ഇരുവശത്തുമിട്ട കനത്ത തിരികളില്‍ ജ്വലിക്കുന്ന ആട്ടവിളക്കിനു പിന്നില്‍നിന്ന് പച്ചയും കത്തിയും താടിയും കരിയും കാഴ്ചക്കാരുടെ മനസിലേക്ക് കത്തിക്കയറുമ്പോള്‍ കൂടെ ഭാവം ലയിപ്പിച്ച ആ മാസ്മരിക സംഗീതവും കുടിയേറും. ശ്രാവ്യസംഗീതത്തേക്കാള് അഭിനയ സംഗീതത്തിനു പ്രാധാന്യം നല്കി അരങ്ങും മനസുകളും കീഴക്കിയ പ്രതിഭ. കഥകളി സംഗീതത്തില്‍ തെക്ക്, വടക്ക് ചിട്ടകള്‍ വഴങ്ങുന്ന അപൂര്‍വം പാട്ടുകാരില്‍ ഒരാളായ ചേര്‍ത്തല തങ്കപ്പപ്പണിക്കർ. വൈകിയാണെങ്കിലും ആ പ്രതിഭയെ തേടി കലാമണ്ഡലം ഫെല്ലോഷിപ്പ് എത്തിയിരിക്കുകയാണ്.

വേദിയില്‍ വേഷം ആട്ടത്തിനൊരുങ്ങുന്നതിനു മുന്‍പേ നവരസ രാഗത്തില്‍, ചെമ്പട താള പശ്ചാത്തലത്തില്‍ വായ്പാട്ടൊരുക്കുന്നതാണു തങ്കപ്പപ്പണിക്കരുടെ രീതി. പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ ശബ്ദത്തില്‍ പോരായ്മകള്‍ വരുത്തിയതിനാല്‍ കളിയരങ്ങില്‍നിന്ന് പിന്മാറിയെങ്കിലും കഥകളി സംഗീതം തങ്കപ്പപ്പണിക്കര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്തൊരു ലഹരിയാണ്. ജീവിതത്തിലും സംഗീതത്തിലും ഇന്നും പഴയ നിഷ്ഠകളെല്ലാം അദ്ദേഹം കൂടെകൊണ്ടു നടക്കുന്നു. ആട്ടക്കഥകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ ഒന്നു മാത്രമായി അദ്ദേഹത്തിനു പറയാനാവില്ല, കാരണം എല്ലാം ഒരുപോലെ പ്രിയമുള്ളതാണ്. എന്നാല്‍ ഉരുവിടാന്‍ ഏറ്റവും എളുപ്പം നളചരിതവും കീചകവധവുമാണെന്ന് അദ്ദേഹം പറയും.
72 വര്‍ഷത്തെ സംഗീതസപര്യ പിന്നിട്ട് 94-ാം വയസിന്റെ നിറവിലെത്തിനില്‍ക്കുന്ന അദ്ദേഹം പതിവ് ചെറു പുഞ്ചിരിയുമായി മുവാറ്റുപുഴ പായിപ്രയിലെ രാജ് വിഹാര്‍ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ഇതിനിടെ, അദ്ദേഹത്തെ തേടി പല കാലങ്ങളിലായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും എത്തി. ഇത്തവണത്തെ പിറന്നാളിന് ഇരട്ടിമധുരമാകുകയാണ് കലാമണ്ഡലം ഫെല്ലോഷിപ്പ്. പുതിയ അംഗീകാരത്തില്‍ ഭാര്യ വിലാസിനി കുഞ്ഞമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ഏറെ സന്തോഷവാനാണ് അദ്ദേഹം.
കുട്ടിക്കാലം മുതലുള്ള മോഹം
വയലാര്‍ മണ്ണട വാസുദേവപ്പണിക്കരുടെയും ചേര്‍ത്തല വാര്യാട്ട് നാണിയമ്മയുടെയും മകനായി 1927 ലായിരുന്നു ചേര്‍ത്തല തങ്കപ്പപ്പണിക്കരുടെ ജനനം. യഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്ന അദ്ദേഹം ഹൈസ്കൂള്‍ കാലത്തിനുശേഷം സംസ്കൃത പഠനത്തിലേക്കു കടന്നു. ശാസ്ത്രി തലം വരെ എത്തിയ സംസ്കൃത പഠനം പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്നാണ് സ്വന്തം ഇഷ്ടപ്രകാരം പതിനെട്ടാം വയസില്‍ കഥകളി സംഗീത പഠനത്തിലേക്കു കടന്നത്. ചെറുപ്പം മുതല്‍ കഥകളിയിലും സംഗീതത്തിലും ഏറെ തല്പ്പരനായിരുന്ന അദ്ദേഹം.

തകഴി കുട്ടന്‍പിള്ളയുടെ ശിക്ഷണത്തിലായിരുന്നു കഥകളി സംഗീതം പഠനത്തിനു തുടക്കം. നാലുവര്‍ഷത്തെ അഭ്യാസത്തിനു ശേഷം, വാര്യാട്ടെ കുടുംബ കളരിയില്‍ അരങ്ങേറ്റം. പിന്നീട്, പാടിത്തുടങ്ങിയത് അതിഗായകനായ ചേര്‍ത്തല കുട്ടപ്പ കുറുപ്പിനൊപ്പം. വായ്പാട്ടില്‍ മുരുത്തോര് വട്ടം രാമചന്ദ്രന് പോറ്റിയും നാദസ്വരത്തില്‍ ഏഴിക്കര രാമദാസനും അദ്ദേഹത്തിനു ഗുരുക്കന്മാരായി.
നീലകണ്ഠന് നമ്പീശന് എന്ന വഴിത്തിരിവ്
തെക്കന്‍ ചിട്ടകള്‍ സ്വായത്തമാക്കിയ തങ്കപ്പപ്പണിക്കരുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു കുമാരനെല്ലൂരില്‍ നീലകണ്ഠന് നമ്പീശനെ പരിചയപ്പെട്ടത്. തന്നോട് നമ്പീശനു തോന്നിയ എന്തെന്നില്ലാത്ത വാത്സല്യം കാരണം കഥകളി സംഗീതത്തിലെ വടക്കന്‍ ചിട്ടകള്‍ കൂടി പണിക്കര്‍ക്കു കൈമുതലായി ലഭിച്ചു. നമ്പീശന്റെ താല്‍പ്പര്യത്തിലാണ് 1956ല്‍ തങ്കപ്പനാശാന് പാലക്കാടിനടുത്ത് പേരൂര്‍ ഗാന്ധിസേവാ സദനത്തിലെത്തിയത്. അവിടെ അധ്യാപകനായും വിദ്യാര്ത്ഥിയായുമുള്ള വേഷപ്പകര്ച്ചകളില് വടക്കന്‍ ചിട്ടകളില്‍ പഠനം. പേരൂര്‍ സദനം കഥകളി അക്കാദമിയായി മാറും മുന്‍പേ അവിടെ അമരക്കാരനായി തങ്കപ്പനാശാനുണ്ടായിരുന്നു.
”തെക്കന്‍ ചിട്ടകളെ അപേക്ഷിച്ച് ഏറെ വ്യത്യാസമുള്ളതായിരുന്നു വടക്കന്‍ സമ്പ്രദായം. ഗുരുനാഥന്മാരുടെ അനുഗ്രഹത്താല്‍ എനിക്കിതു പഠിച്ചെടുക്കാന്‍ സാധിച്ചു,” എന്നാണ് സദനം കാലത്തെക്കുറിച്ച് തങ്കപ്പപ്പണിക്കര്‍ പുഞ്ചിരിയോടെ പറഞ്ഞത്.

വടക്കന്‍ ചിട്ട പഠനം പൂര്‍ത്തിയാക്കിയ തങ്കപ്പനാശാന് 1962ലാണ് തൃപ്പൂണിത്തുറ ആര്.എല്‍.വി.യില്‍ ജോലിയില്‍ പ്രവേശിച്ചത്. അവിടെ കലാമണ്ഡലം കൃഷ്ണന് നായര്‍ എന്ന മഹാരഥനൊപ്പം അരങ്ങ് പങ്കിട്ട അദ്ദേഹം രണ്ടു ദശകം നീണ്ട സർവിസിനൊടുവിൽ 1983ല്‍ വിരമിച്ചു. ആശാന്റെ ആര്.എല്‍.വിയിലെ പരിചയം അതിന്റെ വളര്ച്ചയ്ക്കൊപ്പമാണ്. ആര്.എല്‍.വി. സ്കൂള്‍ തലത്തിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആശാന് അവിടെ തുടര്‍ന്ന കാലത്തു തന്നെ ആര്.എല്‍.വി. അക്കാദമിയാകുകയും ചെയ്തു.
ഉച്ചഭാഷണികളുമില്ലാതിരുന്ന കാലം തേച്ചുമിനുക്കിയ പ്രതിഭ
റാന്തല്‍ വിളക്കുകളും ഉച്ചഭാഷണികളുമില്ലാതിരുന്ന കഥകളിക്കാലം തേച്ചുമിനുക്കിയ പ്രതിഭയാണ് തങ്കപ്പപ്പണിക്കര്‍. ഇന്നത്തെപ്പോലെ വലിയ കൊമ്പുകളും ചായങ്ങളുമുള്ളതായിരുന്നില്ല അക്കാലത്തെ കഥകളി വേഷങ്ങൾ. ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ അരങ്ങ് കൊഴുപ്പിക്കുന്ന പാളക്കിരീടം ധരിച്ച വേഷങ്ങളിലേക്ക്, അകലെ ഇരുളില്‍ ഇരിക്കുന്ന കാണികളുടെ ശ്രദ്ധയെത്തിച്ചത് മൈക്കില്ലാതെ പാടിയ തങ്കപ്പനാശാന്റെ ഉറച്ച ശബ്ദം കൂടിയാണ്.
കലാമണ്ഡലം കൃഷ്ണന് നായര്‍, മാങ്കുളം കൃഷ്ണന് നമ്പൂതിരി, പള്ളിപ്പുറം ഗോപാലന് നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കോട്ടയ്ക്കല്‍ ശിവരാമന്, കലാമണ്ഡലം ഗോപി തുടങ്ങിയവര്‍ക്കൊപ്പവും ഒന്നാം പാട്ടുകാരനായി നിറഞ്ഞുനിന്ന അദ്ദേഹം പുതിയ തലമുറയിലെ കലാകാരന്മാരുടെയും പിന്നണി ഗായകനായി. കലാമണ്ഡലം ശങ്കരന് എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി തുടങ്ങിയവര്‍ പ്രസിദ്ധ കഥകളി സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം ഒട്ടനവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്.
കഥകളി സംഗീതത്തില്‍ അവസാന വാക്കായ കുഞ്ചുകുറുപ്പാശാന് ഉള്‍പ്പെടെയുള്ള പ്രഗത്ഭര്‍ക്കൊപ്പം പൊന്നാരി പാടാന്‍ ലഭിച്ച നിരവധി അവസരങ്ങളെ അക്കാലത്ത് നേരിയ ഭയപ്പാടോടെയാണു സമീപിച്ചതെങ്കിലും ഇന്നത് ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം ഓര്‍ക്കുന്നത്. മുവായിരത്തി അഞ്ചൂറിലധികം കളിയരങ്ങുകളില്‍ പാടിയ തങ്കപ്പനാശാന് കേരളത്തിനു പുറമെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പല പ്രശസ്ത ക്ഷേത്രങ്ങളിലും സംഗീതാര്‍ച്ചന നടത്തിയിട്ടുണ്ട്. 47 വര്‍ഷം ആകാശവാണിയിലും പാടി.
ആദ്യവും അവസാനവും വാരനാട്
ഇരുപത്തി രണ്ടാം വയസില്‍ ചേര്‍ത്തല വാരനാട് ഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച തങ്കപ്പനാശാന് അതേ അരങ്ങിലാണ് പാട്ട് നിര്‍ത്തിയതെന്നത് യാദൃച്ഛികമല്ല. ഈ ക്ഷേത്രവുമായി അത്രമേല്‍ കെട്ടുപിണഞ്ഞുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതജീവിതം. വാരനാട്ട് ക്ഷേത്രത്തില്‍ എപ്പോഴൊക്കെ കഥകളിയുണ്ടോ ആ അരങ്ങില്‍ തങ്കപ്പനാശാനും ഉണ്ടാകുമായിരുന്നു. പേരൂര്‍ സദനത്തില്‍ സേവനമനുഷ്ഠിക്കുന്ന കാലത്തു പോലും അദ്ദേഹം വാരനാട്ട് പാടി. തുടര്‍ച്ചയായി 63 വര്‍ഷമാണ് അദ്ദേഹം ഈ അരങ്ങില്‍ പാടിയത്. ഒടുവില്‍ ഭഗവതി വിഗ്രഹത്തിനു മുന്നില്‍ കൈകള്‍ കൂപ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം.
മതിയാവോളം പാടിയതു കൊണ്ടല്ല, പ്രായം ശരീരത്തെ പിന്നോട്ടുവലിച്ചതു മാത്രം കൊണ്ടാണ് തങ്കപ്പപ്പണിക്കര്‍ അരങ്ങിനോട് വിട പറഞ്ഞത്. കാഴ്ചയുടെയും കേള്‍വിയുടെയും തെളിമയില്‍ അല്‍പ്പം കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും കളിയരങ്ങും ആട്ടക്കഥകളും അദ്ദേഹത്തിന്റെ മനസില്‍ മങ്ങാതെ കത്തിക്കൊണ്ടിരിക്കുകയാണ്. അരങ്ങൊഴിയാത്ത ശിക്ഷ്യഗണങ്ങള്‍ ഇപ്പോഴുമുണ്ട് അദ്ദേഹത്തിന്. വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ കഥകളി പദം ഉരുവിട്ടു നോക്കി തന്റെ ഓര്‍മയെ മിനുക്കി വയ്ക്കുന്നുണ്ട് അദ്ദേഹം. നാല്‍പ്പത്തിയഞ്ച് ആട്ടക്കഥകള്‍ ഹൃദിസ്ഥമാണ് ഇന്നും അദ്ദേഹത്തിന്.

ഓര്‍മകളിലെ ആശാന്
”കഥകളിയിലെ അരങ്ങ് നിയന്ത്രണമെന്നു പറയുന്നത് കഥകളി സംഗീതത്തിലാണ്. ആട്ടക്കാരനെ പാകപ്പെടുത്തുന്നതിലും അവതരണ ശൈലിയിലും സംഗീതമാണ് മുഖ്യ പങ്കുവഹിക്കുക. അരങ്ങ് നിയന്ത്രണം ഒരു കഴിവാണ്. അതു തന്നെയായിരുന്നു തങ്കപ്പനാശാന്റെ കയ്യൊപ്പും,” തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തില്‍നിന്നു വിരമിച്ച മുതിര്‍ന്ന കലാകാരി ഗീതാ വര്‍മ അദ്ദേഹത്തിലെ പ്രതിഭയെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്.
ആട്ടക്കഥകള്‍ വെറുതെ ചൊല്ലിപ്പഠിപ്പിക്കുന്നതല്ല തങ്കപ്പനാശാന്റെ രീതി. സംസ്കൃത വാക്കുകളുടെ അര്‍ത്ഥം പറഞ്ഞുകൊടുത്തും താളത്തില്‍ മുദ്രകള്‍ പറഞ്ഞു മനസിലാക്കിയും ആട്ടക്കഥ വിശദീകരിച്ചു നല്കി ശിഷ്യരെ പൂര്‍ണ സജ്ജരാക്കിയ ഗുരുവായിരുന്നു അദ്ദേഹം. അരങ്ങത്തു പാടുമ്പോള്‍ സംശയം സാധൂകരിച്ചു നല്കാന് വേദിയ്ക്കു പിന്നില്‍ ചെണ്ടക്കോലുമായി താളം പിടിച്ച് ആശാന് നില്ക്കാറുള്ള തെളിഞ്ഞ ഓര്‍മച്ചിത്രം ഉള്ളിലുണ്ട് ശിഷ്യ കുമാരിയമ്മയ്ക്ക്.
അംഗീകാരങ്ങളും പുരസ്കാരങ്ങളും
കഥകളി സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ചേര്‍ത്തല തങ്കപ്പപ്പണിക്കരെ തേടി ഇരുപതിലധികം പുരസ്കാരങ്ങളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ഡല്‍ഹി ഇന്റനാഷണല്‍ കഥകളി സെന്ററില്‍നിന്ന് 1961ല്‍ ലഭിച്ച തങ്കമുദ്രയാണ് ആദ്യ അംഗീകാരം. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. കലാമണ്ഡലം ഫെല്ലോഷിപ്പാണ് ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലെത്തിയത്.