scorecardresearch

കനകാംബര പൂവിന്‍റെ ഓര്‍മ്മയ്ക്ക്‌

“വര്‍ഷങ്ങള്‍ കടന്നു പോയി. ചുവന്ന പൊട്ടുകള്‍ എന്നെയും പട്ടുപാവാടയുടുപ്പിച്ചു. നീല ഹാഫ് പാവാട ഫുള്‍ പാവാടയായി. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന കടമ്പയായ പത്താം ക്ലാസ്സിലേക്ക് ആകുലതകളും പ്രതീക്ഷകളുമായി ഞങ്ങളോരോരുത്തരും കാലെടുത്തു വച്ചു. ഒരാളൊഴികെ!”

കനകാംബര പൂവിന്‍റെ ഓര്‍മ്മയ്ക്ക്‌

‘പാഡ്‌മാൻ ചാലഞ്ച്’ നിറഞ്ഞു നിന്നിരുന്നു ഈയടുത്ത് ഫെയ്‌സ്‌ബുക്കില്‍. മെഡിക്കല്‍ ഷോപ്പില്‍ നിന്നും അതീവ രഹസ്യമായി ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞു കടത്തിയിരുന്ന “ബ്രഡ്” കഷ്ണം കുപ്പായമൂരി ഫൊട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങുന്നത് വലിയൊരു വിപ്ലവം തന്നെയാണ്. വാതില്‍ മറയില്‍ നിന്നും പുറപ്പെട്ട് ഓരോരോ ചില്ലു മേല്‍ക്കൂരകള്‍ തകര്‍ക്കുമ്പോഴും ഉള്‍ക്കൊള്ളാനാവാത്ത ചില നൊമ്പരങ്ങള്‍ ഉള്ളിലിരുന്നു വിങ്ങാറുണ്ട്. അവകാശങ്ങള്‍ പിണങ്ങിപ്പോയ എന്‍റെ കനകാംബര പൂവിനെ പോലെയുള്ള ചില വിങ്ങലുകള്‍.

ഹാഷ് ടാഗുകളും ചാലഞ്ചുകളും ഒക്കെ ആയി ആകെ തിരക്കു പിടിച്ച ഇന്ത കാലം അല്ല. ദിവസങ്ങള്‍ ശരത്‌കാലത്തിലെ പൂക്കള്‍ പോലെ മൃദുവായി കൊഴിഞ്ഞു പോകുന്ന അന്ത കാലം. കുട്ടിക്കാലം. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കോണ്‍വെന്റ് എല്‍. പി. സ്കൂളിലാണ് ഞാന്‍ നഴ്സറി മുതല്‍ നാലാം ക്ലാസ് വരെ പഠിച്ചത്. സ്കൂള്‍ കെട്ടിടവും കോണ്‍വെന്റും ചെറിയൊരു കളിസ്ഥലവും ഉള്ള ഒരു കൊച്ചു സ്കൂള്‍. പൂന്തോട്ടത്തിന്‍റെ നടുവില്‍ മാതാവിന്‍റെ രൂപം. സ്കൂളിനോട് ചേര്‍ന്ന് ഇളം നിറത്തിലുള്ള കര്‍ട്ടനുകളും റോസാപൂക്കളും മെഴുകുതിരികളും വച്ചലങ്കരിച്ച മനോഹരമായ ചാപ്പല്‍. ആ സ്കൂളിലെ ഒന്നാം ക്ലാസ്സില്‍ വച്ചാണ് അവളെ ഞാന്‍ ആദ്യം കാണുന്നത്. എന്നെ പോലെ ഗുണ്ടുവായ, നടക്കുമ്പോള്‍ പാദസരങ്ങള്‍ ചില്‍ ചില്‍ ഒച്ച കേള്‍പ്പിക്കുന്ന, മലയാളം സംസാരിക്കുന്ന ഒരു തമിഴത്തി കുട്ടി. ഒരു വശത്തേക്ക് ചരിച്ച് വകഞ്ഞ്, നീളമുള്ള മുടി രണ്ടു വശവും മെടഞ്ഞ് മടക്കിക്കെട്ടി നിറയെ കനകാംബരം വച്ചാണ് അവള്‍ എന്നും സ്കൂളില്‍ വരിക. മുത്തുമണികള്‍ ചിതറുംപോല്‍ എപ്പോഴും ചിരിക്കുന്ന, നിര്‍ത്താതെ സംസാരിക്കുന്ന കിലുക്കാംപെട്ടി പോലെയുള്ള ഒരു കുട്ടി. ബിസിനസ്‌ ആവശ്യങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തിരുന്നവരാണ് എന്നു മാത്രമേ അന്നും ഇന്നും എനിക്കവളെക്കുറിച്ചറിയൂ. ഞാന്‍ അവള്‍ക്കു ചിത്ര എന്ന് പെരിടട്ടെ. സ്കൂളിലെ സീനിയേഴ്സ് ആയ നാലാം ക്ലാസ്സുകാര്‍ ആകുമ്പോഴേക്കും അനിയന്‍റെ കൈ പിടിച്ച് സ്കൂളില്‍ വരുന്ന ഉത്തരവാദിത്വമുള്ള ചേച്ചിയായി അവള്‍ മാറി. ഒറ്റപ്പൂരാടമായ ഞാന്‍ അന്നും (ഇന്നും) വീട്ടിലെ കുഞ്ഞാവ തന്നെ.

നാലാം ക്ലാസ് കഴിഞ്ഞുള്ള മധ്യ വേനലവധിയില്‍ ഞങ്ങള്‍ മിക്കവരും തൃശൂരിലെ സ്കൂളുകളില്‍ അഡ്മിഷന്‍ കിട്ടാനുള്ള തിരക്കിലായി. എനിക്ക് നഗരത്തിലെ ഹൈസ്കൂളില്‍ അഡ്മിഷനും കിട്ടി. ഞങ്ങളുടെ നാടിന്‍റെ ‘അഭിമാനസ്തംഭമായ’ റെയില്‍വേ ഗേറ്റ് ചതിച്ചില്ലെങ്കില്‍ അര മണിക്കൂര്‍ കൊണ്ട് ബസ്സില്‍ എത്താവുന്ന ദൂരമേ ഉള്ളൂ പുതിയ സ്കൂളിലേക്ക്. ഇരുപത് വര്‍ഷത്തെ പരിശ്രമത്തിനു ശേഷം ആണ് ഒരു ബജറ്റ് അവിടെ മേല്‍പ്പാലം ഉണ്ടാക്കാന്‍ കനിഞ്ഞത്. പുതിയ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ അവളെ കണ്ടപ്പോള്‍ ആദ്യം അത്‌ഭുതം തോന്നി. പിന്നെ സന്തോഷവും. ദിവസവും സ്കൂളില്‍ പോകാന്‍ കൂട്ടായല്ലോ. പുറകെയാണറിഞ്ഞത് അവള്‍ ഹോസ്റ്റല്‍വാസിയാണെന്ന്. അന്നത്തെ കാലത്ത് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതൊക്കെ സിനിമയിലെ ഊട്ടി സ്കൂളുകളില്‍ കണ്ട ശീലമേ ഉള്ളു. അതു കൊണ്ട് തന്നെ ചിത്ര സ്കൂള്‍ ഹോസ്റ്റലില്‍ നിന്നാണ് അഞ്ചു മുതല്‍ പഠിക്കുന്നത് എന്നത് വലിയ അമ്പരപ്പുണ്ടാക്കി. ചെല്ലക്കുട്ടിയെ ആ അച്ഛനും അമ്മയും എന്തിനാ ദൂരെ നിര്‍ത്തുന്നത് എന്ന് സങ്കടം തോന്നി.

തൃശ്ശൂരിലെ വലിയൊരു കോണ്‍വെന്റ് ഹൈസ്കൂള്‍ ആയിരുന്നു അത്. മൂന്ന് നില കെട്ടിടവും ഗ്രൗണ്ടുകളും ഒക്കെയായി നഗരത്തിന്റെ അഹങ്കാരം മുഴുവന്‍ വിളിച്ചോതുന്ന സ്കൂള്‍. ഗ്രാമത്തിന്‍റെ നിഷ്കളങ്കതയില്‍ നിന്നും മത്സരലോകത്തേക്ക് പറിച്ചു നട്ടതിന്റെ അങ്കലാപ്പിലായിരുന്നു ഞാന്‍. പുതിയ പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ട് മറ്റുള്ളവരിലേക്ക് ദൃഷ്ടി പായിക്കാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. വലിയ സ്കൂളില്‍ എന്‍റെ കിലുക്കാംപ്പെട്ടി കൂട്ടുകാരി ആകെ മാറിപ്പോയിരിക്കുന്നു. അവള്‍ അധികമാരോടും മിണ്ടാതെയായി. മുല്ലപ്പൂ വിതറിയ പോലെയുള്ള പൊട്ടിച്ചിരികള്‍ ഗൗരവം നിറഞ്ഞ മന്ദഹാസത്തിനു വഴി മാറി. കനകാംബരമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവളുടെ മുടി കാണാന്‍ ഒരു ചേലുമില്ലായിരുന്നു. കളിസ്ഥലത്തിന്‍റെ ഒരു മൂലയില്‍ കൈ കഴുകാന്‍ നിര നിരയായി പണിതിട്ടുള്ള ടാപ്പുകളുടെ ഇടയിലുള്ള കൊച്ചു കവാടത്തിനപ്പുറമാണ് ഹോസ്റ്റല്‍. കൈയില്‍ പുസ്തകങ്ങള്‍ പിടിച്ചു ഉച്ചയൂണ് കഴിഞ്ഞു വരുന്ന അവളെ കാണുമ്പോളൊക്കെ എനിക്കു തോന്നും ആരോടും പറയാതെ വച്ച ഒരു കുന്ന് നൊമ്പരം അവളില്‍ എരിയുന്നുണ്ട്‌ എന്ന്.

smitha vineed . school,memories

ഇതൊന്നും ഗൗനിക്കാതെ ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു കൊണ്ടേയിരുന്നു.

ഒരു ഞായറാഴ്ച. അമ്മയുടെ ആകെയുള്ള ഒഴിവു ദിവസം. പതിവു പോലെ കാച്ചിയ എണ്ണ തേപ്പിച്ചു എന്‍റെ മുടി വളര്‍ത്താനുള്ള പരിശ്രമത്തിലാണ്. മൂളലും മുരടനക്കവുമൊക്കെയായി വാക്കുകള്‍ തപ്പുന്നത് കണ്ടപ്പോള്‍ അമ്മക്ക് എന്നോട് എന്തോ പറയാനുണ്ട് എന്ന് മനസ്സിലായി. പതിയെ പെൺകുട്ടികൾ വയസ്സറിയിക്കുന്ന സംഭവം മുഖവുരയും ചുറ്റി വളക്കലും ഒക്കെ ആയി അമ്മ പറഞ്ഞു തരാൻ തുടങ്ങി. അത് വരെ ‘കെയര്‍ഫ്രീ’ എന്ന ഉത്തരം കിട്ടാ ചോദ്യവുമായി നടന്ന എനിക്ക് ഒരു പ്രകോപനവുമില്ലാതെ ഒരു സുപ്രഭാതത്തില്‍ എന്തിനപ്പ ഈ പുതിയ വിജ്ഞാനം പകർന്നു തരുന്നത് എന്ന അങ്കലാപ്പില്‍ ഞാനും. വായും പൊളിച്ചിരിക്കുന്ന എന്നോട് അവസാനം അമ്മ പറഞ്ഞു. “സ്കൂളിൽ വച്ച് എന്തേലും ആയാല്‍ ക്ലാസ്സ്‌ടീച്ചറോട് പറയണം കേട്ടോ”.

ഉടനെ അതിബുദ്ധിമതിയായ എന്‍റെ ഉത്തരം “അതിനു മേരിക്കുട്ടി ടീച്ചർക്ക് ഇതൊന്നും അറിയില്ലല്ലോ അമ്മെ.”

“അതെന്താ?”

“അല്ല ടീച്ചറ് ക്രിസ്ത്യാനി അല്ലെ? നമ്മടെ ഹിന്ദുക്കളുടെ കാര്യം ടീച്ചര്‍ക്ക്‌ അറിയണ്ടാവില്ല”

“പൊട്ടിക്കാളി, ഇത് എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാവുന്നതാ. ഇതിന് ഹിന്ദും ക്രിസ്ത്യാനിം ഒന്നുല്ല്യ.”

“ഓ എന്നാ ശരി.”

അമ്മക്ക് ഇത് അറിയാത്തോണ്ടാണോ, ടീച്ചർക്ക് ശരിക്കും ഇതറിയോ എന്നൊക്കെയുള്ള സംശയം പൂർണമായി മാറിയില്ല എന്നതാണ് സത്യം. ഒരു കണക്കിന് ആ കൗമാരക്കാരിയെ കുറ്റം പറയാൻ പറ്റില്ല. എല്ലാ മാസവും മൂന്ന് നാലു ദിവസം മുതിര്‍ന്ന പല ചേച്ചിമാര്‍ക്കും കിട്ടാറുള്ള ഭീകരമായ വിലക്കിന്‍റെ ശരിയായ കാരണം അവള്‍ക്ക് അപ്പോളാണ് വെളിപ്പെടുന്നത്. തീണ്ടാരി ഒന്നും തൊട്ടൂടാ. ഭക്ഷണം കഴിക്കാന്‍ വേറെ പാത്രവും സ്ഥാനവും. കുളത്തില്‍ പോയി കുളിക്കണം. അമ്പലത്തില്‍ പൊയ്ക്കൂടാ. ഇതെല്ലാം കണ്ടു വളര്‍ന്ന അവള്‍ക്ക് ഇതേതോ മതാചാരം ആണെന്ന് തോന്നിയതില്‍ അദ്ഭുതപ്പെടാനില്ല. ക്രിസ്ത്യാനികളോ മുസ്‌ലിങ്ങളോ ആയ കൂട്ടുകാര്‍ ഇങ്ങനെ ഉള്ള വിചിത്രാനുഭവങ്ങള്‍ പറഞ്ഞു കേട്ടിട്ടുമില്ല. എല്ലാ മാസവും ചെളി നിറഞ്ഞ കണ്ടത്തില്‍ വീണത്‌ കൊണ്ടാണ് അവര്‍ മാറി ഇരിക്കുന്നത് എന്ന കഥ താന്‍ വിശ്വസിച്ചിരുന്നല്ലോ എന്നോര്‍ത്ത് അവള്‍ക്ക് ചിരി വന്നു. ഒപ്പം  ഇത്രയും വലിയൊരു സംഭവം അതീവ രഹസ്യമായി കൊണ്ടു നടക്കാനുള്ള തന്‍റെ ചുറ്റുമുള്ള ഓരോ പ്രായപൂര്‍ത്തിയായ സ്ത്രീയുടെയും പാടവമോര്‍ത്ത് അവള്‍ക്കത്ഭുദം തോന്നി.

“ഇപ്പൊ എന്തേ അമ്മേ ഇത് പറയാന്‍?”

“അതോ? കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നു വരുമ്പോ ഞാന്‍ ചിത്രയെ കണ്ടു. ദാവണി ഒക്കെ ഉടുത്ത് അവള്‍ എത്ര വലിയ കുട്ടിയായിരിക്കുന്നു. അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌ നീ വളര്‍ന്ന കാര്യം” ചിത്രയെക്കുറിച്ചാണോ എന്നെക്കുറിച്ചാണോ അമ്മയുടെ നിശ്വാസം എന്ന് എനിക്ക് മനസ്സിലായില്ല.

smitha vineed . school,memories

വര്‍ഷങ്ങള്‍ കടന്നു പോയി. ചുവന്ന പൊട്ടുകള്‍ എന്നെയും പട്ടുപാവാടയുടുപ്പിച്ചു. നീല ഹാഫ് പാവാട ഫുള്‍ പാവാടയായി. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന കടമ്പയായ പത്താം ക്ലാസ്സിലേക്ക് ആകുലതകളും പ്രതീക്ഷകളുമായി ഞങ്ങളോരോരുത്തരും കാലെടുത്തു വച്ചു. ഒരാളൊഴികെ! അപ്രതീക്ഷിതമായി സ്കൂളില്‍ കണ്ട ചിത്ര അതേ പോലെ പത്താം തരം തുടങ്ങുന്ന സുപ്രഭാതത്തില്‍ സ്കൂളില്‍ നിന്നും അപ്രത്യക്ഷയായി. ജീവിതത്തിന്‍റെ പള്ളിക്കൂടത്തിലേയ്ക്ക്.
സ്ത്രീ സമത്വത്തെക്കുറിച്ചോ കുട്ടികളുടെ അവകാശത്തെക്കുറിച്ചോ നടത്തിയ പ്രസംഗങ്ങളിലെ ഒറ്റ വാചകം പോലും അപ്പോള്‍ സ്മൃതിപഥത്തില്‍ വന്നില്ല. ഒരാഴ്ചക്കപ്പുറം അവളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ആയുസ്സുണ്ടായിരുന്നില്ല. പാവാടയുടെ നീളം കൂടുന്നതിനോടൊപ്പം അവളോടുള്ള അകലവും കൂടിയിരുന്നു. അത് കൊണ്ട് തന്നെ അതൊരു വലിയ വേദനയായി ഓര്‍മ്മയില്‍ വരുന്നില്ല. മുന്തിയ കോളേജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാന്‍ വേണ്ട മാര്‍ക്ക് മാത്രം കാണുന്ന യന്ത്രമായി മാറ്റിയിരുന്നു നാഗരികത. ചിത്രയ്ക്ക് കിട്ടാത്ത അവകാശം അധികാരമായി കരുതി മുന്നില്‍ കണ്ട പടവുകള്‍ ഞങ്ങളോരോരുത്തരും കയറി.

കൗമാരത്തിനെ പുറത്താക്കി സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്ന യൗവ്വനം എന്നെയും തേടിയെത്തി. കാസറ്റ് കടയിലെ ചുള്ളന്‍ ചേട്ടനോടും ബസ്സില്‍ കാണുന്ന കണ്ണട വച്ച സുന്ദരനോടും ഒക്കെ പ്രണയം തോന്നുന്ന പെട പെടക്കണ പ്രായം. എംടിയും, മുകുന്ദനും, മാധവിക്കുട്ടിയും, മലയാറ്റൂരുമൊക്കെ എന്‍റെ കിനാകസവുകള്‍ക്ക് പട്ടുഞൊറികള്‍ നെയ്തു തുടങ്ങിയ കാലം. അക്കാലത്താണ് ‘മേഘമല്‍ഹാര്‍’ സിനിമ വന്നത്. “മിഖായേലിന്‍റെ സന്തതികള്‍” മുതലേ ബിജു മേനോനോട് ആരാധനയാണ്. റോസ് നിറത്തിലുള്ള ഹാഫ് കൈ ഷര്‍ട്ട്‌ ഇട്ട് ഒരു തരത്തിലും വിവരിക്കാന്‍ സാധിക്കാത്ത ഒരു കാമുക ഭാവം മുഖത്തു വരുത്തി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ബിജു മേനോനോട് കടുത്ത പ്രേമം മൂത്ത് സിനിമയില്‍ മുഴുകി ഇരിക്കുകയാണ്. അപ്പോളാണ് ‘ഒരു നറു പുഷ്പമായ്’ എന്ന പാട്ട് വെള്ളിത്തിരയില്‍ തെളിയുന്നത്. അതില്‍ ലയിച്ചിരിക്കുന്ന എന്റെ ഭാവനകളെ അലട്ടിക്കൊണ്ട് ഒരു സീന്‍ വരുന്നു. ഒരു പെണ്‍കുട്ടിയെ കുളത്തില്‍ തള്ളിയിട്ട് അവളുടെ കൂട്ടുകാരി കൽപ്പടവുകള്‍ കയറി ഓടുന്നു. തന്‍റെ കൈയിലെ താമര പിച്ചിചീന്തി എറിഞ്ഞു കളയുന്നു. ഇത് കണ്ടു കൊണ്ടിരിക്കുന്ന എന്‍റെ മനസ്സിലേക്ക് ഒരു വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രി ആയി ചിത്ര കടന്നു വരുന്നു. ആ രംഗം എന്തു കൊണ്ട് അവളെ എന്‍റെ മനസ്സിലേക്ക് മടക്കി കൊണ്ടു വന്നു എന്ന് ഇന്നും അറിയില്ല. സിനിമ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. സ്കൂള്‍ വരാന്തയില്‍ വിടുതല്‍ വാങ്ങാന്‍ നിന്ന അവളുടെ അച്ഛനും അമ്മയും ജീവിതത്തിന്‍റെ പുതിയ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ അവള്‍ക്കു പ്രായമായോ എന്ന് ഒരു തവണയെങ്കിലും ചിന്തിച്ചിരുന്നോ എന്നോര്‍ത്തു അന്ന് ഞാന്‍ ഏറെ സങ്കടപ്പെട്ടു.

smitha vineed, school,memories

അങ്ങനെയാണ് ആരെയും കാണിക്കാതെ ഇന്നും ഒളിപ്പിച്ചു വച്ചിട്ടുള്ള എന്‍റെ ആദ്യ കഥ ജനിച്ചത്‌. കഥയിലെ നായിക ഡിഗ്രി കഴിഞ്ഞു സോഫ്റ്റ്‌‌വെയര്‍ എൻജിനീയര്‍ ആയ ഞാന്‍ തന്നെ ആയിരുന്നു. ആ കഥയില്‍ വച്ച് ഞാന്‍ ചിത്രയെ വീണ്ടും കണ്ടു. ചെന്നൈ നഗരത്തിലെ തിരക്കേറിയ ഒരു റോഡ്‌ ക്രോസ്സിങ്ങില്‍ കാമുകനോട് ഫോണില്‍ സല്ലപിക്കുമ്പോള്‍ മറ്റേ അറ്റത്ത് അവള്‍ നില്‍പ്പുണ്ടായിരുന്നു. അമ്മയുടെ അതേ ഛായയായിരുന്നു ചിത്രയ്ക്കും. അവളും എന്നെ തിരിച്ചറിഞ്ഞു. അടുത്തെത്തിയ അവളെ ഞാന്‍ അതിശയത്തോടെ നോക്കി. തന്നെ നോക്കുവാനുള്ള “ലൈസന്‍സ്” നേരത്തെ കൊടുത്തു കഴിഞ്ഞതാണ് എന്ന് സൂചിപ്പിക്കാനെന്നോണം നെറുക നിറയെ കുങ്കുമം പൊത്തി വച്ചിരിക്കുന്നു. മെറൂണ്‍ ചേല ഉടുത്ത അവളുടെ കൈകള്‍ നിറയെ ചുവപ്പും പച്ചയും കുപ്പിവളകള്‍. നീളത്തില്‍ മെടഞ്ഞിട്ട മുടിയില്‍ കുറേ കോയമ്പത്തൂര്‍ മല്ലിപ്പൂക്കള്‍. ഇടത് വശത്ത് നില്‍ക്കുന്ന വായാടിക്ക് വയസ്സ് പത്ത്. വലതു കൈയില്‍ തൂങ്ങിയ പൊടിക്ക് വയസ്സ് അഞ്ച്. കുറച്ചു നേരം ഔപചാരിക സംഭാഷണം നടത്തി ഞാന്‍ സ്വാര്‍ത്ഥ ജീവിതത്തിലേയ്ക്ക് തിരിച്ചു നടന്നു. അവളെ ഒന്നു ആശ്ലേഷിക്കുക പോലും ചെയ്യാതെ കഥയിലെ അവസാന വരിയും പൂര്‍ത്തിയാക്കി ഞാന്‍ അത് ഡയറിയില്‍ പൂഴ്ത്തി വച്ചു.

ജീവിതം തന്നിഷ്ടത്തിന് എന്നോടെന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ ആ ദിവസത്തിന് ശേഷം മേഘമല്‍ഹാറിലെ ‘ഒരു നറു പുഷ്പമായ്’ എന്ന ഗാനം ഓരോ തവണ കാണുമ്പോളും എനിക്ക് ചിത്രയെ ഓര്‍മ്മ വരും. ഒരു വിഭ്രമം പോലെ തോന്നും ആ കുളത്തില്‍ വീണത്‌ അവളാണെന്ന്. അവളെ തള്ളിയിട്ടത്‌ ഞാനാണെന്ന്. പടവുകള്‍ കയറി പോകുമ്പോള്‍ പിച്ചിയെറിയുന്ന താമരയിതളുകള്‍ അവളുടെ സ്വപ്നങ്ങളാണെന്നും!

Read More: മലയാറ്റൂരിന്‍റെ മനുഷ്യർ

ഓബ്രി മേനന്‍, മലയാളി മറക്കപ്പട്ടികയിലാക്കിയ പ്രതിഭ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Childhood memories menarche smitha vineed