scorecardresearch
Latest News

ഒരു പൂച്ചതിരോധാനക്കേസ്

പൂച്ചപ്പേടി പഴയപോലെ നിലനിൽക്കുന്നുണ്ടെങ്കിലും ഈയിടെയായി വീണ്ടും എനിയ്ക്ക് ഒരു പൂച്ചക്കമ്പമുണ്ടായി വന്നിരുന്നു. ഉരുണ്ട,പതുപതുപ്പൻ രോമങ്ങളുള്ള ഒരു പ്രഷ്യൻ പൂച്ചപ്പൂതി

സൂപ്പർമാർക്കറ്റിലെ പലതരം സോപ്പുകളും പേസ്റ്റുകളും ചിട്ടയിലടുക്കിവച്ച റാക്കുകൾക്കരികിലായി പ്രമിതയെ ഞാനിന്നും കണ്ടു. പതിവ് രീതിയിൽ ധൃതിപ്പെട്ട് നടക്കുന്നതായിത്തന്നെ. കൂടെ സിറോക്സ് കോപ്പി പോലെ മകളുമുണ്ടായിരുന്നു. അതേ ചിരി, അതേ രൂപം, നടത്തം. കാണുമ്പോൾ, കുട്ടിക്കാലത്താണെങ്കിൽ പാവക്കുട്ടീ എന്ന വിളിയോടെ പാഞ്ഞു വന്ന് എന്റെ രണ്ടു കവിളും നുള്ളിയെടുക്കുമായിരുന്നു എന്റെ അതേ ക്ലാസുകാരിയെങ്കിലും ചേച്ചി നാട്യക്കാരിയായിരുന്ന അവൾ. എല്ലായ്പ്പോഴും പോസിറ്റീവ് ആയ ഒരൂർജ്ജം-സ്നേഹത്തിന്റെയും പരിഗണയുടെയും കരുതലിന്റെയും  പ്രസരിപ്പിക്കുന്ന അവളെ കണ്ടപ്പോൾ എനിക്കിന്നും ഒരു പരുങ്ങൽ വന്നു.

എന്തുകൊണ്ടാണ് പ്രമിതയെ കാണുമ്പോൾ ഞാനാദ്യം തന്നെ ആ പൂച്ചക്കഥ ഓർക്കുന്നതെന്ന് എനിക്കൊരു പിടിയുമില്ല; കൊല്ലമിത്രയായിട്ടും ഒരൊളിച്ചുപാർപ്പ് പ്രതി പോലീസിനെ കണ്ടാലെന്ന പോലെ ഉള്ളിൽ പരുങ്ങുന്നതെന്നും. തലച്ചോർ അങ്ങനെയായിരിയ്ക്കാം അവളെയും പൂച്ചകളെയും തമ്മിൽ കണ്ടീഷൻ ചെയ്തു വച്ചിട്ടുള്ളത്. അവളെ ഓർക്കുമ്പോളൊക്കെയും ഉണ്ടാകുന്നുണ്ട് എന്റെയുള്ളിൽ ചില പൂച്ചവെളുപ്പുകൾ, കറുപ്പുകൾ ചാരങ്ങൾ കുറ്റബോധങ്ങൾ.

ചെമ്പരത്തിപ്പൂപ്പൂച്ചയും കിങ്ങിണി മണിപ്പൂച്ചയും നീലിയും ഉണ്ണിയും ബബ്ബിയും. മഞ്ഞ ഗോട്ടിക്കണ്ണുകളും, കുഞ്ഞിപ്പല്ലുകളും ഇളം റോസ് നാക്കുകളും പല ജാതി നോട്ടങ്ങളും-
തലയിലെ ഏതു നീല ഞരമ്പുകളിലാണ് ഓർമ്മകളിരിക്കുന്നത്? വേണ്ടത് ഓർമ്മയിൽ തരാത്ത, വേണ്ടാത്തതിനെ ഓർമിപ്പിക്കുന്ന ചില ദുഷ്ടൻ ഇടങ്ങളുമുണ്ട് എല്ലാവരുടെയും തലയിൽ എന്ന് തീർച്ച. പണ്ട്, ഹിന്ദി പരീക്ഷയ്ക്ക് അനർഗളമായി ഇംഗ്ളീഷും, ഇംഗ്ളീഷ് പരീക്ഷയ്ക്ക് ഹിന്ദിയുമൊഴുക്കിത്തന്ന് ഉത്തരക്കടലാസിനെ വിവിധ്ഭാരതി ആക്കിയിരുന്ന ആ ഓർമ്മയിടത്തോട് നമസ്ക്കാരം പറഞ്ഞ് പൂച്ചയോർമ്മകളെയും പ്രമിതയെയും അവിടെ വിട്ട് ഞാൻ തിരക്കിട്ടു പോന്നു . ബാക്കി കഥ അവളോട് പറയട്ടെ.

പ്രമിതേ, പണ്ടാണ്. എന്നുവച്ചാൽ 1986. ബ്ലാക്ക് ആൻഡ് വൈറ്റ് മാറി കളറൊക്കെയുള്ള കാലം.
നമ്മുടെയൊക്കെ ചെറിയ സ്കൂൾ കാലം. മൂന്നാം ക്ലാസ്. നീ വലിയ പി ടി ഉഷ, മിന്നും താരം. ഞാൻ സ്കൂളിലെ പ്രധാനമന്ത്രി. മിന്നലിന് ഒട്ടും കുറവൊന്നുമില്ല. സ്കൂളിൽ നിന്നൊരു അര കിലോമീറ്റർ നിന്റെ വീട്ടിലേക്ക്. എനിയ്ക്ക് പിന്നോട്ട് വീണ്ടുമൊരര കിലോമീറ്റർ. വെള്ളത്തണ്ടും പുള്ളിച്ചേമ്പിലയും അതിരുവച്ചു തിങ്ങിയ ഇടുക്കനൂടുവഴി.  കടും നിറങ്ങളുള്ള തുണികൾ വാരിചുറ്റിയ ലാടവൈദ്യന്മാർ ചെറു മരുന്ന് പെട്ടികളുമായി ഉലാത്തിയിരുന്ന കൊളുത്ത് വഴി. ചുരുളൻ മുടിക്കാരി ബേബി പ്രാന്തത്തിയും കുറ്റിമുടിക്കാരി പിച്ചത്താണിയും അവരുടെ തോന്നലിനനുസരിച്ച് മിട്ടായിയോ ഉരുളൻ കല്ലോ കൊണ്ട് രണ്ടു മിനിറ്റിൽ ഒരു കിലോമീറ്ററിൽ നമ്മളെ പറ പറപ്പിച്ചിരുന്ന വഴി.

പഴയ കാലത്ത് കുരിപ്പ് വന്നവരെ പാർപ്പിച്ചു പോന്ന ‘കുരുപ്പൊര, അതിനെ ചുറ്റിപ്പറ്റി കേട്ട കഥകൾ.  വളവിലും തിരിവിലും കാത്തുനിന്ന് നമ്മുടെ കായിക ശേഷി പരീക്ഷിച്ചിരുന്ന
പട്ടിക്കൂട്ടങ്ങൾ.  സംഭവ ബഹുലമായ ആ വഴികൾ പേടിച്ചു കടന്നു വന്നാൽ നിന്റെ വീട് കടന്നു വേണമായിരുന്നു പിന്നെ പോക്ക്. അത് അത്രയെളുപ്പം കടന്നുപോകാനായിരുന്നില്ല എനിയ്ക്ക്.
അവിടെയെത്തുമ്പോൾ ഒരു സഡൻ ബ്രേക്കുണ്ടാവും.shahina e k, memories, iemalayalam
അടുത്താണെന്നതിന്റെ അഹങ്കാരമാണോ പി ടി ഉഷയാണെന്നതിന്റെ നെഗളിപ്പാണോ എന്തോ നീ ഒരുങ്ങിയിട്ടൊന്നുമുണ്ടാവില്ല. വെളുത്ത ഷിമ്മീസും ‘ഭ’ ‘ഭ’ എന്ന് നിറയെ എഴുതി തൂക്കിയിട്ടത് പോലുള്ള ചുരുട്ട് മുടിയും പോകാത്ത കണ്മഷിക്കറുപ്പുമായി ചിലപ്പോൾ നീ ആ ഭംഗിയുള്ള പഴയ പടിപ്പുരയിലുണ്ടാകും അല്ലെങ്കിൽ വീടിനുതൊട്ടുള്ള ചായ്പ്പ്പുരയിൽ ‘പൂമ്പാറ്റ’യും വായിച്ചു മുത്തശ്ശിക്കൊപ്പം ഇരിപ്പുണ്ടാകും അതുമല്ലെങ്കിൽ അമ്മയുടെ നീട്ടിവിളിയ്ക്ക് അതേപോലൊരു നീട്ടി മറുപടിയും കൊടുത്ത് മുറ്റത്ത് അങ്ങിങ് കറങ്ങുന്നുണ്ടാകും.

നീ ചെയ്യുന്നതെന്തായാലും എന്നെ അവിടെ നിശ്ചലമാക്കിയിരുന്നത് നീയായിരുന്നില്ല, മറിച്ച്, നിന്റെ കാവൽ ഭൂതങ്ങളായ അസംഖ്യം മാർജ്‌ജാരൻമാരുടെ ആനച്ചന്തമായിരുന്നു.  ഒന്നും രണ്ടുമായിരുന്നില്ല; ഒരു പട തന്നെ. വെളുപ്പും കറുപ്പും ചാരവും തവിട്ടും പൂച്ചക്കുറിഞ്ഞ്യാർമാരുടെ രാജ്ഞിയായിരുന്നു നീ അക്കാലങ്ങളിൽ. നീ നടക്കുന്നിടത്തേയ്ക്കൊക്കെ അവരും വാല് വടിപോലെ പൊക്കി, ഉടൽ നീട്ടി വലിച്ച് മ്യാവൂ മുരണ്ടു നടക്കുന്നത് ഞാൻ സഹിയ്ക്ക വയ്യാത്ത അത്ഭുതത്തോടെ നോക്കി നിന്നു. ഞങ്ങളെ കണ്ടപ്പോൾ നീ ചിലപ്പോൾ പടിപ്പുരയിലേയ്ക്ക് വന്നു. അന്നേരം നിന്റെ കാലിലുരുമ്മാൻ മത്സരിച്ച പൂച്ചക്കുഞ്ഞുങ്ങൾ ഒരുണ്ടക്കെട്ടായി നിന്റെ വഴിമുടക്കുന്നതും നീയവരുടെ കുഞ്ഞൻ ചന്തികളിൽ കുഞ്ഞനടികളടിയ്ക്കുന്നതും മുതുകത്ത് ഇക്കിളിയിടുന്നതും സകലജീവികളെയും പേടിച്ചു നടന്ന ഞാൻ ആരാധനയോടെ കണ്ടു നിന്നു.

ക്ലാസ്സിൽ വളർത്തു മൃഗങ്ങൾ ഉള്ള പലരുമുണ്ടായിരുന്നു. പേരുകളുള്ള കോഴികൾ, വിളിച്ചാൽ ഓടിയെത്തുന്ന ആടും പൈക്കളും, രസികൻ പേരുകളുള്ള നായ്ക്കുഞ്ഞുങ്ങൾ. കല പിലാ മിണ്ടുന്ന തത്തമ്മകൾ, എന്തിന് ഒരു കാക്കയെ വളർത്തുന്നതായും ആ കാക്കയും പ്രാവും കല്യാണം കഴിച്ചതായും അവർക്കെങ്ങനെ കാപ്ര എന്നതരം പക്ഷിക്കുഞ്ഞു ജനിച്ചതായും വിശ്വസനീയമാം വിധം പറഞ്ഞ് ഫലിപ്പിച്ച വളർത്തുമൃഗ ഭാഗ്യമില്ലാത്ത
ദിവ്യയടക്കം നിർലോഭം മൃഗ കഥകൾ പറഞ്ഞ കാലം.

നിനക്ക് നിറയെ പൂച്ച വർത്തമാനങ്ങളായിരുന്നു. നിന്നോളം പൂച്ചകൾ സ്വന്തമായുള്ളവരാരും ഇല്ലായിരുന്നു താനും. അത് കൊണ്ട് മാറി മാറി വരുന്ന കഥകൾ കേൾക്കാൻ ഞങ്ങളൊക്കെയും നിന്റെ വട്ടം കൂടി. കിടക്കയിൽ അപ്പിയിട്ടു വയ്ക്കുന്ന, പാല് കട്ടുകുടിക്കുന്ന, വിളിച്ചാൽ ഓടി വരുന്ന, സ്കൂൾ വിട്ടുവരാൻ കാത്തു നിൽക്കാറുള്ള പൂച്ചക്കഥകൾ. ചിലപ്പോൾ വികൃതിപ്പൂച്ചകളെ ‘അമ്മ കൈകാര്യം ചെയ്യുന്ന കഥകൾ, പൂച്ച മാന്തലുകളുടെ പൂച്ചക്കടികളുടെ ചിന്ന വേദനക്കഥകൾ, ചെവിയിൽ ചെമ്പരത്തി ചൂടിയ പൂച്ച, കഴുത്തിൽ മുത്തുമാലയിട്ടപൂച്ച…

ഞാൻ കൊടും മൃഗഭീതിക്കാരി, എന്നെ നീ നിന്റെ കഥകളിലേയ്ക്കങ്ങ് വള്ളിവച്ചു വീഴ്ത്തുകയായിരുന്നു. അയല്പക്കത്തെ ആടിനെ ഓമനിയ്ക്കാൻ ചെന്ന എന്നെ അത് ‘ഭും’ എന്നൊരൊച്ചയിൽ സ്വാഗതം ചെയ്തതും അതുകേട്ട് ഞാൻ കമഴ്ന്നടിച്ചു വീണതും
തുടയ്ക്ക് കുത്തിക്കയറിയ കമ്പ് ചോരപ്രളയമുണ്ടാക്കിയതും അപ്പുറത്തെ അമ്മുവേടത്തിയുടെ വീട്ടിലെ പട്ടിയുടെ വാലിൽ അറിയാതെ ചവിട്ടിപ്പോയതും ഒരു ചിത്ര വ്യാഘ്രമായി അതെന്റെ മേൽ വന്നുവീണതും കാറ്റുകാലത്ത് മട്ടി മരത്തിൽ നിന്നും ഊഞ്ഞാൽ കെട്ടിയിറങ്ങുന്ന പുഴുക്കളെ പേടിച്ചു പുറത്തിറങ്ങാത്തതും സകല മൃഗഭയ കഥകളും മറന്ന് ഞാനാകട്ടെ ഉള്ളിൽ ഒരു പൂച്ചസ്വപ്നം കോറിയിടുക കൂടി ചെയ്തു.
സ്വന്തമായൊരു കുറുഞ്ഞിപ്പൂച്ച. സ്കൂൾ വിട്ടുവരുമ്പോൾ എന്നെ കാത്തുനിൽക്കുന്ന, കാലിലുരുമ്മുന്ന, കൂടെയുണ്ണുന്ന, കഥകളിലെപ്പോലെ അപായങ്ങളിൽ നിന്നെന്നെ രക്ഷിയ്ക്കുന്ന ഒരുശിരൻ പൂച്ച.shahina e k ,memories, iemalayalam
പൂച്ചപ്പേടി മാറ്റാൻ ഒരു ദിവസം നീയെന്നെ നിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. അവിടെയന്ന് ഞാനൊരു പൂച്ച പ്രപഞ്ചം കണ്ടു. പല വലിപ്പമുള്ള പലജാതി പൂച്ചകൾ.
നീയൊന്നിനെ എനിക്ക് നേരെ ഓടിച്ചു. മടിയിൽ കൊണ്ടിരുത്താൻ നോക്കി, തലയിൽ മാന്തിച്ചു. ഞാനെന്റെ ജീവനും കൊണ്ട് നിന്റെ വീടാകെ പാഞ്ഞു, എന്റെ പിന്നാലെ നിന്റെ പൊട്ടിച്ചിട്ടിരികളും.

പരിശീലനത്തിൽ ഞാൻഅമ്പേ തോറ്റു പോയെങ്കിലും കുഞ്ഞിമിടിപ്പുകളും ഇളം ചൂടും ചെറു വിറകളുമുള്ള പൂച്ച ദേഹം മൃദുവായി തൊടാൻ ഞാനപ്പോഴേയ്ക്കും പഠിച്ചിരുന്നു. ആ ആത്മ വിശ്വാസത്തിൽ, നീയെന്തു പറയും എന്ന് ശങ്കിച്ച് തന്നെ ഞാനൊരു പൂച്ചയെ ദത്ത് ചോദിയ്ക്കാൻ മാത്രം ധൈര്യപ്പെട്ടു.

”ഇപ്പൊ വേണോ?”
എന്ത് ചോദിച്ചാലുമെന്ന പോലെ നീ ഉടൻ സഹായ സന്നദ്ധയായി.
”ബാ …സഞ്ചീലിട്ട് തരാം.”
ആ ഉദാരതയിൽ ഞാനങ്ങ് ഞെട്ടിപ്പോയി.
വീടുവരെ പൂച്ച സഞ്ചിയും പിടിച്ചു നടക്കാനുള്ള ധൈര്യമില്ലെന്നു കണ്ടാവു,
”എന്നാ ഞാനും വിമലുങ്കൂടെ (അനിയൻ) വീട്ടി കൊണ്ടത്തരാം.”
എന്ന് നീ തന്നെ പെട്ടെന്ന് പരിഹാരം കണ്ടു. എനിയ്ക്ക് ആശ്വാസമായി. പൂച്ചദത്ത് കഥയൊന്നും വീട്ടിൽ പറയാൻ ഞാൻ മെനക്കെട്ടില്ല; വേണ്ടെന്ന് പറയും എന്നുറപ്പുള്ളതിനാൽ തന്നെ. ബോബനും മോളിയിലേയും പട്ടിക്കുട്ടിയെപ്പോലെ എനിക്കൊരു പൂച്ചക്കുട്ടിയെന്ന് ആലോചിച്ചു മധുരിച്ചു ഞാൻ ഞാൻ നടക്കവേ തൊട്ടടുത്ത ശനിയാഴ്ച ‘ഊരുകാവൽ’ എന്നെയും ചേച്ചിയേയുംഏൽപ്പിച്ചു വീട്ടുകാർ ഒരു കല്യാണത്തിന് പോയ നേരം ബെല്ലടിയ്ക്കുന്നു. നീയും വിമലും ഇളകുന്ന ഒരു ചാക്കും.
നീ ചാക്കഴിച്ചുതന്നു, ഒന്നിനെ മതിയെന്ന് പറയാനുള്ള തോന്നലൊന്നും ഞെട്ടലിൽ എനിയ്ക്കുണ്ടായില്ല.

”ന്റെ കുഞ്ഞിപ്പൂച്ചോളെ നല്ലോണം നോക്കണ”മെന്ന് പറഞ്ഞ് നീ അനിയനൊപ്പം സ്ഥലം വിട്ടു. ചാക്കിൽ നിന്നും പൂച്ചക്കൈകൾ പൂച്ചക്കാൽകൾ പൂച്ചക്കരച്ചിലുകൾ പിടഞ്ഞും മാന്തിയും പുറത്തു വന്നു കൊണ്ടിരുന്നു. വിറച്ചും വിയർത്തും ഒച്ചയറ്റും നിന്ന ഞാൻ
അപ്പുറത്തെങ്ങോ കളിക്കുന്ന ഏഴാം ക്‌ളാസ് ചേച്ചിയെ തൊണ്ട കാറി വിളിച്ചു,
പൂച്ചകൾ അപ്പോഴേയ്ക്കും മുറ്റത്ത് പരന്നിരുന്നു. ചിലത് പറമ്പിലേയ്ക്കും ചിലത് പൂച്ചെടികൾക്കിടയിലേയ്ക്കും ചിലത് എനിക്ക് നേരെയും പാഞ്ഞപ്പോൾ ഒരെണ്ണം വാതിലടയ്ക്കാൻ മറന്നു പോയ കക്കൂസിനകത്തേയ്ക്ക് ചാടി.
എന്റെ നില വിളികേട്ട് പാഞ്ഞുവന്ന ചേച്ചി കക്കൂസിലാത്മാഹുതിക്കൊരുങ്ങി നിന്ന പൂച്ചയെ എടുത്ത് പുറത്തേയ്ക്കിട്ടു.

ആരോടും പറയാതെ ഞാൻ നടത്തിയ ദത്തെടുപ്പിന്റെ കഥ കേട്ട് എന്റെ കരച്ചിലിന് മീതെ അവൾ, ദയാരഹിതമായി അലറിച്ചിരിയ്ക്കാൻ തുടങ്ങി.  കളികളിലെ എന്റെ മുഖ്യ ശത്രുവിന്റെ മുൻപിൽ ഞാൻ കാരുണ്യം കാത്ത് പൂച്ചയെപ്പോലെ നിന്നു.
അനന്തരം എന്റെ ദയനീയാഭ്യർത്ഥന കൈ കൊണ്ട് അവൾ ഓരോന്നിനെയായി വീടിനുള്ളിൽ നിന്നും പൂച്ചെടികൾക്കിടയിൽ നിന്നും അവിടെ നിന്നും ഇവിടെനിന്നുമൊക്കെ ചാക്കിനകത്താക്കി. ചിലത് ചാക്കിലേയ്ക്ക് പിടി തരാതെ എങ്ങോട്ടോ പാഞ്ഞ് പോയി, അവൾ ചാക്ക് കെട്ടി. അപ്പോഴേക്കും വീട്ടുകാരും തിരികെയെത്തി. ശേഷം അവയെ കൂട്ടത്തോടെ നാട് കടത്താൻ അവർ വീട്ടിലെ സഹായിയായിരുന്ന മുണ്ടേട്ടന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു.shahina e k ,memories, iemalayalam
അത് എവിടെയായിരുന്നുഎന്നൊന്നും എനിയ്ക്കറിയില്ല . എനിക്ക് ഒരക്ഷരം മിണ്ടാനുണ്ടായിരുന്നില്ല. ‘വല്ല പട്ടീം തിന്നോ ആവോ’ എന്ന് എന്റെ കുറ്റബോധത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതിനൊപ്പം ഉമ്മ വക എനിയ്ക്ക് ഒരുപദേശവും കിട്ടി.

”അവനോന് പറ്റിയ കാര്യങ്ങള് ചെയ്തില്ലെങ്കിൽ ഇങ്ങനിരിയ്ക്കും ”ഗത്യന്തരമില്ലാതെ
ആ ഉപദേശവും ഞാൻ എന്നത്തേയും പോലുള്ള പൊട്ടലും ചീറ്റലും ആക്രമണ ത്വരയുമൊന്നും കാട്ടാതെ ശിരസ്സാ വഹിച്ചു.

ഇടയ്ക്കിടെ ”ന്റെ പൂച്ചക്കുട്ടികള് തടിച്ചോ ”?
എന്ന് നീ ചോദിച്ചു .
”വികൃതി കാണിക്കുന്നുണ്ടോ,” എന്ന് വാത്സല്യം കൊണ്ട .
ഒരു ദിവസം കാണാനായി വന്ന് എന്നെക്കൊണ്ട് നുണകളുടെ പെരും കടൽ തുറന്നു വിടുവിച്ചു. ദത്തെടുത്ത് ഞാൻ തെരുവിലേക്കിറക്കി വിട്ട നിന്റെ പൂച്ചക്കിടാങ്ങളെ
കുറിച്ച് ‘ആ’ എന്നൊരു മൂളലല്ലാതെ ഞാനെന്തു പറയാനായിരുന്നു?

പൂച്ചപ്പേടി പഴയപോലെ നിലനിൽക്കുന്നുണ്ടെങ്കിലും ഈയിടെയായി വീണ്ടും എനിയ്ക്ക് ഒരു പൂച്ചക്കമ്പമുണ്ടായി വന്നിരുന്നു. ഉരുണ്ട,പതുപതുപ്പൻ രോമങ്ങളുള്ള ഒരു പ്രഷ്യൻ പൂച്ചപ്പൂതി. അതിനെ മുളയിലേ നുള്ളാനായി ഞാൻ രണ്ടു കാര്യങ്ങളോർത്തു.

ഒന്ന് ”അവനോന് പറ്റിയ കാര്യങ്ങളെ” പറ്റിയുള്ള ഉമ്മയുപദേശം.
രണ്ട്, പൂച്ചച്ചാക്കും തോളത്തിട്ടുള്ള നിന്റെയാ വരവ്.  അന്നത്തെ നിന്റെയാ വരവ് വീട്ടിലെ പൂച്ച ജനസംഖ്യ കുറയ്ക്കാനുള്ള ഒരു പൂച്ചക്കടത്തായിരുന്നില്ലേ എന്ന് എന്റെ കുറ്റബോധം ചിലപ്പോൾ ന്യായീകരണം കണ്ടെത്താറുണ്ടെങ്കിലും സത്യമാണ് പ്രമിത, നിന്നെ കാണുമ്പോളൊക്കെ ഉള്ളിൽ ഒരു പരുങ്ങലുണ്ട് എനിയ്ക്ക്.

നീയിത് വായിയ്ക്കും വരെ ഞാനാ പൂച്ച തിരോധാനക്കേസിലെ പിടികിട്ടാപുള്ളിയാണല്ലോ.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Cats memories shahina ek