ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

എന്റെ ശരീരത്തില്‍ നിന്നും അന്നിറങ്ങിപ്പോയ എന്നെ വളരെ കുറച്ചു നാളുകളേയായിട്ടുള്ളു ഞാന്‍ മറിച്ചും തിരിച്ചും ഒക്കെ പിടിച്ചു തുടങ്ങീട്ട്. എന്നാലും മനസിലൊരു വലിയ ദ്വാരമാണ് എത്ര സ്‌നേഹം കിട്ടിയാലും, കരുതലും, ശ്രദ്ധയും കിട്ടിയാലും അതൊക്കെ ചോര്‍ന്ന് പോകുന്നത്ര വലിയൊരു ദ്വാരം.

child abuse,

ഒരുപാട് നെല്ലിമരങ്ങളുണ്ടായിരുന്ന നാടായിരുന്നു എന്റേത്. നിങ്ങള്‍ പറഞ്ഞാ വിശ്വസിക്കില്ല, അത്രയും നെല്ലിമരങ്ങള്‍. അവയിലൊക്കെ പല തരത്തിലുള്ള നെല്ലിക്കകള്‍. മനുഷ്യരും യന്ത്രങ്ങളും കുഴിച്ചോണ്ട് പോകുന്നതിനു മുന്‍പ് ചെങ്കല്‍പ്പാറകളായിരുന്നു ഞങ്ങള്‍ക്ക് ചുറ്റിലും. അതിനെടയിലൂടെ എവിടെ നിന്നെന്നറിയാതെ പൊട്ടിയൊലിച്ച് വരുന്ന തോടുകള്‍, വേനല്‍ക്കാലത്ത് സ്വര്‍ണ നിറത്തിലാകുന്ന നെയ്പ്പുല്ലുകള്‍. ഇതിനെടയിലൂടെയെല്ലാം അപ്പൂപ്പന്‍ താടികളെപ്പോലെ ഞങ്ങള്‍ കുഞ്ഞുങ്ങള്‍. ഞങ്ങളെ ആരും പൂട്ടിയിട്ടേയിരുന്നില്ല, മഴയിലും തോട്ടിലും, വെയിലിലും ഞങ്ങള്‍ മദിച്ചു നടന്നിരുന്നു. ഞങ്ങള്‍ക്കറിയാത്ത ഒരു തുണ്ട് ഭൂമിയോ, ഒരു കാട്ട് പഴമോ, ഒരു കിളിയൊച്ചയോ ആ നാട്ടിലുണ്ടായിരുന്നില്ല.

എന്റെ ഓര്‍മകള്‍ തുടങ്ങുന്നതെപ്പോഴാണെന്ന് എനിക്ക് കൃത്യമായി പറയാനാകില്ല. പക്ഷേ വീടിനേക്കാള്‍ ഓര്‍മ്മകളുള്ളത് ഞങ്ങള്‍ കുഞ്ഞുങ്ങള്‍ മേഞ്ഞ് നടന്ന കുറ്റിക്കാടുകളും മൊട്ടക്കുന്നുകളും ഒക്കെയാണ്. നെല്ലിക്കയും പച്ചവെള്ളോം കുടിച്ചാണ് ഞങ്ങളൊരാറുവയസുവരെയൊക്കെ വളര്‍ന്നതെന്നുവരെ തോന്നാറുണ്ട്. രാവിലെ എഴുന്നേറ്റാല്‍ ആട്ടിന്‍ പറ്റങ്ങളെപ്പോലെ ഞങ്ങള്‍ ഓടാന്‍ തുടങ്ങും. പാറയും, പാറമുള്ളും, ചരലും ചവിട്ടി ചവിട്ടി മെരുക്കിയെടുത്ത കാലുകള്‍. കാലുകള്‍ക്ക് പരിചയമുള്ള ഞങ്ങളുടെ വഴികള്‍. കണ്ണടച്ചോടിയാലും കാലുകള്‍ കൊണ്ടെത്തിക്കുന്ന ഞങ്ങളുടെ ഇടങ്ങള്‍. ഞങ്ങളുടെ നെല്ലിമരച്ചോടുകള്‍.

ചിത്രം: വിഷ്ണു റാം

മിക്കവാറും ഒരു പറ്റമായിട്ടാണ് എല്ലായിടങ്ങളിലും എല്ലാ കളികളിലും ഞങ്ങളുണ്ടാവാറുള്ളത്. എന്റെ പ്രായത്തില്‍, ആറു വയസില്‍, ഒരാറേഴുപേര്‍. അതില്‍ താഴെ മൂന്നാലു പേര്‍. സ്‌കൂളില്‍ പോയിത്തുടങ്ങുന്നതേയുള്ളു. നേഴ്‌സറിയോ, അംഗനവാടിയോ ഞങ്ങള്‍ക്ക് കേട്ടറിവുപോലും ഉണ്ടായിരുന്നില്ല. സ്‌കൂളിലും വലിയ മോശമൊന്നുമല്ല. ഞങ്ങള്‍ക്ക് കളിക്കാനുള്ള തോട്, തിന്നാനുള്ള കനിപ്പഴങ്ങള്‍, മേഞ്ഞ് നടക്കാനുള്ള പാറയും, കുറ്റിക്കാടുകളും. എന്നാലും സ്‌കൂളിന്റെ ചിട്ടവട്ടങ്ങളില്‍ മെരുങ്ങാനുള്ള മനസില്ലായ്മ ഞങ്ങളിലൊക്കെയുണ്ടായിരുന്നു. അങ്ങനെയിരിക്കെ വരുന്ന ശനി ഞായറുകളും, മറ്റവധികളും ഞങ്ങള്‍ വീട്ടില്‍ കയറാതെ കളിച്ചു തിമിര്‍ക്കും.

ചിത്രം: വിഷ്ണു റാം

ആ പ്രാവശ്യത്തെ വേനലവധിയില്‍ ഒരു ദിവസം വൈകുന്നേരം കൂട്ടുകാരെല്ലാം പിരിഞ്ഞ് ഒറ്റയ്ക്കുള്ള ഒരു നടപ്പില്‍ ഒരാള്‍ എന്റടുത്തേക്ക് വന്നു. പരിചയമുള്ളൊരാള്‍. അയാള്‍ക്കന്ന് എകദേശം നാല്പത് അന്‍പത് വയസുണ്ടാവുമായിരിക്കും എന്ന് ഇന്ന് തോന്നുന്നു. നേരം ഇരുട്ടുന്നതേയുള്ളു. അയാളെന്നോട് ചിരിച്ചു, ഞാനും അയാളോട് ചിരിച്ചിട്ടുണ്ടാകണം. കൈ ചൂണ്ടിയാല്‍ കാണുന്ന ദൂരത്തുള്ള മരത്തിലെ നെല്ലിക്ക പറിച്ചു തരാം നെല്ലിക്കക്കുഞ്ഞീന്ന് അയാളെന്നോട് പറഞ്ഞു. ഞാനയാളുടെ കൂടെ നടന്നു. നാറിക്കാടുകളെ വകഞ്ഞ് മാറ്റി അയാള്‍ നെല്ലി മരത്തില്‍ കയറി നെല്ലിക്ക പറിച്ചു തിരിച്ചിറങ്ങി. എന്റെ കൈയ്യില്‍ നിറയെ നെല്ലിക്കകള്‍ ഞാന്‍ ഒന്നെടുത്ത് കടിച്ചിരിക്കണം, ഒന്നയാള്‍ക്ക് നീട്ടിയിരിക്കണം. ഇത്തിരി ഉപ്പ് കയ്യില്‍ കരുതീരുന്നെങ്കില്‍ എന്ന് തോന്നിക്കാണണം. പക്ഷേ ഇതിനിടയില്‍ ഉടുത്തിരുന്ന കയലിമുണ്ടിന്നിടയില്‍ നിന്ന് അയാള്‍ എന്തോ ഒന്ന് പുറത്തെടുക്കുന്നുണ്ട്. എനിക്കെതിരേയുള്ള ആയുധമായിരിക്കുമെന്ന് തിന്നോണ്ടിരുന്ന നെല്ലിക്കയാണേ ചിന്തിക്കാത്തതുകൊണ്ട് ഞാനതൊന്നും ശ്രദ്ധിക്കാന്‍ കൂടി പോയിട്ടുണ്ടാവില്ല. അടുത്തത് ഞാന്‍ തിന്നോണ്ടിരുന്ന നെല്ലിക്കയടക്കം അയാളെന്റെ വായ പൊത്തി ആ കുറ്റിക്കാട്ടിലേക്ക്, എന്റെ മോളിലേക്ക് ഒരു വീഴ്ചയായിരുന്നു.

അയാളെപ്പഴാ എഴുന്നേറ്റ് പോയതെന്ന്, ഞാനെപ്പഴാ കണ്ണ് തുറന്നേന്ന് എനിക്കോര്‍മ്മയില്ല. ചുറ്റും ഇരുട്ടും വഴുവഴുപ്പുമായിരുന്നു. ആരും അന്വേഷിച്ച് വരാനില്ലാതെ ഞാനവിടെ കൊറേനേരം കിടന്നിട്ടുണ്ടാവണം. പിന്നീട് വേച്ച് വേച്ച് എഴുന്നേറ്റ് വീട്ടില്‍ പോയിട്ടുണ്ടാവണം. അമ്മ കൊറേ ചീത്ത പറഞ്ഞിട്ടുണ്ടാവണം. കെണറ്റിന്‍ കരേന്ന് ഇരുട്ടില്‍ കൊറേ വെള്ളമെടുത്ത് മേത്തൊഴിച്ച് ലൈബോയ് സോപ്പെടുത്തുരച്ച് കുളിപ്പിച്ചിട്ടുണ്ടാവണം. അതിനെടേല്‍ എന്നില്‍ നിന്നും ഞാനെവിടെയാണ് പോയതെന്ന് ഇപ്പോഴും ഞാനോര്‍ക്കാറുണ്ട്.

എന്റെ ജീവിതത്തില്‍പ്പോലും ഇതൊരൊറ്റപ്പെട്ട സംഭവമേയല്ല. എന്നാലും അന്നൊക്കെ ചേര്‍ത്തുപിടിക്കാനും സംസാരിക്കാനും ഒരാളുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി ആരോഗ്യപരമായി ഞാനിതിനെയൊക്കെ അതിജീവിച്ചേനെ എന്ന് വിശ്വാസമുണ്ട്. പക്ഷേ അതൊന്നുമുണ്ടായില്ല, തീരെച്ചെറുപ്പത്തില്‍ എന്തിനെന്നറിയാതെ പിടിക്കുന്ന ദേഷ്യത്തിനും, വരുന്ന കരച്ചിലിനും, ഒറ്റപ്പെടലിനും മുന്നില്‍ അന്തംവിട്ട് നിന്നിട്ടുണ്ട്. എന്നെത്തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കൗമാരം തൊട്ട് കൂടെയുണ്ടായിരുന്ന കടുത്ത ആത്മഹത്യപ്രവണതയെ താലോലിച്ചിട്ടുണ്ട്. ഇടക്കിടെ കേറിവന്ന് അടിവേരടക്കം തോണ്ടുന്ന ഡിപ്രഷനില്‍നിന്ന് കരകേറാന്‍ പോലും തോന്നാതെ ദിവസങ്ങളോളം വാതിലുകള്‍ കൊട്ടിയടച്ചിരുന്നിട്ടുണ്ട്. ശരീരത്തിലെ ഒരിക്കലും മായാത്ത വടുക്കളെ പ്രിയപ്പെട്ടൊരു കൂട്ടുകാരന്‍ തഴുകിയപ്പോ സാരമില്ലെഡോ അതിജീവനത്തിന്റെ പാടുകളാണെന്ന് സ്വയം ആശ്വസിച്ചിട്ടുണ്ട്. ഇതൊക്കെ റേപ് ട്രോമാ സിന്‍ഡ്രത്തിന്റെ ഭാഗമാണെന്നും, ഞാനൊരു സര്‍വൈവര്‍ ആണെന്നും പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നെങ്കില്‍ ജീവിതം കുറച്ചുകൂടി എളുപ്പവും സുന്ദരവുമായിത്തീര്‍ന്നേനെ.

എന്റെ ശരീരത്തില്‍ നിന്നും അന്നിറങ്ങിപ്പോയ എന്നെ വളരെ കുറച്ചു നാളുകളേയായിട്ടുള്ളു ഞാന്‍ മറിച്ചും തിരിച്ചും ഒക്കെ പിടിച്ചു തുടങ്ങീട്ട്. എന്നാലും മനസിലൊരു വലിയ ദ്വാരമാണ് എത്ര സ്‌നേഹം കിട്ടിയാലും, കരുതലും, ശ്രദ്ധയും കിട്ടിയാലും അതൊക്കെ ചോര്‍ന്ന് പോകുന്നത്ര വലിയൊരു ദ്വാരം. ആള്‍ക്കാരുടെ അടുത്തിരിക്കുമ്പോ, അവരു സ്‌നേഹിക്കാന്‍ ശ്രമിക്കുമ്പോ ഒക്കെ ഉള്ളില്‍ നിന്നൊരു കുതറലാണ്. അത്രയും പ്രിയപ്പെട്ടവര്‍ കണ്ണിലേക്ക് നോക്കിയാല്‍ എനിക്ക് കരച്ചില്‍ വരും, ഉള്ള് ചുട്ടു നീറും. ഏത് സന്തോഷത്തിനിടയിലും ഒരിക്കലും സന്തോഷിക്കാനാവാത്ത, എന്നെന്നേക്കുമായി ഒറ്റപ്പെട്ടൊരു കുഞ്ഞുണ്ടുള്ളില്‍. അതിനെ ഒരു രാത്രിയിലെങ്കിലും ഉറക്കത്തില്‍ നിന്നും ഞെട്ടി വിയര്‍ത്തെണീപ്പിക്കാതെ,  ഇഷ്ടമുള്ളവര്‍ കെട്ടിപ്പിടിക്കുമ്പോ കുതറിമാറാതെ കൊണ്ടുനടക്കാനുള്ള പരിശ്രമം കൂടിയാണെന്റെ ജീവിതം.

ഇനിയൊരിക്കല്‍ അയാളെ കണ്ടുമുട്ടിയാല്‍, അയാളുടെ കണ്ണില്‍ നോക്കി ഒരു കുഞ്ഞ് കരയുന്നത് നിങ്ങള്‍ കേള്‍ക്കാറുണ്ടോയെന്ന് ചോദിക്കണം. ബലമായിട്ടെങ്കിലും നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ച് അയാളെയത് കേള്‍പ്പിക്കണം. ഒരുപക്ഷേ, ഇതൊന്നുമുണ്ടായില്ലേക്കാം, അയാളെക്കണ്ടാല്‍ ഞാന്‍ കരഞ്ഞേക്കാം, അയാളെയോര്‍ത്ത്, അയാളെപ്പോലെ മറ്റ് പലരേയുമോര്‍ത്ത്.

Read More: അയാളന്ന് നിശബ്‌ദമാക്കിയത് എന്റെ ശബ്‌ദമായിരുന്നു

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Breaking the silence on sexual violence child abuse survivor speaks

The moderation of comments is automated and not cleared manually by malayalam.indianexpress.com