Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

കാസബ്ലാന്‍ക: പ്രണയ-വിപ്ലവങ്ങളുടെ പാനപാത്രം

“കാത്തിരിപ്പിന്റെ കഥയാണ് ‘കാസബ്ലാന്‍ക’. സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്ന ഫ്രഞ്ച് ജനത, അമേരിക്കയിലേക്കുള്ള കുടിയേറ്റം പ്രതീക്ഷിക്കുന്ന അഭയാര്‍ത്ഥികള്‍, നഷ്ടപ്രണയിനിയെ കാംക്ഷിക്കുന്ന നായകന്‍ തുടങ്ങി നിരവധി കാത്തിരിപ്പ് സന്ദര്‍ഭങ്ങള്‍ ചിത്രം കാണിച്ചു തരുന്നു”

casablanca ,film,blase johny
Casablanca is not just one film. It is many films, an anthology.
Made haphazardly, it probably made itself if not actually against the will of its authors
and actors then at least beyond their control.
And this is the reason it works, in spite of aesthetic theories and theories of film making.

– (Umberto Eco, “Casablanca, or, the Cliches Are Having a Ball”)

ലോകസിനിമാ ചരിത്രത്തില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന മൈക്കിള്‍ കുര്‍ട്ടിസിന്റെ ‘കാസബ്ലാന്‍ക’ പ്രേക്ഷകരെ തേടിയെത്തിയതിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണിത് (2018). 1942 നവംബര്‍ 26- നു പ്രദര്‍ശനത്തിനെത്തിയെങ്കിലും വ്യാപകമായ രീതിയില്‍ ചിത്രം കാണികളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് 1943 ജനുവരി 23- നാണ്. ഹംഫ്രി ബൊഗാര്‍ട്ട്, ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍, പോള്‍ ഹെൻറീഡ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭൂരിഭാഗം രംഗങ്ങളും സ്റ്റുഡിയോയിലെ സെറ്റില്‍ തന്നെ ചിത്രീകരിച്ച ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. 1944- ല്‍ പ്രഖ്യാപിച്ച 16- മത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ കാസബ്ലാന്‍ക അംഗീകരിക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങിയ ഒരു ത്രികോണ പ്രണയകഥയാണ് ‘കാസബ്ലാന്‍ക’. നാസി പടയോട്ടം മൂലം അഭയാര്‍ത്ഥികളായ നിരവധിയാളുകള്‍ പുതിയ ലോകത്തിലേക്ക് (അമേരിക്ക) ചേക്കേറുവാനുള്ള സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന മൊറോക്കോയിലെ നഗരമാണ് കാസബ്ലാന്‍ക. അഴിമതിയുടെയും ഭരണകെടുകാര്യസ്ഥതയുടെയും കരിഞ്ചന്തയുടെയും പ്രയോഗയിടമായാണ് കാസബ്ലാന്‍ക ചിത്രത്തിലവതരിപ്പിക്കപ്പെടുന്നത്. അവിടെ നിശാക്ലബ്ബും ചൂതാട്ട കേന്ദ്രവും നടത്തുന്ന റിക്ക് ബ്ലെയ്‌നാണ് (ഹംഫ്രി ബൊഗാര്‍ട്ട്) ചിത്രത്തിലെ മുഖ്യ കഥാപാത്രം. അഭയാര്‍ത്ഥികളുടെയും അധികൃതരുടെയും പ്രിയപ്പെട്ട വിനോദ വിഹാരമായ ‘റിക്ക്‌സ് കഫെ അമേരിക്കെയിന്‍,’ കാസബ്ലാന്‍കയില്‍ നിന്ന് ലിസ്ബണിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കുമുള്ള പലായനത്തിന്റെ പ്രതീകമാണ്. മറ്റുള്ളവരില്‍ നിന്ന് പൊതുവില്‍ അകലം സൂക്ഷിക്കുന്ന കഥാനായകനായ റിക്ക് ഭരണയന്ത്രത്തിന്റെ നിയന്ത്രണത്തില്‍ സ്വാധീനമുള്ളയാളാണ്. ജര്‍മന്‍ അധീനതയിലുള്ള യൂറോപ്പിലെമ്പാടും സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള അനുവാദപത്രവുമായി (Letter of Transit) വന്ന ജര്‍മന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും കത്ത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു കലുഷിതമായ പശ്ചാത്തലത്തിലാരംഭിക്കുന്ന ചിത്രം, പ്രസ്തുത കത്തിന്റെ അവകാശത്തെ മുന്‍നിര്‍ത്തിയാണ് തുടര്‍ന്ന് മുന്നോട്ടു പോകുന്നത്. ഇത് കൈക്കലാക്കുവാനായി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നയാള്‍ അത് ഏതാനും ചില മണിക്കൂറുകള്‍ സൂക്ഷിക്കുവാനായി റിക്കിനെ ഏല്‍പ്പിക്കുന്നു. പിന്നീട് അയാള്‍ അറസ്റ്റിലാവുന്നുവെങ്കിലും റിക്കിന്റെ പക്കല്‍ നിന്ന് അനുവാദപത്രം കണ്ടെടുക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. റിക്കിന്റെ പക്കല്‍ കത്തുണ്ടെന്നത് പരസ്യമായ രഹസ്യമായിത്തുടരുമ്പോഴും അയാളത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനോ ഉയര്‍ന്ന തുകയ്ക്കു മറിച്ച് വില്‍ക്കുവാനോ തയ്യാറാവുന്നില്ല. പ്രസ്തുത അനുവാദപത്രത്തിന്റെ സഹായത്തോടെ കാസബ്ലാന്‍കയില്‍ നിന്ന് രക്ഷപെടുവാന്‍ താത്പര്യപ്പെടുന്ന എല്‍സ ലുണ്ടും (ഇന്‍ഗ്രിഡ് ബര്‍ഗ്മാന്‍) ഭര്‍ത്താവ് വിക്ടര്‍ ലാസ്‌ലോയും (പോള്‍ ഹെൻറീഡ്) റിക്കിനെ സമീപിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പാരീസില്‍ വച്ച് പ്രണയത്തിലായിരുന്ന റിക്കും എല്‍സയും ഒന്നു ചേരുന്നില്ല. എല്‍സ തന്നെ ഉപേക്ഷിച്ചതാണെന്ന വിശ്വാസത്തിലാണ് റിക്ക് കഴിഞ്ഞിരുന്നത്. ഇരുവര്‍ക്കും തന്റെ കൈവശമുള്ള അനുവാദപത്രം യാതൊരു കാരണവശാലും നല്‍കില്ലെന്ന് ശഠിക്കുന്ന റിക്ക് ക്രമേണ എല്‍സ തന്നെ ചതിക്കുകയായിരുന്നില്ലെന്ന് മനസ്സിലാക്കുന്നു. വിമോചന സമര നേതാവും വിപ്ലവകാരിയുമായിരുന്ന എല്‍സയുടെ ഭര്‍ത്താവിനെ (വിക്ടര്‍) കാണാതാവുകയായിരുന്നു. വിപ്ലവത്തില്‍ അയാള്‍ കൊല്ലപ്പെട്ടുവെന്നാണ് എല്‍സ വിശ്വസിച്ചിരുന്നത്. പിന്നീട് റിക്കുമായി പ്രണയത്തിലാവുന്ന എല്‍സ വളരെ വൈകിയാണ് തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും റിക്കുമായി വളരെയേറെ അടുത്തുകഴിഞ്ഞിരുന്ന എല്‍സ ഈ വിവരം അദ്ദേഹത്തെ അറിയിക്കാതെ തന്റെ ഭര്‍ത്താവിന്റെ അടുത്തേക്കു മടങ്ങുന്നു. സിനിമയിലെ ഉദ്വേഗമുണര്‍ത്തുന്ന അവസാന രംഗത്തില്‍ ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനെ കബളിപ്പിച്ചും ജര്‍മന്‍ സൈനിക മേധാവിയെ കൊലപ്പെടുത്തിയും എല്‍സയെയും വിക്ടര്‍ ലാസ്‌ലൊയെയും കാസബ്ലാന്‍കയില്‍ നിന്ന് രക്ഷപ്പെടുവാന്‍ റിക്ക് സഹായിക്കുന്നു.casablanca,film, michael curtiz,humphery bogart, ingrid bergman

രണ്ടാം ലോകമഹായുദ്ധത്തിന്റെ നാളുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തിയ കാസബ്ലാന്‍ക, കാലത്തിന്റെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് വിമുക്തമല്ല. സഖ്യശക്തികളും (Allied Powers) നാസി നേതൃത്വത്തിലുള്ള അച്ചുതണ്ട് ശക്തികളും (Axis Powers) തമ്മിലരങ്ങേറിയ അധികാരപ്പോരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പ്രണയം, പ്രണയഭംഗം, വിപ്ലവം തുടങ്ങിയവയെ ചിത്രം ദൃശ്യവത്കരിക്കുന്നു. നാസി അധിനിവേശം മൂലം പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന ജനങ്ങള്‍ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള കാസബ്ലാന്‍കയെ ഒരു ആശ്രയകേന്ദ്രമായാണ് കരുതുന്നത്. 1940- ല്‍ പാരീസ് അധീനതയിലാക്കിയ നാസിഭരണം, ഫ്രാന്‍സിന്റെ ഭരണച്ചുമതല മാര്‍ഷല്‍ ഫിലിപ്പ് പെറ്റെയ്‌ന്റെ വിച്ചി ഭരണത്തിന് (Vichy Regime) നല്‍കുന്നു. ജര്‍മന്‍ ഭരണത്തോട് വിശ്വാസ്യത പുലര്‍ത്തിയിരുന്ന സ്വതന്ത്രഭരണ സംവിധാനമായിരുന്നുവത്. വിച്ചി ഫ്രാന്‍സിന്റെ അധികാരസീമയിലാണ് മൊറോക്കോയിലെ കാസബ്ലാന്‍ക ഉള്‍പ്പെട്ടിരുന്നത്. അമേരിക്കന്‍ സൈനികനടപടികളുടെ സഹായത്തോടെ ഉത്തരാഫ്രിക്കയില്‍ പിടിമുറുക്കിയ സഖ്യകക്ഷികള്‍ വിച്ചി ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ തുടക്കം കുറിച്ചു. ഈ ചരിത്രസംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയാണ് 1942 നവംബര്‍ 26- ന് വാര്‍ണര്‍ ബ്രദേര്‍സ്  സ്റ്റുഡിയോ ചിത്രം ന്യൂയോര്‍ക്കില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

കാസബ്ലാന്‍ക കാത്തിരിപ്പിന്റെ കഥയാണ്. സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്ന ഫ്രഞ്ച് ജനത, അമേരിക്കയിലേക്കുള്ള കുടിയേറ്റം പ്രതീക്ഷിക്കുന്ന അഭയാര്‍ത്ഥികള്‍, നഷ്ടപ്രണയിനിയെ കാംക്ഷിക്കുന്ന നായകന്‍ തുടങ്ങി നിരവധി കാത്തിരിപ്പ് സന്ദര്‍ഭങ്ങള്‍ ചിത്രം കാണിച്ചുതരുന്നു. സിനിമയുടെ ആരംഭത്തിലെ വോയിസ് ഓവര്‍ ഭാഗത്തുപോലും ഇത്തരമൊരു പരാമര്‍ശമുണ്ട്. പണമുള്ളവരും സ്വാധീനമുള്ളവരും ഭാഗ്യശാലികളും ‘നവലോക’ത്തിലേക്ക് (New World) പുറപ്പെടുമ്പോള്‍ അവശേഷിക്കുന്നവരോട് Wait… Wait and Wait… എന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. വിച്ചി ഭരണത്തിന്‍ കീഴില്‍ സ്വതന്ത്ര ഫ്രാന്‍സിന് വേണ്ടി പോരാടുന്നവരെ ഇല്ലായ്മ ചെയ്തിരുന്നുവെന്നതിന്റെ ദൃശ്യസൂചനകള്‍ ചിത്രത്തിന്റെ ആദ്യരംഗങ്ങളിലുണ്ട്. സൈനികരില്‍ നിന്നും ഓടി രക്ഷപെടുവാന്‍ ശ്രമിക്കുന്ന ആളെ വെടി വച്ച് വീഴ്ത്തുന്നത് തെരുവില്‍ സ്ഥാപിച്ചിരിക്കുന്ന വിച്ചി ഫ്രാന്‍സിന്റെ പട്ടാള മേധാവിയായ ഫിലിപ്പ് പെറ്റെയ്‌ന്റെ ചുവര്‍ചിത്രത്തിന്റെ ചുവട്ടിലാണ്. വെടിയേറ്റയാളുടെ കൈയില്‍നിന്നും കണ്ടെടുക്കുന്ന കുറിപ്പില്‍ “Free France” എന്ന മുദ്രാവാക്യം കാണാം. അടുത്തതായി ക്യാമറ കേന്ദ്രീകരിക്കുന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാന ശിലകളായ ‘സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം’ എന്ന മുദ്രണം പേറുന്ന അധികാര സ്ഥാപനത്തിന്റെ ദൃശ്യത്തിലേക്കാണ്. വിരുദ്ധോക്തികളുടെ ഇത്തരമൊരു സംഗമം ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ ചിത്രത്തെ കൂടുതല്‍ പ്രശ്‌നവത്കരിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ചിത്രത്തിലെ ജര്‍മന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഹെയ്‌റിച്ച് സ്ട്രാസര്‍ “Heil Hitler” എന്ന് അഭിവാദനം ചെയ്തുകൊണ്ടാണ് കടന്നുവരുന്നത്. എന്നാല്‍ കാസബ്ലാന്‍കയിലെ ഫ്രഞ്ച് സൈനിക മേധാവിയായ മേജര്‍ റെനോ ‘Unoccupied France welcomes you to Casablanca’ എന്നാണ് സംബോധന ചെയ്യുന്നത്. നാസി വിധേയത്വമുണ്ടെങ്കിലും ഫ്രാന്‍സ് സ്വതന്ത്രമാണെന്ന ബോധ്യം ഉറപ്പിക്കുവാനുള്ള ശ്രമമായതിനെ കാണാവുന്നതാണ്. കാസബ്ലാന്‍കയിലെ (രാഷ്ട്രീയ) കാലാവസ്ഥ ജര്‍മന്‍ സേനാനായകന് അസ്വീകാര്യമായേക്കാമെന്ന മുന്നറിയിപ്പ് റെനോ നല്‍കുമ്പോള്‍, റഷ്യ മുതല്‍ സഹാറ വരെയുള്ള എല്ലാത്തരം സാഹചര്യങ്ങളും തങ്ങള്‍ ശീലിക്കേണ്ടിയിരിക്കുന്നുവെന്നാണ് സ്ട്രാസര്‍ നൽകുന്ന മറുപടി. ഏതൊരു രാഷ്ട്രീയ കാലാവസ്ഥാവ്യതിയാനത്തെയും നാസികള്‍ അതിജീവിക്കുമെന്ന സൂചനകൂടി പ്രസ്തുത സംഭാഷണങ്ങളില്‍ ഉള്ളടങ്ങുന്നു.casablanca,film, michael curtiz,humphery bogart, ingrid bergman

റിക്കിന്റെ ‘കഫെ അമേരിക്കെയിന്‍’ എന്ന ക്ലബ്ബിലേക്ക് പുരോഗമിക്കുന്ന ചിത്രം ഓരോ തീൻമേശകളിലെയും സംഭാഷണങ്ങള്‍ പകര്‍ത്തുന്നുണ്ട്. കാസബ്ലാന്‍കയില്‍ തന്നെ കാത്തുകിടന്നു മരിക്കുമെന്ന് നിരാശനാകുന്നയാളും തന്റെ രത്‌നാഭരണങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റ് പണം നേടാന്‍ ശ്രമിക്കുന്ന സ്ത്രീയും മത്സ്യബന്ധന നൗകയില്‍ രക്ഷപെടുത്താമെന്നു വാഗ്‌ദാനം ചെയ്യുന്നയാളുമെല്ലാം ഉള്ളടങ്ങുന്ന സമൂഹത്തിന്റെ പരിച്ഛേദം ഈ മദ്യശാലയില്‍ കാണാവുന്നതാണ്. ഇതോടൊപ്പം കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് പല രംഗങ്ങളിലൂടെയും കടന്നുപോകുന്ന ലൈറ്റ് ടവറിലെ വെളിച്ചം. റിക്കിന്റെ ക്ലബ്ബും കാസബ്ലാന്‍കയിലെ തെരുവുകളും സദാ ഭരണകൂടത്തിന്റെ നിരീക്ഷണവലയത്തില്‍ തന്നെയാണെന്ന ബോധ്യത്തെ ബലപ്പെടുത്തുന്നതാണ് ഈ പനോപ്റ്റിക്ക് ഉപകരണത്തിന്റെ സാന്നിധ്യം.

സിനിമയുടെ ആഖ്യാനത്തില്‍ സവിശേഷശ്രദ്ധ നേടുന്ന സാന്നിധ്യമാണ് സാം (ഡൂലി വില്‍സണ്‍) എന്ന ഗായകന്റേത്. റിക്കിന്റെ വിശ്വസ്തനും സുഹൃത്തുമായി ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്ന സാം രണ്ട് കാലങ്ങളെ വിളക്കി നിര്‍ത്തുന്ന കണ്ണിയാണ്. നാസി അധിനിവേശത്തിനു മുന്‍പുള്ള ഫ്രാന്‍സിലെ റിക്കിന്റെ ജീവിതത്തിന്റെയും എല്‍സയുമായുണ്ടായിരുന്ന പ്രണയത്തിന്റെയും സാക്ഷിയാണ് സാം; കാലങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനോടൊപ്പം ക്ലബ്ബിലെത്തുന്ന എല്‍സയെ ആദ്യം തിരിച്ചറിയുന്നതും സംസാരിക്കുന്നതും സാം തന്നെ. റിക്കിന്റെ ഓര്‍മകളെ അലട്ടിയിരുന്ന ‘As time goes by…’ എന്ന ഗാനം എല്‍സയുടെ നിര്‍ബന്ധത്തിന് വഴങ്ങി സാം പാടുന്നു. പ്രസ്തുത വരികള്‍ റിക്കിന്റെയും എല്‍സയുടെയും ജീവിതത്തിന്റെ രേഖപ്പെടുത്തലായി മാറുന്നുവെന്നത് ഒരു കലാവിഷ്‌കാരമെന്ന നിലയിലുള്ള സിനിമയുടെ മികവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

റിക്കിന്റെ പക്കലുള്ള അനുവാദപത്രവുമായി വിക്ടര്‍ ലാസ്‌ലോ കാസബ്ലാന്‍ക വിടുവാന്‍ താൽപര്യപ്പെടുന്നത് ഫ്രഞ്ച് വിമോചനപ്പോരാട്ടത്തില്‍ പങ്കാളിയാകുവാനാണ്. ഒരേ സമയം തന്റെ ഭാര്യയുടെ സുരക്ഷിതമായ ഭാവിയെക്കുറിച്ചും താന്‍ പങ്കാളിയായ വിമോചനപ്പോരാട്ടത്തെക്കുറിച്ചും ആശങ്കപ്പെടുന്ന ലാസ്‌ലോ, എല്‍സയുമായി റിക്ക് അമേരിക്കയിലേക്ക് പോകണമെന്നുപോലും ആഗ്രഹിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ കാമനകള്‍ക്കും കടമകള്‍ക്കുമിടയില്‍ അരങ്ങേറുന്ന ബലപരീക്ഷണമാണ് കാസബ്ലാന്‍ക. ബന്ധിക്കപ്പെട്ട കാലുകള്‍ക്കൊണ്ട് മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുന്നവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.casablanca,film, michael curtiz,humphery bogart, ingrid bergman

ചിത്രത്തിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ശ്രദ്ധേയവുമായ രംഗം ജര്‍മന്‍, ഫ്രഞ്ച് ദേശീയ ഗാനങ്ങള്‍ ഒരേ സമയത്ത് ആലപിക്കുന്നതാണ്. സ്ട്രാസറുടെ നേതൃത്വത്തില്‍ ജര്‍മന്‍ ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ സ്വതന്ത്ര ഫ്രാന്‍സിനായി പോരാടുന്ന വിക്ടര്‍ ലാസ്‌ലോ ക്ലബ്ബിലെ സംഗീതജ്ഞനോട് ഫ്രഞ്ച് ദേശീയഗാനം ആലപിക്കുവാന്‍ ആവശ്യപ്പെടുകയും ജര്‍മന്‍ സേനാംഗങ്ങളൊഴികെയുള്ളവരെല്ലാം അതേറ്റ് പാടുകയും ചെയ്യുന്നു. ഇരുദേശീയതകളുടെ അധികാര, അഭിമാന പ്രകടനമായിതിനെ സ്ഥാനപ്പെടുത്താവുന്നതാണ്.

ഇത്തരത്തില്‍ നിരവധി രാഷ്ട്രീയാധികാര സൂചനകൾ ഉള്ളടങ്ങുന്ന ചിത്രത്തിന്റെ അവസാനരംഗവും ഏറെ ശ്രദ്ധേയമാണ്. ജര്‍മന്‍ സൈനിക മേധാവിയെ റിക്ക് വെടിവച്ചു വീഴ്ത്തുന്നതിനു ദൃക്‌സാക്ഷിയാകുന്നു റെനോ. എന്നാല്‍, ‘Round up the usual suspects’ എന്നു ഫ്രഞ്ചുസേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി റിക്കിനെ രക്ഷപ്പെടുത്തുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ‘Vichy water’ എന്നെഴുതിയ കുപ്പി ചവറ്റുകുട്ടയിലേക്കെറിഞ്ഞ്, തട്ടിയകറ്റി തന്റെ മാറിയ രാഷ്ട്രീയ നിലപാട് റെനോ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, രാഷ്ട്രീയത്തോട് സമദൂരനയം പുലര്‍ത്തിയിരുന്ന, ഒറ്റയാനായ റിക്കിന്റെ നിലപാടുകളിലും വിച്ചി ഭരണത്തിന്റെ പ്രതിനിധിയായ റെനോയുടെ നയങ്ങളിലും സംഭവിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ പ്രതിനിധാനമാണ് കാസബ്ലാന്‍ക സാധ്യമാക്കുന്നത്. ചിത്രത്തിന്റെ അവസാന രംഗം അമേരിക്കന്‍ വംശജനായ റിക്കിന്റെയും ഫ്രഞ്ചുകാരനായ റെനോയുടെയും പുതിയ സൗഹൃദത്തിന് നാന്ദികുറിക്കുന്നു. ‘I think this is the beginning of a beautiful friendship’ എന്ന ചിത്രത്തിലെ അവസാന വാചകം സഖ്യകക്ഷികളായ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും പുത്തന്‍ പങ്കാളിത്തത്തിന്റെ സൂചകമായി പരിഗണിക്കുന്നതാകും ഉചിതം.

ഹോളിവുഡ് സിനിമകളുടെ പ്രധാന ചേരുവയായ തീവ്ര അമേരിക്കന്‍ ദേശീയതയില്‍ നിന്ന് കാസബ്ലാന്‍കയും മുക്തമല്ല. നാസി വിരുദ്ധനിലപാടുകളോടൊപ്പം അമേരിക്കന്‍ അനുകൂല പ്രത്യയശാസ്ത്ര നിലപാടുകളുടെ രൂപീകരണത്തിലും കാസബ്ലാന്‍ക സക്രിയമായി ഇടപെട്ടിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. അഭയാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമായും നാസികളുടെ ഉന്മൂലനത്തിലൂടെ യൂറോപ്പിന്റെ രക്ഷകാവതാരമായും റൂസ്‌വെല്‍റ്റിന്റെ അമേരിക്ക പ്രസ്തുത ചിത്രത്തില്‍ സ്ഥാനപ്പെടുന്നു. പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും നുരഞ്ഞുപൊങ്ങുന്ന വീര്യമാകുമ്പോഴും കാസബ്ലാന്‍ക തന്ത്രപൂര്‍വം പ്രസരിപ്പിക്കുന്ന അമേരിക്കന്‍ ദേശീയബോധത്തിന്റെയും മേധാവിത്വത്തിന്റെയും ബാക്കിപത്രം രണ്ടാംലോക മഹായുദ്ധത്തിനുശേഷം ആഗോളതലത്തില്‍ അരങ്ങേറിയിട്ടുള്ള രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുമ്പോള്‍ കൂടുതല്‍ തികവോടെ മനസ്സിലാക്കാവുന്നതാണ്.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Casablanca humphrey bogart ingrid bergman micheal curtiz

Next Story
ഉയിര്‍ മണ്ണുക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com