scorecardresearch
Latest News

ജ്ഞാനാകാശത്തിലേക്കുള്ള സഞ്ചാരങ്ങൾ

“മുൻപുള്ള ചിദംബര യാത്രകളിൽ കാണാത്ത രണ്ട് കാഴ്ചകൾ ഈ യാത്രയിൽ കണ്ടു. ” പ്രശസ്ത നർത്തകിയും എം ടി വാസുദേവൻ നായരുടെ മകളുമായ അശ്വതി വി നായര്‍ എഴുതുന്ന ചിദംബരം അനുഭവങ്ങൾ

ജ്ഞാനാകാശത്തിലേക്കുള്ള സഞ്ചാരങ്ങൾ

നൃത്തം ഉപാസിക്കുന്നവരുടെ ആരാധനാമൂർത്തിയാണ് നടരാജൻ. പരമശിവൻ നടരാജ സ്വരൂപമായി കുടികൊള്ളുന്ന ചിദംബരം തില്ലൈ നടരാജ സ്വാമി കോവിൽ വെറുമൊരു ക്ഷേത്രമല്ല. മനുഷ്യ മനസ്സും ശരീരവും ആത്മാവും ആ ക്ഷേത്രത്തിന്റെ ഘടനയുമായി, അവിടത്തെ പ്രതിഷ്ഠയുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. വെള്ളാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചിദംബരം, പഞ്ചഭൂതസ്ഥലങ്ങളിൽ ആകാശ ക്ഷേത്രമാണ്. ചിത് എന്നാൽ ജ്ഞാനം. അംബരം എന്നാൽ ആകാശം. ജ്ഞാനമാകുന്ന ആകാശം, അതാണ് ചിദംബരം.

ചിദംബരം ക്ഷേത്രവുമായി എനിക്ക് എങ്ങനെയോ ഒരാത്മബന്ധം ഉണ്ടായി. അതിന്റെ തുടക്കം എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ നടത്തിയ ഒരു യാത്രയാണ് എന്ന് വേണമെങ്കിൽ പറയാം. അന്ന് തഞ്ചാവൂർ, ചിദംബരം , കുംഭകോണം, നാഗപട്ടണം, തിരുനെല്ലാർ ക്ഷേത്രങ്ങളും, നാഗൂർ പള്ളിയും, വേളാങ്കണ്ണി മാതാവിന്റെ ദേവാലയവും സന്ദർശിച്ചു. അന്ന് ചിദംബരത്തിലെ കരണങ്ങൾ കൊത്തി വച്ച കരിങ്കൽ തൂണിനു സമീപം ആ ശിൽപ്പം പോലെ അച്ഛന്റെ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്തപ്പോൾ, ഒരിക്കലും കരുതിയില്ല ഞാൻ ഒരു നർത്തകിയാവുമെന്ന്. പക്ഷെ തില്ലൈ കൂത്തൻ (നടരാജൻ) അതാണ് എന്റെ വഴി എന്ന് ഒരുപക്ഷെ തീരുമാനിച്ചിരിക്കാം.

വർഷങ്ങൾ കടന്നു പോയി. നൃത്തം ഗൗരവത്തോടെ പഠിക്കാനും ശ്രീകാന്തിന്റെ ശിക്ഷണത്തിൽ പലയിടത്തും നൃത്ത പരിപാടികൾ അവതരിപ്പിക്കാനും തുടങ്ങിയ സമയത്താണ്, ചിദംബരം നാട്യാഞ്ജലിയെ കുറിച്ച് കേൾക്കുന്നത്. 2002 ൽ ആണെന്ന് തോന്നുന്നു, അദ്ദേഹത്തിന് ശിവരാത്രി ദിവസം ചിദംബരം നാട്യാഞ്ജലി ഉത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ ക്ഷണം കിട്ടുന്നു. എന്നാൽ ശിഷ്യകളെയും കൂട്ടി പോകാമെന്നായി ശ്രീകാന്ത്. പണ്ടെപ്പോഴോ കണ്ട ക്ഷേത്രത്തിലെ കരിങ്കൽ മണ്ഡപങ്ങൾ മാത്രമേ ഓർമയുള്ളൂ. ആ സ്ഥലം വീണ്ടും കാണാനാവുന്നതിന്റെ സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

അങ്ങനെ, ആ ശിവരാത്രി ദിവസം അതിരാവിലെ ചെന്നൈയിൽ നിന്നും ചിദംബരത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയ ഉടനെ അണ്ണാമലൈ സർവകലാശാലയിലെ അതിഥി മന്ദിരത്തിൽ മുറി കിട്ടി. പിന്നെ നേരെ ക്ഷേത്രത്തിലേക്ക്. ആ മതിൽക്കെട്ടിനു സമീപം പൂക്കൾ വിൽക്കുന്ന സ്ത്രീകളിൽ ഒരാൾ ശ്രീകാന്തുമായി വളരെ പരിചയത്തോടെ സംസാരിക്കുന്നു. പ്രായമുള്ള ആ സ്ത്രീ കുഷ്ഠ രോഗിയാണ്. വിരലുകൾ പകുതിയോളം പോയിരിക്കുന്നു. പക്ഷെ അവരുടെ മുഖത്ത് മായാത്ത ഒരു ചിരി ഉണ്ടായിരുന്നു. രാധ. പൂക്കാരി രാധയെ ശ്രീകാന്തിന് വർഷങ്ങളായി അറിയാം. അഭിഷേകത്തിനുള്ള സാധനങ്ങളും വാങ്ങി അകത്തേക്ക് കടന്നപ്പോൾ ക്ഷേത്ര സമുച്ചയത്തിന്റെ വലുപ്പം കണ്ട് അമ്പരന്നു പോയി. നാൽപ്പത് ഏക്കറിൽ കൂടുതൽ വിസ്താരമുണ്ട്, തില്ലൈ നടരാജ ക്ഷേത്ര സമുച്ചയത്തിന്.

aswathy sreekanth, m t vasudevan nair, iemalayalam
ഫൊട്ടൊ: എം ടി വാസുദേവന്‍‌ നായര്‍

തില്ലൈ കാടുകളിൽ ജ്ഞാനികളും അഹങ്കാരികളുമായ ഒരു കൂട്ടം സന്യാസിമാർ ജീവിച്ചിരുന്നത്രെ. മന്ത്ര – തന്ത്ര വിദ്യകളാൽ ദൈവങ്ങളെ നിയന്ത്രിക്കാനാവും എന്നവർ വിശ്വസിച്ചിരുന്നു. അതിനുള്ള സിദ്ധിയാർജ്ജിച്ചതായി അവർ അവകാശപ്പെട്ടിരുന്നു. ഇതറിഞ്ഞ പരമശിവൻ ഭിക്ഷാടകന്റെ വേഷത്തിൽ, അവിടെ പ്രത്യക്ഷപ്പെട്ടു.

ഭിക്ഷാടകന്റെ കൂടെ പത്നിയായി മോഹിനിയുടെ രൂപത്തിൽ വിഷ്ണുവും വന്നു. അവർ രണ്ടു പേരും തില്ലൈ കാടുകളിലൂടെ നടന്നപ്പോൾ, സന്യാസിമാരുടെ ഭാര്യമാർ ദമ്പതികളുടെ വശ്യ സൗന്ദര്യത്തിൽ ആകൃഷ്ടരായി. ഇത് സന്യാസിമാരെ ചൊടിപ്പിച്ചു. അവർ മന്ത്ര-തന്ത്ര വിദ്യ കൊണ്ട് സർപ്പങ്ങളെ സൃഷ്ടിച്ചു. പക്ഷെ ഭിക്ഷാടകൻ ആ സർപ്പങ്ങളെ എടുത്ത് തലയിലും, കഴുത്തിലും, കൈയിലുമെല്ലാം ആഭരണങ്ങളായി ധരിച്ചു. അടുത്തത് അവർ ഒരു പുലിയെ ഉരുവാക്കി. പരമശിവൻ ആ പുലിയുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. സന്യാസിമാർ പിന്നെ ഒരു കാട്ടാനയെ സൃഷ്ടിച്ചു. ശിവൻ അതിനെ പിളർന്ന് തോലെടുത്ത് ധരിച്ചു. ഒടുവിൽ സന്യാസിമാർ മുയലകൻ എന്ന അസുരനെ സൃഷ്ടിച്ചു. ഭഗവാൻ, ഒരു പുഞ്ചിരിയോടെ, മുയലകന്റെ പുറത്ത് കയറി നിന്ന് ആനന്ദ താണ്ഡവം ചെയ്തു. അതോടെ സന്ന്യാസിമാർ സാഷ്ടാംഗം നമസ്കരിച്ചു. അങ്ങനെ ആ പ്രദേശം ആനന്ദ കൂത്താടിയ പരമശിവന്റെ നാടായി അറിയപ്പെട്ടു.

പ്രധാന സമുച്ചയത്തിനകത്ത് പ്രവേശിച്ചതും കണ്ടത് ഇരുപത്തിയെട്ട് ആഗമ ശാസ്ത്രങ്ങളെന്ന സങ്കൽപ്പത്തിൽ പണിത ഇരുപത്തിയെട്ട് കൽത്തൂണുകളുള്ള മണ്ഡപം. പിന്നെ പഞ്ചാക്ഷര പടികൾ കടന്ന് ശ്രീകോവിലിനു മുന്നിലേക്ക്.

അവിടെ നർത്തകിമാർ നൃത്താർച്ചന ചെയ്യുന്നുണ്ടായിരുന്നു. ചിലർ സ്വയം പാടി നൃത്തം ചെയ്യുന്നു. എന്റെ ഊഴം വന്നപ്പോൾ തലേന്ന് പഠിച്ച ചിദംബരേശ്വര സ്തോത്രം ചെയ്യാൻ ശ്രീകാന്ത് ആവശ്യപ്പെട്ടു.

കൃപാ സമുദ്രം സുമുഖം ത്രിനേത്രം

ജടാധരം പാർവ്വതീ വാമ ഭാഗം

സദാ ശിവം രുദ്രം അനന്ത രൂപം

ചിദംബരേശം ഹൃദി ഭാവയാമി!

പിന്നെ തേവാരം പാടി, അതിനും നൃത്തം ചെയ്തു കഴിഞ്ഞപ്പോൾ, നട തുറന്നു. ദീപാരാധന. വേഗം ചിലങ്കയുമായി ശ്രീ കോവിലിനു മുന്നിൽ ചെന്ന് ദീക്ഷിതർ എന്ന് വിളിക്കുന്ന പൂജാരിയോട് അത് പൂജിക്കാനാവുമോ എന്ന് ചോദിച്ചു. അദ്ദേഹം ഞങ്ങളുടെ എല്ലാവരുടെയും ചിലങ്കകൾ എടുത്തു ഭഗവാന്റെ പാദങ്ങളിൽ വച്ചു. അപ്പോഴാണ് ഞാൻ ഭഗവാനെ ശരിക്കും കാണുന്നത്.

ഒരാൾ പൊക്കത്തിൽ പഞ്ച ലോഹത്തിൽ തീർത്ത നടരാജ വിഗ്രഹം.

aswathy sreekanth, m t vasudevan nair, iemalayalam
ഫൊട്ടൊ: മധുരാജ് | മാതൃഭൂമി

നടരാജ വിഗ്രഹത്തിന്റെ സവിശേഷതകൾ ഇവിടെ സൂചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം ഇവ മൂന്നും ഒത്തു ചേരുന്നതാണ് നടരാജ മൂർത്തി. നടരാജന് നാലു കൈകൾ. വലതു കൈ അഭയ ഹസ്തം. സർവ്വചരാചരങ്ങളെയും സംരക്ഷിക്കുന്നവൻ എന്നർത്ഥം. ഇടത് കൈയിലെ ചൂണ്ടു വിരൽ ഇടത് കാലിലേക്ക് ചൂണ്ടിയിരിക്കുന്നു. ആ പാദങ്ങളിൽ നമസ്കരിക്കുന്നവർക്ക് മോക്ഷം ലഭിക്കും എന്നാണ് സൂചന. മറ്റു രണ്ടു കൈകളിൽ ഡമരുവും അഗ്നിയും. ഡമരുവിന്റെ നാദത്തിൽ നിന്നാണ് പ്രപഞ്ച സൃഷ്ടി ഉണ്ടായത് എന്നൊരു സങ്കൽപ്പം ഉണ്ട്. അഗ്നി സംഹാരത്തെ പ്രതിനിധാനം ചെയ്യുന്നു. മുയലകന് മേൽ ഊന്നിയ വലത് കാൽ, തിന്മയെ ജയിക്കുന്ന നന്മയെ പ്രതിപാദിക്കുന്നു. അരക്കെട്ടിലെ സർപ്പം കുണ്ഡലിനി ശക്തിയാകുന്നുവെങ്കിൽ ഭഗവാന് ചുറ്റും കാണുന്ന പ്രഭാ മണ്ഡലം ജനന മരണങ്ങളുടെ കാലചക്രമാകുന്നു. നൃത്തത്തിനിടയിൽ പാറി നടക്കുന്ന ജടയിൽ ഗംഗയും, തുമ്പ പൂവും, ചന്ദ്രക്കലയും.

ശിവ നടരാജൻ എന്ന സങ്കൽപ്പത്തെക്കുറിച്ച് വിഖ്യാത സാഹിത്യകാരനും ചിന്തകനുമായ ആൽഡസ് ഹക്സ്‌ലിയുടെ നിരീക്ഷണങ്ങൾ വളരെ രസകരമാണ്. പാശ്ചാത്യ ലോകത്ത് എവിടെയും ഇല്ലാത്ത ഒരമൂല്യ സങ്കൽപ്പമാണ് ശിവ നടരാജനെന്ന് അദ്ദേഹം പറയുന്നു.

വിളക്കുകൾ അധികം തെളിയിക്കുന്ന പതിവ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഇല്ലെങ്കിലും ആ മുഖം , കൈകൾ , മുയലകന്റെ മുകളിൽ ഊന്നിയ വലത് കാലും ഉയർത്തി വച്ച ഇടതു കാലും എല്ലാം കൺ നിറയെ കണ്ടു. അത്ഭുതവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു. ഇതാണ് എന്റെ വഴി. ഇവിടം വന്നതും ഇതൊക്കെ കണ്ടതും ആ തിരിച്ചറിവിന്റെ ഭാഗമാണെന്നു തോന്നിയ നിമിഷങ്ങൾ.

ശിവരാത്രി പോലെയുള്ള വിശേഷ ദിവസങ്ങളിൽ മാത്രമാണ് ശ്രീകോവിലിലെ “ചിദംബര രഹസ്യ ” ദർശനം സാധ്യമാകുന്നത്. പെട്ടന്നാണ് ദീക്ഷിതർ ശ്രീകോവിലിന്റെ ഇടത് വശത്തേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞത്. അവിടെ തുണി കൊണ്ട് കെട്ടിയ മറ നീക്കി , ഞങ്ങളോട് തൊഴാൻ പറഞ്ഞു.

അവിടെ വില്വ വൃക്ഷത്തിന്റെ ഇലകൾ കോർത്ത പോലെ പിച്ചളയിൽ തീർത്ത ഒരു തിരശ്ശീല. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ പണ്ട് എവിടെയോ വായിച്ചത് ഓർമ വന്നു – Shiva, the Formless One.

ചിദംബര രഹസ്യത്തിനു പല വ്യാഖ്യാനങ്ങളുണ്ട്. മൂർത്തിയെ പൂജിക്കുന്നുണ്ടെങ്കിലും ഈശ്വരന് രൂപമില്ല, ആകൃതിയില്ല, എന്നൊരു വ്യാഖ്യാനം. പരസ്യമായ രഹസ്യമായതിനാൽ മനുഷ്യർക്ക് കാണാൻ സാധിക്കില്ല എന്നൊരു പക്ഷം. വില്വ മാലകൾ കൊണ്ടുള്ള തിരശീല മായയാണെന്നും അത് നീക്കിയാൽ പിന്നിൽ കാണുന്ന ശൂന്യതയാണ് പരമ ചൈതന്യം എന്ന് മറ്റൊരു വാദം. കാലത്തിന്റെയും ശൂന്യതയുടെയും ഐക്യത്തിൽ നിന്നാണ് ബോധ വസ്തു സൃഷ്ടിക്കപ്പെട്ടത്. അപ്പോൾ ഈ കാണുന്ന ലോകം അങ്ങനെ ഉണ്ടായതാവാം എന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടതും ഓർമ വന്നു.

നാം ഉപാസിക്കുന്ന ഈശ്വര ചൈതന്യം നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടല്ലോ എന്നാശ്വസിച്ചു കൊണ്ട് ഞാൻ പ്രാർത്ഥിച്ചു.

aswathy sreekanth, m t vasudevan nair, iemalayalam
ഫൊട്ടൊ: മധുരാജ് | മാതൃഭൂമി

ശൈവ വൈഷ്ണവ സിദ്ധാന്തങ്ങൾ ഒരേകാലത്ത് നിലനിന്നു പോന്നിരുന്നു എന്നതിനുള്ള തെളിവാണ് ശ്രീ കോവിലിനു തൊട്ട് ഇടത് വശത്തേക്ക് കാണുന്ന ഗോവിന്ദ രാജ പെരുമാൾ അഥവാ മഹാ വിഷ്ണുവിന്റെ സന്നിധി. പതിനെട്ടാം നൂറ്റാണ്ടിലെ വിഖ്യാതനായ കവി ഗോപാലകൃഷ്ണ ഭാരതി ചിദംബരത്തെ നടരാജ സ്വാമിയെ കുറിച്ച് ധാരാളം കൃതികൾ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. അവയിൽ “നന്തനാർ ചരിതം” ഏറെ പ്രസിദ്ധമാണ്.

അദ്ദേഹത്തിന്റെ മറ്റൊരു കീർത്തനം ഇങ്ങനെയാണ് തുടങ്ങുന്നത്:

തില്ലൈ അമ്പലത്താനേ, ഗോവിന്ദ രാജനേ

ദരിസിത്ത് കൊണ്ടേനെ !

തില്ലൈ അമ്പലത്തിൽ വസിക്കുന്ന ശിവനെയും ഗോവിന്ദ രാജനെയും ദർശനം ചെയ്തു എന്ന് തുടങ്ങുന്ന കീർത്തനത്തിൽ ആദ്യാവസാനം ഈ രണ്ടു ശക്തി പ്രഭാവങ്ങളുടെയും മാഹാത്മ്യത്തെ കുറിച്ചാണ് കവി പറയുന്നത്.

ആ കൃതിയുടെ നൃത്താവിഷ്കാരം ആദ്യമായി അവതരിപ്പിക്കാൻ അവസരം കിട്ടിയതും ചിദംബരം നാട്യാഞ്ജലിയിൽ. ഇതൊക്കെ വെറും യാദൃശ്ചികം എന്ന് കരുതാൻ വയ്യ.

ശ്രീകോവിൽ പ്രദക്ഷിണം വച്ച് , മഹാ വിഷ്ണുവിനെയും തൊഴുത് പുറത്തു കടക്കുന്നതിനു മുൻപ് വീണ്ടും ഭഗവാനെ നോക്കി നിന്നു . അപ്പോഴാണ് ശ്രീകോവിലിന്റെ മേൽക്കൂര ശ്രദ്ധിച്ചത്. മേൽക്കൂര താങ്ങി നിർത്തുന്ന നാലു തൂണുകൾ നാലു വേദങ്ങളെന്നാണ് സങ്കൽപ്പം. ശ്രീകോവിലിന് മറ്റൊരു പേരുണ്ട്, കനക സഭ. 21,600 സ്വർണ പാളികൾ കൊണ്ട് നിർമിച്ചതാണ് ശ്രീകോവിലിന്റെ മേൽക്കൂര. അത് ഉറപ്പിക്കാൻ ഉപയോഗിച്ച 72,000 ആണികൾ മനുഷ്യ ശരീരത്തിലെ നാഡികൾ എന്നാണ് സങ്കൽപ്പം.

പുറത്തെ പ്രകാരത്തിലൂടെ നടന്നാൽ പിൻ വശത്തായി ശിവകാമിയുടെ സന്നിധി. ഓരോ സന്നിധിയും ഓരോ ക്ഷേത്രമാണ്. അവിടെ ശിവ ഗംഗൈ എന്നറിയപ്പെടുന്ന തീർത്ഥ കുളവും ഉണ്ട്. സിംഹവർമൻ രണ്ടാമൻ എന്ന പാണ്ഡ്യ രാജാവ് (550-575 AD) ഈ കുളത്തിൽ കുളിച്ചപ്പോൾ അദ്ദേഹത്തിന്റെ ദീനം മാറിയത്രെ. അങ്ങനെ അദ്ദേഹം അവിടെ ഒരു ചെറിയ ക്ഷേത്രം പണിതു. പിന്നീട് വന്ന പാണ്ഡ്യ-ചോള രാജ വംശങ്ങളിലെ രാജാക്കന്മാർ ആ ചെറിയ ക്ഷേത്രത്തോട് ചേർന്ന് മണ്ഡപങ്ങളും കവാടങ്ങളും ഗോപുരങ്ങളും എല്ലാം പണിതു. അങ്ങനെയാണ് ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണങ്ങളിൽ ഒന്നായ ചിദംബരം ക്ഷേത്രം ഉണ്ടാവുന്നത്.

aswathy sreekanth, m t vasudevan nair, iemalayalam
ഫൊട്ടൊ: മധുരാജ് | മാതൃഭൂമി

അവിടെ തൊഴുതു വരുമ്പോൾ ഇടത് വശത്തായി രാജ സഭ എന്നറിയപ്പെടുന്ന ആയിരം കാൽ മണ്ഡപം കണ്ടു. ചിദംബരം ക്ഷേത്രത്തിൽ അഞ്ചു സഭകളുണ്ട്. കനക സഭ, ദേവ സഭ, രാജ സഭ, നൃത്ത സഭ, ചിത് സഭ. ഈ സഭകളിലെല്ലാം പരമശിവൻ നൃത്തം ചെയ്തു എന്നാണ് സങ്കൽപ്പം.

അന്ന് വൈകുന്നേരം ക്ഷേത്രത്തിന്റെ പ്രകാരത്തിലെ ഒരു മണ്ഡപത്തിൽ നാട്യാഞ്ജലി നടന്നു. ശിവരാത്രി ദർശനത്തിനായി ആയിരങ്ങളാണ് അവിടെ എത്തിയിട്ടുള്ളത്. പരിപാടി കഴിഞ്ഞതും വേഷം മാറി വീണ്ടും അമ്പലത്തിനുള്ളിലേക്ക്. ആ രാത്രിയിലെ മുഴുവൻ പൂജകളും തൊഴുത് പ്രസാദവും കഴിച്ച് അവിടെ തന്നെ ഇരുന്നു. ഞാൻ ആദ്യമായി അനുഷ്ഠിച്ച ശിവരാത്രി വ്രതം, അത് ചിദംബരം ക്ഷേത്രത്തിൽ ആയത് ഈശ്വര നിശ്ചയമാണെന്ന് തോന്നി.

പിന്നീട് മൂന്നാലു കൊല്ലം കൂടി മുടങ്ങാതെ നാട്യാഞ്ജലിക്ക് പോകാൻ സാധിച്ചു. അതിനിടയിൽ വിവാഹം. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം 2007 ഫെബ്രുവരിയിൽ ഒരു ദിവസം മാതൃഭൂമി പത്രത്തിൽ നിന്നും ഒരാവശ്യവുമായി ഞങ്ങളെ സമീപിച്ചു. “യാത്ര” എന്നൊരു മാസിക തുടങ്ങുന്നു. ആദ്യം ഇറങ്ങുന്ന രണ്ടു ലക്കങ്ങളിൽ ഒരെണ്ണത്തിൽ കവർ സ്റ്റോറി ചിദംബരം. അത് ഞങ്ങൾ ചെയ്യണം. ഭഗവാൻ വീണ്ടും വിളിക്കുന്നു എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.

ആ യാത്രയിൽ ചിദംബരത്തെത്തിയപ്പോൾ, കവാടത്തിനു മുന്നിൽ പൂക്കാരി രാധ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞെന്നു പറഞ്ഞപ്പോൾ അവർ രണ്ടു താമരകൾ എന്റെ കൈയ്യിലേക്ക് വച്ച് തന്ന് അനുഗ്രഹിച്ചു. അന്ന് ഞങ്ങൾ അണിഞ്ഞതും താമരപൂവിന്റെ നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നു.

ക്ഷേത്രത്തിനകത്തും പുറത്തുമായി നിരവധി ചിത്രങ്ങൾ എടുത്തു. നാട്യശാസ്ത്രത്തിൽ ഭരത മുനി പരാമർശിച്ചിട്ടുള്ള നൂറ്റിയെട്ട് കരണങ്ങൾ അവയുടെ പൂർണതയിൽ ചിദംബരത്ത് മാത്രമേ കാണാൻ കഴിയൂ. ക്ഷേത്ര ഗോപുരത്തിന്റെ താഴെ ഇരു വശത്തുമായി 108 കരണങ്ങൾ ഭംഗിയായി കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നു. തമിഴ് നാട്ടിൽ മറ്റു നാലു ക്ഷേത്രങ്ങളിൽ (തഞ്ചാവൂർ , തിരുവണ്ണാമലൈ , കുംഭകോണം, വൃദ്ധാചലം) കരണങ്ങൾ കാണാനാവുമെങ്കിലും അവയൊന്നും പൂർണമല്ല.

നാട്യശാസ്ത്രവും കരണങ്ങളും ഒരുപാട് നർത്തകർക്ക് ഗവേഷണ വിഷയമായിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ മനോഹരങ്ങളായ ചില വിശേഷപ്പെട്ട കരിങ്കൽ ശിൽപ്പങ്ങൾ ഇവിടെ കാണാനാവും. ദക്ഷിണാമൂർത്തി, ഭിക്ഷാടകൻ, ത്രിപുരാന്തകൻ, ഊർധ്വതാണ്ഡവമൂർത്തി, ഗജസംഹാരമൂർത്തി എന്നിങ്ങനെ ശിവൻറെ വ്യത്യസ്ത രൂപങ്ങൾ ചിദംബരത്തിന്റെ പ്രത്യേകതയാണ്.

മുൻപുള്ള ചിദംബര യാത്രകളിൽ കാണാത്ത രണ്ട് കാഴ്ചകൾ ഈ യാത്രയിൽ കണ്ടു. ഒന്ന് തില്ലൈ കാളി അഥവാ എല്ലൈ കാളിയുടെ അമ്പലവും പിച്ചാവരം കണ്ടൽക്കാടുകളും. തില്ലൈ കൂത്തൻ ഊർധ്വ താണ്ഡവം ചെയ്ത് കാളിയെ തോൽപ്പിച്ച കഥ പ്രസിദ്ധമാണ്.

ശിവനും കാളിയും മത്സരിച്ചു നൃത്തം ചെയ്തു. അവിടെ കാഴ്ചക്കാരായി ബ്രഹ്‌മാവും മറ്റു ദേവതകളും അണി നിരന്നു. ശിവൻ , കാളിയോട് തോൽക്കുമെന്നായപ്പോൾ ഊർധ്വ താണ്ഡവം ചെയ്തു. അത് കാളിക്ക് സാധ്യമല്ലായിരുന്നു. ദേഷ്യത്തോടെ , തോൽവി സമ്മതിച്ച് കാളി അവിടം വിട്ട് പോകാനൊരുങ്ങി. കാളിയുടെ കോപം ശമിപ്പിക്കാൻ ബ്രഹ്‌മാവ്‌ തൽക്ഷണം ഭദ്ര കാളിയെ വേദ നായകി എന്ന് സംബോധന ചെയ്തു കൊണ്ട് സ്തുതികൾ പാടി. അങ്ങനെ കാളി ചിദംബരത്തിൻറെ അതിർത്തിയിൽ (തമിഴിൽ എല്ലൈ എന്നാൽ അതിർത്തി) പോയി ഉപവിഷ്ടയായി എന്ന് ഐതിഹ്യം. അവിടത്തെ കാളി മൂർത്തിക്ക് നാലു മുഖങ്ങൾ. കാളി, ബ്രഹ്മാവിന് ദർശനം നൽകിയത് ബ്രഹ്മ ചാമുണ്ഡേശ്വരിയുടെ രൂപത്തിലാണ്. അവിടെ ഉപവിഷ്ടയായ കാളിക്ക് നാല് വേദങ്ങളെ ആധാരമാക്കി നാല് മുഖങ്ങൾ. കിഴക്കോട്ട് ദർശനം ആയ മുഖത്ത് രൗദ്ര ഭാവമാണ്.

aswathy sreekanth, m t vasudevan nair, iemalayalam
ഫൊട്ടൊ: മധുരാജ് | മാതൃഭൂമി

തില്ലൈ കാളിയുടെ ദർശനം കഴിഞ്ഞപ്പോൾ ഉച്ച വെയിലിന്റെ കാഠിന്യം കുറഞ്ഞു. അങ്ങനെ പിച്ചാവരം കണ്ടൽക്കാടുകൾ കാണാൻ പുറപ്പെട്ടു.

ഈ കണ്ടൽക്കാടുകളാണത്രെ പണ്ട് മുനിമാർ താമസിച്ചിരുന്ന തില്ലൈ വനം. അവിടെ ഇരുന്നൂറിൽ പരം ജല ജന്തുക്കൾ ഉണ്ടെന്ന് പറയപ്പെടുന്നു. കണ്ടൽക്കാടുകളിലൂടെ ഒരു ബോട്ട് യാത്ര. അസ്തമയ സൂര്യന്റെ സ്വർണ രശ്മികൾ എന്നിൽ പതിഞ്ഞപ്പോൾ തോന്നി ഞാൻ എന്തൊരു ഭാഗ്യവതി! നൃത്തം ജീവിതവും ജീവനവും ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത എനിക്ക് ചിദംബരത്തേക്കുള്ള യാത്രകൾ നൽകിയത് ആ കലയെ നെഞ്ചോട് ചേർത്ത് വെക്കാനുള്ള ധൈര്യവും അഭിമാനവും സംതൃപ്തിയുമാണ്.

പിന്നെയും ഒരു നീണ്ട ഇടവേള. വർഷങ്ങൾ കടന്നു പോയി. എൺപത് തികഞ്ഞ ഒരു സുഹൃത്തിന് ചിദംബരത്ത് പോണം എന്നത് വലിയ ഒരാഗ്രഹമായിരുന്നു. അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. 2020 മാർച്ച് നാലിന് വീണ്ടും ചിദംബരേശന്റെ മുൻപിലെത്തി.

കിഴക്കേ ഗോപുരത്തിന്റ വാതിൽക്കൽ പൂക്കാരി രാധയെ കണ്ടില്ല. അന്വേഷിച്ചപ്പോൾ അവർ മരിച്ചു എന്നറിഞ്ഞു. ആ നിറഞ്ഞ ചിരി ഇനി ഇല്ല എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി.

ക്ഷേത്രം നടത്തിപ്പിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. അവിടെ പൂജ ചെയ്യാൻ അവകാശമുള്ള ദീക്ഷിതർ കുടുംബങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞു വലിയ വഴക്കും പ്രശ്നവും നടന്നത് വാർത്തകളിലൂടെ അറിഞ്ഞിരുന്നു. രാഷ്ട്രീയവും അധികാരമോഹവും ക്ഷേത്രങ്ങളെയും ബാധിക്കുന്നു. കാലക്രമേണ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുമല്ലോ. പക്ഷേ, പ്രതിഷ്ഠയുടെ ശക്തി മാറ്റമില്ലാതെ നിലനിൽക്കുന്നത് മനുഷ്യമനസ്സുകളിൽ അചഞ്ചലമായ ഭക്തിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. മാനവചാപല്യങ്ങൾക്ക് സ്പർശിക്കാനാവാത്ത ചൈതന്യത്തെ ആണല്ലോ നമ്മൾ മനസ്സിൽ പ്രതിഷ്ഠിക്കുന്നത്. ആ ശ്രീകോവിലിന് മുന്നിലെത്തുമ്പോൾ എല്ലാം മറന്നു ജപിക്കുന്നു:

ആദ്യന്ത ശൂന്യം ത്രിപുരാരിമീശം

നന്ദീശ മുഖ്യ സ്തുതി വൈഭവാദ്യാം

സമസ്ത ദേവൈ പരിപൂജിതാംഘ്രീം

ചിദംബരേശം ഹൃദി ഭാവയാമി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Chidambaram thillai nataraja temple aswathy v nair travel memories