scorecardresearch
Latest News

ചരിത്രം മഷി നിറച്ച “കിമാങ്കോ”

“തന്റെ പക്കലുള്ള അതേ മെഷീൻ തന്റെ അടുത്ത് നിന്ന് പഠിച്ച തൊഴിലും മറ്റൊരാൾക്ക് കൊടുത്ത്, തന്റെ അടുത്ത് തന്നെ കടയും തുറന്നു പ്രവർത്തിക്കാൻ തന്റെ പ്രതിയോഗിക്ക് എല്ലാ സഹായവും ചെയുന്ന ഒരു കാര്യം ഇന്ന് ആലോചിക്കാൻ പറ്റുന്നുണ്ടോ?” കോഴിക്കോട് നഗരമെഴുതിയ പേനകളുടെ ചരിത്രത്തെ കുറിച്ച്

ചരിത്രം മഷി നിറച്ച “കിമാങ്കോ”

ആദ്യമായി കിം ആൻഡ് കോ എന്ന് കേൾക്കുന്നത് ഉമ്മയുടെ കഥകളിൽ നിന്നാണ്; “സ്‌പെൻസേഴ്സിന്റെ മുകളിലായിരുന്നു അതിന്റെ അന്നത്തെ മാനേജർ ദാമോദരേട്ടന്റെ വീട്. അവരുടെ മക്കളായ സതി എന്ന് വിളിച്ച അജയനും അശോകനും സുശീലയും ജലജയും പിന്നെ ബാരിയും ഹേമന്തും മീരയും ഞാനുമൊക്കെ ഭയങ്കര കൂട്ടായിരുന്നു. എപ്പഴും അവരുടെ വീട്ടിൽ പോകുമായിരുന്നു.

അന്നൊക്കെ കാഡ്ബറീസ് കാണാൻ പോലും കിട്ടാത്ത കാലത്ത്; ഒരു ബോക്സിലെ രണ്ടു കാഡ്ബറസീല് പുഴുനെ കണ്ടതോടെ ആ ബോക്സ് മുഴുവനായി ഒഴിവാക്കാൻ മദ്രാസിനും ഓരേ ബോസ് പറഞ്ഞു പോലും. സുശീലയും ജലജയും നമ്മളെയൊക്കെ വിളിച്ച് കൂട്ടി, നമ്മളൊക്കെ മോളില് ഇരുന്നു പെട്ടി തുറന്നു, ഓരോ ചോക്ലേറ്റും എടുത്ത് തുറന്ന് അതില് പുഴു ഇല്ലാത്ത ചോക്ലേറ്റ് മുഴുവനും നമ്മള് തിന്നു. വയറു നിറച്ചും ചോക്ലേറ്റ് തിന്നു എന്ന് ആരോടെങ്കിലും പറഞ്ഞാൽ പോലും അന്നൊന്നും വിശ്വസിക്കില്ല.

ആ സമയത്താണ് ബാരി ഓന്റെ ഉപ്പാന്റെ പീടിയനെ കുറിച്ച് പറഞ്ഞതാ… നമ്മള് പീടിയന്റെ പേര് ചോദിച്ചപ്പം പറയാ “കിമാങ്കോ” എന്ന്. എന്ത്? “കിമാങ്കോ.” പിന്നെ എല്ലാരും ചിരിയോടു ചിരി എയ്‌നും! ഇതെന്ത് പേരാ ഇത്? തമിൾ പേരാണോ? മിഠായി തെരൂലാണ് സത്യായിട്ടും ഉണ്ടെന്നൊക്കെ ഓൻ പറഞ്ഞിട്ടും നമ്മള് കൊറേ ചിരിച്ചീനും!”

അങ്ങനെ ഇപ്പ്രാവശ്യം കോഴിക്കോട് വന്നപ്പോൾ ഞാൻ ‘കിമാങ്കോ’യിൽ പോയി, അവിടുന്നും കോഴിക്കോടിന്റെ മാത്രമായ ഒരു സ്വത്ത് കരസ്ഥമാക്കാൻ.

കോഴിക്കോട് മിഠായി തെരുവിൽ നിന്നും പിറവിയെടുത്ത, അധികമാരും അറിയാത്ത, ഒരു പൈതൃക സ്വത്താണ് “കാലിക്കറ്റ് പെൻസ്” എന്ന പേരിൽ വിഖ്യാതമായിരുന്ന പേന കടകൾ. കോഴിക്കോട്ടെ ആദ്യത്തെ മഷി പേന വ്യാപാരി എന്ന് വിളിക്കാവുന്നത് എം. ഹനീഫ റാവുത്തർ എന്ന തമിഴ്‌നാട് സ്വദേശിയെ ആണ്. 1942ൽ തിരുപ്പൂരിൽ നിന്നും സ്പെയർ പാർട്ടുകളുമായി കോഴിക്കോട്ട് ട്രെയിൻ ഇറങ്ങിയ ഇദ്ദേഹം പേന റിപ്പയർ ചെയ്യുന്ന ഒരു ചെറിയ സംരംഭം കോർട്ട് റോഡിൽ ആരംഭിക്കുന്നു. ‘കിം ആൻഡ് കോ’ എന്ന പേരിൽ ആരംഭിച്ച ഈ കടയിൽ പ്രധാനമായും ഹനീഫ് സാഹിബ് ഉദ്ദേശിച്ചത് ലോക പ്രശസ്ത പേനകളായ വാട്ടർമാൻ, സ്വാൻ, ഹീറോ, മോബ്ലോ (Mont Blanc), ബ്ളാക്ക് ബേർഡ് എന്നിവയുടെ സ്പെയർ പാർട്ടുകളുടെ വിൽപ്പനയും റിപ്പയറിങ്ങും ആയിരുന്നു. പിന്നീട് ഇവിടെ വിദേശ നിർമ്മിതമായ പേനകളും, ഉപയോഗിച്ച പേനകളും ഇദ്ദേഹം വിൽപ്പന തുടങ്ങി. പിന്നീട് സ്വന്തമായി ഒരു പേന നിർമ്മാണ സംരംഭം തുടങ്ങാനുള്ള ആലോചനയായി. തന്റെ ജീവിതത്തിന്റെ വലിയ പങ്ക് ലോകമൊട്ടുക്കും യാത്ര ചെയ്ത ഇദ്ദേഹം, പേന നിർമ്മാണം കണ്ടു മനസ്സിലാക്കാൻ, ജർമ്മനിയിലെ മോബ്‌ളോ പേനയുടെ ഫാക്ടറി സന്ദർശിച്ചു. ജർമനിയിൽ വച്ച് പേന നിർമ്മാണ യന്ത്രവും, വസ്തുക്കളും വാങ്ങി കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ മടക്കം. കടയോട് ചേർന്ന് പുറകിലായി ഒരു ചെറിയ വർക്ക് ഷോപ്പിലായിരുന്നു നിർമ്മാണം. ദിവസം ഒന്നോ രണ്ടോ പേന മാത്രമേ നിർമ്മിച്ചിരുന്നുള്ളൂ. എബൊനൈറ്റ് എന്ന റബ്ബർ ഉറപ്പിച്ചത് പോലുള്ള മെറ്റീരിയൽ ആയിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. കൈ കൊണ്ട് ഡ്രിൽ ചെയ്തു, ഷേപ്പ് ചെയ്‌തെടുക്കുന്ന പേനക്ക് കോഴിക്കോട് ആവശ്യക്കാർ ഏറെയായിരുന്നു. എന്നാൽ ഈ പേനകൾ നിർമ്മിച്ചിരുന്നത് ഹനീഫ അല്ലായിരുന്നു, അദ്ദേഹത്തിന്റെ വിശ്വസ്തനായ ജോലിക്കാരനും മുൻ സർവീസുകാരനുമായ ഗോപാലൻ എന്ന വ്യക്തിയായിരുന്നു. പേനകൾ ഗോപാലന് തന്റെ പുറം കൈ പോലെ പരിചിതമായിരുന്നു- പലതരത്തിലുമുള്ള പേനകൾ ഇദ്ദേഹം നിർമിക്കുകയും ‘കിം ആൻഡ് കോ’ മാർക്കറ്റിലിറക്കുകയും ചെയ്തു. പേനകളുടെ മാർക്കറ്റ് വളർന്നതോടെ താൻ ജർമ്മനിയിൽ നിന്നും വാങ്ങിയ മെഷീൻ മതിയാകാതെ വരികയും, മദ്രാസിൽ നിന്നും ഹനീഫ് സാഹിബ് വീണ്ടും ഒരു മെഷീൻ വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

ഈ സമയത്ത് തന്നെ കോഴിക്കോട്ടെ വളർന്നു വരുന്ന ഈ പുതിയ സംരംഭത്തിൽ ആകൃഷ്ടനായ മറ്റൊരു വ്യക്തിയും ഹനീഫ് സാഹിബിനെ ചുറ്റിപറ്റി നിന്നിരുന്നു. അദ്ദേഹത്തിന്റെ  അടുത്ത സുഹൃത്തും തൊഴിലാളിയുമായ കൃഷ്ണൻ. മദ്രാസിലേക്ക് മെഷീൻ എടുക്കാൻ പോയ ഹനീഫ് സാഹിബ് തിരിച്ചു വന്നത് രണ്ടു മെഷീനും കൊണ്ടായിരുന്നു. ഒരെണ്ണം കൃഷ്ണനു വേണ്ടിയായിരുന്നു. അങ്ങനെയാണ് ഹനീഫ് സാഹിബിന്റെ കടയുടെ കുറച്ചു മീറ്ററുകൾക്കിപ്പുറം ‘ആംബർ പെൻസ്’ എന്ന പേന വ്യാപാരത്തിന്റെ തുടക്കം. ഇത് പിന്നീട് ‘കൃഷ്ണ പെൻസ്’ എന്ന് പേര് മാറ്റി.

aysha mahmood, kozhikode, memories
എം ഹനീഫ റാവുത്തർ

അന്ന് കോഴിക്കോട്ടെ തന്നെ ഒരേയൊരു പേന വ്യാപാരിയും വിദഗ്ദനുമായി വിലസുന്ന ഒരു വ്യക്തി. തന്റെ പക്കലുള്ള അതേ മെഷീൻ തന്റെ അടുത്ത് നിന്ന് പഠിച്ച തൊഴിലും മറ്റൊരാൾക്ക് കൊടുത്ത്, തന്റെ അടുത്ത് തന്നെ കടയും തുറന്നു പ്രവർത്തിക്കാൻ തന്റെ പ്രതിയോഗിക്ക് എല്ലാ സഹായവും ചെയുന്ന ഒരു കാര്യം ഇന്ന് ആലോചിക്കാൻ പറ്റുന്നുണ്ടോ? എങ്ങനെ മറ്റുള്ളവനെക്കാളും മുന്നിട്ട് നിൽക്കാം എന്നുള്ള ചിന്ത ആണല്ലോ തന്റെ ബിസിനസ്സ് തനിക്ക് മാത്രം എന്നുളള മനോഗതിയിൽ എത്തിക്കുന്നത്.

മദ്രാസിൽ നിന്നും കൊണ്ട് വന്ന അതെ മെഷീൻ തന്നെയാണ് ഇന്നും ‘കിം ആൻഡ് കോ’യിൽ ഉപയോഗിക്കുന്നത്. ‘ആംബർ പെൻസി’ലെ മൈക്കൽ എന്ന തൊഴിലാളി അറിയപ്പെട്ട പേന സ്പെഷ്യലിസ്റ്റായി വളരുകയും, ഇവരെ കൂടാതെ കൃഷ്ണന്റെ സഹായത്തോടെ പേന വ്യാപാരത്തിലേക്ക് രണ്ടു കളിക്കാർ കൂടി പിന്നീട് കോഴിക്കോട് പേന വ്യാപാരത്തിൽ ഇറങ്ങി. ഇതിലെ ഏറ്റവും ഹൃദയസ്പർശിയായ കാര്യം ആരും തങ്ങളുടെ സ്വന്തം ബിസിനസിനെ സ്വാർത്ഥമായി കൈവശം തന്നെ വെച്ച് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താനോ, ഇല്ലാതാക്കാനോ ശ്രമിച്ചില്ല എന്നതാണ്. മറ്റുള്ളവർക്ക് തങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങളും പാഠങ്ങളും പറഞ്ഞു കൊടുത്ത് കൂടെ കൂട്ടി “കാലിക്കറ്റ് പെൻസ്” ഒരു നാമമാക്കി വളർത്തുകയാണ് ചെയ്തത്.  ‘കിം ആൻഡ് കോ’യും, ‘കൃഷ്ണ പെൻസും’ കൂടാതെ ‘ക്രിപ്റ്റോക്,’ ‘എലൈറ്റ്’ എന്നീ പേന കമ്പനികളും പിന്നീട് മിഠായി തെരുവ് ആസ്ഥാനമായി തുടങ്ങി.

‘ക്രിപ്റ്റോക്’ ‘കൃഷ്ണ പെൻസ്’ ഉടമ കൃഷ്ണേട്ടന്റെ സഹോദരൻ നാരായണന്റെ തന്നെ സ്ഥാപനമായിരുന്നു. ‘ക്രിപ്റ്റോക്’ പേനകൾ അത് വരെ കോഴിക്കോട് നിർമിച്ചിരുന്ന മറ്റു പേനകളെക്കാൾ മുന്തിയതും മേന്മയേറിയതും ആയിരുന്നു. ഇതിന്റെ പ്രധാന ശിൽപി വാസു എന്ന വ്യക്തിയായിരുന്നു. സ്വർണ്ണം പൂശിയ, ഇറീഡിയം നിബ്ബുകളും ക്ലിപ്പുകളും ഉള്ള ഷെൽ പേനകൾ അതിന്റെ മനോഹാരിത കൊണ്ടും ഹുഡ് നിബ്ബിന്റെ പ്രത്യേകത കൊണ്ടും വേറിട്ട് നിന്നു. ഇതിൽ ചില പേനകൾ ഇദ്ദേഹം അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിനും അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാനും സമ്മാനമായി അയച്ചു കൊടുത്തു. ഇവർ രണ്ടു പേരും പേനകൾ ഉപയോഗിക്കുകയും അതിനെ പ്രകീർത്തിച്ച് കൊണ്ട് നാരായണന് കത്തയക്കുകയും ചെയ്തു. “PMOയിൽ നിന്നും അമേരിക്കയിൽ നിന്നും വന്ന കത്തുകൾ കുറേ കാലം ഷോപ്പിലെ മതിലിൽ തൂങ്ങിയിരുന്നു. പിന്നെ എന്തായി എന്നറിയില്ല.”- ‘കൃഷ്ണ പെൻസി’ന്റെ ഇന്നത്തെ ഉടമയും കൃഷ്ണേട്ടന്റെ മകനുമായ രത്നസിംഗ് പറയുന്നു.

അവസാനമായി ഫീൽഡിൽ ഇറങ്ങിയ പേന കന്പനി ‘എലൈറ്റ്’ എന്ന സ്ഥാപനമായിരുന്നു. കന്പനികളുടെ എണ്ണം കൂടിയതോടു കൂടി ആരോഗ്യകരമായ ഒരു മത്സരവും പേന നിർമ്മാണത്തിൽ തുടങ്ങി. തുടക്കത്തിൽ എബൊണൈറ്റ് എന്ന മെറ്റീരിയൽ ആയിരുന്നു പേന നിർമ്മാണത്തിന് അധികവും ഉപയോഗിച്ചിരുന്നത്. ഇതിനായുള്ള എബൊനൈറ്റ് കോലുകൾ ലണ്ടനിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്, പിന്നീട് ഇവ മദ്രാസിൽ ലഭ്യമായി തുടങ്ങി. ഷെൽ പേനകൾ അഥവാ സെല്ലുലോയ്ഡ് പേനകൾ നിർമ്മിക്കാനുള്ള ഷെൽ ട്യൂബുകൾ ജർമ്മനിയിൽ നിന്ന് മാത്രമേ ലഭ്യമായിരുന്നുള്ളൂ, അത് കൊണ്ട് തന്നെ കാശുകാരുടെ മാത്രം കുത്തകയായി ഷെൽ പേനകൾ ചുരുങ്ങി. വളരെ പരിമിതമായും ഓർഡർ അനുസരിച്ചും മാത്രമേ ഷെൽ പേനകൾ ഉണ്ടാക്കിയിരുന്നുള്ളൂ. വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും, പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതും ആയിരുന്നു ഷെൽ പേനകൾ; എന്നാൽ കാണാൻ അതിമനോഹരവും. 1960കൾക്ക് ശേഷം ഷെൽ പേനകളുടെ നിർമ്മാണം തന്നെ നിന്നു. ‘കിം ആൻഡ് കോ’യുടെ ‘കിം റെഡ്’ എന്ന പേന ഷെൽ പേനകളിലെ പരിമിത മോഡലുകളിൽ ഒന്നായിരുന്നു. ഇത് കൂടാതെ വിലപിടിപ്പുള്ള മരങ്ങൾ കൊണ്ട് നിർമിച്ച പേനകളും പ്രത്യക്ഷപ്പെട്ടിരുന്നു, എന്നാൽ എബൊനൈറ്റ്, ഷെൽ എന്നീ പേനകളോട് ഇവക്ക് പിടിച്ച് നിൽക്കാൻ സാധ്യമായില്ല. പുതിയ മോഡലുകളും വിപണനതന്ത്രങ്ങളും ഓരോ കന്പനിയും മത്സരിച്ച് ഇറക്കി. ഐ ഡ്രോപ്പെർ മഷി സംഭരണിയും ഇറീഡിയം നിബ്ബും സെല്ലുലോയ്ഡ് മെറ്റീരിയലും കൊണ്ടുണ്ടാക്കിയ ‘ക്രിപ്റ്റോക്കി’ന്റെ വാക്യൂമാറ്റിക് പേനകൾ ‘പാർക്കറി’ന്റെ വാക്യൂമാറ്റിക് പേനകളെക്കാൾ നല്ലതായിരുന്നു എന്ന് അനുഭവസ്ഥർ പറയുമായിരുന്നത്രെ. ഓഫീസ് ഡെസ്കിലേക്കു മാത്രമായി നിർമ്മിച്ച ‘കിം ആൻഡ് കോ’യുടെ കിം മെട്രോ എന്ന പേന പോക്കറ്റിനേക്കാളും നീളം കൂടിയതു കൊണ്ട് പോക്കറ്റിൽ കുത്തി വെക്കാൻ പറ്റുമായിരുന്നില്ല. ഇതിൽ ഓഫീസിലെ നീണ്ട എഴുത്തുകൾ മുന്നിൽ കണ്ടു, അധികം മഷിയും കൊള്ളുമായിരുന്നു. കൂടാതെ ഇതിന്റെ ക്ലിപ്പ് ചെറുതായിരുന്നു- ക്ലിപ്പിന്റെ ഉപയോഗം അത് മേശ പുറത്ത് നിന്നും ഉരുണ്ടു പോകാതെ ഇരിക്കാൻ മാത്രമായിരുന്നു. കിം ഡബിൾ എന്ന പേരിൽ രണ്ടു ഭാഗത്തും നിബ്ബ്‌ ഉണ്ടായിരുന്ന പേന കൗതുകം ആയിരുന്നു. വിദ്യാർത്ഥികളെ ലാക്കാക്കി ഇറക്കിയ കിം സ്റ്റുഡന്റ് പേന വിലകുറഞ്ഞതും ഈടുള്ളവയുമായിരുന്നു. സ്ത്രീകളെ ലക്ഷ്യമാക്കി അവരുടെ “ഡങ്കുടു സഞ്ചിയിൽ” കൊള്ളാവുന്ന കിം ലേഡീസ് എന്ന ചെറു പേനകളും വളരെയധികം നിറങ്ങളിൽ മാർക്കറ്റിൽ ഇറങ്ങി. കൂടാതെ കിം മെട്രോ, സെലക്ട്, പെലിക്കൻ, സ്മാൾ എന്നിങ്ങനെ വിവിധ തരം പേനകൾ മാർക്കറ്റിൽ ഇറങ്ങി കൊണ്ടേയിരുന്നു.

aysha mahmood, kozhikode,memories

1960കളിൽ ആണ് ‘കിം ആൻഡ് കോ’യുടെ നട്ടെല്ലായിരുന്ന ഗോപാലൻ എന്ന പേന നിർമ്മാണ വിദഗ്ദൻ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന രാമചന്ദ്രന്റെ ചെറുപ്പവും അനുഭവദാരിദ്ര്യവും കാരണം ‘കിം ആൻഡ് കോ’ എന്ത് ചെയ്യും എന്ന് അന്ധാളിച്ചു ഇരുന്നു. ബിസിനസ്സ് പോലും ഒരു പക്ഷെ നിർത്തേണ്ടി വരാവുന്ന അവസ്ഥയിൽ, എതിരാളികൾ സ്വകാര്യമായി സന്തോഷിക്കുമെന്നെ ഊഹിക്കാൻ പറ്റൂ. എന്നാൽ കോഴിക്കോടാണ് അങ്ങാടി! ‘ക്രിപ്റ്റോക്’ പേനയുടെ അതികായനായ പേന സ്പെഷ്യലിസ്റ് വാസു, രാമചന്ദ്രനെ കാണാൻ വരുന്നു. മാസങ്ങളോളം തന്റെ ട്രെയിനിങ്ങിൽ രാമചന്ദ്രനെ തന്നോളം ആക്കി വളർത്തുന്നു. ‘കിം ആൻഡ് കോ’ അങ്ങനെ വീണ്ടും പേന നിർമ്മാണത്തിൽ ശ്രദ്ധിക്കപ്പെടേണ്ട പേരായി തുടരുന്നു. 2018ലും അവരുടെ പേന തിരഞ്ഞു മിഠായി തെരുവിലൂടെ വരുന്നവർ കുറവല്ല.

പേനകളോട് അനുബന്ധമായി തന്നെ മഷി കന്പനികളും മിഠായി തെരുവിൽ ഉരുത്തിരിഞ്ഞു വന്നു. ‘പ്രഭൂസ്,’ ‘ബാൽ,’ ‘ഗുപ്തൻ’ എന്നീ പേരുകളിലുള്ള ഇങ്ക് കന്പനികൾ, ആ തെരുവിൽ നിന്നും വിടവാങ്ങുന്നു ഓരോ പേനയുടെയും കൂടെ ഇറങ്ങി തിരിച്ചു. മദ്രാസിൽ നിന്നും വന്നിരുന്ന ‘ബ്രിൽ,’ ‘നുറ്റ്രിറ്റ്’ എന്നീ കന്പനികളുടേതും ലഭ്യമായിരുന്നെങ്കിലും അതിന്റെ വില, തെരുവിന്റെ സ്വന്തം മഷികളുമായി താരതമ്യ പെടുത്താനായില്ല. പൊതുവെ കാണുന്ന കറുപ്പും നീലയും നിറങ്ങൾ കൂടാതെ ജുവൽ ടോൺ കളറുകൾ ഈ ലോക്കൽ മഷികളിൽ ലഭ്യമാക്കിയിരുന്നു.

ലോകമെന്പാടുമുള്ള പേന ശേഖരിക്കുന്നവരുടെ ശേഖരണത്തിൽ മുടങ്ങാതെ ഇടം കണ്ടെത്തുന്ന ഒന്നാണ് ‘കിം ആൻഡ് കോ’യുടെ പേനകൾ. പൊതുവായി ഇന്ത്യയിൽ നിന്നും വിദഗ്ദർ ശേഖരിക്കാൻ ആഗ്രഹിക്കുന്നത് ആറോ ഏഴോ തരം എബൊനൈറ്റ് പേനകളാണ് – ഡെക്കാൻ പേനകൾ, ഗൈഡർ പേന, ചെന്നൈയിലെ രംഗ പേനകൾ, ഔറംഗാബാദിലെ അസ്ത്ര പേനകൾ, രത്നം പേനകൾ, പിന്നെ കിം ആൻഡ് കോ പേനകളും. വ്യവസായ നിർമ്മിത പേനകളുടെ വരവോടു കൂടി ഇത്തരം കൈകൊണ്ട് ഉണ്ടാകുന്ന പേനകളുടെ മാർക്കറ്റു കുറഞ്ഞു. ‘ക്രിപ്റ്റോക്കും’ ‘എലൈറ്റും’ പോലുള്ള സ്ഥാപനങ്ങൾ പൂട്ടി. ‘കിം ആൻഡ് കോ’യും ‘കൃഷ്ണ പെൻസും’ കണ്ണട വ്യാപാരത്തിലേക്ക് തിരിയുകയും ചെയ്തു. എന്നാൽ ഇപ്പോഴും പേനകൾ നിർമിക്കുന്നത് അവർ പൂർണ്ണമായും നിർത്തിയിട്ടില്ല. ജർമനിയിൽ നിന്നും കൊണ്ട് വന്ന അതെ മെഷീൻ ഉപയോഗിച്ച് തന്നെയാണ് രാമചന്ദ്രൻ എന്ന അവരുടെ പേന സ്പെഷ്യലിസ്റ്റ്‌ വീട്ടിൽ വെച്ച് മാസം തോറും അഞ്ചോ ആറോ പേന വീതം ഇപ്പോൾ ഉണ്ടാക്കുന്നത്. ഒരു പേനയുടെ നിർമ്മാണം രണ്ടോ മൂന്നോ ദിവസം എടുക്കും. പതിനഞ്ചോളം ഘട്ടങ്ങളാണ് പേന നിർമ്മാണത്തിൽ ഉള്ളത്- എബൊനൈറ്റ് റോഡുകൾ മുറിച്ച്, അത് ഡ്രിൽ ചെയ്തു, അതിന്റെ ത്രെഡ് ചെയ്തു, നിബ്ബിലെ മഷി ഒഴുകുന്ന താഴ്ഭാഗമാണ് ഏറ്റവും പ്രയാസമേറിയ ഭാഗം- മഷിയുടെ ഒഴുക്ക് വളരെ കൃത്യമായിരിക്കണം; പോളിഷിംഗ് എന്നിങ്ങനെ. ഇവയുടെ ക്യാപ്പുകൾ മറ്റുള്ള പേനകളുടേതിൽ നിന്നും വ്യത്യസ്തമാണ്- മൂന്നു ലെവലുകൾ ആയാണ് അവ ഡ്രിൽ ചെയ്യാറ് – പേനയുടെ ത്രെഡ് തിരിക്കാനുള്ള ഇടം, പേനയുടെ മേൽഭാഗം, പിന്നെ നിബ് കേടു കൂടാതെയും മഷി ഉണങ്ങാതെയും ഫിറ്റ് ആയി നിൽക്കാനുള്ള ഇടം എന്നിങ്ങനെ. പേനയുടെ ലീക്ക് വളരെ അപൂർവമാണ് താനും. ഇന്നും വിദേശത്ത് നിന്നും പേനയെ കുറിച്ച് അറിയുന്നവരും അവരുടെ പേനകൾ തേടി എത്താറുണ്ട്. ഒരു പാട് പേനകൾ വിദേശത്തേക്ക് അയച്ചു കൊടുക്കാറുമുണ്ട്. എത്ര കാലം തുടരാം എന്നുള്ളത് സംശയമാണ് – ഇതിന്റെ നിർമാണ സാങ്കേതികത്വം അറിയുന്നവർ ഇന്ന് വളരെ വളരെ പരിമിതമാണ്. ഇപ്പോഴുള്ളവരുടെ കാല ശേഷം ഇനിയാര് എന്നുള്ള ചോദ്യം ബാക്കിയാണ്. കോഴിക്കോടിന്റെ മറ്റൊരു അപൂർവ്വ ചരിത്ര സൗന്ദര്യം കൂടി അതോടെ നഷ്ടപെടുമായിരിക്കും.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Calicut handmade pens kim and co krishna pens kozhikode aysha mahmood