scorecardresearch

നമ്പൂതിരിയിലെ കാര്‍ട്ടൂണ്‍ സ്പര്‍ശം

"ഒരായുഷ്‌ക്കാലം മുഴുവന്‍ രേഖാ ചിത്രം വരച്ച ആള്‍ കാർട്ടൂണിന്റെ കാര്യത്തില്‍ വെറും കാഴ്ചക്കാരനാവില്ല" കഴിഞ്ഞ ദിവസം നിര്യാതനായ നമ്പൂതിരിയെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിന്റെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി എഴുതുന്നു

"ഒരായുഷ്‌ക്കാലം മുഴുവന്‍ രേഖാ ചിത്രം വരച്ച ആള്‍ കാർട്ടൂണിന്റെ കാര്യത്തില്‍ വെറും കാഴ്ചക്കാരനാവില്ല" കഴിഞ്ഞ ദിവസം നിര്യാതനായ നമ്പൂതിരിയെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിന്റെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി എഴുതുന്നു

author-image
EP Unny
New Update
E P Unny | artist namboothiri | iemalayalam

കാർട്ടൂണിസ്റ്റ് ഇപി ഉണ്ണി ആർട്ടിസ്റ്റ് നമ്പൂതിരിയെ ഓർക്കുന്നു

രാജ്യസഭാംഗമായിരുന്ന കാലത്ത് കാർട്ടൂണിസ്റ്റ് അബു എബ്രഹാം ധാരാളം യാത്ര ചെയ്തിരുന്നു. അംഗങ്ങള്‍ക്ക് തീവണ്ടിയിലും വിമാനത്തിലും സഞ്ചരിക്കാന്‍ പാസ്സുണ്ട്. അന്നൊരു ദിവസം ഒരറിയിപ്പും ഇല്ലാതെ മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസില്‍ അദ്ദേഹം കയറി ചെന്നു. വരവ് നമ്പൂതിരിയുടെ ഒറിജിനല്‍ കാണാനും വിരോധം ഇല്ലെങ്കില്‍ രണ്ടു മൂന്നെണ്ണം കൈപ്പറ്റാനുമായിരിന്നു. കടുംപിടുത്തങ്ങള്‍ കുറവായിരുന്ന അക്കാലത്തു കാര്യം നടന്നിരിക്കണം.

Advertisment

നല്ല വര കണ്ടാല്‍ അറിയുന്ന ആളായിരുന്നു അബു. നമ്പൂതിരിക്ക് അബുവിനെയും കാര്യമായിരുന്നു. പലപ്പോഴും എടുത്തു പറയുന്ന ഒരുപക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അബു ആയിരുന്നിരിക്കണം. കുട്ടികള്‍ വരയ്ക്കുന്ന പോലെ കണക്കു നോക്കാതെ ഇഷ്ടാനിഷ്ടം പ്രകടമാക്കുന്ന ലളിതമായ അബുവിന്റെ ചിത്രണത്തിനു പിന്നില്‍ ഒരു തികഞ്ഞ ശൈലീവല്ലഭനെ നമ്പൂതിരി കണ്ടിരുന്നു. ഈ വിദ്യ കാണുന്നത്ര എളുപ്പമല്ല എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും. പഴയ ചുമര്‍ ചിത്രങ്ങളുടെ ദ്വിമാനത രണ്ടുപേര്‍ക്കും ഇഷ്ടമായിരുന്നു.

Cartoon | Namboothiri | Naniyammayum Lokavum
നാണിയമ്മയും ലോകവും | കടപ്പാട് : മാതൃഭൂമി

ഒരായുഷ്‌ക്കാലം മുഴുവന്‍ രേഖാ ചിത്രം വരച്ച ആള്‍ കാർട്ടൂണിന്റെ കാര്യത്തില്‍ വെറും കാഴ്ചക്കാരനാവില്ല. ചിലപ്പോഴെങ്കിലും വക്രകല പരീക്ഷിച്ചു നോക്കും. വായനയും ഫലിതവും ഉള്ളത് കൊണ്ട് വിശേഷിച്ചും. നമ്പൂതിരിയുടെ കാര്യത്തില്‍ അതാദ്യം സംഭവിക്കുന്നത്‌ മാതൃഭൂമി പത്രത്തില്‍ ‘നാണിയമ്മയും ലോകവും’ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടാണ്.

മുഖ്യ കഥാപാത്രമായി മലയാളിയുടെ കാർട്ടൂണിലെ ഒരപൂര്‍വ്വ സ്ത്രീ സാന്നിധ്യം. കമലഹാസന്റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത വായിച്ചു കൊണ്ട് മരുമകള്‍ എന്ന് തോന്നിപ്പിക്കുന്ന കോളേജ് കുമാരിയോടു “എന്താ നിന്റെ മുഖത്തൊരു വാട്ടം?” എന്ന് ചോദിക്കുന്ന നാണിയമ്മക്ക് ഒരു തറവാടി വീട്ടമ്മയുടെ കെട്ടും മട്ടും ഉണ്ട്. എത്ര സദുദ്ദേശ പ്രേരിതയാണെങ്കിലും സ്ത്രീകള്‍ പഠിച്ചു മുന്നേറുന്ന ഒരു സമൂഹത്തില്‍ ഇങ്ങനൊരു കഥാപാത്രത്തിന് ദീര്‍ഘയാസ്സുണ്ടാവില്ല. ഭാഗ്യത്തിന് നമ്പൂതിരി ഇതുപേക്ഷിച്ചു.

Advertisment
E P Unny | artist namboothiri | iemalayalam
‘ബഷീര്‍ ദ മാന്‍’ എന്ന ഡോകുമെന്ടറിക്ക് വേണ്ടി നമ്പൂതിരി വരച്ച ചിത്രം | കടപ്പാട് : എം എ റഹ്മാന്‍

നര്‍മ്മം പ്രകാശിപ്പിക്കാന്‍ വാരികയിലെ പണിക്കിടയില്‍ തന്നെ അവസരം ഉണ്ടെന്നു മുന്‍ഗാമിയും സുഹൃത്തുമായ എം വി ദേവന്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആനവാരിയെയും പൊന്‍ കുരിശിനെയും ഒക്കെ വായനക്കാര്‍ പൂർണമായി കാണുന്നത് എം.വി.ദേവന്‍ മാതൃഭൂമിയില്‍ വരച്ചിടുമ്പോഴാണ്. നിർമ്മമമായ വാക്കിന്റെ കൂടെ കോമിക്ക് സ്പര്‍ശമുള്ള വരയും ചേര്‍ന്നപ്പോഴാണ് കൃത്യം പൂര്‍ത്തിയായത്. ഈ സാങ്കൽപ്പിക കഥാപാത്രങ്ങള്‍ നമ്മുടെ ഇടയ്ക്കെവിടെയൊക്കെയോ ഉള്ള യഥാര്‍ത്ഥ വ്യക്തികളുടെ കാരിക്കേച്ചര്‍ ആണെന്ന പ്രതീതി ഉണ്ടാക്കി. കഥാപാത്രങ്ങളുടെ യാഥാർത്ഥ്യ പ്രതീതി ഇരട്ടിപ്പിക്കുന്ന മാജിക്. ബഷീര്‍ സാഹിത്യത്തിന്റെ മര്‍മ്മം തൊട്ട വരകള്‍.

വി കെ എന്നുമായുള്ള ബന്ധം ആണ് കൂടുതല്‍ ആഘോഷിക്കപ്പെട്ടതെങ്കിലും നമ്പൂതിരിയിലെ കാര്‍ട്ടൂണ്‍ ചോദനയെ ഉണർത്തിയതില്‍ ബഷീറിനും പങ്കുണ്ട്. നാടോടിയായ ബഷീര്‍ ബേപ്പൂരില്‍ താമസമാക്കി വര്‍ഷങ്ങള്‍ക്കു ശേഷം എം എ റഹ്മാനന്റെ ‘ബഷീര്‍ ദ മാന്‍’ എന്ന ഡോകുമെന്ററിക്ക് വേണ്ടി നമ്പൂതിരി വരച്ചു. ബഷീര്‍ കഥാപാത്രങ്ങളുടെ ഒരു സമൃദ്ധ നിര ഈ പടത്തില്‍ ഉണ്ട് – സൈനബ, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റകണ്ണന്‍ പോക്കര്‍, കൊച്ചു ത്രേസ്യ.

സാഹിത്യത്തിനു വേണ്ടി വരക്കുന്നത്തിലും സുഗമമായി സിനിമക്ക് വേണ്ടി വരക്കുന്നതു നേരിട്ട് കാണാം. കഥാകാരന്റെ മുമ്പില്‍ ഇരുന്നു കഥകള്‍ കേട്ട് കൊണ്ട് മടിയില്‍ മലര്‍ത്തി വെച്ച വലിയ കടലാസ്സില്‍ രൂപങ്ങള്‍ കോരി ഇടുന്നു. ചിത്രീകരണ കലയുടെ ഒന്നാം തരം ചിത്രീകരണം. തുറന്നു പറയുന്ന ഒരാളുടെ മുമ്പില്‍ ഇരുന്നു തുറന്നു വരയ്ക്കുന്ന മറ്റൊരാള്‍. ഇമ്മിണി വലിയ ഒന്നാണിത്. നമ്പൂതിരിയെ കുറിച്ചും കൂടിയാണ് ഈ സിനിമ.

E P Unny | artist namboothiri | iemalayalam
‘ബഷീര്‍ ദ മാന്‍’ എന്ന ഡോകുമെന്ടറിക്ക് വേണ്ടി നമ്പൂതിരി വരച്ച ചിത്രം | കടപ്പാട് : എം എ റഹ്മാന്‍

കഥയും കലയും ഇടകലര്‍ന്നു നീങ്ങുന്ന ഈ രംഗങ്ങളിലൂടെ ബഷീര്‍ തന്റെ ആത്മകഥയും പറഞ്ഞു പോകുന്നു. ആത്മകഥാ സന്ദര്‍ഭങ്ങളും രേഖാ ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. പ്രിയപ്പെട്ട ഗ്രാമഫോണ്‍ ചുമന്നും അല്ലാതെയും അലഞ്ഞു തിരിഞ്ഞ ബഷീറിന്റെ ബഹുരൂപങ്ങള്‍ - പാതയോരത്തെ കൈനോട്ടക്കാരന്‍, പച്ചക്കറി വ്യാപാരി, പാചകക്കാരന്‍, ഫാക്ടറി തൊഴിലാളി, ഷെല്‍ട്ടര്‍ അന്വേഷിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ്‌, യോഗി, ഭിക്ഷു, സന്യാസി, സ്പോര്‍ട്സ് സാമഗ്രികളുടെ വിൽപ്പനക്കാരന്‍…

സമ്മിശ്രമായ രചനാരീതിയാണ്‌ ഇവിടെ. കഥാകാരനെ പതിവ് അളവുകളിലും കഥാപാത്രങ്ങളെ പതിവ് തെറ്റിച്ചു കുറുക്കി കാര്‍ട്ടൂണ്‍ സമാന രൂപത്തിലും ആണ് വരച്ചിട്ടുള്ളത്. കാണുന്നത് സിനിമ ആയതുകൊണ്ട് മിന്നി മറയുന്ന ദൃശ്യങ്ങള്‍ക്കിടയ്ക്ക് സ്രഷ്ടാവും സൃഷ്ടിയും കുഴഞ്ഞു മറിഞ്ഞു പോവാതിരിക്കാന്‍ ഇങ്ങനൊന്ന് വേണം.

E P Unny | artist namboothiri | iemalayalam
ബഷീര്‍ നമ്പൂതിരിയോടൊപ്പം | കടപ്പാട് : എം എ റഹ്മാന്‍

വിന്യസിക്കപ്പെടുന്നത് രേഖാ ചിത്രങ്ങള്‍ ആവുമ്പോള്‍ മൊത്തത്തില്‍ കാര്‍ട്ടൂണ്‍ അനിമേഷന്റെ സ്വഭാവം ഈ രംഗങ്ങള്‍ക്ക് കിട്ടുന്നു. സിനിമക്കുള്ളിലെ ഈ കൊച്ചു സിനിമക്ക് ചരിത്രപരമായ മൂല്യം ഉണ്ട്. ‘ആര്‍ട്ടിസ്റ്റ് നമ്പൂതിരി’ ആവുന്നതിനു മുമ്പത്തെ നമ്പൂതിരിയെ ഇവിടെ കാണാം. 1987ല്‍ ഇറങ്ങിയ ഈ പടത്തിന്റെ കാലത്ത് തന്നെ നമ്പൂതിരിയെ കുറിച്ച് അരവിന്ദന്‍ ചെയ്ത Contours of Linear Rhythm എന്ന പടം ആയിരിക്കണം ഈ രേഖാ ചിത്രകാരനെ ഒരു തികഞ്ഞ കലാകാരനായി ആദ്യം നോക്കി കണ്ടത്. ശിഷ്ടം മലയാളി ഈ വലിപ്പം വഴിയെ കണ്ടെത്തി.

Memories Artist Cartoon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: