/indian-express-malayalam/media/media_files/uploads/2018/12/priya-joseph-7.jpg)
തൊടുപുഴ വിമലാലയം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നഴ്സറി തൊട്ട് നാലാം ക്ലാസ്സ് വരെ പഠിയ്‌ക്കുന്ന കാലം. 70 - 80 കളിലെ തൊടുപുഴ ഇന്ന് കാണുന്ന വലിയ സിറ്റിയായിരുന്നില്ല. സിനിമാക്കാർക്കു പോയിട്ട് 'വെറുതെക്കാർക്കു'പോലും മൂല്യം മനസ്സിലാകാതെ, കരിക്കട്ട പോലെ, കിടന്ന ഒരു വജ്രമായിരുന്നു അന്ന് തൊടുപുഴ. സ്കൂളുകളുടെ കാര്യത്തിലും ഇന്നുള്ള സമൃദ്ധിയൊന്നും അന്നുണ്ടായിരുന്നില്ല. ആകെയുളള രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്ന് വിമലാലയം മറ്റൊന്ന് ഡീപോൾ. നഴ്സറിതൊട്ട് നാലാം ക്ലാസ്സ് വരെ വിമലാലയത്തിൽ. അതുകഴിഞ്ഞ് ആഘോഷമായി ഒരു എൻട്രൻസ് എക്സാം എഴുതി വിജയശ്രീലാളിതരായി ഡീപോളിലേയ്ക്ക്. ഈ എൻട്രൻസ് എക്സാം വെറും പ്രഹസനമായിരുന്നു എന്നത് മാതാപിതാക്കൾക്ക് അറിയാമായിരുന്നെങ്കിലും ഞങ്ങൾ കുട്ടികൾക്ക് അറിയില്ലായിരുന്നത് കൊണ്ട് അതിന്റെ എല്ലാ മാനസിക പിരിമുറുക്കങ്ങളും യഥാവിധി അനുഭവിച്ച് തന്നെയാണ് എൻട്രൻസ് പരീക്ഷ എഴുതി അഞ്ചാം ക്ലാസ്സിൽ ആശ്വാസനിശ്വാസങ്ങളോടെ ചെന്നു ചേരുന്നത്.
ആ കാലഘട്ടത്തിൽ എന്റെക്ലാസ്സിൽ പഠിച്ചവർക്കൊന്നും മറക്കാൻ പറ്റാത്ത രണ്ടു് പേരുകളുണ്ട്- മനസ്സിൽ തങ്കലിപികളാൽ എഴുതപ്പെട്ട, മരണംവരെ ഓർമ്മയിൽ സൂക്ഷിക്കുന്ന രണ്ടുപേരുകൾ-റാണി കെ ജോർജ്ജ്, നെവിൻ മാത്യു.
നഴ്സറിതൊട്ട് പത്താം ക്ലാസ്സ് വരെ ഒന്നും രണ്ടും സ്ഥാനങ്ങൾ മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വയം അനുഭവിച്ചുപോന്ന ബുദ്ധിരാക്ഷസരായിരുന്നു ഇവർ രണ്ടുപേരും. വരുന്നത് മുതലക്കോടത്തുനിന്നും. സ്ഥലത്തിന്റെ പ്രത്യേകതയാണോ ഇവരുടെ ബുദ്ധിയുടെ കാരണം എന്നൊക്കെ കാടുകയറി ചിന്തിച്ചിട്ടുണ്ടെങ്കിലും എനിക്കോ ക്ലാസ്സിലെ മറ്റു കുട്ടികൾക്കോ ഇവരിങ്ങനെ മാറിയും മറിഞ്ഞും ഒന്നും രണ്ടും റാങ്കുകൾ തട്ടികളിക്കുന്നതിൽ യാതൊരു പരിഭവവും പരാതിയും തോന്നിയിട്ടില്ല.
ന്ഴ്സറിയിൽ കൊണ്ടുപോയിചേർക്കുന്ന സമയം തൊട്ട് മമ്മി ഒരു മന്ത്രം പോലെ ചെവിയിൽ എപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. "പ്രിയാ, നന്നായി പഠിയ്ക്കുന്ന പിള്ളേരൊടെ എന്റെ മോളു കൂട്ട് കൂടാവുള്ളു." മനസ്സിൽ തറഞ്ഞുപോയ ഒരു ഉപദേശമായിരുന്നത്.
മമ്മിയെ കുറ്റം പറയാൻ പറ്റില്ല. പഠിയ്ക്കുന്ന കുട്ടികൾ മറ്റുള്ള ചീത്തതരത്തിലേയ്ക്കൊന്നും പോകില്ല എന്നുള്ള വിശ്വാസം നമ്മുടെ നാട്ടിൽ മാത്രമല്ലാ ഈ രാജ്യത്തും അങ്ങനെതന്നെ. അതുകൊണ്ടാണല്ലൊ 16 ആം വയസ്സിൽ ഡ്രൈവേഴ്സ് ലൈസൻസ് എടുത്ത് ഇൻഷ്വറൻസിൽ പേരു ചേർക്കുമ്പോൾ തുകയിൽ അൽപമിളവുകിട്ടണമെങ്കിൽ ഗ്രേഡ് ഷീറ്റിലെ ഉയർന്ന മാർക്കുകൾ രക്ഷയ്ക്കെത്തുന്നത്.
എന്തായാലും മമ്മിയുടെ ഉപദേശം അക്ഷരം പ്രതി പാലിക്കാൻ റെഡിയായിട്ടാണ് ആദ്യദിവസം തൊട്ടേ ഞാൻ നഴ്സറിയിൽ ചെന്നിരിക്കുന്നതുതന്നെ. ക്ലാസ്സിൽ ഇഷ്ടം തോന്നിയ ഒരു റീനാ മിനിയുണ്ടായിരുന്നു. തട്ട്തട്ടുള്ള മഞ്ഞ ഉടുപ്പൊക്കെയിട്ട്, മഞ്ഞ ഹെയർ ബാൻറ്റ് ഇടതൂർന്ന ചുരുണ്ടമുടിയിൽ വട്ടത്തിലൊക്കെവച്ച ഒരു അതിസുന്ദരി. റീനാ മിനിയുടെ ഭംഗിയുളള ഉടുപ്പും, മാലാഖ പോലുള്ള ഇരിപ്പും, എന്റെ നേരെ നോക്കിയുള്ള വിടർന്ന ചിരിയും എന്നെ അൽപം ചിന്താക്കുഴപ്പത്തിലാക്കി എന്നുള്ളത് സത്യം. കുടുംബ സുഹൃത്തുക്കളായ ആഷ, അഞ്ചു ഇവരൊടൊക്കെ കൂട്ടുകൂടണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഏറ്റവും നന്നായി പഠിക്കുന്നത് ആര് എന്ന ചോദ്യം മനസ്സിനെ വല്ലാതെ മഥിച്ചിരുന്നതുകൊണ്ട് പരീക്ഷ കഴിഞ്ഞ് അതിലെ മാർക്ക്സ് കണ്ടിട്ടാവാം ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനമെടുക്കാൻ എന്നു ഞാനങ്ങ് നിശ്ചയിച്ചു.
ക്ലാസ്സിലെ ആദ്യപരീക്ഷയ്ക്കു് സ്ലേറ്റിൽ കിട്ടിയ മാർക്ക്സ് കണ്ടപ്പോൾതന്നെ ഏതാണ്ടുറപ്പായി ക്ലാസ്സിലെ മെയിൻ പഠിപ്പിസ്റ്റുകൾ റാണി കെ ജോർജും നെവിൻ മാത്യും ആണെന്ന്. 100 ഇൽ 100 സകല വിഷയങ്ങൾക്കും വാങ്ങിച്ച് ഈ രണ്ടുപേർ അവരുടെ ജൈത്രയാത്ര തുടങ്ങിയതിന് കാലം സാക്ഷി!
നെവിൻ മാത്യു ആൺകുട്ടി ആയതുകൊണ്ടും സാമാന്യം നല്ല ഗൗരവ പ്രകൃതിയായതിനാലും (ആൺകുട്ടി ആണെന്നുള്ളതാണു് പ്രധാനസംഗതി.ആൺകുട്ടികളോടൊന്നും വല്യചങ്ങാത്തം വേണ്ടായെന്ന് വീട്ടിൽ നിന്ന് കിട്ടിയിരുന്ന ഒരുപാടു നിർദേശങ്ങളിൽ ഒന്നായിരുന്നു) റാണി കെ ജോർജിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നു ഞാനങ്ങ് തീരുമാനിച്ചു.
ഇന്റർവൽ സമയത്തെ ബാത് റൂം ബ്രേയ്ക്ക് വളരെ സുപ്രധാനമായിരുന്നു. സ്കൂൾ കെട്ടിടത്തിൽ നിന്ന് കുറച്ചങ്ങ് മാറിയാണ് പെൺകുട്ടികളുടെ ബാത് റൂം. കൈകോർത്തുപിടിച്ചു് കുറച്ചുദൂരം നടന്നാലാണ് ഇവിടെയെത്തിപെടുക. ഇന്റർവൽ മണി അടിക്കുമ്പോൾ മറ്റാരും റാണിയുടെ കൈകോർക്കാൻ എത്തുന്നതിനുമുൻപെ നീട്ടിപിടിച്ച കൈകളുമായി റാണിയുടെ കസേരയ്ക്കുമുന്നിൽ ഞാൻ നിൽപ്പ് തുടങ്ങിയിട്ടുണ്ടാവും.
കുഞ്ഞുകുഞ്ഞുവിശേഷങ്ങളൊക്കെ പറഞ്ഞ് പതിയെ നടക്കുന്ന ഈ ഒരു സമയംകൊണ്ട് ഇത്രയധികം മാർക്ക്സ് കിട്ടുന്നതിന്റെ രഹസ്യം വല്ലവിധേനയും വീണുകിട്ടിയാൽ അത്രയെങ്കിലുമായല്ലൊ എന്നാണ് എന്റെ കുഞ്ഞുമനസ്സിലെ അത്ര കുഞ്ഞല്ലാത്ത കുനുഷ്ട്‌ചിന്ത! റാണിയുടെ വായിൽനിന്നുവീഴുന്ന ഒരോവാക്കും പുഷ്പവൃഷ്ടി പോലെയാണ് അന്നാ നഴ്സറി ക്ലാസ്സുകാരിക്ക് അനുഭവപ്പെട്ടിരുന്നത് എന്നു ഞാൻ പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ലാ എന്നുള്ളതാണ് സത്യം!
ഇങ്ങനെ റാണിയുടെ കൈയും പിടിച്ച് നിർബാധം ബാത് റൂമിൽപോക്ക് തുടരുമ്പോഴാണു് ഞാനൊരു വല്യ സത്യം മനസ്സിലാക്കിയത്. ക്ലാസ്സിലെ ഏറ്റവും നന്നായി പഠിയ്ക്കുന്ന കുട്ടിയോടു് കൂട്ടുകൂടണമെന്ന് എന്റെ മമ്മി എന്നോട് പറഞ്ഞിരിക്കുന്നത് പോലെതന്നെ ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളോടും ഇതൊക്കെതന്നെയാണ് അവരുടെ അച്ഛനമ്മമാർ പറഞ്ഞുവിട്ടിരിക്കുന്നത്. കാരണം ബാത് റൂം ബ്രേയ്ക് ആകുമ്പോൾ റാണിയുടെ കൈപിടിച്ച് ബാത് റൂമിൽ പോകാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു.
കൈപിടിയ്ക്കാൻ വരുന്നവരിലെ പ്രധാന എതിരാളിയായി ഞാൻ കണ്ടത് മായ സെബാസ്റ്റ്യനെയാണ്. ഇളം ചുവപ്പുകലർന്ന വെളുത്തനിറം, തോളൊപ്പം കിടക്കുന്ന നല്ല കോലൻ മുടി, ഉച്ചത്തിലുള്ള സംസാരം, ഉറക്കെയുറക്കെയുള്ള ചിരി, ഇമ്മാതിരി പ്രത്യേകതകളെല്ലാം കൊണ്ട് ഞങ്ങളുടെ ക്ലാസ്സിലെ വല്ല്യ സാന്നിദ്ധ്യമായിരുന്നു മായ. ഇതിനെല്ലാം പുറമേ ആള് വല്ല്യ സ്നേഹക്കാരിയും. എന്തിനും ഏതിനും വന്ന് കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിക്കുക എന്നുള്ളത് മായയുടെ മാത്രം പ്രത്യേകതയായിരുന്നു. എനിക്കീ സ്വഭാവങ്ങളൊന്നും തന്നെ തീരെ പിടിയ്ക്കുന്നുണ്ടായിരുന്നില്ല.
അതുമാത്രമല്ല, എനിയ്ക്കില്ല എന്നു ഞാൻ കരുതുന്ന ഈ സ്വഭാവപ്രത്യേകതകൾ കാരണം മായയെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കിയാലോ എന്നുവരെ ഞാൻ ചിന്തിക്കാൻ തുടങ്ങി. പക്ഷേ, "ഏറ്റവും നന്നായി പഠിയ്ക്കുന്ന കുട്ടി" എന്നുള്ളത് മനസ്സിൽ തറഞ്ഞു പോയതുകൊണ്ട് സർവ്വശക്തിയും സംഭരിച്ചാണ് "റാണി തന്നെ മതി എനിക്ക് ബെസ്റ്റ് ഫ്രണ്ടായിട്ട്" എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നത്. പിന്നീടങ്ങോട്ട് അഞ്ചാം ക്ലാസ്സ് വരെ റാണിയുടെ ബെസ്റ്റ് ഫ്രണ്ട് ആകാനുള്ള ഒരു ഭഗീരഥയജ്ഞമാണ് ഞാൻ നടത്തിയത്.
ഈ ശുഷ്കാന്തിയൊക്കെ ഞാനപ്പോൾ പഠനത്തിൽ കാണിച്ചിരുന്നുവെങ്കിൽ മേൽപ്പറഞ്ഞ റാണി നെവിന്മാരെ വെട്ടിച്ച് ഒന്നാം സ്ഥാനത്തെത്തുമായിരുന്നു. പക്ഷേ അതപ്പോൾ നമുക്കറിയില്ലലോ. ക്ലാസ്സിലെ അതിബുദ്ധിമതിയെ എങ്ങനെ ആത്മസുഹൃത്താക്കാം എന്നുള്ള സ്ട്രാറ്റജികളിൽ മുഴുകി ഇരിക്കുന്നതുകൊണ്ട് എന്തു പഠനം!
സെന്റ് റബ്ബർ, തീപ്പെട്ടി പടം, കളർ ചോക്ക്സ്, ഇത്യാദി 'ലൊട്ടുലൊടുക്ക്' സാധനങ്ങളെല്ലാം റാണിക്ക് മാത്രം കൊടുക്കാനുള്ള മനസ്സുമായി ഞാൻ ക്ലാസ്സിൽ കൊണ്ടുവന്നു. റാണിക്ക് കാണാൻ പാകത്തിൽ ഇതെല്ലാം ഞാൻ എന്റെ പെൻസിൽ ബോക്സ് തുറന്ന് ഡസ്കിൽ നിരത്തി.
ക്ലാസ്സിലെ നമ്മുടെ സ്റ്റാറ്റസ് ഉയർത്തുന്നതിലും താഴ്ത്തുന്നതിലും തീപ്പെട്ടി പടത്തിനുള്ള പങ്ക് എത്ര വലുതായിരുന്നു എന്നത് ആ കാലഘട്ടത്തിലുള്ളവർ ഓർമ്മിക്കുന്നുണ്ടാകും. ഇന്ത്യൻ സാധനങ്ങൾ വേണ്ടത്ര ഏശുന്നില്ല എന്നുകണ്ടപ്പോൾ വിദേശനിർമ്മിത സാധനങ്ങളിലേയ്ക്കായി എന്റെ ശ്രദ്ധമുഴുവനും.
ബിസിനസ്സ് ആവശ്യങ്ങൾക്കായി സിംഗപ്പൂർ, മലേഷ്യ എന്നി സ്ഥലങ്ങളിലേക്ക് അക്കാലങ്ങളിൽ പപ്പ അടിയ്ക്കടി യാത്ര പോകാറുണ്ടായിരുന്നു. വീട്ടിൽ കാത്ത്കാത്ത് കണ്ണുകഴച്ചിരിക്കുന്ന നാലു പെണ്മക്കൾക്കും കൈനിറയെ ലെഡ് പെൻസിൽ, ഹീറോ പെന്നുകൾ സ്കെച് പെൻസ്, ഭംഗിയുള്ള പെൻസിൽ ബോക്സ് ഒക്കെയായിട്ടാണ് പപ്പ മടങ്ങിവരിക.
ടിവിയിലെ പൊലെ പടങ്ങൾ മിന്നിമറയുന്ന ഒരു പെൻസിൽ കട്ടർ അഥവ sharpener ആയിരുന്നു. ഇങ്ങനെയൊരു യാത്രയിൽ വന്നുപെട്ട വിദേശികളിലെ ഒരു പ്രധാന താരം.
സ്കൂളിലെത്തിയാൽ ആവശ്യത്തിനും അനാവശ്യത്തിനും ഈ പെൻസിൽ ഷാർപ്പണർ എടുത്ത് റാണി കാൺകെ ഉപയോഗിക്കുക എന്നുള്ളത് ഞാൻ ഒരു ശീലമാക്കി. ചോദിച്ചാൽ ആ ക്ഷണം കൊടുക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നുവെങ്കിലും റാണിയൊഴിച്ച് ബാക്കിയെല്ലാവർക്കും എന്റെയാവിശേഷപ്പെട്ട പെൻസിൽ ഷാർപ്പണറിൽ താൽപര്യം ജനിക്കുകയും, റാണിയൊഴിച്ച് ബാക്കിയെല്ലാവരും അവരവരുടെ പെൻസിലുകൾ മുനകൂർപ്പിച്ചു തീർത്തുകൊണ്ടേയിരുന്നു.
പെൻസിലുകൾ തീരുന്നതല്ലാതെ എന്റെ ബെസ്റ്റ് ഫ്രണ്ട് സ്വപ്നമാണെങ്കിൽ ഒരിടത്തുമങ്ങ് എത്തുന്നുമില്ല. ഉത്സാഹക്കാരി സ്നേഹക്കാരി മായ സെബാസ്റ്റ്യനാണെങ്കിൽ ദിനം പ്രതി മുന്നേറികൊണ്ടുമിരിക്കുന്നു. അങ്ങനെ കണ്ണടച്ച് തുറക്കുന്നതിനുമുൻപ് അഞ്ചാം ക്ലാസ്സിലെത്തി.
നന്നായി മെലിഞ്ഞിട്ടു്, ക്ലാസ്സിൽ ഇംഗ്ലീഷ് മാത്രം സംസാരിയ്ക്കുന്ന ഡെയ്സി ടീച്ചറായിരുന്നു ഞങ്ങളുടെ ഇംഗ്ലീഷ് ടീച്ചർ. അന്ന് ഞങ്ങൾക്ക് കോമ്പോസിഷൻ ബുക്ക് എന്നൊരു സംഭവമുണ്ട്. അത്തവണ ടീച്ചർ തന്ന വിഷയം 'മൈ ബെസ്റ്റ് ഫ്രണ്ട്' എന്നുള്ളതായിരുന്നു.രണ്ടുപേജിൽ കുറയാതെ ആത്മസുഹൃത്തിനെകുറിച്ച് എഴുതാൻ വിഷയം കിട്ടിയപ്പോൾ എനിക്ക് കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. രണ്ട് പേജല്ല ഒരു ബൂക്ക് നിറയെ എന്റെ ആത്മസുഹൃത്തിനെക്കുറിച്ച് എനിക്ക് എഴുതാനുണ്ടായിരുന്നു. നഴ്സറിതൊട്ട് അഞ്ചാം ക്ലാസ്സുവരെയുള്ള നീണ്ട ആറ് വർഷത്തെ സൗഹൃദമല്ലേ? അഥവാ സൗഹൃദശ്രമമല്ലെ? എന്ത് എഴുതാതിരിക്കും എന്നുള്ളതാണ് എന്നെ അലട്ടിയ പ്രശ്നം. നിറഞ്ഞ്‌തുളുമ്പുന്ന മനസ്സിന്റെ തള്ളൽ വളരെ പണിപ്പെട്ട് അടക്കി essay രണ്ട്പേജിലൊതുക്കി, Composition Book ക്ലാസ്സിന്റെ ഇടത്തെമൂലയിലുള്ള ഷെൽഫിൽ വച്ചു് വീട്ടിലേയ്ക്ക് മടങ്ങു മ്പോൾ മനസ്സുനിറയെ റാണി കെ ജോർജ്ജിനൊടുള്ള സൗഹൃദ പൂമരം പടർന്ന് പന്തലിച്ച് ചില്ലകളിങ്ങനെ മെല്ലെ മെല്ലെ ഇളകിയാടി കൊണ്ടിരിന്നു.
അടുത്തദിവസങ്ങളിൽ കറക്ഷൻ നടത്തിയ കോംപസിഷൻ ബുക്ക് ഡൈയ്സി ടീച്ചർ തിരികെ നൽകിയപ്പോൾ ഉള്ളുലയ്ക്കുന്ന ആകാംഷ വിദഗ്ധമായി മറച്ചുപിടിച്ച് ഞാൻ റാണി കെ ജോർജ്ജിനോടു് റാണിയുടെ ബെസ്റ്റ് ഫ്രണ്ട് ഉപന്യാസം വായിക്കാനൊന്നു തരുമൊ എന്ന് അലസമായി (അങ്ങനെ നടിച്ച്) ചോദിച്ചു.ഒരു മടിയും കൂടാതെ കോമ്പോസിഷൻ ബുക്ക് റാണി എനിയ്ക്ക് നീട്ടി.
"മൈ ബെസ്റ്റ് ഫ്രണ്ട് ഈസ് മായ സെബാസ്റ്റ്യൻ ... "എന്ന് തുടങ്ങുന്ന വരികളിലേക്ക് ഞാൻ ഒന്നേ നോക്കിയുള്ളു. തിരസ്കരിയ്ക്കപ്പെട്ട സൗഹൃദ ത്തിന്റെ കരൾ പിളരുന്ന വേദന അങ്ങനെ ആ അഞ്ചാം ക്ലാസ്സിൽ വച്ച് ആദ്യമായി (പിന്നീടുള്ള പല സൗഹൃദതിരസ്ക്കാരങ്ങളുടെയും നാന്ദി കുറിക്കലായി) ഞാനന്ന് അനുഭവിച്ചു. പുറത്തൊരു മനുഷ്യർ അറിയാതെ മനസ്സിന്റെ പിണക്ക അറയിൽ അന്നുകൊണ്ടുപോയി പ്രതിഷ്ഠിച്ചതാണ് മായയെ. വേറെ ചില കൂട്ടുകാരിലേക്ക് കളം മാറി ചവിട്ടി ഡീപോളിലെ ശിഷ്ടകാലം വല്യ തരക്കേടില്ലാതെ വർണ്ണശബളമാക്കി.
നസ്രത് ഹോസ്റ്റലിൽ താമസിച്ച് എറണാകുളം സെന്റ് തെരെസാസിൽ പഠിക്കുമ്പോഴാണ് പിന്നീട് മായയെ കാണുന്നത്. മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിന് വന്ന മായ എന്നെ കണ്ടതേ ഓടിവന്ന് കെട്ടിപിടിച്ചു. പഴയ ബഹളക്കാരി സ്നേഹക്കാരി മായക്ക് യാതൊരു മാറ്റവുമില്ല. എല്ലാദിവസവും തന്നെ നസ്രത്തിന്റെ രണ്ടാം നിലയിലെ അരമതിലിൽ കാലാട്ടിയിരുന്ന്, ഇന്നലെ പറഞ്ഞുനിർത്തിയിടത്തുനിന്ന്, തൊടുപുഴ വിശേഷങ്ങളും, കൂട്ടുകാരുടെ ഗോസ്സിപ്പുകളും മായ വാതോരാതെ സംസാരിക്കുമ്പോൾ ആ പഴയ അപമാനിതയായ ഫ്രണ്ട്‌ലെസ്സ് അഞ്ചാം ക്ലാസ്സുകാരി ഉള്ളിലിരുന്ന് കലമ്പൽ കൂട്ടുന്നതുപോലെ. തൊടുപുഴയുടെ നന്മയിൽനിന്നും എറണാകുളത്തിന്റെ കാപട്യം ശീലിച്ചുതുടങ്ങിയതുകൊണ്ട് ഉള്ളിലെ ഭാവങ്ങൾ മറയ്ക്കാൻ എനിക്ക് അശേഷം ബുദ്ധിമുട്ടുണ്ടായില്ല.
നസ്രത്തിൽ താമസിച്ച് എൻട്രൻസ് കോച്ചിങ്ങിനുപോയ ആരെങ്കിലും ഡോക്ടർ ആയിട്ടുണ്ടൊയെന്ന് എനിക്ക് സംശയമുണ്ട്. മായയും തിരികെപോയി തൊടുപുഴയിൽ ഡിഗ്രിക്ക് ചേർന്നു.
പിന്നീട് മായയെ കാണുന്നത് മൂവാറ്റുപുഴയിൽ വച്ചാണ്. ഇക്കണോമിക്സ് MPhilനു പുല്ലുവിലപോലും കൊടുക്കാതെ വീട്ടിൽ തകൃതിയായി കല്ല്യാണാലോചന നടക്കുന്ന സമയം. ഡോക്ടർ, എഞ്ചിനീയർ, എന്നീ പ്രൊഫഷനുകൾ അല്ലാതെ മറ്റൊരു പ്രൊഫഷനും ഒരു പ്രൊഫഷൻ ആയി കരുതാത്ത ഞങ്ങളുടെ വീട്ടിൽ ഇക്കണൊമിക്സിനുള്ള സ്ഥാനം വളരെ പിറകിൽ. അതും തന്നിഷ്ടത്തിന് എടുത്തതല്ലേ.
പ്രീമാര്യേജ് കോഴ്സിൽ പങ്കെടുക്കാനാണ് ഞങ്ങൾ രണ്ടുപേരും മൂവാറ്റുപുഴയിൽ എത്തിയിരിക്കുന്നത്. പതിവുപോലെ മായ ഓടിവന്ന് കെട്ടിപിടിച്ച് ഭയങ്കര സ്നേഹവും കിലുകിലെ വർത്തമാനവുമായി ഏതാൾക്കൂട്ടത്തിലും മനസ്സുതൊടുന്ന തൊടുപുഴ നന്മയായി.
സ്ഥാനത്തും അസ്ഥാനത്തും ബാബു, ബാബു എന്ന് പറയുന്നുമുണ്ട്. മായയുടെ പ്രതിശ്രുത വരന്റെ പേരാണതെന്ന് സ്വരത്തിലെ ചെറിയ നാണവും ഉത്സാഹവും കണ്ട് പറയാതെതന്നെ മനസ്സിലായി. ബാബു വല്യ പഠിപ്പിസ്റ്റാണെന്നും MComന് റാങ്കുണ്ടെന്നും മായ പറയുമ്പോൾ, പഴയ അഞ്ചാം ക്ലാസ്സുകാരിയുടെ പരാജയപ്പെട്ട സൗഹൃദ ശ്രമങ്ങളുടെ കാരണഭൂത എന്ന ആരോപണം ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നതു കൊണ്ട് എനിയ്ക്ക് മായാ സെബാസ്റ്റ്യന്റെ ഈ ‘ബാബുപുരാണം’ തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.
ഡീപോളിലെ അഞ്ചാറുപേരുണ്ടായിരുന്നു ആ പ്രീമാര്യേജ് കോഴ്സിൽ പങ്കെടുക്കാൻ. ആയുഷ്ക്കാലം മുഴുവൻ മനുഷ്യന്റെ ക്ഷമ പരീക്ഷിച്ച്, സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട, എറ്റവും ദുർഘടം പിടിച്ച കൂദാശ എങ്ങനെ പുഷ്പം പോലെ കൈകാര്യം ചെയ്യണമെന്ന് വെറും മൂന്നു ദിവസം കൊണ്ടു പഠിപ്പിക്കാമെന്ന വ്യാമോഹവുമായി ഓരോരുത്തർ മാറിമാറി വന്ന് ക്ലാസ്സുകൾ എടുത്തുകൊണ്ടേയിരുന്നു.
അമേരിയ്ക്കയിൽനിന്നു കൊച്ചിയിൽ വിമാനമിറങ്ങി, മൂവാറ്റുപുഴയിലേയ്ക്കു നേരെ വന്നിറങ്ങിയ ഞങ്ങളുടെ ക്ലാസ്മേറ്റ് ആഷ ജെറ്റ്‌ലാഗ് എന്ന കാരണം പറഞ്ഞ് ആ മൂന്നു ദിവസവും സാമാന്യം നന്നായി ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു.ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഈ ക്ലാസ്സ് എടുത്ത സർട്ടിഫിക്കറ്റ് കാണിച്ചാലെ കല്ല്യാണം കഴിയ്ക്കാൻ പറ്റൂ എന്നുള്ളത് കൊണ്ട് ക്ലാസ്സ് എടുക്കുന്ന ആൾ നോക്കുമ്പോൾ ആശയെ തട്ടിയുണർത്തുക എന്ന ഭാരിച്ച ജോലി, ആശയുടെ അപ്പുറത്തും ഇപ്പുറത്തുമിരുന്ന് ഞാനും മായയും വളരെ ശുഷ്ക്കാന്തിയോടെ ചെയ്തുപോന്നു.
ക്ലാസ്സ് എടുക്കുന്ന സ്ത്രീ ദാമ്പത്യവിജയത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് എന്നു പറഞ്ഞ് നൽകിയ അനേകം ടിപ്‌സിൽ ഞങ്ങളെയൊക്കെ വല്ലാതെ ബേജാറാക്കിയ ഒരു സുപ്രധാന ടിപ് ഇപ്രകാരമായിരുന്നു- "മാസത്തിലൊരിയ്ക്കലെങ്കിലും ദമ്പതികൾ ഒരുമിച്ച് കുളിയ്ക്കണം" ഈ ഒരുമിച്ചുള്ള കുളി എന്തിനാണെന്നാലോചിചു് ഞങ്ങൾ ഡീപോളുകാർ കടലാസ് ചിറ്റുകളിലൂടെ തലപുകയ്ക്കാൻ തുടങ്ങി. ഇന്നത്തെ ട്രോളുകളുടെ മുൻഗാമിയാണല്ലൊ അന്നത്തെ കടലാസ്സുചിറ്റുകൾ!
ഈ കുളികോലാഹത്തിനിടയിലും കൂർക്കം വലിച്ചുറങ്ങുന്ന ആഷയുടെ അപ്പുറത്തുനിന്ന് മായ കഴുത്തുനീട്ടി എന്നോട് വിശേഷങ്ങൾ തിരക്കുകയും ബാബുവിന്റെ ഇഷ്ടാനിഷ്ടങ്ങളെകുറിച്ച് വാചാലയാകുകയും ചെയ്തു.
മൂന്നുദിവസത്തെ മാരകനിർദ്ദേശങ്ങളെല്ലാം ഉൾക്കൊണ്ട് സർട്ടിഫിക്കറ്റ് കൈക്കലാക്കി അവിടന്ന് രക്ഷപ്പെട്ടു്, ഞാനും മായയും ആഷയും വിവാഹിതരായി, അവരവരുടെ ജീവിതങ്ങളിൽ പൂർണ്ണമായും മുഴുകി.
മായ തൊടുപഴയിൽ , ജയറാണി സ്ക്കൂളിൽ കുട്ടികളുടെ പ്രിയപ്പെട്ട മായടീച്ചറാണെന്നും മായയ്ക്ക് ഒരു മോളായെന്നുമൊക്കെയുള്ള വിശേഷങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു. ഇക്കാലമൊക്കെയും മായയെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം തന്നെ ഞാനാ പഴയ കുറുമ്പി നഴ്സറിക്കുട്ടിയാകും.എന്റെ ആത്‌മസുഹൃത്താകുമായിരുന്ന റാണി കെ ജോർജ്ജിനെ എത്ര അനായാസേനയാണ് മായ ബെസ്റ്റ് ഫ്രണ്ടാക്കിയത്. ക്ഷമിക്കില്ല ഞാൻ എന്ന് എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളും സംഭവബഹുലമായി മുന്നോട്ടുപോകുമ്പോൾ പെട്ടെന്നൊരുദിവസം ഞങ്ങളുടെ സ്കൂൾ ഹെഡ്മാസ്റ്ററുടെ ഒരു ഫോണിലൂടെയാണ് ഞാനാ സങ്കട വാർത്ത കേട്ടത്. മായയ്ക്ക് കാൻസർ. പ്രൊഗ്ഗ്‌നോസിസ് വളരെ മോശം. ട്രീറ്റ്മെന്റുകൾ ഒക്കെ നിർത്തിയത്രെ.മുറിയടച്ചിരുന്ന് എത്ര നേരം കരഞ്ഞെന്ന് എനിക്ക് തന്നെ ഓർമ്മയില്ല. മായയെ വിളിക്കണമെന്നും സംസാരിക്കണമെന്നും മനസ്സിന് വല്ലാത്തൊരു ധൃതിപോലെ.
പക്ഷേ, അതിനുമുൻപ് എനിക്കൊരുകാര്യം ചെയ്യണമായിരുന്നു. പള്ളിയിൽ പോയി ഒന്നു കുമ്പസാരിക്കണം എന്ന് മനസ്സ് ധൃതി കൂട്ടുന്നതു പോലെ. എന്തുകാരണത്താലാണ് മായയെ എന്റെ ഹൃദയത്തിലെ പിണക്കഅറയിൽ ഞാൻ കൊണ്ടുപോയി പ്രതിഷ്ഠിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ എങ്കിലും ഞാൻ അങ്ങനെ ചെയ്തൂ എന്നത് എനിക്ക് വല്ലാത്ത കുറ്റബോധമാണുണ്ടാക്കിയത്.
മുപ്പതുകളിൽ നിൽക്കുന്ന ഞാൻ നഴ്സറിതൊട്ടുള്ള ഒരു സില്ലി പിണക്കകഥയും പറഞ്ഞ് കുമ്പസാരിയ്ക്കാൻ മലയാളം പള്ളിയിൽ പരിചയമുളള അച്ചന്മാരുടെയടുത്ത് എങ്ങനെ പോകും? അവരെന്തു കരുതും?
കുമ്പസാരിക്കാൻ വീടിനടുത്തുള്ള ഇംഗ്ലീഷ് പള്ളി മതി എന്നു ഞാനുറപ്പിച്ചു. പോളണ്ടിൽനിന്നുള്ള ഒരു അച്ചനാണ് അവിടെ വികാർ. അവിടെനിന്നുള്ളവർക്ക് സാധാരണഗതിയിൽ ഇംഗ്ലീഷ് അത്ര വശമുണ്ടാവില്ല. പള്ളിയിലെ പ്രസംഗമൊക്കെ പോളിഷ് ആക്സന്റിൽ വളരെ കഷ്ടപ്പെട്ട് പറഞ്ഞുതീർക്കുന്നത് സ്ഥിരമായി കേൾക്കുന്നത് കൊണ്ട് ഈ പ്രായം ചെന്ന അച്ചന് എന്റെ ഇന്ത്യൻ ആക്സന്റ ഇംഗ്ലീഷ് മനസ്സിലാകുമോ എന്നൊക്കെ ശങ്കിച്ചു് ഒരു വൈകുന്നേരം മൂന്നുമണിയ്ക്ക് കുമ്പസാരത്തിനായി ഞാൻ പള്ളിയിലെത്തി.
മായയെക്കുറിച്ചോർത്ത് സങ്കടപ്പെട്ട് കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ അച്ചൻ വന്നിരുന്ന് ബ്ലെസ്സ് ചെയ്ത് എന്റെ കുമ്പസാരം കേൾക്കാൻ തുടങ്ങി. ന്ഴ്സറിയിൽ തുടങ്ങി, അഞ്ചാം ക്ലാസ്സിൽ ഡൈയ്സിടീച്ചറിന്റെ ക്ലാസ്സ് വരെയെത്തി. മായ സെബാസ്റ്റ്യൻ എന്നോടു ചെയ്ത കടുത്ത അനീതിയെ ക്കുറിച്ചും, എന്റെ ബെസ്റ്റ് ഫ്രണ്ട് ആകുമായിരുന്ന റാണി കെ ജോർജ്ജിനെ ബെസ്റ്റ് ഫ്രണ്ട് ആക്കാൻ സാധിക്കാതിരുന്നതും, അതിൽ മായ വഹിച്ച സുപ്രധാന റോളും ഒക്കെ വിസ്തരിച്ചുതന്നെ അച്ചനെ പറഞ്ഞു കേൾപ്പിച്ചു. കൂട്ടത്തിൽ മായക്കിപ്പോൾ കാൻസർ ആണെന്നും എനിക്കത് ഒത്തിരി സങ്കടമായെന്നും, എനിയ്ക്ക് മായയെ ഒത്തിരി ഇഷ്ടമായിരുന്നുവെന്നും -പാപം പറയുമ്പോൾ താഴ്‌ന്ന ശബ്ദം മാത്രം എന്നതിനെ ശരിവയ്ക്കുമ്പോലെ - ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു.
അരമുക്കാൽ മണിക്കൂറെടുത്തു നടത്തിയ കുമ്പസാരമായതുകൊണ്ടും, കാലപഴക്കംവന്ന പാപമായതുകൊണ്ടും പ്രായ്ശ്ചിത്ത പ്രാർത്ഥനാ കണക്കും കൂടുതലായിരിക്കും എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. മിക്കവാറും ഒരു വിശ്വാസപ്രമാണം, 3 സ്വർഗ്ഗസ്ഥനായ പിതാവ് , 10 നന്മ നിറഞ്ഞ മറിയം, പിന്നെ കൂടിവന്നാൽ ഒരു 'എത്രയും ദയയുള്ള മാതാവു് '- ഇതിൽ കൂടുതൽ ഈ പോളിഷച്ചൻ പറയുമൊ, ഇനി പറഞ്ഞാൽതന്നെ മായക്കുവേണ്ടിയും അതിനെക്കാളുപരി എന്റെ മനസ്സമാധാനത്തിന് വേണ്ടിയും എന്തുപ്രായ്ശ്ചിത്തവും ഞാൻ ചെയ്യും എന്നൊക്കെ ആലോചിച്ച് കാതുകൂർപ്പിച്ച്, കണ്ണടച്ച് , കുമ്പസാരക്കൂടിന്റെ പടിയിൽ മുട്ടുകുത്തി ഞാനിങ്ങനെ നിൽക്കുകയാണ്.അപ്പുറത്ത് യാതൊരു അനക്കവും കേൾക്കാഞ്ഞിട്ട് കണ്ണുതുറന്നപ്പോൾ അച്ചനൊരു ചെറുചിരിയോടെ I think I like Maya Sebastian too ... എന്നു പറഞ്ഞു മുന്നിൽ നിൽക്കുന്നു. പ്രായ്ശ്ചിത്തമൊന്നും അച്ചൻ തന്നില്ലലൊ എന്നോർത്ത് "What’s my penance, Father" എന്നു ചോദിച്ചപ്പോൾ,ചുണ്ടിലെ ചിരിയെ തോൽപിക്കുന്ന കരുണ കണ്ണിൽ നിറച്ച്, വാക്കിംഗ് സ്റ്റിക് ഉയർത്തി എന്റെ തോളിലൊന്നു തട്ടി അച്ചൻ പറഞ്ഞു. "Call her. Talk to her, that’s your penance."
കുമ്പസാരം എന്ന കൂദാശ ഏറ്റവും സത്യസന്ധമായി ചെയ്യുമ്പോൾ മാത്രം അനുഭവിക്കുന്ന കുന്നോളം വലിപ്പമുള്ള സമാധാനത്തിന്റെ ഒരു തണുപ്പുണ്ട്. അന്ന് ജീവിതത്തിലാദ്യമായിട്ടാണ് ഞാനത് അനുഭവിച്ചത്.
തിരികെ വന്ന് മായയെ ഫോൺ ചെയ്യുമ്പോൾ ഫോൺ എടുത്ത് എന്റെ ഹലോ കേട്ട ആ സെക്കന്റിൽ തന്നെ "പ്രിയ ജോസഫ് അല്ലേ" എന്ന ചോദ്യവും, പൊട്ടിച്ചിരിയും തുടർന്നുള്ള ആഹ്ലാദപ്രകടനങ്ങളും എല്ലാം ഇന്നലെ നിർത്തിയിടത്തുനിന്നുതന്നെയായിരുന്നു. ഇത്രകാലം കഴിഞ്ഞിട്ടും എന്റെ ശബ്ദം കേട്ടതേ മായ എന്നെ തിരിച്ചറിഞ്ഞല്ലൊ എന്ന അന്ധാളിപ്പി ലായിരുന്നു ഞാൻ. മകളെ കുറിച്ചു വാചാലയായി മായ.
നല്ലകുമ്പസാരത്തിന്റെ തെളിമയിൽ നിറഞ്ഞ് കുറേനേരം മായയുമായി സംസാരിച്ച് ഫോൺ വച്ചുകഴിഞ്ഞപ്പോൾ എനിക്കൊരു സംശയം, മായക്ക് കാൻസർ ആണെന്ന് ഞാൻ കേട്ടതിന്റെ കുഴപ്പമാണോ? പൂർണ്ണാരോഗ്യമുള്ളവരുടെ ശബ്ദത്തിൽ പോലും ഇത്രയും ചുറുചുറുക്കും പ്രസരിപ്പും ഞാൻ കേട്ടിട്ടേയില്ല. സ്നേഹക്കാരി ബഹളക്കാരി മായ ഇപ്പോഴും അങ്ങനെതന്നെ. ഞാൻ വിളിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മായ മരിച്ചു. ഇല പൊഴിയുന്ന ഒക്ടോബർ മാസമായിരുന്നു അത്.
എന്റെ 'ഒട്ടൽകുട്ടി' മിയ രണ്ടിൽ പഠിക്കുമ്പോൾ കണ്ണുനിറച്ച് ഒരു ത്രികോണ സൗഹൃദക്കഥയുടെ ചുരുൾ നിവർത്തി "ജൂലിയാന ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്, ഐ ഹേറ്റ് കെൽസി" എന്നു പറഞ്ഞപ്പോഴാണ് ഞാൻ എന്റെ നേഴ്സറിക്കാലത്തെ റാണി- മായാക്കഥ അവളെ പറഞ്ഞു കേൾപ്പിക്കുന്നത്.
അവളുടെ വിടർന്ന വലിയകണ്ണുകളിൽ കുറ്റപ്പെടുത്തൽ നിറയുന്നതും "എന്നാലും എന്റെ അമ്മ അങ്ങനെ ചെയ്തല്ലൊ" എന്ന പരിഭവം നിറയുന്നതും ഞാൻ കണ്ടു. കഥ മുഴുവനാക്കുന്നതിനുമുൻപുതന്നെ "അമ്മ യൂ ആർ സോ മീൻ, I like Maya Sebastian" എന്ന് തറപ്പിച്ച് പറഞ്ഞ് എനിക്കെതിരെ വിധിയെഴുതി അവൾ മായയുടെ പക്ഷം ചേർന്നു. എന്തായാലും ജൂനീയർ ഹൈ കഴിയുന്നതുവരെ "My Best friends are Juliana and Kelsey"എന്നു് പറഞ്ഞ് എന്റെ മിയക്കുട്ടി വിശാലമനസ്കയായി.
കുട്ടികളോട് പറയുന്ന പല അനുഭവകഥകളിലും ഒരു പെർഫെക്റ്റ് കഥാനായിക ആവണമെന്നാണ് എല്ലാ അമ്മമാരെപ്പോലെ എന്റെയും ആഗ്രഹം. നന്മ മാത്രം ചെയ്യുന്ന, സത്യത്തിന്റെയും നീതിയുടെയും കൂടെ മാത്രം നിൽക്കുന്ന, സകലതും തികഞ്ഞ ഒരു സർവഗുണസമ്പന്ന നായിക! പക്ഷേ, അത് സിനിമയിലും കഥയിലും മാത്രമേ ഉള്ളുവെന്നും, ജീവിതത്തിൽ ഞാൻ അവരോടുമാത്രം പറയുന്ന പല അനുഭവകഥകളിലും ഞാൻ ഇത്തിരി സാമർത്ഥ്യകാരിയായിരുന്നുവെന്നും, ചിലതിൽ ഞാൻ വില്ലത്തിയാണെന്നും, ചിലതിൽ എനിയ്ക്ക് കത്തുകൈമാറുന്ന ഹംസത്തിന്റെ റോളാണെന്നും, വേറെ ചില കഥയിൽ പ്രേമം പറഞ്ഞ ആളെ നിഷ്ക്കരുണം അവഗണിച്ച മര്യാദയിലാത്ത കൂട്ടുകാരിയാണ് ഞാനെന്നും അറിയുമ്പോൾ എന്നെനോക്കുന്ന അവരുടെ കണ്ണുകളിൽ 'ഇല്ലാത്ത മഹത്വം' ഞാൻ കാണുന്നേയില്ല.
ഉപദേശങ്ങളൊന്നും തന്നെ ഞാനവർക്ക് കൊടുക്കാറില്ല. ഞാൻ ചെയ്ത തെറ്റുകളും നന്മകളും അവർക്കു മുൻപിൽ കുടഞ്ഞിട്ട്, അതിൽ നിന്നു നെല്ലും പതിരും വേർതിരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു കൊടുക്കുമ്പോൾ, അത് ഒരു നൂറ് ഉപദേശത്തെക്കാൾ ഫലം ചെയ്യും എന്നതിന് അനുഭവം തന്നെ ഗുരു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.