/indian-express-malayalam/media/media_files/uploads/2018/02/priya-k-.jpg)
സ്നേഹം , സന്തോഷം , സങ്കടം , വികാരങ്ങൾ ചിലർ അധികമായൊന്നും പ്രകടിപ്പിക്കില്ല. ചിലരാവട്ടെ ഓരോ വികാരവും അതിന്റെ ഏറ്റവും ആർജ്ജവത്തോടെ പ്രകാശിപ്പിക്കുന്നു. മിതത്വത്തിന്റെ സൗമ്യത അവർക്കില്ലായിരിക്കാം, പക്ഷെ ആ ഭാവങ്ങളെല്ലാം , വാക്കിനപ്പുറം അനുഭവമായി, സത്യമായി മാറുന്നത് അവരിലൂടെയാണ്.
"ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ" , "മഞ്ഞലയിൽ മുങ്ങി തോർത്തി "എന്നൊക്കെയുള്ള സങ്കൽപ്പത്തിനപ്പുറം, ശൈത്യകാലം അനുഭവമായിത്തീർന്നത് ഇംഗ്ലണ്ടിൽ എത്തിയതിൽപ്പിന്നെയാണ്. ഒരു മാർച്ചിൽ ആദ്യമായി ലണ്ടനിലെത്തുമ്പോൾ, ഇവിടെ വസന്തം കൗമാരത്തിന്റെ വർണപ്പൊലിമയിലായിരുന്നു.. ചുറ്റും ഡാഫോഡിൽ പൂവുകളുടെയും ട്യൂലിപ്പുകളുടെയും ആഹ്ലാദ നൃത്തം..പുഷ്പ കാലത്തിന്റെ ഇളം ചൂടുള്ള പകലുകളും , നേർത്ത തണുപ്പിന്റെ രാവുകളും, ജൂൺ ആയപ്പൊഴ്യ്ക്കും വേനലിന്റെ തെളിഞ്ഞ പകലുകളിലേയ്ക്കും , മിക്ക വീടുകളിൽ നിന്നും പ്രസരിക്കുന്ന ബാർബിക്യു ഗന്ധങ്ങളിലേക്കും വഴി മാറി. സമൃദ്ധമായ സൂര്യപ്രകാശം ആസ്വദിക്കാൻ എത്തുന്നവർ, കടൽത്തീരങ്ങളും , പാർക്കുകളും ആഘോഷമാക്കി. വഴിവക്കിലെ പൂവുകൾ ചെറി, പ്ലം , പലതരം ബെറികൾ അങ്ങനെ പാകതയാർന്നിരുന്നു . "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ , അതിതാണ് " എന്ന് മനസ്സിൽ പറഞ്ഞു കറുത്ത ബെറി പഴങ്ങൾ പൊട്ടിക്കുമ്പോളാണ് , അടുത്ത വീട്ടിലെ അമ്മൂമ്മയിൽ നിന്ന് വരാൻ പോവുന്ന, ശൈത്യത്തെപ്പറ്റി ആദ്യ പ്രവചനം കേട്ടത്-
"ഇക്കൊല്ലം വിന്റർ കടുപ്പമാവും, നല്ല വേനൽ കിട്ടി, കുറെ പഴങ്ങൾ ഉണ്ടായി, പക്ഷികൾ ഈ പഴങ്ങളൊക്കെ ശേഖരിക്കുന്നത് കണ്ടാൽ അറിയാം , അത്. പക്ഷികൾക്ക് പ്രകൃതിയെപ്പറ്റി നമ്മളെക്കാൾ മുന്നറിയിപ്പ് കിട്ടുന്നത് കൊണ്ടാണ് അവർ മഞ്ഞുകാലത്തേയ്ക്ക് ഭക്ഷണം എടുത്തു വെയ്ക്കുന്നത്."
വെറ്റില ചവച്ചു, ഉമ്മറപ്പടിയിൽ മഴയിലേക്ക് നോക്കിയിരുന്നു, "തൻ പഴങ്കണ്ണു കൊണ്ടേറെ കണ്ട" ആത്മവിശ്വാസത്താൽ, കൃഷിയെയും വിളവിനെയുമൊക്കെ പറ്റി അച്ഛമ്മ തരാറുള്ള സൂചനകളെ ഓർമിപ്പിച്ചു അവർ. കാല ദേശാന്തരങ്ങൾക്കളുടെ നാനാത്വങ്ങൾക്കതീതമായ ഏകതകൾ.
ഋതുഭേദങ്ങളിലെ അവസാനത്തെ വിരുന്നുകാരനായി ശൈത്യം എത്തുമ്പോൾ, വരവേൽക്കാനുണ്ടായത് ഇലയെല്ലാം പൊഴിച്ച് സർവസംഗപരിത്യാഗിയായി ആകാശത്തേക്ക് ചില്ലകൾ കൂപ്പി നിൽക്കുന്ന മരങ്ങളാണ്. പൂത്തും തളിർത്തും വസന്തവും, വെയിലും വെളിച്ചവുമായി വേനലും കാറ്റും ഇല പൊഴിയലുമായി ശിശിരവും സ്വയമറിയിക്കുമ്പോൾ , നീളം കുറഞ്ഞ പകലുകളുടെ ആലസ്യത്തിൽ പതുങ്ങി നിൽക്കുന്ന മഞ്ഞുകാലം, അന്തർമുഖിയായൊരു പെൺകുട്ടിയെപ്പോലെ വല്ലപ്പോഴും തൂമഞ്ഞ് കാണിച്ചു ഒന്ന് ചിരിച്ചാലായി.
പ്രൗഢിയുടെ ഇലകളിൽ മഞ്ഞയുടെ വിളർപ്പ് നൽകിക്കൊണ്ട്, കൊണ്ട് , സെപ്റ്റംബറിൽ ശരത്കാലം വരവറിയിച്ചു. തണുപ്പിനും കാറ്റിനും കീഴടങ്ങി പൊഴിഞ്ഞു വീഴുന്ന പൂക്കളും ഇലകളും ഭൂമിയെ വർണങ്ങളുടെ ബലിപ്പറമ്പാക്കി. അലമാരിയുടെ പിറകു വശത്തെവിടെയോ തൂക്കിയിട്ടിരിക്കുന്ന ജാക്കറ്റും തൊപ്പിയും ഗ്ലൗസുമെല്ലാം പൊടി തട്ടിയെടുത്തു. വീടിലും ഓഫീസിലുമെല്ലാം ഹീറ്റർ പ്രവർത്തിപ്പിച്ചു, നവംബറോടെ ഇവിടം തണുപ്പുകാലത്തിനു ഒരുങ്ങുകയായി. പകൽ വെളിച്ചം കൂടുതൽ പ്രയോജനപ്പെടുത്താനായി, ക്ലോക്കുകൾ ഒരു മണിക്കൂർ പിറകിലേക്ക്- വിന്റർ ടൈമിലേയ്ക്ക് - ആവുന്നത് ഒക്ടോബറിലെ അവസാന ഞായറാഴ്ചയാണ്.
സൂര്യൻ ദക്ഷിണായനത്തിലേക്കു യാത്ര ചെയ്യുന്ന മഞ്ഞു കാലത്തു, പകലിന്റെയും സൂര്യപ്രകാശത്തിന്റെയും ദൈർഘ്യം , തണുപ്പ് രാജ്യങ്ങളിൽ ഗണ്യമായി കുറയുന്നു. തണുപ്പ് മൂലം, ഏറെയൊന്നും പുറത്തിറങ്ങാത്തതും വെളിച്ചത്തിന്റെ കുറവും മൂലമാവാം , ബ്രിട്ടനിൽ വിഷാദരോഗികളുടെയും ആത്മഹത്യയുടേയും എണ്ണം ഏറ്റവും കൂടുന്നത് ഈ സമയത്താണ്. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി യുടെ അപര്യാപ്തതയും മഞ്ഞുകാലത്ത് പാശ്ചാത്യ രാജ്യക്കാരിൽ കണ്ടു വരുന്ന ശാരീരികപ്രശ്നങ്ങൾക്കും ഡിപ്രെഷനും കാരണമായി പറയപ്പെടുന്നു.
എങ്കിലും, വേനലിന്റെ കാഠിന്യത്തിലേക്കു ആഘോഷമായി നമ്മുടെ നാട്ടിൽ പൂരങ്ങളും വിഷുവും എത്തും പോലെ , ശൈത്യത്തിലെ ഏറ്റവും നീളം കുറഞ്ഞ പകലുകളുടെ വിഷാദമകറ്റാൻ തൊട്ടു പുറകെ ക്രിസ്മസ് വരുന്നതിനാൽ , ലൈറ്റുകളും , ക്രിസ്മസ് ചന്തകളും കൊണ്ട് ഡിസംബറിൽ യൂറോപ്പ് അലംകൃതമായിരിക്കും. മഞ്ഞിൽ മുങ്ങിയ " വൈറ്റ് ക്രിസ്മസ് " ആഗ്രഹിക്കുന്നവരാണ് കുട്ടികളിൽ അധികവും. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഓക്സ്ഫോർഡ് സ്ട്രീറ്റ് മുതൽ, കൊട്ടാരങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയെല്ലായിടത്തും ക്രിസ്മസ് പുതുവർഷ സമയം, ദൃശ്യവിസ്മയങ്ങളുടെ മായക്കാഴ്ചകളുടേതാണ്.
പ്രിയപ്പെട്ടവർക്കെല്ലാം ക്രിസ്റ്മസ് ട്രീയ്ക്കടിയിൽ പൊതിഞ്ഞു സമ്മാനങ്ങൾ വെയ്ക്കുന്ന ക്രിസ്മസ് ആചാരത്തിലെ, ഗിഫ്റ് ബോക്സ് സങ്കൽപ്പത്തിൽ നിന്നാവാം , ബ്രിട്ടനിൽ ക്രിസ്മസ് പിറ്റേന്ന്, 'ബോക്സിങ് ഡേ' എന്നറിയപ്പെടുന്ന പൊതുഅവധി ദിവസമാണ്. കടകളിലെല്ലാം സാധനങ്ങൾ അന്ന് മുതൽ കുറച്ചു നാളത്തേയ്ക്ക് വൻ വിലക്കിഴിവിൽ ലഭിക്കുന്നതിനാൽ, ഷോപ്പിങ് പ്രിയരുടെ ഉത്സവ കാലമാണ് ഈ ദിവസങ്ങൾ.
പുതുവർഷാരഭത്തോടെ തിരശീല വീഴുന്ന ആഘോഷങ്ങൾക്ക് ശേഷം , തന്നിലേയ്ക്ക് മാത്രം ഉൾവലിഞ്ഞു ജീവിക്കുന്ന മനുഷ്യരെപ്പോലെ, തണുപ്പ് കയറാതിരിക്കാൻ അപൂർവമായി മാത്രം തുറക്കുന്ന ജനലുകളും വാതിലുകളുമുള്ള വീട്ടിൽ , പുറം ലോകം കാണാനാകാതെ ശൈത്യം വീണ്ടും ഏകാകിയാവുന്നു. നിഷ്കാമിയായി, തണുപ്പിൽ പ്രകാശവുമായെത്തുന്ന സൂര്യൻ, ഫെബ്രുവരി കഴിഞ്ഞാലേ അൽപ്പമെങ്കിലും ചൂടു നല്കിത്തുടങ്ങൂ.
നിരവധി യൂറോപ്പുകാർ ഈ സമയത്തു, മെച്ചപ്പെട്ട കാലാവസ്ഥയുള്ള മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര പോവുന്നു. ഇന്ത്യയടക്കമുള്ള ഉഷ്ണ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ പാശ്ചാത്യ സഞ്ചാരികൾ എത്തുന്നതും നവംബറിനും ഫെബ്രുവരിക്കുമിടക്കാണ്.
തണുപ്പുകാലമേറെയും , വീടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടാൻ നിർബന്ധിതരാകയാൽ, ഈ സമയത്തു കുടുംബ ബന്ധങ്ങൾ ദൃഢപ്പെടുന്നു എന്ന് കരുതുന്ന പാശ്ചാത്യരെയും കണ്ടിട്ടുണ്ട്.
സ്കോട്‌ലൻഡിലെ ചിലയിടങ്ങളിലെല്ലാം, വിന്ററിൽ മഞ്ഞുവീഴ്ച സാധാരണമാണെങ്കിലും , മറ്റു പല യൂറോപ്പ്യൻ രാജ്യങ്ങളെയും അപേക്ഷിച്ചു, ഇംഗ്ലണ്ടിൽ മഞ്ഞുപെയ്യൽ കുറവാണെന്നു പറയാം. ഒരു വർഷത്തിൽ ഏഴ്, എട്ട് ദിവസം അഞ്ചോ ആറോ ഇഞ്ചു കനത്തിലാണ് ഇംഗ്ലണ്ടിലെ ശരാശരി മഞ്ഞു വീഴ്ച. എന്നിട്ടു പോലും, ചെന്നൈയിലെ പേമാരി പോലെ, ശരിയായ ബദൽ സംവിധാനം ഇല്ലായ്കയാൽ, ഇത് ചിലപ്പോൾ ഇവിടുത്തെ ജനജീവിതത്തെ ബാധിക്കാറുണ്ട്. മഞ്ഞിലും ഐസിലും നടത്താവുന്ന വിനോദങ്ങൾ ഉൾപ്പെട്ട വിന്റർ ഒളിമ്പിക്സ് നടക്കുന്നത് ഈ സമയത്താണ്.
ഫെബ്രുവരി തീരുമ്പോഴേയ്ക്കും, പ്രതീക്ഷയുടെ പുതുതിരികളെന്ന മട്ടിൽ, ട്യൂലിപ്പുകളും ഡാഫൊഡിലുകളും, തണുപ്പുറഞ്ഞ മണ്ണിനെ വകഞ്ഞു മാറ്റി തല പൊക്കിതുടങ്ങുന്നു. സർവപരിത്യാഗിയുടെ നിസ്സംഗത വെടിഞ്ഞു, മരത്തിന്റെ കാമനകൾ തളിർത്തു തുടങ്ങുന്നു. പ്രത്യാശയുടെയും, പുതു ജീവന്റെയും ഊഷ്മളതയുമായി ഈസ്റ്റർ വരുന്നു.
ഒക്ടോബറിൽ ഒരു മണിക്കൂർ പിറകിലേക്കാക്കിയ ക്ലോക്കുകൾ , സൂര്യോദയം നേരത്തേയാവുന്നതോടെ, മാർച്ചിലെ അവസാന ഞായറാഴ്ചയിൽ പൂർവസ്ഥിതിയിലാക്കുന്നതോടെ ഇംഗ്ലണ്ട് സമ്മർ ടൈമിലാകുന്നു. ഇത് മൂലം മാർച്ച് മുതൽ ഒക്ടോബർ വരെ നാലര മണിക്കൂർ പുറകിലും , ഒക്ടോബർ മുതൽ മാർച്ച് വരെ അഞ്ചര മണിക്കൂർ പുറകിലും ആയാണ് ഇംഗ്ലണ്ടും ഇന്ത്യയുമായുള്ള സമയവ്യത്യാസം.
"ഞാനെന്റെ വാല്മീകത്തിൽ അൽപ്പനേരം
ധ്യാനലീലനായിരുന്നത് മൗനമായ് മാറാനല്ല ..." എന്നുരുവിട്ടു കൊണ്ട് , പ്രകൃതി മാർച്ച് മാസത്തോടെ , വീണ്ടുമൊരിക്കൽക്കൂടി , പൂക്കൾ കൊണ്ട് ഭൂമിക്ക് വസന്തപരവതാനി നെയ്തു തുടങ്ങുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.