scorecardresearch
Latest News

ഫയലുകൾ കടന്ന് ജനങ്ങളിലേക്കൊരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥ

സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയില്‍ പതിനെട്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഒൻപതു മാസം കൊണ്ട് ഒരു ജില്ലയുടെ സാമൂഹിക ഭൂപടം മാറ്റി വരച്ച കോഴിക്കോടുകാരിയെ കുറിച്ച്

aswathi ias, kozhikode, davangare,

വിവാദങ്ങളുടെ വേലിയേറ്റത്തിലാണ് പല ഉദ്യോഗസ്ഥരും ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്. ഉത്തരവുകളുടെ മേലുളള ഒപ്പുകളിലാണ് ഈ ഇടം ഇവർ സ്വന്തമാക്കുന്നത്. എന്നാൽ ഒരു ജില്ലയുടെ സാമൂഹിക ഭൂപടം മാറ്റിയെഴുതിയാണ് ഈ കോഴിക്കോടുകാരി ഒരു ജനതയുടെ ജീവിതത്തിൽ കൈയൊപ്പിട്ടത്. ഭരണ സംവിധാനങ്ങളുടെ നൂലാമാലകളുടെയും അധികാരത്തിന്റെയും ശക്തിയിൽ നിന്നല്ല, ജനങ്ങളുടെ ഹൃദയതാളത്തിൽ നിന്നുമാണ് ഈ യുവ ഐഎഎസ്സുകാരി തന്റെ ഊർജം സംഭരിക്കുന്നത്. കർണ്ണാടകത്തിലെ പ്രശസ്തമായ ദാവൺഗരെ ജില്ലയുടെ സാമൂഹിക പിന്നാക്ക അവസ്ഥ മാറ്റിയെഴുതുകയാണ് ഈ വനിതാ  ഓഫിസർ. പ്രഖ്യാപനങ്ങളിലെ സ്വപ്നങ്ങളെ കടലാസുകളിലൊതുങ്ങി ചിതലെടുക്കുന്ന ചിത്രമാണ് സാധാരണ ചരിത്രം. എന്നാൽ ജനങ്ങളിലേയ്ക്കിറങ്ങി ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിക്കൊണ്ട് ഈ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) എന്ന തസ്തികയ്ക്ക് സേവനം കൊണ്ട് പുതിയ വ്യാഖ്യാനമെഴുതുന്നു.

aswathi ias, ceo, karnataka,

ബെംഗളൂരുവില്‍ നിന്നും 265 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ദാവണ്‍ഗരെയില്‍ എത്താം. ഒരു നീണ്ട യാത്രക്ക് ശേഷം തങ്ങളുടെ കുതിരകളുമായി ക്ഷീണം (ദനിവ്) തീര്‍ക്കുവാനായി ചാലൂക്യന്മാര്‍ കണ്ടെത്തിയ വിശ്രമ സ്ഥലമാണിതെന്നും തങ്ങളുടെ ദാഹം തീര്‍ക്കാനായി അവര്‍ ഇവിടെ ഒരു തടാകം (കെരെ) കുഴിച്ചു എന്നുമൊരു വിശ്വാസം ദാവണ്‍ഗരെയെക്കുറിച്ചുണ്ട്. ദനിവ കെരെ എന്ന കന്നട വാക്കാണ് പിന്നീട് ദാവണ്‍ഗരെ എന്നായതെന്നും പറയപ്പെടുന്നു. ഇതെല്ലാം കേട്ടുകേള്‍വികള്‍ മാത്രം.

മലയാളിയുടെ എന്നത്തേയും ഒരു ഡെസ്റ്റിനേഷന്‍ പോയിന്റാണ് ദാവണ്‍ഗരെ. പഠിക്കാനായി പോകുന്നതു പോലെ തന്നെ നാടു ചുറ്റാനും കേരളത്തില്‍ നിന്ന് ആളുകള്‍ ഇവിടെ എത്താറുണ്ട്. ക്ഷേത്രനഗരികൂടിയാണിവിടം. തീര്‍ന്നില്ല, ഇപ്പോൾ ദാവണ്‍ഗരെയ്ക്ക് ഒരു മലയാളി ബന്ധം കൂടിയുണ്ട്. ദാവണ്‍ഗരെയിലെ ജില്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കോഴിക്കോട്ടുകാരിയായ എസ്.അശ്വതിയാണ്. 2013ലാണ് അശ്വതി ഐഎഎസ് നേടുന്നത്. ആദ്യ പോസ്റ്റിങ് ഡല്‍ഹിയില്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി. പിന്നീട് ഉഡുപ്പിയില്‍ കുന്ദാപ്പുരയിൽ  അസിസ്റ്റന്റ് കമ്മീഷണര്‍ ആന്‍ഡ് ഡിവിഷണല്‍ മജിട്രേറ്റ്. അവിടെ നിന്ന് ദാവണ്‍ഗരെയിലേക്ക്.

ഒൻപതു മാസം മുമ്പാണ് അശ്വതി കര്‍ണാടകയിലെ ദാവണ്‍ഗരെ ജില്ലയുടെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. ഇപ്പോള്‍ അശ്വതി ദാവണ്‍ഗെരെക്കാരുടെ സ്വന്തം സിഇഒ ആണ്. അവരില്‍ ഒരാള്‍. അതിനു പുറകില്‍ കഠിനാധ്വാനത്തിന്റെ കഥയാണുള്ളത്.

‘ശുദ്ധരായ കുറേ പാവപ്പെട്ട ആളുകളാണ് ദാവണ്‍ഗരെക്കാര്‍. ഞാനിവിടെ ചുമതല എടുക്കുന്ന സമയത്ത്, സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയില്‍  സംസ്ഥാനത്ത് പതിനെട്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇപ്പോൾ ജില്ല മൂന്നാം സ്ഥാനത്താണ്” അശ്വതി അഭിമാനത്തോടെ പറയുന്നു. “മിക്കവാറും വീടുകളിലൊന്നും ശൗചാലയങ്ങള്‍ ഇല്ല. ഉള്ളിടത്തൊന്നും അത് ഉപയോഗിക്കാന്‍ ആളുകള്‍ തയാറാകുന്നുമില്ല. പിന്നെ അവര്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളോ, മുലയൂട്ടുന്ന അമ്മമാരോ ഉള്ള വീടുകളില്‍ ശൗചാലയങ്ങള്‍ പണിയരുത്. ഇത്തരം വിശ്വാസങ്ങളെ പറഞ്ഞു തിരുത്തുക എന്നത് അത്ര എളുപ്പമല്ല. ചിലപ്പോള്‍ കുറച്ച് കര്‍ക്കശക്കാരാകേണ്ടി വരും നമ്മള്‍. കുറേ ബോധവത്കരണ ക്ലാസുകളും മറ്റും നടത്തി. പലപ്പോഴും ശാസനയുടെ മാര്‍ഗങ്ങള്‍ തന്നെ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയാണ് ആളുകള്‍ വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തയാറായത്.’

ഓഫിസിലിരുന്ന് കീഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവ് കൊടുക്കുകയല്ല, കൂടെയിറങ്ങി ജോലി ചെയ്യുകയാണ് ഈ ഓഫിസര്‍.

‘രാവിലെ 5.30നായിരിക്കും മിക്കവാറും ഞങ്ങള്‍ ഫീല്‍ഡിലേക്ക് ഇറങ്ങുക. ദാവണ്‍ഗെരെയില്‍ ആറ് താലൂക്കുകളും 233 ഗ്രാമ പഞ്ചായത്തുകളുമുണ്ട്. ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ വിവിധ പഞ്ചായത്തുകളിലേക്ക് പോകും. പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ഞങ്ങളെ സഹായിക്കാന്‍ കൂടെയുണ്ടാകും. ഓരോ വീടുകളും കയറിയിറങ്ങിയൊക്കെ ആളുകളോട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അതിരാവിലെയൊക്കെ പോയാലേ പലപ്പോഴും ആളുകളെ കാണാന്‍ സാധിക്കൂ. വീടുകള്‍ മാത്രമല്ല, പിന്നീട് ഞങ്ങള്‍ സ്‌കൂളുകളിലേക്കും പോകും. കുട്ടികളോട് സംസാരിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്. വാശിപിടിച്ചാണെങ്കിലും വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഇവര്‍ക്കായി. അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഇത് ഫലം കണ്ടത്. ആ കുട്ടികളും അവിടുത്തെ അധ്യാപകരുമൊക്കെ മാറ്റത്തിനായി ഞങ്ങള്‍ക്കൊപ്പം നിന്നു.’

‘ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കൃഷി, മൃഗസംരക്ഷണം തുടങ്ങി 29 ഡിപ്പാര്‍ട്ട്‌മെന്റുകളാണ് എന്റെ കീഴില്‍ വരുന്നത്. ഈ ഒരു ലക്ഷ്യത്തിന് വേണ്ടി സത്യത്തില്‍ എല്ലാവരും കൂടെ നിന്നു. ഒരു കൂട്ടായ പ്രവര്‍ത്തനത്തിന് വിജയം കണ്ടുവെന്നേ പറയാനാകൂ.’

2,52,556 ലക്ഷം കുടുംബങ്ങളാണ് ദാവണ്‍ഗരയില്‍ ഉള്ളത്. നിലവില്‍ ഇതില്‍ 2,23,556 കുടുംബങ്ങള്‍ തങ്ങളുടെ വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചു. 20 ഗ്രാമങ്ങളെ ഇതിനോടകം ശൗചാലയ സൗഹൃദ (ഓപെണ്‍ ഡിഫെക്കേഷന്‍ ഫ്രീ) ഗ്രാമങ്ങളായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31ഓടെ 52 ഗ്രാമങ്ങളെക്കൂടി പ്രഖ്യാപിക്കും. ആറു താലൂക്കുകളില്‍ നാലെണ്ണം വരുന്ന   ഗാന്ധി ജയന്തി ദിനത്തിലും, ബാക്കി രണ്ടെണ്ണം നവംബര്‍ അവസാനത്തോടെയും ശൗചാലയ സൗഹൃദമാകും.  2016-17 കാലയളവില്‍ 19000 ശൗചാലയങ്ങളാണ് പണിതത്. 2017ല്‍ ഇതുവരെ ആയപ്പോഴേക്കും വീണ്ടും അത്ര തന്നെ നിർമിക്കാന്‍ സാധിച്ചു. അംഗണ്‍വാടി ജോലിക്കാരും, ആശാ വര്‍ക്കേഴ്‌സുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.’

aswathi, ias, kozhikode, karnataka,
സീമന്ത് ചടങ്ങിൽ അശ്വതി പങ്കെടുക്കുന്നു

‘ഞാന്‍ നേരത്തേ പറഞ്ഞതു പോലെ വിശ്വാസത്തിന്റെ ഭാഗമായാണ് ഇവര്‍ വീടുകളില്‍ ശൗചാലയങ്ങള്‍ പണിയാത്തത്. ഒടുവില്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന ഒരു ചങ്ങുണ്ട് ‘സീമന്ത്’ എന്നാണതിനു പറയുക. ആ ചടങ്ങ് ഞങ്ങള്‍ നടത്തി കൊടുക്കാമെന്നു പറഞ്ഞു. അങ്ങനെ ശൗചാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുവേണ്ടി കഴിഞ്ഞ ദിവസമാണ് ഈ ചടങ്ങ് നടത്തിയത്. 335 സ്ത്രീകളാണ് ഇതില്‍ പങ്കെടുത്തത്. ചടങ്ങുകളൊക്കെ നല്ല രസമായിരുന്നു. പാട്ടും, നൃത്തവും, വാദ്യോപകരണങ്ങളും ഒക്കെ ആയി വളരെ പരമ്പരാഗതമായാണ് ചടങ്ങുകളൊക്കെ നടത്തിയത്. ഇതില്‍ പലതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് സ്ത്രീകളും പ്രായമായവരുമൊക്കെ ആയിരുന്നു. ചടങ്ങില്‍ സ്‌കൂള്‍ വിദ്യാഥികളെയും ആദരിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ”

കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ് അശ്വതിക്ക് ഐഎഎസ്. മുത്തച്ഛനാണ് ഐഎഎസ് സ്വപ്‌നം കാണാന്‍ അശ്വതിയെ പ്രേരിപ്പിച്ചത്. ദേവഗിരി കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്ത് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎയ്ക്കു പോയപ്പോഴും ഇതല്ല തന്റെ വഴി എന്നു ഉറച്ച വിശ്വാസമുണ്ടായിരുന്നു. 2013ലാണ് അശ്വതി 24-ാം റാങ്കോടെ ഐഎഎസ് നേടുന്നത്. സോഷ്യോളജിയും മലയാളവുമായിരുന്നു ഓപ്ഷണല്‍ വിഷയങ്ങളായി തിരഞ്ഞെടുത്തിരുന്നത്. അഡ്വ. സെലുരാജിന്റെയും കെ.എ.പുഷ്പയുടെയും മകളാണ് അശ്വതി.

aswathi, karnataka, ias officer,

‘രണ്ടു വര്‍ഷമായി കടുത്ത വരള്‍ച്ച നേരിടുന്ന ഒരു ജില്ലയും കൂടിയാണ് ദാവണ്‍ഗരെ. സ്‌കൂളില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പോലും വെള്ളമില്ല. അതു പരിഹരിക്കുക എന്നതും ഒരു വെല്ലുവിളിയായിരുന്നു. മള്‍ട്ടി വില്ലേജ് ജലസേചന പദ്ധതിയിലൂടെയാണ് പ്രധാനമായും ഇതിന് പരിഹാരം കണ്ടെത്തിയത്. ഒരു എംവിസ് (മള്‍ട്ടി വില്ലേജ് സ്‌കീം) വഴി 18-20 ഗ്രാമങ്ങളില്‍ വെള്ളമെത്തിക്കാം. ഞാനിവിടെ എത്തിയതിനു ശേഷം നാലെണ്ണത്തോളം പൂര്‍ത്തിയാക്കി. പിന്നെ ജലലഭ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാറ്റലൈറ്റ് മാപ്പുകള്‍ ഉപയോഗിച്ചു.

മറ്റൊരു പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയായിരുന്നു. തൊഴിലുറപ്പു പദ്ധതികള്‍ ഉണ്ടായിട്ടു പോലും തൊഴിലില്ലായ്മ ഇവിടെ രൂക്ഷമായിരുന്നു. പല പഞ്ചായത്തുകളിലും പോകുമ്പോള്‍ ആളുകള്‍ വന്ന് പറയുന്നത് ‘ഞങ്ങള്‍ക്ക് ജോലി വേണം’ എന്നായിരുന്നു. മിക്ക ആളുകളും ജോലി തേടി മറ്റു ജില്ലകളിലേക്കു പോകുന്ന ഒരു അവസ്ഥയായിരുന്നു. അതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. പ്രശ്‌നത്തിന് ഒരു വിധം പരിഹാരമായി. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഇവിടെ ഞങ്ങള്‍ നടപ്പാക്കി. 2016-17 കാലഘട്ടത്തില്‍ 40 ലക്ഷം മനുഷ്യ ദിനങ്ങളാണ് സൃഷ്ടിച്ചത്. ഈ കാലയളവില്‍ 100 കോടിയോളം രൂപ വേതനയിനത്തില്‍ നല്‍കിയിരുന്നു. അതിനു മുമ്പ് 25 ലക്ഷം മനുഷ്യ ദിനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഈ വര്‍ഷം ഇതുവരെ 13 ലക്ഷം. കൂടാതെ ഇവര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യംപുകളും ചികിത്സാ പദ്ധതികളുമൊക്കെ ഒരുക്കി.’

aswathi, kozhikode, ias officer,

ജനങ്ങളോടൊപ്പം ജനങ്ങളില്‍ ഒരാളായാണ് ഈ ഓഫിസറുടെ പ്രവര്‍ത്തനങ്ങള്‍. ‘ഞങ്ങളുടെ സീനിയര്‍ ഓഫിസര്‍മാര്‍ പറയാറുണ്ട്, ഒരു ഐഎഎസ് ഓഫിസറുടെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള ടാസ്‌ക് പരീക്ഷ പാസാകുക എന്നതാണെന്ന്. സത്യമാണത്. ചില ദിവസങ്ങളില്‍ രാത്രി 12 മണിയൊക്കെയാകും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍. വീണ്ടും അതിരാവിലെ എഴുന്നേറ്റു പോകും. പക്ഷെ ഞാനിതൊക്കെ ഒരുപാട് ആസ്വദിക്കുന്നുണ്ട്. ജോലിയെ പ്രണയിക്കാന്‍ പഠിക്കണം. അപ്പോള്‍ അത് ജോലിയല്ലാതാകും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലപ്പോഴൊക്കെ പുറത്തെവിടെയെങ്കിലും പോയാലും, ദാവണ്‍ഗരെയിലേക്കെത്താന്‍ വല്ലാത്തൊരു ഉള്‍വിളി തോന്നാറുണ്ട്. ഇവിടുത്തെ ആളുകളെയും കൂടെ ജോലി ചെയ്യുന്നവരെയുമൊക്കെ എനിക്കൊരുപാട് ഇഷ്ടമാണ്. നിഷ്‌കളങ്കമായി സ്‌നേഹിക്കാനറിയാം അവര്‍ക്ക്.’

ഐഎഎസ് വെറുമൊരു ജോലിയല്ല, ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെന്ന് ഈ കോഴിക്കോട്ടുകാരി തന്റെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ്. 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Change maker aswathi s transforms davangere swach bharat abhiyan

Best of Express