ ടുവാൻ എന്ന പത്തു വയസുകാരൻ ഒരേ ചോദ്യം തന്നെ പല തവണ ആവർത്തിച്ചു കൊണ്ട് വന്നു. മധുശ്രീ അവനെ ഉറക്കെ ശകാരിച്ചു. ഓട്ടിസം ബാധിച്ച ടുവാന്റെ പഠനത്തിന് വേണ്ടിയാണ് ബികാഷും കുടുബവും കൊൽക്കത്തയിൽ നിന്ന് ബെഗളുരൂവിൽ എത്തിയത്. എന്റെയുള്ള് കനത്തിരുന്നു. അറിഞ്ഞിട്ടെന്നവണ്ണം മധുശ്രീ പറഞ്ഞു.

“സവിത, അവന് സഹതാപമല്ല ആവശ്യം. ഒരു സാധാരണ കുട്ടിയുടെ നിലയിലേക്ക് അല്പമെങ്കിലും ഉയരാനുള്ള സഹായം ആണ്. അതിന് പറ്റിയ സ്ക്കൂൾ ആണ് അവന് ഇപ്പോൾ കിട്ടിയിരിക്കുന്നത്,” മധുശ്രീ സ്കൂളിനെ കുറിച്ചും ഓട്ടിസം ബാധിച്ച കുട്ടികളുടെ സവിശേഷതകളെ കുറിച്ചും വാചാലയായി.

ചുമരിൽ തൂക്കിയിട്ട അർത്ഥമില്ലാത്ത ചിത്രങ്ങൾ നോക്കി ഇതാരു വരച്ചതാണെന്ന് ടുവാൻ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു. ഉച്ചത്തിൽ മനസിലാക്കാനാവാത്ത എന്തൊക്കെയോ പറഞ്ഞ് വാശി പിടിച്ചു. കുട്ടികൾ ഒന്നമ്പരന്നു. അതിശയമെന്ന് പറയട്ടെ, അവർ ഉള്ളിലെ മുറികളിൽ പോയിരിക്കുകയോ ഞങ്ങളുടെ പിറകിൽ ഒളിക്കുകയോ ചെയ്തില്ല. നാല് വയസുകാരി അവളുടെ വരപ്പുസ്തകങ്ങളും കളർ പെൻസിലുകളും കൊണ്ടു വന്ന് ടുവാനുമായി പങ്കിട്ടു വരക്കാൻ തുടങ്ങി. പക്ഷെ, ടുവാന് വേണ്ടത് വെള്ള കടലാസുകൾ ആയിരുന്നു. അതിൽ കറുത്ത സ്കെച്ച് പെൻ കൊണ്ട് ഞങ്ങൾ ഇതു വരെ കാണാത്ത ഒന്നിലധികം കൈകളുള്ള ഭീകര രൂപികളുടെയും റോബോട്ടുകളുടേയും ചിത്രങ്ങൾ അവൻ മനോഹരമായി വരച്ചു. കാർട്ടൂൺ സിനിമകൾ ഉണ്ടാക്കുന്നവർക്കു കൊടുക്കാൻ പറ്റിയ വ്യത്യസ്തമായ ആശയമാണ് എന്ന് പറഞ്ഞ് ഞങ്ങൾ പ്രോത്സാഹിപ്പിച്ചപ്പോൾ അവന്റെ മുഖം ഒന്നു പ്രസന്നമായ പോലെ തോന്നി.savitha n, memories

പല വീടുകളിലായി ഇടക്കിടക്ക് കുടുംബ സുഹുത്തുക്കളുടെ ഒത്തു ചേരലുകൾ പതിവായി ഉണ്ടാവാറുണ്ട്. അതിലെല്ലാം ബികാഷും മധുശ്രീയും ടുവാനും സജീവ സാന്നിദ്ധ്യമായി. സമപ്രായക്കാരോടു കൂട്ടു കൂടാതെ അവൻ നാലു വയസുകാരിയുടെ കൂടെ പുതിയ കളികൾ കണ്ടുപിടിച്ചു കളിച്ചു. ഇഷ്ടപ്പെട്ട പാട്ടുകൾ വെച്ച് അവളോടൊപ്പം ചുവടു വെച്ചു. ഓരോ തവണയും ചെറിയ ചെറിയ മാറ്റങ്ങൾ അവനിൽ പ്രകടമായിരുന്നു.

ദീപാവലിയോട് അനുബന്ധിച്ചുണ്ടായ ഒത്തു കൂടൽ ടുവാന്റെ വീട്ടിൽ വെച്ചായിരുന്നു. ഞങ്ങളെ വാതിൽക്കൽ കണ്ട മാത്രയിൽ ടുവാൻ സന്തോഷത്തോടെ ഓടി വന്നു കുട്ടികളോട് പറഞ്ഞു, “You have grown up!” ഞങ്ങൾ അവനെ കെട്ടിപ്പിടിച്ച്, അവന്റെ മുറിയും വരച്ച ചിത്രങ്ങളും സന്ദർശിച്ച് സ്നേഹം പങ്കു വെച്ചു. ഇത്തവണ അവൻ സമപ്രായക്കാരോടൊപ്പം നീന്തൽ കുളത്തിൽ നീന്താൻ പോവാൻ തയ്യാറായിരുന്നു. അവൻ കുറച്ചു ദൂരം നീന്തി തളരുമ്പോൾ മറ്റു കുട്ടികൾ കൂടെ വന്നു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് ഒട്ടൊരു അത്ഭുതത്തോടെയാണ് മുതിർന്നവർ നോക്കി കണ്ടത്.

ബംഗാളി ഭക്ഷണവും മധുര പലഹാരങ്ങളും സ്വന്തമായി ബേക്ക് ചെയ്ത കേക്കും വിളമ്പി മധുശ്രീയും ബികാഷും നല്ല ആഥിതേയരായി. ഗിത്താറും തബലയും പഴയ ഹിന്ദി ഗാനങ്ങളുമായി സന്ധ്യ സംഗീത സാന്ദ്രമായി. ദീപാലംകൃതമായ നഗരത്തിന്റെ ബാൽക്കണിക്കാഴ്ചയിൽ ഞങ്ങൾ അമ്മ വർത്തമാനങ്ങളിൽ മുഴുകി.

“ടുവാൻ വളരെ ഇംപ്രൂവ് ആയിട്ടുണ്ട്. പുതിയ സ്കൂൾ ഫലിച്ചിട്ടുണ്ട്. ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്, നമ്മുടെ ഓരോ ഒത്തു കൂടലിലും,” ഞാൻ പറഞ്ഞു.

പച്ച പായൽ മൂടിയ തടാകത്തിനു മുകളിലെ നീലാകാശം ഉറ്റു നോക്കി മധുശ്രീ ഉള്ളു തുറന്നു ചിരിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

കൊച്ചു കൊച്ചു അനാവശ്യ സങ്കടങ്ങളിൽ മധുശ്രീയുടെ ചിരി ഓർമ വരും. എന്റെ നിരാശകളും പ്രതീക്ഷാ തകർച്ചകളും അതിനു മുന്നിൽ ഒന്നുമല്ലാതാവും. കുട്ടികൾ പങ്കുവെയ്ക്കുന്ന നിഷ്കളങ്കവും നിരുപാധികവുമായ സ്നേഹമോർത്ത് ഉള്ളു നിറയും. അപ്പോഴൊക്കെ ചിറകുകളിൽ നിറച്ച അമിതമായ ആഗ്രഹങ്ങൾ വെടിഞ്ഞ് ഞാനൊരു തൂവൽ പോലെ കനമില്ലാത്തവളാകും.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Children with autism parenting