അമീര്‍ഖാന്റെ “PK” യില്‍ ദൈവപ്രതിമകളെ ഉണ്ടാക്കിവില്‍ക്കുന്നയാളോട് , അമീര്‍ഖാന്റെ ആ അന്യഗ്രഹകഥാപാത്രം തന്റെ സ്വതേ മിഴിഞ്ഞ  കണ്ണ് ഒന്നു കൂടി മിഴിച്ചുവച്ച് ചോദിക്കുന്നുണ്ട് -“ഭഗവാന്‍ നെ ആപ് കോ ബനായാ ഹെ യാ ആപ് നെ ഭഗവാന്‍ കോ ബനായാ ഹെ.”

PK  മനസ്സിലവശേഷിപ്പിച്ച ഏറ്റവും ആഴത്തിലുള്ള ഒരു മുദ്രയാണ്  എനിയ്ക്കീ സംഭാഷണശകലം

കുസാറ്റിലെ സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നടന്ന ചേക്കുട്ടിപ്പാവ നിര്‍മ്മാണശാലയില്‍ പങ്കെടുത്ത ശേഷം , ആ  മുറ്റത്തിറങ്ങി നില്‍ക്കുമ്പോള്‍ “PK” മട്ടിലൊരു ചോദ്യം മനസ്സിലേയ്ക്ക് വന്നുപോയിക്കൊണ്ടിരുന്നു.

ഞാന്‍ ചേക്കുട്ടിപ്പാവകളെ തേടി കുസാറ്റിലേയ്ക്ക്  വരികയായിരുന്നോ അതോ ചേക്കുട്ടിപ്പാവകള്‍ എന്നെത്തേടി കുസാറ്റിലേയ്ക്ക് വരികയായിരുന്നോ ?

എന്റെ പ്രളയ നെടുവീര്‍പ്പുകളെ  അക്ഷരങ്ങളായി കുട്ടികള്‍ക്കായി കൊത്തി പ്പണിയണമെന്ന നിശ്ചയത്തോടെ കീ ബോര്‍ഡില്‍ കൊട്ടി മുന്നേറി ഒരഞ്ചാം അദ്ധ്യായത്തിലെത്തി നില്‍ക്കുമ്പോഴാണ് ഞാന്‍ ചേക്കുട്ടിവാര്‍ത്തയും പടവും ആദ്യം കാണുന്നത്. പ്രളയം കണ്ട,അനുഭവിച്ച,വായിച്ച പലതരം കുട്ടികള്‍ കടന്നുപോകുന്ന,നവംബര്‍ 14 നായി ഒരുക്കുന്ന കുട്ടിപ്പുസ്തകത്തിന് എന്തു പേരിടണം എന്ന ആലോചന പശ്ചാത്തലത്തില്‍ എങ്ങുമെത്താതെ കടന്നുപോയിക്കൊണ്ടിരിക്കെയാണ്, ‘കേരളത്തെ തുന്നിച്ചേര്‍ക്കാന്‍’  എന്നു പറഞ്ഞ്, ചേറിനെ അതി ജീവിച്ച കുട്ടി എന്നു കുപ്പായത്തുമ്പു വിടര്‍ത്തി   ചേക്കുട്ടി  വന്നത്.

എനിയ്ക്കീ പേരു തോന്നിയില്ലല്ലോ എന്ന് അസൂയയാണ് ആദ്യം വന്നത്. ആ അസൂയ പറഞ്ഞാണ് ചേക്കുട്ടിയുടെ തലതൊട്ടമ്മയായ ലക്ഷ്മിമേനോന്റെ  ഫോണ്‍നമ്പര്‍ തപ്പിപ്പിടിച്ചതും വിളിച്ചതും. ജനിച്ച മാത്രയില്‍  ചേക്കുട്ടിയെ ജനവും പത്രമാദ്ധ്യമങ്ങളും  ഹൃദയത്തിലേറ്റിയതിന്റെ സന്തോഷത്തിലും അന്ധാളിപ്പിലുമായിരുന്നു ലക്ഷ്മി. ആവശ്യക്കാരുടെ എണ്ണം നിമിഷംപ്രതി കൂടുന്നതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്ന ചിന്താക്കുഴപ്പവുമായി ,നേരത്തേ നിശ്ചയിച്ചുവച്ച  യു എസ് യാത്രയിലേയ്ക്ക് പോകാന്‍ നില്‍ക്കുക യായിരുന്നു ഞാന്‍ വിളിക്കുമ്പോള്‍ ലക്ഷ്മി.

ചേക്കുട്ടി പാവകൾ ഒരുങ്ങുന്നു- ചിത്രങ്ങൾ കാണാം

ഏതു നിമിഷത്തില്‍ എവിടെ വച്ച് എങ്ങനെ ആര്‍ക്കിടയിലെ ചര്‍ച്ചക്കിടയിലാണ്  ‘ചേക്കുട്ടി’ എന്ന പേരും ‘കേരളത്തിനെ ഒന്നായി തുന്നിച്ചേര്‍ക്കാന്‍ ചേറിനെ അതിജീവിച്ച് ചേക്കുട്ടി’ എന്ന മലയാളം  ടാഗ് ലൈനും  ‘Chekkutty has scars, Chekkutty has stains, but Chekkutty represent each one of us who has survived the floods’  എന്ന ഇംഗ്‌ളീഷ് ടാഗ് ലൈനും പിറവി കൊണ്ടത് എന്ന കഥ കൂടി സവിസ്തരം ചോദിച്ചറിയേണ്ടതായിരുന്നു  എന്ന് ഫോണ്‍ വച്ചപ്പോള്‍ തോന്നി. എന്തൊരു മാജിക്കല്‍ മുഹൂര്‍ത്തമായിരുന്നിരിക്കും അതെന്ന് ഇപ്പോഴും അത്ഭുതം.

ചേക്കുട്ടിയെ പിന്നെ  ഇന്‍ഫോപാര്‍ക് ദത്തെടുത്തു എന്ന് പത്രം പറഞ്ഞു. മഴ കടന്ന് ,ചേറു നൂണ്ട് വെളിച്ചത്തിലേയ്ക്ക്  പാടിയാടിപ്പോകുന്ന ചേക്കുട്ടിപ്പാവകള്‍ പിറക്കുന്ന ചേക്കുട്ടിനിര്‍മ്മാണ ശില്പശാലകള്‍ പലയിടങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. എന്റെ ഫെയ്‌സ് ബുക്കില്‍  ‘ചേക്കുട്ടിവിശേഷം’   ഞാന്‍  പോസ്റ്റ് ചെയ്യതോടെ ഞാനും ചേക്കുട്ടിയും തമ്മില്‍ അടുത്ത ബന്ധമാണ് എന്ന മട്ടില്‍ ഒരുപാടന്വേഷണങ്ങള്‍ എനിക്കു കിട്ടിത്തുടങ്ങിയപ്പോള്‍ എനിക്ക്  ചേക്കുട്ടിയുടെ തലതൊട്ടപ്പനായ ഗോപിനാഥ് പാറയിലിനെയും വിളിക്കേണ്ടി വന്നു.

മകന്റെ പിറന്നാളിന് ബലൂണുകള്‍ക്കു പകരം ചേക്കുട്ടിപ്പാവകളെ നിറയെ നിറയെ തൂക്കിയിടണമെന്നുണ്ടായിരുന്നു. അവന്റെ ക്‌ളാസിലെ മുപ്പതു കുട്ടികള്‍ക്കും ക്‌ളാസ്റ്റീച്ചര്‍ക്കും ചേക്കുട്ടിപ്പാവയെ സമ്മാനമായി കൊടുക്കണമെന്നുണ്ടായിരുന്നു. ചേക്കുട്ടിയെ വന്‍തോതില്‍ നിര്‍മ്മിച്ചശേഷം വളരെ ഓര്‍ഗനൈസ്ഡ് ആയാണ് വില്‍പ്പന നടത്താനുദ്ദേശിക്കുന്നത് എന്നറിഞ്ഞതോടെ പിറന്നാള്‍ഭിത്തിയില്‍, ബലൂണുകള്‍ തന്നെ നിരന്നുവെങ്കിലും ഞാന്‍ ആ ബലൂണുകളോരോന്നിലും ചേക്കുട്ടികളെ മാത്രം കണ്ടു.

അതിനിടയിലെപ്പോഴോ ആണ് കുസാറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യൂത്ത് വെല്‍ഫെയർ ഡയറക്റ്ററും കൂട്ടുകാരനുമായ  ഡോ. ബേബി പറമ്പത്ത് വിളിച്ച് ‘കുസാറ്റിലെ ചേക്കുട്ടിനിര്‍മ്മാണശില്പശാലയുടെ വാര്‍ത്തയുടെ ലിങ്ക് അയച്ചിട്ടുണ്ട്, ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യണം’ എന്നു പറയുന്നത്.

ദൂരെയുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി പങ്കെടുക്കാന്‍ ആരോഗ്യ മില്ലാത്ത എന്നെ , ക്യാമ്പെന്ന അനുഭവം എന്താണെന്നറിയിക്കാനായി മാത്രമാണ് ഞാന്‍ ജോലി ചെയ്യുന്ന കുസാറ്റിലെ  എന്റെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ത്തന്നെ ബേബിയും കൂട്ടരും  ക്യാമ്പ് ഒരുക്കിയതെന്നുണ്ടോ എന്ന വിഭ്രാന്തിയില്‍ നിന്ന് ഞാന്‍ പുറത്തുവരുന്നതേയുണ്ടായിരുന്നുള്ളു. എനിക്കായി  അടുത്ത വിഭ്രാന്തി ക്കവസരം  ബേബി പിന്നെയും  ഉണ്ടാക്കുന്നതായിത്തന്നെ തോന്നി. ചിലതിലേയ്ക്ക്  നമ്മള്‍ നടന്നെത്തിച്ചേരുകയല്ല,  ചിലത്  നമ്മളെ ഉള്ളം കൈയിലെടുത്ത് കൊണ്ടു ചെന്നെത്തിക്കുകയാണ് ചില പ്രത്യേകയിടങ്ങളിലേയ്ക്ക് എന്ന് ജീവിതം എന്നെ ഇതിനകം പലതവണ പഠിപ്പിച്ചിട്ടുണ്ടല്ലോ എന്നു മാത്രം ഓര്‍ത്തു.

ഞായറാഴ്ച രാവിലെ  എന്റെ  സ്വന്തം ‘അക്ഷരച്ചേക്കുട്ടികള്‍’ക്കായി വാക്ക് പരതി ഇരിക്കുമ്പോള്‍,   ‘അക്ഷരവഴികള്‍’ നല്ല ഒഴുക്കോടെ വരുന്നുണ്ടായിരുന്നു. ഉച്ചകഴിഞ്ഞേ ഇവിടുന്നെണീക്കൂ,  കുസാറ്റിലെ ചേക്കുട്ടിയിലേക്ക് പോകൂ എന്ന് തീരുമാനത്തെ കാറ്റില്‍ പറത്തി , ‘വരുന്നില്ലേ പ്രിയ’ എന്ന  ബേബിയുടെ ഫോണ്‍വിളി.’അക്ഷരം വഴിയാണെന്റെ സാമൂഹ്യപ്രതിജ്ഞാബദ്ധത’ എന്ന്  പറഞ്ഞെ ങ്കിലും പോകാതിരിക്കാന്‍ തോന്നിയില്ല. ഒരു പക്ഷേ, ചേക്കുട്ടിപ്പാവ കടന്നു വന്നേയ്ക്കാം  അടുത്ത അദ്ധ്യായത്തില്‍ ,ചേക്കുട്ടിയെ തൊട്ടുവന്നിട്ടു വേണമാ യിരിക്കും അതെഴുതാന്‍ എന്ന് ഉള്ളിലിരുന്നാരോ പറഞ്ഞു.

പത്തോളം വര്‍ഷമായി കുസാറ്റില്‍ ജോലി ചെയ്യുന്ന ഒരാള്‍, സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന്റെ  കാമ്പസില്‍ കടന്നത് ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ടാണ് എന്ന കാര്യത്തിന്റെ തമാശത്തുടര്‍ച്ചപോലെ, സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ക്യാമ്പസിലേക്ക് ഞാനാദ്യമായി ചെല്ലുന്നത് ചേക്കുട്ടി പ്പിറവിയോടു ബന്ധപ്പെട്ടാണ് എന്നാലോച്ചിരിക്കെ, ആദ്യം കണ്ടത് ചിത്തിര കുസുമനെന്ന കവിതയെ  അപ്പോള്‍ത്തന്നെ സന്തോഷം കുത്തിയൊലിച്ചുവന്നു.

എന്നെങ്കിലും കാണുമ്പോള്‍ ‘ചിത്തിരപ്പാവൈ’ എന്ന് പറഞ്ഞ് ചിരിക്കണമെന്നും   മണ്ണില്‍ കമഴ്ന്നു കിടന്നു  നാഗലിംഗപ്പൂവിന്റെ ചിത്രം വരയ്ക്കുന്ന അണ്ണാമല എന്ന  ചിത്രകാരന്‍ നായകന്റെ ഓര്‍മ്മയാണെനിക്ക് ചിത്തിരപ്പാവൈ  എന്ന അഖിലന്‍ നോവല്‍ എന്നു കൂടി കാര്യമൊന്നുമില്ലാതെ വിസ്തരിക്കണം എന്നുമാണ് വിചാരിക്കാറ് എന്നും ചിത്തിര കുസുമനെന്നല്ല,ചിത്തിര കുസുമം എന്നാണ് ഞാന്‍ വിളിക്കുക  എന്ന് പറയണമെന്നും ഞാന്‍  പദ്ധതിയിടാറുള്ള ഒരു നിനവിലെ  കവിതയെഴുത്ത് നായികയോട് പക്ഷേ  അങ്ങനെയൊന്നും പറഞ്ഞില്ല. എന്നാലും  സത്യം, സ്വപ്‌നതുല്യമായിത്തന്നെ തോന്നി.

പിന്നെ കണ്ടത് കണ്ണിലൊക്കെയും ചിരി പൂത്ത സരയുവിനെയാണ്. ഇടക്കിടെ ചാറ്റ് ചെയ്ത് തമ്മില്‍ കാണാം എന്നു പറയുകയും കാണലൊന്നും നടക്കാ തിരിക്കുകയും ചെയ്യുന്ന ഒരു തുടര്‍ഏടിലെ മുഗ്ധനായിക വന്ന് കെട്ടിപ്പിടി ച്ചപ്പോള്‍ , ഞങ്ങളുടെ രണ്ടാളുടെയും മഹാരാജാസ് പൂക്കുന്നുവെന്നു തോന്നി. സ്‌നേഹം നിറഞ്ഞ കാണലുകള്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു പശ്ചാത്തലമെവിടെ കിട്ടാനാണ് എന്നു തോന്നിപ്പോയി.

ചേക്കുട്ടി നിര്‍മ്മാണ സംരംഭം കുസാറ്റിലെന്ന്  കേട്ടറിഞ്ഞ്  ഇരിങ്ങാലകുടയില്‍നിന്നു വന്ന് ‘താരകപ്പെണ്ണാളേ’ എന്നു പാടി ചേക്കുട്ടിമാരുടെ നക്ഷത്രക്കണ്ണു കളിലേക്ക് സംഗീതം കോരിയിട്ട  സന്ദീപ് പോത്താനിയുടെ മ്യൂസിക് ബാന്‍ഡിനിടയിലൂടെ നടന്നുകയറുമ്പോള്‍,  മകന്റെ സ്‌ക്കൂളിലെ പേരന്റും മഹാരാജാസിലെ പഴയ ബോട്ടണി പ്രൊഫസര്‍ എം. കെ പ്രസാദ് സാറിന്റെ ബന്ധുവും സ്‌ക്കൂള്‍ടീച്ചറുമായ ശ്രീകല വന്ന് കൂട്ടിക്കൊണ്ടുപോയി ചേറില്‍ നിന്ന് വിരിഞ്ഞ ചേക്കുട്ടിക്കൂട്ടങ്ങളെ കാണിച്ചുതന്നു.ചുവന്ന കണ്ണും പൊട്ടും വിടര്‍ചുണ്ടും കുട്ടികള്‍ , തങ്ങളുടെ ഉടുപ്പുകളിലെന്ന പോലെ ഇഷ്ടത്തോടെ  ഡിസൈനുകള്‍ കോറിച്ചേര്‍ത്ത  പാവാടകളുമായി  ചേക്കുട്ടിമാര്‍ കണ്ണ് കഴിയുന്നത്ര വിടര്‍ത്തി എന്നെ നോക്കി ചിരിച്ചു.priya a.s, chekkutty

ശ്രീകലയും അവരുടെ വടക്കന്‍ പറവൂരിലെ  ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കുട്ടികളും  മറ്റൊരു ചേക്കുട്ടിപ്പാവ പോലുള്ള ലക്ഷ്മിയും മാറിമാറി വന്ന്, ചേക്കുട്ടിയെ മെനയുന്നത് എന്നെയും മകനെയും പഠിപ്പിച്ചു.

രാജഗിരിയിലെ കന്യാസ്ത്രീ അമ്മമാര്‍ ഉണ്ടാക്കിയ ചേക്കുട്ടിമാരെ കരിമ്പാടം  വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അജിത് കുമാറിന് കൈമാറ്റം ചെയ്യുന്ന ചടങ്ങിന് ദൃക്‌സാക്ഷിയാവുമ്പോള്‍ , ഓരോ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി ഓരോ നിറസാരിക്കാര്‍ ചേക്കുട്ടികളായി അടുങ്ങിയടുങ്ങിക്കിടന്നു. നോക്കിനില്‍ക്കെ പുല്‍ക്കൂട്ടിലെ രൂപങ്ങളെ അടുക്കിപ്പെറുക്കി വച്ചിരിക്കുന്നതുപോലെ തോന്നി.

രാജഗിരിക്കാര്‍ കൊടുത്ത വലിയ ,വെളുത്ത ചേക്കുട്ടിയെ നിലത്തുവയ്ക്കാതെ നെഞ്ചോടു ചേര്‍ത്ത് നടക്കുന്ന ലക്ഷ്മിയുടെ കണ്ണും ആ പാവക്കണ്ണും ഒരേപോലെ തോന്നി. ലക്ഷ്മിയുടെ മുഖത്തെ വാത്സല്യം കണ്ടപ്പോള്‍,ചേക്കുട്ടി പിറന്നപ്പോള്‍ ഉറങ്ങാതിരിക്കേണ്ടി വന്ന രാത്രികളെക്കുറിച്ച് ലക്ഷ്മി പറയുന്നതു കേട്ടപ്പോള്‍, ചേക്കുട്ടി എത്രമാത്രം ലക്ഷ്മിയുടേതാണെന്ന് കണ്ടറിയുകയായിരുന്നു.

“നോണ്‍വെജ് ഫുഡ് പാടില്ല ചേക്കുട്ടി നിര്‍മ്മാണത്തിനിടെ, ചേറു മണം പോകും  ഇവിടെനിന്ന്,” എന്ന് ലക്ഷ്മി പറഞ്ഞു കൊണ്ടിരുന്നു. ഏഴു ദിവസം കൊണ്ട്  കടലുകള്‍താണ്ടി ചേക്കുട്ടിക്ക്  യുഎസ്സിലെത്താമെങ്കില്‍,  ഗൂഗിളിന്റെ ഓഫീസിലെത്താമെങ്കില്‍, നമുക്ക്  അതിജീവനത്തിന്റെ ചിറകുകളില്‍ എവിടെയെല്ലാം എത്താം എന്ന് ലക്ഷ്മി ആത്മവിശ്വാസത്തിന്റെ ചിറകുകളില്‍ പറന്നുകൊണ്ടിരുന്നു.

ലക്ഷ്മി ഒരിക്കല്‍ ഏറ്റെടുത്ത് വിജയിച്ച, ലക്ഷ്മിയുടെ മേല്‍വിലാസം തന്നെയായി മാറിയ ‘അമ്മൂമ്മത്തിരികള്‍’ (പകല്‍വീടുകളില്‍ എത്തിച്ചേരുന്ന വയസ്സായ  അമ്മമാര്‍ക്ക് സ്ഥിരരവരുമാനത്തിന്റെ ആത്മവിശ്വാസവും തോളിനും കൈകള്‍ക്കും നിരന്തരമായ പരിശീലനവുമായി നൂല്‍ത്തിരികള്‍ ഉണ്ടാക്കുന്ന ‘അമ്മൂമ്മത്തിരി’ എന്ന സംരംഭത്തിന്റെ നെടുംതൂണാണ് ലക്ഷ്മി) ലക്ഷ്മിയെ എവിടേക്കും വിടാതെ, പൊട്ടിച്ചു മാറ്റാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധമെന്നപോലെ കൂടെ നടക്കുന്നതിനെക്കുറിച്ചും ലക്ഷ്മി സൂചിപ്പിച്ചു… അമ്മൂമ്മത്തിരിക്ക് ഉപയോഗിക്കുന്ന അതേ നൂലുകളാണ്  ചേക്കുട്ടിപ്പാവച്ചരടുകളാവുന്നത്.

കൂട്ടം തെറ്റിപ്പോയെങ്കിലും കറങ്ങിത്തിരിഞ്ഞ്  വീണ്ടും ചിത്തിരയുടെ അടുത്തെത്തിയപ്പോള്‍, എനിക്ക് പോകാറായിട്ടുണ്ടായിരുന്നു. ഒരു  യു കെ ജിക്കാരി , ചിത്തിരക്കും രശ്മി രാധാകൃഷ്ണനുമരികിലിരുന്ന് ചേക്കുട്ടിക്ക് കണ്ണു വരയ്ക്കുകയായിരുന്നു ശ്രദ്ധ കൂര്‍പ്പിച്ച്.ചിത്തിരയുടെ കൈ പിടിച്ച് ഒരുമ്മയും കൊടുത്ത് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചിത്തിര, ഈറന്‍ കണ്ണിന്റെ സ്‌നേഹപ്പാടയിലൂടെ നോക്കുന്നത് കണ്ടു. ചിത്തിര അങ്ങനെ  എന്നെ നോക്കും എന്നെനിക്കറിയാമായിരുന്നു താനും.

ആരൊടൊക്കെ എത്ര യാത്ര പറഞ്ഞിട്ടും, ചേക്കുട്ടി ഓരോരോ കാരണങ്ങളുണ്ടാക്കി എന്നെ പിന്നെയും പിടിച്ചു നിര്‍ത്തി. മുറ്റത്തെത്തിയപ്പോള്‍, ആരാണ് ഞാന്‍ എന്നറിയാതെ ചിലരൊക്കെ പരിചയപ്പെടാന്‍ വന്നു പിന്നെ പ്രളയ കഥകളുടെ പല പല പ്രളയങ്ങളായി.

priya a.s, sarayu

പിന്നെയും പോകാനൊരുങ്ങുമ്പോള്‍ മുറ്റത്തെ മരത്തണലില്‍ ചാനല്‍ ക്രൂവിനൊപ്പം നിന്ന് ലക്ഷ്മിയെ ഇന്റര്‍വ്യൂ ചെയ്യുന്ന സരയു, ‘ചേച്ചീ പോകല്ലേ ,ഫോട്ടോ വേണം ഒന്നിച്ച് ‘എന്നാംഗ്യം കാണിച്ച് പിടിച്ചു നിര്‍ത്തി.

പലരോടും സംസാരിച്ച് അവിടങ്ങനിരിക്കുമ്പോള്‍, ഭൂമിയെ തൊട്ടെന്ന പോലെ ഹെലിക്കോപ്റ്റര്‍ താണുവന്ന് ഇരമ്പിപ്പാഞ്ഞുപോയ പ്രളയകാലത്തിന്റെ ഭീതി തലയ്ക്കുമുകളില്‍ കറങ്ങുന്നുവെന്ന വിഭ്രാന്തിയില്‍ ഒരു നിമിഷം അകപ്പെട്ടു പോയി.

പക്ഷേ പഴയ കേരളത്തെ പുനര്‍നിര്‍മ്മിക്കലല്ല പുതിയ കേരളത്തെ നിര്‍മ്മിക്കലാണ് വേണ്ടെതെന്ന പ്രളയശേഷവാദം പോലെ , ചേന്ദമംഗലം നെയ്ത്തിനെ പഴയ തലത്തിലേക്ക് തിരിച്ചുകൊണ്ടുപോകലാണോ പുതിയ കാലത്തിനും പുതിയ അഭിരുചികള്‍ക്കുമൊപ്പം ചേര്‍ത്തുവച്ച് ഒരു അടിമുടിമാറ്റത്തിലേയ്ക്ക് നയിക്കലാണോ ചേക്കുട്ടിപ്പാവകള്‍ സമാഹരിച്ചെടുക്കുന്ന മൂലധനം കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന ഒരു വശം കൂടി മനസ്സിലേക്ക് വന്നുപോയി. ചേന്ദമംഗലം, ബാലരാമപുരം, കൂത്താമ്പിള്ളി നെയ്ത്തുവഴികള്‍ പാരമ്പര്യവഴികളിലൂടെ പുതുമയെ ലക്ഷ്യമാക്കി നടന്നില്ല എങ്കില്‍ , ഈ നെയ്ത്തുനിലച്ചാലെന്തുണ്ടാകാന്‍ എന്ന മനോഭാവമാണ് വരും കാലം തരിക. അങ്ങനെവന്നാല്‍, ഇനിയൊരു ചേക്കുട്ടി വരവുണ്ടാവില്ല ഒരു നെയ്ത്തുനഷ്ടത്തെ മായാമുദ്രകളാക്കി മനസ്സില്‍ പതിപ്പിച്ചു വയ്ക്കാന്‍ എന്നു കൂടി തോന്നി. ഏറ്റവും പ്രിയതരമായത് നഷ്ടപ്പെടുമ്പോഴേ, തിരിച്ചുപിടിക്കണം എന്ന് ആര്‍ക്കും തോന്നൂ എന്നു കൂടി ചിന്തിച്ച്  ഒരിത്തിരി നേരം നിന്നുപോയി.

ഇടയ്‌ക്കെപ്പോഴോ ഗോപിനാഥിന്റെ കഥ ചോദിക്കാന്‍ തോന്നി. കേരളത്തിന്റെ പൈതൃകത്തെയും ഒറ്റയാളിലേക്കൊതുങ്ങി നിന്നുപോയേക്കാവുന്ന കലാരൂപങ്ങളെ യാത്രാ പാക്കേജുകള്‍ വഴി ജീവിപ്പിക്കാനും ഭാരതപ്പുഴയെ സ്‌നേഹിച്ച് നില നിര്‍ത്താനും ഇവിടുത്തു കാരനല്ലാതിരുന്നിട്ടും ഒരു വെള്ളപ്പൊക്കത്തിലടിഞ്ഞു വന്നതായിരുന്നിട്ടും ‘ഉപ്പുവെള്ളത്തിലും പിടിച്ചു നില്‍ക്കും, ആവോളം വിളയും’ എന്നു പറഞ്ഞെത്തിയ  അതിജീവനക്കാരന്‍  പൊക്കാളിയുമായി ഏറ്റവുമടുത്ത ബന്ധുത്വം പുലര്‍ത്താനുമാണ് താന്‍ ശ്രമിക്കുന്നത് എന്ന് ഗോപിനാഥ് പറഞ്ഞു തന്നു.

പ്രിയ എ എസിന്റെ ലേഖനങ്ങൾ ഇവിടെ വായിക്കാം

സരയുമൊത്തുള്ള ഫോട്ടോയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ , ‘എത്ര തവണ യാത്ര പറഞ്ഞുപോയിട്ടും പ്രിയ പോയില്ലേ’ എന്നു ചോദിച്ച് ബേബി വന്നു. ചേക്കുട്ടിത്തുണികളില്‍ നിന്ന് ചേക്കുട്ടിയക്ഷരങ്ങളിലേക്ക് എന്നെ വിടാതെ ഇവിടെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് ഈ ചേക്കുട്ടി എന്ന് ഞാന്‍ ഉള്ളാലെ  പറഞ്ഞു.

പക്ഷേ, തിരിച്ചുവന്ന് ചേക്കുട്ടിയക്ഷരനിര്‍മ്മാണത്തിനിരിക്കുമ്പോള്‍ മനസ്സിലായി, ചേറു മണക്കുന്ന ചേക്കുട്ടിക്കുപ്പായങ്ങള്‍ക്കിടയിലൂടെ നടന്നുവന്ന്, ചേക്കുട്ടിപ്പാവയെ ഉണ്ടാക്കിയ വിരലുകള്‍ കൊണ്ടെഴുതാനിരിക്കുമ്പോള്‍, അപ്പോഴാണ് ചേക്കുട്ടിപ്പുസ്തകത്തിനു വേണ്ടുന്ന മട്ടില്‍ അക്ഷരങ്ങള്‍ ചേക്കുട്ടിഗന്ധികളാകുന്നത് എന്ന്.

PK, നന്ദി …

“ഭഗവാന്‍ നെ ആപ് കോ ബനായാ ഹെ ,യാ ആപ് നെ ഭഗവാന്‍ കോ ബനായാ ഹെ”  എന്നോര്‍മ്മപ്പിച്ചതിന്…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook