ദിവസം തോറും അർഥം മാറുന്ന വാക്കുകൾ. ഇന്നിപ്പോൾ എന്‍റെ മകന് അത്രയും പ്രിയമുള്ള മഞ്ചിനും മറ്റൊരര്‍ത്ഥമായി. നാൽപ്പത് വയസ്സിലെത്തി നിൽക്കുന്ന ഞാൻ ഒക്കെ മറന്നു എന്ന് ഭാവിച്ച് എന്നെത്തന്നെ കബളിപ്പിച്ചിരുന്നു ഇത്രകാലം. പക്ഷെ പത്ത് വയസ്സായ കുഞ്ഞിന് നേരെ നീട്ടിയ മഞ്ച് എന്നെ ഓർമ്മിപ്പിച്ചത് മഞ്ച് കഴിക്കും പോലെ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ വായിലേക്ക് ബലമായി വച്ച തന്ന മറ്റൊന്നിനെയാണ്. ശ്വാസം കിട്ടാതെ ഒച്ചവയ്ക്കാനാവാതെ കണ്ണും തള്ളി നിന്ന ആ എട്ട് വയസ്സുകാരിക്ക് മഞ്ചിന്‍റെ മധുരത്തിന് പകരം ചവർപ്പും പുളിപ്പുമാണ് തോന്നിയത്. പ്രാണൻ പോകുന്നു എന്ന തോന്നലിൽ പിടഞ്ഞ അവളുടെ കാതിൽ വീണ മുരൾച്ചയും കഴുത്തിനുള്ള കുത്തിപ്പിടിക്കലും അതില്‍ പല്ലു കൊണ്ടതിനായിരുന്നു.

ഒച്ച പുറത്ത് വരാതിരിക്കാനായി പൊത്തിപിടിച്ച വായ്‌ക്കൊപ്പം മൂക്കും അടഞ്ഞു പോയത് ഒരിക്കലും അയാളുടെ പ്രശ്നമായിരുന്നില്ല; എന്‍റെ മാത്രം പ്രശ്നമായിരുന്നു. അപ്പോൾ ശരീരത്തിൽ ഇഴയുന്ന വിരലോ എവിടൊക്കെയോ തുളഞ്ഞു കയറുന്ന വേദനയോ ഒന്നുമായിരുന്നില്ല എന്‍റെ പ്രശനം, ഒന്ന് ശ്വാസമെടുക്കുക എന്നത് മാത്രമായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ് കണ്ണുകൾ പുറത്തേക്കുന്തി നെഞ്ച് ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുണ്ടോ ആരെങ്കിലും? ഒരു എട്ട് വയസ്സുകാരിക്ക് താങ്ങാവുന്നതിനും എത്രയോ അപ്പുറമായിരുന്നു അതെന്ന് പിന്നീട് ഞാനെന്നെത്തന്നെ ആശ്വസിപ്പിച്ചു. വായിൽ നിന്നും കൈകൾ മാറ്റുമ്പോൾ മിണ്ടിയാൽ കൊന്നുകളയും എന്നൊരു ഭീഷണിയും കേട്ടു. മരണത്തിൽ നിന്നും തിരിച്ച വന്ന് ഒരു നിമിഷം മാത്രമായ ഒരു ജീവനെയാണ് താൻ ഭീഷണിപ്പെടുത്തുന്നതെന്ന് അയാൾ അറിഞ്ഞില്ല. ഇനി എന്തൊക്കെ ചെയ്താലും ഉറക്കെ ഒച്ച വയ്ക്കുന്നത് പോയിട്ട് ഒന്ന് മൂളുക പോലും അവൾ ചെയ്യില്ല എന്നും അയാൾ അറിഞ്ഞില്ല.

Read More: അയാളന്ന് നിശബ്‌ദമാക്കിയത് എന്റെ ശബ്‌ദമായിരുന്നു

പിന്നീടുള്ള വേദനയിൽ അവൾ ഒന്ന് ഞരങ്ങുക പോലും ചെയ്തില്ല. അസഹ്യമായി വേദനിച്ചുവെങ്കിലും തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച കൈയുടെ ഔദാര്യത്തിൽ ശ്വാസമെടുക്കുന്നതിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. നന്നായി കയറാത്തതിനും ചീത്ത കേട്ടു. ഇടയ്ക്കു മറ്റെന്തായിരുന്നു അയാൾ കയറ്റിയിറക്കിയതെന്ന് ഇപ്പോഴും അറിയില്ല. പക്ഷെ വേദന കുറവുണ്ടായിരുന്നു. വീണ്ടും അയാൾ മുകളിലേക്ക് വന്നപ്പോൾ വേദന അധികരിക്കാൻ തുടങ്ങി. പക്ഷെ നെഞ്ചിന്‍ കൂടു പൊട്ടിപ്പോകും എന്ന ജീവൻ പോകുമ്പോഴുള്ള വേദന സഹിക്കാൻ വീണ്ടും വയ്യാത്തതിനാൽ ഒച്ച വച്ചില്ല, കരഞ്ഞുമില്ല. കൃത്യമായി പറഞ്ഞാൽ ആ പോയിന്റിൽ വച്ചാണ് ഞാൻ കരച്ചിൽ മറന്ന് പോയത്. ചില അപകടത്തിൽ നിന്നുണരുന്നവർ ഭാഷ മറന്ന് പോകുന്നത് പോലെ.

കയറ്റിയിറക്കങ്ങൾക്ക് ശേഷം നനഞ്ഞ പഞ്ഞിക്കെട്ടു പോലെ ഉപേക്ഷിച്ച് പോകുമ്പോൾ ഉടുപ്പിടുവിക്കാൻ മറന്നില്ല അയാൾ. അതെന്നോടുള്ള സ്നേഹം കൊണ്ടല്ലെന്ന് മനസ്സിലാക്കാൻ അന്നേ കഴിഞ്ഞിരുന്നു. തലേന്ന് രാത്രി കിടക്കുന്നത് വരെ ഒരു പൊട്ടിക്കാളിയായിരുന്ന ഞാൻ ഉണർന്നെഴുന്നേറ്റത് അസാധ്യ ബോധോദയത്തിലേക്കായിരുന്നു. സ്വയം കഴുകി വൃത്തിയാക്കുന്നതിനിടയിൽ കാലിൽ പറ്റിപ്പിടിച്ച ചോരപ്പാടുകൾ കണ്ട് പേടിച്ചില്ല. അത് ഇന്നലത്തെ വേദനയിൽ നിന്നുണ്ടായതാണെന്ന ബോധം പെട്ടന്ന് വന്നു. 8 വയസ്സ് മാത്രമുണ്ടായിരുന്ന ആ കുഞ്ഞ് മരിച്ചിരുന്നു. പകരം ആ കുളിമുറിയിൽ നിന്നതും ക്ഷമയോടെ കാലിലെ ചോരപ്പാടുകൾ കഴുകിക്കൊണ്ടിരുന്നത് മറ്റാരോ ആയിരുന്നു. മൂത്രമൊഴിക്കാൻ വല്ലാതെ ബുദ്ധിമുട്ടി, നീറി പിടഞ്ഞു. മുഖത്തെ പേശികൾ വലിഞ്ഞതിന്‍റെ മുറുക്കം ഇപ്പോഴും ഓർമ്മയുണ്ട്. പക്ഷെ ഒരു ശബ്ദമോ ഒരു തുള്ളി കണ്ണീരോ പുറത്ത് വന്നില്ല. അയാൾ എന്തായിരുന്നു എന്നിൽ കൊന്ന് കളഞ്ഞത്? എന്‍റെ ശബ്ദത്തെ ആയിരുന്നു എന്ന് പിന്നീടെപ്പോഴോ തോന്നിയിരുന്നു.

കഴുകിക്കഴുകി മടുത്തപ്പോൾ കുളിച്ചാലോ എന്നാലോചിച്ചു. പിന്നെ ‘പതിവില്ലാതെ രാവിലെ എന്തിനാണ് കുളിച്ചതെന്നു’ അമ്മ ചോദിച്ചാൽ എന്ത് പറയുമെന്നറിയാഞ്ഞതിനാൽ തല കുളിക്കാതെ മേൽ കഴുകി. ബലമായുള്ള ഒരു ഭോഗത്തിനു ശേഷം എത്ര പെട്ടന്നാണ്‌ ഒന്നുമറിയാത്ത ഒരു കുഞ്ഞ് അറിയാതെ, പറയാതെ എല്ലാം മനസ്സിലാക്കുന്ന ബോധത്തിലേക്കുണരുന്നത്?

വേദന മൂലം ഇരിക്കാൻ കഴിയാഞ്ഞതിനാൽ കിടന്നു… വീണ്ടും ഉറങ്ങി… കാണാഞ്ഞതിനാൽ അമ്മ വന്ന് നോക്കുമ്പോൾ പനിക്കുന്നുണ്ടായിരുന്നത്രെ. പിന്നീടുള്ള ഒരാഴ്ച്ച ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും. ഒന്നും ഓര്‍മ്മയില്ലാതെ ഒരു നീണ്ട ഉറക്കത്തിനും ബോധത്തിനുമിടയില്‍. മഴക്കാലമായതിനാൽ പെട്ടന്നുള്ള പനിയെ ആരും സംശയിച്ചില്ല; ടോണ്‍സിലൈറ്റിസ് ഉള്ള കുട്ടിയായിരുന്നതിനാൽ തൊണ്ട വേദനയെയും. പനിക്കിടയിലുള്ള വിറയലിൽ പോലും അയാളുടെ പേര് ഞാൻ പറഞ്ഞില്ല. എനിക്കെന്ത് പറ്റിയെന്നും പറഞ്ഞില്ല. പേടിച്ചിട്ടാണോ എന്നറിയില്ല. അയാളെ പറ്റി ഓർക്കുമ്പോഴൊക്കെ എനിക്ക് ശ്വാസം കിട്ടാതാവും. ആ മരണവേദന ഓർത്താവും ഞാൻ മിണ്ടാതായതെന്ന് സ്വയം ന്യായവാദങ്ങൾ ചമച്ചിരുന്ന ഒരു കാലത്ത് ഞാനെന്നെ പഠിപ്പിച്ചു.

പനി കഴിഞ്ഞ ക്ഷീണമായി എന്നിലെ മാറ്റത്തെ എല്ലാവരും കാണാൻ തുടങ്ങി. മേമമാരൊക്കെ പറയുന്നതോർമ്മയുണ്ട്…, ചെറുതിലെ ഈ കൊച്ചിനൊരു വല്ലാത്ത പനി വന്നു, അതോടെ ആളാകെ മാറി പോയി എന്ന്. അതിനു ശേഷം അവർ വിസ്തരിച്ചിരുന്ന എന്‍റെ കുസൃതികളുടെ കഥകളിൽ കൂടിയാണ് നിറമുള്ള എന്‍റെ ബാല്യത്തെ പറ്റി ഞാനറിഞ്ഞത് തന്നെ; മുതിര്‍ന്നതിനു ശേഷം. അന്നത്തെ ആ രാത്രി നഷ്ടമാക്കിയത് എന്‍റെ ഓർമ്മകൾ കൂടിയായിരുന്നു.

Read More:ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

പിന്നീട് പലപ്പോഴും എന്‍റെ കുട്ടിക്കാലം എങ്ങനെയായിരുന്നു എന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഓർമ്മയിൽ ആകെ തെളിയുക എന്‍റെ മൂക്കും വായും ചേർത്ത് പിടിച്ച ഒരു കയ്യുടെ ശക്തിയും വൃത്തികെട്ട മണവും മാത്രമാണ്. എന്‍റെ നിറങ്ങളെ മായ്ച്ച് കളഞ്ഞതിൽ അയാളോട് പക തോന്നിയ ഒരു കാലമുണ്ടായിരുന്നു. അന്നയാള്‍ തട്ടിയെടുത്തത് എന്‍റെ മാനമായിരുന്നില്ല എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. അയാൾ നടത്തിയത് ഒരു കൊലപാതകമായിരുന്നു. ഒന്നല്ല; ഒരു കൂട്ടം കൊലപാതകങ്ങൾ… എന്നിലെ കുഞ്ഞിനെ അയാൾ കൊന്നു. എന്‍റെ ശബ്ദത്തെ, എന്‍റെ കരച്ചിലിനെ, എന്‍റെ ചിരിയെ, എന്നിലെ ആത്മവിശ്വാസത്തെ, ഒക്കെ അയാൾ കൊന്നു. പകരം അവിടെ നിർവ്വികാരമായ എന്തോ ഒന്നിനെ സൃഷ്ടിച്ചു. മറ്റുള്ളവർക്ക് മുമ്പിൽ വരാത്ത ഒന്നിനെ, മൗനിയായ ഒന്നിനെ, ചിരിക്കുകയും കരയുകയും ചെയ്യാത്ത ഒന്നിനെ, പ്രണയമില്ലാത്ത ഒന്നിനെ, ലൈംഗികതയില്ലാത്ത, അതിനെ വെറുക്കുന്ന ഒന്നിനെ…

മുടങ്ങാതെ തുടർന്നത് നൃത്തപഠനം മാത്രമാണ്. പക്ഷെ അരങ്ങേറാനുള്ള ധൈര്യമുണ്ടായില്ല. അതങ്ങനെ നീണ്ടു. പക്ഷെ അരങ്ങിൽ നിൽക്കുമ്പോൾ ഞാനെന്നെ മറന്നു. പണ്ടത്തെ മിടുക്കിക്കുട്ടി തിരിച്ചു വന്നിരുന്നത് അവിടെ മാത്രമായിരുന്നു എന്ന് വീണ്ടും കേട്ടു. പക്ഷെ പലർക്കും അതെന്നിലെക്കുള്ള പ്രണയത്തിന്‍റെ വാതിലായി മാറിയപ്പോൾ ആ സന്തോഷത്തെയും വേണ്ടെന്ന് വച്ചു.

എട്ട് വയസ്സ് മുതൽ എന്നിൽ അള്ളിപ്പിടിച്ച നീരാളി. കുടഞ്ഞെറിയും തോറും അസംഖ്യം കൈകൾ കൊണ്ടെന്നെ മൂടുന്നത്ര ശക്തമായത്. എനിക്കൊരിക്കലും ഒരു ലൈംഗിക ബന്ധം സാധ്യമല്ല എന്നതെന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. വിവാഹം വേണ്ട എന്ന വാശിക്ക് കാരണങ്ങൾ പറയണം എന്ന നിർബന്ധത്തിനു വഴങ്ങി വിവാഹത്തിന് സമ്മതിച്ചു. അവളെ ഞാൻ കെട്ടട്ടെ മേമേ എന്ന അയാളുടെ ചോദ്യം ഏത് നിമിഷവും ഉണ്ടാവുമെന്ന് ഞാൻ ഭയന്നു… എക്കാലവും ഒരു നിഴല്‍ പോലെ ഞങ്ങളുടെ വീട്ടില്‍ തന്നെ അയാളുണ്ടായിരുന്നല്ലോ.

അയാളില്‍ നുന്നും രക്ഷപെടാനായി കഴുത്ത് നീട്ടിയ വിവാഹത്തിൽ കിട്ടിയ ഭർത്താവിന് ആക്രാന്തമില്ലാതിരുന്നത് മാത്രമാണ് ജീവിതത്തിൽ എനിക്ക് കിട്ടിയ ചെറിയൊരു സൗജന്യമായി ഞാൻ കണ്ടത്. ഒന്ന് സഹകരിച്ച് കൊടുക്കാൻ തന്നെ മാസങ്ങളെടുത്തു. സഹകരിക്കല്‍ മാത്രമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല താനും. അദ്ദേഹത്തിന് പരാതിയില്ലാത്തത് എന്തോ ഭാഗ്യം. അല്ലെങ്കിൽ വീണ്ടും മനം മടുപ്പിക്കുന്ന ആ ഇടനാഴികളിലേക്കും തളങ്ങളിലേക്കും പോകേണ്ടി വന്നേനെ.

എക്കാലവും കൂട്ടുണ്ടായിരുന്ന വായനയിൽ നിന്നും ഇപ്പോൾ ഒന്നെനിക്കറിയാം. ഞാനല്ല തെറ്റുകാരി. ഞാനല്ല ചൂളിയും തകർന്നും ഇരിക്കേണ്ടത്. മറിച്ച് നാണക്കേടുണ്ടാകേണ്ടത് അയാൾക്കാണെന്നറിയാം. തെറ്റുകാരന്‍ അയാളാണെന്നറിയാം. പക്ഷെ ഒന്നിനും കഴിയുന്നില്ല. അത്രക്കും കശക്കി എറിഞ്ഞ ഒരു ജീവിതമായി പോയി. എന്തിനാണ് ഇങ്ങനെയൊരു ജന്മം എന്നൊന്നും പഴി പറയുന്നില്ല. എട്ട് വയസ്സിൽ ഉള്ളിലേക്ക് തിരിഞ്ഞു നടന്ന അതെ നിർവ്വികാരതയോടെ ഞാനിന്നും നടക്കുന്നു. കരയാതെ, ശബ്ദമില്ലാതെ.

*എഴുത്തുകാരിയുടെ പേര് അവരുടെ സ്വകാര്യത സൂക്ഷിക്കുന്നതിനായി മാറ്റിയിരിക്കുന്നു – എഡിറ്റർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ