അപരാഹ്നത്തിലെ മരുക്കാറ്റ് മണലാഴിയിൽ അലകൾ തീർത്ത് അതിവേഗം സഞ്ചരിക്കുകയാണ്. അതിഥികളെത്തുന്ന വിവരം അബ്ദുളള ഉതെയിമിനെ അറിയിക്കാനായിരിക്കും ഞങ്ങൾക്ക് മുൻപേ അത് പായുന്നത്. ഇനി വാഹനം നീങ്ങില്ല. ഈ ചെറിയ കുന്ന് കയറിയിറങ്ങിയാൽ അബ്ദുള്ളയുടെ തമ്പിലെത്തും. മണൽക്കുന്നകളിൽ കാറ്റടിക്കുമ്പോൾ വലിയ തിരമാലകൾ ഹുങ്കാരത്തോടെ വരുന്ന പ്രതീതി. ശൈത്യകാലം പൂർണ്ണമായി പിൻവാങ്ങിയതിനാലാകാം കാറ്റിന് ചൂട് കൂടിയിരുന്നു.

കുന്നു കയറാൻ തുടങ്ങിയതും ചെറിയ മണൽത്തരികൾ മുഖത്തേക്ക് വാരിയിട്ട് മറ്റൊരു കുസൃതിക്കാറ്റ്. കാറ്റിനു മുഖംതിരിച്ചു കുന്നിനു മുകളിലെത്തി. മനോഹരമായ കാഴ്ച. ചുവപ്പ് മണൽക്കുന്നുകളാൽ ചുറ്റപ്പെട്ട വിശാലമായ പുൽമേട്. ആടുകളും ഒട്ടകങ്ങളും മേയുന്നു. ചെറിയ കൂടാരങ്ങൾ. കാറ്റ് നിർത്താതെ മൂളുന്നു, മണൽക്കാറ്റിന്റെ സംഗീതത്തോടൊപ്പം അബ്ദുളള ഉതെയിം പാടി;

“വെയിലിനൊപ്പം തൂവുന്ന സ്വപ്നമാണവൾ,
വെയിൽനാളങ്ങളിലേക്ക് വലിച്ചെടുത്തത്,
നാളങ്ങളെ തന്നിലേക്ക് വലിച്ചെടുക്കുന്നത്,
അനന്തശാന്തിയോടെയുള്ള അനശ്വരചലനം.
ഒട്ടകത്തിനില്ല – പോയകാലം, വരുംകാലം;
ഉള്ളതോ, വാഴ്‌വ് മാത്രം…”

camel, riyad, abdulla, saudi, beauti contest

തന്റെ ഒട്ടകത്തെ കുറിച്ചാണ് അബ്ദുളള പാടുന്നത്. റിയാദിൽ ഈയിടെ നടന്ന ഒട്ടക സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തവരാണ് തന്റെ ഒട്ടകങ്ങളെന്ന് തമ്പിന് പുറത്ത് വിരിച്ച ചുവന്ന പരവതാനിയിലിരുന്ന് അബ്ദുള്ള അഭിമാനത്തോടെ പറഞ്ഞു. വെയിലിന്റെ നിറമാണവൾക്ക്, മണവാട്ടി… സമ്മാനം കിട്ടാത്തത് നന്നായി. അല്ലെങ്കിൽ ഇവളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയേനെ… പൊട്ടിച്ചിരിച്ചുക്കൊണ്ട് അദ്ദേഹം തുടർന്നു.

രണ്ടു ഡസനിലധികം ഒട്ടകങ്ങളാണ് അബ്ദുള്ളയുടെ അധീനതയിൽ ഇവിടെയുള്ളത്. കൂടുതലും പെണ്ണൊട്ടകങ്ങൾ. ഇണചേരാൻ മൂന്ന് ആണൊട്ടകങ്ങളും. ജോലിക്കായി പാകിസ്ഥാൻ സ്വദേശി അർശാദും. ഉച്ചയ്ക്ക് ശേഷം അബ്ദുള്ള 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്ന് ഇവിടെയെത്തും. അർശാദിനുള്ള ഭക്ഷണവും കൂടെ കരുതും. സ്ഥിരം വരുമാനത്തിന് മറ്റു ജോലിയുണ്ട്. പാരമ്പര്യമായി ലഭിച്ചതാണ് ഒട്ടകങ്ങൾ. ഗ്രാമത്തിൽ കൃഷിയിടമുണ്ട്. ഒട്ടകങ്ങൾ അബ്ദുളളയുടെ  പ്രാണനാണ്. 300ലധികം മൈലുകൾക്കപ്പുറമുള്ള ഹായിൽ പ്രവിശ്യയിൽ നിന്നാണ് അബ്ദുളള പിതാമഹൻമാർ ഇവിടെ എത്തുന്നത്.

camel, riyadh,saudi

“ശാദ്വലഭൂമി തേടി നിലയ്ക്കാത്ത അലച്ചിലുകളായിരുന്നു ഞങ്ങളുടെ പൂർവികരുടേത്. ഒരു മരുപ്പച്ചയിൽ നിന്ന് അടുത്തത്തിലേക്ക്… അവസാനം എത്തിയത് ഇവിടെയായിരിക്കും. ഉറവകളും പച്ചപ്പും തേടിയായിരുന്നു യാത്രകളൊക്കെ. എല്ലാം ഈ ഒട്ടകങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞാലും തെറ്റില്ല. വീട്ടിൽ നിന്ന് കൊണ്ട് വന്ന ഖാഹ്‌വ ചെറിയ കപ്പിൽ പകർന്നു നൽകികൊണ്ട് അദ്ദേഹം പറഞ്ഞു. ഞാൻ ജനിച്ചത് ഇവിടെയാണ്. ഈ കാറ്റും അതിന്റെ മണവും സംഗീതവും ഒട്ടകങ്ങളുടെ ഭാഷയുമെല്ലാം എനിക്ക് സുപരിചതമാണ്. എന്റെ വാഹനത്തിന്റെ ശബ്ദം കേൾക്കുന്നതോടെ ഇവർ ഓടിയെത്തും. മനുഷ്യനും ഒട്ടകങ്ങളും തമ്മിലുള്ള ബന്ധം എന്ന് തുടങ്ങി എന്ന് പറയാനാവില്ല. അത് എന്ന് അവസാനിക്കും എന്നതും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ്. മരുഭൂമിയുടെ രണ്ടറ്റങ്ങൾ പോലെ. ആധുനിക കാലത്ത് ഒട്ടകങ്ങളില്ലാതെ മരുഭൂമിയിൽ യാത്ര ചെയ്യാം. എന്ന് കരുതി ഈ പാവം ജന്തുക്കളെ നമുക്ക് മറക്കാനാകുമോ? ഇത് നമ്മുടെ, സംസ്കാരത്തിന്റെ ഭാഗമല്ലേ? അബ്ദുള്ള വികാരാധീനനായി. ക്യാമൽ ഫെസ്റ്റിനോടനുബന്ധിച്ച് ദഹ്‌ന മരുഭൂമിയിൽ ഈയിടെ ആരംഭിച്ച ഒട്ടകങ്ങൾക്കായുള്ള ഗ്രാമം, ഈ രംഗത്തുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ആക്കം കൂട്ടും. ഒട്ടകങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്കുള്ള സമ്മാനമാണ് ക്യാമൽ വില്ലേജ്.”

വെയിലിന്റെ നിറം മങ്ങി. കാറ്റിന് നേരിയ തണുപ്പ്. ഒട്ടകങ്ങളെക്കുറിച്ച് വീണ്ടും വാചാലാനായി അബ്ദുള്ള. ചുറ്റും കേട്ടിരിക്കാൻ ഞങ്ങളും. ഒട്ടകങ്ങളുടെ സർവവിജ്ഞാനകോശമാണ് ഞങ്ങളോട് സംസാരിക്കുന്നത് എന്ന് തോന്നി. ചരിത്രവും ഐതീഹ്യങ്ങളും കഥകളും ശാസ്ത്രവും എല്ലാം കൂട്ടിച്ചേർത്ത് അബ്ദുളള ഞങ്ങളെ വിസ്മയിപ്പിച്ചു. “മഹാസമുദ്രം പോലെ മരുഭൂമി, ചുട്ടുപൊളളുന്ന സൂര്യനു താഴെ അതിലേറെ തിളച്ചുമറിഞ്ഞു മണൽക്കാട്. സാർഥവാഹക സംഘങ്ങളുടെ മാസങ്ങൾ ദൈർഘ്യമുളള യാത്രകൾ. തണൽ കൊളളാൻ ഒരു പുൽക്കൊടി പോലും ഇല്ലാതെ നൂറ്റാണ്ടുകളോളം ഒരു ജനത അലച്ചിലിൽ ആയിരുന്നു. കാതങ്ങൾക്കപ്പുറം കണ്ടേക്കാവുന്ന മരുപ്പച്ചകൾ തേടി ദിവസങ്ങളോളമുളള യാത്രകളിൽ പലപ്പോഴും ദാഹിച്ചും വിശന്നും വലഞ്ഞിരുന്നു. എന്നാൽ ഞങ്ങളെയും ഞങ്ങളുടെ സാമഗ്രഹികളും പേറിക്കൊണ്ട് ഈ സാധു മൃഗവും ഞങ്ങളുടെ സന്തതസഹചാരിയായിരുന്നു. ഒരു തുളളി വെളളംപോലും കുടിക്കാതെ ദിവസങ്ങളോളം കഴിയാൻ ഇവയ്ക്കാകും. എങ്കിലും ദാഹിക്കുന്നവന് അപ്പോഴും പാൽ കിട്ടും. ഏകദേശം ഒരു മാസം വരെ എന്റെ പൂർവികർ ഒട്ടക പാൽ മാത്രം കുടിച്ചു ജീവിച്ചിരുന്നു”.

camel milk, riyadh, camel

ഒട്ടകപാൽ

ഒട്ടകത്തിന്റെ പാൽ കറന്നെടുക്കുന്നത് കാണാൻ ഞങ്ങൾ ചുറ്റും കൂടി. കറവയുള്ള ഒട്ടകങ്ങളുടെ മുലകൾ സഞ്ചിപോലുള്ള തുണികൾ കൊണ്ട് മൂടിയിരുന്നു. തുണിസഞ്ചി അഴിച്ച് കിടാവിന്‌ ആദ്യം കൊടുക്കണം . അതാണ് പിതാവിന്റെ കാലം തൊട്ടേ തുടരുന്ന കീഴ്‌വഴക്കം. മറ്റേ മുലയിൽ നിന്ന് നമ്മളും കറന്നെടുക്കും. ഒരു വലിയ മോന്ത നിറയെ പാൽ പതഞ്ഞുപൊങ്ങി. “ഒട്ടകപ്പാൽ കറന്നെടുത്ത് അതേപോലെ കുടിക്കണം”. ആവശ്യക്കാർക്ക് കുടിക്കാൻ വിവിധ പാത്രങ്ങളിലേക്ക് പകരുമ്പോൾ അബ്ദുള്ള ഓർമ്മിപ്പിച്ചു. “ഒട്ടകപ്പാൽ ഏറ്റവും സാന്ദ്രത കൂടിയതാണ്. ധാതുക്കൾ, ജീവകം , മാംസ്യങ്ങൾ , ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവയാൽ സമൃദ്ധമാണ്. കൊഴുപ്പും ലാക്റ്റോസും താരതമ്യേന കുറവും. പൊട്ടാസ്യം, ഇരുമ്പ്, ജീവകം സി എന്നിവ കുടുതലുമാണ്.” അബ്ദുളള ഒട്ടകപ്പാലിന്റെ ഗുണവിശേഷങ്ങൾ തുടർന്നു.

പാൽ കറന്നുകഴിഞ്ഞതോടെ ഒട്ടകങ്ങൾക്ക് വെള്ളം കൊടുക്കാനായി തൊട്ടടുത്തുള്ള കൃത്രിമ ജലസംഭരണിയിലേക്ക് കൊണ്ടുപോയി. “ഈ പ്രദേത്തുള്ള കിണർ ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ്. അതുകൊണ്ടാണ് ഇവിടെ ഞങ്ങൾ ജലസംഭരണി ഉണ്ടാക്കിയത്. ഭൂമിക്കടിയിലൂടെ പായുന്ന നീരുറവകളും മണൽപ്പരപ്പിലൂടെ നീങ്ങുന്ന ഒട്ടകങ്ങളും എന്നും ഞങ്ങളെ വിസ്മയിപ്പിക്കാറുണ്ടെന്ന് “ഒരു പാട്ടിന്റെ രണ്ടു വരികൾ പാടിക്കൊണ്ട് അബ്ദുളള പറഞ്ഞു. “അവിടെ വെള്ളം ആവശ്യത്തിനുണ്ടെങ്കിലും പുല്ലും ചെടികളും വളരുന്നതിവിടെയാണ്. കഴിഞ്ഞ നാല് മാസം പലസമയങ്ങളിലായി പെയ്ത മഴ മണൽകുന്നുകളിറങ്ങി ഈ സമതലത്തിൽ തളം കെട്ടും. ഒറ്റ മഴകൊണ്ട് മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന വിത്തുകൾ പൊട്ടിമുളയ്ക്കും. മഴപെയ്ത ആദ്യവാരത്തിൽ വന്നാൽ ഇവിടെ പൂക്കൾ നിറഞ്ഞുനിക്കുന്നത് കാണാനാകും. അപ്പോഴേക്കും നിങ്ങളെപ്പോലുള്ളവർ നഗരത്തിൽ നിന്ന് കാഴ്ചകൾ കാണാനെത്തും. തമ്പ് വാടകെയ്‌ക്കെടുത്ത് രാത്രി തങ്ങുന്നവരും കുറവല്ല. എല്ലാവരും വരട്ടെ, കാണട്ടെ.”

camel, riyadh, saudi

“ഈ പച്ചപ്പ് തിന്നാണ് ഒട്ടകങ്ങൾ അവയ്ക്ക് ഒരു വർഷത്തേക്ക് വേണ്ട പോഷകങ്ങൾ സംഭരിക്കുന്നത്. വേനൽ കടുക്കുമ്പോൾ ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് മാറ്റും. കൂടാരവും മറ്റും ഒട്ടകങ്ങളുടെ പുറത്ത് കയറ്റി എന്റെ പൂർവികർ യാത്രചെയ്തപോലെ ഞാൻ യാത്ര ചെയ്യും. ഗൃഹാതുരത്വത്തിലേക്കുള്ള യാത്ര. 500 കിലോ ഭാരവും പേറി 15 കിലോമീറ്റർ വേഗതയിൽ ഓടാനാകും തന്റെ ഒട്ടകങ്ങൾക്കെന്ന് അബ്ദുള്ള പറയുന്നു. വെള്ളം കുടിച്ച് കഴിഞ്ഞ ഒട്ടകകൂട്ടം വീണ്ടും നീങ്ങി തുടങ്ങി. രണ്ട് മൂന്നു മിനിറ്റ് കൊണ്ടുതന്നെ ഇരുന്നൂറ് ലിറ്റർ വെളളം അകത്താക്കാനുളള ശേഷി ഒട്ടകങ്ങൾക്കുണ്ട്. ഇങ്ങനെ വെളളം കുടിക്കുന്നത് കൊണ്ട് എട്ടോ, പത്തോ ദിവസം വെളളം ഇല്ലാതെ സഞ്ചരിക്കാനും കഴിയും. മൂന്ന് തരം അറകളുള്ള വയറാണ് ഇവക്ക്. ആദ്യത്തേത്തിൽ ആഹാരം ശേഖരിക്കുന്നു, രണ്ടാമത്തേതിൽ ദഹനത്തിന് സഹായിക്കുന്ന ദ്രാവകവും , മൂന്നാമത്തേതിൽ ചവച്ചത് ദഹിപ്പിക്കുന്നു. ആദ്യത്തെ രണ്ട്‌ അറകളുടെ ഭിത്തിയിലുളള പോക്കറ്റിൽ വെളളം ശേഖരിച്ചു വെക്കുന്നു. നിറഞ്ഞ് കഴിയുമ്പോൾ പേശികൾ ഇത്‌ അടച്ചു വെക്കും, വെളളം ആവശ്യമുള്ളപ്പോൾ പേശികൾ തുറന്ന് ജലം നൽകുന്നു. ഒട്ടകത്തിന്റെ ശരീരത്തിലെ മുഴുവൻ കൊഴുപ്പും സംഭരിക്കുന്നത് മുതുകത്തുള്ള പൂഞ്ഞയിലാണ്. ധാരാളം ആഹാരവും ജലവും ലഭിക്കുമ്പോൾ പൂഞ്ഞ തടിച്ച് കൊഴുക്കുന്നു. വെളളം ലഭിക്കാത്ത കാലയളവിൽ ഇതാണ് ഇവയുടെ ജീവൻ നിലനിർത്തുന്നത്. 25 ശതമാനത്തോളം ജലശോഷണം സംഭവിച്ചാലും അവയ്ക്ക് അതിജീവിക്കാൻ കഴിയും. ജലവും ഒട്ടകവും തമ്മിലുള്ള ചില കരാറുകളുണ്ട്. നമ്മൾ മനുഷ്യർക്ക് അന്യമായത്. നാം പ്രകൃതിയിലേക്ക് നോക്കേണ്ടതുണ്ട്. സന്ദർശകർ കൊണ്ട് വരുന്ന പ്ലാസ്റ്റിക് കവറുകളാണ് ഈ പ്രകൃതിയെ നശിപ്പിക്കുന്നത്. ഒന്നും നശിപ്പിക്കരുത്. ഈ ഭൂമിയിൽ ഇനിയും ജീവികൾ വരാനുണ്ട്, ജീവിക്കാനുണ്ട്” അബ്ദുളള ഓർമ്മിപ്പിച്ചു.

സൂര്യൻ പടിഞ്ഞാറ് മണൽക്കുന്നുകൾക്കിടയിൽ ചാഞ്ഞു; ചുവന്ന കുന്നുകളെ കരിനിഴലാക്കി അത് ചുവന്ന് തുടുത്തു. ഒട്ടകക്കൂട്ടങ്ങളുടെ നിഴലുകൾ നീണ്ടു നീണ്ടു വരുന്നു. വെയിലിന്റെ നിറമുള്ള അബ്ദുള്ള ഉതെയിമിന്റെ മണവാട്ടി ഒട്ടകം നീണ്ട കാലുകൾ സാവധാനം ചലിപ്പിച്ച് നടന്നു നീങ്ങി. കൗതുകം തോന്നി, നടക്കുമ്പോൾ മുന്നിലെ വലതുകാലിനൊപ്പം പിന്നിലെ വലതുകാൽ തന്നെയാണ് ഒട്ടകങ്ങൾ മുന്നോട്ട് വെക്കുക. പിന്നീട് ഇടതുകാലുകളും ഒന്നിച്ച് മുന്നോട്ട് വെക്കുന്നു. സൗന്ദര്യമത്സത്തിൽ നടത്തവും പ്രധാനപ്പെട്ട ഒന്നാണെന്ന് അബ്ദുള്ള പറയുന്നു. ഇവയ്ക്ക് കഠിനമായചൂടിനെ അതിജീവിച്ച് മണലിലൂടെ പ്രയാസമില്ലാതെ 18 മണിക്കൂർ തുടർച്ചയായി നടക്കാൻ കഴിയുമത്രെ. കൂടാതെ മണിക്കൂറിൽ 60 കിലോമീറ്റർ (40 mph)വേഗത്തിൽ ഓടാനും സാധിക്കും

കാറ്റിന് പൊടിയുടെ ഗന്ധം. സൂര്യൻ ദൂരെ പൊടിയിൽ പ്രഭമങ്ങി താഴുന്നു. ഞങ്ങൾ മടങ്ങാനൊരുങ്ങി. അബ്ദുള്ള മെയിൻ റോഡ് വരെ ഞങ്ങൾക്ക് മുൻപിൽ സഞ്ചരിക്കാമെന്ന് പറഞ്ഞ് കണ്ണ് മാത്രം പുറത്ത് കാട്ടി തലയിലെ തട്ടം കൊണ്ട് മുഖം മറച്ചു. പൊടിക്കാറ്റിനെ അതിജീവിവിക്കാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. മണൽ കാറ്റിനെ അതിജീവിക്കാൻ ഒട്ടകങ്ങൾക്ക് പ്രകൃത്യാ മാർഗ്ഗങ്ങളുണ്ടെന്ന് അബ്ദുളള പറഞ്ഞു തന്നു. കണ്ണിനു മുകളിൽ സുതാര്യമായ പാട കണ്ണടച്ച് കൊണ്ട് നടക്കാൻ അവയെ സഹായിക്കുന്നു. ഇഷ്ടാനുസാരം തുറക്കാനും അടക്കാനും കഴിയുന്നതാണ് ഒട്ടകത്തിന്റെ മൂക്ക്. മണൽക്കാറ്റുളളപ്പോൾ ശ്വാസകോശത്തിൽ മണൽ എത്താതെ സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. അബ്ദുളളയോട് യാത്രപറഞ്ഞു പിരിഞ്ഞു. ഒട്ടകത്തെക്കുറിച്ചറിയാൻ ഇനിയും ബാക്കിയുണ്ട്. വീണ്ടും വരിക. ഞാൻ ഇവിടെയുണ്ടാകും. എന്റെ ഒട്ടകങ്ങളും…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ