/indian-express-malayalam/media/media_files/2025/07/14/theresa-2-2025-07-14-14-06-26.jpg)
ചിത്രീകരണം: വിഷ്ണു റാം
ഞാന്‍ ആലോചിക്കുകയായിരുന്നു, ഒരു മനുഷ്യന്റെ ജീവിതത്തില്‍ എന്തെല്ലാം ട്രിഗര്‍ പോയൻ്റുകളാണുള്ളത്? അമ്മ പുഴയിലേക്കെറിഞ്ഞു കൊന്ന മൂന്നുവയസ്സുകാരി കല്യാണിയുടെ മരണം വല്ലാതെ നോവിച്ചുവെങ്കിലും എനിക്കതൊരു ട്രിഗര്‍ പോയൻ്റായിരുന്നില്ല. പക്ഷേ, അവള്‍ അച്ഛന്റെ അനിയനാല്‍ പീഢിപ്പിക്കപ്പെട്ടിരുന്നു തലേന്നു പോലും എന്ന വാര്‍ത്ത എനിക്ക് ട്രിഗര്‍ പോയൻ്റായിരുന്നു. എന്റെ കുട്ടിക്കാലത്തെ കത്തും വെയിലുള്ള മഞ്ഞച്ച ആ കാലത്തിലേക്ക് ഞാന്‍ വീണ്ടും വീണു. ഇന്നും ആരോടും പറയാനാവാത്ത ആ മഞ്ഞ പകല്‍.
ഓരോ പോക്‌സോ കേസ് വന്നു പോകുമ്പോഴും, കുട്ടിക്കാലത്ത് ശാരീരികമായ കടന്നുകയറ്റങ്ങളനുഭവിച്ച ഓരോ ആളും അന്തമില്ലാത്ത ഒരു എരിപൊരിസഞ്ചാരകാലത്തിലേക്ക് വേരോടെ, എടുത്തറിയപ്പെടുകയാണെന്ന് ആരെങ്കിലും ഊഹിക്കുന്നതു പോലുമുണ്ടാവുമോ?
മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു ഊഹം കിട്ടാതെ വെടിയുണ്ടകള്‍ക്കു മുന്നില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടിയിട്ടുണ്ടോ? ഇരുണ്ട മുറി, കൈകളിലും കാലുകളിലും ചങ്ങലകള്‍. നിശബ്ദമാക്കാനായി വായ അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. ജീവിതം എന്താണെന്നു പോലും നിശ്ചയമില്ലാത്ത ആ കുഞ്ഞിനു നേരെ നിറയൊഴിക്കാന്‍ ഉന്നം പിടിച്ചു ഒരാള്‍. പേടിച്ചു വിറങ്ങലിച്ച്... തണുത്തു മരവിച്ച്... നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടോ ആ അവസ്ഥ. ഇതാണ് പീഢിപ്പിക്കപ്പെടുന്ന ഓരോ കുട്ടിയും നിങ്ങളുടെ രതിമൂര്‍ച്ഛക്കിടയില്‍ അനുഭവിക്കുന്നത്.
ഇന്നെന്നെ കണ്ടാല്‍, എന്റെ തന്റേടവും താന്‍പോരിമയുമായി പരിചയപ്പെട്ടാല്‍, ഞാനും അക്ഷരങ്ങളും തമ്മിലിന്നോളമുണ്ടായിട്ടുള്ള ഗാഢബന്ധമറിഞ്ഞാല്‍ ആരും സംശയിക്കും, തുറന്നു വിടാതിരുന്നതെന്താണിത്ര കാലവും ജൂതശ്മശാനത്തിൽ വച്ച് ഞാന്‍ മരിച്ചു പോയ ആ കത്തും നട്ടുച്ചക്കാര്യങ്ങളെന്ന്?
ചില മുറിവുകള്‍ ഭാണ്ഡക്കെട്ടുകളിലാക്കി, ആരും നമ്മളുപോലും കാണാനിടയില്ലാത്തിടത്ത് ഉപേക്ഷിക്കുന്ന പതിവുണ്ട് നമ്മള്‍ക്കെല്ലാം. എന്നാലും ചില ട്രിഗര്‍ പോയൻ്റുകളിലത് പൊങ്ങിവരും, അപ്പോഴും നമ്മളതമര്‍ത്തിപ്പൂഴ്ത്തിവയ്ക്കും എങ്ങനെയെങ്കിലും.
ഈ ഭാണ്ഡക്കെട്ടുകളുടെ കെട്ടുപാടുകളില്‍ നിന്ന്, അതിനുള്ളിലെ മുറിപ്പാടുകളില്‍ നിന്ന് മുക്തയായിട്ടുവേണമല്ലോ എന്നേയ്ക്കുമായുള്ള യാത്രപോകാനെന്ന്, യുധിഷ്ഠരനെപ്പോലെ തിരിഞ്ഞുനോക്കാനൊന്നും അവശേഷിപ്പിക്കാതെ വേണമല്ലോ മുക്തിയിലേക്കുള്ള യാത്രയെന്ന് എപ്പോഴൊക്കെയോ തോന്നാറുണ്ട്. ആ തോന്നലിന്റെ ബാക്കിയാണ്, കുഞ്ഞുകല്യാണിയില്‍ നിന്ന് ഞാനെടുത്തെറിയപ്പെട്ട ആ മഞ്ഞച്ച ഉച്ചയെക്കുറിച്ചും എന്നേയ്ക്കുമായി അന്നുള്ളില്‍ വന്നു തറച്ച നോവിനെക്കുറിച്ചുമുള്ള ഈ തുറന്നെഴുത്ത്.
വീട്ടില്‍ അപ്പനില്ലാത്ത കാലമാണ്. അപ്പന്‍ ജോലിക്കായി മറ്റൊരിടത്താണ്. ആളോ, മുഴു മദ്യപാനിയും. അമ്മയും രണ്ടു പെണ്‍മക്കളും ഒറ്റയ്‌ക്കൊരു വീട്ടില്‍ താമസിക്കുമ്പോള്‍ സ്വാഭാവികമായും സഹായിക്കാന്‍ ബന്ധുക്കളായ പുരുഷന്മാര്‍ വരും.
ഇയാള്‍ അടുത്ത ബന്ധുവായ ചെറുപ്പക്കാരനായിരുന്നു. ആദ്യമാദ്യം അയാള്‍ എനിക്കായി എന്നും ഓര്‍ത്തു വച്ച് മിഠായി വാങ്ങിക്കൊണ്ടുവരുന്ന പ്രിയപ്പെട്ട ചേട്ടനായിരുന്നു. പ്രായത്തില്‍ മുതിര്‍ന്നതെങ്കിലും എന്റെ കൂടെ ഒളിച്ചു കളിക്കാനെല്ലാം വരും. പിന്നെപ്പിന്നെ കളിക്കിടയില്‍ ഉടുപ്പിനിടയില്‍ കയ്യിടലും നെഞ്ചത്തമര്‍ത്തലുമെല്ലാം പതിവായി.
അന്നു ഞാന്‍ മൂന്നില്‍ പഠിക്കുകയാണ്. വാരിയെടുത്ത് ശീല്‍ക്കാരത്തോടെ ഉമ്മ വയ്ക്കും. എത്ര കുതറി മാറിയാലും അയാള്‍ ഓടിച്ചിട്ടു പിടിക്കും. അമ്മ പറമ്പിലെ കൃഷിപ്പണി തിരക്കുകളിലാകും. ചേച്ചി അവളുടെ മുറിയില്‍ പഠനത്തിലും.
പോകെപ്പോകെ അയാളുടെ കൈകള്‍ എന്റെ പാന്റീസിനുള്ളിലായി തുടങ്ങി. എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം വായ പൊത്തിപ്പിടിക്കും. അയാള്‍ ബാക്കിയാക്കുന്ന കൊഴുത്ത ദ്രാവകം എന്റെ മേല്‍ നിന്നു കഴുകി കളയേണ്ട ബാധ്യത, അതെനിക്കു അറപ്പായി. അമ്മയോടു പറയണമെന്നുണ്ട്. പക്ഷേ, അതിനും അയാള്‍ 'മുന്നേറ്' നടത്തിയിട്ടുണ്ട്, "അമ്മ നീ ചീത്തക്കുട്ടിയാണെന്നു കരുതും." അതെനിക്ക് ആലോചിക്കാനേ വയ്യായിരുന്നു.
പിന്നീട് ഫുള്‍ക്കൈ ഷര്‍ട്ടിട്ട് വെളുത്ത പൊളിയ്സ്റ്റര്‍ മുണ്ട് ഇറക്കി മടക്കിയുടുത്ത, കണ്ണട വച്ച അയാളുടെ പൊക്കമുള്ള രൂപം അടുക്കളപ്പുറത്തെ ഇടവഴിയില്‍ കാണുമ്പോഴേ ഞാന്‍ ചേച്ചിയുടെ മുറിയില്‍ കയറും. അവള്‍ക്കെന്തോ മനസ്സിലായിരുന്നുവെന്നു എനിക്കിപ്പോള്‍ തോന്നുന്നു. പലപ്പോഴും അയാള്‍ നിരാശനായി മടങ്ങി.
/filters:format(webp)/indian-express-malayalam/media/media_files/2025/07/14/theresa-3-2025-07-14-14-06-26.jpg)
അങ്ങനെയിരിക്കെ ഞാന്‍ അഞ്ചാം ക്ലാസ്സിലായി. ബസു കയറി പോകേണ്ട ഒരിടത്താണ് സ്‌കൂൾ. അന്നു കണ്‍സഷന്‍ കാര്‍ഡാണ് സ്‌കൂള്‍ കുട്ടികള്‍ക്ക്. ഒരു മാസത്തേക്കാണ് കാര്‍ഡ്, സ്റ്റാന്റിൽ നിന്നാണ് അതു കിട്ടുക. ഫോം പൂരിപ്പിച്ച് കാശടച്ചാല്‍ കാര്‍ഡ് കിട്ടും.
ആദ്യം കൊണ്ടുപോയത് അപ്പനാണ്, അപ്പന്‍ വീട്ടിലില്ലാത്തതു കാരണം രണ്ടാമത്തെ മാസത്തില്‍ ഇയാളുടെ കൂടെയാണ് അമ്മ വിട്ടത്. എത്ര പേടിയോടെയും മടിയോടെയുമാണ് അയാളുടെ ഒപ്പം അന്നു പോയത്. ബസിലിരുന്നേ അയാള്‍ ഓരോന്നു ചെയ്യാന്‍ തുടങ്ങി. ഞാന്‍ എഴുന്നേറ്റു നിന്നതെല്ലാം പ്രതിരോധിച്ചു നോക്കി.
കാര്‍ഡെല്ലാം വാങ്ങിക്കഴിഞ്ഞ് അയാള്‍ അവിടെ നിന്നെന്നെ കൊണ്ടുപോയി. ശരിക്കു പറഞ്ഞാല്‍ ആ സ്റ്റാന്റില്‍ നിന്നു തന്നെ ബസ് കിട്ടും. എന്തു പറഞ്ഞാണ് അയാള്‍ എന്നെ അവിടെ നിന്നു പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ടാവുക? ഓര്‍മ്മയില്ല.
ഞങ്ങള്‍ വിജനമായ ഒരു വഴിയിലൂടെ നടന്നതോര്‍മ്മയുണ്ട്. അയാളുടെ കൈകള്‍ എന്റെ ഉടുപ്പിനുള്ളിലായിരുന്നു. എന്റെ കൈകള്‍ അയാള്‍ ബലം പ്രയോഗിച്ച് അയാളുടെ നിക്കറിനുള്ളിലേക്കു വച്ചു. എതിര്‍ത്തപ്പോള്‍ കൈത്തണ്ടയിലും ഇടുപ്പിനിടയിലും വച്ച് എന്റെ കഴുത്തു ഞെരിച്ചു. നടന്നു നടന്നു ഞങ്ങള്‍ എത്തിപ്പെട്ടത് ജൂത ശ്മശാനത്തിലാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/07/14/theresa-1-2025-07-14-14-06-26.jpg)
അതു ജൂലൈ മാസത്തിലെ മഴ നീങ്ങിയ ഒരു വിളറിയ പകലായിരുന്നു. മഞ്ഞ ഷേഡുള്ള ഒരു പകല്‍. നിറയെ മഞ്ഞ പാപ്പാത്തികള്‍ പാറി കളിക്കുന്നുണ്ടായിരുന്നു. ചുമരിലേക്ക് ചാരി നിറുത്തി അയാള്‍ എന്തൊക്കെയോ ചെയ്തു. ഞാന്‍ പാപ്പാത്തികള്‍ പാറുന്നതും നോക്കി നിന്നു. പെട്ടെന്നാണ് ആരോ ഒച്ചയിടുന്ന ശബ്ദം കേട്ടത് ''എന്താടാ കൊച്ചിനെ കാട്ടണത്?"
അയാള്‍ എന്നെ വലിച്ചും കൊണ്ടോടി. ആ ശബ്ദം പിന്തുടര്‍ന്നു വന്നെങ്കിലും അയാള്‍ക്കായിരുന്നു വേഗം കൂടുതല്‍.
വീട്ടിലെത്തിയപ്പോള്‍ അടുത്തമാസവും കൂടെ പോണേയെന്നു അമ്മ അയാളോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ, പിന്നീട് കാര്‍ഡു എടുക്കാന്‍ ഞാന്‍ ഒറ്റക്കാണ് പോയത്. അവിടുന്നു തുടങ്ങിയാണ് ഞാന്‍ സ്വയം പര്യാപ്തയായത്.
അന്നുണ്ടായതെല്ലാം, കുറേക്കാലം എന്നില്‍ സെക്‌സ് ഡിസ്ഓറിയന്റേഷന്‍ ഉണ്ടാക്കിയിരുന്നു എന്നു ഞാന്‍ തുറന്നുസമ്മതിക്കുന്നു. നെടുകെ വരഞ്ഞ പേടിയുടെ വടുക്കളുടെ പുറമേയാണത്. എന്റെ ജീവിതത്തില്‍ ഓര്‍ക്കുമ്പോള്‍ ശ്വാസം കിട്ടാതാവുന്ന ഒരു കാലമാണ് ഇത്. മധ്യ വയസ്സായിട്ടും ഇന്നുമിതുവരെ ആരുടെ മുമ്പിലും തുറന്നു വയ്ക്കാന്‍ കഴിയാതിരുന്ന ഒരു ഭാര-ഏടില്‍ നിന്നു ഞാന്‍ ഇന്നീ കുറിപ്പോടെ മുക്തയാവുകയാണ്. വാനപ്രസ്ഥത്തിലേക്കു നടക്കുമ്പോള്‍ ഭാണ്ഡങ്ങള്‍ പാടില്ലല്ലോ.
ഇതിനൊരു വല്ലാത്ത പിന്‍കുറിപ്പു കൂടിയുണ്ട് കേട്ടോ.
അയാള്‍ കുറച്ചു കൂടി കാലം കഴിഞ്ഞ് ഒരു തടി മില്ലില്‍ മാനേജരായി. ഒരു ദിവസം അയാള്‍ മരം മുറിക്കുന്ന മെഷീന്റെ അടുത്തു നിന്ന് എന്തോ ചെയ്യുകയായിരുന്നു. മെഷീനിടയില്‍ കുടുങ്ങി അയാളുടെ വലതുകയ്യിലെ എല്ലാ വിരലുകളും അറ്റുപോയി. പിന്നീടും കുറച്ചു കാലം കഴിഞ്ഞാണ് അയാള്‍ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ ഒരു മുപ്പതു വര്‍ഷത്തിനു മേലെയായിട്ടുണ്ടാകും. അയാള്‍ക്ക് കുട്ടികളില്ലതാനും.
ഇതിനപ്പുറം ഏതു വാചകത്തിലാണ് ഞാനീ കുറിപ്പു നിര്‍ത്തേണ്ടത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us