‘എനിക്കെന്റെ അമ്മയെ നോക്കി കൊതി തീര്‍ന്നില്ല, മോളേ…’ കണ്ണുകളിൽ ഒരു കടലാഴം തിരയിളക്കുന്ന വേർപാടിന്റെ വേദന അടക്കിപ്പിടിച്ചുകൊണ്ട്, തൊണ്ടയില്‍ കുടുങ്ങിയ ശബ്ദം റസിയ ബീവിയിൽ നിന്നും പുറത്തു വന്നു. പതിനേഴു വര്‍ഷം മുമ്പ് അമ്പലപ്പുഴ നീര്‍ക്കുന്നത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നിന്ന ചെല്ലമ്മ അന്തര്‍ജനത്തെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചതു മുതല്‍ ആ ജീവിതം റസിയാ ബീവിയുടേതു കൂടിയായിരുന്നു. ഒടുവില്‍ ഇന്നലെ അന്തര്‍ജനം ഓര്‍മ്മകളുടെ നിത്യതയിലേക്ക് മടങ്ങും വരെ ആ പിടി വിടാന്‍ റസിയ കൂട്ടാക്കിയില്ല. പലപ്പോഴും ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകളല്ല, കെട്ടകാലത്ത് കുഞ്ഞുതിരി പോലെ കത്തുന്ന ഇത്തരം നന്മകളാണ് ഉള്ളില്‍ നോവുണര്‍ത്തുന്നത്.
മരിക്കുമ്പോള്‍ 94 വയസായിരുന്നു അന്തര്‍ജനത്തിന്. ‘ഒരുമാസം മുമ്പ് വീട്ടില്‍ വീണതിനെ തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു അത്. ജൂലൈ ഒന്നാം തീയതി ഡിസ്ചാര്‍ജ് ചെയ്ത് തിരിച്ചു വീട്ടിലെത്തി. എന്റെ വീട്ടിലേക്കായിരുന്നു കൊണ്ടു പോയത്. പിന്നീട് എട്ടാം തീയതി പ്ലാസ്റ്റര്‍ അഴിക്കാനായി വീണ്ടും കൊണ്ടു പോയി… ഇന്നലെ രാവിലെ ഞാനുണ്ടാക്കി കൊടുത്ത ചായയും അപ്പവും കഴിച്ചു. അപ്പോഴേ എന്റെ അമ്മയ്ക്ക് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു…. പക്ഷെ മരിക്കാനായിരുന്നു എന്ന് ഞാനറിഞ്ഞില്ല….’ സ്നേഹം ചിലപ്പോഴിങ്ങനെയാണ്.. ചിരിച്ചുകൊണ്ട് മാത്രമാകില്ല മുറിഞ്ഞു പോയ വാക്കുകളിലൂടെയും അത് പുറത്തേക്കൊഴുകും.
സ്നേഹിക്കാന്‍ ജാതിയും മതവും അടിസ്ഥാനങ്ങളാകുന്ന കാലത്ത് ഈ മകളുടേയും മകള്‍ വളര്‍ത്തിയ അമ്മയുടേയും കഥ ഒരു വലിയ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ”ഞങ്ങളുടെ സ്നേഹം കണ്ട് ആശുപത്രിയിലെ മറ്റുള്ളവര്‍ക്കൊക്കെ അസൂയയായിരുന്നു. ഭാഗ്യം ചെയ്ത അമ്മയും മകളുമെന്നാണ് അവരൊക്കെ പറഞ്ഞിരുന്നത്. 16 വയസിന്റെ ചുറുചുറുക്കും കഴിവുമായിരുന്നു എന്റെ അമ്മയ്ക്ക്. കണ്ട് മതിയായില്ല എനിക്ക്” റസിയ വിതുമ്പി.പതിനേഴ് വർഷം ചെല്ലമ്മ അന്തർജനം എന്ന അമ്മയുടെ ഹൃദയമിടിപ്പായിരുന്ന മകൾ റസിയ, ഇന്ന് ഓർമ്മകളുടെ മിടിപ്പ് നിലച്ച ധമിനി പോലെ വേർപാടിന്റെ പടിവാതിൽ അകലങ്ങളിലേയ്ക്ക് കണ്ണും നട്ട് നിന്നു.
അന്തര്‍ജനം ആഗ്രഹിച്ചതു പോലെ എല്ലാ ആചാരപ്രകാരത്തോടെയും റസിയയുടെ വീട്ടുമുറ്റത്താണ് മൃതശരീരം മറവു ചെയ്തത്.
പേരും പെരുമയുമുള്ള നമ്പൂതിരി കുടുംബത്തിലാണ് ചെല്ലമ്മ അന്തര്‍ജനം ജനിച്ചത്. തന്നെക്കാള്‍ ഒരുപാട് വയസിനു മുതിര്‍ന്ന ഒരാളായിരുന്നു ഭര്‍ത്താവ്. അതും മാനസികാസ്വാസ്ഥ്യമുള്ള ഒരാള്‍. ഭര്‍ത്താവിന്റെ മരണ ശേഷം അന്തര്‍ജനം ഒറ്റക്കായി. കയറിക്കിടക്കാന്‍ ഒരിടം പോലുമില്ലാതായതോടെ മരണം മാത്രമായിരുന്നു ആ അമ്മയുടെ മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. പതിനേഴ് വര്‍ഷം റസിയ അവര്‍ക്ക് മകളും അവര്‍ റസിയക്ക് അമ്മയുമായി. അന്തര്‍ജനത്തിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന്‍ റസിയ അവര്‍ക്ക് സ്വന്തമായൊരു വീടും നിര്‍മ്മിച്ചു കൊടുത്തു. അവിടെ അമ്മയുടെ ആഗ്രഹമായ ഒരു തുളസിത്തറയും. അവിടെ തളിരിട്ടത് സ്നേഹത്തിന്റെ ഇലകളും പൂവുകളുമായിരുന്നു. വേരോടിയത് ജീവിതത്തിന്റെ പച്ചപ്പായിരുന്നു. ആഘോഷങ്ങളുടെ, കാൽപ്പനിക ലോകത്തായിരുന്നില്ല, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുടെ മണ്ണിലാണ് ഈ അമ്മ മകൾ ബന്ധം വേരുപിടിച്ചത്.
റസിയയുടേയും അന്തര്‍ജനത്തിന്റേയും കഥ; അല്ല ജീവിതം പുറംലോകമറിയുന്നത് മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ കെ.രേഖ എഴുതിയ ഫീച്ചറിലൂടെയാണ്. ‘അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തെക്കുറിച്ചുള്ള ഒരു പരമ്പരയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് ഇവരെക്കുറിച്ച് അറിയുന്നത്. ജാതിയും മതവും വലിയ തര്‍ക്ക വിഷയമാകുന്ന കാലത്ത് ഇവരുടെ ജീവിതം പരമ്പരയിലെ ഒരു കഥയായി മാത്രം അതു നിന്നാല്‍ പോരെന്നും തോന്നിയതുകൊണ്ട് ഞായറാഴ്ചപ്പതിപ്പിലേക്ക് എത്തിച്ചു. ആ അമ്മയേയും മകളേയും കാണാനായി അമ്പലപ്പുഴയിലെ റസിയയുടെ വീട്ടിലെത്തി. അന്നു റസിയ പഞ്ചായത്തംഗമാണ്. റസിയ പറഞ്ഞുതീര്‍ത്ത കഥയ്ക്ക് അമ്പരപ്പിക്കുന്ന കരുത്തും പോരാട്ടത്തിന്റെ വീര്യവുമുണ്ട്.’ രേഖയുടെ ഓര്‍മ്മകളില്‍ റസിയയ്ക്കും അന്തര്‍ജനത്തിനും നല്ല തെളിച്ചം.
ഈ സനേഹബന്ധത്തെ കുറിച്ചറിഞ്ഞ നടി കല്പന ഇവരുടെ വീട്ടിലെത്തുകയും മരണം വരെ തന്നാലാകുന്ന സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വെറുമൊരുറപ്പായിരുന്നില്ല അത്. തന്റെ മരണം വരെ ആ വാക്ക് കല്പന കാത്തു സൂക്ഷിച്ചു. റസിയ പറഞ്ഞ കഥയില്‍ നിന്നാണ് കല്പനയെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ‘കല്പനയോട് വല്ലാത്ത ഇഷ്ടം തോന്നി. അതുവരെ അവരെ കണ്ടിരുന്നത് ”ദൈവമേ പാവത്തുങ്ങള്‍ക്ക് ഇങ്ങനെ സൗന്ദര്യം തരല്ലേ” എന്നു പറയുന്ന ഒരു കോമഡി കഥാപാത്രമായായിരുന്നു. എന്നാല്‍ റസിയയില്‍ നിന്നും അറിഞ്ഞ കല്പന ആരോരുമറിയാതെ റസിയയെ സഹായിക്കുന്ന കാരുണ്യമാണ്. റസിയ ചെയ്യുന്ന ഈ പുണ്യകര്‍മ്മത്തിനായി എല്ലാമാസവും പണം നല്കുന്ന കൃത്യതയാണ്. ‘ഉമ്മയ്ക്കൊരുമ്മ’ എന്ന തലക്കെട്ടില്‍ റസിയയുടെ കഥ അച്ചടിച്ചുവന്ന ഞായറാഴ്ച വൈകിട്ട് ഓഫിസിലെത്തിയപ്പോള്‍ ഫോണ്‍വിളികളുടെ പെരുമഴയായിരുന്നു. ഒരു നൂറു പേരെങ്കിലും എന്നെയന്നു വിളിച്ചുകാണും. റസിയയെ സഹായിക്കാന്‍ തയ്യാറായി വന്നവര്‍. റസിയയുടെ നമ്പര്‍ പറഞ്ഞുകൊടുത്തു തളര്‍ന്നു. നമ്മുടെ സഹതാപത്തിന്റെയും കാരുണ്യത്തിന്റെയുമൊക്കെ ആയുസ് ഒരുദിവസത്തില് കൂടാറില്ലല്ലോ. ഏതൊക്കെയോ കുറച്ചു പേര് സഹായിച്ചു.” രേഖ ഓര്‍ത്തെടുത്തു.
പിന്നീട് ഈ അപൂര്‍വ സ്നേഹ ബന്ധത്തിന്റെ കഥ ബാബു തിരുവല്ല ‘തനിച്ചല്ല’ ഞാന്‍ എന്ന പേരില്‍ സിനിമയാക്കുകയും ചെയ്തു. റസിയയായി കല്പനയും അന്തര്‍ജനമായി കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.
ആദ്യം കല്പന പോയി. പിന്നാലെ അന്തര്‍ജനവും. റസിയ ഇപ്പോള്‍ തനിച്ചാണ്. കെ.രേഖ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചതു പോലെ ഇന്ന് അന്തര്‍ജനം ഈ ലോകത്തിനപ്പുറത്തെ മറ്റൊരു ലോകത്തേക്ക് എത്തുമ്പോള്‍ അന്തര്‍മുഖിയായ അവരെ തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ അവിടെ കല്പന ഉണ്ടാകുമെന്നു നമുക്ക് വെറുതേ വിചാരിക്കാം.
ഇവരുടെ ജീവിതം ഒരോര്‍മ്മപ്പെടുത്തലാണ്; പ്രതീക്ഷയാണ്. ലോകത്ത് നന്മയും സനേഹവും വറ്റിപ്പോയിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നവര് ഇടക്കെങ്കിലും ഇത്തരം ജീവിതങ്ങളിലേക്കൊന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍.