ആർ കെ നാരായണന്റെ മാൽഗുഡി കോയമ്പത്തൂരാണ് എന്ന് കരുതുന്ന ധാരാളം വായനക്കാരുണ്ട്. മാൽഗുഡി ജനിച്ചിട്ട് ഒരു നൂറ്റാണ്ടിനടുത്തായി. ഇന്ത്യയിലെ ഒരു മാതിരിപെട്ട നഗരങ്ങൊളൊക്കെ ഈ കാലയളവിൽ തിരിച്ചറിയാൻ പറ്റാത്തവിധം മാറിക്കഴിഞ്ഞു. നിരന്തര വളർച്ചയുടെ ദുര പിടിച്ച പട്ടണങ്ങൾ ചുറ്റുമുള്ള ഗ്രാമങ്ങളെയും പുഴകളെയും കാടുകളെയും വിഴുങ്ങി. കൊങ്കുനാടിന്റെ തിലകക്കുറിയും പഴയ ഉറക്കം തൂങ്ങി നഗരമൊന്നുമല്ല. വിശാലമായ നാട്ടിൻപുറത്ത് ഒളിച്ചു നിന്നിരുന്ന ഫാക്ടറികൾ ഇന്ന് ഒളിവിലല്ല. ഐടിയും അനുബന്ധ വ്യവസായങ്ങളും ചെന്നൈയുടെ കെട്ടുപൊട്ടിച്ചു ഇങ്ങെത്താൻ തുടങ്ങിയിരിക്കുന്നു. മാളുകളും അത്യാധുനിക സിനിമ കൊട്ടകകളും യുവത്വത്തിന്റെ അലസ തീരങ്ങളിയിക്കഴിഞ്ഞു. എന്നിരുന്നാലും മാൽഗുഡിയുടെ എന്തൊക്കെയോ ഈ 21ആം നൂറ്റാണ്ടിലെ കോവൈക്കിന്നുമുണ്ട്. നഗരഹൃദയത്തിൽ ഒരു തെരുവ് ആഢ്യരുടെ ഭവനങ്ങൾ. അതിന് സമാന്തരമായൊരു തെരുവ് പതിറ്റാണ്ടുകളായി സാധാരണക്കാരുടെ വാസസ്ഥലം. കുറച്ചൊന്നു മാറിയാൽ വില്ലകളും പ്ലോട്ടുകളും. പ്രധാന നിരത്തിൽ നിന്നും ഏതെങ്കിലും ഇടവഴിക്ക് കഷ്ടിച്ച് നാലഞ്ച് കിലോമീറ്റർ പോയാൽ കുറച്ചു പതിറ്റാണ്ടുകൾ പിന്നിലെത്താം. ഒരു ഗ്രാമ ചത്വരത്തിനു ചുറ്റിലും നാലഞ്ച് അമ്പലമെങ്കിലും കാണും. മലകളതിരിടുന്ന പരന്ന കൃഷിയിടങ്ങളും തരിശു നിലങ്ങളും. വേനലിൽ ജനവാസസ്ഥലികളെ വിറപ്പിച്ചുകൊണ്ട് ആനയിറങ്ങുന്ന മലകൾ.
വാരാന്ത്യത്തിൽ ലക്ഷ്യമില്ലാതെ നഗരം വിട്ട് യാത്ര ചെയ്യാൻ വളരെയധികം സാധ്യതകളുണ്ട് ഇവിടെനിന്നും. എന്നാൽ കടൽ തീരമുള്ള നാടുകളിൽ ഉള്ള ഒരു സൗകര്യം. എന്തിനും ഏതിനും ബീച്ചിൽ കാണാം, ബീച്ചിൽ പോകാം എന്നത് ഈ കരനാടിനില്ല. അതുകൊണ്ട് ചില അലസ ഉച്ചകളും വൈകുന്നേരങ്ങളും എങ്ങനെ ചെലവഴിക്കണം എന്നത് കടൽത്തീര ശീലമുള്ളവർക്ക് വെല്ലുവിളിയാണ്. ഊണ് കഴിഞ്ഞ ആലസ്യത്തിൽ വെറുതെയിരുന്ന ഒരു ഉച്ചക്ക് ‘നാരദ’രോട് ചോദിച്ചു “കോയമ്പത്തൂരിൽ കാണാനുള്ള സ്ഥലങ്ങൾ”. ‘നാരദർ’ പറഞ്ഞു “ജിഡി കാർ മ്യൂസിയം!” ഇവിടെ വന്ന് കുറച്ചു വർഷങ്ങളായെങ്കിലും ഇത് വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ലൊക്കേഷൻ നോക്കി. നഗരനടുവിൽ തന്നെ, താമസസ്ഥലത്ത് നിന്നും അധികം ദൂരമില്ല. പ്രവൃത്തി സമയം മനസ്സിലാക്കി ഉടൻ പുറപ്പെട്ടു. ഒറ്റത്തൂണിൽ പതിയെ കറങ്ങുന്ന ഓറഞ്ച് നിറമുള്ള ഒരു വണ്ട് കാറാണ് മ്യൂസിയം കവാടത്തിൽ. ഈ കാലത്തിനിടയ്ക്ക് ഒരായിരം തവണയെങ്കിലും ഇതിനു മുൻപിലൂടെ പോയിക്കാണും. ഒരിക്കൽ പോലും ഇതെന്തേ കണ്ടില്ല? ഉൽക്കകൾക്കിടയിലൂടെ സ്പേസ് ക്രാഫ്റ്റൊടിക്കുന്ന സയൻസ് ഫിക്ഷൻ കഥാപാത്രത്തെ പോലെയാണ് നഗരങ്ങളിലെ ഡ്രൈവിങ്. ശ്രദ്ധയൊന്നു തെറ്റിയാൽ ഉൽക്കവന്നിടിക്കും. കറങ്ങുന്ന കാർ കണ്ടാലാണ് അത്ഭുതം.
50 രൂപയാണു ടിക്കറ്റ് ചാർജ്. തൂണിമേൽ കറങ്ങുന്ന കാറിനടുത്തുകൂടെ ഭൂമിക്കടിയിൽ ഒരു നീണ്ട ഇടനാഴിയാണ് മ്യൂസിയത്തിലേയ്ക്കുള്ള വഴി. ഇടനാഴിയുടെ അറ്റത്ത് ആനക്കൊമ്പു നിറത്തിൽ ഒരു പുരാതന റോൾസ് റോയ്സ് നില്കുന്നത് ദൂരെ നിന്നെ കാണാം. ഇടനാഴിയുടെ ചുവരിൽ ചക്രം, വാഹനം ജിഡി മ്യൂസിയം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിവരണ ങ്ങളും ലളിതമായി പ്രതിപാദിച്ചിട്ടുണ്ട്. വാഹങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള അഞ്ച് കാറുകളാണ് പ്രദർശനത്തിന്റെ തത്വം. ആദ്യത്തെ കാർ ആയി കണക്കാക്കുന്ന 1886 ൽ നിർമ്മിക്കപ്പെട്ട ബെൻസ് മോട്ടോർവാഗൺ, സാധാരണകാർക്ക് കാർ പ്രാപ്യമാക്കിയ ഫോർഡ് മോഡൽ ടി, പിൻ എൻജിൻ ഉള്ള വോക്സ്വാഗൺ ബീറ്റിൽ [ഹിറ്റ്ലറുടെ ജനകീയകാർ], മുൻ എൻജിനും മുൻചക്ര ഡ്രൈവിങ്ങും ഉള്ള സിട്രോയിൻ 2 സിവി [കർഷകരെ കാർ ഉപഭോക്താക്കളാക്കിയ വണ്ടി], ഇന്നത്തെ കാറുകളുടെ മുൻഗാമിയായി കരുതപ്പെടുന്ന മോറിസ് മിനി എന്നിവ. ഇത് കൂടാതെ വാഹന വ്യവസായത്തിന്റെ മുൻനിരക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പഴയതും പുതിയതുമായ വാഹന മോഡലുകൾ.
ആദ്യത്തെ കാർ ആയി കണക്കാക്കുന്ന മോട്ടോർവാഗണിന്റെ മോഡൽ ആണ് ആദ്യം. കാൾ ബെൻസിന്റെ ഭാര്യ ബെർത ബെൻസിന്റെ ആൾരൂപം ആ മോഡലിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്നുണ്ട്. അപകടകരമായ കണ്ടുപിടുത്തമായി കണക്കായിരുന്ന കാറിനെ ഒരു സുരക്ഷിത ഗതാഗത മാർഗ്ഗമായി തെളിയിക്കാൻ ബെർത നടത്തിയ 106 കി മി യാത്രയുടെ പ്രതീകമായിട്ടാണ് ആ ആൾരൂപം. കാൾ അറിയാതെയാണ് ബെർത രണ്ട് ആൺ മക്കളോടൊപ്പം ഈ സാഹസികത നടത്തിയത്. ഇന്ധനം തീരുമ്പോൾ വീണ്ടും നിറക്കാനുള്ള വഴികൾ, വാഹന പരിപാലനം തുടങ്ങിയവ ബെർത തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. 1888 ലെ ആദ്യ ദീർഘദൂര കാറോട്ടത്തിന്റെ ഓർമ്മക്ക് ആ വഴിക്ക് ഇന്ന് ബെർത ബെൻസ് റൂട്ട് എന്ന് പേര് നൽകിയിട്ടുണ്ട് ജർമ്മനിയിൽ. കൂടാതെ രണ്ട് വർഷത്തിലൊരിക്കൽ പുരാതന കാറുകളുടെ റാലിയും. 2015 ൽ മോട്ടോർവാഗണിന്റെ ഒരു മോഡലിൽ ജീഡി മ്യൂസിയം നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും ചെന്നൈയിലേക്കൊരു യാത്ര നടത്തിയിരുന്നു. ആറു പേരോ മറ്റോ മാറി മാറി ഓടിച്ചാണ് ദിവസങ്ങളെടുത്ത് 500 കി മി താണ്ടി ചെന്നൈയിൽ വണ്ടി എത്തി ചേർന്നത്.
ഇന്ത്യൻ റോഡുകൾക്ക് സുപരിചിതമായ വാഹന ചിഹ്നമാണിന്ന് ഔഡി കാറിന്റെ നാലു വളയങ്ങൾ. ഒളിമ്പിക് റിങ്ങിന്റെ വകഭേദം പോലെ. നാലു ജർമൻ കാർ നിർമാണ കമ്പനികൾ ഒന്ന് ചേർന്നതിന്റെ പ്രതീകമാണ് ആ നാലു വളയങ്ങളെന്നു മ്യൂസിയം പറഞ്ഞു തന്നു. തന്നെ അവഗണിച്ച റോൾസ് റോയ്സ് കമ്പനിക്കാരോടു ദേഷ്യം തീർക്കാൻ ഒരു ഇന്ത്യൻ മഹാരാജാവ് അനേകം വണ്ടികൾ വാങ്ങി മാലിന്യം നീക്കാൻ ഉപയോഗിച്ച് എന്ന കഥയും ചുമരിലുണ്ട്. ഹിറ്റ്ലറിന്റ ജനകീയ കാർ, രണ്ടാം ലോകമഹായുദ്ധം വരുത്തിവച്ച നവീന കാർ രൂപങ്ങളായ കുമിള കാർ, സ്കൂട്ടർ കാർ, ചുരുക്കാൻ പറ്റുന്ന കാർ എന്നിവയും അവയുടെ കഥകളും കാണാനും വായിക്കാനും രസകരമാണ്. വളരെ വലിയ അമേരിക്കൻ കാറുകൾ ഈ കുഞ്ഞൻ കാറുകൾക്ക് എതിർ രൂപം പോലെ നിരത്തി വച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക് ലിമോസിൻ മോഡലാവും കൂട്ടത്തിൽ ഏറ്റവും ഭീമൻ. മോറിസ് കമ്പനിയുടെ ബുൾ നോസ് കോവ്ലി എന്ന മോഡൽ ഇവിടുണ്ട്. ലോകത്തിൽ വെറും 1140 എണ്ണം മാത്രം നിർമ്മിക്കപ്പെട്ട വണ്ടികളിൽ ഒന്ന്.
പല സിനിമകളിൽ മുഖ്യ കഥാപാത്രമായിട്ടുള്ള വോക്സവാഗൺ വാൻ, മി ബീനിന്റെ മിനി, ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ നിറഞ്ഞാടിയ വലിയ വണ്ടോ ചരിത്രാതീത കാലത്തെ ഭീമൻ പ്രാണികളോ ആയി തോന്നിക്കുന്ന വിവിധ രാജ്യത്തു നിന്നുള്ള വിവിധ വാഹനങ്ങൾ, ജെയിംസ് ബോണ്ട് സിനിമയിലെ എഎംസി, കറുപ്പിന്റെ എല്ലാ ഷെയ്ഡിലും ലഭ്യമായ മോഡൽ ടി എന്നല്ല പുതിയ തരം ബെൻസ്, മസ്ദ വണ്ടികളും പ്രദർശനത്തിലുണ്ട്. ലളിതമായി കാറിന്റെ കഥയും അത് ചെലുത്തിയ സ്വാധീനവും വിവരിച്ച ചുമർ പോസ്റ്ററുകൾ ഉപകാരപ്രദമാണ്.
ഇലക്ട്രിക്ക് വാഹനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചരിത്രം നൂറു വർഷങ്ങൾ മീതെ പഴക്കമുള്ളതാണ്. എണ്ണയിൽ ഓടുന്ന എൻജിൻ സാങ്കേതികവിദ്യ വികാസം പ്രാപിച്ചില്ലായിരുന്നില്ലെങ്കിൽ ലോകത്തുള്ള ഒരുവിധത്തിൽ പെട്ട വാഹനങ്ങൾ എല്ലാം വൈദ്യുതിയിൽ പ്രവർത്തിച്ചേനെ. എന്നാൽ വില കുറഞ്ഞ എണ്ണയുടെ ലഭ്യതയും മുന്നോട്ടു കുതിച്ച എണ്ണ എൻജിൻ സാങ്കേതികവിദ്യയും വൈദ്യുതി വാഹനങ്ങളെ ഒതുക്കി കളഞ്ഞു. കാലം മാറിയപ്പോൾ അവ പ്രസക്തമായി. ഇന്ന് എല്ലാം നിർമാതാക്കളും വൈദ്യുതി വാഹങ്ങൾക്കു പിന്നാലെയാണ്.
വളരെ അധികം ശ്രദ്ധയോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂർ നേരം കൊണ്ട് കണ്ടു തീരാവുന്ന, ഒരു വഴിയിലൂടെ കയറി മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങുന്ന വിധം നടപ്പാത. പാതയുടെ ഇരുവശവും വണ്ടികൾ നിർത്തിയിരിക്കുന്നു. ബേസ്മെന്റ് പാർക്കിങ് പോലെയാണ് മ്യൂസിയം രൂപകൽപ്പന ചെയ്തിട്ടുളളത്. പ്രദർനവസ്തുക്കൾ വണ്ടികളായതു കൊണ്ട് അത് തെറ്റില്ല. പല സർക്കാർ / പൊതു മ്യൂസിയങ്ങൾ പോലെ അല്ല ഈ സ്വകാര്യ മ്യൂസിയം. നല്ല വൃത്തിയിൽ, താൽപര്യമുള്ള ആളുകൾ ഒരുക്കിയതാണെന്ന് കണ്ടാൽ തന്നെ അറിയാം. ജിഡി ഗ്രൂപ്പിന്റെ പല ട്രെയിനിങ് സ്ഥാപനങ്ങളും, ഓഫീസുകളും ഉള്ള ഒരു സമുച്ചയത്തിലാണ് മ്യൂസിയം ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്നത്. അടുത്തു തന്നെ ജിഡീ ശാസ്ത്ര മ്യൂസിയവും ഉണ്ട്. അത് കയറി കണ്ടില്ല. ഇനിയൊരിക്കലാവാം! എന്തായാലും ആവശ്യത്തിന് സന്ദർശകരുണ്ട് ഇവിടെ. വിദ്യാർത്ഥികളും, കുടുംബങ്ങളും, സുഹൃദ്സംഘങ്ങളും എല്ലാം.
കാർ മ്യൂസിയത്തിനകത്ത് കുറച്ച് ഇരുചക്ര വാഹനങ്ങളുമുണ്ട്. മി ബീൻ; ഹോളിഡേ എന്ന സിനിമയിലൂടെ പ്രശസ്തമായ വെലോസോളക്സ് എന്ന മോപ്പഡ് ആണ് ഒന്ന്. ഇനിയൊന്ന് കോയമ്പത്തൂരിലെ തന്നെ മൂന്നാമത്തെ മോട്ടോർ വാഹനമാണത്രെ. ഗോപാൽസാമി ദൊരൈസാമി നായിഡു എന്ന ജി ഡി നായിഡു ആദ്യമായി കണ്ടമാത്രയിൽ തന്നെ ഈ വാഹനത്തിൽ ആകൃഷ്ടനായി. ഹോട്ടലിൽ സപ്ലൈയർ ജോലിയും മറ്റുമെടുത്തു പണം സ്വരൂപിച്ചു അദ്ദേഹം ആ മോട്ടോർ സൈക്കിൾ, ഉടമസ്ഥനായ ബ്രിട്ടീഷ് സായിപ്പിൽ നിന്നും വാങ്ങി അത് അഴിച്ചു പണിഞ്ഞൊരു വിദഗ്ദ്ധനായ മെക്കാനിക് ആയി. മോട്ടോർ വാഹനങ്ങളോടുള്ള ഇഷ്ടം ഗതാഗത സംരംഭം തുടങ്ങുന്നതിനും ഇന്ത്യയിലെ തന്നെ മികച്ച പൊതു ഗതാഗത പ്രസ്ഥാനമാവുന്നതിനും വഴിയൊരുക്കി. ഇന്ത്യയിലെ ആദ്യത്തെ മോട്ടോർ നിർമ്മിച്ചത് ജി ഡി നായിഡു ആണത്ര. കോയമ്പത്തൂരിന്റെ അഭിമാനമാണ് മോട്ടോറുകൾ. ജി ഡി നായിഡു അതിന്റെ പിതാവും. ഈ നഗരത്തിന്റെ യന്ത്രപെരുമ വെറ്റ് ഗ്രൈൻഡർ നേടിയ ഭൗമസൂചിക (GI )നേട്ടത്തിൽ എത്തി നിൽക്കുന്നു.