/indian-express-malayalam/media/media_files/uploads/2018/01/carbon-6-.jpg)
ഛായാഗ്രാഹകന്‍റെ റോളില്‍ നിന്ന് സംവിധായകന്‍റെ റോളിലേക്ക് 'ദയ' വഴി, 'മുന്നറിയിപ്പ്' വഴി, 'കാര്‍ബണി'ലേക്ക് കാരൂരിന്‍റെ കൊച്ചു മകന്‍ വേണു മൂന്നാം തവണ കടക്കുന്നു. 'ദയ', മഞ്ജു വാര്യരുടെ കഴിവ് കാണിച്ച് തന്ന ചിത്രമാണെന്നും 'മുന്നറിയിപ്പ്' എന്നെ ഒട്ടും ആകര്‍ഷിച്ചില്ല എന്നും പറയുമ്പോള്‍ത്തന്നെ 'കാര്‍ബണ്‍' ഒരു മാന്ത്രികവടി വീശി ജീവിതത്തിലെ നിധിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളുടെ വജ്രത്തിളക്കത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ട് പോയി എന്നും ഞാന്‍ പറയും.
വളര്‍ത്തിയ സ്വന്തക്കാരും ഒപ്പമുള്ള കൂട്ടുകാരുമൊന്നും ഒരിയ്ക്കലും കണ്ടു പരിചയിച്ചിട്ടില്ലാത്ത മട്ടിലെ, സ്വപ്നങ്ങളുടെ (അതായത് കെട്ടുറപ്പോ അസ്തിവാരമോ ഇല്ലാത്ത) വഴിയേ നടന്ന് ജീവിതം മികച്ച നിലയില്‍ കെട്ടിപ്പടുത്ത് കെട്ടുറപ്പുള്ളതാക്കാന്‍ നടക്കുന്ന സിബി എന്ന ഒരു കോട്ടയം ചെറുപ്പക്കാരന്‍റെ കഥയാണ് കാര്‍ബണ്‍.
എങ്ങനെ ജീവിതത്തിലൂടെ കാടു കേറി നടക്കുമ്പോഴും, ഏതു മനുഷ്യനും വരുന്ന കുറേ തിരിച്ചറിവുകളുണ്ട്, ജീവിതം ചിലപ്പോള്‍ നമ്മളെ ചുറ്റിവരിഞ്ഞും ചിലപ്പോള്‍ പാടേ കൈവിട്ടുകളഞ്ഞും പഠിപ്പിയ്ക്കുന്നവ. ഏതു വഴിപോക്കനും (ചാരം ) ക്രാന്തദര്‍ശി (വജ്രം) യാകുന്ന മട്ടില്‍ ജീവിതം ചിലപ്പോള്‍ അയാളറിയാതെ അയാളെ കൊത്തിപ്പണിത് മാറ്റിമറിച്ചെടുത്തെന്നിരിയ്ക്കും. അതാവാം 'കാര്‍ബണ്‍'. അത്രയേ പറയാനാവൂ.
ഇതാണ് 'കാര്‍ബണ്‍' എന്ന സിനിമ എന്ന് ഒരു നിര്‍വ്വചന രൂപത്തില്‍ പറയാനാവില്ല എന്നര്‍ത്ഥം. കാരണം 'കാര്‍ബണ്‍' എന്ന സിനിമ കാണിച്ചു തരുന്നത് ഒരു കണ്ണാടിയാണ്..., ചിലപ്പോള്‍ അതില്‍ നോക്കിയാല്‍ എന്നെയോ നിങ്ങളെയോ തന്നെ കണ്ടെത്തിയെന്നിരിയ്ക്കും.
ജീവിതാസക്തികളും തിരിച്ചറിവുകളും, ഇവ രണ്ടിന്‍റെയും നടുക്കാണ് എപ്പോഴും നമ്മള്‍ എന്ന വഴിയേ കൂടി കാട് കയറി പോകുന്ന നമ്മുടെയൊക്കെ ജീവിതം. കരിയും വജ്രവും പോലെ രണ്ടറ്റങ്ങള്‍. ഇടയ്ക്ക്, 'ഫാന്റസിയില്ലാതെ ജീവിതത്തിനെന്തു ലൈഫ്?' എന്ന ഒരു സിബിച്ചോദ്യവും 'അവസാനമെത്തുമ്പോഴേക്കാവും ഒരു പക്ഷേ തിരിച്ചറിയുക യാത്ര ആരംഭിച്ചയിടത്തുതന്നെയാണ് നിധി' എന്ന കാഴ്ചപ്പാടുകാരി സമീറ എന്ന കാട്-പ്രണയിനിയും. ഇങ്ങനെയൊയാണ് 'കാര്‍ബണ്‍'.
'കൈപ്പിടിയിലുള്ള ഈ ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല' എന്നും ജീവിതത്തിന്‍റെ മല മുകളില്‍ വച്ച് സിബി പരിചയപ്പെടുന്ന സമീറ എന്ന പെണ്‍കുട്ടി നിധിയ്ക്കായി പായുന്ന അവനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് . വെറും കേള്‍ക്കലായി മാത്രം അതിനെയൊക്കെ ആദ്യം എടുക്കുന്ന അവന് പിന്നെപ്പിന്നെ ജീവിതത്തിന്‍റെ ഒറ്റപ്പെട്ടയിടങ്ങളില്‍ വച്ച്, കീഴ്ക്കാം തൂക്കായ പാറയില്‍ നിന്ന് ജീവിതത്തിലേക്ക് കയറാനുള്ള പിടിവള്ളികളാകുന്നുണ്ട് അവളുടെ വാക്കും അവളെക്കുറിച്ചുള്ള ഓർമ്മകളുമെല്ലാം .
ഒരു സുപ്രഭാതത്തില്‍ പണക്കാരനാകുന്നതിന്‍റെ അമിതഡോസ് സ്വപ്‌നത്തിലാണ് എന്നും സിബി. സ്വപ്‌നം എപ്പോഴും ഭാവനയുടെ അടയാളമാണ്. ഏതു സ്വപ്നത്തിലും ഭ്രാന്തുണ്ട്. (കാരൂരിന്‍റെ കഥക്കിണറുകളിലും കഥയെഴുത്തു നിര്‍ത്തിയ കാലത്തിനിടയിലെങ്ങോ വച്ച് യഹോവാ സാക്ഷികളും ദേശീയഗാനവും ചേർന്ന വിവാദവുമായി ബന്ധപ്പെട്ട് കാരൂരിന്‍റെ മകള്‍ സരസ്വതി റ്റീച്ചര്‍ സുപ്രീം കോടതി കയറ്റത്തില്‍ മുങ്ങി ഒതുങ്ങിയതിലും സരസ്വതി റ്റീച്ചറുടെ മകന്‍ വേണുവിന്‍റെ സിനിമാ തേടിപ്പോകലിലും ഉള്ള സ്വപ്നങ്ങളെക്കുറിച്ച് അറിയാതെ ഒരു നിമിഷം ചിന്തിച്ചുപോയി. കാലിയായ വെള്ളക്കുപ്പിയിലെ അവസാനതുള്ളി വെള്ളത്തിനു വേണ്ടി വായ തുറക്കുന്ന ഫഹദിനെ കണ്ടപ്പോള്‍ കാരൂരിന്‍റെ ഉതുപ്പാന്‍റെ കിണറുപോലെ തോന്നി. സിബിയുടെ വീടും പരിസരവും ആ അച്ഛനും, ഏറ്റുമാനൂരെ കിഴക്കേ കാരൂര്‍ വീടിനെ ഓര്‍മ്മിപ്പിച്ചത് എന്തു കൊണ്ടാവാം എന്നറിയില്ല. ഒരു പക്ഷേ അവന്‍റെ വഴിയാവാം ശരി എന്ന് ആ അച്ഛനും, മകനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുമോ ആവോ?)
ആനക്കച്ചവടയിടത്തില്‍ സിബി കാണുന്ന കാഴ്ചകളും, എപ്പോഴും മോഡേണ്‍ വേഷമിട്ട്, എല്ലാത്തിലും വളരെ പ്രായോഗികമതിയായി ജീവിക്കുന്ന സമീറ നീളനുടുപ്പിട്ട് വിലാസവതിയായി പാറമേലിരുന്ന് പാടുന്നതിന് സിബി സാക്ഷ്യം വഹിക്കുന്ന രംഗവും, തണുപ്പത്ത് ആകാശത്താഴെ മുറ്റത്ത് കിടക്കുമ്പോള്‍ സിബി കേള്‍ക്കുന്ന വിചിത്ര ശബ്ദവും എല്ലാം സിബിയുടെ ഉള്ളിലെ ഫാന്റസിയുടെ തോതിനെ അടയാളപ്പെടുത്തുന്നതായി കണക്കാക്കാവുന്നതാണ്. ജീവിതമെവിടെയെങ്കിലും എത്തിയ്ക്കാനുള്ള തത്രപ്പാടിലാകയാല്‍, ചുറ്റിലും അഭിരമിക്കാന്‍ വേണ്ടത്ര സമയം കിട്ടാത്തതിനാല്‍ പലപ്പോഴും ഒരു വശത്തേക്ക് തെറുത്തുകൂട്ടിവയ്ക്കുന്ന ഒരു വര്‍ണ്ണമൂലയാണ് അയാള്‍ക്ക് ആ ഫാന്റസിലോകം എന്നു കണക്കാക്കിയാല്‍, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കീറിമുറിച്ച് നോക്കേണ്ട ഒന്നല്ല ഈ സിനിമ എന്നു മനസ്സിലാകും.
'സ്വർഗം തേടി വന്നോരേ, നില്‍ക്കൂ നില്‍ക്കൂ മാളോരേ' എന്നാണ് 'ദയ'യിലെ ഒ എന്‍ വി രചിച്ച് വിശാല്‍ ഭരദ്വാജ് ചിട്ടപ്പെടുത്തിയ വരികള്‍ തന്നെ. ആര്‍ക്കോ കിട്ടിയ നിധി, എന്നോ ഒരിയ്ക്കൽ ഉണ്ടായിരുന്ന ഇടത്തേക്കു പോകാനല്ല, ആര്‍ക്കും കിട്ടാത്ത നിധിയുള്ള ഇടത്തേക്കു പോകാനാണ് ഏതു സ്വപ്‌നാടകനും ഇഷ്ടപ്പെടുക.
അതു തന്നെയാണ് സിബി പിന്‍തുടരുന്ന തത്വശാസ്ത്രവും. ഒന്നിനും ക്ഷമയില്ലാത്ത തിടുക്കക്കാരന്‍ സ്വപ്‌നാടകനെ ചലനങ്ങളിലെ ഗ്രാമീണമായ അനായാസതയും ഒഴുക്കും കൊണ്ട്, ഫഹദ് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. മമ്മൂട്ടി ഗ്രാമീണവേഷങ്ങളില്‍ ചിറകുവിരിയ്ക്കും പോലെയാണ് ഫഹദ് മാടിക്കുത്തിയ ഒരു വെറും ഒറ്റമുണ്ടിലും 'പിന്നെ...'എന്നോ, 'ആ...' എന്നോ ഉള്ള അലസ പ്പറച്ചിലിലും പുറകോട്ടുള്ള മുഖം തിരിയ്ക്കലിലും കണ്ണു മുകളിലേക്ക് പായിക്കുന്നതിലും കൂടി കുതിച്ചെത്തിച്ചേരുന്നത് എന്ന് എപ്പോഴും തോന്നി.
വിചാരിച്ചയിടത്ത് വേഗത്തിലെത്താനുള്ള തിടുക്കമാണ് സിബിയ്‌ക്കെപ്പോഴും. അതുകൊണ്ടുതന്നെ കണ്ടിട്ടും അയാള്‍ കാണാതെ പോകുന്ന, ഉള്‍ക്കൊള്ളാതെ പോകുന്ന ഭംഗികളും യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. അമ്മയുടെ അസുഖവും അച്ഛന്‍റെ ഒറ്റയ്ക്കലയലും അനിയത്തിയുടെ ഓട്ടപ്പാച്ചിലുകളും കൂട്ടുകാരുടെ ഭദ്രമായ പോക്കറ്റുകളും അതില്‍പ്പെടും. തള്ളിപ്പറയാതിരിക്കലുകളും ചേര്‍ത്തുപിടിക്കലുകളും സിബിയെ അവന്‍റെ വഴിക്കുവിടാനുള്ളത്ര ഹൃദയവലിപ്പവും ഉള്ള വീട്ടുകാരും ഒക്കെ ഉണ്ട് അക്കൂട്ടത്തില്‍.
തരികിടകള്‍ക്കവസാനം ഒരോണംകേറാമൂലയിലെ കാട്ടുനടുവില്‍ പഴയ ഒരു കൊട്ടാരത്തിന്‍റെ ടൂറിസം സാദ്ധ്യതകളുടെ നോട്ടക്കാരനായി അയാള്‍ എത്തിപ്പെടുമ്പോള്‍, 'jungle junkie' എന്നു സ്വയം വിശേഷിപ്പിക്കുന്ന സമീറ കാറ്റ് പോലെ, മുന്നറിയിപ്പുകളില്ലാതെ കടന്നുവരികയാണ്.
സിബിക്ക്, സമീറയെപ്പോലെ ഫോട്ടോ എടുക്കാനുള്ള ഇടമല്ല കാട്. പക്ഷേ ആ ബാലരമക്കാരനും (പത്തുവട്ടമെങ്കിലും ശ്രമിക്കണം ഒരു കടുവയ്ക്ക് അതിന്‍റെ ഇരയെ പിടിക്കാന്‍ ), ആ പൗലോ കൊയ്‌ലോക്കാരിയും (ഒരു പക്ഷേ തുടക്കത്തില്‍ തന്നെയായിരിയ്ക്കും നിധി ) ഒന്നിച്ച് നടക്കുന്നു. പക്ഷേ ഒരു വായനക്കാരന്‍/രി, അത് കുട്ടിയോ പ്രായമുള്ളയാളോ ആകട്ടെ, വായിക്കപ്പെടുന്നത് ബാലരമയോ പൗലോ കൊയ്‌ലോയോ ആകട്ടെ, അതെങ്ങനെ ഉള്‍ക്കൊള്ളുന്നു, എങ്ങനെ സ്വന്തം ജീവിതത്തിനോട് ചേര്‍ത്തു വയ്ക്കുന്നു എന്നിടത്തു വച്ച് ഏതു ബാലരമയും ഏതു പൗലോ കൊയ്‌ലോയും ഒന്നാകും എന്നു കൂടി ആലോചിക്കാവുന്നതാണ്. ഒറ്റവായനയോ കാഴ്ചയോ അല്ല പുനരാലോചനകളിലൂടെയുള്ള വായനയും കാഴ്ചയും ആണ് 'കാര്‍ബണും' ആവശ്യപ്പെടുന്നത്.
എത്തിപ്പെടാനാകാതെ പോയ ജീവിതഭദ്രതയിലേക്കും ചെയ്തു തീര്‍ക്കാതെ ബാക്കി കിടക്കുന്ന കടമകളുടെ കടത്തില്‍ നിന്നുള്ള രക്ഷപ്പെടലിലേക്കുമുള്ള കച്ചിത്തുമ്പായി ഈ വാസത്തിലെ ടൂറിസം സാദ്ധ്യതകള്‍ ചികയുന്നതിനിടെയാണ് അയാള്‍ ഒരു പഴങ്കാലനിധിക്കഥയിലേക്ക് കൂപ്പുകുത്തിവീഴുന്നത്. ടിപ്പുവിന്‍റെ കാലത്ത് കടത്തപ്പെട്ട സ്വര്‍ണ്ണം ലക്ഷ്യസ്ഥാനത്തെത്താതെ കാട്ടിലെവിടെയോ ആയിപ്പോയി എന്ന സ്വപ്‌നം കുഴിച്ചെടുക്കാനുള്ള ഗുഹയോ മരപ്പോടോ മണ്ണോ, അത്ര മാത്രമാണയാള്‍ക്ക് പിന്നെ കാട്.
പക്ഷേ എപ്പോഴൊക്കെയാ അയാളുടെ മനസ്സ് സമീറയിലുടക്കുന്നുണ്ട്. അവളുടെ സുരക്ഷ അവന് പ്രശ്‌നമാകുന്നതും (മുറ്റത്തെ രാത്രിക്കിടപ്പ് ), അവന്‍റെ സുരക്ഷ (അവന്‍റെ തിരിച്ചു വരവ് വൈകുമ്പോഴുള്ള അവളുടെ അങ്കലാപ്പും 'മറ്റൊരിയ്ക്കല്‍ തേടിവരാം നിധി' എന്ന അവളുടെ കെഞ്ചിപ്പറയലും) അവള്‍ക്ക് പ്രശ്‌നമാകുന്നതും അതു കൊണ്ടാണ്. കാട്ടിലെ കുരുക്കുകളില്‍ അയാള്‍ക്കു തുണയാവുന്നതും അവളുടെ ഉടുപ്പിന്‍റെ പച്ചയാണ്. പ്രകൃതിയോടുള്ള അവളുടെ പ്രണയം കൊണ്ട് അവനാണവള്‍ക്ക് പച്ച ഉടുപ്പ് തുന്നുന്നത്. അവനൊരിക്കലും അതുവരെ ഒരു തോന്നലായിപ്പോലും അനുഭവിക്കാത്ത പ്രണയത്തിന്‍റെ മുളപൊട്ടലാണ് അവന് അവളുടെ നിറപ്പച്ച.
സമീറ പക്ഷേ ഒരിയ്ക്കലും ഫാന്റസിയുടെ ലോകത്തല്ല. അല്ലെങ്കിലും പെണ്ണുങ്ങളാണ് പ്രണയത്തിലും പ്രളയത്തിലുമൊക്കെപ്പോലും ഏറ്റവും പ്രായോഗികമതികളായി ചിന്തിക്കുന്നതെന്നെനിയ്ക്കു തോന്നാറുണ്ട്. കടുവയ്ക്ക് ഇര പിടിക്കാന്‍ പത്തുവട്ടം നടക്കുമ്പോഴും വഴി തെറ്റാത്തത് പോലല്ല മനുഷ്യന്‍റെ കാര്യം എന്നറിയാവുന്നതു കൊണ്ടാവാം അവള്‍, ഇനിയുമുപയോഗിയക്കേണ്ടി വന്നാലോ എന്ന ചിന്തയില്‍ വഴിയ്‌ക്കൊരു ചുവപ്പടയാളം കെട്ടി വച്ച് പോകുന്നത്. സ്വര്‍ണ്ണശേഖരം തേടി ചെല്ലുന്നവരെയെല്ലാം തല നഷ്ടപ്പെടുത്തിയോ ചിന്ത നഷ്ടപ്പെടുത്തിയോ പിന്നെ സ്വജീവിതത്തിനുപോലുമുപകരിക്കാനാകാത്ത വിധം രൂപപ്പെടുത്തുന്ന 'തലക്കാണി' എന്ന ഇടത്തെയും, കെട്ടുകഥകളുടെ പൊലിപ്പ് മാറ്റിവച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ദാഹവും വിശപ്പും സ്വപന്ങ്ങള്‍ക്കു മീതെ മേല്‍ക്കോയ്മ വരിക്കുമ്പോള്‍ നഷ്ടപ്പെടാന്‍ തക്ക വിധം കെട്ടുറപ്പില്ലാത്തതാണ് സ്വപ്നങ്ങളെങ്കില്‍, ആ സ്വപ്നങ്ങളുടെ തലയും തലച്ചോറും വഴിയില്‍ വച്ച് നഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ! പ്രത്യേകിച്ചൊരു തയ്യാറെടുപ്പും പദ്ധതിയും ഇല്ലാതെ ഏതെല്ലാമോ ഇടങ്ങളിലേക്ക് പോയി ഭ്രാന്തമായി ചുമ്മാ മണ്ണ് കുഴിയ്ക്കുന്നവരെ കാത്ത് ഒരിടത്തുമില്ലല്ലോ ഒരു നിധിയും. കൈയില്‍ കൊണ്ടു നടന്ന സ്വപ്നം നടക്കാതെയാവുന്നയിടത്തുവച്ച് അത് വിട്ടുകളഞ്ഞ് (പച്ചമരതകസ്വപ്‌നത്തിനെ എത്ര വേഗമാണ് സിബി വിട്ടുകളയുന്നത്) പുതിയ സ്വപ്‌നത്തിലേക്ക് ആന വഴി, സൈക്കിള്‍ വഴി പാഞ്ഞു കേറാന്‍ നോക്കുന്നവരുടേതല്ല ഒരു നിധിയും എന്ന് ആദ്യമേ സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്.
സ്ഫടികം ജോര്‍ജ് ,കൊച്ചു പ്രേമന്‍, പ്രവീണ, മണികണ്ഠൻ ആചാരി, ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ സാഹിര്‍, വിജയരാഘവന്‍, ചേതന്‍ ഇവരൊക്കെയുള്ള ഒരു വഴിയിലൂടെ ഫഹദ് നടത്തുന്ന യാത്ര അയാള്‍ക്ക് കൊടുക്കുന്ന സ്വപ്‌നവും ദുസ്വപ്‌നവും ചേര്‍ന്നതാണ് 'കാര്‍ബണ്‍'. അയാള്‍ ഒരിക്കലും തിരിച്ചറിയാതെ പോയ മഴവെള്ളത്തണുപ്പും പച്ചവെള്ളരുചിയും അയാള്‍ക്ക് പകര്‍ന്നു കൊടുക്കുന്നുണ്ട് കാട്-കയറ്റം.
'അരിയും പച്ചക്കറിയും ചുമന്നു പോകുന്നതെന്തിനാ, പഴങ്ങളും കായ്കളും കിഴങ്ങുകളുമില്ലേ കാട്ടില്‍' എന്നു ചോദിക്കുന്ന സിബിയോട് 'എല്ലാമുണ്ട് കാട്ടില്, വേണ്ട നേരത്ത് വേണ്ടത് കിട്ടാനാണ് പാട്' എന്നു ചിരിയ്ക്കുന്ന വിനായകന്‍റെ പറച്ചിലില്‍ ജീവിതം തിളങ്ങുന്നതായി തോന്നി എനിയ്ക്ക്, വജ്രം പോലെ...
വിഖ്യാത ബോളിവുഡ് ക്യാമറാമാന്‍ കെ യു മോഹനന്‍റെ ക്യാമറയില്‍ സിനിമ ആപാദചൂഢം കുളിച്ചു നില്‍പ്പാണ്, ആകാശത്തുനിന്ന് 'താരകപ്പൂംപൊട്ടുകുത്തിയ ചിത്രകംബളം' നോക്കിച്ചിരിക്കുകയും ആടിയുലയുന്ന പുല്‍ക്കൂട്ടനീളത്തിന്‍റെ പരപ്പിനിടയിലൂടെ കാറ്റ് നൃത്തം വച്ചുവരുകയും ചാരനിറമേഘയാകാശം കവിതപോലൊഴുകുകയും കല്ലുകളും കമ്പുകളും ദേഹത്തുവന്നു തൊടുകയും മാന്‍കൂട്ടം ഒന്നുനിന്ന് കണ്ണെറിയുകയും മഞ്ഞ് ഉടുപ്പിനുള്ളിലേക്കു കയറുകയും വെള്ളച്ചാട്ടത്തില്‍ നിന്ന് ജലമുത്തു പെയ്യുകയും ചെയ്തു. ആദ്യ പകുതിയില്‍ സിബിയുടെ തക്കിടതരികിടയാത്രകള്‍ ഒന്നൊന്നായി എണ്ണിപ്പറുക്കിപ്പറയുമ്പോള്‍ തോന്നിയ ഇഴച്ചില്‍ മടുപ്പിച്ചുവെങ്കില്‍ രണ്ടാം പകുതി പച്ചപ്പും പുല്ലും തന്ന് മനസ്സു നിറച്ച് അതിന് പകരം വീട്ടി. ഹരിനാരായണനും റഫീക്ക് അഹമ്മദും എഴുതിയിട്ടും, 'ദയ'യിലെ അതേ വിശാല്‍ ഭരദ്വാജ് തന്നെ സംഗീതം നല്‍കിയിട്ടും പാട്ടുകള്‍ ഹൃദയത്തിലൊഴുകിപ്പരന്നില്ല. എന്നാലോ, ബിജിപാലിന്‍റെ ബാക് ഗ്രൗണ്ട് സ്‌ക്കോര്‍, മോഹനന്‍റെ ക്യാമറയോടൊപ്പം, ബീനാ പോളിന്‍റെ എഡിറ്റിങ്ങിനോടൊപ്പം തന്നെ സ്‌ക്കോര്‍ ചെയ്യുകയും ചെയ്തു. മമ്ത മോഹന്‍ദാസ് നിറയുന്ന ആദ്യ പാട്ടിൽ ചുറ്റുപാടുകളിലെ ഇലച്ചാർത്തുകളും അവളുടെ ഉടുപ്പിലൂടെയാകെ പെയ്‌തൊഴുകിയ പച്ചയിലഡിസൈനും ചേര്‍ന്നു സൃഷ്ടിച്ച മാന്ത്രികത കൊണ്ട് മാത്രം, ഹിന്ദി ഗായികയുടെ (രേഖാ ഭരദ്വാജ്) പിഴ-മലയാളം രക്ഷപ്പെട്ടു എന്നു പറയാം. പക്ഷേ അതൊരു വലിയ പിഴവുതന്നെയാണ്, ഇത്ര മാത്രം ശുദ്ധമലയാള ഉച്ചാരണമുള്ള ഗായികമാര്‍ ഇന്നാട്ടിലുള്ളപ്പോള്‍...
ഭീമയില്‍ നിന്ന് ഇന്നലെ വാങ്ങിയ സ്വര്‍ണ്ണനാണയം പോലെ വെള്ളത്തിലൊഴുകി നടക്കില്ല രണ്ടായിരം വര്‍ഷം മുന്‍പത്തെ സ്വര്‍ണ്ണശേഖരം എന്ന തിരിച്ചറിവ് മാറ്റുരച്ചു നോക്കിയാല്‍ വീണ്ടും തിളങ്ങുന്നത്, കാട്ടുപച്ചിലയുടെ കയ്പും മാന്ത്രികക്കൂണിന്‍റെ നിലതെറ്റിയ്ക്കലും എത്താമരത്തിന്‍റെ കൊമ്പിലെ കായ്കളില്‍ തുടിയ്ക്കുന്ന അവനവന്‍ കടമ്പകളും മറന്ന് ജീവിതം ജീവിച്ചു തീർക്കാൻ ഭാവന കൊണ്ടേ കഴിയൂ എന്ന കാര്യമാവാം.
അവനവന്‍റെ ഉള്ളിലെ നിധി കണ്ടെടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട് ഈ സിനിമ. ചരിത്രത്തിനും ഫാന്റസിയ്ക്കും കാടിനുമപ്പുറം ഈ സിനിമ നിൽക്കുന്നത് അതുകൊണ്ടാണ്. അവനവന്‍റെ ഉള്ളിലെന്താണ് എന്ന തിരിച്ചറിയലാണ് ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിധി എന്നറിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ ഫഹദ് ചിരിയ്ക്കും പോലെ സിനിമയുടെ അവസാനത്തിലെ ആ സ്വര്‍ണ്ണനാണയച്ചിരി നമുക്കും ആരെ നോക്കിയും ചിരിയ്ക്കാം. ആ ചിരിയിലെ നിറവാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഭംഗി.
പക്ഷേ തീര്‍ച്ചയായും കാര്‍ബണ്‍ എന്ന ഈ വേണുച്ചിത്രത്തിന് കൃത്യമായ കഥയില്ല, നിര്‍വ്വചനമില്ല, പരിസമാപ്തിയുമില്ല. കാരണം ജീവിതത്തിന് ഇതൊന്നുമില്ല തന്നെ! ഇതെങ്ങനെയും വായിയ്ക്കാം. ഇതാരുടേയും ജീവിതവുമാവാം..., എവിടുത്തെയും കഥയുമാവാം...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.