“കനല്‍ക്കുന്നില്‍ ചേക്കേറി കനല്‍ക്കണ്ണും
തുറിച്ചും കൊണ്ടറുകൊല തീപ്പക്ഷിയലറി
കുത്തിച്ചുട് ..കുത്തിച്ചുട് ..കുത്തിച്ചുട് …”
കളിയാട്ടം സിനിമയിലെ കൈതപ്രത്തിന്റെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഈ വരികള്‍ക്ക് ശേഷം അസ്വസ്ഥതയോടെ ചെന്നെത്തുന്ന പഴയ ചില രാത്രികളുണ്ട് .ഞങ്ങള്‍ മണ്ണെണ്ണ വിളക്കെല്ലാം അണച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴാകും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അച്ഛന്റെ അമ്മായി അംബുജം വന്ന് വാതിലില്‍ മുട്ടുന്നത് . പ്രരിഭ്രാന്തിയോടെ അവര്‍ വിളിക്കും .
” ഡാ കതക് തുറക്കടാ .. ”
ഇരുട്ടില്‍ തീപ്പെട്ടി തപ്പി കണ്ടുപിടിച്ചു വാതില്‍ തുറക്കാന്‍ അല്‍പ്പസമയം വേണ്ടിവരും .അതിനിടയില്‍ അംബുജം വീണ്ടും കതകില്‍ മുട്ടും. അപ്പോഴാണ് അവരുടെ ഉള്ളിലെ തിടുക്കവും പേടിയും വീടിനുള്ളിലുള്ള എല്ലാവരിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന സമയം. വാതില്‍ തുറന്ന് വിളക്കിന്റെ മഞ്ഞ വെളിച്ചം പുറത്തെ ഇരുട്ടില്‍ തലവഴി പുതപ്പ് മൂടി അല്പം മുന്‍പോട്ടു കുനിഞ്ഞു നില്ക്കുന്ന ആ വൃദ്ധയെ അകത്തേയ്ക്കെടുക്കും.
“എന്താ .. എന്നാ പറ്റി?” അച്ഛന്റെ ശബ്ദത്തില്‍ ഉറക്കം മുറിഞ്ഞ നീരസം ഉണ്ടാവും .
“ഞാന്‍ കൊറേ നേരം മാറും മാറും എന്ന് കരുതി ഇരുന്നു .. പക്ഷെ .. എത്ര നെരായെന്നറിയാമോ ആ കെണറ്റും കരയിലെ റബറുമരത്തില് ഇരുന്നു കൂവുന്ന് …”
എന്താ … ഞാന്‍ മുന്നിലേക്ക് വരും
കുട്ടികളോട് പറയാമോ എന്ന മട്ടില്‍ അംബുജം മുതിര്‍ന്നവരെ നോക്കി നിശബ്ദവും പിന്നെയും ഞാന്‍ ചോദ്യം ആവര്‍ത്തിക്കുമ്പോ റബര്‍ മരത്തിലിരുന്നു കൂവിയ ആളുടെ പേര് അവര്‍ പേടിയോടെ പറയും .
“കൂവക്കാടന് …”
ഞങ്ങളെല്ലാവരും ഇരുട്ടില്‍ കാതോര്‍ക്കും . ഉണ്ട് കൂവുന്നുണ്ട് . പേടിച്ചെന്റെ കണ്ണ് നിറയും .ചേച്ചിമാര് അമ്മയെ രണ്ടു വശത്തുനിന്നും പൊതിയും .ഇതൊക്കെ കണ്ട് അച്ഛന് പിന്നെയും അമ്മായിയോട് കോപിക്കും . ” നിങ്ങളൊരുമാതിരി.. പിള്ളേരെ പേടിപ്പിക്കാന്‍ .. അവന് വന്നില്ലേ?”
“ആ കാലന് ഇതുവരെ വന്നില്ല ..അതല്ലേ ഞാന്‍ ഇങ്ങോട്ട് പോന്നത് .. ഒരാള്‍ വീട്ടില്‍ ഒറ്റയ്ക്ക് ആണെന്ന ബോധം പോലും അവനില്ല .. അംബുജത്തിന്റെ നാല് പെണ്മക്കളെ കെട്ടിച്ചു വിട്ടതില്‍ പിന്നെ അമ്മയും മകനും മാത്രമാണ് വീട്ടില്‍. അമ്മാവന് മരിച്ചു പോയിരുന്നു. മകന് എന്നും വൈകിയാണ് വരാറ്.”
അവരുടെ ഒറ്റയ്ക്കുള്ള രാത്രികളെ പേടിപ്പിക്കാനാണ് പലപ്പോഴും കൂവക്കാടന് എത്തിയത് .രാത്രികാലങ്ങളില്‍ മരണം അടുത്തുണ്ടായിട്ടുണ്ട് ..അല്ലെങ്കില്‍ ഉടനെ ഒരു മരണം ഉണ്ടാകും ..അതുമല്ലെങ്കില്‍ കാലന് ആരുടെയോ ജീവനെടുക്കാന്‍ വന്നിട്ടുണ്ട് എന്നൊക്കെ അറിയിക്കാന്‍ വേണ്ടിയാണത്രേ കൂവക്കാടന് കൂവുന്നത് .കൂവക്കാടന് കൂവിയ രാത്രി പുലരുന്നത് ഒരു മരണ വാര്‍ത്തയുമായിട്ടാണ്. അത് തെറ്റിയിട്ടില്ലെന്നു അവരുടെ എഴുപതിനു മേല്‍ വര്‍ഷത്തെ ജീവിതം ഉറപ്പിച്ചു പറയുന്നു.
അച്ഛന് അകത്തേക്ക് മടങ്ങുമ്പോ അമ്മ അംബുജത്തിനോട് ഇരിക്കാന്‍ പറയും. കൂടെ ഞങ്ങളും. അവര്‍ വീണ്ടും ഇരുട്ടിലേക്കും വീട്ടിലേക്കും ഇടവഴിയിലേയ്ക്കും നോട്ടം പായിച്ചു കൂടുതല്‍ അസ്വസ്ഥയാകും. കാലന് എത്തിയതരിയുന്നു. മകന് വീട്ടില്‍ എത്തിയിട്ടില്ല.
അങ്ങനെയൊക്കെയും വിചാരങ്ങള്‍ പോവുന്നുണ്ടായിരിക്കും. അവര്‍ തമ്മില്‍ കണ്ടു മുട്ടുമോ ..? എന്തെങ്കിലും അപകടം ഉണ്ടാകുമോ ..?ചിലപ്പോ അവര്‍ പൊട്ടി കരഞ്ഞിട്ടു പോലുമുണ്ട്.ആ വിഷയം മാറ്റാന്‍ അമ്മ പറയും. “തെക്കേ ചിറയിലെ ഭാവാനിയമ്മ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടപ്പിലാണ് ..അവരെങ്ങാനും …”
“ആണേല്‍ നന്നായേനെ .. എത്ര നാളായിട്ട് കിടന്നു നരകിക്കുന്നു … അതിനൊക്കെ കാര്യമൊണ്ട് .. അവനവന് ചെയ്യുന്നത് അനുഭവിക്കാതെ ആരേം മോളിലോട്ട് എടുക്കില്ല …”. അംബുജത്തിന്റെ മുഖത്തെ ചുളിവുകളില്‍ ഒരു പ്രതികാരം ചുരുണ്ട് നിവരും.
“പണ്ട് ദാരിദ്രം കൊണ്ട് കഞ്ഞിവെക്കാന്‍ പോലും പറ്റാത്ത അവസ്തേല് ..ഞാനാ പാടത്തെ കൈതേന്നു കൊറച്ച് ഓല വെട്ടി പാ നെയ്ത് കാശാക്കാം എന്നും വെച്ച് ചെന്നപ്പോ അവരെന്നെ ആട്ടി പായിച്ചതാ …”
സംസാരം കുശുമ്പിലേയ്ക്കും കുന്നായ്മയിലേയ്ക്കും കൂപ്പ് കുത്തുമ്പോ ഞാന്‍ ഇടപെടും .” കൂവക്കാടനെ കാണാന്‍ പറ്റുമോ അമ്മായീ … ”
“ഞാനിത് വരെ അതിനെ കണ്ടിട്ടില്ല ..ഇപ്പോഴൊക്കെ കുറവാണ് എന്ന് വേണം പറയാന്‍ .. പണ്ട് കാലത്ത് എന്റെ ചെറുപ്പത്തിലൊക്കെ രാത്രിയായാ ഇതിന്റെ കൂവ് കേക്കുമ്പോ ആള്‍ക്കാര്‍ക്ക് പേടിയാ .. അന്ന് പട്ടാളം ഇറങ്ങുന്ന കാലാ ..നമ്മുടെ ആള്‍ക്കാരൊക്കെ വാരി കുന്തം ഒക്കെ ഉണ്ടാക്കി ഓരോ സ്ഥലത്ത് കൂടിയിരിക്കും .ഒരു വീട്ടിലും ആണുങ്ങള് ഒണ്ടാകില്ല ..പെണ്ണുങ്ങളും പിള്ളാരും ഒറ്റക്ക് ഇരിക്കുമ്പഴാ കൂവക്കാടന് കൂവുന്ന ഒച്ച കേക്കുന്നത് … ” കുത്തിച്ചുട് ..കുത്തിച്ചുട് ” എന്നാ അത് കൂവുന്നത് .അ പ്പ നെഞ്ചീ തീയാ … പട്ടാളത്തിന്റെ തോക്കിന് മുന്നീ വാരിക്കുന്തോം കൊണ്ട് ചെല്ലുന്നോരുടെ കാര്യം പറയണോ … എത്ര എണ്ണമാ ചാകുന്നത് … കൊളത്തിലൊക്കെ അടുക്കി മൂടിയിട്ടൊക്കെ ഒണ്ട് …”
പിറ്റേന്ന് രാവിലെ മുറ്റമടിക്കുന്ന ചൂലിന്റെ മൂട് ഇടത് കയ്യിന്റെ ഉള്ളില്‍ തട്ടി ലെവല്‍ വരുത്തിക്കൊണ്ട് അംബുജാക്ഷി വീട്ടില്‍ വരും .” ഞാനെന്ത് പറഞ്ഞ് .. അറിഞ്ഞാ രാഘവന് പണിക്കന് ഇന്നലെ പാതി രാത്രി ചത്തെന്നു … ഒരു വശം തളന്നു കെടപ്പാരുന്നു …. ” പണിക്കന് മരിച്ച വാര്‍ത്തയില്‍ മുഴച്ചു നിന്നത് ഇന്നലെ കൂവക്കാടന് സൂചന തന്നത് വെറുതെയല്ല എന്ന ബോധിപ്പിക്കല്‍ ആയിരുന്നു.
അമ്മയും പറയും കൂവക്കാടന് കൂവിയ മരണ രാത്രികളെ കുറിച്ച്, അമ്മയുടെ അമ്മ കുട്ടിയമ്മ പറയുന്നത് . “എന്നൊക്കെ ആള്ക്കാര് പറയും .. പക്ഷിക്ക് പിന്നെ കൂവണ്ടേ … ചുമ്മാ ഓരോ കഥ ഉണ്ടാക്കുന്നതാ ” പക്ഷെ ആ പുരോഗമന ചിന്തയേക്കാള് എനിക്കിഷ്ടം കേട്ട് പേടിച്ചു കണ്ണ് നിറയ്ക്കാന്‍ പാകത്തില്‍ കിട്ടുന്ന പഴങ്കഥകള്‍ ആയിരുന്നു.കൂവക്കാടന്റെ ലിസ്റ്റില്‍ വരുന്ന വേറെ ഒരു കഥാപാത്രമാണ് ഈനാംപേച്ചി . ആ ജീവി രാത്രിയില്‍ മുറ്റത്തെ മരങ്ങളില്‍ വന്നിരുന്നു മാന്തും. ആ മാന്തലില്‍ തൊലി പോകുന്നത് അടുത്ത വീട്ടില്‍ ഉറങ്ങി കിടക്കുന്ന ചിലരുടെയാണ്. ഗര്‍ഭിണികളെ ആണ് പ്രത്യേകം അത് തിരഞ്ഞു പിടിക്കുന്നത് എന്ന് അനുബന്ധം. പിന്നെ ഉള്ളത് വൈദ്യുതിയും ടിവിയും കേബിള്‍ നെറ്റ് വര്‍ക്ക് വല വിരിക്കാത്ത തെളിഞ്ഞ ആകാശമുള്ള പഴയ രാത്രികളില്‍ പാഞ്ഞു പോകുന്ന വെള്ളി വെളിച്ചം ആണ് .അത് ഞാനും പലവട്ടം കണ്ടിട്ടുണ്ട് .അത് കണ്ടാല്‍ ഒന്നുകില്‍ കണ്ണ് കഴുകണം . അല്ലെങ്കില്‍ പാലുള്ള വൃക്ഷത്തില്‍ നോക്കണം ..പാലുള്ള വൃക്ഷം എന്നാല്‍ വെട്ടിയാല്‍ പാലൊഴുകുന്ന പ്ലാവ്, റബര്‍ അതൊക്കെ .. എന്നാണു അംബുജം പറഞ്ഞിട്ടുള്ളത് . ഞാന്‍ അങ്ങനെയൊക്കെ ചെയ്തിട്ടുമുണ്ട്. അത് ചുണ്ടില്‍ മാണിക്കവും കൊത്തി പറക്കുന്ന നാഗമാണ് എന്നും പറയുന്നുണ്ട് .
ഇതൊക്കെ ചുമ്മാ ഓരോ അന്ധവിശ്വാസങ്ങള്‍ ആണ് എന്ന് ഉള്ളില്‍ ഒരാള്‍ നേര്‍വര വരക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഒരറ്റം അയച്ചു വളച്ചു പുളച്ച് ആ പഴം കഥകളുടെ ഇടുങ്ങിയ വേലിക്കുള്ളിലൂടെ പേടിച്ചോടാന്‍ എനിക്കിഷ്ടമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook