ലോക പ്രശസ്ത കൊറിയന്‍ സംവിധായകന്‍ കിം കി-ഡുക്ക്‌ അന്തരിച്ചു.

ലാത്വിയന്‍ മാധ്യമങ്ങള്‍ കിം കി-ഡുക്കിന്‍റെ മരണ വാര്‍ത്ത പുറത്തു വിടുമ്പോള്‍ അതിലളിതമായ ലാഘവത്തോടെ അതിനെ ഉള്‍ക്കൊള്ളുകയാണ്. കിം കിയുടെ സിനിമകള്‍ പരിശീലിപ്പിച്ച അതേ സെന്‍ ദര്‍ശനത്തോടെ അതീവ ഹൃദ്യമായി നിശബ്ദമായി ഏകനായി അയാളുടെ ആത്മാവ് താഴ്വരകളെ സ്പര്‍ശിച്ചു കടന്നു പോകും.

കിം കി-ഡുക്കിന്‍റെ ചലച്ചിത്രങ്ങള്‍ പലപ്പോഴും എല്ലാ പരിധികളെയും വെല്ലുവിളിച്ചു. അയാളുടെ ലോകങ്ങള്‍ സമാന്തരമായ എല്ലാ രേഖകള്‍ക്കും അപ്പുറം പുതിയ വന്‍കരകള്‍ നിര്‍മിച്ചു. നിരന്തരം ആവര്‍ത്തിക്കുന്ന ചാക്രികമായ ആനന്ദ-ദുഃഖങ്ങള്‍ ലൈംഗികതയുമായി കെട്ടുപിണഞ്ഞു ഒടുവില്‍ അതില്‍ നിന്നും കുതറി മൗനത്തില്‍ അവസാനിച്ചു.

സെന്‍ തത്വചിന്ത പല തരത്തില്‍ കിമ്മിന്‍റെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും പല വിധത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന സജീവമായ ഈ ചിന്ത ഒന്നു കൊണ്ടാകണം പ്രമേയ സാധ്യതകള്‍ക്കും അപ്പുറം ഏഷ്യന്‍ വന്‍കരയില്‍ കിമ്മിന് സ്വയമൊരു പാത തുറന്നു കിട്ടാന്‍ കാരണം.

മരണാനന്തരം വിശ്വവിഖ്യാതരായ ചലച്ചിത്രകാരന്മാര്‍ക്ക് ലഭിക്കുന്ന നിരൂപണ പ്രശസ്തി കിമ്മിന്‍റെ ചലച്ചിത്രങ്ങള്‍ക്ക് ലഭിച്ചില്ല എന്നു വന്നാലും അതു നിര്‍മ്മിച്ച സാധ്യതകള്‍ അവസാനിക്കുന്നില്ല. നിറഞ്ഞു നില്‍ക്കുന്ന പുരുഷാരത്തിനു വെളിയില്‍ വ്യക്തിയുടെ ഉള്ളിലേക്ക് നിരന്തരമുള്ള ഘോഷയാത്രയായിരുന്നു കിമ്മിന്റെ  ആ ദൃശ്യസന്നിവേശങ്ങള്‍.

കൊറിയന്‍ വാണിജ്യ സിനിമകളുടെ കുത്തക പ്രയാണങ്ങളില്‍ നിന്നു നോക്കുമ്പോഴാണ് കിം കി-ഡുക്ക്‌ എന്ന സംവിധായകന്‍ നിര്‍മ്മിച്ചിരിക്കുന്ന കലാലോകത്തെ കൂടുതല്‍ അറിയാന്‍ സാധിക്കുന്നത്. കിം കി-ഡുക്കിന്‍റെ ഓരോ സിനിമകളും അതിന്‍റെ  ആഖ്യാനങ്ങള്‍ കൊണ്ട് ശ്രദ്ധേയങ്ങളായി മാറി.

‘ത്രീ അയേൺ’ എന്ന ചലച്ചിത്രം തേ സുക് എന്ന യുവാവിന്‍റെ ജീവിതം പറയുകയായിരുന്നു. വ്യത്യസ്തമായ സ്വഭാവമുള്ള അയാള്‍ ഒഴിഞ്ഞു കിടക്കുന്ന  വീടുകള്‍ തിരഞ്ഞ് സഞ്ചരിച്ചു കൊണ്ടിരിക്കുകയും വീടിനുള്ളില്‍ താമസിക്കുകയും ചെയ്യുന്നു. പിന്നീട് ഒരു പ്രണയത്തില്‍ പെടുകയും വളരെ അപൂര്‍വമായ സാഹചര്യങ്ങളിലൂടെ കഥ മുന്നോട്ട്‌ പോകുകയും ചെയ്യുന്നു. ‘ത്രീ അയേണ്‍’ പ്രധാന കഥാപാത്രങ്ങളെ നിശബ്ധതയില്‍ തളച്ചിടുന്നു. കഥാപാത്രങ്ങള്‍ മൗനം കൊണ്ട് സംസാരിക്കുന്നു.

 

‘ടൈം’ എന്ന ചലച്ചിത്രം പ്രണയത്തിന്‍റെ വിരസതയില്‍ നിന്നും ഒരു മുഖം മാറ്റല്‍ ശസ്ത്രക്രിയയുടെ കഥയിലേക്ക് കടക്കുന്നുവെങ്കില്‍ ‘സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്’  പ്രകൃതിയിലേക്കും സ്വന്തം അസ്തിത്വത്തിലേക്കുമുള്ള മടക്കമാണ് പ്രമേയമാക്കിയത്‌. പല ചിത്രങ്ങളും ചലച്ചിത്ര പ്രേക്ഷകരുടെ പരമ്പരാഗത സങ്കല്‍പങ്ങളെ തകര്‍ത്തെറിഞ്ഞു. മറയില്ലാത്ത രതിയും കാമനകളും ക്രൂരതയും യാഥാര്‍ത്ഥ്യമെന്നപോലെ തിരശ്ശീലയില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

എന്തു കൊണ്ടൊക്കെയോ തന്‍റെ നാട്ടില്‍ നിന്നും വ്യത്യസ്തമായി കിം മറ്റു ദേശങ്ങളില്‍  കൂടുതല്‍ അറിയപ്പെടുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തെപ്പോലെ ചെറിയൊരു പ്രദേശത്തെ സിനിമാ പ്രേമികളെ തന്നെയെടുക്കാം, കിമ്മിന്‍റെ ചലച്ചിത്രങ്ങള്‍ കാണാന്‍ പ്രത്യക്ഷപ്പെടാറുള്ള നീണ്ട വരികള്‍ സാക്ഷി.

കിം കി-ഡുക്കിന്റെ സിനിമകളുടെ രാഷ്ട്രീയം ഭൗതികമായ ഒന്നായിരുന്നില്ല. അത് പൂര്‍ണമായും മനസ്സിന്‍റെതും ആത്മീയതയില്‍ വേരോടിയതുമായിരുന്നു.  മനുഷ്യ കാമനയുടെ അപൂര്‍ണ്ണമായ ജീവചരിത്രങ്ങള്‍ക്ക് കഥാപാത്രങ്ങളിലൂടെ ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിനായി. ഏഷ്യന്‍ ആഫ്രിക്കന്‍ മൂന്നാം ലോകസിനിമയുടെ പോരാട്ട വീര്യത്തിനും അപ്പുറം കിമ്മിന്റെ സിനിമകള്‍ ഉള്‍ക്കൊണ്ട തത്വവും അതു തന്നെയായിരുന്നു.

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കിം നിരന്തരം ആഘോഷിക്കപ്പെടുന്നതും രണ്ടു പ്രദേശങ്ങളെ കൂട്ടിമുട്ടിക്കുന്ന, സജീവമായി നിലനില്‍ക്കുന്ന എന്തോ ഒന്നിന്‍റെ പ്രേരണ കൊണ്ടാകാം. പശ്ചിമഘട്ട പ്രാന്തത്തിലെ  ദേശങ്ങള്‍  കൊറിയന്‍ സമതലങ്ങളോട്  എങ്ങനെയോ  സാദൃശ്യപ്പെട്ടിരിക്കുന്നു. ഒരു താരതമ്യ പഠനത്തില്‍ എന്നപോലെ പ്രേക്ഷകന്‍ രണ്ടു ദേശങ്ങളെ വീണ്ടും വീണ്ടും പുനരാലോചന ചെയ്തു, അതില്‍ നിന്നും കണ്ടെത്തിയ സത്തയെ ശാക്യ ബുദ്ധനില്‍ ലയിപ്പിച്ചു.

തൊണ്ണൂറുകള്‍ക്ക് ആദ്യം കലാപഠനം പൂര്‍ത്തിയാക്കിയ കിം ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതും സമാനമായ  സത്തയെയാണ്. യന്ത്രത്തിന്റെ  സാര്‍വ്വലോക പ്രാധാന്യവും മനുഷ്യന്‍റെ ജൈവിക ചോദനയും മാത്രമല്ല അതില്‍ നിന്നും വംശം സഞ്ചരിക്കുന്നതും എത്തിച്ചേരുന്നതുമായ അവസാന ബിന്ദുവിനെ നിര്‍വ്വാണം എന്ന അവസ്ഥയില്‍ ഒതുക്കുകയാണ്. കിമ്മിന്‍റെ ചിത്രങ്ങളിലെല്ലാം പശ്ചാത്താപ രൂക്ഷിതമായ സ്വാനുഭവങ്ങളുടെ തുടര്‍ച്ചകള്‍ കാണാന്‍ സാധിക്കുന്നതാണ്.

പ്രകൃതിയുടെ തീഷ്ണമായ ഈ മൗനം  ഒരു ഇതിഹാസ രചനയാകുന്നത് അങ്ങനെയാണ്. ബുദ്ധന്‍ മരണത്തെ ഇലയായും വേരായും ചെറു പ്രാണികളാലും പുനര്‍ജ്ജന്മം വാഗ്ദാനം ചെയ്യുന്നു. കിം ഒരു നദിയായി ജീവനെ പരിവര്‍ത്തനം ചെയ്തിരിക്കാം.

Kim ki duk, Kim ki duk death, Kim ki duk died, Kim ki duk dies, കിം കി ഡുക്ക്, കിം കി ഡുക്, കിം കി ഡുക് അന്തരിച്ചു, kim ki duk films, Indian express malyalam, IE malayalam, Kim Ki-duk, Kim Ki-duk death, Kim Ki-duk dead, Kim Ki-duk south korea, south korean filmmaker dead, Kim Ki-duk films, Kim Ki-duk movies,

കിം കി-ഡുക് കേരളത്തില്‍ എത്തിയപ്പോള്‍

എല്ലാ നഗരങ്ങൾക്കും കഥകളുണ്ട്. സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്ന നഗരമാകട്ടെ ഒരു പ്രപഞ്ചമാണ്. എത്രയോ ലോകങ്ങളെ വേദനകളെ പ്രതീക്ഷകളെ… അതങ്ങനെ ഒരു മേളയിൽ കുറച്ചു മനുഷ്യർക്ക് മുന്നിൽ തീർഥാടനം പോലെ വന്നു പോകുന്നു. സിനിമയുടെ ഈ തനിയാവർത്തനം കേരളത്തിലെ പ്രേക്ഷകരുടെ മുന്നിൽ ഒരു ദൈവത്തെ നിർമ്മിച്ചു. ഇറ്റാലിയനും ഫ്രഞ്ചും സ്പാനിഷും നിറഞ്ഞു നിന്ന വേദികളിലേക്ക് കിം കി-ഡുക്ക് എന്ന കൊറിയൻ സംവിധായകൻ കടന്നു വന്നു.

1960 ഡിസംബർ ഇരുപതിന് കൊറിയയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച കിം കി-ഡുക്ക്‌ പാരീസിലെ കലാപഠനവും കഴിഞ്ഞാണ് സിനിമകളുടെ ലോകത്തേക്ക് കടന്നു വന്നത് .

രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരാന്‍  പിന്നെയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു അയാള്‍ക്ക്. ‘സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്’ എന്ന ഇതിഹാസ സമാനമായ മാസ്റ്റര്‍പീസ്‌ കിമ്മിനെ ലോകാരാധ്യനാക്കി മാറ്റി. പിന്നീട് ജൈത്രയാത്ര തന്നെയായിരുന്നു. ഫാന്റസിയും ലൈംഗികതയും വയലന്‍സും ഒത്തുചേര്‍ന്ന് പ്രേക്ഷകനെ സന്തോഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു അയാള്‍. സിനിമ പോലെ ജീവിതത്തിലും കിം കി-ഡുക്ക്‌ തന്നെ അന്വേഷിച്ചു കൊണ്ടിരുന്നു.

2012ലെ ഷാങ് ഹായ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ‘ആരി രംഗ്’ എന്ന സിനിമയില്‍  തന്‍റെ തന്നെ അത്മാന്വേഷണത്തെ കിം കി ചലച്ചിത്ര ഭാഷ്യം  നല്‍കി,  അതും അത്രമേല്‍ യാഥാര്‍ത്ഥ്യത്തോടെ.

 

ക്യാമറയുടെ കണ്ണ്, ഒരു കുന്നിൻ പുറം, ചെറിയൊരു ടെന്റ് ,ഒരു പൂച്ച, ഒപ്പം കിം കി. ഏകാന്തതയിൽ നിന്നും ഒരു സെൻ അനുഭവത്തെ കണ്ടെടുക്കുന്ന പോലെയാണ് അത്. ഒന്നിന്റെ ഉള്ളിലേക്ക് കടന്നു പോകാൻ അതിനെ തന്നെ നോക്കിയിരിക്കണമെന്ന പോലെ.

ജീവിച്ചിരുന്ന കാലത്ത് വിവാദങ്ങളും വിമര്‍ശനങ്ങളും കിമ്മിനെ പിന്തുടര്‍ന്നു. എല്ലാ പ്രതിഭകള്‍ക്കും സംഭവിക്കുന്ന പല വീഴ്ചകളില്‍ അയാള്‍ക്കും കാലിടറി. എങ്കിലും ആത്യന്തികമായി കിമ്മിന്റെ കല അയാളുടെ വ്യക്തിത്വത്തിൽ നിന്നും അകലെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ലോകത്തുണ്ടായ എല്ലാ മൗലികമായ സിനിമകളുടെയും ഒപ്പം ഏഷ്യന്‍ വന്‍കരയിലെ ചെറിയൊരു പ്രദേശത്തെ ജീവിതം എക്കാലവും അടയാളപ്പെട്ടു കിടക്കും എന്നത് തീര്‍ച്ചയാണ്.

കേരളത്തെ സംബന്ധിച്ച് ഡിസംബര്‍ ദുഖത്തിന്റെ കൂടിയാവുകയാണ്. അടഞ്ഞു കിടക്കുന്ന സിനിമാശാലകള്‍, ആളൊഴിഞ്ഞ ചത്വരങ്ങള്‍, തിങ്ങി നിറഞ്ഞ കലാസ്വാദകരുടെ നഷ്ടം. അതിനോടൊപ്പം നിര്‍വികാരമായ  തണുപ്പില്‍  ലാത്വിയവിലെ ഏതോ ആശുപത്രിയില്‍ കണ്ണുകള്‍ അടച്ചു കിടക്കുന്ന അവരുടെ പ്രിയപ്പെട്ട കിം… ജീവിതം രസകരമായൊരു മാന്ത്രികത എന്ന് സമാശ്വസിക്കാം .

എന്തായാലും  വിദൂരത്തിലുള്ള കൊറിയയിലെ ശാന്തമായ ഏതൊക്കെയോ പ്രദേശങ്ങളും മനുഷ്യരും ഇത്തരത്തില്‍ കഴിഞ്ഞ മണിക്കൂറുകള്‍ വരെ ലോകത്തുണ്ടായിരുന്ന ഒരു മനുഷ്യനാല്‍ എക്കാലവും ബന്ധിപ്പിക്കപ്പെട്ടിരിക്കും. ഭാഷക്കും അപ്പുറം ദൃശ്യകല എന്ന സാര്‍വലൗകിക ഭാഷയിലൂടെ അയാള്‍ തന്‍റെ ജീവിതം തുടരുക തന്നെ ചെയ്യും. വിട പ്രിയ കിം കി-ഡുക്ക്‌.

Read Here: കേരളവും കിമ്മും തമ്മില്‍; ഒരു വിദേശ സിനിമാക്കാരനെ മലയാളി നെഞ്ചേറ്റിയ കഥ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook