scorecardresearch
Latest News

ഒരു കന്നിക്കളളനെ മുളകെഴുതിയ കഥ

“ഇന്നും അന്നത്തെ ആ രണ്ട് അഞ്ചിന്റെ നോട്ടും നാല് ഒറ്റരൂപാത്തുട്ടുകളും കൂടെയുണ്ട്. ഒരു പാവം കള്ളനെ നിര്‍മ്മിച്ചുപോയതിന്റെ കുറ്റബോധത്തോടെ. പിന്നീടൊരിക്കലും പൈസക്ക് നൊണയുണ്ടായിട്ടില്ല” യുവകഥാകൃത്തിന്‍റെ കുട്ടിക്കാലത്ത് നിന്നൊരു ഓർമ്മത്തുണ്ട്

ajijesh pachat , malayalam,writer,memories

യു. പി സ്‌ക്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. എല്‍. പി. സ്‌ക്കൂളിലെ പോലെത്തന്നെ യു.പി-യിലും ഉച്ചയ്ക്ക് കഞ്ഞീം ചെറുപയറും തന്നെ. ആകെയുള്ള സമാധാനം കാന്താരി മുളകും തേങ്ങയും ചേര്‍ത്തരച്ച നല്ല ഉശിരുള്ള ചമ്മന്തി, ദിവസവും അമ്മ വാഴയിലയില്‍ പൊതിഞ്ഞ് തരും എന്നത് മാത്രമാണ്. കഞ്ഞിയോടൊപ്പം അതൊന്ന് തോണ്ടി വായില്‍ വെക്കുമ്പോഴുള്ള സുഖം, അതൊന്ന് വേറെത്തന്നെയാണ്.

കഞ്ഞി കുടിച്ചുകഴിഞ്ഞാല്‍ പിന്നെ വയസ്സന്റെ പീടികയിലേക്കോടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വയസ്സന്‍ എന്നത് അയാള്‍ക്ക് സ്‌ക്കൂള്‍കുട്ടികളിട്ട പേരാണ്. സത്യത്തില്‍ ശരിക്കുള്ള പേര് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. അല്ലെങ്കിലും ലില്ലീസമടിച്ചതുപോലുള്ള ഇടതൂര്‍ന്ന മുടിയിഴകളും ക്ലീന്‍ഷേവും വെളുത്ത് മെലിഞ്ഞ ശരീരവും വായിലെ മുറുക്കാന്‍ ചുവപ്പും കൂടി കലര്‍ന്ന രൂപത്തിനെ എങ്ങനെയാണ് കുട്ടികള്‍ വയസ്സന്‍ എന്ന് വിളിക്കാതിരിക്കുക. പൈസയില്ലാത്ത കുട്ടികളായിരിക്കും മിക്കപ്പോഴും വയസ്സന്റെ പീടികയിലെ സ്ഥിരം സന്ദര്‍ശകര്‍. മൂപ്പരുടെ അടുത്ത് നിന്നും പകുതി പൈസയ്ക്ക് നാരങ്ങയും സവര്‍ജ്ജലും പേരക്കയും എല്ലാം കിട്ടും. എങ്ങനെ എന്ന് ചോദിച്ചാല്‍ കേടായിക്കഴിഞ്ഞ ഇത്യാദി സാധനങ്ങള്‍ വയസ്സന്‍ കുന്തിച്ചിരുന്ന് തന്റെ മൂര്‍ച്ചയുള്ള കത്തികൊണ്ട് തിന്നാന്‍ പാകത്തില്‍ ചെത്തിയെടുത്ത് വലിയൊരു തട്ടില്‍ വച്ച് ഉള്ളോട്ട് കാണാവുന്ന പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് മൂടിയിടും. മുറിക്കാത്തതും നല്ലതുമായ പഴങ്ങളുടെ പകുതി പൈസയ്ക്ക് ചെത്തിവച്ചവ കിട്ടുമെന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു റേഷന്‍ തന്നെയായിരുന്നു. വയസ്സന്‍, നീതിയുക്തമായ തന്റെ വയോധിക മനസ്സ് ഉപയോഗിച്ച് പണമുണ്ടാക്കുമ്പോഴും ഒരു വശത്ത് മുസ്തഫയേയും ബൈജുവിനേയും പോലുള്ളവരാല്‍ നിരന്തരം വഞ്ചിക്കപ്പെടാറുണ്ട് എന്നത് ഞങ്ങള്‍ ചുരുക്കം ചില കുട്ടികള്‍ക്ക് മാത്രമേ അറിയൂ. പക്ഷേ, പുറത്ത് പറയാന്‍ വയ്യ. ബൈജുവും മുസ്തഫയും സ്‌ക്കൂളിലേക്ക് വച്ച് തന്നെ ഏറ്റവും മുതിര്‍ന്ന കുട്ടികളാണ്. നല്ല മസ്സില്‍സ്സൊക്കെയുണ്ട്. കായികമായോ മാനസ്സികമായോ അവരോട് ഏറ്റുമുട്ടണമെങ്കില്‍ ഞാന്‍ പിന്നേയും ചുരുങ്ങിയത് രണ്ട് ജന്മമെങ്കിലും ജനിക്കേണ്ടി വരും. കുന്തിച്ചിരുന്ന് കണ്ണുകള്‍ ചെറുതാക്കി പഴങ്ങള്‍ ചെത്തുന്ന വയസ്സന്‍ ഒരു തലയ്ക്കല്‍, മറുതലയ്ക്കല്‍ ഏറ്റവും പുതിയ സവര്‍ജ്ജലോ പേരക്കയോ ഭംഗിയായി പൊക്കുന്ന ബൈജുവും മുസ്തഫയും. പലതവണ ഉറക്കെ വിളിച്ചു പറയണമെന്ന് കരുതിയതാണ്. അപ്പോഴൊക്കെ ഞാന്‍ എന്റെ ശരീരത്തിലേക്കൊന്ന് സൂക്ഷിച്ച് നോക്കും.

ajijesh pachat , malayalam,writer,memories

കഞ്ഞി കുടിച്ചതിന് ശേഷം കിട്ടുന്ന ഏകദേശം മുക്കാല്‍ മണിക്കുറോളമുള്ള വിശ്രമനേരം എല്ലാവരേയും ഓരോ കളികളിലേക്ക് വലിച്ചുകൊണ്ടുപോകുമ്പോള്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് വീണുപൊട്ടിയ സതീശന്‍റെ എല്ലിന്റെ ഭീഷണിച്ചുവയുള്ള ഓര്‍മ്മ എന്നെ സ്‌ക്കൂൾ മുഴുവന്‍ ചുറ്റിക്കാനാണ് പ്രേരിപ്പിക്കുക.

ജയേഷിനെ കിട്ടുകയാണെങ്കില്‍ അന്നത്തെ കാര്യം കുശാലായി. അവന്റെ കൈയ്യില്‍ ഇഷ്ടം പോലെ പൈസയുണ്ടാകും. തീരെ പിശുക്കില്ലാത്ത ചങ്ങാതി. വാങ്ങിയതില്‍ നിന്നും ഒരോഹരി യാതൊരു മടിയുമില്ലാതെ കൂടെയുള്ളവര്‍ക്ക് തരും. കുറേക്കാലം ജയേഷിന്റെ കൂടെ അവന്‍ വാങ്ങിത്തരുന്നതും നുണഞ്ഞ് നടന്ന് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും മടുപ്പ് തോന്നിത്തുടങ്ങി.

ശരിക്ക് കുറച്ച് പൈസയൊക്കെ കൈയില്‍ വേണം. ജയേഷിനെപ്പോലെ പീടികയില്‍ കയറി കീശയില്‍ നിന്നും അഞ്ചിന്റേയും പത്തിന്റേയും നോട്ടുകള്‍ വലിച്ചെടുക്കാനുള്ള പ്രാപ്തി വേണം. എന്താണ് വഴി? തുടര്‍ന്നുള്ള മൂന്നാല് ദിവസങ്ങളില്‍ ഇത്തരം ചിന്തകള്‍ മാത്രമായിരുന്നു മനസ്സില്‍. അതിന് കക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

ഒടുവില്‍ കക്കാന്‍ തന്നെ തീരുമാനിച്ചു.

വളരെ കൃത്യതയോടെ കുട്ടികളെ വളര്‍ത്തുന്ന അച്ഛന്റേയും അമ്മയുടേയും മക്കള്‍, ആദ്യ മോഷണം നടത്താന്‍ എത്തിപ്പെട്ടേക്കാവുന്ന പരമാവധി പരിസരം സ്വന്തം വീട് തന്നെയായിരിക്കും. അതൊരുപക്ഷേ ലോകനിയമമായിരിക്കാം.

അച്ഛന്റെ കട്ടിലിന്റെ ചുവട്ടില്‍ അച്ഛമ്മ അച്ഛന് ചുട്ടുതിന്നാന്‍ കൊണ്ടുവന്ന് പരത്തിയിടുന്ന അണ്ടികളുണ്ട്. അച്ഛന് ചുട്ട അണ്ടി വലിയ ഇഷ്ടമാണ്. അന്ന് തറവാട്ടില്‍ ഇഷ്ടം പോലെ പറങ്ക്യാവുകളും കഴുങ്ങുകളും തെങ്ങുകളുമൊക്കെയുണ്ട്. ഇടയ്ക്ക്, പ്ലാസ്റ്റിക്ക് വയറുകൊണ്ട് മിടഞ്ഞ ബാഗും ഒക്കത്ത് വച്ച് അക്കാലത്ത് അച്ഛമ്മയ്ക്ക് വീട്ടിലേക്ക് ഒരു വരവുണ്ട്. ചിലപ്പോഴെല്ലാം തലയില്‍ അമ്മയ്ക്ക് മുറ്റമടിക്കാനുള്ള ചൂലിന്റെ കെട്ടുണ്ടാകും. കഴുങ്ങിന്റെ പട്ട കൊണ്ട് അച്ഛമ്മ ഭംഗിയില്‍ ചൂല് കെട്ടും. അണ്ടിക്കാലമാണെങ്കില്‍ ഉറപ്പാണ് ഒക്കത്തുള്ള പ്ലാസ്റ്റിക്ക്ബാഗില്‍ അച്ഛനുള്ള അണ്ടിയുണ്ടാവും. ചുട്ടുതിന്നാന്‍ വലിയ അണ്ടികളാണ് സാധാരണ എടുക്കുക. ഇത് രണ്ടും പേറി രണ്ട് രണ്ടര കിലോമീറ്ററോളം നടന്നാണ് അച്ഛമ്മയെത്തുക. അച്ഛമ്മ കൊണ്ടുവരുന്ന അണ്ടികളെല്ലാം അമ്മ അച്ഛന്റെ കട്ടിന് ചുവട്ടിലേക്ക് പരത്തിയിടും. പിന്നെ അതില്‍ നിന്നും ദിവസേന കുറച്ച് അണ്ടികളെടുത്ത് അച്ഛന് വേണ്ടി ചുടും. ചെറിയൊരോഹരി ഞങ്ങള്‍ക്കും കിട്ടും. കരിഞ്ഞ അണ്ടിയാണ് തിന്നാന്‍ ഏറ്റവും രസം.

പത്തുമുപ്പത് അണ്ടികള്‍ കിട്ടിയാല്‍ സംഗതി ഉഷാറാകും. ഞാന്‍ കണക്കു കൂട്ടി തക്കം പാര്‍ത്ത് നടപ്പായി.

അങ്ങനെ മോഷണം നിശ്ചയിക്കപ്പെട്ടതിന്റെ പിറ്റേന്ന് വൈകുന്നേരം, വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്ത വീട്ടിലുള്ള രജിചേച്ചിയുടെ കൂടെ അങ്ങാടിയിലേക്ക് പോകാന്‍ അമ്മ പറഞ്ഞതും ഹൃദയം പരല്‍മീനിനെ പോലെ ഒന്ന് തുള്ളി. മനസ്സ് ആഗ്രഹിച്ച അതേ സന്ദര്‍ഭം. രജിചേച്ചിക്കും അവരുടെ അമ്മ വസന്തേടത്തിക്കും ചകിരി കുത്തി പിരിച്ച് ചൂടിയുണ്ടാക്കുന്ന പരിപാടിയുണ്ടായിരുന്നു. പരിപാടിയല്ല, ഒരു കൈത്തൊഴില്‍ അല്ലെങ്കില്‍ കുടില്‍ വ്യവസായം എന്നും പറയാം. അവരുടെ കിണറ്റിന്‍ കരയിലെ വലിയ കരിങ്കല്ലില്‍ പച്ചച്ചകിരി കമിഴ്ത്തി വെച്ച് മുട്ടി കൊണ്ട് അവരാരെങ്കിലും ആഞ്ഞടിക്കുന്ന ഒച്ച കേട്ടാണ് ഞാന്‍ പലദിവസങ്ങളിലും പല്ല് തേക്കാറ്. യാതൊരു ബാധ്യതയേയും പറ്റി ഓര്‍ക്കാതെ തനിക്ക് മൂന്ന് പെണ്‍മക്കളെ ദാനം ചെയ്ത് മറ്റൊരു പെണ്ണിന്റെ അന്തിക്കൂട്ട് തേടിയ കരുണാകരേട്ടന്റെ തലമണ്ടക്കിട്ടുള്ള വസന്തേടത്തിയുടെ ഓരോ അടിയുമാണ് ആ ചികിരികള്‍ ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അങ്ങനെ അടിച്ചുണ്ടാക്കുന്ന ചകിരിനാരുകള്‍ വസന്തേടത്തിയും പെണ്‍മക്കളും കൂടി ഉറക്കവും വിയര്‍പ്പും ചേര്‍ത്ത് പിരിച്ചെടുക്കും. എന്നിട്ട് ആഴ്ചയില്‍ അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കും. മിക്കവാറും രജിചേച്ചിയാവും തലയിലേറ്റി ചൂടിക്കെട്ട് അങ്ങാടിയിലേക്കെത്തിക്കുക. ശരിക്കും അന്നാണ് അവര്‍ക്ക് തിരുവോണം. വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങും. എന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വല്ലതും വാങ്ങാനുണ്ടെങ്കില്‍ ചിലപ്പോഴൊക്കെ അമ്മ എന്നെ രജിചേച്ചിയുടെ കൂടെ പറഞ്ഞുവിടും. രജിചേച്ചി ആളൊരു തന്റേടിയാണ്. ആരടാ എന്ന് ചോദിച്ചാല്‍ ഞാനടാ എന്ന് പറയും. അവരുടെ കൂടെ പോകുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്ക് പോടാ പട്ടീ എന്നായിരുന്നു. ഏറ്റവും കൂടുതല്‍ കണ്ടത് ഈ പട്ടിവിളി കേട്ട് മുഖം ചുളിച്ച് ചമ്മുന്ന വഴിവക്കുകളിലെ ഏട്ടന്‍മാരേയും.

“പണിക്കും പോകൂല. മൂടും നോക്കിയിരിക്ക്യാ.. ഉളുപ്പ്ല്ലാത്ത സാധനങ്ങള്… കുട്ടാ നീയിങ്ങനൊന്നും ആകര്ത്‌ട്ടോ വലുതായാ..” പിന്നില്‍ നടക്കുന്ന എന്റെ കവിളില്‍ അവര്‍ തിരിഞ്ഞുനിന്ന് നുള്ളും. കണ്‍മഷിയുടെ മണം കവിളിലും മൂക്കിലും പറന്ന് നടക്കും അപ്പോള്‍.

ajijesh pachat , malayalam,writer,memories

അമ്മ അങ്ങാടിയില്‍ പോകാന്‍ പറഞ്ഞതോടെ ഞാന്‍ പതുങ്ങിച്ചെന്ന് കട്ടിലിനടിയിലേക്ക് നൂണ്ടു. അരയില്‍ തിരുകി വച്ചിരുന്ന കറുത്തപ്ലാസ്റ്റിക്ക് കവര്‍ പുറത്തേക്കെടുത്ത് കട്ടിലിനടിയില്‍ പരത്തിയിട്ട അണ്ടി വാരി നന്നായി കെട്ടി വീടിന്റെ പിന്‍ഭാഗത്തുകൂടി അങ്ങാടിയിലേക്ക് പോകുന്ന വഴിയിലെ പുല്ലാണിക്കാട്ടില്‍ കൊണ്ടിട്ടു. പിന്നീട് രജിചേച്ചിയുടെ പിന്നാലെ നടക്കുമ്പോള്‍ അമ്മ തന്ന സഞ്ചിയിലേക്ക് ഒരു നൊടിയിടകൊണ്ട് അതെടുത്ത് പൂഴ്ത്തുകയും ചെയ്തു. അങ്ങാടിയിലെത്തുന്നതുവരെ ഞാന്‍ ചിന്തിച്ചത് മോഷണവസ്തു എങ്ങനെ വില്‍ക്കുമെന്നതാണ്. അന്നൊരു കാര്യം മനസ്സിലായി. മോഷ്ടിക്കാന്‍ എളുപ്പമാണ്. പക്ഷേ അത് ഉപയോഗപ്പെടുത്താനാണ് പാട്. ലോകത്തിലെ എല്ലാ കള്ളന്മാരേയും മനസ്സാ നമിച്ചുപോയി അപ്പോള്‍, അങ്ങനെ ജീവിക്കുന്നവര്‍ക്ക് ഓരോ സല്യൂട്ടും കൊടുത്തു. ചൂടിക്കാരന്‍ അബ്ദ്വാക്കയുടെ പീടികയ്ക്ക് തൊട്ടപ്പുറത്താണ് വിച്ചാപ്പ്വാക്കയുടെ കൊപ്രക്കച്ചവടം. അവിടെ അടക്കയുടേയും കുരുമുളകിന്റേയുമൊക്കെ കച്ചവടമുണ്ട്. രജിചേച്ചിയാണേല്‍ ചൂടി വില്‍ക്കുന്ന സമയത്ത് ഒരുപാട് വര്‍ത്തമാനം പറയും അബ്ദ്വാക്കയോട്. ചൂടിയുടെ മേന്മ പറഞ്ഞ് വില കൂട്ടിക്കിട്ടാന്‍ പേശിക്കൊണ്ടേയിരിക്കും. പോരാത്തതിന് ചിലപ്പോ വരിനിന്നിട്ട് വേണ്ടിവരും ചൂടി വില്‍ക്കാന്‍. വിവിധ നിറങ്ങളിലും പുള്ളികളുമുള്ള പാവാടകളിലും ഒറ്റക്കളര്‍ ബ്ലൗസുകളിലുമായി വിയര്‍ത്ത കുറേ ശരീരങ്ങള്‍… തങ്ങളുടെ അദ്ധ്വാനത്തിന്റെ മൂല്യമറിയാന്‍ കാത്ത് നില്‍ക്കുന്ന നിശ്വാസങ്ങള്‍. അങ്ങനെയുള്ള തിരക്കിന് വേണ്ടി ഞാന്‍ ആദ്യമായി പ്രാര്‍ത്ഥിച്ചു. തിരക്കുണ്ടെങ്കില്‍ രജിചേച്ചി ചൂടി വില്‍ക്കാന്‍ നില്‍ക്കുന്ന നേരം കൊണ്ട് എനിക്ക് ഭംഗിയായി അണ്ടി വിച്ചാപ്പ്വാക്കക്ക് കൊടുത്ത് പൈസയാക്കാം. വിച്ചാപ്പ്വാക്ക ചെറിയൊരു ഭീഷണിയാണ്. ചിലപ്പോള്‍ എന്റെ മുഖച്ഛായ നോക്കി അച്ഛന്റെ പേര് പറഞ്ഞുകളയും. അച്ഛനെ അറിയാത്തവര്‍ അങ്ങാടിയില്‍ കുറവാണ്. ഇനി അഥവാ മൂപ്പരുടെ അടുത്ത് നിന്നും അങ്ങനെയൊരു നീക്കമുണ്ടായാല്‍ തല്‍ക്കാലം അച്ഛനെ മാറ്റിഘടിപ്പിക്കാനുള്ള മനോധൈര്യം അങ്ങാടിയിലെത്തുന്നതിന് മുമ്പ് തന്നെ ഞാന്‍ നേടിക്കഴിഞ്ഞിരുന്നു.

വിചാരിച്ചതുപോലെയുള്ള സങ്കീര്‍ണ്ണതകളൊന്നുമില്ലാതെ അണ്ടി വില്‍ക്കപ്പെട്ടു. വിറ്റുകിട്ടിയ പതിനാല് രൂപയോളം ഞാന്‍ കടലാസ്സില്‍ പൊതിഞ്ഞ് ട്രൗസറിന്റെ കീശയില്‍ ഭദ്രമായി നിക്ഷേപിച്ചു. വിച്ചാപ്പ്വാക്ക ഒന്നും ചോദിച്ചില്ല, രജിചേച്ചി ഒന്നും അറിഞ്ഞതുമില്ല. സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചുപോരുകയും ചെയ്തു.

വീട്ടിലെത്തിയപ്പോള്‍ അന്ന് അമ്മായി വന്നിരുന്നു. ഒരു കള്ളന്‍ രൂപപ്പെട്ടതിന്റെ പ്രതിപ്രവര്‍ത്തനങ്ങളൊന്നും വീട്ടില്‍ നടന്നിട്ടില്ല എന്നറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായി. എന്നും ഏഴുമണി മുതല്‍ പഠിക്കാന്‍ തുടങ്ങാറുള്ള എന്നോട് അമ്മ ആറുമണി മുതല്‍ പഠനം തുടങ്ങാന്‍ വാശി പിടിച്ചു.

“ഇന്ന് ഈയ്യ് അമ്മായിയുടെ കിസ കേക്കാന്‍ തുടങ്ങ്യാ പഠിക്കില്ല. വേഗം പോയി പഠിക്ക്. മാത്രമല്ല മ്പക്ക് നേരത്തെ ചോറും തിന്നണം.”

അങ്ങനെ ഞാന്‍ പഠിക്കാന്‍ തുടങ്ങി. അണ്ടി വിറ്റ് കിട്ടിയ പതിനാല് രൂപ അപ്പോഴും എന്റെ കീശയില്‍ തന്നെയായിരുന്നു. എല്ലാവരും ഉറങ്ങിയിട്ട് വേണം അതൊന്ന് ഒളിപ്പിച്ചുവെക്കാന്‍. പഠിക്കുമ്പോഴൊക്കെയും പിറ്റേന്ന് മുതല്‍ കുറച്ച് ദിവസങ്ങളില്‍ എനിക്കുണ്ടാകാന്‍ പോകുന്ന രാജകീയജീവിതത്തിന്റെ ഓളങ്ങളിലായിരുന്നു… പുളിയച്ചാര്‍ എന്തായാലും ഒരു ബോര്‍ഡ് വാങ്ങണം. അതാകുമ്പോ എപ്പോഴും പീടികയിലേക്ക് ഓടണ്ട. തോന്നുമ്പോള്‍ എടുത്ത് തിന്നാം. കടലക്ക മുട്ടായി നിര്‍ബന്ധമാണ്. പിന്നെ സവര്‍ജല്‍, പേരക്ക, പഴംപൊരി…..

പറഞ്ഞതുപോലെത്തന്നെ ഏഴുമണിയായപ്പോള്‍ അമ്മ ചോറ് തന്നു. കാബേജിന്റെ ഉപ്പേരിയും മത്തി വറുത്തതും. പിന്നെ അമ്മായി കുപ്പിയിലാക്കി പൊതിഞ്ഞുകൊണ്ടുവന്ന വെള്ളുള്ളിയുടെ അച്ചാറും. അമ്മായി എന്തുണ്ടാക്കിയാലും നല്ല രസാണ്. പിറ്റേന്നത്തെ രാജാവല്ലേ, രാജാവിനെ പോലെത്തന്നെ വയറ് നിറച്ച് കഴിക്കുകയും ചെയ്തു.

അനിയനേയും അനിയത്തിയേയും അമ്മ നേരത്തെയുറക്കി. ഞാനും അമ്മായിയും അച്ഛന്‍ പണി കഴിഞ്ഞ് വരുന്നതും നോക്കി കോലായിയില്‍ ഇരിക്കുകയാണ്. അമ്മായി ഓരോ കഥകള്‍ പറഞ്ഞുതുടങ്ങുമ്പോഴാണ് അമ്മ കൈയ്യില്‍ ഒരു പ്ലേറ്റുമായി അങ്ങോട്ട് വന്നത്.

ajijesh pachat , malayalam,writer,memories

“കുട്ടന് അണ്ടി വിറ്റിട്ട് ഇന്നെത്രറുപ്യ കിട്ടി?”

വസന്തേടത്തിയുടെ ചകിരി തല്ലുന്ന ഉരുണ്ട വടി കൊണ്ട് നെറുന്തലയില്‍ അടി കിട്ടിയതുപോലെ ഞാനാകെ തരിച്ചുപോയി.

അമ്മായിക്കാണെങ്കില്‍ ഒന്നും മനസ്സിലായിട്ടുമില്ല.

“എത്രറുപ്പ്യ കിട്ട്യഡാ?”

പ്ലേറ്റിലുള്ളത് കുഴച്ചുകൊണ്ട് അമ്മ പിന്നെയും സ്വരമുയര്‍ത്തി.

“പതിനാല്.”
എണ്ണയിട്ടതുപോലെ എന്റെ നാവ് ചലിച്ചു.

ഇരുപത് പൈസ കുറവുണ്ടായിട്ടും ഞാനങ്ങനെ പറഞ്ഞുപോയി. അഥവാ കത്തിജ്വലിച്ച് നില്‍ക്കുന്ന അമ്മ എന്നെക്കൊണ്ട് അത് പറയിപ്പിച്ചു. കാരണം ചില്ലറയില്ലാഞ്ഞിട്ട് വിച്ചാപ്പ്വാക്ക പതിനാല് രൂപ തന്നിരുന്നു. അഞ്ചിന്റെ രണ്ട് നോട്ടുകളും നാല് ഒരുരൂപാത്തുട്ടുകളും.
പെട്ടെന്നായിരുന്നു അമ്മ എന്റെ തലയില്‍ പിടിച്ചതും പ്ലേറ്റിലുള്ളത് വാരിയെടുത്ത് ചുണ്ടുകളില്‍ തേച്ചതും….

മുളകിന്റെ മണം വാലുകുത്തിയെഴുന്നേറ്റു.
ചുണ്ടില്‍ നാവ് ചുഴറ്റിയെടുത്തപ്പോള്‍ കയ്പ്. പുറത്തേക്ക് തുപ്പി.

കഴിഞ്ഞയാഴ്ച ഞാന്‍ തന്നെയാണ് അങ്ങാടിയില്‍ പോയി മുളക് വാങ്ങിക്കൊണ്ട് വന്നത്. രണ്ടു ദിവസം മുമ്പ് ഇടിമില്ലില്‍ പോയി മുളക് പൊടിപ്പിച്ച് കൊണ്ടുവന്നതും ഞാന്‍ തന്നെ. സത്യം പറഞ്ഞാല്‍ മുളകരച്ചതാണ് തേച്ചതെന്ന് കുറേ നേരത്തേക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അമ്മയുടെ ആ നീക്കം അമ്മായിയും തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ അമ്മയെ പിടിച്ച് തള്ളി എന്നേയും കൊണ്ട് കിണറ്റിന്‍കരയിലേക്ക് പാഞ്ഞു. എനിക്കപ്പോഴേക്കും എരിച്ചില്‍ തുടങ്ങിയിരുന്നു. പുകച്ചിലില്‍ കണ്ണുകളില്‍ നിന്നും നിലക്കാതെ വെള്ളമൊലിച്ചു. അമ്മായി ചുണ്ടും മുഖവും സോപ്പിട്ട് കുറേപ്രാവശ്യം കഴുകി തന്നു. ‘ന്റെ കുട്ടീന്റെ മോറ്’ എന്നും പറഞ്ഞ് അമ്മായി കരയാന്‍ തുടങ്ങി. ഞാന്‍ ട്രൗസറില്‍ മൂത്രമൊഴിച്ചു. തണുപ്പെത്ര കിട്ടിയിട്ടും ആശ്വാസം കിട്ടിയില്ല.

എന്റെ കരച്ചില്‍ രാത്രിയെ നെടുകെ കീറി. അമ്മായി കിടക്കയില്‍ കിടത്തി ചുണ്ടുകളിലൊന്നാകെ വെളിച്ചെണ്ണ തേച്ചു. വിശറിയെടുത്ത് നന്നായി വീശി… കരച്ചില്‍ കൂടിയപ്പോള്‍ അമ്മ പിന്നെയും വന്നു. വലിയൊരു വടിയുണ്ടായിരുന്നു കൈയ്യില്‍. മിണ്ടരുത്.

“എന്നുമുതലാടാ യ്യ് കള്ളനായത്? ഇനി മേലില്‍ കക്കാന്‍ പോയാല്‍ ചുക്കാണിയില്‍ പൊരട്ടും ഞാന്‍ മുളക്.”

അതോടെ എന്റെ മുഖത്തെ പുകച്ചില്‍ ആവിയായിപ്പോയി.

ajijesh pachat , malayalam,writer,memories

ഞാന്‍ കിടന്ന കിടപ്പില്‍ ചുക്കാണി പൊത്തിപ്പിടിച്ചു. അമ്മായി അപ്പോഴും മൂക്ക് പിഴിഞ്ഞും തേങ്ങിയും വിശറി വീശിക്കൊണ്ടേയിരുന്നു. പുകച്ചിലിനും എരിവിനും ഇടയിലെപ്പോഴോ ഞാനുറങ്ങി.

പിറ്റേന്ന് രാവിലെ കനം തൂങ്ങുന്ന ചുണ്ടുകളുമായി കുനിഞ്ഞ ശിരസ്സോടെ അടുക്കളയിലെത്തി. കീശയില്‍ നിന്നും പൈസപ്പൊതിയെടുത്ത് ഞാന്‍ അമ്മയ്ക്ക് നേരെ നീട്ടി.

“അമ്മയ്‌ക്കെന്തിനാ ദ്? ഇയ്യ് കൊറേ കഷ്ടപ്പെട്ടതല്ലേ, ഒരു ഭാഗത്ത് എടുത്ത് വെക്ക്.. ഞ്ഞി എപ്പോഴെങ്കിലും പൈസക്ക് വല്ലാതെ നൊണ വരുമ്പോ ഈ പൊതീനെപ്പറ്റി ആലോചിച്ചാ മതി.”

എന്റെ തലയില്‍ തലോടുമ്പോള്‍ അമ്മയുടെ കനം തൂങ്ങിയ കണ്ണുകളില്‍ നനവിന്റെ തിളക്കമുണ്ടായിരുന്നു. അമ്മ രാത്രിയില്‍ കുറേ കരഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കുറപ്പായി. കരഞ്ഞാല്‍ അമ്മയുടെ കണ്‍പോളകള്‍ ചീര്‍ക്കും, കണ്ടാല്‍ പെട്ടെന്ന് അറിയുകയും ചെയ്യും. എന്നും അതങ്ങനെയാണ്. എന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ അമ്മ ചട്ടിയിലേക്ക് മാവൊഴിച്ചു. ഓട്ടട ചുടുന്ന ശബ്ദം.

ഇന്നും അന്നത്തെ ആ രണ്ട് അഞ്ചിന്റെ നോട്ടും നാല് ഒറ്റരൂപാത്തുട്ടുകളും കൂടെയുണ്ട്. ഒരു പാവം കള്ളനെ നിര്‍മ്മിച്ചുപോയതിന്റെ കുറ്റബോധത്തോടെ. പിന്നീടൊരിക്കലും പൈസക്ക് നൊണയുണ്ടായിട്ടില്ല. എപ്പോഴെങ്കിലും പഴയ മുളകെഴുത്തിനെപ്പറ്റി പറയുമ്പോള്‍ അമ്മ സങ്കടത്തോടെ കണ്ണില്‍ വെള്ളം നിറയ്ക്കും.

“യ്യങ്ങനൊന്നും പറയല്ലേ, എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ ഇപ്പോ…”

മറുപടിയായി, ങ്ങളെ അന്നത്തെ മുളകെഴുത്തുകൊണ്ട് രാജ്യത്തിന് നഷ്ടമായത് ഒരു മികച്ച കള്ളനെയാണെന്ന് ഞാന്‍ തമാശപറയും. അപ്പോള്‍ അമ്മ ചിരിക്കും, മുഖത്ത് മുഴുവന്‍ നക്ഷത്രങ്ങള്‍ വിരിയുന്ന ഒരൊന്നൊന്നര ചിരി…

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Childhood memories ajijesh pachat