രാവിലെ ഒരു കപ്പു കാപ്പിയുമായി യുഎഇയില്‍ ആളുകള്‍ പത്രം കാത്തിരിക്കുന്നത്, രാമചന്ദ്രബാബു എന്ന മലയാളിയുടെ കാരിക്കേച്ചറുകൾ കാണാന്‍ വേണ്ടി കൂടിയാണ്. ദുബായിലെ ‘ഗള്‍ഫ് ന്യൂസ്’ എന്ന പത്രത്തിലെ മുതിര്‍ന്ന എഡിറ്റോറിയല്‍ ഇല്സ്‌ട്രേറ്ററും ന്യൂസ് ഡിസൈനറുമാണ്‌ ഇദ്ദേഹം. അമേരിക്കയിലെ പ്രശസ്തമായ സൈറക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ കോംപിറ്റീഷനില്‍ (എസ്എൻഡി) ജഡ്ജ് ആകുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് രാമചന്ദ്ര ബാബു.

മലപ്പുറം സ്വദേശി രാമചന്ദ്ര ബാബു പഠിച്ചത് ചെന്നൈയിലായിരുന്നു. പിന്നീട് കുറേ വര്‍ഷം അവിടെ തന്നെയായിരുന്നു ജീവിതം. ഒരു സ്‌കൂളില്‍ ചിത്രരചന പഠിപ്പിക്കുന്ന അധ്യാപകനായാണ് രാമചന്ദ്ര ബാബുവിന്റെ കരിയറിന്റെ തുടക്കം.

“1996ലാണ് ഞാന്‍ ദുബായില്‍ എത്തുന്നത്. ഒരു അറബിക് പത്രത്തിലായിരുന്നു തുടക്കം. പിന്നീട് ‘ഗള്‍ഫ് ന്യൂസിലേക്ക് മാറി. സീനിയര്‍ ഇല്യൂസ്‌ട്രേറ്റര്‍ എന്നതാണ് പോസ്‌റ്റെങ്കിലും ജേണലിസ്റ്റിന്റെ ജോലി തന്നെയാണ്. എല്ലാം ചെയ്യണം. പൊളിറ്റിക്കല്‍ വാര്‍ത്തകള്‍ക്കാണ് കൂടുതലും കാരിക്കേച്ചർ വരയ്‌ക്കേണ്ടി വരാറുള്ളത്. കുറച്ചു സമയമേ കിട്ടൂ. രണ്ടോ മൂന്നോ മണിക്കൂറുകള്‍. പിന്നെ ധാരാളം പരിമിതികളുമുണ്ട്.”

രാമചന്ദ്ര ബാബു ഏറ്റവുമധികം തവണ വരച്ചിട്ടുള്ളത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെയാണ്. “വാര്‍ത്തകളില്‍ ഏറ്റവുമധികം നിറഞ്ഞുനിന്നിരുന്ന ആള്‍ ആയിരുന്നില്ലേ. അദ്ദേഹത്തിന്റെ നിരവധി കാരിക്കേച്ചറുകള്‍ വരച്ചിട്ടുണ്ട്. വരയ്ക്കാനും കുറേയൊക്കെ എളുപ്പമായിരുന്നു. ഇപ്പോള്‍ ട്രെന്‍ഡ് ട്രംപാണ്.”

ramachandra babu, cartoonist

ഫിഡല്‍ കാസ്‌ട്രോ, റോജര്‍ ഫെഡറര്‍, ജയലളിത, എ.പി.ജെ.അബ്ദുള്‍ കലാം, എ.ബി.വാജ്‌പേയി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാരിക്കേച്ചറുകളാണ് ഈ കലാകാരന്‍ വരച്ചു കൂട്ടിയിരിക്കുന്നത്. പക്ഷെ ഒരു മുഴുവൻ സമയ ചിത്രകാരനാകുക എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം.

“ഓരോ ദിവസവും ഓരോ നിമിഷവും എന്നെ മുന്നോട്ടു നയിക്കുന്ന സ്വപ്‌നമാണ് ഒരു മുഴുവന്‍ സമയ ചിത്രകാരനാകുക എന്നത്. അതിനോളം സംതൃപ്തി മറ്റൊന്നും തരില്ല. ഒരുപാട് നല്ല ചിത്രങ്ങള്‍ വരയ്ക്കണം. ചിത്രപ്രദര്‍ശനങ്ങള്‍ നടത്തണം. അങ്ങനെ കുറേയുണ്ട്. മദ്രാസിലെ ദക്ഷിണ്‍ ആര്‍ട്ട് ഗ്യാലറിയിലായിരുന്നു എന്റെ ആദ്യ ചിത്രപ്രദര്‍ശനം. പിന്നീടും പലതവണ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. വരയ്ക്കുന്ന സമയത്ത് വല്ലാത്തൊരു സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഒരു സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുമ്പോള്‍ അത് ലഭിക്കണമെന്നില്ല. അവിടെ നിങ്ങള്‍ക്ക് പരിമിതികളുണ്ട്. ജോലിയുടെ തുടക്കകാലത്തൊക്കെ വലിയ പ്രശ്‌നമായിരുന്നു ഈ ഒരു സ്വാതന്ത്ര്യക്കുറവ്. എഡിറ്ററുടെ കൈകളിലൂടെയല്ലേ എല്ലാം പോകൂ. പക്ഷെ പതിയെ അതിനോട് പൊരുത്തപ്പെട്ടു. പിന്നെ ജോലി ചെയ്യുന്ന സ്ഥലവും അവിടുത്തെ സംസ്‌കാരവുമെല്ലാം പ്രധാനമാണ്.”

ramachandra babu, cartoonist

വരകളിലൂടെ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇദ്ദേഹം. അതില്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന ഒന്ന്, 2010ല്‍ പ്രശസ്ത ടെന്നീസ് താരം റോജര്‍ ഫെഡററിന്റെ കാരിക്കേച്ചര്‍ വരയ്ക്കുകയും ഇതു കണ്ട ഫെഡറര്‍ രാമചന്ദ്ര ബാബുവിനെ കാണണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി. അദ്ദേഹത്തെ നേരില്‍ പോയി കണ്ട്, കാരിക്കേച്ചര്‍ സമ്മാനിച്ചു. “കുറച്ചു സമയമായിരുന്നു ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. പക്ഷെ അദ്ദേഹം ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചൊക്കെ ചോദിച്ചു മനസിലാക്കി. പിന്നീടൊരിക്കല്‍ ഇതുപോലെ, മാരത്തോണ്‍ വേള്‍ഡ് ചാമ്പ്യന്‍ ഗബ്രീസ് അലാനിയേയും കാണാന്‍ സാധിച്ചിട്ടുണ്ട്.”

ramachandra babu, cartoonist

2007 മുതല്‍ തുടര്‍ച്ചയായി എസ്എന്‍ഡി പുരസ്‌കാര ജേതാവാണ് രാമചന്ദ്ര ബാബു. കഴിഞ്ഞ 10 വര്‍ഷമായി വേള്‍ഡ് പ്രെസ്സ് കാര്‍ട്ടൂണ്‍ അവാര്‍ഡും ഗള്‍ഫ് ന്യൂസിന് സ്വന്തം. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ലോകത്തെ മാറ്റുരച്ച വമ്പന്‍മാരോട് മത്സരിച്ചു നേടുന്ന ഈ പുരസ്‌കാരം ഏറെ സന്തോഷം തരുന്നതാണെന്ന് ഇദ്ദേഹം പറയുന്നു.

ചിത്രകല ഇദ്ദേഹത്തിന് വെറുമൊരു നേരംപോക്കല്ല. “നമ്മുടെ നാട്ടില്‍ ഇനിയും ചിത്രകല വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. ബിനാലെയൊക്കെ നടക്കുന്നുണ്ടെങ്കിലും, ചിത്രകലയെ സ്‌നേഹിക്കുന്ന ഒരു സംസ്‌കാരം ഇവിടെ ഉണ്ടായി വന്നിട്ടില്ല. എല്ലാവര്‍ഷവും ബിനാലെയില്‍ സജീവമായി പങ്കെടുക്കുന്ന ആളാണ് ഞാന്‍. ആളുകള്‍ വരും വെറുതേ ചിത്രങ്ങള്‍ കാണും. പോകും. അത്രയേ ഉള്ളൂ. അതിനപ്പുറത്തേക്ക് ആര്‍ട്ടിനെ കൊമേഴ്ഷ്യലൈസ് ചെയ്യാന്‍ പോലും ബിനാലെക്കു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ടൂറിസം മേള മാത്രമായി മാറുകയാണിത്. അതിനപ്പുറത്ത് നമ്മുടെ നാട്ടിലെ ജനങ്ങളെ സാംസ്‌കാരികമായി സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ നിന്നുകൊണ്ട് ഇന്റര്‍നാഷണല്‍ ബിനാലെയാണ് നമ്മള്‍ നടത്തുന്നത്. അടിസ്ഥാനമായി ഏതൊരു കലയ്ക്കും ആസ്വാദകരില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത സൃഷ്ടിക്കാന്‍ കഴിയണം എന്നാണെന്റെ വിശ്വാസം. നമ്മുടെ കലാ സൃഷ്ടികള്‍ ജനങ്ങളെ ചിന്തിക്കാന്‍ പഠിപ്പിക്കുന്നില്ല; സ്വപ്‌നം കാണാനേ പ്രേരിപ്പിക്കുന്നുള്ളൂ.”

ramachandra babu, cartoonist

യാത്രകള്‍ തന്റെ ചിത്രങ്ങളെ ഏറെ സ്വാധീനിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. “ജോലിയുടെ ഭാഗമായി ധാരാളം യാത്രകള്‍ നടത്താറുണ്ട്. ഒരുപാടു പേരെ കാണാറുണ്ട്. ഒരു കലാകാരന്‍ എന്തിനേയും തുറന്ന മനസോടെ നോക്കിക്കാണണം എന്നാണ് തോന്നിയിട്ടുള്ളത്. യാത്രകളും വ്യത്യസ്തരായ ആളുകളുമായുള്ള ഇടപെടലുകളുമെല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സത്യത്തില്‍ നമ്മളെത്ര ചെറിയ മനുഷ്യരാണെന്ന് ഈ അനുഭവങ്ങളൊക്കെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഒരു ചിത്രത്തില്‍ നിന്ന് മറ്റൊരു ചിത്രത്തിലേക്ക് എപ്പോഴും എന്നെ പുതുക്കിപ്പണിയാന്‍ ശ്രമിക്കാണുണ്ട് ഞാന്‍. അതൊരു വലിയ വെല്ലുവിളിയാണ്. ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും 1996ല്‍ ദുബായിലെത്തിയ രാമചന്ദ്ര ബാബു അല്ല ഇപ്പോളത്തെ രാമചന്ദ്ര ബാബു.”

ഫ്രിദ കാലോ (Frida Kahlo de Rivera) ആണ് രാമചന്ദ്ര ബാബുവിന്റെ പ്രിയപ്പെട്ട ചിത്രകാരി. “വല്ലാത്ത പ്രണയം തോന്നിയിട്ടുള്ള ചിത്രകാരിയാണ് ഫ്രിദാ കാലോ. പിന്നെ പ്രിയം സാല്‍വഡോര്‍ ദാലിയോടാണ്. ഇന്ത്യന്‍ ചിത്രകാരില്‍ ഏറ്റവുമിഷ്ടം എ.രാമചന്ദ്രനോടും.”

ramachandra babu, cartoonist

“ചിത്രകല ഉള്‍പ്പെടെയുള്ള ഓരോ ആര്‍ട്ടും സ്‌കൂള്‍ കാലം തൊട്ടു കുട്ടികളെ പഠിപ്പിക്കണം. അതു ശരിക്കും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെ വലിയ രീതിയില്‍ സ്വാധീനിക്കും. അവര്‍ ചിന്തിക്കാന്‍ പഠിക്കും. എന്റെ മക്കളെ കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. ലോകം എങ്ങോട്ടാണ് പോകുന്നത്. നമ്മള്‍ ഈ ലോകത്ത് എന്താണ് വിട്ടിട്ടു പോകുന്നത്… ഒരു കാഴ്ചയും ഒരുപാടുനേരം നമ്മെ സ്വാധീനിക്കുന്നില്ല. ഇഗ്‌നോര്‍ ചെയ്യുക എന്നത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുകയാണ്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook